മറുതീരം തേടി: ഭാഗം 30

marutheeram thedi shiva

രചന: ശിവ എസ് നായർ

രാവിലെ സ്റ്റേഷനിൽ നിന്ന് ആതിരയെ കൂട്ടികൊണ്ട് പോകാൻ ശിവൻ വന്നിരുന്നു. അമ്മാമ്മയെ കുറിച്ച് അവൾ ചോദിച്ചെങ്കിലും ശിവനൊന്നും വിട്ട് പറഞ്ഞില്ല. "ശിവേട്ടാ... അമ്മാമ്മയ്ക്ക് കുഴപ്പമില്ലല്ലോ അല്ലെ." "നമ്മൾ ഹോസ്പിറ്റലിലേക്കല്ലേ പോകുന്നത്. ഡോക്ടർ വിശദമായി പറഞ്ഞുതരും." "ശിവേട്ടൻ എന്നോട് എന്തോ മറച്ചുവച്ച് സംസാരിക്കുന്നത് പോലെ തോന്നുന്നു." ആതിര തന്റെ സംശയം മറച്ചുവച്ചില്ല. "ഏയ്‌... അങ്ങനെയൊന്നുമില്ല. ആതിര ടെൻഷനാവാതിരിക്ക്." പരിഭ്രമമടക്കി ശിവൻ പറഞ്ഞു. ഓട്ടോ ഹോസ്പിറ്റലിന് മുന്നിൽ നിർത്തിയ ഉടനെ ആതിര അതിൽ നിന്നും ചാടിയിറങ്ങി. വെപ്രാളപ്പെട്ട് അകത്തേക്ക് പോകാൻ തുടങ്ങിയ അവളെ ശിവൻ പിന്നിൽ നിന്ന് വിളിച്ചു. "ആതിരാ... നിൽക്ക്. ഞാനും വരാം. ഓട്ടോ ഒന്ന് പാർക്ക്‌ ചെയ്തിട്ട് വരാം ഞാൻ." ശിവൻ പറഞ്ഞത് കേട്ട് അകത്തേക്ക് പോകാൻ തുടങ്ങിയ ആതിര അവിടെതന്നെ നിന്നു. പാർക്കിംഗ് ഏരിയയിൽ ഓട്ടോ നിർത്തിയിട്ട ശേഷം അവൻ അവൾക്കടുത്തേക്ക് വന്നു. "വരൂ... പോകാം."

ശിവന് പിന്നാലെ തിടുക്കത്തിൽ ആതിരയും നടന്നു. ഭാർഗവി അമ്മ അപ്പോഴും ഐ. സി. യു വിനുളിൽ തന്നെയായിരുന്നു. "അമ്മയുണ്ടോ ഇവിടെ?" "ഉണ്ട്... നിന്റെ വല്യമ്മ ഇന്നലെതന്നെ പോയി. പിന്നെ അമ്മാമ്മ സുഖം പ്രാപിച്ചു വരുന്നെന്ന് കേട്ടപ്പോൾ നിന്റെ അച്ഛനും അപ്പൊതന്നെ ഇറങ്ങിപ്പോയി. ക്രിസ്റ്റിയും ഉണ്ട് ഇവിടെ." "ഹ്മ്മ്.." അവളൊന്ന് മൂളി. "ക്രിസ്റ്റി ഐ. സി. യുവിന് മുന്നിലാണ്. നിന്റെ അമ്മയ്ക്ക് ഇവിടെ ഒരു റൂം തരപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഐ സി യുവിൽ നിന്ന് അമ്മാമ്മയെ എന്തായാലും റൂമിലേക്ക് മാറ്റുമല്ലോ. അതുകൊണ്ട് നേരത്തെ റൂം ശരിയാക്കി വച്ചു." "ഡോക്ടറെ എപ്പോ കാണാൻ പറ്റും ശിവേട്ടാ." "ഡോക്ടർ പത്തുമണിക്ക് വരും." അപ്പോഴേക്കും അവർ നടന്ന് ഐ.സി.യുവിന് മുന്നിലെത്തിയിരുന്നു. "ദേ അതാണ് ക്രിസ്റ്റി.." അവിടെ നിരത്തിയിട്ട കസേരകളിലൊന്നിൽ, മുഖം കൈകൾ കൊണ്ട് മറച്ച് ചാരിയിരിക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടികാണിച്ച് ശിവൻ പറഞ്ഞു. നിലത്ത് കാൽപെരുമാറ്റം കേട്ട് ക്രിസ്റ്റി കണ്ണുകൾ തുറന്ന് നോക്കി. ശിവനെ കണ്ടതും അവൻ കസേരയിൽ നിന്നെഴുന്നേറ്റ് അവർക്കടുത്തേക്ക് വന്നു.

