മറുതീരം തേടി: ഭാഗം 33

marutheeram thedi shiva

രചന: ശിവ എസ് നായർ

തന്നെ പൂട്ടിയിടുകയാണെങ്കിൽ എത്രയും പെട്ടന്ന് വീട്ടിൽ നിന്ന് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് പുറത്ത് ചാടണമെന്ന് അവൾ തീരുമാനിച്ചു. അല്ലെങ്കിൽ അച്ഛനും അമ്മയും കൂടി തന്റെ കുഞ്ഞിനെ കൊന്ന് കളയുമെന്ന് ആതിരയ്ക്ക് ഉറപ്പായിരുന്നു. ഒട്ടൊരു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ അവൾ ഫോണെടുത്ത് രാജീവിന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. റിംഗ് ചെയ്ത് തീരാറായപ്പോൾ മറുതലയ്ക്കൽ ഫോൺ അറ്റൻഡ് ചെയ്യപ്പെട്ടു. "ഹലോ... ആതിരാ. അമ്മാമ്മയ്ക്ക് എങ്ങനെയുണ്ട്. ഹോസ്പിറ്റലിലെ തിരക്കിനിടയിൽ വിളിക്കാൻ സമയം കിട്ടിയില്ല. ആൽഫിയെ കാണുമ്പോൾ ഞാൻ വിവരം തിരക്കാറുണ്ടായിരുന്നു." കാൾ എടുത്തപാടെ രാജീവ്‌ പറഞ്ഞു. "അമ്മാമ്മയ്ക്ക് സംസാരിക്കാനും എണീറ്റ് നടക്കാനുമൊന്നും പറ്റില്ല രാജീവേട്ടാ, കിടപ്പായിലായിപ്പോയി. നല്ല ചികിത്സ കൊടുത്താൽ സുഖപ്പെടുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഇന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വന്നതേയുള്ളു. ഞാനിപ്പോ രാജീവേട്ടനെ വിളിച്ചത് ഒരു കാര്യം ചോദിക്കാനായിരുന്നു."

"എന്താ ആതിര." രാജീവ് അവളോട് തിരക്കി. "ആൽഫിയുണ്ടോ അവിടെ. അവന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. ഇന്നലെ വൈകുന്നേരം സംസാരിച്ച് വച്ചതാ. പിന്നെ ഈ നേരം വരെ ഇങ്ങോട്ട് വിളിച്ചിട്ടില്ല. അങ്ങോട്ട്‌ വിളിച്ചു നോക്കിയപ്പോ ഫോൺ സ്വിച്ച് ഓഫ്." ആതിരയുടെ കണ്ഠമൊന്നിടറി. "അവൻ രാവിലെ ഡ്യൂട്ടിക്ക് വരാത്തോണ്ട് ഞാൻ വിളിച്ചു നോക്കിയപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു ആതിര. എന്നിട്ട് ലഞ്ച് ബ്രേക്ക്‌ ടൈമിൽ ഞാൻ വീട്ടിൽ പോയി നോക്കിയിരുന്നു. അപ്പൊ വീട് പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. ഞാൻ വിചാരിച്ചു ആതിരയെ കാണാനായി അവൻ അങ്ങോട്ട്‌ വന്നിട്ടുണ്ടാവുമെന്ന്." "ഇല്ല രാജീവേട്ടാ. ആൽഫി എന്നോട് പറയാതെ ഇങ്ങോട്ട് വരില്ല." അവൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ പൈസ തീർന്ന് കാൾ കട്ടായിരുന്നു. ആതിര, ഫോൺ വച്ചതായിരിക്കുമെന്ന് കരുതി രാജീവും അവളെ തിരിച്ചുവിളിച്ചില്ല. കുറച്ചുസമയം രാജീവിന്റെ കാൾ പ്രതീക്ഷിച്ച് ആതിര മൊബൈലും കൈയ്യിൽ പിടിച്ച് ഇരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

