മറുതീരം തേടി: ഭാഗം 26

marutheeram thedi shiva

രചന: ശിവ എസ് നായർ

"എന്റെ ആരതി മോൾക്ക് ഞാനൊരുത്തനെ കണ്ട് വച്ചിട്ടുണ്ട്. ചെറുക്കനെ ഗവണ്മെന്റ് ഉദ്യോഗമാണ്. ഇതറിയുമ്പോ മോള് തുള്ളിച്ചാടും. അവളും നിന്റെ തള്ളേം നോക്കി നിൽക്കുമ്പോ എന്റെ രണ്ട് മക്കളും അങ്ങ് കൊമ്പത്തായിരിക്കും." മുരളി പകയോടെ പറഞ്ഞു. അയാൾ മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി വച്ചിട്ടുണ്ടായിരുന്നു. പക്ഷേ അച്ഛന്റെ സംസാരം കേട്ട് മുറിക്ക് പുറത്ത് നിന്ന ആരതിയുടെ നെഞ്ചിലൊരു വെള്ളിടി വെട്ടി. അച്ഛൻ കണ്ട് വച്ചിരിക്കുന്ന ആളെ തനിക്ക് വേണ്ടെന്ന് പറയാൻ ആരതിയുടെ നാവ് തരിച്ചു വന്നെങ്കിലും അവൾ ബദ്ധപ്പെട്ട് അതടക്കി നിർത്തി. അച്ഛനെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് ആരതിക്കറിയാം. ഈ കല്യാണം മുടക്കാൻ എന്താണൊരു വഴിയെന്നാണ് അവൾ ചിന്തിച്ചത് മുഴുവൻ. അതോടെ ആരതിക്ക് സമാധാനം നഷ്ടപ്പെട്ട് തുടങ്ങി. ചിന്താഭാരത്തോടെ അവൾ തന്റെ മുറിയിലേക്ക് പോയി. "ആരതിയോട് കൂടി ചോദിച്ചിട്ട് തീരുമാനിച്ചാ മതി. അവളുടെ ഇഷ്ടം കൂടി നോക്കണ്ടേ.?" ഭാരതി തന്റെ അഭിപ്രായം പറഞ്ഞു.

"അവളേ എന്റെ മോളാണ്. ഞാൻ പറയുന്നത് അക്ഷരംപ്രതി അവളനുസരിക്കും. പിറ്റേദിവസം രാവിലെ കമ്പ്യൂട്ടർ ക്ലാസ്സിന് പോകാനിറങ്ങുകയായിരുന്നു ആരതി. അഞ്ജു സ്കൂളിൽ പോവാൻ റെഡിയാവുകയായിരുന്നു. ഭാരതി അടുക്കളയിൽ തിരക്കിട്ട പണികളിലാണ്. അന്ന് വല്ലാത്തൊരു ധൃതി ആരതിയുടെ പ്രവൃത്തികളിൽ പ്രകടമായിരുന്നു. എത്രയും പെട്ടന്ന് ക്ലാസ്സിലെത്താൻ തിടുക്കം കൂട്ടുകയായിരുന്നു അവളുടെ മനസ്സ്. ചോറ് പാത്രം ബാഗിലാക്കി വെപ്രാളത്തോടെ മുറ്റത്തേക്കിറങ്ങി ആരതി ചെരുപ്പിടാൻ തുടങ്ങുമ്പോഴാണ് മുരളി അവൾക്കടുത്തേക്ക് വന്നത്. "മോളേ... ഒന്ന് നിന്നേ." "എന്താ അച്ഛാ?" മുഖത്തെ പരിഭ്രമം അടക്കി അവൾ ചോദിച്ചു. "ക്ലാസ്സ്‌ കഴിഞ്ഞു ഉച്ചയ്ക്ക് ഇങ്ങ് വന്നേക്ക്. വൈകുന്നേരത്തെ തയ്യൽ ക്ലാസ്സിന് കേറണ്ട. വൈകിട്ട് ഒരു കൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്." "എന്നോട് ചോദിക്കാതെ എന്തിനാ അച്ഛാ എന്റെ കല്യാണത്തിന് സമ്മതം കൊടുത്തത്." ആരതി പരിഭവിച്ചു. "സമ്മതം കൊടുത്തിട്ടൊന്നുമില്ല മോളെ. അവര് വന്ന് കണ്ട് പോവും.

