മറുതീരം തേടി: ഭാഗം 22

marutheeram thedi shiva

രചന: ശിവ എസ് നായർ

ഭാർഗവി അമ്മയുടെ ചോദ്യം കേട്ട് ആൽഫി വിളറി വെളുത്തുപോയി. പകപ്പോടെ അവൻ അവരെ മുഖത്തേക്ക് ഉറ്റുനോക്കി. "അമ്മാമ്മ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കുന്നേ. ആൽഫിയെ അമ്മാമ്മയ്ക്ക് സംശയമുണ്ടോ?" ആതിര കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. "എ... ന്നെ... എന്നെ... അവിശ്വസിക്കുകയാണോ അമ്മാമ്മേ. ഞാൻ... എന്നെ... ഞാനൊരു ചതിയനാണെന്ന് അമ്മാമ്മയ്ക്ക് തോന്നുന്നുണ്ടോ...m." ഒരുനിമിഷം പതറിപ്പോയ അവന് എന്താ പറയേണ്ടതെന്ന് അറിയില്ലായിരുന്നു. "ഇപ്പൊ ഇങ്ങനെ ചോദിക്കുന്നത് കൊണ്ട് ഒരർത്ഥവുമില്ലെന്ന് അറിയാം. അമ്മാമ്മേടെ ആദികൊണ്ട് ചോദിച്ചു പോയതാ. ഒരു അവസ്ഥയിലും നീയെന്റെ കുട്ടിയെ ഉപേക്ഷിച്ചു പോവരുത്. നിന്റെ നാടോ വീടോ വീട്ടുകാരെയോ ഒന്നും ഞാൻ കണ്ടിട്ടില്ല, അന്വേഷിച്ചിട്ടില്ല. ഇത്രയും വർഷത്തെ പരിചയത്തിന്റെ പുറത്താണ് നിനക്ക് ഞാൻ ആതിര മോളെ കല്യാണം കഴിപ്പിച്ചു തന്നത്. ആ വിശ്വാസം മോനൊരിക്കലും നഷ്ടപ്പെടുത്തരുത്." ആൽഫിയുടെ കൈകൾ ചേർത്ത് പിടിച്ച് അവർ പറഞ്ഞു.

"ഇല്ല അമ്മാമ്മേ. അമ്മാമ്മയും ആതിയും എന്നിൽ അർപ്പിച്ച വിശ്വാസം ഞാനൊരിക്കലും കളഞ്ഞു കുളിക്കില്ല. എനിക്ക് മനസ്സിലാവും അമ്മാമ്മയുടെ ടെൻഷൻ. അവളുടെ ഭാവിയെക്കുറിച്ചോർത്തുള്ള ആശങ്ക കൊണ്ടാണ് അമ്മാമ്മ ഇങ്ങനെ ചോദിച്ചതെന്ന് അറിയാം. എനിക്കും രണ്ട് പെങ്ങന്മാർ ഉള്ളതല്ലേ. അതുകൊണ്ട് ആതിരയെ ഉപേക്ഷിച്ചു കടന്ന് കളയാനല്ല ഞാനവളെ കൂടെ കൂട്ടിയത്. എന്നെപ്പറ്റി യാതൊന്നും അന്വേഷിക്കാതെ എന്റെ വീട്ടുകാരെപ്പോലും അറിയിക്കാതെയാണ് ഈ വിവാഹം നടന്നിരിക്കുന്നത്. സത്യങ്ങളൊക്കെ എന്റെ വീട്ടുകാർ അറിയുമ്പോൾ എങ്ങനെയായിരിക്കും പ്രതികരണമെന്നും എനിക്കറിയില്ല. അതൊക്കെ ഓർത്തിട്ടാണ് അമ്മാമ്മയുടെ ഈ ഭയമെന്ന് എനിക്കറിയാം. എന്തൊക്കെ സംഭവിച്ചാലും ആതിരയെ ഞാൻ ചേർത്ത് പിടിക്കും. ഇതെന്റെ വാക്കാണ്. നിങ്ങളെ രണ്ടാളെയും ചതിച്ചിട്ട് എനിക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റുമെന്ന് തോന്നുന്നോ? ഈശോ എന്നോട് ക്ഷമിക്കുമോ? അതുകൊണ്ട് എന്റെ സ്നേഹത്തെ സംശയ ദൃഷ്ടിയോടെ കാണരുത് അമ്മാമ്മേ.