വീടും അടച്ചുപൂട്ടി ഫോണും ഓഫ് ചെയ്ത് വച്ചിട്ട് ആൽഫി എവിടെ പോയതായിരിക്കുമെന്ന് അവളോർത്തു. ഒരുവേള അവനെന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കുമോയെന്ന ചിന്തയും അവളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു. ************ സമയം രാത്രി എട്ട് മണി കഴിഞ്ഞിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു വന്ന അഞ്ജുവും ആരതിയും ചേച്ചിയുടെ പുതിയ വിശേഷം അറിഞ്ഞ ഞെട്ടലിലാണ്. ഇരുവരും മുറിക്ക് പുറത്തുള്ള ജനലിൽ കൂടി അവളെ എത്തിനോക്കി അടക്കം പറഞ്ഞുകൊണ്ട് തിരിച്ചുപോയി. ആതിര അത് കണ്ട ഭാവം നടിച്ചില്ല. വൈകുന്നേരം പുറത്തേക്ക് പോയ മുരളി രാത്രി വളരെ വൈകിയാണ് തിരിച്ചെത്തിയത്. "ഞാൻ പറഞ്ഞ സാധനം കിട്ടിയോ." മുരളിയെ കണ്ടതും ഭാരതി അയാൾക്കടുത്തേക്ക് ചെന്നു. "ഹ്മ്മ്.. കിട്ടി. അവളിത് കുടിക്കുമോന്നാണ് എന്റെ സംശയം." "കുടിച്ചില്ലെങ്കി കുടിപ്പിക്കണം. അവൻ കളഞ്ഞിട്ട് പോയ സ്ഥിതിക്ക് വയറ്റിലൊരു കുഞ്ഞിനെയും കൊണ്ട് ഇവളെങ്ങനെ തനിച്ച് ജീവിക്കും. തന്തയില്ലാത്ത കൊച്ചിനെ പെറ്റിടുന്നതിനേക്കാൾ അതിനെ ഇപ്പോഴേ അങ്ങ് ഇല്ലാതാക്കുന്നതല്ലേ നല്ലത്."

"എന്തായാലും വച്ച് താമസിപ്പിക്കരുത്, ഉടനെ വേണം. ഈ പ്രശ്നം പരിഹരിച്ച് കഴിഞ്ഞാൽ വല്ല നക്കാപിച്ച കൊടുത്ത് ആരുടെയെങ്കിലും തലയിൽ അവളെ കെട്ടിവയ്ക്കണം. ഇല്ലെങ്കിൽ ആ അസത്ത് പെണ്ണ് വീണ്ടും അടുത്ത മാനക്കേട് ഉണ്ടാക്കി വയ്ക്കും. പഠിച്ച് റാങ്ക് മേടിച്ച ഉടനെതന്നെ ജോലിയും കൂടി കിട്ടിയപ്പോ അവളുടെ അഹങ്കാരം ചില്ലറയെന്നുമായിരുന്നില്ല. അന്നേ ഞാൻ അവളെ ഓങ്ങി വച്ചതാ. ഇന്ന് അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ കൈ തരിച്ചതുമാണ്. പിന്നെ ഗർഭിണി ആയോണ്ട് കൈവയ്ക്കാൻ ഒന്ന് അറച്ചുനിന്നുപോയി. വാക്കില്ലാണ്ട് അടി കിട്ടിയിട്ട് എന്തെങ്കിലും പറ്റിപോയാലോന്ന് ഒരു പേടി തോന്നി." "എന്ത് പറ്റാൻ, ഒന്നും സംഭവിക്കില്ല. അവൾ കാണിച്ചുവച്ച വൃത്തികേടിന് തല്ലികൊല്ലുകയാ വേണ്ടത്. ഇവളെയാണല്ലോ ഞാൻ സ്നേഹിച്ചുപോയതെന്ന് ഓർക്കുമ്പോ കുറ്റബോധം തോന്നുന്നു." ഭാരതിയിൽ അമർഷം നിറഞ്ഞു. "ഇത് ഇങ്ങനെയൊക്കെയേ അവസാനിക്കുള്ളു എന്ന് ഞാൻ നേരത്തെ ഊഹിച്ചതാ. ഇപ്പൊ നിനക്ക് ബോധ്യമായല്ലോ അവളീ കുടുംബം നശിപ്പിക്കാനും നമ്മളെ നാണംകെടുത്താനുമായിട്ട് ജനിച്ച വിഷ വിത്താണെന്ന്."

