മറുതീരം തേടി: ഭാഗം 21

marutheeram thedi shiva

രചന: ശിവ എസ് നായർ

ആൽഫിയുടെ കരങ്ങൾ അവളുടെ കവിളിനെ നനച്ചിറങ്ങിയ നീർതുള്ളികളെ തൊട്ടെടുത്തു. "ഇനിയീ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല. ഇന്ന് മുതൽ നമ്മൾ രണ്ടല്ല... ഒന്നാണ്. നീ എന്റെ എല്ലാമാണ് ആതി." അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ അമർന്നു. ശേഷം ഇരുവരും ഭാർഗവി അമ്മയുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങി. ആതിരയുടെ വലത് കൈത്തലം ആൽഫിയുടെ കൈയ്യിലേക്ക് ചേർത്ത് വച്ച് നിറഞ്ഞ മനസ്സോടെ അമ്മാമ്മ അവരെ അനുഗ്രഹിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകൾ കഴിഞ്ഞ് ഒൻപത് മണിയോടെ അവർ വീട്ടിലെത്തി. വിവാഹം പ്രമാണിച്ച് ചെറിയൊരു സദ്യ ഒരുക്കാമെന്ന പദ്ധതിയിലായിരുന്നു ഭാർഗവി അമ്മ. സഹായത്തിനായി ആൽഫിയും ആതിരയും കൂടാമെന്നേറ്റു. അപ്പോഴാണ് ആൽഫിക്ക് രാജീവിന്റെ കാൾ വരുന്നത്. മൊബൈലും എടുത്ത് ആൽഫി പുറത്തേക്കിറങ്ങി പോയി. കുറച്ചുകഴിഞ്ഞ് മൊബൈലും കൈയ്യിൽ പിടിച്ച് വിഷണ്ണനായി കയറി വരുന്ന ആൽഫിയെ കണ്ട് ആതിര അവന്റെ അടുത്തേക്ക് ചെന്നു.

"എന്ത് പറ്റി ആൽഫി? മുഖമെന്താ വല്ലാതിരിക്കുന്നത്." "ഹോസ്പിറ്റലിൽ നിന്ന് രാജീവേട്ടനാ ഇപ്പൊ വിളിച്ചത്." "എന്താ മോനെ ? എന്തെങ്കിലും പ്രശ്നമുണ്ടോ?" ഭാർഗവി അമ്മ അവനോട് ചോദിച്ചു. "അതുപിന്നെ അമ്മാമ്മേ... ഹോസ്പിറ്റലിൽ നിന്ന് ലഞ്ച് ബ്രേക്കിന്റെ സമയത്ത് രാജീവേട്ടനും, നിമ ചേച്ചിയും, ഫൈസലിക്കയും, ദീപ്തിയും ഇങ്ങോട്ട് വരുന്നുണ്ട്. ഞങ്ങളുടെ കൂടെ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്ന മലയാളി സ്റ്റാഫുമാരാണ്. അവർക്കൊക്കെ കൂടെ സദ്യ ഉണ്ടാക്കാൻ നമുക്ക് പറ്റുമോ?" ആശങ്കയോടെ അവൻ അമ്മാമ്മയെ നോക്കി. "അതിനെന്താ മോനെ അവര് വന്നോട്ടെ. നിങ്ങളെ കല്യാണമായിട്ട് നാലുപേർക്ക് ഇലയിട്ട് രണ്ടുംപിടി അന്നം കൊടുക്കാൻ പറ്റുന്നത് നല്ല കാര്യമല്ലേ. മക്കള് പോയി ആവശ്യ സാധനങ്ങൾ വാങ്ങി വന്നാൽ നമുക്ക് പെട്ടന്ന് തന്നെ സദ്യ തയ്യാറാക്കാം. ചോറും, സാമ്പാറും, അവിയലും, കിച്ചടി, പച്ചടി, തോരൻ, പപ്പടം, പിന്നെ സേമിയ പായസവും ആക്കാം. ഇപ്പൊ ഒൻപത് മണിയല്ലേ ആയുള്ളൂ. അവര് വരാൻ ഒരു മണി എങ്കിലും കഴിയില്ലേ. ."

