മറുതീരം തേടി: ഭാഗം 34

marutheeram thedi shiva

രചന: ശിവ എസ് നായർ

ഭാരതി അവസാനം പറഞ്ഞ വാക്കുകളിൽ അവളുടെ മനസ്സുടക്കിനിന്നു. ഏതെങ്കിലും സാഹചര്യവശാൽ ആൽഫിക്ക് വിളിക്കാൻ പറ്റാത്തതാണെങ്കിൽ അത് ആരെങ്കിലും വഴി അവൻ തന്നെ അറിയിക്കേണ്ടതല്ലേ. എന്തുകൊണ്ട് ആൽഫി അത് ചെയ്തില്ലെന്ന ചോദ്യം ആതിരയുടെ മനസ്സിനെ ഒരുമാത്ര പിടിച്ചുലച്ചു. "ഇല്ലമ്മേ, അവനെന്നെ ചതിച്ചുവെന്ന് വിശ്വസിക്കാൻ എനിക്കാവില്ല. ആൽഫി എന്തോ പ്രശ്നത്തിൽ പെട്ടുപോയിട്ടുണ്ട്. അല്ലെങ്കിൽ ഈ സമയത്തിനുള്ളിൽ അവനെന്നെ വിളിക്കേണ്ടതാണ്." "നിനക്കെന്താ എത്ര പറഞ്ഞാലും തലയിൽ കയറാത്തത്." ഭാരതിക്ക് കലശലായ ദേഷ്യം വന്നു. "അച്ഛനും അമ്മയും കൂടി എന്നെയിവിടെ പിടിച്ച് വയ്ക്കാനും പൂട്ടിയിടാനും ശ്രമിക്കണ്ട. എന്റെ ഗർഭം അലസിപ്പിക്കാൻ നിങ്ങൾ ഏത് വളഞ്ഞ വഴി സ്വീകരിച്ചാലും നടക്കില്ല. എന്നെ പോകാൻ അനുവദിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. എന്നെയിവിടെ പൂട്ടിയിട്ടാൽ ഒന്നുകിൽ ഈ മുറിയിൽ പട്ടിണി കിടന്ന് ഞാൻ ചാകും അല്ലെങ്കിൽ ഞാനിവിടെ തന്നെ പ്രസവിക്കും. രണ്ടും നിങ്ങൾക്ക് നാണക്കേട് ഉണ്ടാക്കി വയ്ക്കുമെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ.

അതുകൊണ്ട് എന്നെ എന്റെ വഴിക്ക് വിട്ടേക്ക്. ഞാൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്ന് അമ്മയ്ക്കറിയാലോ. എന്ത് വേണമെന്ന് ആലോചിച്ചിട്ട് മറുപടി പറയ്യ്." ആതിര അവളുടെ നിലപാടിൽ ഉറച്ച് നിന്നു. "നിനക്ക് പോയേ തീരുള്ളൂന്ന് വാശിയാണെങ്കിൽ നാളെ രാവിലെതന്നെ ഇവിടുന്ന് പൊയ്ക്കോ. പക്ഷേ പോയാൽപ്പിന്നെ ഒരു ബന്ധവും പറഞ്ഞ് പിന്നീട് ഈ വീട്ടിൽ നീ കാലെടുത്ത് കുത്തരുത്. അമ്മാമ്മയെ കാണാൻ പോലും നീയിവിടെ വരരുത്. ഇത്രേം വലിയൊരു ചതി നീ ഞങ്ങളോട് ചെയ്തിട്ടും ഞാൻ ക്ഷമിക്കാൻ തയ്യാറായതാണ്. അപ്പൊ നിനക്ക് അഹങ്കാരം. ഇനി ആ നസ്രാണി ചെക്കൻ നിന്നെ പറ്റിച്ച് കടന്ന് കളഞ്ഞതാണെങ്കിൽ അതുവഴി നീയും എങ്ങോട്ടെങ്കിലും പോയി ചത്ത്‌ തുലഞ്ഞോണം. വയറും വീർപ്പിച്ച് പിന്നീടിങ്ങോട്ട് കണ്ട് പോകരുത് നിന്നെ. നാളെ നീയീ വീട് വീട്ടിറങ്ങിയാൽ പിന്നെ ഇങ്ങോട്ടേക്ക് തിരിച്ചൊരു മടങ്ങിവരവ് ഉണ്ടാവരുത്. ഇങ്ങനെ ഒരു മോളെ പ്രസവിച്ചിട്ടില്ലെന്ന് ഞാനങ്ങ് വിചാരിച്ചോളാം. സമ്മതമാണെങ്കിൽ നിനക്ക് പോവാം.