മുരളിക്ക് അവളോട് കടുത്ത പക തോന്നി. "പാമ്പിനെയാ പാലൂട്ടി വളർത്തിയതെന്ന് ഇപ്പോഴാ എനിക്ക് മനസ്സിലായത്. ഒടുവിൽ അവൾ നമുക്കിട്ട് തന്നെ താങ്ങി. അമിത സ്വാതന്ത്ര്യം അനുവദിച്ച് കൊടുത്തതും വിനയായി." ഭാരതി നെടുവീർപ്പിട്ടു. "സമയം കളയാതെ നീയിത് അവൾക്ക് കൊണ്ട് കൊടുക്ക്." "മ്മ്മ്... കൊടുക്കാം." മുരളി കൊണ്ടുവന്ന പൊതിയുമായി ഭാരതി അടുക്കളയിലേക്ക് പോയി. കുറച്ചുദൂരെയുള്ള ഒരു വൈദ്യന്റെ കൈയ്യിൽ നിന്ന് മുരളിയെ കൊണ്ട് ഭാരതി വാങ്ങിപ്പിച്ച ഗർഭം അലസിപ്പിക്കാനുള്ള മരുന്നായിരുന്നു ആ പൊതിയിലുണ്ടായിരുന്നത്. അവരത് പാലിൽ ചാലിച്ച ശേഷം അതുമായി ആതിരയുടെ അടുത്തേക്ക് നടന്നു. വാതിലിന്റെ കൊളുത്ത് പുറത്ത് നിന്ന് നീക്കുന്ന ശബ്ദം കേട്ട് ആതിര കട്ടിലിൽ എഴുന്നേറ്റിരുന്നു. ഭാരതിക്കൊപ്പം മുരളിയും മുറിയിലേക്ക് കടന്നു. "ഇന്നാ ഇത് കുടിക്ക്. ഇത് കുടിച്ചാ ഗർഭം പെട്ടന്ന് അലസി പൊയ്ക്കോളും. ഇപ്പൊ ആണെങ്കിൽ ആരുമറിയാതെ നമുക്കീ വിഷയം ഒതുക്കി തീർക്കാം." അനുനയത്തിൽ ഭാരതി അവളുടെ അടുത്ത് വന്നിരുന്നു.

"എനിക്ക് വേണ്ട. എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല." ആതിര വെറുപ്പോടെ മുഖം വെട്ടിച്ചു. "പിന്നെ എന്താ നിന്റെ ഉദ്ദേശം, തന്തയില്ലാത്ത ഇതിനെ പ്രസവിക്കാനാണോ നിന്റെ മനസ്സിലിരിപ്പ്." ഭാരതിക്ക് ദേഷ്യം വന്നു. ഏതുവരെ അവൾ പോകുമെന്നറിയാനായി സംയമനം പാലിച്ച് മിണ്ടാതെ നിൽക്കുകയാണ് മുരളി. "എന്റെ കൊച്ചിന് അച്ഛനില്ലെന്ന് അമ്മ മാത്രം തീരുമാനിച്ചാൽ മതിയോ. എന്തായാലും എന്റെ കുഞ്ഞിന് ആ ഗതി വരില്ല. അവൾക്ക് നല്ലൊരു അച്ഛനുണ്ട്. എന്റെ വിവാഹം കഴിഞ്ഞത് തെളിയിക്കാൻ അമ്മാമ്മ എണീറ്റ് സംസാരിക്കണമെന്നില്ല. ഞാൻ പോയി തെളിവും കൊണ്ട് വന്നോളാം. അല്ലെങ്കിൽതന്നെ നിങ്ങളെ ഞാനെന്തിന് ഇതൊക്കെ ബോധിപ്പിക്കണം. പെട്ടെന്നുള്ള വരവ്, അതും ഹോസ്പിറ്റലിലേക്ക് ആയോണ്ട് ഒരു വഴക്കിനുള്ള സാഹചര്യം ഞാനായിട്ട് ഉണ്ടാക്കണ്ടെന്ന് കരുതിയാണ് ആൽഫിയെ കൂടെ കൂട്ടാതെ കഴുത്തിൽ കെട്ടിയിരുന്ന താലിയും അവിടെ അഴിച്ച് വച്ചിട്ട് ഞാനിങ്ങ് വന്നത്. അത് കരുതി എന്റെ കൊച്ചിന് അച്ഛനില്ലെന്നും അവനെന്നെ ചതിച്ചെന്നും പൊള്ളയായ ആരോപണം നടത്തി എന്നെയിവിടെ പൂട്ടിയിട്ട് എന്റെ കൊച്ചിനെ കൊന്ന് കളയമെന്ന് നിങ്ങളാരും വ്യാമോഹിക്കണ്ട.