ആതിരയുടെ കണ്ണുകൾ ക്രിസ്റ്റിയെ അടിമുടി ഉഴിഞ്ഞു. വെളുത്ത് മെലിഞ്ഞ പ്രകൃതമാണ്. മുഖത്ത് നല്ല ടെൻഷനുണ്ട്. ചെത്തിയൊതുക്കിയ മീശ അവന്റെ മുഖത്തിന്‌ ഭംഗി കൂട്ടി. കണ്ടാൽ ഒരു ഇരുപത്തിയാറ് വയസ്സെങ്കിലും തോന്നിക്കും. ആകെ വിയർത്ത് നാറി മുഷിഞ്ഞ വേഷമാണ് ക്രിസ്റ്റിയുടേത്. അവന്റെ ഷർട്ടിൽ ചോരക്കറ ഉണങ്ങിപ്പിടിച്ചിരുന്നു. തലേ ദിവസം മുതലുള്ള അലച്ചിലും ഉറക്കമൊഴിച്ചിലും അവനെ നന്നേ ക്ഷീണിതനാക്കിയിരുന്നു. "ഇതാണ് ഞാൻ പറഞ്ഞ ആള്, ആതിര." ശിവൻ അവളെ ക്രിസ്റ്റിക്ക് പരിചയപ്പെടുത്തി. "ശിവേട്ടൻ തന്നെപ്പറ്റി പറഞ്ഞിരുന്നു. ഞാൻ മനഃപൂർവം അമ്മാമ്മയെ ഇടിച്ചിട്ടതല്ലടോ. ദൂരെ നിന്ന് വരുമ്പോൾ തന്നെ അമ്മാമ്മ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങുന്നത് ഞാൻ കണ്ടിരുന്നു. കാർ അടുത്തെത്തുമ്പോഴേക്കും കടന്ന് പോകാനുള്ള സമയവും ഉണ്ടായിരുന്നു. അമ്മാമ്മ ക്രോസ്സ് ചെയ്ത് പോകുമെന്ന ധാരണയിൽ ഞാൻ സ്പീഡിൽ വരുകയും ചെയ്തു. അങ്ങനെ പറ്റിപ്പോയതാണ്. ഐആം റീലി സോറി ആതിര." ക്ഷമാപണത്തോടെ ക്രിസ്റ്റി അവളോട് പറഞ്ഞു.