ചതിക്കണമെന്നൊരു ഉദ്ദേശം എന്റെ മനസ്സിൽ പോലുമില്ല." ആൽഫി കരയുകയായിരുന്നു. "എന്നും നിങ്ങൾ സന്തോഷത്തോടെ സ്നേഹത്തോടെ ഒത്തൊരുമയോടെ കഴിയുന്നത് കണ്ടാമതി. ഞാനിനി എത്ര നാൾ ഉണ്ടാവുമെന്ന് അറിയില്ല. പെട്ടന്ന് എനിക്കെന്തെങ്കിലും പറ്റിപോയാൽ ഇവളെ ഇവളുടെ അച്ഛൻ കാശിന് വേണ്ടി ആർക്കെങ്കിലും പിടിച്ച് കെട്ടിച്ച് കൊടുത്താൽ അതോടെ ഇവളെ ജീവിതം തകരും. ഞാൻ ജീവിച്ചിരിക്കുംവരെ മാത്രമേ ആതിര മോൾക്ക് എന്റെ സംരക്ഷണം കൊടുക്കാൻ പറ്റുള്ളൂ. നിങ്ങളെ കല്യാണം നടത്തി വയ്ക്കുമ്പോൾ അത് മാത്രമായിരുന്നു മനസ്സിൽ. മോന്റെ നാടിനെയോ വീട്ടുകാരെയോ പറ്റി ചിന്തിച്ചത് പോലുമില്ല. ഞാൻ എന്റെ മോൾക്ക് വേണ്ടി തിരഞ്ഞെടുത്ത ഭാവി തെറ്റായിപോയെന്ന് ആരും പറയാനിട വരരുത്. എനിക്ക് അത്രേ ഉള്ളു ആഗ്രഹം." "അമ്മാമ്മ ഒന്നുകൊണ്ടും പേടിക്കണ്ട. എന്നെ പൂർണ്ണമായും വിശ്വസിക്കാം." ഒരു കയ്യാൽ ആതിരയെ ചേർത്ത് പിടിച്ച് അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. ആൽഫിയുടെ മുഖഭാവം കാണവേ ഭാർഗവി അമ്മയുടെ ഉള്ളം ശാന്തമായി.

അവന്റെ മുഖത്തെ ഉറച്ച ഭാവം അവരിൽ അവനോടുള്ള വിശ്വാസം ദൃഢപ്പെടുത്തി. ആതിരയ്ക്കും ആൽഫിയെ പൂർണ്ണ വിശ്വാസമായി. അമ്മാമ്മയ്ക്ക് അവനെ കുറിച്ചുള്ള ആശങ്കകൾ കേട്ടപ്പോൾ ഒരുവേള അവളുടെ മനസ്സിലും ചെറിയൊരു ഭയം രൂപപ്പെട്ടത് ഇപ്പോൾ പാടെ മാറിയിരുന്നു. "ഇന്ന് അമ്മാമ്മയേ ട്രെയിൻ കയറ്റി വിട്ട ശേഷം ഹോസ്പിറ്റലിൽ ലീവ് രണ്ട് ദിവസം കൂടി നീട്ടിയിട്ട് നാളെത്തന്നെ ആതിരയെയും കൂട്ടികൊണ്ട് ഞാനെന്റെ വീട്ടിലേക്ക് പോകുന്നുണ്ട്. വീട്ടുകാരെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കണം. ഒരാഴ്ച കഴിഞ്ഞു പോകാമെന്നായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷേ എത്രയും നേരത്തെ പോകാൻ പറ്റുമോ അത്രയും നേരത്തെ പോകണമെന്ന് ഇപ്പൊ തോന്നുന്നു. അമ്മാമ്മ ആതിരയുടെ വീട്ടിലും എത്രയും പെട്ടന്ന് ഇക്കാര്യം അറിയിക്കണം. പൊട്ടിത്തെറി ഉണ്ടായിക്കോട്ടെ, സാരമില്ല. എനിക്ക് അവളും അവൾക്ക് ഞാനും ഉണ്ട്. ഞങ്ങൾക്ക് അമ്മാമ്മയും. വേറെയാരും വേണോന്നില്ല. ആരും ഞങ്ങളെ അംഗീകരിച്ചില്ലെങ്കിലും സ്നേഹിച്ചില്ലെങ്കിലും പരാതിയില്ല."

