മറുതീരം തേടി: ഭാഗം 36

marutheeram thedi shiva

രചന: ശിവ എസ് നായർ

കാത്തിരിപ്പിനൊടുവിൽ പോലീസുകാർ ചൂണ്ടികാണിച്ച മൃതദേഹത്തിനരികിൽ അവരെത്തി. മൃതദേഹത്തെ മൂടിയിരുന്ന വെളുത്ത തുണി മാറ്റി പോലീസുകാരിൽ ഒരാൾ ഡെഡ്ബോഡി അവർക്ക് കാണിച്ച് കൊടുത്തു. ഒന്നേ നോക്കിയുള്ളു അപ്പോഴേക്കും ആതിര നിലത്തേക്ക് കുഴഞ്ഞ് വീണിരുന്നു. ഡെഡിബോധിയിലേക്ക് നോക്കാൻ തുടങ്ങിയ രാജീവിന്റെ ശ്രദ്ധ ആതിരയുടെ നേർക്കായി. അയാളവളെ താങ്ങിപ്പിടിച്ച് എണീപ്പിച്ചു. തളർച്ച കാരണം അവൾക്ക് കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. ആരോ നീട്ടിയ കുപ്പിവെള്ളം രാജീവ്‌, ആതിരയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. "ആതിര... ഓക്കേ അല്ലെ.." രാജീവ്‌ അവളുടെ കവിളിൽ തട്ടി വിളിച്ചു. "ഇപ്പൊ കുഴപ്പമില്ല ചേട്ടാ.." ഷാളിന്റെ തുമ്പ് കൊണ്ട് മുഖത്തും കഴുത്തിലും പൊടിഞ്ഞ വിയർപ്പൊപ്പി ആതിര നിവർന്ന് നിൽക്കാൻ ശ്രമിച്ചു.

രാജീവിന്റെ കൈകൾ ഒരു കവചം പോലെ അവളെ സംരക്ഷിച്ചു. ആതിരയുടെയും രാജീവിന്റെയും നോട്ടം മൃതദേഹത്തിലേക്ക് നീണ്ടുചെന്നു. നീല പാന്റും കരിനീല കളർ ഷർട്ടുമാണ് ആ യുവാവിന്റെ ദേഹത്ത് ഉണ്ടായിരുന്നത്. പെട്ടന്ന് കണ്ടാൽ കറുത്ത കളർ ഷർട്ട് പോലെ തോന്നും. മുഖത്തെ തൊലി ഒന്നാകെ ഉരഞ്ഞുപോയതിനാൽ മുഖം വ്യക്തമല്ല. ഡെഡിബോഡിയുടെ ഉയരവും വണ്ണവും നിറവുമൊക്കെ ഏകദേശം ആൽഫിയുമായി സാമ്യമുണ്ടെന്ന് ആതിരയ്ക്ക് തോന്നി. തലമുടിയും ആൽഫിയുടേത് പോലെ ചെമ്പിച്ച മുടികളാണ്. വേപഥുവോടെ അവൾ രാജീവിനെ നോക്കി. അയാളുടെ മുഖത്തെ നിസ്സംഗ ഭാവം അവളെ ചകിതയാക്കി. "ഒറ്റ നോട്ടത്തിൽ ആൽഫിയെ പോലെ തോന്നുന്നു. മുഖം വികൃതമായി പോയതുകൊണ്ട് പെട്ടന്ന് മനസ്സിലാക്കാനും പറ്റുന്നില്ല. നിനക്ക് അവനിൽ തിരിച്ചറിയാൻ പറ്റിയ മറുകോ മറ്റോ അറിയാമോ?" ആതിരയുടെ മുഖത്തെ ദുഃഖം മനസ്സിലാക്കി രാജീവ്‌ ചോദിച്ചു. "ഹാ... ഒരടയാളമുണ്ട് രാജീവേട്ടാ." പ്രതീക്ഷയുടെ ഇത്തിരി വെട്ടം അവളുടെ കണ്ണുകളിൽ തെളിഞ്ഞു.

