മറുതീരം തേടി: ഭാഗം 24

marutheeram thedi shiva

രചന: ശിവ എസ് നായർ

"ആൽഫീ..." ആതിരയുടെ കൈകൾ അവന്റെ കൈയ്യിൽ പിടുത്തമിട്ടു. ആൽഫിയുടെ മൗനം അവളെയൊന്ന് ഭയപ്പെടുത്തി. "നീയെന്താ ആൽഫി ഒന്നും മിണ്ടാതെ നിൽക്കുന്നത്. എന്തേ നിനക്കൊന്നും പറയാനില്ലേ ഇച്ചായൻ ചോദിച്ചത്തിന് ഉത്തരം കൊടുക്ക്." ജിനി അവനോട് ചോദിച്ചു. "എനിക്ക് പപ്പയുടെ സ്വത്തും പണവുമൊന്നും വേണ്ട. ഒരിക്കലും ഒന്നിനും അവകാശം പറഞ്ഞ് ഞാൻ വരില്ല. ഇതൊക്കെ പപ്പയ്ക്ക് ഇഷ്ടമുള്ളവർക്ക് കൊടുത്തോ. എല്ലാവരിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം തന്നെയാണ് ഇങ്ങോട്ട് കയറി വരുമ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്നത്. ഞാൻ വിവാഹം കഴിച്ച വിവരം നിങ്ങളെയെല്ലാവരെയും അറിയിക്കാനും ഇവൾ നിങ്ങളെയൊക്കെ ഒന്ന് കണ്ടറിഞ്ഞു വയ്ക്കട്ടെ എന്ന് കരുതിയുമാണ് ഇവിടെ വരെ വന്നത്. ഇനി നിന്ന് സമയം കളയുന്നില്ല, ഇറങ്ങുവാ ഞാൻ. എന്നെങ്കിലും ഞങ്ങളെ കാണാൻ തോന്നിയാൽ നിങ്ങൾക്ക് കർണാടകയിലേക്ക് വരാം. അവിടെ ജിൻഡൽ സഞ്ജീവിനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ഞങ്ങൾ വർക്ക്‌ ചെയ്യുന്നത്." ആൽഫി പപ്പയെയും മമ്മിയെയും നോക്കി പറഞ്ഞു.

"ഞാൻ കാരണം നിങ്ങളുടെ ഭാവി നശിച്ചു പോവണ്ട. ഞങ്ങൾ പോകുവാ, നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി." അവൻ തന്റെ അനിയത്തിമാരെ നോക്കി പറഞ്ഞു. സെറീനയും ഡെയ്‌സിയും മുഖം കുനിച്ച് നിന്നു. "യാത്ര പറയുന്നില്ല ഞാൻ..." എല്ലാവരെയും അവസാനമായി ഒന്നുകൂടി നോക്കി ആൽഫി പിന്തിരിഞ്ഞു. "നമുക്ക് പോവാം ആതി." അവൻ ആതിരയുടെ കൈകളിൽ പിടിച്ച് നടന്നു. ഒരു പിൻവിളി അവർ പ്രതീക്ഷിച്ചില്ല. ആരും അവരെ വിളിച്ചതുമില്ല. ആൽഫിയും ആതിരയും ഗേറ്റ് കടന്ന് പുറത്തിറങ്ങിയതും പിന്നിൽ ഗേറ്റടയുന്ന ശബ്ദം കേട്ടു. അമ്മച്ചിയുടെ ആത്മാവിന്റെ തേങ്ങൽ തനിക്ക് ചുറ്റും വലയം പ്രാപിക്കുന്നത് പോലെ ആൽഫിക്ക് തോന്നി. അവരുടെ ഓർമ്മയിൽ അവന്റെ മിഴികൾ നിറഞ്ഞു. " ഞാൻ പോവാ അമ്മച്ചി... കൂടെ ഉണ്ടാവണം എപ്പോഴും." മൗനമായി അമ്മച്ചിയുടെ ആത്മാവിനോട് ആൽഫി യാത്ര ചോദിച്ചു. ജെയിംസ് ഗേറ്റ് അടച്ച് പൂട്ടി ബംഗ്ലാവിലേക്ക് കയറിപ്പോയി. പരസ്പരം പിറുപിറുത്ത് കൊണ്ട് എല്ലാവരും പിരിഞ്ഞുപോയിരുന്നു. ഒടുവിൽ സേവ്യറും ഭാര്യയും മക്കളും മാത്രം മുറ്റത്ത്‌ അവശേഷിച്ചു.

