മറുതീരം തേടി: ഭാഗം 29

marutheeram thedi shiva

രചന: ശിവ എസ് നായർ

 "ആൽഫീ.." പൊട്ടികരച്ചിലോടെ ആതിര അവന്റെ നെഞ്ചിലേക്ക് വീണു. "എന്താ ആതി.. അമ്മാമ്മയ്ക്ക് എന്ത് പറ്റി? അച്ഛൻ എന്താ പറഞ്ഞേ?" അവളുടെ കരച്ചിൽ കണ്ടപ്പോൾ ആൽഫിക്കും ടെൻഷനായി. "അമ്മാമ്മയ്ക്ക് ആക്‌സിഡന്റ്...പറ്റിയെന്ന്.. സംഭവ സ്ഥലത്ത്... വച്ചുതന്നെ പോയെന്നാ അച്ഛനിപ്പോ... പറഞ്ഞേ. എനിക്കെന്റെ അമ്മാമ്മയെ...കാണണം ആൽഫീ..." ഏങ്ങലടികൾക്കിടയിൽ അവൾ ഒരുവിധം കാര്യം പറഞ്ഞു. "നീ കരയാതെ. അമ്മാമ്മയ്ക്ക് ഒന്നും കാണില്ല. നിന്റെ അച്ഛനല്ലേ വിളിച്ചു പറഞ്ഞത്. അയാൾ പറഞ്ഞതൊക്കെ നീ കണ്ണുമടച്ചു വിശ്വസിച്ചോ? നീ വേറെയാരെങ്കിലും വിളിച്ചൊന്ന് ചോദിച്ചുനോക്ക്." ആൽഫിയുടെ വാക്കുകൾ കേട്ടപ്പോൾ കരച്ചിൽ നിർത്തി അവൾ അവനെയൊന്ന് നോക്കി. "അച്ഛൻ... കള്ളം പറയോ ആൽഫീ. അതും ഇങ്ങനെയൊരു നുണ പറയാനാവുമോ?" "നിന്റെ അച്ഛനല്ലേ... ഇതല്ല ഇതിനുമപ്പുറം പ്രതീക്ഷിക്കാം. ഇനി അടുത്ത ഉടായിപ്പ് ആണോന്ന് അറിയില്ലല്ലോ. നീയെന്തായാലും വേറെയാരെങ്കിലുമൊന്ന് വിളിച്ചു നോക്ക്."

"ഞാൻ വല്യമ്മയെ വിളിച്ചു നോക്കാം." കണ്ണുനീർ തുടച്ച ശേഷം മൊബൈൽ കയ്യിലെടുത്ത് അവൾ സുമതിയുടെ നമ്പറിലേക്ക് വിളിച്ചു. രണ്ടുമൂന്ന് തവണ വിളിച്ചെങ്കിലും ആരും കാൾ എടുത്തില്ല. "ആൽഫീ... വല്യമ്മ ഫോൺ എടുക്കുന്നില്ല. ഇനി അച്ഛൻ പറഞ്ഞത് പോലെ..." വാക്കുകൾ മുഴുമിക്കാനാകാതെ വിവശതയോടെ ആതിര അവനെ നോക്കി. "നാട്ടിലുള്ള വേറെ ആരുടെയെങ്കിലും നമ്പർ അറിയാമോ നിനക്ക്?" "ശിവേട്ടന്റെ നമ്പർ ഫോണിലുണ്ട്." കഴിഞ്ഞ തവണ അമ്മാമ്മ വന്നപ്പോൾ ശിവന്റെ നമ്പർ വാങ്ങി വച്ചത് നന്നായെന്ന് അവൾക്കപ്പോൾ തോന്നി. "എങ്കിൽ ശിവേട്ടനെ വിളിക്ക് നീ." ആതിര വേഗം ശിവന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. റിങ് ചെയ്ത് തീരാറായപ്പോഴാണ് ശിവൻ കാൾ എടുത്തത്. "ഹലോ ആരാണ്." ശിവന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്തൊരു സമാധാനം തോന്നി.

