മറുതീരം തേടി: ഭാഗം 3

marutheeram thedi shiva

രചന: ശിവ എസ് നായർ

 തലയിണയിൽ മുഖം പൂഴ്ത്തി തന്റെ സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അവൾ ഇറക്കി വച്ചു. നാളത്തെ പുലരി അവളുടെ ജീവിതം മാറ്റി മറിക്കുന്ന സംഭവങ്ങൾക്ക് സാക്ഷിയാകാൻ കാത്തിരുന്നു. ഭാർഗവി അമ്മേടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ആതിര ഉറക്കത്തിൽ നിന്നും ഉണർന്നത്. ഭാരതിയുടെ അമ്മയാണ് ഭാർഗവി. ഭാരതിയുടെ ചേച്ചി സുമതിയുടെ കൂടെയാണ് അവരുടെ താമസം. സുമതിയുടെ ഭർത്താവ് രാജൻ ഗൾഫിലാണ്. വീട്ടിൽ മൂത്ത മോളും രണ്ട് പിള്ളേരും തനിച്ചായത് കൊണ്ടാണ് ഭാർഗവി അവരോടൊപ്പം നിൽക്കുന്നത്. രണ്ട് വർഷം കൂടുമ്പോ രാജൻ രണ്ട് മാസത്തെ ലീവിന് നാട്ടിൽ വരുമ്പോൾ ഭാർഗവി അമ്മ ആതിരയ്ക്കൊപ്പം നിൽക്കാൻ വരും. അല്ലാത്തപ്പോ വല്ലപ്പോഴും എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ മാത്രമാണ് അവർ ഇവിടേക്ക് വരാറുള്ളത്. ഇപ്പൊ വിസ തീർന്ന് രാജൻ നാട്ടിൽ എത്തിയിട്ടുണ്ട്. ഭാർഗവി വന്ന് കഴിഞ്ഞാൽ പിന്നെ പോകുന്നത് വരെ ആതിരയുടെ മുറിയാലിരിക്കും അവരുടെ കിടത്തം.

അവളോട് ഇത്തിരിയെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്നതും ചേർത്ത് പിടിക്കുന്നതും അവർ മാത്രമാണ്. അവൾക്കായി എന്തെങ്കിലും കൊടുക്കാനും ഭാർഗവി അമ്മയെ ഉള്ളു. മറ്റ് ബന്ധുക്കൾക്കൊന്നും ആതിരയെ ഇഷ്ടമല്ല. വിവാഹം, പാൽ കാച്ചൽ, നൂലുകെട്ട് പോലുള്ള ശുഭ കാര്യങ്ങൾക്കൊന്നും അവളെ ആരും ക്ഷണിക്കാറുമില്ല വീട്ടിൽ നിന്ന് കൊണ്ട് പോവുകയുമില്ല. എല്ലാവർക്കും അവൾ അപശകുനമാണ്. ചെല്ലുന്നിടം പെണ്ണ് മുടിക്കുമെന്നാണ് അവളെക്കുറിച്ചു ബന്ധുക്കൾ പറയുന്നത്. അല്ലെങ്കിലും സ്വന്തം വീട്ടിൽ ഒരു പട്ടീടെ വില പോലും ഇല്ലെങ്കിൽ പിന്നെ മറ്റുള്ളവരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ. ഭാർഗവിയുള്ളപ്പോൾ മുരളി വീട്ടിൽ അധികം ഒച്ചപ്പാടുണ്ടാക്കാനും ബഹളത്തിനുമൊന്നും മുതിരാറില്ല. അയാൾക്കാകെ പേടിയുള്ളത് അവരെ മാത്രമാണ്. ഭാർഗവിയമ്മ വീട്ടിൽ വന്ന് നിൽക്കുന്ന ദിവസങ്ങളിൽ ആതിരയ്ക്ക് സമാധാനത്തോടെ കഴിയാം. അവൾക്കായി അമ്മാമ്മ രുചിയുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുക്കും.

