മറുതീരം തേടി: ഭാഗം 23

marutheeram thedi shiva

രചന: ശിവ എസ് നായർ

ബംഗ്ലാവിന് മുൻവാതിൽ അടഞ്ഞുകിടക്കുകയാണ്. അവൻ കാളിംഗ് ബെൽ അടിച്ച് കാത്തുനിന്നു. എന്തും നേരിടാൻ ഉറച്ച് ധൈര്യം സംഭരിച്ച് ആതിരയും നിലയുറപ്പിച്ചു. അകത്ത് നിന്ന് ആരോ നടന്ന് വരുന്ന കാൽപെരുമാറ്റം കേൾക്കാം. അവർക്ക് മുന്നിൽ ആ വലിയ വാതിൽ മലർക്കേ തുറക്കപ്പെട്ടു. ആൽഫിയുടെ മമ്മി സൂസനാണ് വാതിൽ തുറന്നത്. ഒരുനിമിഷം ആൽഫിയെ കണ്ട് അവരുടെ മുഖം വിടർന്നു. "മോനെ... നീയോ.." അപ്രതീക്ഷിതമായി അവനെ അവിടെ കണ്ടതിന്റെ ഞെട്ടലും സന്തോഷവും സൂസന്റെ മുഖത്ത് പ്രകടമായിരുന്നു. "ഇച്ചായാ... ദേ നമ്മുടെ മോൻ വന്നിരിക്കുന്നു." അകത്തേക്ക് നോക്കി അവർ വിളിച്ച് പറഞ്ഞു. വാതിൽപ്പടി കടന്ന് അവന്റെയടുത്തേക്ക് വരാൻ തുടങ്ങിയ സൂസൻ അപ്പോഴാണ് അവനരികിൽ നിൽക്കുന്ന ആതിരയെ ശ്രദ്ധിച്ചത്.

"ആൽഫീ... ഇത്... ഈ പെൺകൊച്ച് ഏതാ മോനെ." അവരുടെ മിഴികൾ ആതിരയുടെ കഴുത്തിൽ കിടക്കുന്ന താലി മാലയിലേക്കും സീമന്ത രേഖയിൽ ചാർത്തിയിരുന്ന സിന്ദൂരത്തിലേക്കും നീണ്ട് ചെന്നു. "മമ്മീ... ഇത് ആതിര, എന്റെ ഭാര്യയാണ്." അവളെ ചേർത്ത് പിടിച്ച് ആൽഫി പറഞ്ഞു. "ഏഹ്.. ഭാര്യയോ... ആൽഫീ... നീ... നീ ഞങ്ങളെ ചതിക്കുവായിരുന്നോ?" സൂസന്റെ മിഴികൾ ഈറനായി. "ഇച്ചായാ... ദേ നമ്മുടെ മോൻ... അവൻ.." സംസാരിക്കാൻ വാക്കുകൾ കിട്ടാതെ അവരുടെ സ്വരമിടറി. സൂസന്റെ വിളികേട്ട് അങ്ങോട്ടേക്ക് വന്ന ആൽഫിയുടെ പപ്പ സേവ്യർ മുറ്റത്ത്‌ നിൽക്കുന്ന ആൽഫിയെയും ആതിരയെയും കണ്ടു. "ഇച്ചായാ... നമ്മുടെ മോൻ... അവൻ നമ്മളെ ചതിച്ചു ഇച്ചായാ. ഏതോ പെണ്ണിനെയും കല്യാണം കഴിച്ച് വന്നിരിക്കുന്നത് കണ്ടില്ലേ." സേവ്യറിന്റെ നെഞ്ചിലേക്ക് വീണ് സൂസൻ പൊട്ടിക്കരഞ്ഞു.

