മറുതീരം തേടി: ഭാഗം 28

marutheeram thedi shiva

രചന: ശിവ എസ് നായർ

"നീ എന്തൊക്കെ പറഞ്ഞാലും എനിക്കിപ്പോ പ്രസവിക്കണ്ട. കുറച്ചു പ്രാക്ടിക്കലായി ചിന്തിക്ക് ആൽഫീ." ആതിര ദേഷ്യപ്പെട്ട് ബാഗും വലിച്ചെറിഞ്ഞ് റൂമിലേക്ക് പോയി. അവൾ വലിച്ചെറിഞ്ഞിട്ട് പോയ ബാഗും എടുത്ത് ആൽഫി പിന്നാലെ ചെന്നു. "ആതി... നീ ഞാൻ പറയുന്നതൊന്ന് ക്ഷമയോടെ കേൾക്ക്." അവനവളെ അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തി. "എനിക്കൊന്നും കേൾക്കണ്ട." ആതിര തന്റെ ഇരു ചെവികളും പൊത്തിപിടിച്ചു. "ആതി.. പ്ലീസ്... " അവളുടെ കൈകളെ കൂട്ടിപ്പിടിച്ചുകൊണ്ട് യാചിക്കും പോലെ അവനവളെ നോക്കി. "എന്താ നിനക്ക് പറയാനുള്ളത്?" "ആതി... ഇത് നമ്മുടെ കുഞ്ഞല്ലേടി. നമ്മുക്കീ കുഞ്ഞിനെ പൊന്നുപോലെ വളർത്താൻ പറ്റുമെടി. ഇപ്പൊ ദൈവം തന്ന സൗഭാഗ്യത്തെ പിൻകാല് കൊണ്ട് തട്ടിയെറിഞ്ഞാൽ ഒരുപക്ഷേ പിന്നീട് നമ്മൾ ആഗ്രഹിച്ചാൽ പോലും നമുക്ക് ഇനിയൊരു കുഞ്ഞുണ്ടായെന്ന് വരില്ല." "എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല ആൽഫി. പക്ഷേ നമ്മുടെ സിറ്റുവേഷൻ നീയെന്താ മനസ്സിലാക്കാത്തത്. ഇപ്പൊതന്നെ ജീവിച്ചു പോകാൻ നല്ല ബുദ്ധിമുട്ടുന്നുണ്ട്.

നമ്മുടെ വീട്ടുകാർ ആരും കൂടെയില്ല, ആരുടെയും സപ്പോർട്ടും നമുക്കില്ല. ഒൻപത് മാസക്കാലം ഒരു കുഞ്ഞിനെ വയറ്റിൽ ചുമന്ന് പ്രസവിക്കുകയെന്നത് അത്ര നിസ്സാര കാര്യമല്ലെന്ന് നിനക്കും അറിയാലോ. അത്‌ കഴിഞ്ഞും ആവശ്യങ്ങൾ ഒരുപാടുണ്ട്." "അതൊക്കെ എനിക്കറിയാം. ആരോരും തുണയില്ലാത്തവർ പോലും മക്കളെ പ്രസവിച്ചു വളർത്തുന്നില്ലേ. പിന്നെ നമുക്കെന്താ പറ്റാത്തത്. കുഞ്ഞ് ഉണ്ടാവുമ്പോൾ നമുക്ക് അമ്മാമ്മയെ കൂടെ നിർത്താം. അതുപോലെതന്നെ ഈ കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ എന്റെ വീട്ടുകാർ പോലും പിണക്കം മറന്ന് നമ്മളെ തിരികെ വിളിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്." "ഈ കുഞ്ഞിനെ നമുക്ക് വേണമെന്ന് നിനക്ക് അത്ര നിർബന്ധമാണോ?" "നിനക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ ഫോഴ്സ് ചെയ്യില്ല ആതി." ദുഃഖത്തോടെ അവനത് പറയുമ്പോൾ ആതിര ധർമ്മ സങ്കടത്തിലായി.

