മറുതീരം തേടി: ഭാഗം 35

marutheeram thedi shiva

രചന: ശിവ എസ് നായർ

പ്രിയപ്പെട്ടവന്റെ അഭാവം ആതിരയുടെ ശരീരത്തെ തളർത്തിത്തുടങ്ങിയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. വിറയ്ക്കുന്ന കാലടികളോടെ ആതിര, തങ്ങളുടെ മുറിയിലേക്ക് നടന്നു. ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറിയ അവൾ, ഒരു നിമിഷം ആ കാഴ്ച കണ്ട് ഞെട്ടി നിന്നു. അലമാരയിൽ വച്ചിരുന്ന വസ്ത്രങ്ങൾ മുഴുവനും വലിച്ചുവാരി നിലത്തിട്ടിട്ടുണ്ടായിരുന്നു. മുറിയുടെ ഒരു മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന അവന്റെ മുഷിഞ്ഞുനാറിയ വസ്ത്രങ്ങൾ. ആകെ അലങ്കോലപ്പെട്ട് കിടക്കുകയായിരുന്നു അവിടം. അലമാരയിൽ നിന്നും താഴെ വാരിയിട്ട ഡ്രെസ്സുകളിൽ ആൽഫിയുടെ വസ്ത്രങ്ങളൊന്നുമില്ലെന്നത് അവൾ പ്രത്യേകം ശ്രദ്ധിച്ചു. മുറിയിലുണ്ടായിരുന്ന അവന്റെ ബാഗും കാണുന്നുണ്ടായിരുന്നില്ല. ആൽഫിയുടെ മൊബൈൽ ഫോൺ മേശപ്പുറത്തിരിക്കുന്നത് ആതിര കണ്ടു. അവൾ അതെടുത്ത് ചാർജിനിട്ട് ഓണാക്കി ലാസ്റ്റ് കാൾ ലിസ്റ്റ് എടുത്തുനോക്കി. അവസാനമായി അവന്റെ ഫോണിലേക്ക് വന്നിരിക്കുന്നത് ആൽഫിയുടെ വീട്ടിൽ നിന്നുള്ള കാളാണ്.

താൻ നാട്ടിൽ പോയതിന് ശേഷം കുറേ പ്രാവശ്യം അവന് വീട്ടിലെ ലാൻഡ് ലൈനിൽ നിന്ന് ഫോൺ കാൾസ് വന്നിരുന്നത് കണ്ടപ്പോൾ ആതിരയ്ക്ക് കടുത്ത മനഃപ്രയാസം തോന്നി. ഒരിക്കൽ പോലും വീട്ടിൽ നിന്ന് ഫോൺ വന്ന കാര്യം ആൽഫി തന്നോട് പറഞ്ഞിരുന്നില്ലല്ലോന്ന് അവൾ വേദനയോടെ ഓർത്തു. ഒരുപക്ഷേ അവൻ ധൃതി പിടിച്ച് പോയിട്ടുണ്ടാവുക വീട്ടിലേക്കായിരിക്കുമെന്ന് ആതിര ഊഹിച്ചു. റൂം മൊത്തം അലങ്കോലപ്പെടുത്തി ഇട്ടിരിക്കുന്നത് കണ്ടാൽ തോന്നുന്നത് തിടുക്കപ്പെട്ട് കൈയ്യിൽ കിട്ടിയതൊക്കെ വലിച്ചുവാരി എടുത്തുകൊണ്ട് പോയത് പോലെയാണ്. അപ്പഴത്തെ വെപ്രാളത്തിനിടയിൽ മൊബൈൽ എടുക്കാൻ വിട്ടുപോയിരിക്കാം. അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് ആൽഫിയുടെ വീട്ടിലെ ലാൻഡ് ലൈൻ നമ്പറിലേക്ക് വിളിച്ചുനോക്കി. റിംഗ് ചെയ്ത് നിന്നതല്ലാതെ മറുതലയ്ക്കൽ ആരും കാൾ അറ്റൻഡ് ചെയ്തില്ല. അവൾ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു. നാലാമത്തെ തവണ ആദ്യ റിംഗിൽ തന്നെ കാൾ കണക്ട് ആയി.