അല്ലെങ്കിൽത്തന്നെ ജനിപ്പിച്ച അവകാശമല്ലാതെ ഞാനും നിങ്ങളും തമ്മിൽ എന്ത് ബന്ധമാണുള്ളത്. അതുകൊണ്ട് അച്ഛനും അമ്മയും ചമഞ്ഞു എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട. നിങ്ങളുടെ ചിലവിലല്ല ഞാൻ കഴിയുന്നത്. ഞാൻ എനിക്കിഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ചപ്പോഴേക്കും അമ്മയ്ക്ക് ഞാൻ വീണ്ടും വെറുക്കപ്പെട്ടവളായോ." ആതിരയുടെ സംസാരം രണ്ടുപേരെയും നന്നായി ചൊടിപ്പിച്ചു. "അവൻ നിന്നെ ഒഴിവാക്കാൻ വല്ലയിടത്തും കൊണ്ട് പോയി കൊന്ന് തള്ളിയാലേ കേസ് വരുന്നത് ഞങ്ങളുടെ നേർക്കായിരിക്കും. നീ പിഴച്ചു പോയതിന്റെ പേരിൽ എന്റെ മറ്റ് പിള്ളേര് ആ ചീത്തപ്പേര് കേൾക്കാൻ ഇടവരരുത്. അതിനാ ഞാൻ നിന്നോട് ഇത് അലസിപ്പിക്കാൻ പറയുന്നത്. അവനിപ്പോഴും ചതിച്ചുവെന്ന് വിശ്വസിക്കാൻ നിനക്ക് പറ്റുന്നില്ലേ. ഇന്നലെ വരെ നീ അവനോട് സംസാരിച്ചെന്നല്ലേ പറഞ്ഞത്. ഇന്ന് ഇത്രയും നേരായിട്ട് അവൻ നിന്നെ വിളിച്ചോ, ഇല്ലല്ലോ. അതാണ് ഞാൻ പറഞ്ഞത് അവൻ അവന്റെ ആവശ്യവും കഴിഞ്ഞ് പൊടിയും തട്ടി പോയി. നീയിങ്ങനെ വിഡ്ഢിയെ പോലെ വയറും വീർപ്പിച്ച് കാത്തിരിക്കേയുള്ളു."

ഭാരതിയുടെ വാക്കുകളൊന്നും അവൾ ചെവികൊണ്ടില്ല. "ആൽഫിക്ക് എന്ത് പറ്റിയതാണെന്ന് അവിടെ പോയാലേ അറിയൂ. ഞാൻ എന്തായാലും അങ്ങോട്ട്‌ പോവാൻ തീരുമാനിച്ചു. എന്നെ തടയാൻ നിങ്ങൾക്കാർക്കും ഒരു അവകാശവുമില്ല. പ്രായ പൂർത്തിയായ പെൺകുട്ടിയാണ് ഞാൻ. എന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്." നേരത്തെതന്നെ തയ്യാറാക്കി കട്ടിലിന്റെ അടിയിൽ വച്ചിരുന്ന ബാഗ് വലിച്ചെടുത്തുകൊണ്ട് ആതിര പോകാനായി എഴുന്നേറ്റു. "ഒരിക്കെ സ്വാതന്ത്ര്യം തന്ന് അഴിച്ച് വിട്ടതിന്റെ നെഗളിപ്പാണ് നീയിപ്പോ കാണിക്കുന്നത്. ഇനിയും നിന്നെ പോകാനനുവദിച്ചാൽ നിന്നെ പിന്നീട് കാണാൻ പറ്റുന്നത് വല്ല വേശ്യാലയത്തിലുമായിരിക്കും. അതുകൊണ്ട് വല്യ ഡയലോഗ് അടിച്ച് ഞങ്ങളെ പേടിപ്പിച്ചിരുത്തി ഇറങ്ങി പോവാമെന്ന് നീ സ്വപ്നം കാണണ്ട. മര്യാദക്ക് ഇവിടെ അടങ്ങി കിടക്കെടി." അവളുടെ കൈയിലിരുന്ന ബാഗ് പിടിച്ചുവാങ്ങി മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞ ശേഷം മുരളി ആതിരയുടെ മുഖമടച്ച് ഒരടി കൊടുത്തു.