ഭാർഗവി അമ്മ ഉത്സാഹത്തോടെ പറഞ്ഞു. "ലഞ്ച് ബ്രേക്ക്‌ ഒന്നരയ്ക്കാ അമ്മാമ്മേ. ഒന്നേ മുക്കാലൊക്കെ ആവും അവരിവിടെ എത്താൻ." "അപ്പൊ സദ്യ ഒരുക്കാൻ ധാരാളം സമയമുണ്ട്. മോൻ വേഗം പോയി സാധനങ്ങൾ വാങ്ങി വായോ. അമ്മാമ്മ എന്തൊക്കെയാ വേണ്ടതെന്ന് പറഞ്ഞുതരാം. "ശരി അമ്മാമ്മേ." ഭാർഗവി അമ്മ പറഞ്ഞുകൊടുത്ത സാധനങ്ങൾ ഒരു പേപ്പറിൽ എഴുതി എടുത്ത ശേഷം ആൽഫി വേഗം പുറത്തേക്ക് പോയി. അതേസമയം ഭാർഗവി അമ്മ മറ്റ് പണികളിലേക്ക് കടന്നു. ആതിരയും അമ്മാമ്മയെ സഹായിച്ച് ഒപ്പം കൂടി. അരമണിക്കൂറിനുള്ളിൽ പറഞ്ഞ സാധനങ്ങളുമായി ആൽഫി എത്തി. പിന്നെ മൂവരും കൂടി ചേർന്നാണ് സദ്യ വട്ടങ്ങൾ ഒരുക്കിയത്. ഒരുമണിയോടെ എല്ലാം റെഡിയായി. കൃത്യ സമയത്തുതന്നെ രാജീവനും കൂട്ടരും എത്തിച്ചേർന്നു. മൂവരും ഊഷ്മളമായ സ്വീകരണമാണ് അവർക്ക് നൽകിയത്. "രണ്ടുപേർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിവാഹാശംസകൾ." എല്ലാവർക്കും വേണ്ടി രാജീവനാണ് അത് പറഞ്ഞത്.

"താങ്ക്സ് രാജീവേട്ടാ. രാജീവേട്ടൻ തക്ക സമയത്ത് സഹായിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ വീട് കിട്ടില്ലായിരുന്നു." ആൽഫിയും ആതിരയും അയാളോട് നന്ദി പറഞ്ഞു. "ഇതൊക്കെ അല്ലെ എനിക്ക് ചെയ്ത് തരാൻ പറ്റു. വേറെന്തേലും സഹായം വേണ്ടി വന്നാലും പറയാൻ മടിക്കണ്ട. എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്ത് തരും." രാജീവൻ പറഞ്ഞു. "എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഉറപ്പായും പറയാം ചേട്ടാ. ഇവിടെ ഞങ്ങളെ സഹായിക്കാനും നിങ്ങളൊക്കെയല്ലേ ഉള്ളു." ആൽഫി അയാളുടെ കരം കവർന്നു. "മക്കളെ നിങ്ങള് കൈ കഴുകി ഇരിക്ക്. സദ്യയുണ്ണാം." അമ്മാമ്മ അവരെ കഴിക്കാൻ ക്ഷണിച്ചു. നാലുപേരും കൈ കഴുകി വന്നിരുന്നപ്പോൾ ആൽഫിയും ആതിരയും ചേർന്ന് സദ്യ വിളമ്പി. അമ്മാമ്മയെയും അഥിതികൾക്കൊപ്പം നിർബന്ധിച്ച് ഇരുത്തി അവർ ചോറ് വിളമ്പികൊടുത്തു.

"നിങ്ങളും ഇരിക്ക്." നിമയും ദീപ്തിയും അവരോട് പറഞ്ഞു. "നിങ്ങളെല്ലാവരും കഴിച്ചിട്ട് കഴിക്കാം. ആവശ്യമുള്ളതൊക്കെ വിളമ്പി തരാൻ ആള് വേണ്ടേ." ആൽഫിയുടെ മറുപടി കേട്ട് ഫൈസൽ അവനെ ദേഷ്യത്തിലൊന്ന് നോക്കി. "ഞങ്ങളുടെ അടുത്ത് ഇങ്ങനെ ഫോർമൽ ആവല്ലേട. നിങ്ങളിങ്ങോട്ടിരുന്നേ." ഫൈസൽ നിർബന്ധിച്ചു. "ഞങ്ങൾക്ക് വേണ്ടത് ഞങ്ങള് തന്നെ വിളമ്പിക്കൊള്ളാം. രണ്ടാളും ഇങ്ങോട്ടിരുന്ന് കഴിച്ചേ വേഗം." രാജീവൻ ശാസനയോടെ അവരെ നോക്കി. "ഇരിക്ക് മക്കളെ.." ഭാർഗവി അമ്മ പറഞ്ഞു. അവരൊക്കെകൂടി നിർബന്ധിച്ചപ്പോൾ ആൽഫിയും ആതിരയും അവർക്കൊപ്പം തന്നെ ഇരുന്ന് സദ്യ കഴിക്കാൻ തുടങ്ങി. എല്ലാവരും ഒത്തുചേർന്നപ്പോൾ ഒരു ഉത്സവ പ്രതീതി തോന്നി അവർക്കെല്ലാവർക്കും. പരസ്പരം തമാശകൾ പറഞ്ഞ് ചിരിച്ച് അവർ ആ നിമിഷങ്ങൾ നന്നായി ആസ്വദിച്ചു.