"ഹലോ.. ആരാണ്." ഫോണിലൂടെ ഒരു പെൺശബ്ദം കേട്ടു. "ആൽഫിയുണ്ടോ അവിടെ? ഉണ്ടെങ്കിൽ ഒന്ന് ഫോൺ കൊടുക്കാമോ?" താൻ ആരാണെന്ന് വെളിപ്പെടുത്താൻ അവളാഗ്രഹിച്ചില്ല. "ഇച്ചായൻ കുറേ നാളായി ഇവിടെയല്ല താമസം. ആൽഫിച്ചന്റെ ഫോൺ നമ്പർ വേണോങ്കി പറഞ്ഞുതരാം. നിങ്ങളാരാ... എവിടുന്നാ വിളിക്കുന്നത്?" ആൽഫിയുടെ സഹോദരിയാണ് തന്നോട് സംസാരിക്കുന്നതെന്ന് ആതിരയ്ക്ക് മനസ്സിലായി. അവളുടെ മറുപടിയിൽ നിന്ന് ആൽഫി അവിടെ ചെന്നിട്ടില്ലെന്ന് ആതിര ഊഹിച്ചു. ഒന്നും മിണ്ടാതെ അവൾ കാൾ കട്ട്‌ ചെയ്തു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. ആരോടാ ചോദിക്കുക? എവിടെപ്പോയി അന്വേഷിക്കും? ആലോചിക്കുംതോറും ആതിരയ്ക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.

തൊട്ടടുത്തെ വീട്ടിൽ താമസിക്കുന്നവരോട് ആൽഫിയെ അവസാനമായി എപ്പോഴാണ് കണ്ടതെന്ന് ചോദിക്കാമെന്ന് വിചാരിച്ച് അവൾ മുറ്റത്തേക്കിറങ്ങി അയല്പക്കത്തേക്ക് ചെന്നു. അധികം സംസാരം ഒന്നുമില്ലെങ്കിലും എന്നും കാണുമ്പോൾ പരസ്പരം പുഞ്ചിരിക്കുകയും ഒന്നോ രണ്ടോ വാക്കിൽ വിശേഷം ചോദിക്കുന്നത്ര ബന്ധമേ അവർക്ക് അയൽക്കാരുമായി ഉണ്ടായിരുന്നുള്ളൂ. "ചേച്ചി ആൽഫി എപ്പോഴാ വീട്ടിൽ നിന്ന് പോയതെന്ന് കണ്ടോ.?" കന്നഡ ഭാഷയിൽ അവൾ അടുത്ത വീട്ടിലെ സ്ത്രീയോട് ആൽഫിയെ കുറിച്ച് ചോദിച്ചു. "ഇന്നലെ രാവിലെ ഒരു സ്ത്രീ ഇവിടേക്ക് വരുന്നത് കണ്ടിരുന്നു. മിനിഞ്ഞാന്ന് രാത്രിയും രാവിലെയുമൊക്കെ അവരിവിടെ വന്ന് പോകുന്നത് കണ്ടിരുന്നു. ഇന്നലെ രാവിലെ ആ സ്ത്രീക്കൊപ്പം ഒരു ബാഗുമായി ആൽഫി പോവുകയും ചെയ്തു." "ആ സ്ത്രീ കാണാൻ എങ്ങനെയാ.?" ഉള്ളിലെ നടുക്കം മറച്ചുവച്ച് അവൾ അവരെ നോക്കി. "മുഖം അത്ര വ്യക്തമായില്ല. സാരിയുടെ മുന്താണി കഴുത്തിലൂടെ ചുറ്റി ഇട്ടിരുന്നു.