നിങ്ങള് രണ്ടുപേർക്കും ഇഷ്ടപ്പെട്ടാലേ വിവാഹം ഉറപ്പിക്കൂ. ചെക്കന് സർക്കാർ ഉദ്യോഗമാണ്. കാണാനും സുന്ദരൻ. നീയൊന്ന് കണ്ട് നോക്ക് ഉറപ്പായിട്ടും ഇഷ്ടപ്പെടും." മുരളിയുടെ വാക്കുകൾ അവളെ തളർത്തി. "ഞാൻ ഉച്ചയ്ക്ക് വരാം അച്ഛാ. എനിക്ക് ചെക്കനെ ഇഷ്ടായില്ലെങ്കി അച്ഛൻ വേറെ ഉദ്യോഗസ്ഥനെ കണ്ട് പിടിക്കേണ്ടി വരും. ഞാൻ കെട്ടാൻ പോകുന്ന ആളെ കുറിച്ച് എനിക്കും ചില ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അതിനൊത്തു വരുന്ന ഒരാളെ മാത്രമേ ഞാൻ വിവാഹം കഴിക്കു. ഇന്ന് വരുന്ന ആളെ കണ്ടിട്ട് ഞാനെന്റെ അഭിപ്രായം പറയാം." ആരതി മുറ്റത്തേക്കിറങ്ങി. "ശരി മോളെ... അതൊക്കെ നിന്റെ ഇഷ്ടം." അവളോടൊരു തർക്കത്തിന് നിൽക്കാതെ അയാൾ പറഞ്ഞു. ആരതി ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ സ്ഥിരമായി അവൾ പോകാറുള്ള ബസ് അവിടെ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. തിരക്കിനിടയിലൂടെ ഊളിയിട്ട് ആരതി ബസിനുള്ളിൽ നുഴഞ്ഞുകയറി. അപ്പോഴാണ് ഏറ്റവും പിന്നിലെ സീറ്റിട്ടിലിരുന്ന ധന്യ അവളെ കയ്യാട്ടി വിളിച്ചത്. ധന്യയ്‌ക്കരികിൽ ഒഴിഞ്ഞുകിടന്ന സീറ്റിലേക്ക് അവൾ ചെന്നിരുന്നു.

ആളുകളെല്ലാം കയറി കഴിഞ്ഞപ്പോൾ കണ്ടക്ടർ ഡബിൾ ബെൽ അടിച്ചു. ഡ്രൈവർ ബസ് മുന്നോട്ട് എടുത്തു. ആരതിയുടെ കൂടെ കമ്പ്യൂട്ടർ ക്ലാസ്സിന് പഠിക്കുന്ന കുട്ടിയാണ് ധന്യ. ഇരുവരും ചെറിയ ക്ലാസ്സ്‌ മുതലേ ഒരുമിച്ചാണ്. പ്രീഡിഗ്രി കഴിഞ്ഞു കമ്പ്യൂട്ടർ ക്ലാസ്സും തയ്യലുമൊക്കെ പഠിക്കാനായിരുന്നു രണ്ട് പേർക്കും ഇഷ്ടം. കല്യാണ പ്രായം ആകുമ്പോൾ ഏതെങ്കിലും കാശുകാനെയും കെട്ടി അവന്റെ മക്കളെയും നോക്കി സുഖിച്ചു കഴിയണമെന്നാണ് ധന്യയുടെയും ആരതിയുടെയും സ്വപ്നം. "എന്നും നേരത്തെ വന്ന് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന നീ, ഇന്ന് എന്താടി താമസിച്ച് പോയേ? ഒരൽപ്പം കൂടി വൈകിയിരുന്നെങ്കിൽ ബസ് അങ്ങ് പോയേനെ." ധന്യ അവളോട് പറഞ്ഞു. "അച്ഛൻ കാരണമാടി ലേറ്റ് ആയത്." "എന്ത് പറ്റി?" "ഇന്നൊരു കൂട്ടർ പെണ്ണ് കാണാൻ വരുമെന്ന്. അതുകൊണ്ട് ഉച്ചയ്ക്ക് ക്ലാസ്സ്‌ കഴിഞ്ഞു തയ്യൽ ക്ലാസ്സിന് കേറാൻ നിൽക്കാതെ വീട്ടിലേക്ക് ചെല്ലാൻ പറയുകയായിരുന്നു.