"ശിവേട്ടാ ഇത് ഞാനാ.. ആതിര." വിതുമ്പലടക്കി അവൾ പറഞ്ഞു. "മുരളിയേട്ടന്റെ കൈയ്യിൽ നിന്ന് നിന്റെ നമ്പർ വാങ്ങി വിളിക്കാനിരുന്നതാണ് ഞാൻ. പക്ഷേ നിന്റെ അച്ഛൻ ഞാൻ ചോദിച്ചിട്ട് നമ്പർ തന്നില്ല. കാര്യങ്ങളൊക്കെ അറിഞ്ഞുവല്ലേ." ശിവന്റെ വാക്കുകളിൽ വേദന നിഴലിച്ചു. "അച്ഛൻ കുറച്ചുമുൻപ് വിളിച്ചു പറഞ്ഞു ശിവേട്ടാ. അമ്മാമ്മയ്ക്ക് എന്താ പറ്റിയെ?" അത് ചോദിക്കുമ്പോൾ ആതിര കരഞ്ഞുപോയി. "നീയിങ്ങനെ കരയല്ലേ. വൈകുന്നേരം, ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുമ്പോ അമ്മാമ്മയെ കാർ ഇടിച്ചിട്ടിട്ടു. ഇടിച്ച കാറിൽ തന്നെ ഉടനെ ഹോസ്പിറ്റലിൽ കൊണ്ട് വരികയും ചെയ്തു. കൊണ്ട് വന്നപ്പോൾ ആളെ കിട്ടൂല, അറിയിക്കേണ്ടവരെ അറിയിച്ചോളൂന്നാ ഡോക്ടർ പറഞ്ഞത്. പക്ഷേ ഇപ്പൊ അമ്മാമ്മ അപകടനില തരണം ചെയ്തുകഴിഞ്ഞുവെന്നാണ് ഡോക്ടർ വന്ന് പറഞ്ഞത്." "സത്യാണോ ശിവേട്ടാ.. എന്റെ അമ്മാമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ. അച്ഛൻ വിളിച്ചു പറഞ്ഞത് അമ്മാമ്മ മരിച്ചുപോയെന്നാ." ഇടർച്ചയോടെ അവൾ പറഞ്ഞു. "നിന്റെ അച്ഛൻ അവർ മരിച്ച് കാണാനായിരിക്കും ആഗ്രഹിച്ചത്.

അതുകൊണ്ടല്ലേ ഇത്തരം വർത്താനം വായിൽ നിന്ന് വരുന്നത്. പിന്നെ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ഏകദേശം ആ അവസ്ഥയായിരുന്നു. പക്ഷേ ഇപ്പൊ അമ്മാമ്മയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്." "അമ്മാമ്മയിപ്പോ ഏത് ഹോസ്പിറ്റലിലാ." "ഇവിടെ അടുത്തുള്ളൊരു പ്രൈവറ്റ് ഹോസ്പിറ്റലിലാണ്. ചികിത്സാ ചിലവൊക്കെ ഇടിച്ച കാറുകാരൻ തന്നെ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ട് മെച്ചപ്പെട്ട ട്രീറ്റ്മെന്റ് തന്നെ അമ്മാമ്മയ്ക്ക് കിട്ടും." "ആരുടെ കാറാ അമ്മാമ്മയെ ഇടിച്ചത്? പോലീസ് കേസ് ആയോ?" "ഒരു ക്രിസ്റ്റിയുടെ കാർ ആണ് ഇടിച്ചത്. ആളെ പറഞ്ഞാ നിനക്കറിയില്ല. ആള് തൃശൂരുള്ളതാ, പ്രവാസിയാണ്. ലീവിന് നാട്ടിൽ വന്നപ്പോൾ ഏതോ ബന്ധുവീട്ടിൽ വന്നതാ. തിരിച്ച് പോകുന്ന വഴിയാണ് ആക്‌സിഡന്റ് ഉണ്ടായത്. അതുകൊണ്ട് തല്ക്കാലം കേസ് കൊടുക്കരുതെന്നും, അമ്മാമ്മ സുഖപ്പെടും വരെയുള്ള ചികിത്സാ ധന സഹായം ചെയ്യാമെന്നുമാണ് ക്രിസ്റ്റി പറഞ്ഞിരിക്കുന്നത്."

