മറുതീരം തേടി: ഭാഗം 27

marutheeram thedi shiva

രചന: ശിവ എസ് നായർ

ഒട്ടേറെ നേരത്തെ ആലോചനയ്ക്കൊടുവിൽ അവന്റെ മനസ്സിലൊരു ഉപായം തെളിഞ്ഞു. ഉത്സാഹത്തോടെ സുജിത്ത് എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു. ധന്യയോട് സംസാരിച്ചുകൊണ്ട് ക്ലാസ്സിൽ ഇരിക്കുകയായിരുന്നു ആരതി. എല്ലവരും വന്ന് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. "ആരതി ഒന്ന് ഓഫീസിലേക്ക് വരൂ." തെല്ല് ഗൗരവത്തിൽ പറഞ്ഞിട്ട് അവൻ തിരികെ ഓഫീസിലേക്ക് പോയി. "വേഗം പോയിട്ട് വാ." ധന്യ അവളെ ഏറുകണ്ണിട്ടൊന്ന് നോക്കി ആക്കി ചിരിച്ചു. "ഒന്ന് പോടീ.."ധന്യയുടെ കൈയ്യിൽ നുള്ളിയിട്ട് അവൾ ഓഫീസിലേക്ക് നടന്നു. "എന്താ സുജിത്തേട്ടാ വരാൻ പറഞ്ഞത്?" "നാളെ നീ എന്റെ കൂടെ വീട്ടിലേക്ക് വരുന്നോ?" "എന്തിനാ?" "നീയല്ലേ കുറച്ചുമുൻപ് എന്നോട് നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ പറഞ്ഞത്. " "അതിന് ഞാനെന്തിനാ സുജിത്തേട്ടന്റെ വീട്ടിലേക്ക് വരുന്നത്?" "നിന്നെ എന്റെ അച്ഛനും അമ്മയ്ക്കും ആദ്യം പരിചയപ്പെടുത്തി കൊടുക്കാം. എന്നിട്ടാവാം ബാക്കിയൊക്കെ." "ഏഹ്..! ഞാൻ സുജിത്തേട്ടന്റെ കൂടെ വരുന്നത് ആരെങ്കിലും കണ്ടാൽ പ്രശ്‌നവില്ലേ?"

ആരതി തന്റെ ഭയം മറച്ച് വച്ചില്ല. "നീ വരുമെങ്കിൽ വീട്ടിൽ നിന്ന് ഞാൻ കാർ കൊണ്ട് വരാം." "എന്നാ ഞാൻ വരേണ്ടത്?" "എപ്പോ വന്നാലും ഞാൻ റെഡി." സുജിത്തിന്റെ മനസ്സിൽ പൂത്തിരി കത്തി. "ഞാനൊന്ന് ആലോചിച്ചിട്ട് പറയാം." "എന്തായാലും വേഗം വേണം." സുജിത്തിന്റെ പെരുമാറ്റത്തിൽ അവൾക്ക് നേരിയ സംശയം തോന്നി. "ഇപ്പൊ എന്താ ഇത്ര തിടുക്കം. കുറച്ചു മുൻപ് ഞാൻ ഇക്കാര്യം വന്ന് പറഞ്ഞപ്പോൾ വല്യ ഉത്സാഹമില്ലായിരുന്നല്ലോ." ആരതിയുടെ കൂർത്ത നോട്ടത്തിൽ അവനൊന്ന് പതറി. "അത് പിന്നെ.... ഇന്ന് വരുന്നവന് നിന്നെ ഇഷ്ടപ്പെട്ട് കെട്ടികൊണ്ട് പോയാൽ പിന്നെ ഞാനെന്ത് ചെയ്യും. ഞാനായിട്ട് കാര്യങ്ങൾ വൈകിപ്പിച്ച് നിന്നെ നഷ്ടപ്പെടുത്താണ്ടെന്ന് തോന്നി." "ഉം... ഞാൻ വരാം." പകുതി സമ്മതത്തിൽ അവൾ പറഞ്ഞു. "എങ്കിൽ നീ ആലോചിച്ചു ഒരു ദിവസം പറയ്യ്."