അവന്റെ കണ്ഠമൊന്നിടറി. "അമ്മാമ്മ മോനെ വിഷമിപ്പിച്ചോ?" ആൽഫിയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ഭാർഗവി അമ്മയ്ക്ക് അവനോട് അനുകമ്പ തോന്നി. "അതൊന്നും സാരമില്ല അമ്മാമ്മേ. എന്റെ സ്വന്തം അമ്മാമ്മയല്ലേ. എനിക്ക് സങ്കടമൊന്നുമില്ല." ആൽഫി പുഞ്ചിരിക്കാൻ ശ്രമിച്ചു. "സങ്കടപ്പെടരുതെടാ. എന്നോടുള്ള സ്നേഹം കൊണ്ടാ അമ്മാമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞത്." ആതിരയും അവനെ സമാധാനിപ്പിച്ചു. ************** സന്ധ്യയ്ക്ക് ആറുമണിക്ക് ഷൊർണൂരിലേക്കുള്ള ട്രെയിനിൽ ഭാർഗവി അമ്മ നാട്ടിലേക്ക് യാത്ര തിരിച്ചു. അമ്മാമ്മയെ തിരികെ അയച്ച ശേഷം ഇരുവരും വീട്ടിലേക്ക് പോയി. ആതിരയുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് നേരിയൊരു ആശങ്ക അവർക്കുള്ളിൽ അപ്പോഴും അവശേഷിച്ചിരുന്നു. മെല്ലെ മെല്ലെ ആ ആശങ്ക മാറുമെന്ന് ഭാർഗവി അമ്മ വിശ്വസിച്ചു. "ആതി നിനക്ക് എന്നിൽ എന്തെങ്കിലും വിശ്വാസ കുറവുണ്ടോ.?" രാത്രി അത്താഴം കഴിക്കരിക്കുമ്പോൾ ആൽഫി ചോദിച്ചു. "ഇല്ല ആൽഫി.. നിന്നെ ഞാൻ ഇന്നും ഇന്നലെയുമൊന്നുമല്ലല്ലോ കാണാൻ തുടങ്ങിയത്.

അതുകൊണ്ട് നിന്നെയെനിക്ക് പൂർണ്ണ വിശ്വാസമാണ്." ആതിര പുഞ്ചിരി തൂകി. "ആ വിശ്വാസം ഞാനൊരിക്കലും തെറ്റിക്കില്ല. എങ്കിലും നമുക്ക് എന്റെ നാട്ടിൽ പോയി വന്നതിന് ശേഷം മതി ഒരുമിച്ച് ഒരു ജീവിതം. അതുവരെ നമുക്ക് രണ്ട് മുറികളിൽ തന്നെ കഴിയാം. എന്റെ നാടും വീടും എന്റെ ഫാമിലിയെയും ഒക്കെ നേരിൽ കണ്ട് അവരെയൊക്കെ ബോധ്യമായി കഴിഞ്ഞു മതി നമുക്ക് ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിക്കുന്നത്." "അപ്പൊ ആൽഫിക്ക് എന്റെ നാടും വീടുമൊന്നും കാണണ്ടേ." അവൾ മറുചോദ്യം ചോദിച്ചു. "വേണ്ട ആതി. നിന്റെ അമ്മാമ്മയെയെങ്കിലും ഞാൻ കണ്ടിട്ടില്ലേ. പക്ഷേ നീയോ അമ്മാമ്മയോ എന്റെ വീട്ടിലെ ഒരാളെ പോലും കണ്ടിട്ടില്ലല്ലോ. അതുകൊണ്ടാ ഞാൻ ഇങ്ങനെ പറഞ്ഞത്. " "ആൽഫിയുടെ ഇഷ്ടം അതാണെങ്കിൽ എനിക്ക് സമ്മതമാണ്. എങ്ങനെയായാലും എനിക്ക് പ്രശ്നമില്ല ആൽഫി."