"എന്താ ആൽഫീ ഇതൊക്കെ? ഏതാ ഈ കൊച്ച്?" സേവ്യറിന്റെ ഘനഗാഭീര്യ ശബ്ദം അവിടെ മുഴങ്ങി. അയാൾക്ക് പിന്നിൽ കുടുംബാംഗങ്ങളെല്ലാം നിരന്നു. അവരോടൊന്ന് കയറി ഇരിക്കാൻ പോലും ആരും പറഞ്ഞില്ല. എല്ലാവരുടെയും മുഖത്ത് ദേഷ്യം മാത്രമായിരുന്നു. "എന്താ ആൽഫീ ഇത്? ഏതാ ഈ പെണ്ണ് ? ജിനി ആന്റി അവനോട് ചോദിച്ചു. സേവ്യറിന്റെ നേരെ താഴെയുള്ള പെങ്ങളാണ് ജിനി. എല്ലാവർക്കും അത് തന്നെയാണ് അവനോട് ചോദിക്കാൻ ഉണ്ടായിരുന്നത്. "ഇതെന്റെ ഭാര്യ, ആതിര. പാലക്കാടാണ് വീട്. എന്റെ കൂടെ പഠിച്ച കുട്ടിയാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു. കോഴ്സ് കഴിഞ്ഞു ജോലി കിട്ടിയപ്പോൾ വിവാഹിതരാകാമെന്ന് തീരുമാനിച്ചു." ആൽഫിയുടെ ശബ്ദം ഉറച്ചതായിരുന്നു. ലവലേശം ഭയമില്ലാതെ എല്ലാവരെയും നോക്കി തലയുയർത്തി പിടിച്ച് അവൻ നിന്നു. "എന്റെ മുന്നിൽ വന്ന് നിന്ന് ധിക്കാരം പറയാൻ മാത്രം നീ വളർന്നോ?" "പപ്പയുടെ മോനല്ലേ ഞാൻ. അപ്പൊ ആ ഉശിരും ധൈര്യവും കുറച്ചെങ്കിലും എനിക്ക് കിട്ടാതിരിക്കോ.

പിന്നെ എന്റെ കാര്യം പറയുന്നതിന് ഞാനാരെയും പേടിക്കേണ്ട ആവശ്യമില്ലല്ലോ." "ആൽഫീ... ആരോടാ കയർത്ത് സംസാരിക്കുന്നതെന്ന ബോധം വേണം നിനക്ക്. എവിടെയോ കിടന്ന ഒരു പെണ്ണിനേം വിളിച്ചു കുടുംബത്തു കേറി വന്ന് തോന്ന്യാസം കാണിച്ചാൽ ഞങ്ങൾ നോക്കി നിന്നെന്ന് വരില്ല." ഷേർളി ആന്റി ആണ്. ജിനിക്ക് താഴെയുള്ള പെങ്ങൾ. സേവ്യർ മുഷ്ടി ചുരുട്ടി ദേഷ്യമടക്കാൻ പാട് പെടുകയാണ്. "ഞാൻ എന്ത് തോന്ന്യാസം കാണിച്ചു. ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചു. അത് ഇവിടെ വന്ന് നിങ്ങളെയെല്ലാവരെയും അറിയിച്ചത് ഇത്ര വലിയ അപരാധമായിപ്പോയോ." ആൽഫിയും വിട്ട് കൊടുത്തില്ല. "എന്റെ ഉപ്പും ചോറും കഴിച്ച് വളർന്നിട്ട് എന്റെ വീട്ട് മുറ്റത്ത് വന്നുനിന്ന് നന്ദികെട്ട വർത്താനം പറയുന്നോ നായെ." പാഞ്ഞിവന്ന സേവ്യർ ആൽഫിയുടെ മുഖമടച്ച് ഒരടി കൊടുത്തു. അടിയുടെ ആഘാതത്തിൽ അവൻ നിലതെറ്റി പിന്നിലേക്ക് മറിഞ്ഞു. പെട്ടന്ന് ആതിര അവനെ താഴേക്ക് വീഴുംമുൻപേ താങ്ങിപ്പിടിച്ചു. "നിന്റെ വീട്ടിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ കൊച്ചേ.