"പറയാം.. എന്തായാലും രണ്ട് ദിവസം കഴിയട്ടെ." ആരതി പിന്തിരിഞ്ഞു ക്ലാസ്സിലേക്ക് പോയി. ************** ആരതിയും ധന്യയും കമ്പ്യൂട്ടർ ക്ലാസ്സ്‌ കഴിഞ്ഞ് ഉച്ചയ്ക്ക് ഇറങ്ങി. ആരതി തയ്യൽ ക്ലാസ്സിന് വരാത്തത് കൊണ്ട് ധന്യയും ഉച്ചയ്ക്ക് ശേഷം വീട്ടിൽ പോവാൻ തീരുമാനിച്ചു. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു പെൺകുട്ടികൾ. "എടീ നിന്നെ എന്തിനാ സുജിത്തേട്ടൻ പിന്നീട് വിളിച്ചുകൊണ്ട് പോയത്. തിരക്കിനിടയിൽ ഞാനത് ചോദിക്കാൻ വിട്ടുപോയി ." ധന്യ സംസാരത്തിന് തുടക്കമിട്ടു. "നിന്നോട് അതേപറ്റി പറയാനിരിക്കുവായിരുന്നു ഞാൻ. സുജിത്തേട്ടൻ വീട്ടിലേക്ക് ചെല്ലുന്ന കാര്യം ചോദിക്കാനാ വിളിച്ചത്. ഒരു ദിവസം ഞാൻ കൂടെ ചെന്നാൽ അച്ഛനും അമ്മയ്ക്കും പരിചയപ്പെടുത്തി കൊടുക്കാമെന്ന്. എന്നിട്ട് എന്റെ വീട്ടിലേക്ക് അവരേം വിളിച്ചോണ്ട് വരാമെന്നാണ് സുജിത്തേട്ടൻ പറയുന്നത്." "എന്നിട്ട് നീയെന്ത് പറഞ്ഞു." "കൂടെ ചെല്ലാമെന്ന് സമ്മതിച്ചു. പക്ഷേ എന്ന് പോവാമെന്ന് പറഞ്ഞില്ല. എനിക്ക് ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞു."

"കൂടെ ചെന്നിട്ട് പണി കിട്ടണ്ട മോളെ. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് നിന്നേം കൂട്ടികൊണ്ട് പോകുന്നെങ്കിൽ നീ എന്ത് ചെയ്യും." "അങ്ങനെയൊക്കെ ചെയ്യാനുള്ള ധൈര്യമുണ്ടോ?" "കല്യാണം കഴിയുന്നത് വരെ സൂക്ഷിക്കണം മോളേ. എന്തെങ്കിലും ഒപ്പിച്ചുവച്ചിട്ട് നിന്നെ കയ്യൊഴിഞ്ഞാൽ എന്ത് ചെയ്യും നീ." "അങ്ങനെ കാര്യം സാധിച്ചു മുങ്ങാൻ ഞാൻ സമ്മതിച്ചിട്ട് വേണ്ടേ." "പോകുന്നെങ്കിൽ സൂക്ഷിച്ചും കണ്ടും പോയിട്ട് വാ. നിന്റെ ആഗ്രഹം പോലെത്തന്നെ ഈ കല്യാണം നടന്ന് കിട്ടട്ടെ." ധന്യ ആത്മാർത്ഥമായിതന്നെ പറഞ്ഞു. "എങ്കിൽ ശരിയെടി... ഞാൻ ഇറങ്ങുവാ. ഇന്നത്തെ വിശേഷം നാളെ വന്നിട്ട് പറയാം." ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയപ്പോൾ ആരതി എഴുന്നേറ്റു. ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ സുജിത്തിനോട് എന്ത് മറുപടിയാണ് പറയേണ്ടതെന്ന ആശങ്കയിലായിരുന്നു അവളുടെ മനസ്സ്. വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ മുരളി ഉമ്മറത്തെ അര ഭിത്തിയിലിരുന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നത് ആരതി കണ്ടു. അച്ഛന്റെ മുഖത്തെ നിരാശ അവളെ ആശയകുഴപ്പത്തിലാക്കി.

