മറുതീരം തേടി: ഭാഗം 25

marutheeram thedi shiva

രചന: ശിവ എസ് നായർ

തോളിൽ ആരുടെയോ പരുക്കൻ കൈകൾ അമർന്നതും അവൾ ഞെട്ടിപിന്തിരിഞ്ഞു. വിജനമായ പ്ലാറ്റ്ഫോമിൽ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആതിര ഭയത്തോടെ പിടഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ അയാളവളുടെ കഴുത്തിൽ പിടിമുറുക്കി. ആതിര സർവ്വ ശക്തിയുമുപയോഗിച്ച് അയാളിൽ നിന്നും രക്ഷപ്പെടാൻ നോക്കി. കഴുത്തിൽ മുറുകിയ കൈകളിൽ അവൾ കടന്നുപിടിച്ചു വേർപ്പെടുത്താൻ ശ്രമിച്ചു. മുഷിഞ്ഞ വേഷം ധരിച്ച മധ്യവയസ്കനായ ആ അപരിചിതനിൽ നിന്ന് വല്ലാത്തൊരു ദുർഗന്ധം വമിച്ചിരുന്നു. ഒരു കള്ളന്റെ ചേഷ്ടകളായിരുന്നു അയാൾ പ്രകടിപ്പിച്ചിരുന്നത്. "ഞാൻ പറയുന്നത് അനുസരിച്ചാൽ ജീവനോടെ രക്ഷപ്പെടാം നിനക്ക്. ഇല്ലെങ്കിൽ തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊല്ലും ഞാൻ." അജ്ഞാതന്റെ പരുക്കൻ ശബ്ദം അവളുടെ കാതിൽ മുഴങ്ങി.

"നിങ്ങൾക്കെന്താ വേണ്ടത്.. എന്നെ വെറുതെ വിടൂ." കെഞ്ചുന്ന സ്വരത്തിൽ ആതിര പറഞ്ഞു. "നിന്റെ കഴുത്തിലെ മാലയിങ്ങു ഊരി തന്നേക്ക്. പിന്നെ കുറച്ചാപ്പുറത്തോട്ട് മാറി നിന്ന് കുറച്ചുസമയം സഹകരിച്ചാൽ ജീവനോടെ നിനക്ക് വീട്ടിൽ പോവാം. ഇല്ലെങ്കിൽ കാര്യം സാധിച്ചു കഴിഞ്ഞു പാളത്തിൽ കൊണ്ടിടും ഞാൻ. ഇവിടെ ഈ നേരത്ത് നിന്നെ രക്ഷിക്കാൻ ആരും വരില്ലെടി." ഒരു നിമിഷം അവളുടെ ശ്വാസമൊന്ന് നിലച്ചു. "ഞാൻ മാല തരാം... എന്റെ കഴുത്ത് വേദനിക്കുന്നു." ആതിര അയാളുടെ കൈയ്യിലെ പിടുത്തം അയച്ചു. അപ്പൊ അയാളും അവളുടെ കഴുത്തിൽ നിന്നും കൈകൾ അയച്ചുപിടിച്ച ശേഷം ചുറ്റിലുമൊന്ന് നോക്കി ധൃതിപ്പെട്ടുകൊണ്ട് ആതിരയെ പ്ലാറ്റ്ഫോമിന്റെ ഇരുണ്ട മൂലയിലേക്ക് ഉന്തിത്തള്ളി കൊണ്ടുപോകാൻ ശ്രമിച്ചു. പ്രതിരോധം കാട്ടാതെ അവൾ അയാളെ അനുസരിച്ചു. ആതിര മാല ഊരാനെന്ന ഭാവേന ഷാളിൽ കുത്തിയിരുന്ന പിന്നും വലിച്ചൂരി എടുത്തു. പിന്നെ പെട്ടന്ന് തന്നെ അവൾ സേഫ്റ്റി പിൻ അയാളുടെ വലതുകണ്ണിൽ കുത്തിയിറക്കി.