ഒരു നീല പാന്റും കറുത്ത ഷർട്ടുമായിരുന്നു ആൽഫിയുടെ വേഷം. ഇരുവരും കൈപിടിച്ച് വേഗത്തിൽ നടന്ന് പോകുന്നതാ ഞാൻ കണ്ടത്." "രാവിലെ എത്ര മണിക്കാ അവര് പോയത്." "ഒരു ഏഴ് മണി ആയിക്കാണും. നിന്നോട് നിന്റെ ഭർത്താവ് എവിടെ പോവുകയാണെന്ന് പറഞ്ഞില്ലേ?" "ഇല്ല... ഞാൻ വീട് വരെ പോയിരുന്നു. ആൽഫിയുടെ ഫോൺ ഇവിടെ തന്നെ ഇരിക്കുന്നത് കണ്ടു. അതോണ്ട് വിളിച്ചു ചോദിക്കാൻ കഴിഞ്ഞതുമില്ല." "നീയില്ലാത്ത സമയം ഏതോ സ്ത്രീയുമായി അവൻ നാട് വിട്ടതാ. അവൻ നിന്നെ പറ്റിച്ച് പോയതായിരിക്കും." ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെന്ന് അവർക്കറിയാമായിരുന്നു. ആ സ്ത്രീ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ആതിരയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. നിറഞ്ഞ മിഴികൾ അവർ കാണാതിരിക്കാൻ മുഖം വെട്ടിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി. ആതിര വീടിനുള്ളിലേക്ക് കയറിപ്പോകുന്നത് സഹതാപത്തോടെ ആ സ്ത്രീ നോക്കി നിന്നു. *********** ഹോസ്പിറ്റലിലെ കാന്റീനിൽ രാജീവിന് മുന്നിൽ ചകിതയായി ഇരിക്കുകയാണ് ആതിര.

അവളുടെ മുഖത്തെ സങ്കടവും നിരാശാ ഭാവവും അവനിൽ ആശങ്ക ഉളവാക്കി. "രാജീവേട്ടാ... ആൽഫി... അവനെ ഞാൻ എവിടെപ്പോയി അന്വേഷിക്കും." "അവസാനമായി അവൻ നിന്നെ വിളിക്കുമ്പോൾ എവിടെയെങ്കിലും പോകാനുണ്ടെന്ന് പറഞ്ഞിരുന്നോ.?" "ഇല്ല ചേട്ടാ.. എന്നോടൊന്നും പറഞ്ഞിരുന്നില്ല. വീട്ടിൽ ആൽഫിയുടെ മൊബൈൽ സ്വിച്ച് ഓഫായി കിടക്കുന്നുണ്ടായിരുന്നു. ഞാൻ അതെടുത്ത് നോക്കിയപ്പോൾ അവന്റെ വീട്ടിൽ നിന്നും കാൾസ് വന്നിട്ടുള്ളത് കണ്ടിരുന്നു." "അപ്പൊ ആൽഫി ചിലപ്പോൾ വീട്ടിലേക്ക് പോയിട്ടുണ്ടാവും." "ഇല്ല ചേട്ടാ... ഞാൻ വീട്ടിൽ വിളിച്ചു നോക്കിയിരുന്നു. അവനവിടെ ചെന്നിട്ടില്ല." "പിന്നെ അവനിത് എവിടെ പോയി?" "അയല്പക്കത്തെ ചേച്ചിയോട് ചോദിച്ചപ്പോൾ അവൻ ഒരു സ്ത്രീക്കൊപ്പം ഇന്നലെ രാവിലെ ഒരു ബാഗുമായി പോകുന്നത് കണ്ടിരുന്നുവെന്ന് പറഞ്ഞു. അതുപോലെതന്നെ വീട്ടിൽ അവന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ മാത്രമേയുള്ളൂ. നല്ലതൊന്നുമില്ല. മൊബൈൽ ഒഴികെ ആൽഫി ഉപയോഗിക്കുന്ന അത്യാവശ്യ സാധനങ്ങളും വീട്ടിലില്ല.