"നിന്റെ വീട്ടുകാരെ മിസ്സ്‌ ചെയ്യുന്നുണ്ടോ ആൽഫി." "ഇടയ്ക്കൊക്കെ... നിനക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് പപ്പേടേം മമ്മിയുടേം മുഖമാണ്. മമ്മിയുടെ വയറ്റിൽ ഞാൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവരും എത്ര സന്തോഷിച്ചിട്ടുണ്ടാവും. നമ്മുടെ കുഞ്ഞിനെ നശിപ്പിക്കാൻ മനസ്സ് വരുന്നില്ല ആതി. അതുകൊണ്ടാ ഞാൻ... വഴക്കുണ്ടാക്കി ഇറങ്ങി വന്നെങ്കിലും അവരിപ്പോ എന്നെയോർത്ത് വിഷമിക്കുന്നുണ്ടാകും. നീയെന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിട്ടുണ്ടെന്ന് അറിയുമ്പോൾ നിന്നോടുള്ള ദേഷ്യവും കുറയും. ഒരുപക്ഷേ കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ പിണക്കം മറന്ന് അവരോടി വരും. നിന്നെയും കൂടി അവർ സ്വീകരിക്കാൻ ഈ കുഞ്ഞാണ് ഏക പോംവഴി." ആൽഫിയുടെ ശബ്ദമൊന്നിടറി. "അതൊക്കെ ശരി തന്നെ... ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ കാശിന് കാശ് തന്നെ വേണ്ടേ. കുഞ്ഞ് കൂടി വന്നാൽ നമ്മൾ വിചാരിക്കുന്നിടത്തൊന്നും ചിലവ് നിൽക്കില്ല." "മൂന്നു മാസം കൂടി കഴിഞ്ഞാൽ നമുക്ക് സാലറി കുറച്ചുകൂടി കൂട്ടുമല്ലോ.

പിന്നെ കുഞ്ഞുണ്ടായ ശേഷം ഞാനെന്തെങ്കിലും പാർട്ട്‌ ടൈം ജോബ് കൂടി നോക്കാം." ആവേശത്തോടെയുള്ള അവന്റെ സംസാരം കേട്ടപ്പോൾ വാടിയ ഒരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി. "ഈ സമയം ഹാപ്പി ആയിട്ട് ഇരിക്കെടി. കുറച്ചു ദിവസം നിനക്ക് വിഷമം തോന്നും. പിന്നെ അതൊക്കെ അങ്ങ് മാറും. ഞാനല്ലേ പറയണേ. കുഞ്ഞിനോട്‌ ഇഷ്ടക്കുറവ് ഉണ്ടായിട്ടല്ലല്ലോ നീ അബോർഷൻ ചെയ്യാമെന്ന് പറഞ്ഞത്. നമ്മുടെ സാമ്പത്തിക ഞെരുക്കമൊക്കെ ഓർത്തിട്ടല്ലേ. അതിനൊക്കെ ഞാൻ പരിഹാരം കണ്ടെത്തിക്കൊള്ളാം. നീ സങ്കടപ്പെടാതിരിക്ക്." ആൽഫി അവളെ നെഞ്ചോരം അണച്ചുപിടിച്ച് നെറുകയിൽ ചുണ്ടുകൾ അമർത്തി. "ഈ... കുഞ്ഞ്.... വളരട്ടെ. ഞാൻ പ്രസവിച്ചോളാം. നീ പറഞ്ഞ പോലെ ദൈവം നമുക്ക് ആദ്യമായി തന്നതല്ലേ ഈ കുരുന്നിനെ. ഈ കുഞ്ഞ് കാരണം നിനക്ക് നിന്റെ അച്ഛനെയും അമ്മയെയും തിരിച്ചു കിട്ടിയാൽ സന്തോഷമേയുള്ളൂ."

ആതിരയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. "കരയല്ലേ ആതി... നിനക്ക് ഞാനില്ലേ. ഇപ്പൊ നമുക്ക് നമ്മുടെ കുഞ്ഞില്ലേ." ഇരുവരും ആലിംഗനബദ്ധരായി നിമിഷങ്ങളോളം നിന്നു. അവന്റെ അധരങ്ങൾ അവളുടെ കണ്ണുനീരിനെ ഒപ്പിയെടുത്തു. ************** നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ ആറുമണിയോടെ ആൽഫി ഹോസ്പിറ്റലിലേക്ക് പോയി. ആതിരയെ തനിച്ചാക്കി പോവാൻ അവന് മനസ്സ് വരുന്നുണ്ടായിരുന്നില്ല. ഡ്യൂട്ടിക്കിടയിൽ ഇടയ്ക്കിടെ ആൽഫി അവളെ വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ സഹികെട്ട് ആതിര രണ്ട് വഴക്ക് കൊടുത്തപ്പോഴാണ് അവൻ ഡ്യൂട്ടിയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. താൻ പ്രെഗ്നന്റ് ആയ വിവരം അമ്മാമ്മയെ വിളിച്ചറിയിക്കണമെന്ന ഉദ്ദേശത്തോടെ ആതിര, ഫോണെടുത്ത് ഭാർഗവി അമ്മയെ വിളിച്ചു. "ഡ്യൂട്ടി കഴിഞ്ഞ് വന്നോ മോളെ നീ.?" "ആ അമ്മാമ്മേ. ആൽഫിക്ക് നൈറ്റ് ഡ്യൂട്ടിയാ.

ആറുമണിയായപ്പോ അവൻ പോയി." "വല്യമ്മയും പിള്ളേരും എന്ത് ചെയ്യുവാ?" "സുമതി പിള്ളേരെ പഠിപ്പിക്കുവാ. നീ എന്തെങ്കിലും കഴിച്ചോ?" "രാവിലെ വച്ച ചോറ് കുറച്ചു ബാക്കിയിരിപ്പുണ്ടായിരുന്നു. ഞാൻ അതെടുത്ത് കഴിച്ചു. ഞാനിപ്പോ അമ്മാമ്മയെ വിളിച്ചത് വേറൊരു കാര്യം പറയാനാ." "എന്താ മോളെ.." ഭാർഗവി ഫോൺ ചെവിയിലേക്ക് ചേർത്ത് വച്ചു. "ഞാൻ ഗർഭിണി ആണ് അമ്മാമ്മേ. ഇന്നാ അറിഞ്ഞത്. കഷ്ടിച്ച് ഒരു മാസം ആയിട്ടേയുള്ളു." "സത്യാണോ മോളേ.. " "ആണ്... ഹോസ്പിറ്റലിൽ വച്ച് ക്ഷീണവും തലചുറ്റലും വന്നപ്പോൾ പരിശോധിച്ച് നോക്കി, അപ്പഴാ അറിഞ്ഞത്." "ആൽഫി അറിഞ്ഞോ?" "അറിഞ്ഞു. ഇത് അബോർഷൻ ചെയ്യാമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചില്ല. ഉടനെ ഒരു കുഞ്ഞ് വേണ്ടെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ ഇത്ര പെട്ടന്ന് ആവുമെന്ന് വിചാരിച്ചില്ല. കിട്ടിയപ്പോ അവന് വേണ്ടെന്ന് വയ്ക്കാനും പറ്റില്ലെന്ന് പറഞ്ഞു." "അയ്യോ... അതൊന്നും വേണ്ട മോളെ. ഈശ്വരനായിട്ട് തന്ന കുഞ്ഞിനെ നീ വേണ്ടെന്ന് വയ്ക്കരുത്."