"ഈ രാത്രി അവരെങ്ങോട്ട് പോകും പപ്പ. രാത്രി ഇവിടുന്ന് വണ്ടിയൊന്നും കിട്ടില്ലല്ലോ." ആശങ്കയോടെ ഡെയ്‌സി പറഞ്ഞു. "അതെന്തിനാ നമ്മളറിയുന്നത് മോളെ. അവനായിട്ട് വരുത്തി വച്ചതല്ലേ. സ്വയം അനുഭവിച്ചാലേ പഠിക്കു." സൂസന്റെ സ്വരത്തിൽ ദേഷ്യം നിറഞ്ഞിരുന്നു. "ആൽഫിച്ചായനെ പറഞ്ഞു വിടേണ്ടിയിരുന്നില്ല. കൂടെ വന്ന പെണ്ണിനെ അവളുടെ വീട്ടിലോട്ട് തന്നെ പറഞ്ഞു വിട്ടിട്ട് ഇച്ചായനെ ഇവിടെ പിടിച്ചു നിർത്തായിരുന്നില്ലേ." സെറീന പപ്പയെയും മമ്മിയെയും നോക്കി. "അങ്ങനെ പിടിച്ചു നിർത്തിയാലൊന്നും അവൻ അടങ്ങി നിൽക്കില്ല. അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കണമെന്നാ പഴമക്കാർ പറയുന്നത്. ഇതിപ്പോ പ്രായത്തിന്റെ എടുത്തുചാട്ടം കൊണ്ട് ചെയ്തുകൂട്ടുന്നതാണ്. ഓടിതളരുമ്പോ കയറി വരും. വരാൻ മടിച്ചു നിന്നാൽ പോയി വിളിച്ചുകൊണ്ട് വരും ഞാൻ. എന്റെ ഒരേയൊരു മോനല്ലേ അവൻ. അങ്ങനെ തള്ളികളയാൻ ഒക്കില്ലല്ലോ. ചെയ്തതൊക്കെ തെറ്റായിരുന്നുവെന്ന തിരിച്ചറിവ് വരും അവന്. അന്ന് ചെന്ന് വിളിച്ചാൽ ഒപ്പം പോന്നേക്കും. വയസ്സാം കാലത്ത് എനിക്കൊരു താങ്ങായി നിൽക്കേണ്ടവനല്ലേ.