"ദാ ഇത് ഞങ്ങൾ സ്റ്റാഫുകൾ ചേർന്ന് പിരിച്ചെടുത്ത കുറച്ച് തുകയാണ്. നിങ്ങൾക്കായി ഞങ്ങൾ തരുന്ന വിവാഹ സമ്മാനമാണ്." ഇറങ്ങാൻ നേരം ആൽഫിയുടെ കൈയ്യിലേക്ക് ഒരു പൊതി വച്ചുകൊടുത്തുകൊണ്ട് രാജീവൻ പറഞ്ഞു. "എന്താ രാജീവേട്ടാ... ഇതൊന്നും വേണ്ടിയിരുന്നില്ല." ആൽഫിയുടെ സ്വരമിടറി. "ആവശ്യങ്ങൾ ഉണ്ടാവുമെടാ. എന്തെങ്കിലും ഗിഫ്റ്റ് വാങ്ങി പൈസ കളയുന്നതിനേക്കാൾ നല്ലത് അത് പണമായിട്ട് തന്നാൽ നിങ്ങൾക്ക് ഉപകരിക്കുമല്ലോന്ന് കരുതി." വാക്കുകൾ നഷ്ടപ്പെട്ട് നിറഞ്ഞ കണ്ണുകളോടെ ആൽഫി അവരെ നോക്കി. ആതിരയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. "അപ്പൊ ശരി ഞങ്ങളിറങ്ങുവാ." ലഞ്ച് ബ്രേക്കിന്റെ സമയം കഴിയാറായപ്പോൾ എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി. "എല്ലാരും നല്ല സ്നേഹമുള്ള പിള്ളേരാണല്ലോ." ഭാർഗവി അമ്മ പറഞ്ഞു. "അല്ലേലും മിക്ക മലയാളികളും ഇതുപോലെ അന്യ നാട്ടിൽ നല്ല ഐക്യമുള്ളവരായിരിക്കും അമ്മാമ്മേ."

ആൽഫിയാണ് അത് പറഞ്ഞത്. "അത് മോൻ പറഞ്ഞത് നേരാ." അവൻ പറഞ്ഞതിനോട് ഭാർഗവി അമ്മയും യോജിച്ചു. "അമ്മാമ്മ ഞങ്ങളുടെ കൂടെ രണ്ട് ദിവസം കൂടി ഉണ്ടാവില്ലേ?" ആതിര പെട്ടന്ന് ഓർമ്മ വന്നതുപോലെ ചോദിച്ചു. "ഞാനും അങ്ങനെയൊക്കെ വിചാരിച്ചാ മോളെ വന്നത്. പക്ഷേ നാളെതന്നെ തിരിച്ചുപോയെ പറ്റു. കുറച്ചുമുൻപ് സുമതി വിളിച്ചു ചോദിച്ചേ ഉള്ളു എന്താ വരാത്തേന്ന്. ഞാൻ ഇന്നലെ ട്രെയിൻ കിട്ടീല്ലെന്ന് കള്ളം പറഞ്ഞു. അവിടെ അവളും പിള്ളേരും തനിച്ചല്ലേ." ഭാർഗവി അമ്മ അത് പറഞ്ഞപ്പോൾ ആതിര അവരെ വിഷാദത്തോടെ നോക്കി. "നാളെ എപ്പഴാ അമ്മാമ്മ പോണത്." ആൽഫി തിരക്കി. "രാത്രിയിലെ ട്രെയിൻ മതി മോനെ. അതാകുമ്പോ അധികം അലച്ചിലില്ലാതെ രാവിലെ ഷൊർണുർ എത്താം." "അപ്പോ അമ്മാമ്മയെ സന്ധ്യയ്ക്ക് ആറുമണിക്കുള്ള ട്രെയിനിൽ കയറ്റി വിടാം."