അതോ വീട്ടുകാര് തന്നെയാണോ വലിയ വീട്ടിലെ ആൺപിള്ളേരെ കറക്കിയെടുക്കാൻ വേണ്ടി നിന്നെ പഠിക്കാനെന്നും പറഞ്ഞ് പറഞ്ഞയച്ചത്." ജിനിയാണ് അത് ചോദിച്ചത്. "ആന്റി കുറച്ചു മാന്യമായിട്ട് സംസാരിക്കണം." ആൽഫി അവരോട് ദേഷ്യപ്പെട്ടു. "ഇവളെ പോലുള്ളവരോട് ഇത്രയൊക്കെ മാന്യത മതി." ജിനിയുടെ ഭർത്താവ് തോമസ് ഭാര്യയെ പിന്താങ്ങി. "എന്നാലും മോനെ... നിനക്കെങ്ങനെ തോന്നിയെടാ ഞങ്ങളോടീ ചതി ചെയ്യാൻ. കെട്ടിക്കാൻ പ്രായമായി വരുന്ന രണ്ട് പെങ്ങന്മാർ നിനക്കുണ്ടെന്ന് ഓർക്കാമായിരുന്നില്ലേ?" സൂസൻ വിങ്ങിപ്പൊട്ടി. "ഇവന്റെ ഇഷ്ടത്തിന് തോന്നിയ പോലെ നടക്കാൻ വിട്ടിട്ടാ ഇങ്ങനെ ആയത്. അന്നിവൻ ഞരമ്പ് മുറിച്ച് ഹോസ്പിറ്റലിൽ കിടന്നപ്പോ പിടിച്ച പിടിയാലേ ഞാനിങ്ങോട്ട് കൊണ്ട് വരാനിരുന്നപ്പോ നീയല്ലേ തടസ്സം നിന്നത്. ഇവന്റെ എതിർപ്പ് ഗൗനിക്കാതെ കൈയ്യും കാലും കെട്ടിയിട്ടായാലും ഞാനിവനെ ഇവിടെ എത്തിക്കുമായിരുന്നു. അന്നെന്റെ വാക്കിന് പുല്ല് വില കല്പ്പിച്ചില്ലല്ലോ. അന്നേ ഇവൻ കൈവിട്ടു പോയെന്ന് എനിക്ക് മനസിലായി. പക്ഷേ ഇത്രത്തോളം പ്രവർത്തിക്കാൻ മാത്രം ധൈര്യം നിനക്കുണ്ടെന്ന് ഞാൻ വിചാരിച്ചില്ല."

സേവ്യർ ഭാര്യയെ നോക്കി പറഞ്ഞു. "അവന്റെ ഇഷ്ടത്തിന് പഠിച്ചോട്ടെ എന്ന് വിചാരിച്ചിട്ടല്ലേ ഇച്ചായാ ഞാൻ..." സൂസൻ പറഞ്ഞു വന്നത് പകുതിയിൽ നിർത്തി. "അവന്റെ ഇഷ്ടത്തിന് വിട്ടിട്ട് ഇപ്പൊ എന്തായി? കണ്ടില്ലേ വന്ന് നിക്കുന്നത്." പുച്ഛത്തോടെയുള്ള പപ്പയുടെ നോട്ടം അവൻ കണ്ടില്ലെന്ന് നടിച്ചു. "ആ പെണ്ണിന് വയറ്റിലുണ്ടാക്കി കാണും. അതാ നേരെ ഇങ്ങോട്ട് വിളിച്ചോണ്ട് പോന്നത്. കെട്ടുപ്രായം പോലും എത്താത്ത ചെറുക്കനെ വശീകരിച്ചെടുത്തിട്ട് പെണ്ണ് ഒരു കൂസലുമില്ലാതെ നിൽക്കുന്നത് കണ്ടില്ലേ." ഷേർളി അമർഷത്തോടെ പറഞ്ഞു. "ആന്റി... വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. എന്റെ ഭാര്യയെ കുറിച്ച് അനാവശ്യം പറഞ്ഞാ കേട്ടുകൊണ്ട് നിൽക്കാൻ എനിക്ക് പറ്റില്ല." ആൽഫി ചൂടായി സംസാരിച്ചു. "അവർ അവരുടെ സംസ്കാരമല്ലേ വിളിച്ചു പറയുന്നത്. അതൊന്നും കാര്യമാക്കണ്ട ആൽഫി. ഇതൊന്നും എന്നെ വിഷമിപ്പിക്കില്ല.