കുറച്ചുനാൾ കഷ്ടപ്പെടട്ടെ... അപ്പൊ പഠിക്കും സ്വപ്നം കാണുന്നത് പോലെ ജീവിക്കാൻ അത്ര എളുപ്പമല്ലെന്ന്." സേവ്യർ പറഞ്ഞത് കേട്ട് സൂസൻ മനസിലാകാത്ത ഭാവത്തിൽ ഭർത്താവിനെ നോക്കി. "ഇങ്ങനെയൊന്നുമല്ലല്ലോ ഇച്ചായൻ കുറച്ചുമുൻപ് അവനോട് പറഞ്ഞത്." സൂസൻ ചോദിച്ചു. "തീരുമാനം മാറുന്നെങ്കിൽ മാറ്റട്ടെ എന്ന് കരുതിയാണ് അത്രയും കടുപ്പിച്ചു സംസാരിച്ചത്. എന്റെ മോനെ അങ്ങനെ കൈവിട്ട് കളയാൻ പറ്റുവോടി. അവൻ എനിക്കൊപ്പം നിന്നിരുന്നെങ്കിൽ ആ പെണ്ണിനെ അവന്റെ ഏഴയലത്തു അടുപ്പിക്കില്ലായിരുന്നു ഞാൻ." "ഇനിയവൻ എന്നെങ്കിലും തിരിച്ചു വന്നാൽ തന്നെ ഇവിടെ ഉള്ളവർ സ്വീകരിക്കാൻ സമ്മതിക്കുമോ?" "എതിർപ്പുകൾ ഉണ്ടാവും. പക്ഷേ ഞാനത് കാര്യമാക്കില്ല. എല്ലാവരും പ്രശ്നമാക്കിയാൽ ഈ ബംഗ്ലാവും ചുറ്റിലുമുള്ള സ്ഥലങ്ങൾ എന്റെയല്ലേ. അവർക്ക് അവരുടെ ഓഹരി കൊടുത്ത് ഇവിടെ നിന്ന് പറഞ്ഞയക്കും ഞാൻ."

"ഇച്ചായൻ രണ്ടും കല്പിച്ചാണല്ലോ." "നീയെന്താ എന്നെപ്പറ്റി വിചാരിച്ചത്. മേരി ഇവിടുന്ന് ഇറങ്ങിപോയെങ്കിലും അവളുടെ ഓഹരി ആരുമറിയാതെ ഞാൻ അമ്മച്ചിയുടെ കൈവശം കൊടുത്തയച്ചിരുന്നു. ഇവിടെ അവളെ കേറ്റില്ലെന്ന് എനിക്ക് വാശിയായിരുന്നു. പക്ഷേ അവൾക്ക് അർഹത പെട്ടത് കൊടുക്കാതിരുന്നിട്ടില്ല ഞാൻ. പിന്നെ ആരോടും പറയാത്തത് അതിന്റെ പേരിൽ ഒരു സംസാരം വരണ്ടെന്ന് വച്ചിട്ടാണ്. ആൽഫിയെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നെനിക്ക്. പക്ഷെ ഒരവസരത്തിൽ അവനെന്റെ ചിറകിനടിയിൽ നിന്ന് പറന്നു പോയി. എന്റെ മോൻ കഷ്ടപ്പെടുന്നത് കാണുമ്പോ സങ്കടം വരും സൂസൻ. പക്ഷേ അപ്പന്റെ മോനല്ലേ അവൻ. വാശിക്ക് ഒട്ടും പിന്നില്ലല്ലോ. അതുകൊണ്ട് കുറച്ചു കഷ്ടപ്പെടട്ടെ എന്ന് ഞാനും വിചാരിച്ചു." സേവ്യറിന്റെ മിഴികൾ നിറഞ്ഞു. "ഇച്ചായൻ വിഷമിക്കണ്ട... നമ്മുടെ മോൻ വരും. നമ്മളെ വിട്ട് പോവാൻ അവന് കഴിയില്ല ഇച്ചായാ."