അലറി വിളിച്ചുകൊണ്ട് അയാൾ കൈകൾ കൊണ്ട് കണ്ണ് പൊത്തിപ്പിടിച്ചു. ആ സമയം അവളയാളെ വലത് കാലുയർത്തി അടിനാഭി നോക്കി ചവിട്ടി. അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തിൽ അയാൾ ഉരുണ്ടുപിരണ്ട് റെയിൽവേ പാളത്തിലേക്ക് വീണു. അപ്പോഴാണ് പരിഭ്രമത്തോടെ അവൾക്ക് നേരെ ഓടി വരുന്ന ആൽഫിയെ അവൾ കണ്ടത്. "ആൽഫീ..." ആതിര ഓടിച്ചെന്ന് അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. "എന്ത് പറ്റി ആതി? അയാൾ നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചോ." ഭയപ്പാടോടെ അവൻ ചോദിച്ചു. "ആൽഫീ നീ പോയി കുറച്ചു കഴിഞ്ഞപ്പോൾ അയാളെന്നെ പിന്നിലൂടെ വന്ന് കഴുത്ത് മുറുക്കി ഭീഷണിപ്പെടുത്തി. എന്റെ കഴുത്തിലെ മാല ഊരി കൊടുക്കാൻ പറഞ്ഞു. എന്നിട്ട് കൂടെ സഹകരിച്ചു നിന്നില്ലെങ്കിൽ കൊന്ന് പാളത്തിൽ ഇടുമെന്ന് പറഞ്ഞുകൊണ്ട് ഇരുട്ടത്തേക്ക് വലിച്ചുകൊണ്ട് പോകാൻ ശ്രമിച്ചു. ഞാൻ ഷാളിൽ നിന്ന് പിൻ ഊരിയെടുത്തു അയാളുടെ കണ്ണിലിട്ട് കുത്തികൊടുത്തു. എന്നിട്ട് ഇവിടുന്ന് ചവിട്ടി താഴേക്കിട്ടു." ആതിര നടന്നതൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

"നിനക്കൊന്നും പറ്റിയില്ലല്ലോ അല്ലെ." ആൽഫിയുടെ കരങ്ങൾ അവളെ തഴുകി. "ഇല്ല... എനിക്കൊന്നും പറ്റിയില്ല. ഞാനയാളെ ചവിട്ടി തള്ളിയിട്ടപ്പോഴാ നീ വന്നത്." "നീ ആരെയോ ചവുട്ടുന്നത് കണ്ടാ ഞാൻ അവിടുന്ന് ഓടി വന്നത്. അയാളെവിടെയാ വീണത്." "ദേ അവിടെ." ആതിര കൈചൂണ്ടിയ ഭാഗത്തേക്ക്‌ അവൻ നടക്കാനാഞ്ഞതും അയാൾ പാളത്തിൽ നിന്നും തപ്പിപിടഞ്ഞു എണീക്കുന്നത് ഇരുവരും കണ്ടു. "നമുക്കിവിടുന്ന് മാറി നിക്കാം ആൽഫി. കഷ്ടിച്ചാ ഞാനയാളുടെ കൈയ്യിൽ നിന്ന് രക്ഷപെട്ടത്." "മ്മ് നീ വാ. കണ്ടിട്ട് നല്ല ആരോഗ്യമുണ്ടെന്ന് തോന്നുന്നു. നീ അയാളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചതിന്റെ ദേഷ്യവും കാണും. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും രാത്രി സമയങ്ങളിൽ പിടിച്ചു പറിക്കാനും സ്ത്രീകളെ ഉപദ്രവിക്കാനും നടക്കുന്ന ഇവന്മാരെ പോലുള്ള സാമൂഹ്യ വിരുദ്ധന്മാർ എന്ത് ചെയ്യാനും മടിക്കില്ല. അയാൾ പോകുന്നത് വരെ നമുക്കിവിടുന്ന് മാറി നിൽക്കാം." അയാൾ എഴുന്നേറ്റ് പ്ലാറ്റ് ഫോമിലേക്ക് കയറുന്നതിനു മുൻപ് തന്നെ ആൽഫി അവളെയും കൊണ്ട് അവിടുന്ന് മാറി നിന്നു.