"ആഹ് അതുമതി മോനെ." അമ്മാമ്മ പെട്ടന്ന് തിരിച്ചുപോകുന്നതിൽ വിഷമം ഉണ്ടെങ്കിലും ആതിരയും ആൽഫിയും സാഹചര്യം മനസ്സിലാക്കി തങ്ങളുടെ സങ്കടം ഉള്ളിലൊതുക്കി. ഭാർഗവി അമ്മയ്ക്കും അവരെ പിരിയുന്നതിൽ വിഷമം ഉണ്ടെങ്കിലും അവരും അത്‌ സഹിച്ചു. ************** അന്ന് രാത്രിയും അമ്മാമ്മയ്ക്കൊപ്പമാണ് ആതിരയും ആൽഫിയും ഉറങ്ങാൻ കിടന്നത്. ഭാർഗവി അമ്മയ്ക്ക് ഇരുവശത്തുമായി മുഖം ചേർത്ത് വച്ച് പൂച്ചക്കുട്ടികളെ പോലെ പറ്റിച്ചേർന്ന് അവർ കിടന്നു. അമ്മാമ്മ രണ്ടുപേരെയും തന്നിലേക്ക് അണച്ചുപിടിച്ചു. ആ സമയം ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അതൊന്നുമറിയാതെ അവനും അവളും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. കലങ്ങി മറിഞ്ഞ ചിന്തകളുമായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു ഭാർഗവി അമ്മയ്ക്ക്. ആതിരയുടെ കല്യാണ കാര്യത്തിൽ താൻ തിടുക്കപ്പെട്ട് തീരുമാനമെടുത്തുപോയോ എന്നൊരു ചിന്ത അവരുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ആൽഫിയെക്കുറിച്ച് ഒന്നും അന്വേഷിക്കാതെയാണ് താനീ കല്യാണം നടത്തി വച്ചിരിക്കുന്നത്.

അവനവളെ ചതിച്ചിട്ട് പോകില്ലെന്ന് എന്താ ഒരുറപ്പ്. നാലഞ്ചുവർഷമായി നേരിട്ട് കണ്ടും ഇടപഴകിയും പരിചയമുണ്ടെങ്കിലും ആൽഫിയുടെ നാടും വീടും വീട്ടുകാരെ കുറിച്ചും അവൻ നാട്ടിൽ എങ്ങനെയായിരുന്നുവെന്നും തനിക്കറിയില്ല. വരുംവരായ്കൾ ചിന്തിക്കാതെ എടുത്തുചാടി പ്രവർത്തിച്ചുവോ? ആതിരയെ ആൽഫി ചതിക്കുമോ? അവനങ്ങനെ ചെയ്യാൻ കഴിയുമോ? ആൽഫിയുടെ നിഷ്കളങ്കമായ മുഖം മനസ്സിലേക്ക് വരുമ്പോൾ അവരുടെ ഉള്ളം ശാന്തമാകും. അവനവളെ പൊന്നുപോലെ നോക്കിക്കോളുമെന്നും ചതിക്കില്ലായിരിക്കുമെന്നും വിശ്വസിക്കാനായിരുന്നു അവർക്കിഷ്ടം. അങ്ങനെയൊക്കെ ആണെങ്കിലും കാരണമൊന്നും ഇല്ലായിരുന്നിട്ട് കൂടി അവളുടെ വിവാഹം എടുപിടീന്ന് ഇത്രവേഗം നടത്തേണ്ടിയിരുന്നില്ലെന്ന് അവർക്ക് ആ നിമിഷം തോന്നി. എല്ലാവരും എല്ലാം അറിയുമ്പോൾ കുറ്റപ്പെടുത്തലുമായി വരുമോയെന്ന സംശയം ഭാർഗവി അമ്മയിൽ ബാക്കിയായി. എല്ലാത്തിനും കുറച്ചുകൂടി സാവകാശം കാണിക്കാമായിരുന്നുവെന്ന് ഭാർഗവി അമ്മയ്ക്ക് അപ്പോഴാണ് തോന്നിയത്.