"അവളെ ഉപേക്ഷിച്ചു മടങ്ങി വരട്ടെ." വിദൂരതയിലേക്ക് മിഴികൾ നട്ട് അയാൾ നിന്നു, അരികിൽ സാന്ത്വനമേകി സൂസനും. ഡെയ്‌സിയും സെറീനയും തങ്ങളുടെ മുറിയിലേക്ക് പോയിരുന്നു. ************** "ഇത്രേം വലിയ ബംഗ്ലാവിലായിരുന്നോ ആൽഫി ഇത്രയും വർഷം നീ ജീവിച്ചത്." ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ അവൾ ചോദിച്ചു. "ഉം.." അവനൊന്ന് മൂളി. "നീ ഇത്രയും വലിയ വീട്ടിലെ കുട്ടിയാണെന്ന് ഞാൻ വിചാരിച്ചില്ല. ഇത്ര കാശുകാരാണെന്ന് നേരത്തെതന്നെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ പ്രേമിക്കാനെ വരില്ലായിരുന്നു." "അതെന്താ നീ അങ്ങനെ പറഞ്ഞത്." "എന്നെങ്കിലും ഇരുവീട്ടുകാരും ഒരു കോംപ്രമൈസിൽ എത്തിയാ പോലും എനിക്കൊരു വിലയുണ്ടാവില്ല ഇവിടെ. മാത്രവുമല്ല സാധാരണ ജീവിതം നയിക്കാൻ നീയൊരുപാട് ബുദ്ധിമുട്ടും. ഇതുവരെ നമ്മൾ ഒറ്റയ്ക്കല്ലേ ജീവിച്ചത്. ഇനിയങ്ങോട്ട് ഒരുമിച്ചുള്ളപ്പോ എന്നേക്കാൾ കഷ്ടപ്പാട് നിനക്കായിരിക്കും. നിനക്ക് ശീലമില്ലാത്തൊരു ലൈഫ് അല്ലെ." "നിനക്ക് പേടിയുണ്ടോ ആതി.." "പേടിയൊന്നുമില്ലടാ. നീ വിട്ട് പോവില്ലെന്ന് എനിക്കുറപ്പുണ്ട്. നേരത്തെ അറിഞ്ഞിരുന്നെങ്കിലുള്ള കാര്യമാ പറഞ്ഞേ.

ഇത്രേം വലിയ ബംഗ്ലാവും സുഖ സൗകര്യങ്ങളൊക്കെ എനിക്ക് വേണ്ടി വേണ്ടെന്ന് വച്ച് വന്നത് എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടല്ലേ ആൽഫി." "അല്ലെങ്കിലും പപ്പയുടെ സ്വത്തുക്കൾ എന്നെ ഭ്രമിപ്പിച്ചിട്ടില്ല ആതി. എന്റെ കാര്യമോർത്ത് ടെൻഷൻ ആവണ്ട. ഇതൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്യും." "എടാ ഇവിടെ ഇങ്ങനെ ഇരുന്നാൽ ബസ് കിട്ടോ.?" ആതി വാച്ചിലേക്ക് നോക്കിയിട്ട് ചോദിച്ചു. "ലാസ്റ്റ് ബസ് ഒരെണ്ണമുണ്ട് പത്തുമണിക്ക്. ഇപ്പൊ വരും, നമുക്കതിൽ പോവാം." "ഹ്മ്മ്... പിന്നെ പപ്പയും മമ്മിയും നിന്നെ പുറത്താക്കിയതിൽ വിഷമം ഉണ്ടോ." "ഏയ്‌... എന്തിന് വിഷമിക്കണം. ഞാൻ ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാ വന്നത്. പിന്നെ ഇവരുടെ ദേഷ്യം എത്ര നാൾ കാണും. ഞാനിങ്ങോട്ട് വരാതെയാകുമ്പോൾ എന്നെങ്കിലുമൊരു ദിവസം പപ്പയും മമ്മിയും എന്നെക്കാണാൻ അങ്ങോട്ട്‌ വന്നോളും." അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു. "ആൽഫീ ദേ ബസ് വരുന്നു.." വളവ് തിരിഞ്ഞു വരുന്ന ബസ് ചൂണ്ടി ആതിര പറഞ്ഞു. ഇരുവരും വേഗം റോഡിലേക്ക് ഇറങ്ങി നിന്ന് കൈ കാണിച്ചു. ബസ് അവർക്കരികിൽ വന്ന് നിന്നു. രണ്ടുപേരും കയറിയതും കണ്ടക്ടർ ഡബിൾ ബെൽ അടിച്ചു.