"നാളെ നമുക്ക് കോട്ടയത്തേക്ക് പോവാനുള്ളതാ. വേഗം കഴിച്ചിട്ട് കിടക്ക്." ആൽഫി താൻ കഴിച്ച പാത്രവുമായി എഴുന്നേറ്റു. ആതിരയും താൻ കഴിച്ച പാത്രം കഴുകിവച്ച് റൂമിലേക്ക് വന്നു. "ഞാൻ അപ്പുറത്തെ മുറിയിൽ കിടക്കാം." പായും തലയിണയും എടുത്തുകൊണ്ട് ആൽഫി തൊട്ടടുത്ത മുറിയിലേക്ക് നടന്നു. "ഗുഡ് നൈറ്റ് ആൽഫി." ആതിര അവനെ നോക്കി പറഞ്ഞു. "ഗുഡ് നൈറ്റ്." ലൈറ്റ് അണച്ച് ഇരുവരും കിടന്നു. പക്ഷേ രണ്ടുപേർക്കും ആ രാത്രി ഉറങ്ങാനായില്ല. അമ്മാമ്മയുടെ ചോദ്യങ്ങൾ അവനെ അത്രമേൽ വേദനിപ്പിച്ചിട്ടുണ്ടെന്ന് ആതിരയ്ക്ക് മനസ്സിലായി. അതുകൊണ്ടാണ് രണ്ട് മുറികളിലായുള്ള കിടപ്പും എടുപിടീന്ന് നാട്ടിലേക്ക് പോകുന്നതും.nl ആൽഫിക്ക് തന്നെ ചതിക്കാനുള്ള ഉദ്ദേശമൊന്നുമില്ലെന്ന് അവൾക്കുറപ്പായിരുന്നു. ഇന്ന് അവന്റെ മനസ്സിലുണ്ടായ മുറിവുണങ്ങാൻ അൽപ്പ സമയം ആവശ്യമാണെന്ന് ആതിരയ്ക്ക് തോന്നി. അമ്മാമ്മയുടെ ചോദ്യങ്ങളും ന്യായമായിരുന്നു. പക്ഷേ അതൊക്കെ തങ്ങളുടെ വിവാഹത്തിന് മുൻപായിരുന്നു ചോദിക്കേണ്ടിയിരുന്നതും.

തന്റെ മനസ്സിൽ പോലും ഇത്തരം ചിന്തകളൊന്നും ഇതുവരെ വന്നിരുന്നില്ലല്ലോന്ന് അവളോർത്തു. ആൽഫി നല്ലവനാണ്. ഇന്നുവരെ ഒരു നോട്ടം കൊണ്ട് പോലും തന്നോട് മോശമായി പെരുമാറിയിട്ടില്ല. അനാവശ്യ സ്പർശനങ്ങൾ പോലും ഉണ്ടായിട്ടില്ല. പക്ഷേ എന്നിരുന്നാലും ഇക്കാലത്തു എന്ത് വിശ്വസിച്ചാണ് ഒരാളെ കുറിച്ച് അയാൾ പറയുന്നത് മാത്രം എങ്ങനെ വിശ്വാസത്തിലെടുക്കുക. അങ്ങനെ തോന്നിയിട്ടാകാം ഇന്ന് ആൽഫിയോട് അമ്മാമ്മ അങ്ങനെയൊക്കെ ചോദിച്ചതെന്ന് ആതിര ഊഹിച്ചു. ആൽഫിയുടെ മനസ്സിലും അമ്മാമ്മ ചോദിച്ച ചോദ്യങ്ങളായിരുന്നു. തന്നെ വിശ്വാസമുണ്ടെന്ന് പറഞ്ഞിട്ടാണ് പോയതെങ്കിലും അമ്മമ്മയുടെയുള്ളിൽ നേരിയൊരു ആശങ്ക അവശേഷിക്കുന്നത് അവനറിയാം. അത് മാറ്റിയെടുക്കേണ്ടത് അവന്റെ കടമയാണ്. ആതിരയിലൂടെ തന്റെ വീട്ടിലെ കാര്യങ്ങൾ അറിയുമ്പോൾ അമ്മാമ്മയ്ക്കുള്ളിൽ അവശേഷിക്കുന്ന ഭയം മാറുമെന്ന് അവനുറപ്പുണ്ടായിരുന്നു. ************** വെളുപ്പിന് അഞ്ചരയ്ക്ക് ഭാർഗവി അമ്മയുടെ ഫോണിൽ നിന്നും ആതിരയ്ക്കൊരു കാൾ വന്നു.