തെരുവിൽ കിടന്ന് പുഴുത്തുനാറി ചത്താൽ പോലും ഇവിടുന്നാരും തിരിഞ്ഞുനോക്കുമെന്ന് നീ കരുതണ്ട." "ഇത്രയും നാൾ നിങ്ങളുടെ ആരുടെയും സഹായമില്ലാതെയല്ലേ ഞാൻ ജീവിച്ചത്. ഇനിയും അങ്ങനെതന്നെ കഴിഞ്ഞോളം ഞാൻ. മരിക്കേണ്ടി വന്നാലും ഇങ്ങോട്ട് വരില്ല ഞാൻ. എന്റെ അമ്മാമ്മയ്ക്ക് എന്നെ കാണാൻ തോന്നി വിളിച്ചാൽ ഞാൻ വരും. അത് വിലക്കാൻ അമ്മയ്ക്ക് അവകാശമില്ല." "അതൊക്കെ അമ്മ സുഖപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളല്ലേ. അക്കാര്യം ഇപ്പൊ പറയേണ്ട ആവശ്യമില്ല. ഒരിക്കലും മടങ്ങി വരാൻ പറ്റില്ലെന്ന് ഓർത്തുവേണം നാളെ പോകാൻ. പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. അതുകൊണ്ട് നിന്നോടിനി ഞാനൊന്നും പറയുന്നില്ല. നിന്റെ ഇഷ്ടംപോലെ ജീവിക്ക്." കോപത്തോടെ ഭാരതി എഴുന്നേറ്റ് പുറത്തേക്ക് പോയി. അമ്മ പോയ വഴിയേ നോക്കി വേദനയോടെ അവൾ പുഞ്ചിരി തൂകി.

"അവളെന്ത് പറഞ്ഞു... പോകാൻതന്നെ തീരുമാനിച്ചോ?" ആതിരയുടെ മുറിയിൽ നിന്ന് ഇറങ്ങി വരുന്ന ഭാര്യയെ കണ്ട് മുരളി ചോദിച്ചു. "അവള് പോട്ടെ മുരളിയേട്ടാ. നമ്മള് പറഞ്ഞാലൊന്നും അവള് കേൾക്കില്ല. നാളെ എവിടെയെങ്കിലും ചത്ത്‌ കിടന്നൂന്ന് കേട്ടാപോലും ഇവിടുന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്." "അങ്ങനെ പറഞ്ഞാലെങ്ങനെ ശരിയാവും ഭാരതി. അവള് കാരണം നമ്മുടെ മക്കൾക്ക് കൂടിയല്ലേ ചീത്തപ്പേര് ഉണ്ടാവുന്നത്. അവളുടെ കൂടെ ഉണ്ടായിരുന്നവൻ എങ്ങനത്തവനാണെന്ന് പോലും നമുക്കറിയില്ല. ഈ നാശത്തിനെ ഒഴിവാക്കാൻ വല്ലയിടത്തും കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടാലും നമ്മൾ വേണ്ടേ സമാധാനം പറയാൻ. മാത്രമല്ല കർണാടകയിൽ ജോലിക്ക് പോയ മോള് വരാറില്ലേ. ഇവളവിടെ എങ്ങനെ ജീവിക്കുന്നുവെന്നൊക്കെ നാട്ടുകാരും ചോദിക്കാൻ തുടങ്ങില്ലേ. ആരതി മോൾടേം അഞ്ജുന്റേം കല്യാണം കഴിഞ്ഞിരുന്നെങ്കിൽ എനിക്കിത്ര ടെൻഷൻ ഉണ്ടാവില്ലായിരുന്നു.