മൊബൈൽ എടുക്കാൻ മറന്നതായിരിക്കുമെന്ന് തോന്നുന്നു." അവളുടെ സ്വരം ചിലമ്പിച്ചിരുന്നു. "ഏത് സ്ത്രീയോടൊപ്പം എങ്ങോട്ട് പോയെന്ന്?" രാജീവിന്റെ കണ്ണുകൾ മിഴിഞ്ഞുവന്നു. "അതൊന്നും എനിക്കറിയില്ല ചേട്ടാ. ഞാനിപ്പോ എന്താ ചെയ്യാ?" കൈയിലിരുന്ന തൂവാല കൊണ്ട് ആതിര കണ്ണുകൾ ഒപ്പി. "ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. ആൽഫിക്കിനി ആതിര അറിയാതെ മറ്റേതെങ്കിലും ബന്ധമുണ്ടോ? അങ്ങനെയുള്ളതായി എന്തെങ്കിലും സംശയം തോന്നുന്നോ?" "ഏയ്‌ ആൽഫി അത്തരക്കാരൻ ഒന്നുമല്ല ചേട്ടാ. അവന് അങ്ങനെയൊന്നും ചെയ്യാനാവില്ല." "അത് ആതിരയുടെ വിശ്വാസം മാത്രമല്ലേ. നമ്മൾ കാണുന്ന മുഖം മാത്രമായിരിക്കില്ല ഒരാൾക്ക്. സാഹചര്യമാണ് ഓരോ മനുഷ്യരെ കൊണ്ട് ഓരോരോ തീരുമാനങ്ങൾ എടുപ്പിക്കുന്നത്. അവിടെ ശരി തെറ്റുകൾ ചിന്തിക്കില്ല. മനസ്സ് പറയുന്നത് പോലെ ചെയ്യും." "രാജീവേട്ടാ... പ്ലീസ്... ആൽഫി അങ്ങനെയുള്ള ആളല്ല." "ഓക്കേ, അങ്ങനെയല്ലെങ്കിൽ പിന്നെ? അവനിനി മറ്റേതെങ്കിലും ഫ്രണ്ട്സിന്റെ അടുത്തേക്കെങ്ങാനും പോയതായിരിക്കുമോ?"

"അവന് ക്ലോസായിട്ട് അടുപ്പമുള്ള സുഹൃത്തുക്കൾ വളരെ കുറവാണ്. ഫോണിൽ കോൺടാക്ടിൽ ഉണ്ടായിരുന്നവരെയൊക്കെ ഇതിനോടകം ഞാൻ വിളിച്ചു നോക്കിയിരുന്നു. അവരെയൊന്നും ആൽഫി വിളിച്ചിട്ടേയില്ല." "ശ്ശെ... ഇതിപ്പോ മൊബൈൽ കൂടെ കൊണ്ട് പോകത്തോണ്ട് വിളിച്ചന്വേഷിക്കാൻ പോലും നിവൃത്തിയില്ലല്ലോ." രാജീവ്‌ വിഷണ്ണനായി. "ഈ അവസ്ഥയിൽ എന്നെ സഹായിക്കാൻ രാജീവേട്ടൻ മാത്രമേയുള്ളൂ. എന്നെ കൈവിടരുത്." അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവൾ തേങ്ങി. "നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുക്കാം. വല്യ അന്വേഷണം ഒന്നും പ്രതീക്ഷിക്കണ്ട. എന്നിരുന്നാലും ഒരു കംപ്ലയിന്റ് കൊടുത്തിട്ടേക്കാം." "അങ്ങനെയെങ്കിൽ അങ്ങനെ. കംപ്ലയിന്റ് കൊടുക്കാനൊക്കെ എനിക്ക് സമ്മതമാണ്. എങ്ങനെയെങ്കിലും എനിക്ക് ആൽഫിയെ കണ്ടെത്തണം. അവനില്ലാതെ ഞാനെങ്ങനെയാ ഇവിടെ ഒറ്റയ്ക്ക്... അങ്ങനെയൊന്നും ആലോചിക്കാൻ പോലും പറ്റുന്നില്ലെനിക്ക്.." "ആതിര വിഷമിക്കണ്ട. ആൽഫിയെ കണ്ട് പിടിക്കാൻ നമുക്ക് വഴിയുണ്ടാക്കാം.