നാട്ടിൽ എത്തിയെന്ന് അറിയിക്കാനായിരുന്നു അവർ വിളിച്ചത്. ആൽഫിയുടെ വീട്ടിൽ പോയിട്ട് ഫോൺ ചെയ്യണമെന്ന് അമ്മാമ്മ അവളെ ഓർമ്മിപ്പിച്ചു. ആൽഫിയുടെ വീട്ടുകാരുടെ പ്രതികരണമോർത്ത് തനിക്ക് പേടിയുണ്ടെന്നും ആതിരയോട് അവർ പറഞ്ഞു. ഭാർഗവി അമ്മയെ സമാധാനിപ്പിച്ച് അവൾതന്നെ കാൾ കട്ട്‌ ചെയ്തു. രാവിലെ എട്ട് മണിക്കുള്ള ട്രെയിനിനാണ് ആൽഫിയും ആതിരയും യാത്ര തിരിച്ചത്. യാത്രയിലുട നീളം അവർക്കുള്ളിൽ കനത്ത മൗനം രൂപപ്പെട്ടിരുന്നു. ആതിര അവനോട് പലപ്പോഴായി സംസാരിക്കാൻ തുനിഞ്ഞപ്പോൾ ചിന്തകളിൽ മുഴുകി വിഷണ്ണനായി ഇരിക്കുകയായിരുന്നു ആൽഫി. അവന്റെ മനസ്സിലെ സംഘർഷം മനസ്സിലാക്കി ആതിര മൗനം പാലിച്ചു. "ആതീ..." അവൻ മെല്ലെ വിളിച്ചു. "ഉം.." പിണക്കത്തോടെ അവൾ മൂളി. "ഞാൻ മിണ്ടാതിരുന്നപ്പോ സങ്കടം ആയോ." "ഉം.." "ദേഷ്യണ്ടോ എന്നോട്." "ഉം." അതിനും മറുപടി അവൾ മൂളലിൽ ഒതുക്കി. "ഇങ്ങനെ മൂളാതെ എന്തെങ്കിലുമൊന്ന് പറ ആതി." "ഞാനെന്ത് പറയാനാ. നീയല്ലേ എന്നോട് പിണങ്ങി ഇരിക്കുന്നത് പോലെ മിണ്ടാതിരുന്നത്." അവൾ പരിഭവിച്ചു.

"ശരിയാണ്... പെട്ടന്ന് ഒരു കല്യാണം കഴിച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവിടെയുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോർത്ത് ചെറിയൊരു പേടിയുണ്ട് ആതി." "ആൽഫിക്ക് ഭയമോ?" ആതിര മനസിലാകാത്തത് പോലെ അവനെ നോക്കി. "എനിക്ക് ഭയം നിന്നെ ഓർത്താണ്. എന്റെ പപ്പയും ആന്റിമാരുമൊക്കെ വാക്കുകൾ കൊണ്ട് നിന്നെ വേദനിപ്പിക്കും. അക്കാര്യത്തിൽ എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. അതൊക്കെ ഉൾകൊള്ളാൻ നിനക്ക് കഴിയുമോ എന്നോർത്താ എന്റെ പേടി." "അവരൊക്കെ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ലെടാ. ഞാൻ അതൊക്കെ സഹിച്ചോളാം." "എന്ത് കേട്ടാലും തളരരുത്, പതറി പോവാതെ പിടിച്ചുനിൽക്കണം." അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവൻ പറഞ്ഞു. "ഇല്ലെടാ... അത്ര പെട്ടെന്നൊന്നും ഞാൻ തളർന്ന് പോവില്ല. ഓർമ്മ വച്ച നാൾ മുതൽ ജനിപ്പിച്ച വീട്ടുകാരുടെ ആട്ടും തുപ്പും സഹിച്ച് വളർന്നത് കൊണ്ട് അപാര തൊലിക്കട്ടിയാണ്." ആതിര പുഞ്ചിരിക്കാൻ ശ്രമിച്ചു. "രണ്ട് സ്റ്റേഷൻ കൂടി കഴിഞ്ഞാൽ നമുക്ക് ഇറങ്ങാനുള്ള സ്റ്റോപ്പാണ്." ആൽഫി അലിവോടെ അവളെ നോക്കി.