വിറകൈകളോടെയാണ് ആതിര ആ ശരീരത്തിൽ സ്പർശിച്ചത്. ആൽഫിയുടെ വലത് കൈപ്പത്തിക്ക് നടുവിലായി ഒരു മറുകുണ്ട്. ഇത്തിരി വലുപ്പത്തിലുള്ള മറുകാണത്. വർദ്ധിച്ച നെഞ്ചിടിപ്പോടെ അവൾ ആ മൃതദേഹത്തിന്റെ വലത് കൈപ്പത്തി പരിശോധിച്ചു നോക്കി. "രാജീവേട്ടാ... ഇത്.. ഇത് ആൽഫിയല്ല. അവന്റെ വലത് കൈപ്പത്തിക്കുള്ളിലൊരു മറുകുണ്ട്. ഇതിൽ... ഇതിൽ ഞാനത് കണ്ടില്ല. ഇതെന്റെ ആൽഫിയല്ല." സങ്കടവും സന്തോഷവും ഇടകലർന്ന സ്വരത്തിൽ ആതിര അത് പറയുമ്പോൾ തിളച്ചുമറിഞ്ഞു കൊണ്ടിരുന്ന അയാളുടെ ഉള്ളവും ഒന്ന് തണുത്തു. "എങ്കിൽ നമുക്ക് പോകാം, വരൂ." രാജീവ്‌ അവളെയും വിളിച്ചുകൊണ്ട് മോർച്ചറിക്ക് പുറത്തേക്ക് നടന്നു. പോലീസുകാരോട് ഇത് തങ്ങൾ അന്വേഷിക്കുന്ന ആളല്ലെന്ന് പറഞ്ഞ് ഇരുവരും തിരികെ മടങ്ങി. ************ ഓഫീസ് റൂമിന് പുറത്തെത്തിയപ്പോഴാണ് അകത്ത് സുജിത്ത് ആരോടോ ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടത്. ഫോണിലൂടെയുള്ള അവന്റെ സംഭാഷണം കേട്ട് അകത്തേക്ക് കയറാൻ തുടങ്ങിയ ആരതി ഒരു നിമിഷത്തേക്ക് അവിടെതന്നെ നിന്നു.

"എടാ... വീട്ടിലേക്ക് വരാമെന്ന് ഇന്നലെ അവൾ സമ്മതിച്ചു. കോഴ്സ് തീരാറായില്ലേ. ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ." സുജിത്ത് ദിലീപിനോട് പറയുകയാണ്. "വീട്ടിലോട്ട് കൊണ്ട് പോകുന്നതൊക്കെ കൊള്ളാം. ലാസ്റ്റ് ആ പെണ്ണ് നിന്റെ തലയിൽ ആവരുത്." "ഏയ്‌.. അങ്ങനെയൊന്നും ഉണ്ടാവില്ല. കാര്യം സാധിച്ചു കഴിഞ്ഞാൽ അവളെ എങ്ങനെ ഒഴിവാക്കണമെന്ന് എനിക്കറിയാം." "പെണ്ണിന് സംശയം ഒന്നുമില്ലല്ലോ അല്ലെ?" "ഇതുവരെ എല്ലാം പെർഫെക്ട് ആണ്. അങ്ങനെയല്ലേ എന്റെ അഭിനയം." "അങ്ങനെയെങ്കിൽ ഓക്കേ. എന്നത്തേക്കാ നീയവളെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്.?" "നാളെയോ മറ്റന്നാളോ കൊണ്ട് പോയാലോന്ന് വിചാരിക്കുകയാ ഞാൻ." "നിന്റെയൊക്കെ ഒരു യോഗം. നടക്കട്ടെ... നടക്കട്ടെ." "എങ്കിൽപ്പിന്നെ ശരിയെടാ... ഞാൻ വിളിക്കാം നിന്നെ." സുജിത്ത് പറഞ്ഞു. " ഓക്കേ ശരിയെന്നാ. " ദിലീപ് കാൾ കട്ട്‌ ചെയ്തു. ഒരു നെടുവീർപ്പോടെ സുജിത്ത് കസേരയിലേക്ക് ചാഞ്ഞിരുന്നു.