കുറെ കാശും പണവും ഉണ്ടായിട്ട് കാര്യമില്ലല്ലോ നല്ല സംസ്കാരവും വേണ്ടേ. അതില്ലാത്തവർ ഇതുപോലെ വായിൽ തോന്നിയത് വിളിച്ചു പറയും." അതുവരെ മിണ്ടാതെ നിന്നിരുന്ന ആതിരയിൽ നിന്ന് അങ്ങനെയൊരു മറുപടി കേട്ടപ്പോൾ ഷേർളിക്ക് മുഖമടച്ചൊരു അടി കിട്ടിയത് പോലെ തോന്നി. "കേട്ടില്ലേ അവളുടെ സംസാരം. അപാര തൊലിക്കട്ടിതന്നെ ഈ തെരുവ് പെണ്ണിന്." ഷേർളിയുടെ ജെയിംസ് ആണ് അത് പറഞ്ഞത്. "എന്തിനാ ആൽഫിച്ചായ ഞങ്ങളെ കൂടി നാണംകെടുത്താൻ ഇങ്ങനെ ചെയ്തത്. ആൽഫിച്ചായൻ ഇങ്ങനെ ചെയ്താൽ ഞങ്ങൾക്ക് നല്ല കുടുംബത്ത് നിന്ന് നല്ലൊരു ബന്ധം വരുമെന്ന് തോന്നുന്നുണ്ടോ. ഈ ചേച്ചിയെ കല്യാണം കഴിക്കും മുൻപ് അതൊന്ന് ഓർക്കായിരുന്നില്ലേ." ആൽഫിയുടെ അനിയത്തി സെറീന ചോദിച്ചു. "ഞങ്ങളുടെ ഭാവിയെക്കുറിച്ച് ആൽഫിച്ചായന് ഒരു ചിന്തയുമില്ല.

ഇങ്ങനെ രണ്ട് അനിയത്തിമാർ ഇവിടെയുണ്ടെന്ന് എപ്പഴെങ്കിലും ഓർമ്മിക്കാറുണ്ടോ." ഡെയ്‌സിയും ചേച്ചിയോടൊപ്പം ചേർന്നു. സെറീനയെക്കാൾ മൂന്ന് വയസ്സിന് ഇളയതാണ് ഡെയ്‌സി. തന്റെ രണ്ട് അനിയത്തിമാരുടെ ചോദ്യങ്ങൾ കേട്ട് അവൻ അന്തംവിട്ട് നിന്നു. തന്നെ ചോദ്യം ചെയ്യാൻ മാത്രം അവർ വളർന്നുവെന്ന് വിശ്വസിക്കാൻ അവനായില്ല. സപ്പോർട്ട് ചെയ്തില്ലെങ്കിലും പെങ്ങന്മാർ തന്നെ കുറ്റപ്പെടുത്തില്ലെന്നുള്ള വിശ്വാസം അവനുണ്ടായിരുന്നു. ആരിൽ നിന്നും ഒരു ദയവും പ്രതീക്ഷിക്കണ്ടെന്ന് ആൽഫിക്ക് മനസ്സിലായി. "ഒരു കാര്യം നീ ഓർത്തോ. അന്യ മതക്കാരിയായ ഒരുത്തിയേം കൊണ്ട് ഇവിടെ സുഖമായി വാഴാമെന്ന് മോഹിക്കണ്ട. രണ്ടിനേം ഈ പടി ചവിട്ടാൻ സമ്മതിക്കില്ല ഞാൻ." സേവ്യർ പറഞ്ഞു. "അല്ലെങ്കിലും ഇവിടെ സ്ഥിര താമസമാക്കാൻ വന്നതല്ല ഞാൻ." ആൽഫിയും വിട്ട് കൊടുത്തില്ല. "എങ്കിൽ പിന്നെ ഈ പെണ്ണിനേം വിളിച്ചുകൊണ്ട് ഇറങ്ങി പോടാ. ഒരു നിമിഷം പോലും ഇനി നീയെന്റെ കണ്മുന്നിൽ ഉണ്ടാവാൻ പാടില്ല. ഇനിയും നീയിവിടെ നിന്നാ ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല."