ഇറങ്ങാൻ നേരത്താ എന്നോടിക്കാര്യം വന്ന് പറയുന്നത്. ഇന്നലെ അമ്മയോട് അച്ഛൻ ഇതേപറ്റി പറയുന്നത് കേട്ടപ്പോൾ മുതൽ നെഞ്ചിലൊരു തീയാ." ആരതി വിഷമത്തോടെ കൂട്ടുകാരിയെ നോക്കി. "എന്നിട്ട് അച്ഛനോട് നീയെന്ത് പറഞ്ഞു." ധന്യയിൽ ആകാംക്ഷ നിറഞ്ഞു. "എന്ത് പറയാനാ... എനിക്കും കൂടി ഇഷ്ടപ്പെട്ടാലേ ഞാൻ സമ്മതിക്കൂ, എനിക്കും വിവാഹം കഴിക്കാൻ പോകുന്ന പയ്യനെ കുറിച്ച് ചില ആഗ്രഹങ്ങൾ ഉണ്ടെന്നൊക്കെ പറഞ്ഞു." "അച്ഛൻ സമ്മതിച്ചോ?" "ചേച്ചിയോട് മാത്രമേ അച്ഛൻ ദേഷ്യപ്പെടു. എന്റെയും അഞ്ജുവിന്റെയും മുന്നിൽ അച്ഛൻ പൂച്ചയെ പോലെയാ. ഇത്തിരി സ്നേഹം കാണിച്ചു നിന്നാൽ അച്ഛൻ ഭൂമിയോളം താഴും. പക്ഷേ ദേഷ്യം പിടിപ്പിക്കുന്ന എന്തെങ്കിലും കാണിച്ചാൽപിന്നെ നല്ല ദേഷ്യപ്പെടും. പക്ഷേ കുറച്ചു കഴിയുമ്പോൾ അതങ്ങ് മാറും. ആതിരചേച്ചിയോടുള്ള ദേഷ്യം മാത്രമാണ് ഒരിക്കലും മാറാത്തത്. അതുകൊണ്ട് അൽപ്പം ബുദ്ധി പ്രയോഗിച്ചാൽ അച്ഛനെ എന്റെ വഴിക്ക് കൊണ്ടുവരാം. പക്ഷെ പ്രശ്നം അതല്ല...

ഇന്ന് പെണ്ണുകാണാൻ വരുന്ന പയ്യൻ സർക്കാർ ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് അച്ഛനിപ്പോ നിലത്തൊന്നുമല്ല. എന്റെ വഴിക്ക് എങ്ങനെ കൊണ്ടുവരുമെന്നാണ് ഞാൻ ആലോചിക്കുന്നത്." "സുജിത്തേട്ടനോട് പറയണ്ടേ." "ഉം.. ഇന്ന് നേരിട്ട് കണ്ട് പറയാന്ന് വച്ചു. സുജിത്തേട്ടനോട് വീട്ടുകാരെ കൂട്ടി എത്രയും പെട്ടന്ന് വീട്ടിലേക്ക് വരാനും പറയണം. നേരായ വഴിക്ക് തന്നെ കാര്യങ്ങൾ പോട്ടെ." "സുജിത്തേട്ടൻ എങ്ങാനും നിന്നെ തേക്കോ." "ഏയ്‌ ഇല്ലെടി... പുള്ളി എന്നേക്കാൾ സീരിയസ് ആണ്. ഞാൻ പറ്റിച്ചിട്ട് പോകുമോന്ന് ഇടയ്ക്കിടെ ചോദിക്കും." "ഇനി നീയെങ്ങാനും ഇന്ന് വരുന്ന പയ്യനെ ഇഷ്ടപ്പെട്ട് അവന്റെ കൂടെ കെട്ടി പോവോ." പാതി തമാശയായും പാതി കാര്യമായും ധന്യ ചോദിച്ചു. "ഒന്ന് പോടീ... എന്ത് വന്നാലും ഞാൻ സുജിത്തേട്ടനെ മാത്രേ കെട്ടു." സുജിത്തിന്റെ ഓർമ്മയിൽ അവളുടെ കവിളുകൾ നാണത്താൽ ചുമന്നു. ആരതിയും ധന്യയും പഠിക്കുന്ന കമ്പ്യൂട്ടർ സെന്റർ ഇട്ടേക്കുന്നത് സുജിത്താണ്. ഇടയ്ക്ക് കമ്പ്യൂട്ടർ പഠിപ്പിക്കാൻ വരുന്ന അദ്ധ്യാപിക ലീവിലാണെങ്കിൽ സുജിത്തായിരിക്കും എല്ലാവരെയും പഠിപ്പിക്കുന്നത്.