"എന്ത് പറ്റി അച്ഛാ?" ചെരുപ്പഴിച്ചു വച്ചിട്ട് ആരതി അച്ഛന്റെ അടുത്തായി വന്നിരുന്നു. "അവരിന്ന് വരില്ല മോളെ. പയ്യന്റെ അമ്മാവനാ ഇപ്പൊ വിളിച്ചത്." മുരളിയുടെ വാക്കുകൾ കേട്ട് അവളുടെ ഉള്ളം തുടിച്ചു. "അതെന്താ അച്ഛാ..." തന്റെ സന്തോഷം മറച്ച് പിടിച്ച് അവൾ ചോദിച്ചു. "അവരിങ്ങ് എത്തുമ്പോൾ മൂന്നു മണി ആകും. മൂന്നു മണിക്ക് രാഹുകാലം തുടങ്ങും. നല്ല കാര്യങ്ങളൊന്നും ആ സമയത്ത് ചെയ്തൂടന്ന്. അതുകൊണ്ട് അവർ വേറൊരു ദിവസം വരാന്ന് ഇപ്പൊ വിളിച്ചു പറഞ്ഞു. "ശൊ.. എന്റെ ഒരു ദിവസത്തെ ക്ലാസ്സ്‌ പോയി." "ഇനിയിപ്പോ അവരോട് ഏതെങ്കിലും അവധി ദിവസം നോക്കി വരാൻ പറയാം. ഇതിന്റെ പേരിൽ നിന്റെ ക്ലാസ്സ്‌ കളയണ്ട. നാല് മാസം കൂടി കഴിഞ്ഞാൽ നിന്റെ കമ്പ്യൂട്ടർ ക്ലാസ്സ്‌ കഴിയില്ലേ?" "ആഹ് കഴിയും അച്ഛാ." അവളുടെ സ്വരത്തിൽ വേദന കലർന്നിരുന്നു. "അത് കഴിഞ്ഞു എന്താ നിനക്ക് അടുത്ത് പഠിക്കാനുള്ളത്." "അവിടെ ടാലിയും പഠിപ്പിക്കുന്നുണ്ട്. കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞു അതിന് പോണമെന്നുണ്ട്." ആരതി പ്രതീക്ഷയോടെ അച്ഛനെ നോക്കി.

"നിനക്ക് ഇഷ്ടമുള്ളത് വരെ പഠിച്ചോ. തോറ്റുപോവാതെ പഠിച്ച് ജയിച്ചാൽ മതി." "ഉം... അതൊക്കെ ജയിച്ചോളാം. ഞാൻ പോയി ചോറ് കഴിക്കട്ടെ. അമ്മ രാവിലെ തന്ന് വിട്ടത് ബാഗിലിരിക്കയാ." "ഹാ മോള് പോയി കഴിക്ക്. ഞാൻ കടയിലോട്ട് പോവാ. അവര് വരുമെന്ന് കരുതി അടച്ചിട്ട് വന്നതാ." ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കൊണ്ട് മുരളി പറഞ്ഞു. "അച്ഛൻ കഴിച്ചോ?" "ഞാൻ വന്നപ്പോൾ തന്നെ കഴിച്ചു. അമ്മയോട് ഞാൻ ഇറങ്ങീന്ന് പറഞ്ഞേക്ക്." "പറയാം അച്ഛാ... വൈകുന്നേരം വരുമ്പോൾ കവലയിൽ നിന്ന് പരിപ്പ് വട മറക്കണ്ട." ആരതി വിളിച്ചു പറഞ്ഞു. "ആ... ശരി ശരി.." ഇടവഴിയിലേക്ക് ഇറങ്ങി മുരളി നടന്ന് മറഞ്ഞതും ആരതി ബാഗുമെടുത്ത് അകത്തേക്ക് ഓടി. കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞാൽ പിന്നെ സുജിത്തിനെ നേരിട്ട് കാണാൻ പറ്റില്ലല്ലോയെന്ന വിഷമത്തിലായിരുന്നു അവൾ. ഇപ്പൊ ആ പ്രശ്നത്തിനും പരിഹാരമായിരിക്കുന്നു. കോഴ്സ് തീരുമ്പോഴേക്കും കല്യാണം നടക്കുവാണേൽ ടാലി ക്ലാസ്സിന് പോവണ്ടായെന്നും അവൾ മനസ്സിൽ കണക്ക് കൂട്ടി. **************

അന്ന് ആതിരയ്ക്ക് രാവിലെ ആയിരുന്നു ഡ്യൂട്ടി ടൈം. അവൾ കുളിച്ചൊരുങ്ങി ഹോസ്പിറ്റലിൽ പോവാൻ ഇറങ്ങുമ്പോൾ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വരുകയായിരുന്നു ആൽഫി. അവനോട് യാത്ര പറഞ്ഞു ആതിര ഡ്യൂട്ടിക്ക് പോയി. ചില ദിവസങ്ങളിൽ രണ്ടുപേർക്കും രണ്ട് സമയത്താണ് ഡ്യൂട്ടി കിട്ടാറുള്ളത്. അതുകൊണ്ട് പരസ്പരം സംസാരിക്കാൻ കിട്ടുന്ന ഇടവേളകൾ അവർക്കിടയിൽ വിരളമാണ്. എന്നിരുന്നാലും പോലും ഇരുവരും ഒരുമിച്ച് ചിലവഴിക്കാൻ സമയം കണ്ടെത്തിയിരുന്നു. കൊച്ചു കൊച്ചു സൗന്ദര്യ പിണക്കങ്ങളൊക്കെയായി സന്തോഷത്തോടെയാണ് അവരുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. വൈകുന്നേരം വീണ്ടും ഡ്യൂട്ടിക്ക് കയറിനുള്ളതിനാൽ ആഹാരം കഴിക്കാനൊന്നും നിൽക്കാതെ ആൽഫി വേഗംതന്നെ ഉറങ്ങാനായി കിടന്നു. ഉച്ചയ്ക്ക് അവന്റെ ഫോണിൽ വന്ന ആതിരയുടെ കാളുകൾ ഒന്നും അവൻ അറിഞ്ഞതേയില്ല. ഫോൺ സൈലന്റ് മോഡിലും ആയിരുന്നു. വൈകുന്നേരം, വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് ആൽഫി ഉറക്കമുണരുന്നത്.