പപ്പയുടെ ഭീഷണി അവൻ വകവച്ചില്ല. "എന്തിനാ പപ്പ ഇങ്ങനെ വാശി കാണിക്കണേ. പപ്പയുടെ മോനല്ലേ ഞാൻ. എന്നോട് വാശിയും ദേഷ്യവും കാണിച്ചാൽ അതിന്റെ ഇരട്ടി മാത്രം എന്നിൽ നിന്ന് പ്രതീക്ഷിച്ചാ മതി. ഇത്ര നാളും പപ്പേടെ ഇഷ്ടത്തിന് ജീവിച്ചില്ലേ ഞാൻ. ഇനിയെങ്കിലും ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ." "നിന്റെ ഇഷ്ടത്തിന് തന്നെ ജീവിച്ചോ. പക്ഷേ അത് ഇവിടെ വേണ്ട. ഈ വീട്ടിൽ അത് നടക്കില്ല. നിനക്ക് മാത്രം ആണെങ്കിൽ ഇവിടെ ജീവിക്കാം. ഈ പെണ്ണിനേം കൊണ്ട് കുടുംബത്ത് കേറാൻ ഞാൻ സമ്മതിക്കില്ല. ഇവളെ ഉപേക്ഷിച്ചു വന്നാൽ നിന്നെ ഞാൻ സ്വീകരിക്കും. എന്റെ സ്വത്തുക്കളും തരും." മകനെ വിട്ടയക്കാൻ മനസ്സ് വരാത്തതിനാൽ സേവ്യർ സ്വത്ത്‌ കാണിച്ച് പ്രലോഭിപ്പിച്ച് അവനെ വരുതിയിലാക്കാൻ ഒരു ശ്രമം നടത്തി. "പപ്പയുടെ സ്വത്തുക്കളൊന്നും എനിക്ക് വേണ്ട. എന്റെ പഠിപ്പ് കൊണ്ട് ഞാൻ അധ്വാനിച്ചുണ്ടാക്കിക്കൊള്ളാം. ഇതൊന്നും കണ്ട് ആൽഫി വീഴുമെന്ന് വിചാരിക്കണ്ട. ഈ സ്വത്തുക്കളും ബംഗ്ലാവുമൊക്കെ കണ്ട് തന്നെയല്ലേ ഞാൻ വളർന്നത്.