അന്നാട്ടിലെ പുത്തൻ പണക്കാരനായ ചന്ദ്രന്റെയും സീമയുടെയും മകനാണ് സുജിത്ത്. അവനെ കൂടാതെ അവർക്കൊരു മകൾ കൂടിയുണ്ട്, പേര് സുചിത്ര. സുചിത്രയെ വിവാഹം കഴിച്ച് അയച്ചതാണ്. കമ്പ്യൂട്ടർ സെന്റർ കൂടാതെ മൂന്ന് കടമുറികൾ ഒരു ടെക്സ്റ്റെയിൽ ഷോപ്പും അവർക്ക് സ്വന്തമായുണ്ട്. അതൊക്കെ കണ്ടിട്ട് തന്നെയാണ് ആരതി അവനെ നോട്ടമിട്ടതും. അവനും എപ്പോഴോ അവളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഡൌട്ട്സ് പറഞ്ഞു കൊടുക്കാനായി സുജിത്ത് പുറകിൽ വന്ന് നിൽക്കുമ്പോൾ അറിയാത്ത ഭാവത്തിൽ കൈയ്യിൽ തൊടുകയും അവളുടെ വിരലുകൾക്ക് മുകളിലൂടെ മൗസിൽ പിടിക്കുകയുമൊക്കെ ചെയ്യുമ്പോൾ ആരതിയും ആ പ്രവൃത്തികളിൽ എതിർപ്പ് പ്രകടിപ്പിക്കാതെ നിശബ്ദയായിരിക്കും. പരസ്പരമുള്ള നോട്ടങ്ങളും ഇടയ്ക്കിടെയുള്ള സ്പർശനങ്ങളും അവരുടെ ഇടയിൽ ഒരു പ്രണയ ബന്ധം ഉടലെടുക്കാൻ കാരണമായി തീർന്നു. ആരുമറിയാതെ സുജിത്ത് അവൾക്കൊരു മൊബൈൽ ഫോൺ രഹസ്യമായി കൊടുത്തിട്ടുണ്ട്. ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ വന്ന് കഴിഞ്ഞാൽ പിന്നെ അവരുടെ സല്ലാപം അതിലൂടെയാണ്.