"ഞങ്ങളുടെ അവസ്ഥ അമ്മാമ്മയ്ക്കറിയില്ലേ. രണ്ട് വീട്ടിലും സപ്പോർട്ട് ഇല്ല. പ്രസവം വരെ ഞാൻ എങ്ങനെയെങ്കിലും ജോലിക്ക് പോകും മതി പക്ഷേ അത് കഴിഞ്ഞു കുഞ്ഞിനെ നോക്കി ഞാൻ വീട്ടിൽ ഇരുന്നാൽ മുന്നോട്ടുള്ള ജീവിതം ബുദ്ധിമുട്ട് ആവില്ലേ. കൂടെ വന്ന് നിൽക്കാൻ ആരുണ്ട്. അമ്മാമ്മയ്ക്കും വരാൻ പറ്റില്ലല്ലോ. അതൊക്കെ ഓർത്തിട്ടാ ഞാൻ.... " പറഞ്ഞു വന്നത് പകുതിയിൽ നിർത്തി അവൾ അമ്മാമ്മയുടെ മറുപടിക്കായി കാതോർത്തു. "നിന്റെ കൂടെ ഞാൻ വന്ന് നിൽക്കാം മോളെ. ഇവിടെ എല്ലാരോടും നിന്റെ കല്യാണം നടത്തി വച്ചത് പറഞ്ഞിട്ട് അങ്ങോട്ട്‌ വന്ന് നിന്നാലോന്നുള്ള ആലോചനയിലാണ് ഞാൻ. സുമതിയും പിള്ളേരും ഒറ്റയ്ക്ക് നിന്ന് പഠിക്കട്ടെ. ഇപ്പൊ എന്റെ ആവശ്യം നിനക്കല്ലേ." "അമ്മാമ്മ വരുമോ?" ആഹ്ലാദത്തോടെ അവൾ ചോദിച്ചു.

"അടുത്ത മാസം നിന്റെ അടുത്തേക്ക് വരും ഞാൻ. ഇപ്പൊ മുറ്റത്ത്‌ തെന്നി വീണിട്ട് കാലിന് നീരായി ഇരിക്കാ, നടക്കാൻ വയ്യ. ഇത്തിരിയൊന്ന് ഭേദമായിട്ട് ഭാരതിയുടെ അടുത്തേക്ക് പോണം. എന്നിട്ട് കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം നിങ്ങൾ രണ്ടാളും കൂടെ ഇങ്ങോട്ട് വന്നിട്ട് എന്നെ കൂട്ടികൊണ്ട് പൊയ്ക്കോ." "അമ്മാമ്മയ്ക്ക് കാല് വയ്യെന്ന് എന്നോട് പറഞ്ഞില്ലല്ലോ. എന്നാ വീണത്." "വീണിട്ട് ഒരാഴ്ചയായി. നിന്നെ കൂടെ വിഷമിപ്പിക്കണ്ടെന്ന് കരുതിയാ പറയാത്തത്." "ഇപ്പൊ കാലിന് എങ്ങനെയുണ്ട് അമ്മാമ്മേ. വേദന കുറഞ്ഞോ?" "കുറവുണ്ട് മോളെ. പിന്നെ ഈ സമയത്ത് നല്ലപോലെ ശ്രദ്ധിക്കണം കേട്ടോ. അതുപോലെ സമയത്തിന് ആഹാരവും കഴിച്ചോണം." "അതൊക്കെ ചെയ്തോളാം. അമ്മാമ്മ എത്രയും പെട്ടന്ന് ഇങ്ങോട്ട് വരാൻ നോക്ക്. ഞാനും ആൽഫിയും അമ്മാമ്മയെ വിളിക്കാൻ വരുന്നുണ്ട്." "എന്ന് വരണോന്ന് ഞാൻ പറയാം. മോള് പോയി കിടക്ക്. രാവിലെ ഡ്യൂട്ടിക്ക് പോണ്ടേ." "മ്മ്മ് പോണം. എന്നാ ശരി അമ്മാമ്മേ ഞാൻ വയ്ക്കുവാ." ആതിര കാൾ കട്ട്‌ ചെയ്തിട്ട് ഉറങ്ങാനായി കിടന്നു. അമ്മാമ്മ ഒപ്പം വന്ന് നിൽക്കുമെങ്കിൽ പകുതി സമാധാനം കിട്ടുമെന്ന് അവളോർത്തു.