"ഞാനേതായാലും ഇന്ന് രാത്രി തന്നെ നാട്ടിലേക്ക് വരുവാ. അമ്മാമ്മയെ കാണാതെ ഇനിയെനിക്ക് സമാധാനം കിട്ടില്ല." "റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ വിളിച്ചാ മതി. ഞാൻ ഓട്ടോയും കൊണ്ട് വരാം." "ശിവേട്ടൻ സത്യമല്ലേ പറഞ്ഞത്. അമ്മാമ്മയ്ക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലെ." തന്റെ മനസ്സിലെ സംശയം അവൾക്ക് ചോദിക്കാതിരിക്കാനായില്ല." "മരിച്ചിട്ടില്ല... ആ ഉറപ്പേ എനിക്ക് തരാൻ പറ്റു. തലയിടിച്ച് വീണത് കൊണ്ട് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞാലേ ഡോക്ടർസും എന്തെങ്കിലും പറയു. നീ ടെൻഷനാവണ്ട. അമ്മാമ്മയ്ക്ക് ഒന്നും വരില്ല." ശിവനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "ഇപ്പൊ ഹോസ്പിറ്റലിൽ ആരുണ്ട് അമ്മാമ്മയ്ക്കൊപ്പം." "ക്രിസ്റ്റിയുണ്ട് ഇവിടെ. പിന്നെ നിന്റെ അമ്മയും വല്യമ്മയും ഐ. സി. യു വിന് മുന്നിൽ ഇരിക്കുന്നുണ്ട്. അമ്മാമ്മ അപകടനില തരണം ചെയ്‌തെന്ന് കേട്ടപ്പോൾ നിന്റെ അച്ഛൻ പുറത്തേക്കിറങ്ങി പോയതാ." "ഞാൻ വരുന്നത് വരെ ശിവേട്ടനും അവിടെ ഉണ്ടാവില്ലേ. അല്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല."

"ഞാനിവിടെ കാണും. നീ ധൈര്യമായിട്ടിരിക്ക്." "എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചു പറയണേ. ഇതാണ് എന്റെ നമ്പർ." ആതിര പറഞ്ഞു. "അത്യാവശ്യം വന്നാൽ ഈ നമ്പറിൽ ഞാൻ വിളിച്ചോളാം." "ശരി ശിവേട്ടാ..." ശിവനോട് സംസാരിച്ച് ഫോൺ വയ്ക്കുമ്പോൾ കുറച്ചു മുൻപ് അവളനുഭവിച്ച മാനസിക സംഘർഷത്തിൽ നിന്നും നേരിയൊരു ആശ്വാസം ലഭിച്ചിരുന്നു. ശിവൻ പറഞ്ഞതൊക്കെ ആതിര ആൽഫിയോട് പറഞ്ഞു. "നമുക്ക് ഇപ്പൊ തന്നെ പുറപ്പെടാം ആതി." ആൽഫി തിടുക്കപ്പെട്ട് എണീറ്റു. "അത് വേണോ ആൽഫീ. അമ്മാമ്മ ഈ അവസ്ഥയിൽ കിടക്കുമ്പോ നിന്നെയും കൊണ്ട് ഞാൻ പോയാൽ അത് ഇരട്ടി പ്രശ്നമുണ്ടാക്കും. വീട്ടിൽ ആർക്കും നമ്മുടെ വിവാഹം കഴിഞ്ഞത് അറിയില്ല. അച്ഛന് ആകെ പേടിയുണ്ടായിരുന്നത് അമ്മാമ്മയെ മാത്രമാണ്. ഇപ്പൊ അമ്മാമ്മ ഹോസ്പിറ്റലിൽ ആയോണ്ട് നമ്മളൊരുമിച്ച് കയറി ചെല്ലുമ്പോൾ എന്തായിരിക്കും അച്ഛന്റെ പ്രതികരണമെന്ന് ഊഹിക്കാൻ പോലും പറ്റില്ല." "അക്കാര്യം ഞാനോർത്തില്ല ആതി.