കമ്പ്യൂട്ടർ സെന്ററിന് അടുത്തുള്ള സ്റ്റോപ്പിൽ ബസ് നിർത്തിയതും ഇരുവരും ബാഗുമെടുത്ത് ഇറങ്ങി. ബസ് സ്പീഡിൽ പാഞ്ഞുവന്നത് കൊണ്ട് അന്ന് അവർ കുറച്ച് നേരത്തെയാണ് എത്തിയത്. രണ്ടുപേരും കമ്പ്യൂട്ടർ സെന്റർ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. "വഴിക്കണ്ണുമായി നിന്റെ സുജിത്തേട്ടൻ പുറത്ത് നിൽക്കുന്നുണ്ടല്ലോടി." ധന്യ അവളെ തോണ്ടികൊണ്ട് പറഞ്ഞു. സെന്ററിന് മുൻപിൽ കൈകൾ നെഞ്ചിൽ പിണച്ചുകെട്ടി ആരതിയുടെ വരവും കാത്ത് നിൽക്കുകയായിരുന്നു സുജിത്ത്. "ഞാൻ കണ്ടെടി..." ആരതിയുടെ മുഖത്ത് നാണം വന്നു. അപ്പോഴേക്കും ഇരുവരും നടന്ന് ക്ലാസ്സിന് മുൻപിൽ എത്തിയിരുന്നു. "ഇന്ന് ബസ് നേരത്തെ ആണല്ലോ.." ചിരിയോടെ അവനവളെ അടിമുടി ഉഴിഞ്ഞു. "ഇങ്ങനെ നോക്കല്ലേ സുജിത്തേട്ടാ... ധന്യ കൂടെയുള്ളത് ഓർത്താ നല്ലത്." ആരതി അവന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. "ഇന്ന് നിന്നെ കാണാൻ പതിവിലും ഭംഗിയുണ്ട്. ആര് കണ്ടാലും നിന്നെയൊന്നു നോക്കി നിന്നുപോകും." സുജിത്ത് താടിയുഴിഞ്ഞു. "വേറെയാരും വന്നിട്ടില്ലല്ലോ.."

ആരതി ക്ലാസിനുള്ളിലേക്ക് എത്തിനോക്കി. "നിങ്ങൾ സംസാരിക്ക് ഞാൻ ക്ലാസ്സിലുണ്ടാവും." പറഞ്ഞിട്ട് ധന്യ ധൃതിയിൽ ക്ലാസ്സിലേക്ക് നടന്നു. "ഇങ്ങോട്ട് വാ പെണ്ണേ." സുജിത്ത് ആരതിയെയും വിളിച്ചുകൊണ്ട് ഓഫീസ് റൂമിലേക്ക് പോയി. അവൾക്ക് ശരീരത്തിനാകെ കുളിര് തോന്നി. വല്ലപ്പോഴും ഇങ്ങനെ വീണ് കിട്ടുന്ന അവസരങ്ങളിൽ മാത്രമാണ് ഇരുവർക്കും അടുത്തിങ്ങനെ തൊട്ടുരുമ്മി ചേർന്ന് നിൽക്കാൻ പറ്റുന്നത്. "അത്തറിന്റെ മണമാണല്ലോടി നിനക്ക്." ആരതിയെ വാരിപ്പുണരുന്നതിനിടയിൽ അവൻ പറഞ്ഞു. "വല്യച്ഛൻ ഗൾഫിൽ നിന്ന് കൊണ്ട് വന്നതാ." "ഉം... " അവനൊന്ന് മൂളിക്കൊണ്ട് അവളുടെ അധരങ്ങളെ നുകർന്നു. അവളുടെ കൈവിരലുകളിലെ നഖങ്ങൾ അവന്റെ തോളിലമർന്നു. ഇരുവരും പരസ്പരം കെട്ടിപ്പുണർന്ന് മതിയാവോളം ചുംബനങ്ങൾ പങ്ക് വച്ചു. സുജിത്തിന്റെ കൈകൾ കുസൃതി കാട്ടികൊണ്ട് അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു. "എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.." കഴുത്തിടുക്കിൽ നിന്നും മാറിലേക്ക് നീണ്ട അവന്റെ മുഖത്തെ തന്നിൽ നിന്നും വേർപ്പെടുത്തികൊണ്ട് ആരതി പറഞ്ഞു.