അതുകൊണ്ട് ഇതൊന്നും എന്നെ ഭ്രമിപ്പിക്കില്ല." ആൽഫിയുടെ മറുപടി സേവ്യറെ നിരാശനാക്കി. "നിന്റെ തീരുമാനം ഇതാണെങ്കിൽ എനിക്കൊന്നും പറയാനില്ല. എന്റെ സ്വത്തുക്കളിലൊന്നും നിനക്കിനി അവകാശമില്ല. എല്ലാരേക്കാൾ വലുതാണ് നിനക്ക് ഇവളെങ്കിൽ ഇവളോടൊപ്പം തന്നെ ജീവിച്ചോ. ഇനിയീ പടി ചവിട്ടരുത് നീ. ഒരേയൊരു ആൺതരിയല്ലേ എന്ന് കരുതിയാണ് ഇത്രയും നാൾ നിന്നെ നിന്റെ ഇഷ്ടത്തിന് വിട്ടത്. അതിനൊക്കെ നീ ഞങ്ങളെ അപമാനിച്ചു. എനിക്ക് തൃപ്തിയായി. എന്നെ ഓർത്തില്ലെങ്കിലും നിന്റെ മമ്മിയെ മറക്കരുതാരുന്നു നീ." സേവ്യർ ഭാര്യയെ ചേർത്തുപിടിച്ചു. "നിനക്ക് വേണ്ടി നിന്റെ പപ്പയെ ഞാൻ ഒത്തിരി വേദനിപ്പിച്ചു. എവിടെ പോയാലും നീ ഞങ്ങളുടെ അടുത്ത് തന്നെ തിരിച്ചു വരുമെന്ന വിശ്വാസം ഉണ്ടായിരുന്നു. അതൊക്കെ നീ തെറ്റിച്ചു. ഇവിടെ എന്ത് കുറവാണ് നിനക്കുണ്ടായിരുന്നത്. എല്ലാ സുഖ സൗകര്യവും തന്നല്ലേ നിന്നെ ഞങ്ങൾ വളർത്തിയത്. എന്നിട്ടും തന്നിഷ്ടം കാട്ടി ഇറങ്ങിപ്പോയി. ഇപ്പൊ ഊരും പേരും നാടും വീടും അറിയാത്ത അന്യ മതക്കാരിയെയും വിളിച്ചു വീട്ടിലേക്ക് വന്നേക്കുന്നു.

ഇതേ പ്രായത്തിൽ നിനക്കും രണ്ട് അനിയത്തിമാരില്ലേ. നിന്റെ വീട്ടിൽ നിന്ന് നിന്നെ അഴിച്ചു വിട്ടേക്കുവാണോ കൊച്ചേ. നിനക്ക് പ്രേമിക്കാനും കെട്ടാനും ഞങ്ങളുടെ മോനെയെ കിട്ടിയുള്ളോ. കാശുള്ള വീട്ടിലെ പിള്ളേരെ വല വീശി പിടിക്കാനാണോ വീട്ടീന്ന് പഠിപ്പിച്ചു വിട്ടേക്കുന്നത്." സൂസൻ അലറുകയായിരുന്നു. മമ്മിയുടെ ആ ഭാവം കണ്ട് ആൽഫി അമ്പരന്നുപോയി. "മമ്മീ... മമ്മി തന്നെയാണോ ഇങ്ങനെ പറയുന്നത്." എപ്പോഴും ശാന്തയായി കാണുന്ന ആവശ്യത്തിന് മാത്രം സംസാരിക്കുന്ന മമ്മിയിൽ നിന്നാണോ ഇത്തരം വാക്കുകൾ വരുന്നതെന്നോർത്ത് അവൻ വിഷണ്ണനായി. "മോനെ... നമുക്കീ ബന്ധം വേണ്ട. ഇവൾക്കും ഇവളുടെ വീട്ടുകാർക്കും എത്ര പണം വേണമെങ്കിലും കൊടുക്കാം. നീയിവളെ എവിടെയാന്നു വച്ചാ കൊണ്ട് വിട്ടേക്ക്. നിനക്ക് ഞങ്ങളോട് ഇത്തിരിയെങ്കിലും സ്നേഹം ബാക്കിയുണ്ടെങ്കിൽ മമ്മി പറയുന്നേ കേൾക്ക്."