ഇവള് കാരണം മനുഷ്യന്റെ ഉള്ള സമാധാനം പോയിക്കിട്ടി." മുരളി തലയിൽ കൈവച്ച് ഇരുന്നുപോയി. "അവളെ ഇവിടെ പൂട്ടിയിട്ടാൽ അവൾ ഇവിടെ തന്നെ പ്രസവിക്കും അല്ലെങ്കിൽ പട്ടിണി കിടന്ന് ചാകും. രണ്ടിൽ ഏതെങ്കിലുമൊന്ന് നടക്കും. അറിയാലോ അതിന്റെ വാശി. പഴയ പെണ്ണൊന്നുമല്ല അവൾ. നമുക്കിനി അവളെ പേടിപ്പിച്ച് നിർത്താനും പറ്റില്ല. ആ മരുന്ന് നിർബന്ധിപ്പിച്ച് കുടിപ്പിക്കാൻ ശ്രമിച്ചപ്പോഴുള്ള അവളുടെ പ്രതികരണം നിങ്ങളും കണ്ടതല്ലേ." "അവളുടെ തീരുമാനം ഇതാണെങ്കിൽ നാശം ഇറങ്ങിപ്പോട്ടെ. ഇവിടെ പെറ്റിട്ടിട്ട് നാട്ടുകാർ അറിഞ്ഞ് നാണക്കേട് ആകുന്നതിലും ഭേദം അതാണ്." ആതിരയുടെ പല്ലുകൾ ആഴ്ന്നിറങ്ങി മുറിവ് പറ്റിയ കൈയ്യിൽ തലോടി കൊണ്ടാണ് മുരളി അത് പറഞ്ഞത്. അയാൾക്കവളോട് അടങ്ങാത്ത പകയും ദേഷ്യവും തോന്നി. ************** ഭിത്തിയിൽ ചാരി കണ്ണുകൾ അടച്ചിരിക്കുകയാണ് ആതിര.

അവളുടെ മനസ്സിൽ നിറയെ ആൽഫിയെ കുറിച്ചോർത്തുള്ള ആധി മാത്രമായിരുന്നു. മുറിയിലേക്ക് ആരോ കയറി വരുന്ന കാൽപെരുമാറ്റം കേട്ട് അവൾ കണ്ണുകൾ തുറന്നുനോക്കി. മുന്നിൽ ആരതിയേം അഞ്ജുവിനെയും കണ്ട് ചോദ്യഭാവത്തിൽ ആതിര ഇരുവരെയും നോക്കി. "ചേച്ചിയോട് ഞങ്ങൾക്കൊരു കാര്യം പറയാനുണ്ട്." അഞ്ജുവാണ് സംസാരത്തിന് തുടക്കമിട്ടത്. "എന്താ?" നല്ലതൊന്നുമായിരിക്കില്ല അവർക്ക് പറയാനുണ്ടാവുകയെന്ന് അവളൂഹിച്ചു. "ചേച്ചി ഞങ്ങളുടെ ഭാവി കൂടി നശിപ്പിക്കുമോ? വീട്ടിൽ നിന്നും ദൂരേക്ക് പഠിക്കാൻ പോയത് ഈ കോലത്തിൽ തിരിച്ചു വരാനായിരുന്നോ? ഇക്കാര്യം പുറത്തുള്ളവർ അറിഞ്ഞ് കഴിഞ്ഞാൽ നമ്മുടെ കുടുംബത്തിനുണ്ടാവുന്ന നാണക്കേട് ചേച്ചി ഓർത്തില്ലല്ലോ." അനിയത്തിമാരുടെ സംസാരം കേട്ട് അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. "എന്റെ വിവാഹം കഴിഞ്ഞ കാര്യം നാട്ടുകാർ അറിഞ്ഞാൽ പിന്നെ നിങ്ങൾക്ക് നാണക്കേട് ഒന്നും ഉണ്ടാവില്ലല്ലോ അല്ലെ.?" "ചേച്ചിയുടെ ഭർത്താവ് എവിടെയെന്ന് ചോദിച്ചാൽ ചേച്ചി ആരെ ചൂണ്ടികാണിക്കും.