"സംസാരമൊക്കെ പിന്നെയാവാം. നിന്നെ ഞാനൊന്ന് കൊതിതീരെ ഉമ്മ വച്ചോട്ടെടി." അവന്റെ സ്വരം നേർത്തുപോയി. "ഇതൊക്കെ കല്യാണം കഴിഞ്ഞു ആവാം. അച്ഛൻ എനിക്കൊരു പയ്യനെ കണ്ട് വച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് അവര് പെണ്ണ് കാണാൻ വരും. സർക്കാർ ഉദ്യോഗസ്ഥൻ ആണ്. അച്ഛനിത് ഉറപ്പിക്കും മുൻപ് സുജിത്തേട്ടൻ വീട്ടുകാരെയും കൂട്ടി പെണ്ണ് ചോദിക്കാൻ വരണം." "ഏഹ്... ഇത്ര പെട്ടെന്നൊ.?" സുജിത്ത് അവളിൽ നിന്നകന്ന് മാറിക്കൊണ്ട് ചോദിച്ചു. "ആഹ്ഹ്... പിന്നെയാവട്ടെ എന്ന് പറഞ്ഞിരുന്ന ഞാൻ അയാളെയും കെട്ടി അങ്ങ് പോകേണ്ടി വരും. അതിനുമുൻപ് സുജിത്തേട്ടൻ അച്ഛനെയും അമ്മയെയും കൂട്ടികൊണ്ട് വന്നേ പറ്റു. " "എടി എനിക്ക് ആകെ ഇരുപത്തി അഞ്ചു വയസ് ആവുന്നേയുള്ളു. ഇപ്പൊ തന്നെ ഞാൻ എങ്ങനെയാ വീട്ടുകാരോട് എന്റെ കല്യാണക്കാര്യം സംസാരിക്കുന്നത്. നിനക്കൊരു രണ്ട് വർഷം കൂടെ പിടിച്ചു നിന്നൂടെ." സുജിത്ത് ചോദിച്ചു. "പറ്റുമെന്ന് തോന്നുന്നില്ല... അതിനുമുൻപ് അച്ഛൻ എന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കും." ഒളിക്കണ്ണിട്ട് സുജിത്തിന്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് ദുഃഖത്തോടെ അവൾ പറഞ്ഞു.

"ഏതായാലും അവര് വന്ന് കണ്ട് പോട്ടെ. നീ ഇഷ്ടമല്ലാന്ന് പറഞ്ഞേക്ക്. എന്നിട്ട് സമയവും സന്ദർഭവും നോക്കി ഞാൻ എന്റെ വീട്ടിൽ കാര്യം അവതരിപ്പിക്കാം." "അതുമതി... എല്ലാം വേഗം വേണം കേട്ടോ." സുജിത്തിന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് അവൾ പറഞ്ഞു. 'ഈശ്വരാ ഈ പെണ്ണ് എന്റെ തലയിലാവോ. കുറച്ചുനാൾ കൂടി ഇങ്ങനെ പെണ്ണ് കെട്ടാതെ അടിച്ചുപൊളിച്ച് നടക്കണമെന്നുണ്ട്. നീ തന്നെ അത്‌ സാധിച്ചു തരണേ കൃഷ്ണാ. അതുപോലെ ഇവളെ ഒഴിവാക്കാൻ ഒരു വഴിയും കണ്ട് പിടിച്ചു തരണം.' സുജിത്ത് ആത്മഗതം ചെയ്തു. "ഡീ പിള്ളേര് വരുന്നുണ്ട്... വാ ക്ലാസ്സിലേക്ക് പോകാം." ധന്യ അങ്ങോട്ടേക്ക് വന്ന് പറഞ്ഞു. അവര് കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾ സോറി പറഞ്ഞ് പെട്ടന്ന് മുഖം തിരിച്ചു. "നീ ക്ലാസ്സിലേക്ക് ചെല്ല്." ഉന്മേഷം ഒട്ടുമില്ലാതെ സുജിത്ത് അവളെ നോക്കി. അതുവരെ ആവേശത്തോടെ ആരതിയെ വാരിപ്പുണർന്ന് നിന്നവൻ അവൾ കല്യാണക്കാര്യം പറഞ്ഞതോടെ ദുർബലനായിപ്പോയി. ആരതി ധന്യയ്ക്കൊപ്പം ക്ലാസ്സിലേക്ക് പോയി. സുജിത്ത് ആലോചനയോടെ കസേരയിൽ ഇരുന്നു.