മുഖം നിറയെ രക്തവുമായി അവിടെ മുഴുവനും അവളെ തിരഞ്ഞുനടന്നിട്ട് അയാൾ വേച്ചുവേച്ച് റെയിൽവേ സ്റ്റേഷന് പുറത്തേക്ക് നടന്നു പോയി. നടത്തത്തിനിടയിൽ ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് കൊണ്ട് മുഖത്തെ ചോരയൊപ്പി മുറിവേറ്റ കണ്ണ് പൊത്തിപ്പിടിച്ച് അയാൾ പോയി. എതിർവശത്തെ പ്ലാറ്റ്ഫോമിന്റെ ഇരുൾ വീണ ഭാഗത്ത്‌ മറഞ്ഞിരുന്നുകൊണ്ട് ആൽഫിയും ആതിരയും ആ കാഴ്ച കാണുന്നുണ്ടായിരുന്നു. അയാൾ പോയെന്ന് കണ്ടതും രണ്ട് പേരും ആശ്വാസത്തോടെ നെടുവീർപ്പിട്ടു. "എന്തായാലും നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു ആതി." അഭിമാനത്തോടെ ആൽഫി പറഞ്ഞു. "പെട്ടന്ന് ഞാനൊന്ന് പതറി പോയി ആൽഫി. പേടിച്ചിട്ട് കൈയ്യും കാലും മരവിച്ച പോലെയായിരുന്നു. പിന്നെയാണ് പെട്ടന്ന് ഇങ്ങനൊരു ബുദ്ധി തോന്നിയത്." അപ്പോഴും ആ നിമിഷങ്ങളിലെ നടുക്കം അവളിൽ നിന്ന് വിട്ടുമാറിയിരുന്നില്ല. ട്രെയിൻ വരാൻ സമയമായപ്പോഴാണ് ഇരുവരും തങ്ങൾ ആദ്യമിരുന്ന സ്ഥലത്ത് പോയി ഇരുന്നത്. ട്രെയിൻ വന്നപ്പോൾ തന്നെ രണ്ടുപേരും വേഗം ബോഗിയിലേക്ക് കയറി.

ഒരു മിനിറ്റ് മാത്രം അവിടെ നിർത്തിയിട്ടിരുന്ന ശേഷം തീവണ്ടി മെല്ലെ ചലിച്ചുതുടങ്ങി. അപ്പോഴാണ് അവരുടെ ശ്വാസം നേരെ വീണത്. ആൽഫിയുടെയും ആതിരയുടെയും മിഴികൾ പ്ലാറ്റ്ഫോമിൽ പരതി നടന്നു. പക്ഷേ അവിടെയെങ്ങും അയാളുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ പത്തുമണിയോടെയാണ് ഇരുവരും കർണാടകയിൽ എത്തിച്ചേർന്നത്. അന്നുതന്നെ ലീവ് ക്യാൻസൽ ചെയ്ത് രണ്ടുപേരും ഡ്യൂട്ടിക്ക് കയറി. നൈറ്റ് ഷിഫ്റ്റ് ആണ് ആതിരയ്ക്കും ആൽഫിക്കും കിട്ടിയത്. പരസ്പരം ഇണങ്ങിയും പിണങ്ങിയും അവർ സന്തോഷത്തോടെ മുന്നോട്ട് ജീവിച്ചു. ദിവസങ്ങളോളം രണ്ട് മുറിയിലായി കഴിഞ്ഞിരുന്നവർ പിന്നീട് മെല്ലെ മെല്ലെ അടുത്തുതുടങ്ങി. ഒരുമിച്ച് oreഒരേ കുടകീഴിൽ നിന്ന് ഇരുവരും അന്യോന്യം നന്നായി മനസ്സിലാക്കിയ ശേഷമാണ് ഒന്നിച്ചൊരു ജീവിതം ആരംഭിച്ചത്. രണ്ട് മുറിയിൽ നിന്നും അവർ ഒരു റൂമിലേക്ക് മാറി. മറ്റാരുടെയും ശല്യമൊന്നുമില്ലാത്തതിനാൽ ആൽഫിയും ആതിരയും അവരുടേതായ ലോകത്ത് വിരാജിച്ചു നടന്നു. ആൽഫിയുടെ വീട്ടിൽ നിന്ന് ആരും വിളിക്കുകയോ അന്വേഷിച്ചു വരുകയോ ചെയ്തിരുന്നില്ല. വാർദ്ധക്യ സഹജമായ അസ്വസ്ഥതകൾ കാരണം ഭാർഗവി അമ്മയ്ക്കും ആതിരയുടെ വീട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല.