പൊട്ടിക്കരഞ്ഞുകൊണ്ട് സൂസൻ അവന്റെ കൈകൾ കൂട്ടിപ്പിടിച്ച് അപേക്ഷിക്കും പോലെ കേണു. "പറ്റില്ല... ആതിര എന്നും എനിക്കൊപ്പം കാണും. അവളെയും കൂടി അംഗീകരിച്ചാൽ ഞാനിവിടെ നിൽക്കാം." ആൽഫി, മമ്മിയുടെ കൈകൾ തന്റെ കൈകളിൽ നിന്നും വേർപ്പെടുത്തി. "ഇവിടെ ആരും അംഗീകരിക്കുമെന്ന് രണ്ടും സ്വപ്നം കാണണ്ട." തോമസ് പറഞ്ഞു. "നിന്ന് ചിലക്കാതെ ഈ തേവിടിച്ചിയെയും വിളിച്ചുകൊണ്ട് ഇറങ്ങിപ്പോടാ." ജിനി മുന്നോട്ട് വന്ന് ആതിരയെയും ആൽഫിയെയും മുറ്റത്തേക്ക് പിടിച്ച് തള്ളി. ജിനിയിൽ നിന്നും അവരൊട്ടും പ്രതീക്ഷിക്കാത്ത നീക്കാമായതിനാൽ ബാലൻസ് തെറ്റി ഇരുവരും മുറ്റത്തേക്ക് മലർന്നടിച്ചു വീണു. പെട്ടെന്നുള്ള ഉൾപ്രേരണയിൽ മുന്നോട്ടാഞ്ഞു ആൽഫിയെ പിടിക്കാൻ തുടങ്ങിയ സേവ്യർ പെട്ടന്ന് നിശ്ചലനായി. ആൽഫി അത് കാണുകയും ചെയ്തു. "അവനെങ്ങോട്ടെങ്കിലും ഇറങ്ങി പോട്ടെ ഇച്ചായാ. ഇവിടെ ആർക്കും ആൽഫിയെയും ഈ പെണ്ണിനെയും അംഗീകരിക്കാൻ പറ്റില്ല. നമ്മുടെ കുടുംബത്തിന് തന്നെ ചീത്തപ്പേര് ഉണ്ടാക്കി വച്ചില്ലേ ഇവൻ.

നാട്ടുകാർ അറിയുന്നതിന് മുൻപ് തന്നെ രാത്രിക്ക് രാത്രി ഇവരെ പറഞ്ഞയച്ചേക്ക് ഇച്ചായാ. പുകഞ്ഞ കൊള്ളി പുറത്ത് തന്നെ പോണം. എവിടുന്നോ വലിഞ്ഞുകയറി വന്നവളെ വീട്ടിൽ കേറ്റിയാൽ അസ്ഥിവാരം കൂടി തൊണ്ടിയെടുത്തെ അടങ്ങു. കണ്ടില്ലേ ഇത്രയൊക്കെ ഉണ്ടായിട്ടും കല്ലുപോലെ ഒരു കൂസലുമില്ലാതെ നിൽക്കുന്ന ഇവളെ. ഏതെങ്കിലും പെൺകുട്ടികൾ ഇവളെ പോലെ കാണോ. സ്വത്ത്‌ മോഹിച്ചായിരിക്കും ഇവൾ ഇവനെ കറക്കിയെടുത്തത്. ഒന്നും കിട്ടില്ലെന്ന്‌ അറിയുമ്പോ പെണ്ണ് വല്ലവന്റെയും കൂടെ പൊയ്ക്കോളും. അപ്പോഴേ ഇവൻ പഠിക്കൂ." ഷേർളി വാക്കുകളിൽ രോഷം നിറഞ്ഞു. ജിനിയും തോമസും ജെയിംസും ഷേർളിയുടെ അഭിപ്രായത്തെ പിന്തുണച്ചു. ഒരൽപ്പം പോലും ദയവ് സേവ്യറിനും സൂസനും അവരോട് തോന്നരുതെന്ന് നിശ്ചയിച്ച പോലെയായിരുന്നു നാൽവരുടെയും നിൽപ്പും ഭാവവും. പണ്ട് പടിയിറങ്ങി പോയ അവരുടെ ഇളയ പെങ്ങൾ മേരിയെയും പിന്നീടവർ വീട്ടിലേക്ക് സ്വീകരിച്ചിട്ടില്ല. അത് തന്നെ ആൽഫിയുടെ കാര്യത്തിലും ആവർത്തിച്ചു.