സീറ്റിൽ അവിടവിടായി കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആൽഫിയും ആതിരയും ഡ്രൈവറിന്റെ പുറകിലെ സീറ്റിൽ പോയി ഇരുന്നു. ബസിൽ രണ്ട് മണിക്കൂറോളം എടുത്താണ് അവർ സ്റ്റാൻഡിൽ എത്തിയത്. അവിടുന്ന് ഒരു ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. രാത്രി രണ്ട് മണിക്ക് കർണാടകയ്ക്ക് പോകുന്ന ട്രെയിനിൽ തിരിച്ച് പോകാൻ ഇരുവരും തീരുമാനിച്ചു. കൗണ്ടറിൽ നിന്ന് കർണാടകയ്ക്ക് രണ്ട് ടിക്കറ്റ് എടുത്ത ശേഷം ആൽഫിയും ആതിരയും പ്ലാറ്റ് ഫോമിൽ ചെന്നിരുന്നു. രാത്രിയായതിനാൽ അവിടം വിജനമായിരുന്നു. സമയമപ്പോൾ പന്ത്രണ്ടര കഴിഞ്ഞിരുന്നു. "ഞാൻ വിളിക്കുന്നതും കാത്ത് അമ്മാമ്മ ഉറങ്ങാതിരിക്കുന്നുണ്ടാവും." ആതിര ബാഗിൽ നിന്ന് ഫോണെടുത്തുകൊണ്ട് പറഞ്ഞു. "നീയെന്തായാലും അമ്മാമ്മയെ വിളിക്ക്." ആൽഫി അവൾക്കരികിലായി സിമന്റ് ബെഞ്ചിൽ ഇരുന്നു. "ആൽഫീ... എനിക്ക് നല്ല വിശപ്പുണ്ട്. നീ പോയി എന്തെങ്കിലും വാങ്ങി വാ." "ഈ സമയത്ത് എന്ത് കിട്ടാനാ ആതി." "ബ്രെഡും വെള്ളവും വാങ്ങിച്ചാലും മതി." "ഈ സമയത്ത് നിന്നെയിവിടെ തനിച്ചിരുത്തി ഞാനെങ്ങനെയാ പോവാ.

ഇവിടെങ്ങും ഒരു മനുഷ്യൻ പോലുമില്ല." ആൽഫിയിൽ ആശങ്ക നിറഞ്ഞു. "അഞ്ചുമിനിറ്റത്തെ കാര്യമല്ലേ... നീ പോയിട്ട് വാ. എനിക്ക് നടക്കാൻ വയ്യെടാ. നല്ല ക്ഷീണം തോന്നുന്നു. അതാ ഞാനിവിടെ ഇരുന്ന് കളഞ്ഞത്." "എങ്കിൽ ശരി നീയിവിടെ ഇരിക്ക്. ഞാൻ പോയി എന്തെങ്കിലും കിട്ടുമോന്ന് നോക്കട്ടെ. എന്തെങ്കിലുമുണ്ടെങ്കിൽ ഫോണിൽ വിളിക്കേ." "ആടാ.. വിളിക്കാം. നീ വേഗം പോയിട്ട് വാ." ആൽഫി ആഹാരവും വെള്ളവും വാങ്ങാൻ പുറത്തേക്ക് പോയി. ആതിര അമ്മാമ്മയുടെ നമ്പറിലേക്ക് കാൾ ചെയ്തിട്ട് ഫോൺ ചെവിയിലേക്ക് ചേർത്തു. "ഹലോ... മോളെ.. നിങ്ങളവിടെ എത്തിയോ?" ആധിയോടെയുള്ള ഭാർഗവിയുടെ ശബ്ദം അവൾ കേട്ടു. "ഹാ അമ്മാമ്മേ. നല്ല സ്വീകരണമായിരുന്നു അവിടെ." പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. "എന്താ മോളെ എന്തെങ്കിലും പ്രശ്നമുണ്ടായോ? നിങ്ങളിപ്പോ എവിടെയാ?" "പ്രശ്നമൊക്കെ ഉണ്ടായി. ആൽഫിക്ക് അവന്റെ പപ്പയുടെ കൈയ്യിൽ നിന്ന് നല്ല അടിയും കിട്ടി. അവന്റെ ആന്റിമാരും അങ്കിളുമാരും എല്ലാവരും ഭയങ്കര ദേഷ്യത്തിലായിരുന്നു." അവളോട് അവർ മോശമായി സംസാരിച്ചത് അവൾ അമ്മാമ്മയോട് പറയാൻ പോയില്ല.