"സാരമില്ല... അമ്മാമ്മയ്ക്ക് കാല് വയ്യാത്തത് കൊണ്ട് വേഗത്തിൽ നടക്കാൻ പറ്റിയിട്ടുണ്ടാവില്ല." നിറഞ്ഞ മിഴികൾ ഷാളിന്റെ തുമ്പ് കൊണ്ട് അവൾ ഒപ്പിയെടുത്തു. "ഇടിക്കുമെന്ന് തോന്നിയപ്പോൾ ഞാൻ ബ്രേക്ക്‌ ചവുട്ടിയതാ. പക്ഷേ റോഡ് മുഴുവൻ മഴ പെയ്ത് തെന്നിക്കിടന്നത് കൊണ്ട് വണ്ടി നിന്നില്ല. അമ്മാമ്മയുടെ കാര്യമോർത്ത് താൻ വിഷമിക്കരുത്. അമ്മാമ്മ സുഖപ്പെടും വരെയുള്ള മുഴുവൻ ചിലവും ഞാൻ വഹിച്ചോളാം. ഇത് എന്റെ വാക്കാണ്." ക്രിസ്റ്റിയുടെ വാക്കുകൾക്ക് മുന്നിൽ അവൾ തലയാട്ടുക മാത്രം ചെയ്തു. ആതിരയുടെ ശ്രദ്ധ മുഴുവനും ഐ. സി. യുവിന് നേർക്കായിരുന്നു. ഇടറുന്ന ചുവടുകളോടെ അവൾ അങ്ങോട്ടേക്ക് നടന്നു. ചില്ല് വാതിലിന്റെ ചെറിയ വിടവിലൂടെ അകത്ത് മരണത്തോട് മല്ലിട്ട് കിടക്കുന്ന അമ്മാമ്മയെ നോക്കി നിൽക്കവേ അവളുടെ മിഴികൾ നനവാർന്നു. "ശിവേട്ടാ... എനിക്കൊന്ന് കുളിച്ചു വൃത്തിയായി ഈ ഡ്രെസ്സൊക്കെ മാറ്റിയാൽ കൊള്ളാമെന്നുണ്ട്. ആകെ മുഷിഞ്ഞു നാറുന്നു. ഇന്നലെ രാവിലെ ഇട്ട ഷർട്ടും പാന്റുമാണ്. ഇവിടെ അടുത്തെങ്ങാനും ഒരു ലോഡ്ജ് കിട്ടുമോ.?"

സ്വന്തം ശരീരത്തിലേക്ക് ഒന്ന് നോക്കിയിട്ട് മുഖം ചുളിച്ച് അവൻ ശിവനെ നോക്കി. "ഇവിടെ അടുത്തൊന്നും ലോഡ്ജ് കിട്ടില്ല. അതിന് ടൗണിലോട്ട് തന്നെ പോകണം. ക്രിസ്റ്റിക്ക് വിരോധമില്ലെങ്കിൽ എന്റെ വീട്ടിലേക്ക് വരാം." "എനിക്ക് പ്രശ്നമൊന്നുമില്ല ശിവേട്ടാ." ശിവന്റെ അഭിപ്രായം അവന് സ്വീകാര്യമായിരുന്നു. "ഞാൻ ആതിരയോടൊന്ന് പറഞ്ഞിട്ട് വരാം." ശിവൻ ആതിരയുടെ അടുത്തേക്ക് നടന്നു. "ഇവിടെ ഇങ്ങനെ നിൽക്കാതെ ആതിര അവിടെ പോയി ഇരിക്കൂ. ഡോക്ടർ വന്ന ശേഷം ചോദിച്ചിട്ട് അകത്ത് കയറി അമ്മാമ്മയെ കാണാം." അവനവളെ നിർബന്ധിച്ച് കസേരയിൽ കൊണ്ടിരുത്തി. "അമ്മ എവിടെയാ ശിവേട്ടാ." "അമ്മ കിടക്കുന്ന മുറി ഇതിന്റെ തൊട്ട് താഴെ തന്നെയാ. ക്രിസ്റ്റിയെ കൂട്ടി ഞാനൊന്ന് വീട് വരെ പോവുകയാണ്. അയാൾക്കൊന്ന് കുളിച്ച് വസ്ത്രം മാറണം. ഇവിടെ അടുത്തൊന്നും ലോഡ്ജ് കിട്ടില്ല. അതാ ഞാൻ വീട്ടിലേക്ക് കൂട്ടികൊണ്ട് ചെല്ലാമെന്ന് വിചാരിച്ചത്. ഞങ്ങൾ പോകുന്ന വഴിക്ക് അമ്മയോട് നീ വന്ന കാര്യം പറയുന്നുണ്ട്." ശിവൻ പറഞ്ഞു. "ശിവേട്ടന് നല്ല ബുദ്ധിമുട്ട് ആയല്ലേ." വല്ലായ്മയോടെ അവൾ ചിരിച്ചു.