പിന്നെ ഫോണെടുത്ത് ഉറ്റ സുഹൃത്ത് ദിലീപിനെ വിളിച്ചു. "ഹലോ.. ദിലീപേ നീ ഫ്രീ ആണോ ഇപ്പൊ." ഫോൺ എടുത്ത പാടെ സുജിത്ത് ചോദിച്ചു. "ആടാ... നീ പറ.." "എടാ ആ ആരതി എന്റെ തലയിലാവൂന്നാ തോന്നണേ. അവളിപ്പോ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാൻ പറഞ്ഞേക്കുവാ." "എങ്കിൽ പിന്നെ നൈസ് ആയിട്ട് ഒഴിവാക്കിയേക്ക്. നിനക്ക് ഇപ്പോഴേ കുടുംബവും കുട്ടികളുമൊക്കെയായി ഒതുങ്ങി കൂടാൻ താല്പര്യമില്ലല്ലോ." "കാര്യം സാധിക്കാതെ എങ്ങനെ ഒഴിവാക്കി വിടുമെടാ ഞാൻ. അവളാണെങ്കിൽ നല്ല മൊതലാ. ആർക്കും ഒന്ന് അനുഭവിക്കാൻ തോന്നും. ഇരുപത് വയസ്സാണെങ്കിലും ഇരുപത്തി അഞ്ചു വയസ്സിന്റെ വളർച്ചയുണ്ട് ശരീരത്തിന്. ഒരു പരിധി വിട്ട് അവളൊന്നിനും ഇതുവരെ നിന്ന് തന്നിട്ടില്ല. എന്നെ മോഹിപ്പിച്ചു കൊണ്ട് വന്നിട്ട് വരാലിനെ പോലെ വഴുതി മാറി നടക്കുവാ." "എങ്കിൽ പിന്നെ നിനക്കവളെ കെട്ടിക്കൂടെ." "അത് വേണ്ടളിയാ.. സ്ഥിരമായി ഒരു പെണ്ണിൽ ഉറച്ച് നിൽക്കാൻ എനിക്ക് പറ്റില്ല. വെറുതെ എന്തിനാ വയ്യാവേലിക്ക് പോണേ. ഒന്ന് അനുഭവിക്കാൻ കിട്ടിയാ മതി എനിക്ക്."

"നമുക്ക് വഴിയുണ്ടാക്കാം. എന്തെങ്കിലും ഐഡിയ കിട്ടിയാൽ ഞാൻ നിന്നെ വിളിക്കാം." "ഉം ശരിയെടാ... എന്നാപ്പിന്നെ ഞാൻ പിന്നെ വിളിക്കാം." "ഓക്കേ ഡാ." ദിലീപ് കാൾ കട്ട്‌ ചെയ്തു. ആരതിയെ എങ്ങനെ സ്വന്തമാക്കാമെന്ന ആലോചനയിലാണ് സുജിത്ത്. കാര്യം നടത്തി അവളെ ഒഴിവാൻ വിടാനാണ് അവന്റെ മനസ്സിലിരിപ്പ്. സുജിത്തിനെ സംബന്ധിച്ച് അവൻ കണ്ടിട്ടുള്ള ഒട്ടേറെ പെണ്ണുങ്ങളിൽ ഒരുവളാണ് ആരതിയും. പക്ഷേ മറ്റുള്ളവരെ പോലെ എളുപ്പം അവളെ അവന്റെ വഴിക്ക് കൊണ്ടുവരാൻ സുജിത്തിന് കഴിഞ്ഞിട്ടില്ല. ഒരു പരിധിക്കപ്പുറം ആരതി ഒന്നിനും വഴങ്ങി കൊടുക്കാറില്ല. അത് അവന് അവളോടുള്ള ആസക്തി കൂട്ടാൻ കാരണമായിട്ടേയുള്ളു. ഒട്ടേറെ നേരത്തെ ആലോചനയ്ക്കൊടുവിൽ അവന്റെ മനസ്സിലൊരു ഉപായം തെളിഞ്ഞു. ഉത്സാഹത്തോടെ സുജിത്ത് എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story