"ഇതാരാ ഈ സമയത്ത്." പിറുപിറുത്ത് കൊണ്ട് അവൻ ഫോണെടുത്ത് സമയം നോക്കിയപ്പോൾ നാലര കഴിഞ്ഞിരുന്നു. ഇത്രയും നേരം താനുറങ്ങിപ്പോയോ എന്നോർത്ത് അവൻ അത്ഭുതപ്പെട്ടു. അപ്പോഴാണ് ആതിരയുടെ ഇരുപതോളം മിസ്സ്ഡ് കാൾസ് ആൽഫി കാണുന്നത്. അവളെ തിരിച്ചുവിളിക്കാൻ തുടങ്ങുമ്പോൾ വാതിലിൽ വീണ്ടും മുട്ട് കേട്ടു. ഒപ്പം ആതിരയുടെ ശബ്ദവും. "ആൽഫീ... വാതില് തുറക്ക്." ആതിരയാണ് വാതിലിൽ തട്ടുന്നതെന്ന് അറിഞ്ഞതും അവൻ കിടക്കയിൽ നിന്നും വേഗം എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. "നീയെന്താ ആതി ഇന്ന് പതിവില്ലാതെ നേരത്തെ? എന്ത് പറ്റി സുഖമില്ലേ?" പനിയുണ്ടോന്ന് അറിയാൻ ആൽഫി അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി. "ഞാൻ നിന്നെ കുറേ വിളിച്ചിരുന്നു. ഫോൺ എടുക്കതായപ്പോൾ തോന്നി, സൈലന്റ് മോഡിൽ ഇട്ടിട്ട് ഉറക്കമായിരിക്കുമെന്ന്." ആതിര അകത്തേക്ക് കയറി. "ആടി... ഫോൺ സൈലന്റ് ആയിരുന്നു. നീ ഇപ്പൊ വന്ന് വിളിച്ചപ്പോഴാ ഉണരുന്നത്." "അപ്പൊ ഇതുവരെ ഒന്നും കഴിച്ചില്ലേ?"

"ഇല്ല... ഇനി നമുക്ക് ഒരുമിച്ച് കഴിക്കാം." ആൽഫി വാതിലടച്ച് അവളുടെ അടുത്തേക്ക് വന്നു. "അതേ... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. അത് പറയാനാ ഞാൻ കുറേ തവണ വിളിച്ചത്. നീ എടുക്കതായപ്പോ നേരിട്ട് പറയുന്നതാ നല്ലതെന്ന് കരുതി ഒരു ഓട്ടോ വിളിച്ച് ഞാനിങ്ങ് പോന്നു." "എന്താ ആതി?" അവന്റെ സ്വരം ഗൗരവം പൂണ്ടു. "ഇന്ന് ഹോസ്പിറ്റലിൽ വച്ച് എനിക്ക് ചെറിയൊരു ക്ഷീണവും തലകറക്കവും ഉണ്ടായി." "ഏഹ്... എന്നിട്ട് നിനക്കെന്തെങ്കിലും പറ്റിയോ? ഡോക്ടറെ കാണിച്ചില്ലേ." ആൽഫി അവളുടെ അരികിലായി ഇരുന്നു. "ക്ഷീണം ഉണ്ടായിരുന്നു. കുറച്ചു നേരം കിടന്നപ്പോ മാറി. ഇന്നിനി ഡ്യൂട്ടി ചെയ്യണ്ട, വീട്ടിൽ പൊയ്ക്കോന്ന് മാനേജർ സർ പറഞ്ഞോണ്ട് ഞാൻ നേരത്തെ ഇറങ്ങി." ആതിര പറഞ്ഞു. "ഡോക്ടറെ കാണിച്ചിട്ട് എന്താ പറഞ്ഞേ? പ്രെഷർ കുറഞ്ഞതാണോ?" "അല്ല.." "പിന്നെ?" ആൽഫി ചോദ്യഭാവത്തിൽ അവളെ നോക്കി. "ദാ... നീ തന്നെ വായിച്ചു നോക്ക്." ബാഗിൽ നിന്നും ലാബ് റിപ്പോർട്ട് എടുത്ത് ആതിര അവന് നേരെ നീട്ടി. ആൽഫി റിപ്പോർട്ട്‌ വാങ്ങി വായിച്ചു നോക്കി.