പിന്നെ ആൽഫിയും കൂടി ലീവായോണ്ട് താനും ലീവ് നീട്ടാൻ നിൽക്കാതെ ലീവ് ക്യാൻസൽ ചെയ്ത് ഡ്യൂട്ടിയിൽ ജോയിൻ ചെയ്യാൻ നോക്ക്. അല്ലെങ്കിൽ സാലറി വരുമ്പോൾ ഒന്നും കാണില്ല." "നാളെ മുതൽ ഞാൻ ഡ്യൂട്ടിക്ക് വരുന്നുണ്ട് ചേട്ടാ. ഈ അവസ്ഥയിൽ ഇതുകൂടി നഷ്ടപ്പെട്ടാൽ... ചിന്തിക്കാൻ വയ്യ എനിക്ക്." "വൈകുന്നേരം നമുക്ക് സ്റ്റേഷനിൽ പോയി ഒരു കംപ്ലയിന്റ് എഴുതിക്കൊടുക്കാം. ഇപ്പൊ താൻ വീട്ടിലേക്ക് ചെല്ല്." രാജീവ്‌ അവളെ സമാധാനപ്പെടുത്തി മടക്കി അയച്ചു. ഈവെനിംഗ് രാജീവിനോടൊപ്പം സ്റ്റേഷനിൽ പോയി ആതിര, ആൽഫിയെ കാണാനില്ലെന്ന് പരാതി കൊടുത്തു. പോലീസുകാർ അത് വലുതായി ഗൗനിച്ചില്ലെങ്കിലും അന്വേഷിക്കാം എന്ന് മാത്രം പറഞ്ഞ് ആൽഫിയുടെ ഒരു ഫോട്ടോയും വാങ്ങി വച്ചു. ************ കമ്പ്യൂട്ടർ ക്ലാസ്സിൽ ധന്യയ്ക്കൊപ്പം ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു ആരതി.

"എടീ... നിന്റെ അന്നത്തെ ആലോചന ചീറ്റിപ്പോയ ശേഷം നിന്റെ അച്ഛൻ വേറൊന്നും കൊണ്ട് വന്നില്ലേ?" ധന്യ അവളോട് ചോദിച്ചു. "ഇല്ലെടി അത് തെറ്റിപോയത് കൊണ്ട് ഇനി ഞാൻ പറയുന്നത് വരെ വേറൊന്നും എനിക്ക് വേണ്ടി ചെക്കനെ നോക്കണ്ടെന്ന് അച്ഛനോട് ഞാൻ പറഞ്ഞു." "എന്നിട്ട് അച്ഛൻ സമ്മതിച്ചോ?" "സമ്മതിച്ചു." "അപ്പൊ സുജിത്തേട്ടന്റെ കാര്യമോ? കോഴ്സ് തീരാറായില്ലേ. അതുകൊണ്ട് ഇതിലെന്തെങ്കിലും തീരുമാനമുണ്ടാക്കണ്ടേ." "വേണം.. അന്ന് മറ്റേ പെണ്ണ് കാണൽ മുടങ്ങിയോണ്ട് ഞാൻ സുജിത്തേട്ടന്റെ കൂടെ വീട്ടിലോട്ട് പോയതുമില്ല." "പൊന്നുമോളെ സുജിത്തേട്ടനെ വേഗം കെട്ടിക്കോ. അല്ലെങ്കിൽ വേറെ വല്ല പെൺപിള്ളേരും കൊത്തികൊണ്ട് പോകും." "നീയെന്താടി ധന്യേ അങ്ങനെ പറഞ്ഞത്." "ഇവിടെ പലർക്കും സുജിത്തേട്ടനിൽ നോട്ടമുണ്ട്. സുജിത്തേട്ടൻ വരുമ്പോ ചിലതിന്റെ മുഖത്തുള്ള സന്തോഷവും കൊഞ്ചി കുഴഞ്ഞുള്ള സംസാരവും പിന്നെ അറിയാത്ത ഭാവത്തിൽ ദേഹത്തു തട്ടലും മുട്ടലുമൊക്കെ... നീ കുറച്ചുദിവസം വരാതിരുന്നപ്പോഴാ ഞാനിതൊക്കെ ശ്രദ്ധിച്ചത്. ആളൊരു കൊച്ചു സുന്ദരനായോണ്ട് എല്ലാരുടെയും നോട്ടം അങ്ങോട്ടാണ്."