ഓഫീസ് റൂമിന് പുറത്ത് അവന്റെ ഫോൺ സംഭാഷണങ്ങളെല്ലാം കേട്ടുകൊണ്ട് നിന്ന ആരതിക്ക് സങ്കടം സഹിക്കാനായില്ല. സുജിത്തിനോടവൾക്ക് ഒരേ സമയം ദേഷ്യവും പകയും തോന്നി. അവനോട് സംസാരിക്കാൻ താല്പര്യം കാണിക്കാതെ ആരതി ക്ലാസ്സിലേക്ക് തന്നെ മടങ്ങി. "എന്ത് പറ്റി ആരതി. നിന്റെ മുഖമെന്താ കരഞ്ഞത് പോലെ.?" കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകൾ കണ്ട് ധന്യ ചോദിച്ചു. "എടീ... സുജിത്തേട്ടൻ എന്നെ ചതിക്കാൻ നോക്കുവാ." ധന്യയുടെ തോളിലേക്ക് വീണ് പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. "ഏഹ്... അതിനിപ്പോ എന്താ ഉണ്ടായേ?" ആരതി താൻ കേട്ട കാര്യങ്ങളൊക്കെ ധന്യയോട് പറഞ്ഞു. "സുജിത്തേട്ടന്റെ മനസ്സിലിരിപ്പ് ഇതാണെന്ന് ഞാനറിഞ്ഞില്ല ധന്യേ." "എന്തായാലും സുജിത്തേട്ടന്റെ കൂടെ വീട്ടിലേക്ക് പോവുന്നതിനുമുൻപ് തന്നെ നിനക്ക് ഇതൊക്കെ അറിയാൻ പറ്റിയത് ഭാഗ്യമല്ലേ." ആരതി ഒന്നും മിണ്ടാതെ ധന്യയുടെ തോളിലേക്ക് മുഖം ചായ്ച്ചു കിടന്നു. കുറച്ചുദിവസത്തേക്ക് അവളവനോട് മിണ്ടാതെ പിണക്കം ഭാവിച്ചുതന്നെ നടന്നു.

ആരതിയുടെ മൗനത്തിന്റെ കാരണമറിയാതെ സുജിത്തും അൽപ്പം ആശയകുഴപ്പത്തിലായിരുന്നു. ************ ദിവസങ്ങൾ മാറ്റമില്ലാതെ കടന്നുപോയി. രണ്ട് മാസത്തെ തിരച്ചിലിനൊടുവിലും ആതിരയ്ക്ക് തന്റെ പ്രിയപ്പെട്ടവനെ കണ്ടെത്താനായില്ല. ഉദരത്തിൽ പേറുന്ന കുഞ്ഞിന്റെ വളർച്ചയ്ക്കനുസരിച്ച് മെല്ലെ മെല്ലെ അവളുടെ വയറും പുറത്തേക്ക് ഉന്തിതുടങ്ങി. ജീവിതാവസാനം വരെ കൂടെ കാണുമെന്ന് ഉറപ്പ് കൊടുത്തവൻ പെട്ടെന്നൊരുദിവസം അപ്രത്യക്ഷമായപ്പോഴാണ് അവൾ ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ട് പോയത്. പറ്റാവുന്നിടത്തൊക്കെ ആൽഫിയെ അന്വേഷിച്ചു നോക്കിയെങ്കിലും കണ്ടുകിട്ടിയില്ല. ജീവന്റെ പാതിയായവന്റെ തിരോധാനത്തിൽ നെഞ്ചുനീറി ഇനി മുന്നോട്ടെങ്ങനെ കഴിയുമെന്നോർത്ത് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ആൽഫിയുടെ തിരോധാനത്തോടെ പിന്നീടുള്ള നാളുകൾ ആതിരയ്ക്ക് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ലഞ്ച് ടൈമിൽ കാന്റീനിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ആതിര.