പക്ഷേ ഈ അവസ്ഥയിൽ ഇത്രയും ദൂരം നിന്നെ ഞാനെങ്ങനെയാ തനിച്ച് വിടുക?" "അതോർത്ത് നീ പേടിക്കണ്ട. ഞാൻ മുൻപും ഒറ്റയ്ക്ക് പോയിട്ട് വന്നിട്ടുള്ളതല്ലേ." "പക്ഷേ ഇപ്പൊ നീ ഒറ്റയ്ക്കല്ലല്ലോ. നിന്റെ വയറ്റിൽ നമ്മുടെ കുഞ്ഞും കൂടി വളരുന്നില്ലേ." "ആൽഫീ... ഒന്നൂല്ലേലും ഞാനൊരു നേഴ്സ് അല്ലെ. ഈ സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് എനിക്കും അറിയാലോ. പിന്നെ ഡോക്ടറും കുഴപ്പമൊന്നുമില്ല ബെഡ് റെസ്റ്റിന്റെ ആവശ്യമൊന്നുമില്ലെന്ന് പറഞ്ഞിട്ടില്ലേ. നീ വെറുതെ ടെൻഷനാവല്ലേ." "നിന്റെ അച്ഛൻ നിന്നെ ഉപദ്രവിക്കുവോ മറ്റോ ചെയ്താലോ." അവന്റെ ആശങ്ക വിട്ട് മാറുന്നുണ്ടായിരുന്നില്ല. "അച്ഛനിപ്പോ അതിനുള്ള ധൈര്യമൊന്നുമില്ല. പക്ഷേ നമ്മളെ ഒരുമിച്ച് കണ്ടാൽ എന്തും ചെയ്യാൻ മടിക്കില്ല. അതുകൊണ്ടാ നിന്നോട് ഞാൻ തനിച്ച് പോയിട്ട് വരാമെന്ന് പറഞ്ഞത്." "അമ്മാമ്മയെ വന്ന് കാണണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ സാഹചര്യം അതിന് അനുവദിക്കുന്നില്ലല്ലോ." വിഷമത്തോടെ ആൽഫി അവളെ നോക്കി. "നമ്മള് രണ്ടുപേരും കൂടി പോയിട്ട് അവിടെ ഒന്നും ചെയ്യാനില്ല.

എന്തായാലും എനിക്ക് കുറച്ചു ദിവസം ലീവെടുക്കേണ്ടി വരും. നീയും കൂടി ലീവായാൽ പിന്നെ നമ്മുടെ അവസ്ഥ നീയൊന്ന് ഓർത്ത് നോക്ക്." ആതിര അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "നാട്ടിൽ പോയാൽപ്പിന്നെ നീയെന്നാ മടങ്ങി വരുന്നത്." "ആദ്യം ഞാൻ ഹോസ്പിറ്റലിൽ പോയി അമ്മാമ്മയുടെ കണ്ടീഷൻ എങ്ങനെയെന്ന് നോക്കട്ടെ. എന്തായാലും എത്രയും പെട്ടന്ന് തന്നെ ഞാൻ മടങ്ങി വരും ഞാൻ." "മൂന്ന് മാസം വരെ ശ്രദ്ധിക്കേണ്ട സമയം ആണ്. ഇപ്പൊ രണ്ടര മാസം ആയിട്ടേയുള്ളൂ. ഞാൻ അടുത്തില്ലെന്ന് വച്ച് സമയത്തിന് ആഹാരം കഴിക്കാതിരിക്കരുത്. നിന്റേം നമ്മുടെ കുഞ്ഞിന്റെയു ആരോഗ്യം നന്നായി ശ്രദ്ധിക്കണം." കരുതലോടെ അവൻ പറഞ്ഞു. "ഞാനില്ലെന്ന് കരുതി നീയും ഒന്നും വച്ചുണ്ടാക്കി കഴിക്കാതിരിക്കരുത്. ഞാൻ എന്നും വിളിക്കാം." "മ്മ്മ് ശരി.. എന്നാ നീ പെട്ടന്ന് റെഡിയാവ്. നമുക്ക് വേഗം റെയിൽവേ സ്റ്റേഷനിലേക്ക് പോവാം." മനസ്സില്ലാ മനസ്സോടെ ആൽഫി, അവളെ നാട്ടിലേക്ക് പറഞ്ഞുവിടാൻ തീരുമാനിച്ചു. *************