ഒരുവേള അവന്റെ കണ്ണുകൾ ആ വാചകത്തിൽ ഉടക്കി നിന്നു. യൂറിൻ ടെസ്റ്റ്‌ പോസറ്റീവ് എന്നായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. "ആതി... ഇത്... ഇത് സത്യമാണോ?" അവിശ്വസനീയതയോടെ ആൽഫി അവളെ നോക്കി. "ഉം.. സത്യമാണ്. 5 വീക്സ് ജസ്റ്റ്‌ ആയിട്ടേയുള്ളു." "എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല." "എനിക്കും... നമ്മൾ സേഫ്റ്റി എടുത്തിരുന്നതല്ലേ. എന്നിട്ടും എങ്ങനെയോ എവിടെയോ മിസ്സായി. നാല് ദിവസം മുൻപ് പീരിയഡ്‌സ് ആവാത്തോണ്ട് ചെറിയൊരു ഡൌട്ട് ഉണ്ടായിരുന്നു. ഇന്ന് ഹോസ്പിറ്റലിൽ വച്ച് ഒന്ന് ടെസ്റ്റ്‌ ചെയ്യാൻ ഇരുന്നപ്പോഴാ ക്ഷീണവും തലചുറ്റലും വന്നത്." "ഇനി അങ്ങോട്ട്‌ നന്നായി ശ്രദ്ധിക്കണം നീ." "നമ്മുക്കിത് വേണോ ആൽഫീ... ഇപ്പൊ ആണെങ്കിൽ ഒരു ഹാർട്ട് ബീറ്റ് പോലും വന്ന് തുടങ്ങുന്നേ ഉണ്ടാവുള്ളു. ഇപ്പോഴേ നമുക്ക് കുട്ടികൾ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ലേ നമ്മൾ." "നീയെന്താ പറഞ്ഞു വരുന്നത്?" "ഈ കുഞ്ഞ് നമുക്ക് വേണ്ട. അബോർഷൻ ചെയ്യാം. ഇപ്പൊ ആണെങ്കിൽ ഒരു ടാബ്ലറ്റ് കഴിച്ചാൽ മതി."

"അത് വേണ്ട ആതി.. ഞാൻ സമ്മതിക്കില്ല." "ആൽഫീ.." ഞെട്ടലോടെ അവൾ വിളിച്ചു. "ഈ കുഞ്ഞിനെ ദൈവം ആയിട്ടാണ് നമുക്ക് തന്നത്. അതിനെ നശിപ്പിക്കണ്ട ആതി. നമ്മൾ സേഫ്റ്റി എടുത്തിട്ടും കൂടി നീ പ്രെഗ്നന്റ് ആയെങ്കിൽ ഇത് ഈശ്വരൻ കനിഞ്ഞു നൽകിയ കുഞ്ഞാണ്. ഇതിനെ നമ്മൾ നശിപ്പിച്ചാൽ നമുക്കിനിയൊരു കുഞ്ഞുണ്ടായില്ലെങ്കിലോ?" "പക്ഷേ ആൽഫീ... നമ്മുടെ അവസ്ഥ നിനക്കും അറിയാവുന്നതല്ലേ. ഇപ്പോൾ തന്നെ ജീവിക്കാൻ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ നമ്മൾ പെടുന്ന കഷ്ടപ്പാട് നീ കാണുന്നില്ലേ. അതിന്റെ കൂടെ ഒരു കുഞ്ഞിനെ കൂടെ... എനിക്ക് വയ്യ." "ഇതൊക്കെ ഒരു എസിക്യൂസ്‌ ആണോ ആതി." ആൽഫിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. "നീ എന്തൊക്കെ പറഞ്ഞാലും എനിക്കിപ്പോ പ്രസവിക്കണ്ട. കുറച്ചു പ്രാക്ടിക്കലായി ചിന്തിക്ക് ആൽഫീ." ആതിര ദേഷ്യപ്പെട്ട് ബാഗും വലിച്ചെറിഞ്ഞ് റൂമിലേക്ക് പോയി...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story