"അവരൊക്കെ വല്യ വീട്ടുകാരല്ലേ. പിന്നെ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിലേ അതിശയപ്പെടേണ്ടതുള്ളു." "നമ്മൾ വിചാരിച്ചതിനേക്കാൾ വല്യ കാശുള്ള ആൾക്കാരാ അമ്മാമ്മേ. ആൽഫിയുടെ വീട് വലിയൊരു ബംഗ്ലാവാണ്." "ഇത്രേം വലിയ വീട്ടിലെ മോനാണോ അവൻ." അമ്മാമ്മ അതിശയിച്ചു. "ഉം.. ഇനി അവനെ അങ്ങോട്ട് കയറ്റില്ലെന്നും സ്വത്തുക്കൾ ഒന്നും കൊടുക്കില്ലെന്നൊക്കെയാ പറഞ്ഞത്. ആൽഫിയും അവനൊന്നും വേണ്ടെന്ന് പറഞ്ഞു." "രണ്ടാളേം വീട്ടുകാർ കൂടെയില്ല. എന്റെ കാലം കഴിയുംവരെയേ എനിക്കും നിങ്ങളുടെ കൂടെ നിൽക്കാനാവൂ. അതുകൊണ്ട് രണ്ടുപേരും അതൊക്കെ മനസ്സിലാക്കി തമ്മിൽ തെറ്റിപിരിയാതെ സ്നേഹത്തോടെ വേണം ജീവിക്കാൻ." "അതൊന്നും ഓർത്ത് അമ്മാമ്മ പേടിക്കണ്ട." "നിങ്ങൾ അവിടുന്ന് തിരിച്ചോ."

"ഇല്ല... റെയിൽവേ സ്റ്റേഷനിൽ ഇരിക്കയാ. രണ്ട് മണിക്ക് ഒരു ട്രെയിനുണ്ട്. അതിൽ തിരിച്ചുപോവും." "ആൽഫി എവിടെ.?" "വെള്ളം വാങ്ങിക്കാൻ പോയി. വരുമ്പോ ഞാൻ വിളിക്കാം." "വേണ്ട മോളെ. നിങ്ങള് നാളെ എത്തിയിട്ട് വിളിച്ചാ മതി. നീ വിളിക്കുന്നത് നോക്കി ഉറങ്ങാതെ കിടക്കുവായിരുന്നു." "എങ്കിൽ അമ്മാമ്മ കിടന്നോ. ഞാൻ നാളെ വിളിക്കാം." ആതിര കാൾ കട്ട്‌ ചെയ്ത് ഫോൺ ബാഗിലേക്കിട്ടു. അപ്പോഴാണ് അവളുടെ തൊട്ട് പിന്നിൽ ഒരാൾ വന്ന് നിന്നത്. അയാളുടെ വലതുകരം ആതിരയുടെ നേർക്ക് നീണ്ടുവന്നു. തോളിൽ ആരുടെയോ പരുക്കൻ കൈകൾ അമർന്നതും അവൾ ഞെട്ടിപിന്തിരിഞ്ഞു. വിജനമായ പ്ലാറ്റ്ഫോമിൽ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആതിര ഭയത്തോടെ പിടഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ അയാളവളുടെ കഴുത്തിൽ പിടിമുറുക്കി........ സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story