"എടീ... നീ ഇങ്ങനെയൊന്നും പറയല്ലേ. എനിക്കിതൊന്നും കേട്ടാൽ സഹിക്കില്ലെന്ന് നിനക്കറിഞ്ഞൂടെ. സുജിത്തേട്ടൻ എന്റെയാ. എന്റെ മാത്രം. വേറെ പെണ്ണുങ്ങൾ അങ്ങേരെ നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല." "അപ്പോപ്പിന്നെ പെട്ടെന്നൊരു തീരുമാനമുണ്ടാക്കാൻ നോക്ക്." "സുജിത്തേട്ടന്റെ വീട്ടിലേക്ക് ചെല്ലുന്ന കാര്യം പുള്ളിയെന്നോട് ഇന്നലെ ചോദിച്ചപ്പോൾ ഞാൻ സമ്മതം പറഞ്ഞായിരുന്നു. ഇന്ന് ഒന്നുകൂടി അതേപറ്റി സംസാരിച്ച് എല്ലാം സെറ്റാക്കണം. ഞാനേതായാലും ഒന്ന് ഓഫീസ് റൂം വരെ പോയി വരാം." "ഹാ... എങ്കിൽ പോയി സംസാരിച്ച് വാ നീ." ധന്യ പറഞ്ഞു. ആരതി ക്ലാസ്സിൽ നിന്നെഴുന്നേറ്റ് ഓഫീസ് റൂമിലേക്ക് പോയി. ************** പോലീസ് സ്റ്റേഷനിൽ നിന്ന് രാവിലെ ആതിരയ്ക്കൊരു കാൾ വന്നു. ട്രെയിനിൽ നിന്ന് വീണ് മരിച്ചൊരു അജ്ഞാതനായ യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നാണ് വിളിച്ച ഉദ്യോഗസ്ഥൻ അവളോട് പറഞ്ഞത്.

അവൾ കൊടുത്ത ഫോട്ടോയും ആൽഫി അവസാനമായി ധരിച്ചിരുന്ന വസ്ത്രങ്ങളൊക്കെ ഒത്തുനോക്കി പോലീസുകാർ ഏകദേശം ആളെ ഉറപ്പിച്ചു. ഇനി ആതിര ചെന്നൊന്ന് ബോഡി കണ്ട് ഐഡന്റിഫൈ ചെയ്താൽ മാത്രം മതി. ഉടനെ വരാമെന്ന് പറഞ്ഞ് അവൾ പെട്ടന്ന് തന്നെ ഫോൺ വച്ചു. വാർത്ത കേട്ടപ്പോൾ മുതൽ ആതിര വിറയ്ക്കുകയാണ്. കൈകാലുകൾ തളർന്ന് താനിപ്പോൾ കുഴഞ്ഞു വീഴുമെന്ന് അവൾക്ക് തോന്നി. എങ്ങനെയൊക്കെയോ രാജീവിനെ വിളിച്ച് അവൾ വിവരം പറഞ്ഞു. രാജീവ്‌ വന്നാണ് ആതിരയെ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. അവിടുന്ന് രണ്ട് പോലീസുകാർക്കൊപ്പം അവർ ഹോസ്പിറ്റലിലേക്ക് പോയി. മോർച്ചറിക്ക് നേരെ നടക്കുമ്പോൾ തന്നെ ആതിര വിറച്ചിരുന്നു. ഹൃദയം വല്ലാതെ പിടയ്ക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ഒരുവേള താൻ ഭ്രാന്തിയായി പോകുമെന്ന് പോലും ആതിരയ്ക്ക് തോന്നിത്തുടങ്ങി. മോർച്ചറിക്കുള്ളിലെ തണുത്ത അന്തരീക്ഷത്തിലും അവൾ വിയർത്തൊഴുകി. ആതിരയ്ക്ക് ധൈര്യമേകി രാജീവും ഒപ്പം നിന്നു. കാത്തിരിപ്പിനൊടുവിൽ പോലീസുകാർ ചൂണ്ടികാണിച്ച മൃതദേഹത്തിനരികിൽ അവരെത്തി. മൃതദേഹത്തെ മൂടിയിരുന്ന വെളുത്ത തുണി മാറ്റി പോലീസുകാരിൽ ഒരാൾ മരിച്ചുകിടക്കുന്ന ആളിനെ അവർക്ക് കാണിച്ച് കൊടുത്തു. ഒന്നേ നോക്കിയുള്ളു അപ്പോഴേക്കും ആതിര നിലത്തേക്ക് കുഴഞ്ഞുവീണിരുന്നു....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story