"ഇതൊന്നും എനിക്കൊരു ബുദ്ധിമുട്ട് ആയിട്ട് തോന്നിയിട്ടേയില്ല. ആതിരയ്ക്ക് കുടിക്കാൻ ചായ വേണോ. ഞാൻ കാന്റീനിൽ നിന്ന് വാങ്ങികൊണ്ട് വരാം." ഒരു ചായ കുടിച്ചാൽ കൊള്ളാമെന്ന് അവൾക്കും തോന്നിയിരുന്നു. അതുകൊണ്ട് ആതിര വേണ്ടെന്ന് പറഞ്ഞില്ല. ക്രിസ്റ്റിയോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് ശിവൻ കാന്റീനിൽ പോയി ചായയും കടിയും വാങ്ങി വന്നു. അത് അവളുടെ കൈയ്യിൽ കൊടുത്ത ശേഷം ഇരുവരും യാത്ര പറഞ്ഞ് പോയി. ചൂട് ചായ ഇത്തിരി കുടിച്ചപ്പോഴാണ് ആതിരയ്ക്ക് ആശ്വാസം തോന്നിയത്. മറ്റൊരു അവസ്ഥയിലായിരുന്നെങ്കിൽ പച്ചവെള്ളം പോലും തൊണ്ടയിൽ കൂടി ഇറങ്ങില്ലായിരുന്നു. ഇതിപ്പോ വയറ്റിലൊരു കുഞ്ഞ് കൂടി ഉള്ളത് കൊണ്ട് അതിന്റെ ആരോഗ്യം നോക്കാതിരിക്കാനാവില്ലല്ലോന്ന് അവളോർത്തു. ചിന്തകളിൽ മുഴുകി അവളങ്ങനെ ഇരിക്കുമ്പോഴാണ് ഭാരതി അങ്ങോട്ടേക്ക് വന്നത്. "മോളെ... നീയെപ്പോ വന്നെടി." ഭാരതി മകൾക്കടുത്തേക്ക് പാഞ്ഞുവന്നു. "കുറച്ചുമുൻപ് എത്തിയതേയുള്ളു അമ്മേ." അമ്മയുടെ കരങ്ങൾ കവർന്ന് ആതിര പറഞ്ഞു.

"നീ അമ്മാമ്മേ കണ്ടോ?" "പുറത്ത് നിന്ന് കണ്ടതേയുള്ളു. ഇന്നലെ ഡോക്ടർ എന്തെങ്കിലും പറഞ്ഞിരുന്നോ?" "ശിവൻ നിന്നോടൊന്നും പറഞ്ഞില്ലേ?" "ഇല്ലമ്മേ... എന്ത് പറ്റി?" "അമ്മയ്ക്കിനി ഉടനെയൊന്നും എഴുന്നേറ്റ് നടക്കാൻ പറ്റില്ല, സംസാരിക്കാനും കഴിയില്ല. ശരീരമൊക്കെ തളർന്ന് പോയി. ജീവൻ തിരിച്ചു കിട്ടിയത് തന്നെ കഷ്ടിച്ചാണെന്നാണ് ഡോക്ടർ പറഞ്ഞത്. എല്ലാം കാണാനും കേൾക്കാനും മാത്രേ പറ്റു. കുറേനാൾ ചികിത്സ ചെയ്താൽ ഭേദമായി കിട്ടുമെന്നാണ് ഡോക്ടർ പറഞ്ഞത്. മെല്ലെ മെല്ലെ സുഖപ്പെട്ട് തുടങ്ങുമ്പോൾ ഫിസിയോതെറാപ്പി ഒക്കെ തുടങ്ങാമെന്നാണ് ഡോക്ടർ പറഞ്ഞത്. അതുവരെ ഒരേ കിടപ്പ് കിടക്കണം. ഡിസ്ചാർജ് ചെയ്ത് കഴിയുമ്പോൾ എല്ലാ മാസവും ചെക്കപ്പിന് കൊണ്ട് വരുകയും വേണം." ഭാരതി മൂക്ക് പിഴിഞ്ഞു. "അയ്യോ എന്റെ അമ്മാമ്മ... ശിവേട്ടൻ ഇതൊന്നും എന്നോട്‌ പറഞ്ഞില്ലമ്മ." അവരുടെ നെഞ്ചിലേക്ക് വീണ് ആതിര പൊട്ടിക്കരഞ്ഞു. "നീ വന്നത് എനിക്കൊരു ധൈര്യമായി മോളെ. മുരളിയേട്ടൻ രാത്രിതന്നെ വീട്ടിലേക്ക് പോയി. സുമതിയേച്ചിയും വീട്ടിൽ പിള്ളേര് ഒറ്റയ്ക്കാന്ന് പറഞ്ഞു പൊയ്ക്കളഞ്ഞു.