അമ്മാമ്മയുടെ ശബ്ദം കേട്ട് അവൾ കിടക്കയിൽ നിന്നെഴുന്നേറ്റു. മുടി വാരിക്കെട്ടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഭാർഗവി അവളുടെ മുറിയിലേക്ക് കടന്നു വന്നത്. "അമ്മാമ്മേ..." അവൾ അവരെ കണ്ടതും ഓടിച്ചെന്ന് കെട്ടിപിടിച്ചു. "മോളെ... നിനക്ക് സുഖാണോടി കൊച്ചേ." ചുക്കിച്ചുളിഞ്ഞ വിരലുകൾ കൊണ്ട് അവർ അവളുടെ നെറുകയിൽ തലോടി. "അമ്മാമ്മേ ഇവിടെ എല്ലാരും എന്നെ ഒരു കിളവന്റെ കൂടെ കെട്ടിച്ചുവിടാൻ നോക്കുവാ. അമ്മാമ്മ പറയ്യ് അവരോടു എന്നെ പഠിക്കാൻ വിടാൻ." കരച്ചിലോടെ ആതിര പരാതികളുടെ ഭാണ്ഡകെട്ട് അഴിച്ചു. ആരോടെങ്കിലും തന്റെ മനസ്സിലെ സങ്കടങ്ങൾ പറയാൻ വെമ്പി നിൽക്കുകയായിരുന്നു അവളുടെ മനസ്സ്. "വന്നപ്പോൾ തന്നെ അക്കാര്യം നിന്റെ അമ്മ പറഞ്ഞു. രണ്ടെണ്ണത്തിനും ഞാൻ വയറ് നിറച്ചു കൊടുത്തിട്ടുണ്ട്. നിന്റെ അച്ഛൻ ഒന്നും മിണ്ടാതെ ചാടുത്തുള്ളി ഇറങ്ങി പോയിട്ടുണ്ട്."

"എനിക്ക് നഴ്സിംഗ് പഠിക്കാൻ പോണം അമ്മാമ്മേ." "മക്കള് പൊക്കോ. പഠിക്കാൻ ഉള്ള പൈസയൊക്കെ അമ്മാമ്മ തരുന്നുണ്ട്. നിന്റെ റിസൾട്ട്‌ വന്നതറിഞ്ഞു ഓടി വന്നതാ ഞാൻ." "പഠിക്കാൻ ഇവിടെ ആരും സമ്മതിക്കില്ല അമ്മാമ്മേ." "അവരുടെ സമ്മതം എന്തിനാ നിനക്ക്. നീ ഇവിടുന്ന് പോയാലെ രക്ഷപെടു കൊച്ചേ. മക്കള് പോയി പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങണം. അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കണം." "അമ്മാമ്മ ഇവിടെ കുറേ ദിവസം കാണുവോ." "നിന്റെ വല്യച്ഛൻ വിസ തീർന്നിട്ട് നാട്ടിൽ വന്നിട്ടുണ്ട്. ഇനി അവൻ പോവുന്ന വരെ ഞാനിവിടെ കാണും. നിന്നെ ഇവിടെ എല്ലാരും നല്ലോണം കഷ്ടപ്പെടുത്തുന്നുണ്ടല്ലേ." വാത്സല്യത്തോടെ അവരവളെ നോക്കി. "കുറ്റപ്പെടുത്തലും ശകാരവും കേട്ടെനിക്ക് ശീലായി അമ്മാമ്മേ. പക്ഷേ ഇപ്പൊ അച്ഛൻ ഇടയ്ക്കിടെ നല്ല അടിയും തരാറുണ്ട്. അമ്മ പോലും അതിന് കൂട്ടുനിക്കുന്ന പോലെ തോന്നും. ഇവിടെ ആർക്കും എന്നോട് ഒരുതരി സ്നേഹം പോലുമില്ല." കണ്ണീരോടെ അവളത് പറയുമ്പോൾ ഭാർഗവി അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. "സാരല്ല മോളെ... ഒക്കെ ശരിയാവും." 💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮

ദിവസങ്ങൾ അതിവേഗം കടന്നുപോയി. അമ്മാമ്മ കൂടെയുള്ള ധൈര്യത്തിൽ ആതിര പഠിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയി. അതിന്റെ പേരിൽ വീട്ടിൽ വല്യ എതിർപ്പ് തന്നെ ഉണ്ടായി. അവളതൊന്നും ചെവികൊണ്ടില്ല. ഭാർഗവി ഉള്ളോണ്ട് ആതിരയുടെ ദേഹത്ത് കൈവയ്ക്കാൻ മുരളിയൊന്ന് മടിച്ചു. വൈകാതെത്തന്നെ ആ സന്തോഷ വാർത്ത അവളെ തേടിയെത്തി. കർണാടകയിൽ ഒരു നഴ്സിംഗ് കോളേജിൽ അവൾക്ക് അഡ്മിഷൻ ശരിയായി. പക്ഷേ ദൂരകൂടുതൽ കാരണം അവളൊന്ന് മടിച്ചു. "പ്രൈവറ്റ് കോളേജ് ആണ് അമ്മാമ്മേ. ഹോസ്റ്റൽ ഫീസ് കൂടെ ആകുമ്പോൾ പഠിക്കാൻ ഒത്തിരി പൈസ ചിലവാകും." വിഷമത്തോടെ അമ്മാമ്മയുടെ മടിയിൽ തല വച്ച് കിടക്കുമ്പോ അവൾ പറഞ്ഞു. "എത്ര പൈസ ആയാലും വേണ്ടില്ല മോളെ. നിന്നെ ഞാൻ പഠിപ്പിക്കാം. ഈ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ നിനക്ക് ഇതേയുള്ളു ഒരു പോംവഴി. അഡ്മിഷൻ എടുക്കാൻ അമ്മാമ്മ വരാം കൂടെ." "അത്ര ദൂരെ... പരിചയം ഇല്ലാത്ത നാട്ടിൽ... എനിക്ക് പേടിയാ അമ്മാമ്മേ." "മോള് അതൊന്നും ഓർത്ത് പേടിക്കണ്ട.

നീ നിന്റെ കാര്യം മാത്രം നോക്കി പഠിച്ചു നല്ല മാർക്ക്‌ വാങ്ങാൻ നോക്ക്. നിന്നെപ്പോലെ ഒരുപാട് കുട്ടികൾ പല സ്ഥലത്തു നിന്ന് പഠിക്കാൻ വരും. നീ മാത്രം അല്ല. എവിടെയായാലും അമ്മാമേന്റെ കുട്ടി ധൈര്യത്തോടെ ഇരിക്കണം." ഭാർഗവി അവൾക്ക് ധൈര്യം പകർന്ന് കൊടുത്തു. ഭാർഗവിയും ആതിരയും കൂടി ഒരുദിവസം കർണാടകയ്ക്ക് പോയി. കോളേജിൽ അഡ്മിഷനും എടുത്ത് താമസത്തിനായി ഹോസ്റ്റലും ശരിയാക്കിയിട്ടാണ് അവർ തിരിച്ചുവന്നത്. അവളുടെ അഡ്മിഷനും മറ്റ് ആവശ്യങ്ങക്കുമായി ഭാർഗവി തന്റെ കൈയ്യിൽ കിടന്ന രണ്ട് വള വിറ്റിരുന്നു. ഇനിയും ചിലവുകൾ ഏറെയുണ്ട്. ആതിരയ്ക്ക് അഡ്മിഷൻ കിട്ടിയ കാര്യം വീട്ടിൽ അറിഞ്ഞപ്പോൾ ഒരു പൊട്ടിത്തെറി തന്നെ ഉണ്ടായി. "എന്റെ വാക്ക് ധിക്കരിച്ചു നീയിവിടെ നിന്ന് പഠിക്കാനെന്നും പറഞ്ഞ് ഇറങ്ങിയ പിന്നെ തിരിച്ചു വന്നേക്കരുത്. ആ വഴി എവിടേക്കാന്ന് വച്ചാൽ പൊയ്ക്കോണം." മുരളിയുടെ ആക്രോശമായിരുന്നു അത്. "അമ്മയാണ് ഇവൾക്ക് വളം വച്ച് കൊടുക്കുന്നത്.