അയാളുടെ ഒരടിയിൽതന്നെ അവൾ കട്ടിലിലേക്ക് വീണുപോയി. വായിൽ ചോരയുടെ ചവർപ്പ് അവൾക്കനുഭവപ്പെട്ടു. "ഭാരതീ... ആ മരുന്ന് അവളുടെ വായിലേക്ക് ഒഴിച്ച് കൊടുക്ക്." ഇടത് കൈകൊണ്ട് ആതിരയുടെ മുടിക്കുത്തിൽ പിടിച്ച് വച്ച് വലതുകൈകൊണ്ട് ഇരുകവിളും കൂട്ടിപ്പിടിച്ച് അവളുടെ വായ തുറപ്പിച്ച് മുരളി ഭാര്യയെ നോക്കി. ഭാരതി തന്റെ കൈയിലിരുന്ന, പാലിൽ കലക്കിയ മരുന്ന് അവളുടെ വായിലേക്ക് കൊണ്ട് വന്ന് ഒഴിക്കാൻ തുടങ്ങിയതും കുതറി പിടഞ്ഞുകൊണ്ട് അവളാ ഗ്ലാസ്‌ തട്ടിയെറിഞ്ഞു. അവരുടെ കൈയ്യിൽ നിന്ന് ഗ്ലാസ്‌ തെറിച്ച് നിലത്തേക്ക് വീണു. കലിപൂണ്ട മുരളി അവളുടെ ഇരുകരണത്തും മാറി മാറി അടിച്ചു. അത്രയും വർഷം അവളെ കൈവയ്ക്കാൻ പറ്റാതെ പോയതിന്റെ ദേഷ്യമൊക്കെ അയാൾ അവളുടെ മേൽ തീർക്കുകയായിരുന്നു. ആതിരയും വിട്ടുകൊടുത്തില്ല.

"എന്നെ ഉപദ്രവിച്ചാൽ ഞാൻ വെറുതെ കൊണ്ടോണ്ടിരിക്കുമെന്ന് വിചാരിക്കണ്ട. തിരിച്ചു തരാനും എനിക്കറിയാം." മുരളിയുടെ ഇടത് കൈപ്പത്തി പിടിച്ചുവച്ച് അവൾ കടിച്ചുമുറിച്ചു. ദേഹം നൊന്തപ്പോൾ ബാധ കയറിയത് പോലെയായി ആതിരയുടെ പെരുമാറ്റം. കൈയ്യിൽ കിട്ടിയ സാധനങ്ങളും അവൾ അയാൾക്ക് നേരെ വലിച്ചെറിഞ്ഞു. ആതിരയുടെ പ്രവൃത്തിയിൽ മുരളിക്കൊന്ന് അടിപതറി. അവളുടെ മുടിയിൽ ചുരുട്ടിപ്പിടിച്ച് തല ഭിത്തിയിലേക്ക് ചേർത്തിടിക്കാൻ അയാളുടെ കൈകൾ തരിച്ചു. കാര്യങ്ങൾ കൈവിട്ട് പോകുന്നെന്ന് കണ്ടപ്പോൾ ഭാരതിയും പെണ്മക്കളും കൂടി മുരളിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. "മുരളിയേട്ടാ വേണ്ട... വിട്ടേക്ക്. ഞാൻ വേറെ കലക്കി കൊടുത്തോളം. അവളെക്കൊണ്ട് കുടിപ്പിക്കുന്ന കാര്യം ഞാനേറ്റു." ഭാരതിയും മക്കളും കൂടി ഭർത്താവിനെ പിടിച്ചുമാറ്റി മുറിക്ക് പുറത്തേക്ക് കൊണ്ടുപോയി. ആതിരയുടെ കവിളൊക്കെ അടികൊണ്ട് വീങ്ങിയിരുന്നു. വായിൽ നിന്നും ചോരയുടെ ചവർപ്പ് അവൾക്കനുഭവപ്പെട്ടു. അടികൊണ്ട് ശരീരമൊക്കെ നുറുങ്ങുന്ന വേദന തോന്നിയെങ്കിലും അവളത് കാര്യമാക്കിയില്ല.