ചേച്ചിയെ ഉപേക്ഷിച്ച് അയാൾ പോയില്ലേ." ആരതി ചോദിച്ചു. "എന്ന് നിങ്ങൾ പറഞ്ഞാ മതിയോ?" "ഇവിടെ നടന്നതൊക്കെ ഞങ്ങൾ അറിഞ്ഞ് ചേച്ചി. ആ ചേട്ടൻ ചേച്ചിയെ പറ്റിച്ച് മുങ്ങിയെന്ന് വിശ്വസിക്കാൻ ചേച്ചിക്ക് ഇപ്പോഴും പറ്റിയിട്ടില്ല, അതാണ് സത്യം. അതുകൊണ്ട് അച്ഛനും അമ്മയും പറയുന്നത് കേട്ടൂടെ. ഇനി തിരിച്ച് അങ്ങോട്ട്‌ തന്നെ പോവാതെ ഇവിടെയെവിടെയെങ്കിലും ഒരു ജോലി ചെയ്ത് ജീവിക്ക്. അതാണ് ചേച്ചിക്കും ഞങ്ങൾക്കും നല്ലത്." അഞ്ജുവാണ് അത് പറഞ്ഞത്. "ഞാനിതുവരെ നിങ്ങളുടെ കാര്യത്തിൽ ഇടപെടാൻ വന്നിട്ടില്ലല്ലോ. അതുകൊണ്ട് നിങ്ങളും എന്നെ ഉപദേശിക്കാൻ വരണ്ട. എന്റെ കാര്യം നോക്കാൻ എനിക്കറിയാം." ആതിരയ്ക്ക് ദേഷ്യം വന്ന് തുടങ്ങി. "ചേച്ചി ചെയ്യുന്നതൊക്കെ അനിയത്തിമാരായ ഞങ്ങളെ കൂടി ബാധിക്കും. അത് ചേച്ചി മറക്കണ്ട." ആരതിയും വിട്ട് കൊടുത്തില്ല. "ഞാൻ നിങ്ങളുടെ ചേച്ചിയാണെന്നുള്ള ബോധം ഇപ്പോഴാണോ വന്നത്. എന്തായാലും ഞാൻ കാരണം നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. നാളെ തന്നെ ഞാനിവിടുന്ന് പോവുകയാണ്.

അമ്മാമ്മ സുഖപ്പെട്ട് കഴിഞ്ഞ ശേഷം അമ്മാമ്മയ്ക്ക് എന്നെ കാണണമെന്ന് തോന്നി, എന്നെയിങ്ങോട്ട് വിളിച്ചാൽ ഞാനും ആൽഫിയും ഞങ്ങളുടെ കുഞ്ഞും ഒരുമിച്ചായിരിക്കും ഇനിയിങ്ങോട്ട് വരുന്നത്. അങ്ങനെയേ ഇനി ഞാൻ ഇവിടേക്ക് വരുള്ളൂ. നിങ്ങളുടെ ജീവിതം ഞാനായിട്ട് തകരാൻ ഇടവരുത്തില്ല. അതോർത്ത് രണ്ടുപേരും പേടിക്കണ്ട." "ചേച്ചി കാരണം എപ്പഴും എന്തെങ്കിലും പ്രശ്നം ഈ വീട്ടിൽ ഉണ്ടായികൊണ്ടിരിക്കും." അഞ്ജുവിന്റെ സ്വരത്തിൽ നീരസം കലർന്നിരുന്നു. "ഇനി ഞാൻ കാരണം ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല." "ഞങ്ങൾ പറയാനുള്ളത് പറഞ്ഞു. ഇനി ചേച്ചിയുടെ ഇഷ്ടം. എന്ത് തീരുമാനം എടുത്താലും വേണ്ടില്ല. ചേച്ചി കാരണം ഈ കുടുംബത്തിനൊരു മാനക്കേട് ഉണ്ടാകരുത്." അഞ്ജുവും ആരതിയും തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞിട്ട് മുറിവിട്ട് പുറത്തേക്ക് പോയി. ഈ വീട്ടിൽ തന്റെയൊപ്പം നിൽക്കാൻ ആരുമുണ്ടാവില്ലെന്നത് ആതിരയ്ക്ക് നേരത്തെതന്നെ അറിയാവുന്ന കാര്യമാണ്. അമ്മാമ്മ സംസാരിക്കാനായാൽ ആൽഫിയെയും കൂട്ടി വേണം ഇനിയിവിടേക്ക് വരാനെന്ന് അവൾ മനസ്സിൽ തീരുമാനിച്ചു. താൻ കാരണം ആർക്കും ഒരു അപമാനം ഉണ്ടാവണ്ട. ചിന്തകളിൽ മുഴുകി ആ രാത്രി ഉറങ്ങാതെ അവൾ നേരം വെളുപ്പിച്ചു. *************