പിന്നെ കാശിന് നല്ല ബുദ്ധിമുട്ട് വന്നാൽ തൽക്കാലത്തേക്ക് കാതിൽ കിടക്കുന്ന കമ്മലും കയ്യിലെ മോതിരവും പണയം വയ്ക്കാമെന്ന് അവൾ വിചാരിച്ചു. ************** ആരതിക്ക് വന്ന പെണ്ണുകാണൽ അതിനോടകംതന്നെ മുടങ്ങി പോയിരുന്നു. മുരളി പറഞ്ഞതിനേക്കാൾ കൂടുതൽ സ്ത്രീധന തുക മറ്റാരോ പറഞ്ഞപ്പോൾ ആരതിയെ കാണാൻ വരാനിരുന്ന കൂട്ടർ അങ്ങോട്ടേക്ക് പോയി. മുരളിക്ക് അത് വലിയ മനപ്രയാസമുണ്ടാക്കി. പക്ഷേ ആരതിക്ക് സന്തോഷിക്കാനുള്ള വകയായിരുന്നു അത്. ആദ്യത്തെ ആലോചന പാതിവഴിയിൽ മുടങ്ങിയതിന്റെ പേരിൽ ഇനി കുറച്ചുനാളത്തേക്ക് വിവാഹാലോചന കൊണ്ട് വരണ്ടെന്ന് അവൾ മുരളിയോട് പറഞ്ഞപ്പോൾ അയാൾക്കതിന് സമ്മതം മൂളേണ്ടി വന്നു. മൂന്നുമാസം കൂടി കഴിഞ്ഞിട്ട് കമ്പ്യൂട്ടർ കോഴ്സ് തീരുമ്പോൾ സുജിത്തിനൊപ്പം അവൻ പറഞ്ഞത് പോലെ വീട്ടിൽ പോകാമെന്ന് ആരതി തീരുമാനിച്ചു. കാര്യങ്ങൾ നേരായ വഴിക്ക് തന്നെ പോകട്ടെയെന്നായിരുന്നു അവളുടെ ആഗ്രഹവും. ദിവസങ്ങൾ പിന്നെയും കടന്നുപോയി.

ആൽഫിയും ആതിരയും അവർക്കിടയിലുണ്ടായ ചെറിയ വഴക്ക് പോലും പെട്ടന്ന് പരിഹരിച്ച് കുഞ്ഞെന്ന തീരുമാനവുമായി മുന്നോട്ട് പോയി. പ്രെഗ്നന്റ് ആയതിനാൽ സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ആതിരയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് ഹോസ്പിറ്റൽ ഡ്യൂട്ടി വലിയ ബുദ്ധിമുട്ട് കൂടാതെ ചെയ്യുവാൻ അവൾക്ക് സാധിച്ചു. ഒപ്പം എന്തിനും ഏതിനും ആൽഫിയുടെ പരിചരണം കൂടി ആയപ്പോൾ ആതിര മാനസികമായും ശാരീരികമായും കുഞ്ഞിനെ ഉൾകൊള്ളാൻ തുടങ്ങിയിരുന്നു. ************ അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. രാവിലെ മുതൽ മഴ തോരാതെ പെയ്യുകയാണ്. രാവിലെതന്നെ ഭാരതിയുടെ വീട്ടിലേക്ക് പോകാനായി റെഡിയായി നിൽക്കുകയായിരുന്നു ഭാർഗവി അമ്മ. കനത്ത മഴ കാരണം പുറത്തേക്കിറങ്ങാൻ വയ്യാതെ മഴ തോരുന്നതും കാത്ത് അവർ അക്ഷമയോടെ ഇരിക്കുകയാണ്. "അമ്മയ്ക്ക് ഇന്ന് തന്നെ ഭാരതിയുടെ അടുത്തേക്ക് പോണോ? കണ്ടില്ലേ, നല്ല മഴയാ. ഇന്ന് തോരുമെന്ന് തോന്നുന്നില്ല."