അതുകൊണ്ട് അവിടെയും അമ്മാമ്മ ഒഴികെ മറ്റാർക്കും ഈ വിവരം അറിയുമായിരുന്നില്ല. ************** ദിവസങ്ങളും മാസങ്ങളും കടന്ന് പൊയ്ക്കൊണ്ടിരുന്നു. ജീവിതം ഒരു കരയ്ക്കടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ആൽഫിയും ആതിരയും. പ്രൈവറ്റ് ഹോസ്പിറ്റലിലെ തുച്ഛമായ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവർ നന്നേ പാടുപെടുന്നുണ്ടായിരുന്നു. എത്ര ചുരുക്കിയിട്ടും ചിലവുകൾ അധികമായി വന്നുകൊണ്ടിരുന്നു. പുതുമോടിയൊക്കെ പെട്ടെന്ന് തന്നെ അവസാനിച്ചു. കയ്യിലെ നീക്കിയിരിപ്പുകൾ തീർന്നപ്പോൾ ശമ്പളം കൊണ്ട് ജീവിക്കാൻ അവർ നന്നേ ബുദ്ധിമുട്ടി തുടങ്ങി. വീട്ട് വാടക, കറണ്ട് ബിൽ, യാത്രാ ചിലവ്, വീട്ട് ആവശ്യങ്ങൾക്കുള്ള കാശ് എല്ലാംകൊണ്ടും അവർ നല്ല സാമ്പത്തിക ഞെരുക്കത്തിൽ ആയിതുടങ്ങി. എങ്കിലും മാസാമമാസം ഒരു തുക മിച്ചം പിടിച്ച് സമ്പാദ്യമായി ചേർത്ത് വയ്ക്കാൻ അവർ മറന്നില്ല. കഷ്ടപ്പാടുകൾ ആണെങ്കിലും അവരെല്ലാം പക്വതയോടെ കൈകാര്യം ചെയ്യാൻ പഠിച്ചു തുടങ്ങി.

ആദ്യത്തെ കുറച്ചുമാസങ്ങളിൽ അനുഭവിച്ച കാശിന്റെ ബുദ്ധിമുട്ടുകൾ ചിലവ് നിയന്ത്രണത്തിലാക്കാൻ പഠിച്ചപ്പോൾ മെല്ലെ മെല്ലെ അവർ പരിഹരിച്ചു. ************** ജർമ്മനിക്കാരൻ പ്രവീണിന്റെ ആലോചന ആതിര തിരസ്കരിച്ചതിനാൽ കുറേനാൾ അവളെ വിളിക്കാതിരിക്കുകയായിരുന്നു ഭാരതി. മാസങ്ങളോളം മകളുടെ വിശേഷങ്ങൾ അറിയാൻ കഴിയാതെ വന്നപ്പോൾ ഇടയ്ക്കിടെ പഴയത് പോലെ അവർ ആതിരയെ വിളിക്കാൻ തുടങ്ങി. വിവാഹം കഴിഞ്ഞ കാര്യം അമ്മാമ്മ പറയാമെന്നും അവളോട് പറയണ്ടെന്നും പറഞ്ഞതിനാൽ അവളക്കാര്യം അമ്മയിൽ നിന്ന് മറച്ചുപിടിച്ചു. ഭാരതിക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ വളരെ സ്വാഭാവികമായിതന്നെ ആതിര സംസാരിച്ചു. വല്ലപ്പോഴും സംസാര വേളയിൽ ജർമ്മനിക്കാരന്റെ ആലോചന അവർ എടുത്തിട്ടാലും അവളതിൽ നിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറും. ആൽഫിയെ കുറിച്ചുള്ള കാര്യങ്ങളൊന്നും ബോധപൂർവ്വം തന്നെ ഭാരതി അവളോട് ചോദിച്ചിരുന്നില്ല. അന്നൊരു ദിവസം പതിവ് പോലെ ആതിരയോട് സംസാരിച്ചിരിക്കുകയായിരുന്നു ഭാരതി. അപ്പോഴാണ് കുളിക്കാൻ ഇറങ്ങിപ്പോയ മുരളി ഇടയ്ക്ക് വച്ച് തോർത്തെടുക്കാൻ വേണ്ടി പെട്ടന്ന് മുറിക്കുള്ളിലേക്ക് കയറി വന്നത്.