"എടീ... നീയിത് എന്ത് ഭാവിച്ചാ. മര്യാദക്ക് ഞാൻ പറയുന്നത് കേൾക്ക് നീ." അവൾക്കടുത്തേക്ക് വന്ന് ഭാരതി പറഞ്ഞു. പിന്നെയും ഓരോന്ന് പറഞ്ഞ് അവരവളുടെ മനസ്സ് മാറ്റാനുള്ള ശ്രമങ്ങൾ തുടർന്നു. ആതിര ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായില്ല. "അമ്മേ... ഞാനിവിടുന്ന് പൊയ്ക്കോളാം. നിങ്ങൾക്കാർക്കും എന്നെകൊണ്ട് ഒരു ശല്യവും ഉണ്ടാവില്ല." "നീ വിചാരിക്കും പോലെയല്ല ആളുകൾ. ഇത്രേം നേരായിട്ട് അവൻ നിന്നെ വിളിക്കാതിരുന്നപ്പോൾത്തന്നെ നീ മനസിലാക്കണമായിരുന്നു അവൻ നിന്നെ ഒഴിവാക്കാൻ അവസരം നോക്കിയിരിക്കുവായിരുന്നെന്ന്. നിന്റെ താലിമാലയും അമ്പലത്തിലെ സർട്ടിഫിക്കറ്റുമൊക്കെ അവിടെ വച്ചിട്ടല്ലേ വന്നത്. ആ തെളിവൊക്കെ നശിപ്പിച്ചിട്ട് അവൻ പോയെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് അമ്മയെ ഡിസ്ചാർജ് ചെയ്യുന്ന വിവരം നീ അവനോട് പറഞ്ഞിട്ടുണ്ടെങ്കിൽ നീയുടനെ തിരിച്ചു ചെല്ലുമെന്ന് കരുതിയാകും അവൻ മുങ്ങിയത്.

നിനക്ക് ലോക വിവരം ഇല്ലാത്തോണ്ടാ ഇതൊന്നും മനസിലാകാത്തത്. അന്നേ ഇവനുമായി ബന്ധം വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ. നിന്നോട് സ്നേഹമുള്ളവനാണെങ്കിൽ ഈ നേരംവരെ വിളിക്കാതിരിക്കോ. എന്തെങ്കിലും സാഹചര്യം കൊണ്ട് വിളിക്കാൻ പറ്റാതായെങ്കിൽ ആരെങ്കിലും വഴി അറിയിക്കാൻ ശ്രമിക്കുമായിരുന്നല്ലോ. ഇവിടെ അതൊന്നും ഉണ്ടായില്ലല്ലോ അല്ലെ?" അമ്മയുടെ ചോദ്യങ്ങൾ ഓരോന്നും അവളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങാൻ പോന്നവയായിരുന്നു. ഭാരതി അവസാനം പറഞ്ഞ വാക്കുകളിൽ അവളുടെ മനസ്സുടക്കിനിന്നു. ഏതെങ്കിലും സാഹചര്യവശാൽ ആൽഫിക്ക് വിളിക്കാൻ പറ്റാത്തതാണെങ്കിൽ അത് ആരെങ്കിലും വഴി അവൻ, തന്നെ അറിയിക്കേണ്ടതല്ലേ. എന്തുകൊണ്ട് ആൽഫി അത് ചെയ്തില്ലെന്ന ചോദ്യം ആതിരയുടെ മനസ്സിനെ ഒരുമാത്ര പിടിച്ചുലച്ചു...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story