വരാന്തയിൽ മഴ കണ്ട് ഇരുന്ന ഭാർഗവി അമ്മയ്ക്കരികിലേക്ക് വന്നിരുന്ന് കൊണ്ട് സുമതി ചോദിച്ചു. "കുറച്ചു കഴിയുമ്പോ തോരും മോളെ. അപ്പൊ ഞാൻ അവൾക്കടുത്തേക്ക് പൊയ്ക്കോളാം. ഇന്നുതന്നെ പോയില്ലെങ്കിൽ ശരിയാവില്ല. കുറേ നാളായി വിചാരിക്കുന്നു അങ്ങോട്ട്‌ പോണംന്ന്." "ഈ വയ്യാത്ത കാലുവച്ച് നടക്കാനും ബസിൽ കയറാനുമൊക്കെ അമ്മയ്ക്കാവുമോ. ഇതുവരെ കാലിന്റെ വേദന നല്ലപോലെ മാറിയിട്ടില്ലല്ലോ." സുമതി അവരുടെ കാലിൽ തൊട്ടുനോക്കി. "ഇത്തിരി പ്രയാസപ്പെട്ടിട്ടായാലും നടക്കുന്നതിന് കുഴപ്പമില്ല മോളെ. വേഗത്തിൽ നടക്കാനൊന്നും പറ്റില്ലെന്നേയുള്ളൂ." "അമ്മയ്ക്ക് പോയേ പറ്റൂന്നാണെങ്കിൽ ഞാനെന്ത് പറയാനാ. സൂക്ഷിച്ചു പോയിട്ട് വാ." സുമതി എഴുന്നേറ്റ് അകത്തേക്ക് പോയി. വൈകുന്നേരം ഇത്തിരി മഴ കുറഞ്ഞെന്ന് കണ്ടപ്പോൾ ഭാർഗവി അമ്മ കുടയും എടുത്തുകൊണ്ട് ഭാരതിയുടെ അടുത്തേക്ക് പോകാനായിറങ്ങി. സുമതിയുടെ വീടിന് അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് ബസ് കയറിയ അവർ ഭാരതിയുടെ വീട്ടിലേക്ക് പോകുന്ന കവലയിൽ ഇറങ്ങി.

നല്ല ചാറ്റൽ മഴയുണ്ടായിരുന്നത് കൊണ്ട് ഭാർഗവി അമ്മ കുടയെടുത്ത് നിവർത്തി പിടിച്ചു. കാലിന് ചെറിയ വേദന അപ്പോഴുമുണ്ടായിരുന്നത് കൊണ്ട് മെല്ലെ മെല്ലെ ആണ് അവർ നടന്നിരുന്നത്. ചാറ്റൽ മഴ വീണ്ടും ശക്തി പ്രാപിക്കാൻ തുടങ്ങി. പെട്ടന്ന് വീട്ടിലെത്താൻ വേണ്ടി ഇരുവശത്ത് നിന്നും വണ്ടി വരുന്നുണ്ടോന്ന് നോക്കിയിട്ട് അവർ വേഗം റോഡ് ക്രോസ്സ് ചെയ്തു. എതിർവശത്ത് നിന്ന് സ്പീഡിൽ പാഞ്ഞുവരുന്ന കാർ ഭാർഗവി അമ്മ കണ്ടിരുന്നു. വണ്ടി അടുത്ത് എത്തുന്നതിന് മുൻപ് അപ്പുറത്ത് എത്താമെന്ന് അവർ കണക്ക് കൂട്ടി. പക്ഷേ കാലിന്റെ വേദനയും വച്ചുകൊണ്ട് വിചാരിച്ച വേഗത്തിൽ അവർക്ക് നടക്കാനായില്ല. പെട്ടന്ന് ആകാശത്ത് ശക്തമായൊരു ഇടി വെട്ടി. ഒപ്പം മഴയും ശക്തിയായി പെയ്യാൻ തുടങ്ങി. കാർ ഡ്രൈവർ, ഭാർഗവി അമ്മ ക്രോസ്സ് ചെയ്ത് പോകുമെന്ന ധാരണയിൽ സ്പീഡിൽ വരുകയാണ്. പക്ഷേ സംഭവിച്ചത് നേരെ വിപരീതമായിരുന്നു.