അയാളെ കണ്ടതും അവർ വെപ്രാളത്തിൽ കാൾ കട്ട്‌ ചെയ്തു. "ആരോടായിരുന്നു നിന്റെ സംസാരം." "അതുപിന്നെ... അമ്മയെ ഒന്ന് വിളിച്ചതായിരുന്നു." ഭാരതി നിന്ന് പരുങ്ങി. "എന്തിനാടി ഇങ്ങനെ കള്ളം പറയുന്നത്. നീയാ വിഷ വിത്തിനോടാണ് സംസാരിച്ചോണ്ട് നിന്നതെന്ന് എനിക്കറിയാം. ഫോണിൽ നിന്ന് നീ നമ്പർ ഡിലീറ്റ് ചെയ്താൽ ഞാൻ അറിയില്ലെന്ന് വിചാരിച്ചോ. നീ അവളെ വിളിക്കുന്നത് എന്റെ അഞ്ജു മോളും ആരതി മോളും പറഞ്ഞ് ഞാൻ നേരത്തെതന്നെ അറിഞ്ഞതാ. പിന്നെ ഒരു വഴക്ക് വേണ്ടെന്ന് വച്ച് ഒഴിവാക്കി വിട്ടതാ. ഞാൻ കുളിക്കാൻ പോണ സമയം നോക്കി നീ വിളിക്കുമ്പോ പുറത്ത് നിന്ന് ജനാല വഴി നിങ്ങടെ സംസാരം ഞാൻ കേൾക്കാറുണ്ടായിരുന്നു. കുറേനാൾ വിളിയും പറച്ചിലുമൊന്നും ഇല്ലായിരുന്നല്ലോ. എന്ത് പറ്റി? നിന്റെ ജർമ്മനിക്കാരന്റെ ആലോചന നിന്റെ പുന്നാര മോൾ വേണ്ടെന്ന് വച്ചോണ്ട് ആണോ വിളിക്കാതെ ഇരുന്നത്. ഇപ്പൊ വീണ്ടും വിളി തുടങ്ങിയല്ലോ. അവളുടെ ക്രിസ്ത്യാനി കാമുകൻ കളഞ്ഞിട്ട് പോയോ. അത് പറയാൻ ആണോ ഇപ്പൊ വിളിക്കാറ്."

പരിഹാസ രൂപേണ മുരളി ചോദിച്ചു. "അതുപിന്നെ മുരളിയേട്ടാ.. ഞാൻ... അവള് അന്യനാട്ടിൽ ചെന്ന് കിടന്ന് കഷ്ടപ്പെടുമ്പോ എനിക്കിവിടെ ഒരു സമാധാനോമില്ല... അതാ ഞാൻ." ഭാരതി തെല്ല് ഭയത്തോടെ പറഞ്ഞു. "നമ്മളാരും പറഞ്ഞ് വിട്ടതല്ലല്ലോ.. അവളായിട്ട് പോയതല്ലേ. എന്താന്ന് വച്ചാൽ അനുഭവിക്കട്ടെ. എന്നെ ഒളിച്ചുവച്ച് ഇത് എവിടെ വരെ പോകുമെന്ന് അറിയാനാ ഞാൻ കാത്തിരുന്നത്. നീയാവൾക്ക് വേണ്ടി ജർമ്മനിക്കാരനെ ഒന്നും കൊണ്ട് കൊടുക്കാൻ നിൽക്കണ്ട. അവൾക്കവിടെ ഒരുത്തനുമായി അടുപ്പമുള്ളതല്ലേ... അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അവന്റെ കൂടെ അവള് അവിടെകിടന്ന് നരകിക്കണമെടി. അതെനിക്ക് കാണണം. എന്നെ ധിക്കരിച്ചു അഹങ്കാരം കാണിച്ചു പോയതിനൊക്കെ അവൾ അനുഭവിക്കും."

"എന്തിനാ മുരളിയേട്ടാ അവളെയിങ്ങനെ ശപിക്കുന്നത്. എന്റെ കൊച്ച് എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ." "അവളൊരിക്കലും നന്നാവാൻ പോണില്ല. ആ എരണം കെട്ടവള് തെണ്ടിത്തിരിഞ്ഞു നടക്കും. അവളുടെ മുൻപിൽ എന്റെ രണ്ട് മക്കളും അന്തസ്സോടെ ഞാൻ കണ്ട് പിടിച്ചു കൊടുക്കുന്ന പയ്യന്മാരെ കൂടെ സുഖമായി ജീവിക്കും. എന്റെ ആരതി മോൾക്ക് ഞാനൊരുത്തനെ കണ്ട് വച്ചിട്ടുണ്ട്. ചെറുക്കനെ ഗവണ്മെന്റ് ഉദ്യോഗമാണ്. ഇതറിയുമ്പോ അവള് തുള്ളിച്ചാടും. അവളും നിന്റെ തള്ളേം നോക്കി നിൽക്കുമ്പോ എന്റെ രണ്ട് മക്കളും അങ്ങ് കൊമ്പത്തായിരിക്കും." മുരളി പകയോടെ പറഞ്ഞു. അയാൾ മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി വച്ചിട്ടുണ്ടായിരുന്നു. പക്ഷേ അച്ഛന്റെ സംസാരം കേട്ട് മുറിക്ക് പുറത്ത് നിന്ന ആരതിയുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി. ..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story