രാവിലെ പോകുന്നതിന് മുൻപ് ആതിര, അമ്മാമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. "ഇവിടെ ഞാൻ കാരണം കുറേ പ്രശ്നങ്ങളുണ്ടായി അമ്മാമ്മേ. ഇനിയും ഇവിടെ നിന്ന് ഓരോ പൊട്ടിത്തെറികൾ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അമ്മാമ്മ ഇങ്ങനെ വയ്യാതെ കിടക്കുമ്പോ ആൽഫിയെയും കൂടെ കൊണ്ടുവന്ന് ഒരു പ്രശ്നം സൃഷ്ടിക്കണ്ടെന്ന് കരുതിയാണ് ഞാൻ തനിച്ച് വന്നത്. പക്ഷേ ഞാൻ ഗർഭിണി ആണെന്ന് ഇവിടെല്ലാരും അറിഞ്ഞപ്പോ പ്രശ്നങ്ങൾ വഷളായി. ഇനി അമ്മാമ്മ സുഖപ്പെട്ടിട്ടേ ഞാൻ വരുള്ളൂ. അപ്പൊ ആൽഫിയെയും കൂട്ടി വരാം. അമ്മാമ്മേടെ കൂടെ നിന്ന് എല്ലാം കാര്യങ്ങളും നോക്കീം കണ്ടും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞാനിവിടെ തുടർന്നാൽ ഇവരെല്ലാവരും കൂടെ എന്റെ കുഞ്ഞിനെ കൊല്ലും. ഞാൻ പോയിട്ട് ആൽഫിയെയും കൂട്ടികൊണ്ട് വരാം അമ്മാമ്മേ. ഇപ്പൊ ഞാൻ പോവാ ട്ടോ." ഭാർഗവി അമ്മയെ കെട്ടിപിടിച്ച് നെറ്റിയിലും കവിളിലുമൊക്കെ ഉമ്മ കൊടുത്ത ശേഷം ആതിര മുറിവിട്ട് ഇറങ്ങി.

നിശബ്ദയായി കണ്ണീർ പൊഴിച്ചുകൊണ്ട് അവൾ പടിയിറങ്ങി പോകുന്നത് നിസ്സഹായായി നോക്കിക്കിടക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ. "നീയൊരിക്കലും ഗുണം പിടിക്കില്ലെടി ശവമേ. തെണ്ടിതിരിഞ്ഞു തെരുവിൽ കിടക്കാൻ ആയിരിക്കും നിന്റെ യോഗം." മുരളിയുടെ ശാപ വാക്കുകൾ കേട്ടില്ലെന്ന് നടിച്ച് തന്റെ ബാഗുമെടുത്ത് ആതിര വീടിന്റെ പടികളിറങ്ങി. ഇനി ഇവിടേക്ക് മടങ്ങി വരുമ്പോൾ ഇങ്ങനെ ആവരുതെന്ന് മനസ്സിൽ അവൾ പ്രതിജ്ഞയെടുത്തിരുന്നു. ************* യാത്രയിലുടനീളം ആൽഫിയെക്കുറിച്ചുള്ള ഓർമ്മകൾ അവളെ അലട്ടിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ഫോണെടുത്ത് അവന്റെ ഫോൺ കോൾ എങ്ങാനും വന്നിട്ടുണ്ടോന്ന് ആതിര നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. വൈകുന്നേരം, ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടനെ ഒരു ഓട്ടോ വിളിച്ച് അവൾ വാടക വീട്ടിലേക്ക് തിരിച്ചു.

കുതിച്ചുയരുന്ന ഹൃദയമിടിപ്പിനെ വരുതിയിലാക്കാൻ അവൾ നന്നേ പാടുപെട്ടു. അടഞ്ഞുകിടന്ന ഗേറ്റിന്റെ ഓടാമ്പൽ നീക്കി വീട്ട് മുറ്റത്തേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ആതിരയുടെ ശരീരം വിറപൂണ്ടു. മുറ്റത്ത്‌ കരിയിലകൾ നിറഞ്ഞ് കിടന്നിരുന്നു. കൈയ്യിലുണ്ടായിരുന്ന സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്ന് അവൾ അകത്ത് കയറി. വീടിനുള്ളിൽ ആൽഫിയുടെ ഗന്ധം നിറഞ്ഞ് നിൽക്കുന്നതായി അവൾക്ക് തോന്നി. പ്രിയപ്പെട്ടവന്റെ അഭാവം ആതിരയുടെ ശരീരത്തെ തളർത്തി. കണ്ണുകൾ നിറഞ്ഞ് തുളുമ്പി. വിറയ്ക്കുന്ന കാലടികളോടെ അവൾ തങ്ങളുടെ മുറിയിലേക്ക് നടന്നു. ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറിയ ആതിര, ഒരു നിമിഷം ആ കാഴ്ച കണ്ട് ഞെട്ടി നിന്നു...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story