"കേട്ടല്ലോ അവരുടെ അഭിപ്രായം. അത് തന്നെയാണ് എന്റെയും നിന്റെ മമ്മിയുടെയും. നാളെ ഒരുദിവസം നിന്നെ ഉപേക്ഷിച്ച് ഇവൾ പോയാൽ ഇങ്ങോട്ട് മടങ്ങി വരാമെന്ന് വിചാരിക്കണ്ട. രണ്ട് ദിവസം നിനക്ക് സമയം തരാം. ഈ പെണ്ണിനെ എവിടെയാന്ന് വച്ചാൽ കൊണ്ട് വിട്ടിട്ട് വന്നാൽ നിന്നെ ഞങ്ങൾ സ്വീകരിക്കും. എല്ലാം മറക്കേം പൊറുക്കേം ചെയ്യാം. അറിയാലോ തന്നിഷ്ടം കാണിച്ച് ഇറങ്ങിപ്പോയ നിന്റെ മേരിയാന്റിയുടെ അവസ്ഥ. ഇവിടുന്ന് അമ്മച്ചി മാത്രമാണ് അവളെ കാണാൻ പോയിരുന്നത്. ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ കിടന്ന് അവൾ കഷ്ടപ്പെട്ടിട്ട സമയത്ത് പോലും ഇവിടുന്ന് ഒരു മനുഷ്യൻ തിരിഞ്ഞു നോക്കുകയോ ഒരു തുണ്ട് ഭൂമി പോലും ഓഹരിയായി കൊടുക്കുകയോ ചെയ്തിട്ടില്ല. തിരിച്ചുവരാൻ അവൾക്കും ഒരവസരം കൊടുത്തതാണ്, കേട്ടില്ല. സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ച നിനക്ക് കുറച്ചു കഴിയുമ്പോൾ മടുപ്പ് തുടങ്ങും.

അന്നൊരു പക്ഷേ മടങ്ങി വരാൻ തോന്നിയാലും നിന്നെ ഞാൻ സ്വീകരിച്ചെന്ന് വരില്ല. മേരിയുടെ അവസ്ഥ വരണ്ടായെങ്കിൽ എന്നെ അനുസരിക്കുന്നതാണ് നല്ലത്. ഇപ്പൊ സഹായിക്കാൻ അമ്മച്ചി ഇല്ലെന്നും ഓർത്താൽ നല്ലത്. ഇവളെ ഉപേക്ഷിച്ചു തിരിച്ചുവന്നാലും നിന്നെയിവിടെ പിടിച്ചുകെട്ടി വയ്ക്കില്ല, നിനക്കിഷ്ടമുള്ള നഴ്സിംഗ് ജോലി തന്നെ തുടരാം. അതിലൊന്നും ആരും എതിർക്കില്ല. പക്ഷേ ഇവളെ ഇവിടെ കയറ്റാൻ സമ്മതിക്കില്ല. നീയെന്റെ മോനല്ലേ. നിന്നെ എന്നേക്കാൾ കൂടുതൽ മറ്റാര് അറിയാനാണ്. ഇപ്പൊ ഉള്ള ഈ ആവേശം കെട്ടടങ്ങാൻ എത്ര നാൾ വേണം. അതുകൊണ്ട് ഒന്നുകൂടി ആലോചിക്ക്. മേരി ആന്റിയുടെ അനുഭവം ഒരു പാഠമായി നിനക്ക് മുന്നിലുണ്ടെന്ന ഓർമ്മ കൂടി വേണം." സേവ്യർ തീർപ്പ് കൽപ്പിക്കും പോലെ പറഞ്ഞു. എല്ലാവരുടെയും മിഴികൾ ആൽഫിയിൽ തങ്ങിനിന്നു. അവന്റെ തീരുമാനം എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷ അവരിൽ നിറഞ്ഞു. "ആൽഫീ..." ആതിരയുടെ കൈകൾ അവന്റെ കൈയ്യിൽ പിടിമുറുക്കി. ആൽഫിയുടെ മൗനം അവളെയൊന്ന് ഭയപ്പെടുത്തി....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story