"എന്നെപ്പറ്റിയോർത്തു നീ പേടിക്കണ്ട. വീര ശൂര പരാക്രമിയായ നീ പേടിച്ചോടാതിരുന്നാ മതി." അവൾ ഇരുകണ്ണും ചിമ്മിയടച്ച് ചിരിച്ചുകാണിച്ചു. "പോടീ..." ആൽഫി അവളുടെ കൈയ്യിൽ മൃദുവായി അടിച്ചു. ************** രാത്രി ഏഴരയോടെയാണ് ട്രെയിൻ കോട്ടയത്ത്‌ എത്തിച്ചേർന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോയിൽ ഒന്നര മണിക്കൂർ സഞ്ചരിച്ചുവേണം ആൽഫിയുടെ വീട്ടിലെത്താൻ. സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ വിളിച്ച് ഇരുവരും ആൽഫിയുടെ വീട്ടിലേക്ക് പോയി. ഏകദേശം ഒൻപത് മണിയോടെ ആൽഫിയുടെ വീട്ടിൽ എത്തിച്ചേർന്നു. ഗേറ്റിന് മുന്നിൽ ഓട്ടോ നിർത്തിയപ്പോൾ രണ്ടുപേരും ഇറങ്ങി. അവൻ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് ഓട്ടോ ഡ്രൈവർക്കുള്ള പൈസ കൊടുത്തു. കാശ് വാങ്ങി കീശയിലിട്ട് ഡ്രൈവർ വണ്ടിയെടുത്തു പോയി.

ചുറ്റിലും അതീവ നിശബ്ദതയായിരുന്നു. അടുത്തെങ്ങും വീടുകൾ ഉള്ളതായി ആതിരയ്ക്ക് തോന്നിയില്ല. കരിങ്കൽപാളികൾ കൊണ്ട് ചെത്തി മിനുക്കിയ വലിയ ചുറ്റുമതിലിന് നടുവിലായി തലയുയർത്തി പിടിച്ച് നിൽക്കുന്ന ബെത്തേൽ ബംഗ്ലാവ്. ആൽഫിയുടെ ബംഗ്ലാവ് കണ്ട് അവൾ അതിശയിച്ചുപോയി. വലിയ ഗേറ്റിന്റെ ഓടാമ്പൽ നീക്കി ആതിരയുടെ കൈ പിടിച്ച് ആൽഫി മതിൽ കെട്ടിനുള്ളിലേക്ക് പ്രവേശിച്ചു. ഗേറ്റ് മുതൽ ബംഗ്ലാവ് വരെ നടക്കാൻതന്നെ പതിനഞ്ച് മിനിറ്റ് സമയം വേണ്ടി വന്നു. ഇരുവശവും വെട്ടിയൊതുക്കി ഭംഗിയിൽ നിർത്തിയിരിക്കുന്ന പുൽത്തകിടിക്ക് നടുവിലെ വഴിയിൽ കൂടി അവളുടെ കൈപിടിച്ച് ആൽഫി നടന്നു. ബംഗ്ലാവിന് മുൻവാതിൽ അടഞ്ഞുകിടക്കുകയാണ്. അവൻ കാളിംഗ് ബെൽ അടിച്ച് കാത്തുനിന്നു. എന്തും നേരിടാൻ ഉറച്ച് ധൈര്യം സംഭരിച്ച് ആതിരയും നിലയുറപ്പിച്ചു....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story