ഇവളെ പഠിപ്പിക്കാൻ എന്തായാലും ഇവിടുന്ന് ആരും അഞ്ചു പൈസ ചിലവാക്കുമെന്ന് വിചാരിക്കണ്ട." ഭാരതി അമ്മയ്ക്ക് നേരെ ഉറഞ്ഞുതുള്ളി. "വേണ്ടണ്ടി... നിന്റെയൊക്കെ നക്കാപിച്ച പൈസ എന്റെ കൊച്ചിന് ആവശ്യമില്ല. എന്റെ കൊച്ചിനെ പഠിപ്പിക്കാനുള്ള കാശ് ഞാൻ കൊടുക്കും. അവൾ പഠിച്ചു ഉദ്യോഗക്കാരി ആവുകയും ചെയ്യും. നീയൊക്കെ നോക്കിക്കോ?" ഭാർഗവിയമ്മയും വിട്ടുകൊടുത്തില്ല. "ഓഹ് കണ്ടറിയാം. കണ്ടിടത്തു പോയി നിരങ്ങി യഥേഷ്ടം ജീവിക്കാലോ അവക്ക്. ഇവളെ പഠിപ്പിക്കാൻ നിങ്ങളെ കൊണ്ട് കൂട്ടിയാ കൂടോ തള്ളേ." ഭാരതി ചോദിച്ചു. "എന്ത് വേണമെന്ന് എനിക്കറിയാം നീ എന്നെ പഠിപ്പിക്കാൻ വരണ്ട." "നിന്നോടുള്ള സ്നേഹം കൊണ്ട് പറയുവാ ഞാൻ. ഈ തള്ളേടെ വാക്കും കേട്ട് ചാടി പുറപ്പെടാതെ ഇവിടെ അടങ്ങി ഒതുങ്ങി കിടന്നാൽ അച്ഛൻ നിന്നെ അന്തസ്സായി തന്നെ ശിവന്റെ കൂടെ കെട്ടിച്ചു വിടും." ഭാരതി അവളോട് പറഞ്ഞു. "എനിക്ക് അയാളുടെ കൂടെ ജീവിക്കണ്ട... പഠിച്ചാ മതി." ആതിര തന്റെ നിലപാടിൽ ഉറച്ചു നിന്നു. "ഇവിടുന്ന് ഇറങ്ങിയാൽ പിന്നെ നീ ഈ പടി ചവുട്ടി പോകരുത്. അന്നത്തോടെ നടത്തള്ളും ഞാൻ.

ഇനി എന്താന്ന് വച്ചാൽ നിന്റെ ഇഷ്ടം പോലെ ആയിക്കോ. കണ്ടിടമെല്ലാം ഞെരങ്ങിയിട്ട് വീണ്ടും ഇങ്ങോട്ട് കേറിവരാമെന്ന് വിചാരിക്കണ്ട." താക്കീതോടെ പറഞ്ഞുകൊണ്ട് മുരളി അവിടെ നിന്നും പോയി. അയാൾക്ക് പിന്നാലെ അവളെയൊന്ന് കടുപ്പിച്ചു നോക്കികൊണ്ട് ഭാരതിയും പോയി. "എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കോ ചേച്ചി. അങ്ങനെ എങ്കിലും ഈ വീട്ടിലെ വഴക്ക് അവസാനിക്കുമല്ലോ. അച്ഛൻ പറഞ്ഞത് പോലെ പോയാപ്പിന്നെ ഇങ്ങോട്ട് കേറിവരാൻ നിക്കണ്ട." അഞ്ജുവും ആരതിയും തങ്ങളുടെ അഭിപ്രായം പറഞ്ഞു. "മക്കളെ നിങ്ങളെ കൂടെപ്പിറപ്പാണ് ഇവൾ. അച്ഛനെയും അമ്മയെയും പോലെ നിങ്ങളും അവളോട് പോരെടുക്കരുത്. സ്നേഹിച്ചില്ലെങ്കിലും വേണ്ടില്ല. അവളെ വേദനിപ്പിക്കാതിരുന്നൂടെ." ഭാർഗവി അവരെ ശാസനയോടെ നോക്കി. "ഞങ്ങൾക്ക് ഇങ്ങനെയൊരു കൂടെപ്പിറപ്പില്ല." പുച്ഛത്തോടെ പറഞ്ഞു കൊണ്ട് ഇരുവരും തങ്ങളുടെ മുറിയിലേക്ക് പോയി.