ശിവനും മറ്റേ പയ്യനുമാണ് എല്ലാത്തിനും ഓടി നടന്നത്." "അമ്മാമ്മേ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ കൊണ്ടുപോകാം അമ്മേ. അതാകുമ്പോ ഹോസ്പിറ്റലിൽ കാണിക്കാനും എളുപ്പമല്ലേ. ഞാനും ഇടയ്ക്കിടെ വന്നോളാം." "ഏഹ്... നീയപ്പോ തിരിച്ചു പോവോ. അമ്മാമ്മ ഈ കിടപ്പ് കിടക്കുമ്പോ തന്നെ നിനക്ക് അങ്ങോട്ടേക്ക് തിരിച്ചു പോണോ." "പെട്ടന്ന് ജോലി വിട്ട് പോരാൻ പറ്റില്ലമ്മേ. ഒരു വർഷത്തെ എഗ്രിമെന്റ് ഉണ്ട്. രണ്ട് മാസം കൂടി കഴിഞ്ഞാൽ ഒരു വർഷം ആകും. അപ്പൊ ഞാൻ നിർത്തിപ്പോരാം. അതുവരെ അമ്മയൊന്ന് അഡ്ജസ്റ്റ് ചെയ്യ്‌." ആ നിമിഷം അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്. ************** ആഴ്ചയൊന്ന് കടന്നുപോയി. ഇടയ്ക്കിടെ സമയം കിട്ടുമ്പോൾ ആതിര, ആൽഫിയെ വിളിച്ച് വിശേഷങ്ങൾ തിരക്കിയിരുന്നു. അവൾ കൂടെയില്ലാതെയുള്ള വിരസമായ ദിനങ്ങൾ തള്ളി നീക്കാൻ ആൽഫി നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. എങ്കിലും ഈ സമയം അമ്മാമ്മയ്ക്കൊപ്പം നിൽക്കാൻ അവൻ ധൈര്യം നൽകി. അമ്മാമ്മയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആക്കി വീട്ടിൽ കൊണ്ടുപോയ ശേഷം താൻ മടങ്ങി വരുമെന്ന് ആതിര അവനോട് പറഞ്ഞു.

ഈ ദിവസങ്ങളിലൊന്നും ക്രിസ്റ്റിയും വീട്ടിലേക്ക് പോയിരുന്നില്ല. ഹോസ്പിറ്റലിൽ അവർക്ക് വേണ്ട എല്ലാവിധ സഹായങ്ങളും നൽകി അവനൊപ്പം തന്നെ നിന്നു. ശിവനും ദിവസവും വന്നും പോയും ഇരുന്നു. സുമതി വല്ലപ്പോഴുമൊന്ന് വന്ന് തല കാണിച്ചുപോയി. മുരളി ആ ഭാഗത്തേക്ക്‌ എത്തിനോക്കിയതേയില്ല. ആരതിയും അഞ്ജുവും ഇടയ്ക്കൊക്കെ അമ്മാമ്മയെ വന്ന് കണ്ട് പോയി. ആതിര ഹോസ്പിറ്റലിൽ ഉള്ളത് കൊണ്ട് ഭാരതി ദിവസവും വീട്ടിൽ പോയി വന്നു. പകൽ സമയങ്ങളിൽ മിക്കപ്പോഴും ആതിരയും ക്രിസ്റ്റിയും മാത്രമാണ് ഐ. സി. യുവിന് മുന്നിൽ ഉണ്ടായിരുന്നത്. അത് അവർക്കിടയിൽ നല്ലൊരു സുഹൃത്ത് ബന്ധം ഉടലെടുക്കാൻ കാരണമായി. ആദ്യം അവനോട് തോന്നിയ ഈർഷ്യ പിന്നീട് അവളിൽ നിന്നും വിട്ടകന്നു. ആ ആക്‌സിഡന്റ് ഉണ്ടായതിൽ ക്രിസ്റ്റിക്ക് കടുത്ത മനഃപ്രയാസമുണ്ടായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഭാർഗവി അമ്മയെ ഐ സി യുവിൽ നിന്ന് റൂമിലേക്ക് മാറ്റി. എല്ലാം കണ്ടും കേട്ടും ഇമകൾ മാത്രം ചലിപ്പിച്ച് കിടക്കുന്ന അമ്മാമ്മയെ കാണുമ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല.

ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്ന ഭാർഗവി അമ്മയുടെ മിഴികൾ അവളിൽ ദുഃഖം നിറച്ചു. ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ദിവസങ്ങൾ അതിവേഗം കടന്നുപോയി. രണ്ടാഴ്ചത്തെ ഹോസ്പിറ്റൽ വാസം ആതിരയെ നന്നേ ക്ഷീണിതയാക്കിയിരുന്നു. അന്നൊരു ബുധനാഴ്ച ദിവസം രാവിലെ ഡോക്ടർ റൗണ്ട്സിനു വന്നപ്പോൾ ഭാർഗവി അമ്മയെ പരിശോധിച്ച് റിപ്പോർട്സ് ഒക്കെ നോക്കിയ ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡിസ്ചാർജിന് എഴുതികൊടുത്തു. ഉച്ചയ്ക്ക്, ആംബുലൻസിൽ തന്നെ വീട്ടിൽ കൊണ്ട് വിടാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്ന് ക്രിസ്റ്റി പറഞ്ഞു. അപ്പോഴേക്കും വീട്ടിൽ നിന്ന് കൊണ്ട് വന്ന ഡ്രെസ്സുകളും ബെഡ്ഷീറ്റുകളുമൊക്കെ എടുത്ത് വയ്ക്കാമെന്ന് ആതിര തീരുമാനിച്ചു. സാധനങ്ങളൊക്കെ ബാഗിലേക്ക് എടുത്തുവയ്ക്കുന്ന സമയത്താണ് അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നിയത്.

ഭാരതി ആ സമയത്ത് മുരളിയെ വിളിച്ചുകൊണ്ട് വരാൻ ഹോസ്പിറ്റൽ ഗേറ്റിന്റെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു. റൂമിൽ ക്രിസ്റ്റിയും ആതിരയും അമ്മാമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. തലചുറ്റൽ തോന്നിയെങ്കിലും അവളത് അത്ര കാര്യമാക്കിയില്ല. താനിപ്പോ വീഴുമെന്ന് തോന്നിയതും ആതിര അടുത്തുള്ള കസേരയിലേക്ക് ഇരിക്കാൻ തുടങ്ങി. പക്ഷേ അതിന് മുൻപേ അവളുടെ ബോധം മറഞ്ഞിരുന്നു. നിലത്തേക്ക് മയങ്ങി വീഴാൻ തുടങ്ങിയ ആതിരയെ കണ്ടതും ക്രിസ്റ്റി ഓടിച്ചെന്ന് അവളെ തന്റെ കൈകളിൽ താങ്ങിപ്പിടിച്ചു. കുഴഞ്ഞുപോയ ആതിരയെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവൻ വീഴാതെ ബാലൻസ് ചെയ്തു. ബൈസ്റ്റാൻഡറുടെ ബെഡിലേക്ക് അവളെ കിടത്തിയിട്ട് ഡോക്ടറെ വിളിക്കാമെന്നായിരുന്നു അവന്റെ മനസ്സിൽ. പക്ഷേ അപ്പോഴേക്കും വാതിൽ തള്ളിതുറന്ന് മുരളിയും ഭാരതിയും അങ്ങോട്ട്‌ വന്നു. ഒരുനിമിഷം തൊട്ടുമുന്നിലെ കാഴ്ച കണ്ട് ഇരുവരും ഞെട്ടി. അടഞ്ഞുപോയ മിഴികൾ വലിച്ചുതുറക്കാൻ പ്രയാസപ്പെടുകയായിരുന്നു ആതിര........ സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story