അവർ മറുവശത്ത് എത്തുന്നതിനുമുൻപേ ചീറി പാഞ്ഞു വന്ന വണ്ടി ഭാർഗവി അമ്മയുടെ ദേഹത്ത് ശക്തിയായി ഇടിച്ചു. റോഡിലെ വഴുക്കൽ കാരണം പെട്ടെന്ന് സഡൻ ബ്രേക്ക്‌ ചെയ്തെങ്കിലും ബ്രേക്ക് പിടിച്ചിടത്ത് കാർ നിൽക്കാത്തത് കൊണ്ട് വണ്ടി അവരെ ഇടിക്കാൻ കാരണമായത്. ഒരു നിലവിളിയോടെ വായുവിലൊന്ന് ഉയർന്നുപൊങ്ങിയ ശരീരം നിലത്ത് ശിരസ്സിടിച്ച് വീണു. തലയിൽ നിന്നും ചീറ്റിയൊഴുകിയ ചൂട് രക്തം മഴ വെള്ളത്തിൽ കലർന്നു. ഒന്ന് പിടഞ്ഞ ശേഷം പതിയെ അവരുടെ അനക്കം നിന്നു. നിമിഷങ്ങൾക്കകം ആളുകൾ ഓടിക്കൂടി. ഭാർഗവി അമ്മയുടെ അനക്കമറ്റ ശരീരം ഇടിച്ച കാറിൽ തന്നെ കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു. ************ വൈകുന്നേരം, ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ക്ഷീണം മാറ്റാനായി ഒന്ന് നടു നിവർത്തി കിടക്കുകയായിരുന്നു ആതിര. ആൽഫി, അടുക്കളയിൽ അവൾക്കുള്ള ഭക്ഷണം തയ്യാറാക്കുകയായിരുന്നു. ചൂട് ഉപ്പുമാവ് പ്ളേറ്റിലെടുത്ത് ഒരു ഗ്ലാസിൽ ചായയും കൊണ്ട് അവൻ അവൾക്കടുത്ത് വന്നിരുന്നു.

ഉപ്പുമാവും പപ്പടവും കൂട്ടി കുഴച്ച് ഓരോ ഉരുളകളായി അവൻ ആതിരയ്ക്ക് വാരികൊടുത്തുകൊണ്ടിരുന്നു. അപ്പോഴാണ് ആതിരയുടെ ഫോണിലേക്ക് മുരളിയുടെ കാൾ വന്നത്. അമ്മയായിരിക്കും വിളിക്കുന്നതെന്ന് കരുതി അവൾ വേഗം കാൾ എടുത്തു. "ഹലോ... അമ്മേ.." "ഭാരതി അല്ല ഞാനാ..." മുരളിയുടെ മുഴക്കമുള്ള ശബ്ദം കേട്ട് അവളൊന്ന് അമ്പരന്നു. "അച്ഛനോ... എ.. എന്താ അച്ഛാ..." വിക്കലോടെ അവൾ ആരാഞ്ഞു. "നാളെത്തന്നെ നാട്ടിൽ വന്നാ നിനക്ക് നിന്റെ അമ്മാമ്മയെ അവസാനമായി കണ്ടിട്ട് പോവാം." ബാധ്യത തീർക്കും പോലെ അയാൾ പറഞ്ഞു. "അയ്യോ... എന്റെ അമ്മാമ്മയ്ക്ക് എന്താ പറ്റിയെ?" ഞെട്ടലോടെ ആതിര ചോദിച്ചു. "കാർ ഇടിച്ചതാ... സംഭവ സ്ഥലത്ത് വച്ചുതന്നെ ആള് തീർന്നു. ഇനി ആരും അറിയിച്ചില്ലെന്ന പരാതി പിന്നീട് പറയണ്ടെന്ന് കരുതി വിളിച്ചെന്നേയുള്ളൂ." അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ മുരളി കാൾ കട്ട്‌ ചെയ്തു. "ആൽഫീ.." പൊട്ടികരച്ചിലോടെ ആതിര അവന്റെ നെഞ്ചിലേക്ക് വീണു....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story