അപ്പോഴാണ് അവളുടെ അടുത്തേക്ക് ദീപ്തിയും നിമയും വന്നിരുന്നത്. "ആൽഫിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ ആതി?" സഹതാപത്തോടെ ദീപ്തി ചോദിച്ചു. "ഇല്ല ദീപ്തി... അന്വേഷിക്കുന്നുണ്ട്." അവളുടെ സ്വരം നേർത്തിരുന്നു. "ഇന്നത്തെ കാലത്ത് എന്ത് വിശ്വസിച്ചാ അന്യ നാട്ടിൽ ഒരാൾക്കൊപ്പം ജീവിക്കുന്നത്. ഒരു കാര്യം ഞാൻ തുറന്ന് പറയുന്നതുകൊണ്ട് എന്നോട് നീരസമൊന്നും ആതിരയ്ക്ക് തോന്നരുത്." നിമയാണ് അത് പറഞ്ഞത്. "എന്താ ചേച്ചി?" നിമയെ ഉറ്റുനോക്കി അവളിരുന്നു. "അന്നേ നിങ്ങളുടെ വിവാഹത്തോട് മനസ്സ് കൊണ്ട് പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ആതിരയുടെ അമ്മാമ്മ മാത്രമല്ലെ വിവാഹത്തിന് ഉണ്ടായിരുന്നുള്ളൂ. ആൽഫിയുടെ വീട്ടുകാർ ആരുമില്ലായിരുന്നു നിങ്ങൾക്കൊപ്പം. അതുപോലെ ആതിരയുടെ പേരെന്റ്സും ഉണ്ടായിരുന്നില്ല. നമ്മള് മനുഷ്യർ ഒരു സാമൂഹിക ജീവിയാണ്. അതുകൊണ്ട് നമുക്ക് ചില ഘട്ടങ്ങളിൽ മുന്നോട്ട് ജീവിക്കാൻ സഹജീവികളുടെ പിന്തുണ ഏറ്റവും അത്യാവശ്യമാണ്. അത് നമ്മുടെ വീട്ടുകാരും ബന്ധുക്കളുമൊക്കെയായിരിക്കും. ഇവരുടെയൊന്നും അറിവോ സമ്മതമോ കൂടാതെ എന്ത് ധൈര്യത്തിലാ നിങ്ങൾ ജീവിതം തുടങ്ങിയത്. ഈ അവസ്ഥയിൽ സ്വന്തം വീട്ടിൽ പോലും കേറിചെല്ലാൻ പറ്റാത്ത അവസ്ഥയായില്ലേ തനിക്ക്.

ഒരാവേശത്തിന് നമുക്ക് പറയാം ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുമെന്ന്. പക്ഷേ അത്‌ എപ്പോഴും പ്രായോഗികമാക്കാൻ കഴിഞ്ഞെന്ന് വരില്ല. മറ്റുള്ളവരുടെ സഹായം നമുക്ക് ചില അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ടിവന്ന് പോകാറുണ്ട്. ആതിരയെ വിഷമിപ്പിക്കാനല്ല ഞാനിത്രയും പറഞ്ഞത്. നിങ്ങളുടെ വിവാഹം ഒരു എടുത്തുചാട്ടമായി പോയി. ഒരു ജോലി കിട്ടിയെന്ന് പറഞ്ഞു എല്ലാമായെന്ന വിചാരം തന്നെ തെറ്റാണ്. ഒന്ന് കാലുറപ്പിച്ചു നിന്ന ശേഷം മതിയായിരുന്നു നിങ്ങളുടെ വിവാഹം. ഇപ്പൊ കണ്ടില്ലേ എടുത്തുചാടി വിവാഹം കഴിച്ചിട്ട് എന്താ സംഭവിച്ചതെന്ന്. ആരോടും ഒന്നും പറയാതെ ആൽഫി എങ്ങോട്ടോ പോയി, താൻ ഗർഭിണിയുമായി. പോരാത്തതിന് ആരും കൂടെ കൂട്ടിനില്ലാതെ ഒറ്റയ്ക്ക് താമസവും. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചില്ലല്ലേ. സാഹചര്യം മനുഷ്യനെ പല രീതിയിൽ സ്വാധീനിക്കും. കടുത്ത തീരുമാനങ്ങളെടുക്കാൻ നിർബന്ധിതനാക്കും. ആർക്കും ആരിൽ നിന്നും എപ്പോ വേണോ ചതിവ് സംഭവിക്കാം.