"ഇതൊന്നും കണ്ട് നീ തളരരുത് മോളെ. നിന്നെ തള്ളിപ്പറഞ്ഞവരൊക്കെ ഒരു ദിവസം ചേർത്തുപിടിക്കും." അമ്മാമ്മ അവളെ ആശ്വസിപ്പിച്ചു. അന്നത്തെ സംഭവത്തിനു ശേഷം വീട്ടിൽ ആരും അവളോട് മിണ്ടാതെയായി. ദിവസങ്ങൾ എണ്ണിയെണ്ണി അവളും കാത്തിരുന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ആതിരയ്ക്ക് കോളേജിൽ പോകാനുള്ള ദിവസം അടുത്ത് വന്നു. തന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുമൊക്കെ ഒരു ബാഗിലാക്കി അവൾ എടുത്തുവച്ചു. പോകാനുള്ള ദിവസം വന്നെത്തി. കർണാടകയിലേക്കുള്ള ട്രെയിൻ കയറ്റി വിടാൻ ഭാർഗവി അവൾക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ ചെന്നു. "മോളെ തനിച്ചു പറഞ്ഞു വിടുന്നതിൽ എനിക്ക് വിഷമമുണ്ട്. പക്ഷേ വേറെ വഴിയില്ല. സുമതിയുടെ വീടിന് കുറച്ചെടുത്തുള്ള ഒരു വീട്ടിൽ അടുക്കള പണിക്കും കുഞ്ഞുങ്ങളെ നോക്കാനും ആളെ ആവശ്യമുണ്ട്.

അമ്മാമ്മയ്ക്ക് ആ ജോലി ശരിയായിട്ടുണ്ട്. നിന്റെ പഠനത്തിന് എന്റെ കൈയിലുള്ള പൈസ തികഞ്ഞില്ലെങ്കി പിന്നെ അതൊരു ബുദ്ധിമുട്ട് ആവില്ലേ. അതുകൊണ്ടാ അമ്മാമ്മ ഈ ജോലിക്ക് പോകാൻ തീരുമാനിച്ചത്. നിന്നെ വണ്ടി കയറ്റി വിട്ട ശേഷം അമ്മാമ്മ സുമതിയുടെ അടുത്തേക്ക് പോവും. പഠിച്ച് മിടുക്കി ആയിട്ട് വേണം മോളിനി തിരിച്ചു വരാൻ. ഒഴിവ് കിട്ടുമ്പോൾ രാജന്റെ ഫോണിൽ നിന്ന് ഹോസ്റ്റലിലേക്ക് അമ്മാമ്മ വിളിക്കുന്നുണ്ട്." ചുക്കി ചുളിഞ്ഞ വിരലുകൾ കൊണ്ട് ഭാർഗവി അവളുടെ നെറുകയിലൂടെ അരുമയായി തഴുകി. "എനിക്ക് വേണ്ടി അമ്മാമ്മ കുറേ കഷ്ടപ്പെടുന്നുണ്ടല്ലേ." സങ്കടത്തോടെ അവൾ അവരുടെ തോളിലേക്ക് ചാഞ്ഞു.

"മോൾക്ക് വേണ്ടി കഷ്ടപ്പെടാൻ ഈ വയസ്സത്തി അല്ലേ ഉള്ളു. സന്തോഷത്തോടെ പോയിട്ട് വാ മോളെ." അവരവളെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു. ദൂരെ നിന്നും ട്രെയിനിന്റെ ചൂളം വിളി കേട്ടു. അൽപ്പ സമയത്തിനുള്ളിൽ തന്നെ ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്നു. ആതിര ബാഗുമെടുത്തുകൊണ്ട് ട്രെയിനിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്നാരോ അവളുടെ കൈക്ക് പിടിച്ചത്. ഭയപ്പാടോടെ അവൾ വെട്ടിത്തിരിഞ്ഞു നോക്കി. അവളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണ് പൂമഠത്തെ ശിവൻ. "എന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടു പോവാണോ.?" വെറ്റില കറ പുരണ്ട പല്ലുകൾ കാട്ടി അവൻ വെളുക്കെ ചിരിച്ചു........ തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story