ഉത്തരം കിട്ടാതെ കലുഷിതമാകുന്ന മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ട് അവർ കണ്ണുകളടച്ച് കിടന്നു. ************** പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോതന്നെ ഭാർഗവി അമ്മ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ആൽഫിയും ആതിരയും അമ്മാമ്മയ്ക്കരികിൽ തന്നെ ഉണ്ടായിരുന്നു. അമ്മാമ്മയ്ക്ക് എന്തോ കാര്യമായ വിഷമമുണ്ടെന്ന് അവരുടെ മുഖം കാണുമ്പോൾതന്നെ ഇരുവർക്കും മനസ്സിലായി. അതൊരുപക്ഷെ മടങ്ങി പോവുന്നതോർത്തിട്ടാകുമെന്ന് അവർ കരുതി. "ആൽഫീ... എനിക്ക് മോനോടൊരു കാര്യം ചോദിക്കാനുണ്ട്." ഭാർഗവി അമ്മ അവനെ അടുത്ത് വിളിച്ചു. "എന്താ അമ്മാമ്മേ?" അവനിൽ ആകാംക്ഷ നിറഞ്ഞു. "മോനേ... നിന്നെപ്പറ്റി ഒന്നും അന്വേഷിക്കാതെയാണ് ഞാൻ എന്റെ മോളെ നിനക്ക് കെട്ടിച്ചുതന്നത്. എടുത്തുചാടി പ്രവർത്തിച്ചുപോയോന്ന് ഉള്ളിലൊരു സന്ദേഹം പോലെ. ആൽഫിയുടെ നാടോ വീടോ വീട്ടുകാരോ ആരെയും ഒന്നും എനിക്കറിയില്ല. നാലഞ്ചുവർഷമായി നിന്നെ പരിചയമുണ്ടെന്നേയുള്ളൂ. ഒന്നുമാലോചിക്കാതെ എടുത്തുചാടിയോ എന്നോർത്ത് എനിക്ക് പേടി തോന്നുന്നു."

ഒന്ന് നിർത്തി ഭാർഗവി അമ്മ അവനെ നോക്കി. ആൽഫിയുടെ മുഖത്തെ ഭാവമെന്താണെന്ന് അവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല. അമ്മാമ്മയുടെ തുറന്നുപറച്ചിൽ ഏൽപ്പിച്ച ഞെട്ടലിലായിരുന്നു ആതിരയും. "അമ്മാമ്മ എന്താ പറഞ്ഞുവരുന്നത്." വിഹ്വലതയോടെ അവൻ അവരെ നോക്കി. "നിന്നെ മാത്രം വിശ്വസിച്ചാണ് ഞാനെന്റെ കൊച്ചിനെ നിന്റെ കയ്യിലേൽപ്പിച്ചത്. പക്ഷേ ഇന്നലെ രാത്രി മുതൽ ചെയ്തത് തെറ്റോ ശരിയോ എന്നോർത്ത് എനിക്കൊരു സമാധാനവും കിട്ടുന്നില്ല. എന്ത് അടിസ്ഥാനത്തിലാ അല്ലെങ്കിൽ എന്ത് ധൈര്യത്തിലാ ഞാനിതൊക്കെ ചെയ്തതെന്ന് എനിക്കറിയില്ല മോനെ. ഇപ്പൊ ഇങ്ങനെ പറയുന്നതിൽ ഒരർത്ഥവുമില്ലെന്ന് അറിയാമെങ്കിലും എന്റെയൊരു സമാധാനത്തിന് വേണ്ടി ചോദിക്കയാ ഞാൻ. ഓർക്കുമ്പോൾ ഇപ്പൊ ഒരു പേടിപോലെ. ഞാൻ മോനോട് തുറന്ന് ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. എന്റെ കൊച്ചിനെ നീ നന്നായി നോക്കുമോ? നിന്റെ മനസ്സിൽ എവിടെയെങ്കിലും അവളെ ചതിക്കണമെന്നൊരു ചിന്തയുണ്ടോ?" ഭാർഗവി അമ്മയുടെ ചോദ്യം കേട്ട് ആൽഫി വിളറി വെളുത്തുപോയി. പകപ്പോടെ അവൻ അവരെ മുഖത്തേക്ക് ഉറ്റുനോക്കി....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story