താനൊന്നുകൂടി കരുതലോടെ ഇരിക്കണമായിരുന്നു. ഈ വൈകിയ നിമിഷം ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. അന്ന് ആതിരയോട് നല്ല അടുപ്പമുണ്ടായിരുന്നെങ്കിൽ ഞാൻ ഈ ഉപദേശം തരുമായിരുന്നു. ജീവന്റെ പാതിയായി സ്നേഹിച്ച, ഒരിക്കലും ചതിക്കില്ലെന്ന് കരുതിയ എന്റെ ഭർത്താവ് നല്ലൊരു പണി തന്നപ്പോൾ ഞാൻ തളരാതെ പിടിച്ചു നിന്നത് എന്റെ വീട്ടുകാർ ഒപ്പം നിന്നത് കൊണ്ടും എന്റെ മനസ്സാന്നിധ്യം കൊണ്ടും മാത്രമാണ്. നഴ്സിംഗ് പഠിച്ചിരുന്നത് കൊണ്ട് ആരെയും ആശ്രയിക്കാതെ ജോലി ചെയ്ത് അന്തസ്സായി ജീവിക്കാൻ പറ്റി." നിമയുടെ വാക്കുകൾ അവളുടെ മനസ്സിനെ കൂടുതൽ വ്രണപ്പെടുത്തി. "ആൽഫിക്ക് മറ്റ് സ്ത്രീകളുമായൊന്നും ബന്ധമില്ല ചേച്ചി. അവൻ അത്തരക്കാരൻ അല്ല." "ഞാൻ ആ ഉദ്ദേശത്തിൽ പറഞ്ഞതല്ല. പല രീതിയിലും ആളുകൾക്ക് നമ്മളെ ചതിക്കാം. എന്തായാലും ആൽഫിക്ക് അപകടമൊന്നും സംഭവിച്ചു കാണാൻ വഴിയില്ല."

"അത് എനിക്കും ഉറപ്പുണ്ട് ചേച്ചി. പക്ഷേ എവിടെയാണെങ്കിലും അവന് എന്നെയൊന്ന് വിളിക്കാമായിരുന്നു." "താൻ ആൽഫിയുടെ വീട്ടിൽ അന്വേഷിച്ചു നോക്കിയോ?" എല്ലാം കേട്ടുകൊണ്ട് അരികിലിരുന്ന ദീപ്തി ചോദിച്ചു. "ഒരിക്കൽ ഞാൻ അവന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു. അപ്പൊ അവിടെ ചെന്നിട്ടില്ലെന്നാ അറിഞ്ഞത്." "ചിലപ്പോൾ അവർ കള്ളം പറഞ്ഞതാണെങ്കിലോ?" നിമയാണ് അത് പറഞ്ഞത്. "ഞാനാണ് വിളിച്ചതെന്ന് അവരോട് ഞാൻ പറഞ്ഞില്ല." "ആൽഫിയെ കാണാതാകുമ്പോൾ അവനെ അന്വേഷിച്ചു താനെന്തായാലും വിളിക്കുമെന്ന് അവർക്ക് ഊഹിക്കാലോ." "ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല." "എന്റെ അഭിപ്രായത്തിൽ ആതിര, ഒന്ന് കോട്ടയം വരെ പോയി ആൽഫിയെ അന്വേഷിച്ചു നോക്കണമെന്നാണ്." നിമയുടെ അഭിപ്രായത്തോട് ദീപ്തിയും യോജിച്ചു. "ഞാനും ഇടയ്ക്ക് അതേപറ്റി വിചാരിച്ചിരുന്നു. ഒരുപക്ഷേ ആൽഫി അവിടെ പോയിട്ടില്ലെങ്കിലോ? അപ്പൊ അവന്റെ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് ഞാൻ എന്ത് മറുപടി കൊടുക്കും.?"