റെയിൽവേ സ്റ്റേഷനിലെ ചാരുബഞ്ചിൽ ആൽഫിയുടെ തോളിൽ ചാരിയിരിക്കുകയാണ് ആതിര. "എടീ... ഞാനും നിന്റെ കൂടെ വരട്ടെ. നിന്നെ സ്റ്റേഷനിൽ ഇറക്കി വിട്ടിട്ട് ഞാൻ തിരിച്ചു പോരാം." അവളുടെ വിരലുകളിൽ വിരൽ കോർത്തിരുന്ന് ആൽഫി ചോദിച്ചു. "അങ്ങനെ നീ വന്നാൽ പിന്നെ ഇങ്ങോട്ട് തനിച്ച് വരണ്ടേ. അത് നിനക്ക് നല്ല സങ്കടാവും. ഞാൻ തിരിച്ചുവരുമ്പോ നിന്നെ വിളിക്കാം. അപ്പോ നീ ഷൊർണൂർക്ക് ട്രെയിൻ കയറി വാ. അതാകുമ്പോ നമുക്കൊരുമിച്ച് തിരിച്ച് വരാലോ." "മ്മ്... എങ്കിൽ അങ്ങനെ ചെയ്യാം. നിനക്കവിടെ എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കേ." "നീ വരേണ്ട ആവശ്യം വന്നാൽ ഞാൻ ഉറപ്പായും വിളിക്കും. അപ്പൊ നേരെ അങ്ങോട്ട്‌ വന്നേക്കണം നീ. ഇപ്പൊ തല്ക്കാലം ലീവ് എടുക്കാതെ ഹോസ്പിറ്റലിൽ പോകാൻ നോക്ക്. ഞാനും നീയും ഒരുമിച്ച് ലീവെടുത്താൽ പിന്നെ ഈ മാസം നമ്മൾ പെട്ട് പോവുമേ. ഇനി ചിലവുകൾ കൂടുന്ന സമയമാണ്. അതുകൊണ്ട് നീയും കൂടി ലീവെടുത്താൽ ശരിയാവില്ല. ഞാനും പെട്ടന്ന് തിരിച്ചുവരും. അമ്മാമ്മയ്ക്ക് ഒന്നും സംഭവിക്കാതിരുന്നാൽ മതിയെന്നാണ് ഇപ്പൊ എന്റെ പ്രാർത്ഥന മുഴുവൻ."

ആതിരയുടെ മിഴികൾ നിറഞ്ഞു. "അമ്മാമ്മയ്ക്ക് ഒന്നും വരില്ല, നീ വിഷമിക്കാതിരിക്ക്." ആൽഫി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവർ സംസാരിച്ചിരിക്കേ ആതിരയ്ക്ക് പോകാനുള്ള ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വന്നു നിന്നു. "ഐ വിൽ മിസ്സ്‌ യൂ.." അവന്റെ കവിളിൽ അധരങ്ങൾ അമർത്തി ആതിര പറഞ്ഞു. "ഞാനും..." കണ്ണീരുപ്പ് കലർന്നൊരു ചുംബനം അവനും അവൾക്ക് നൽകി. അപ്രതീക്ഷിതമായ ആ വിടപറച്ചിൽ ഇരുവരെയും ദുഃഖത്തിലാഴ്ത്തി. കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് ആതിര ട്രെയിനിലേക്ക് കയറി. ട്രെയിൻ മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി. വാതിൽക്കൽ നിന്ന് തലയെത്തിച്ച് ആതിര അവന് നേരെ കൈവീശി കാണിച്ചു. പ്ലാറ്റ്ഫോം അവസാനിക്കുന്നിടംവരെ ആൽഫിയും ട്രെയിനൊപ്പം ഓടി. ഒടുവിൽ തളർന്നവശനായി,

കിതപ്പോടെ ട്രെയിൻ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൻ നോക്കി നിന്നു. അതുവരെ തന്നെ പൊതിഞ്ഞു നിന്നിരുന്ന ആൽഫിയുടെ സംരക്ഷണം പെട്ടെന്നില്ലാതായപ്പോൾ അവൾക്ക് വല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു. ആതിരയ്ക്കൊന്ന് പൊട്ടിക്കരയണമെന്ന് തോന്നി. അനിവാര്യമായ ആ വിട പറച്ചിൽ അവരുടെ ജീവിതത്തെ ഏതുവിധം മാറ്റി മറിക്കുമെന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു. ഇനി തമ്മിൽ കാണുമോ എന്നൊരു ഭയവും ഇരുവരുടെയും ഉള്ളിൽ മുളപ്പൊട്ടി തുടങ്ങിയിരുന്നു. കടുത്ത അഗ്നിപരീക്ഷണങ്ങളാണ് ഇനി തനിക്ക് നേരിടേണ്ടി വരുന്നതെന്നറിയാതെ ആതിര സീറ്റിലേക്ക് ചാഞ്ഞ് കണ്ണുകൾ അടിച്ചിരുന്നു. ഇരുളിനെ കീറിമുറിച്ചുകൊണ്ട് ട്രെയിൻ അതിവേഗം കുതിച്ചുപാഞ്ഞു....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story