"നേരെ ആൽഫിയുടെ വീട്ടിലേക്ക് പോകാനല്ല ഞാൻ പറഞ്ഞത്. ആതിര ആദ്യം അവിടെ ചെന്ന് കാര്യങ്ങൾ ഒക്കെ ആരോടെങ്കിലും അന്വേഷിച്ച് നോക്ക്." നിമയുടെ അഭിപ്രായം ആതിരയ്ക്ക് സ്വീകാര്യമായിരുന്നു. എങ്കിലും ഒരാശങ്ക അവളെ വലയം ചെയ്തു. മുൻപൊരിക്കൽ ആൽഫിയോടൊപ്പം കോട്ടയത്ത് പോയപ്പോഴുണ്ടായ അനുഭവം ആതിരയുടെ മനസ്സിലേക്ക് ഓടിയെത്തി. അവർ പറഞ്ഞത് പോലെ ഒരുദിവസം കോട്ടയത്തേക്ക് പോകാമെന്ന ചിന്തയായിരുന്നു അവളിലും. ഗർഭാവസ്ഥയിലെ അസ്വസ്ഥതകൾ പരമാവധി കാര്യമാക്കാതെ ഊർജ്ജസ്വലതയോടെയിരിക്കാൻ ആതിര അവളെകൊണ്ട് ആവുംവിധം ശ്രമിച്ചു. പക്ഷേ മനസ്സിൽ കടന്നുകൂടിയ ദുഃഖം അവളുടെ ശരീരത്തെയും ക്ഷീണിപ്പിച്ചിരുന്നു. ആൽഫിയെ അന്വേഷിച്ചു കോട്ടയത്തേക്ക് പോകുന്നതിനെക്കുറിച്ച് അവൾ രാജീവിനോട് അഭിപ്രായം ചോദിച്ചപ്പോൾ ആ വഴിക്ക് കൂടി അന്വേഷിച്ചു നോക്കാനായിരുന്നു അയാളുടെയും അഭിപ്രായം. യാത്ര പുറപ്പെടാൻ ഒരുങ്ങുന്നതിന് മുൻപ് ആതിര ആൽഫിയുടെ വീട്ടിലെ ലാൻഡ് ലൈൻ നമ്പറിലേക്ക് വിളിച്ചു നോക്കിയപ്പോൾ അത് നിലവിലില്ലെന്നാണ് അവൾക്ക് കിട്ടിയ മറുപടി. അതോടെ രണ്ടും കല്പ്പിച്ചു കോട്ടയംവരെ പോകാൻ ആതിര തീരുമാനിച്ചു. ************

തീവ്രമായ ജീവിതപരീക്ഷണങ്ങളുടെ ചതുപ്പിൽ പെട്ട് ഉഴറുകയാണ് അവൾ. ഓർമ്മ വച്ച നാൾ മുതൽ തനിക്ക് ദുഃഖം മാത്രമേയുള്ളൂ. ഇത്തിരി സന്തോഷം അനുഭവിച്ചു വന്നപ്പോൾ ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങളുടെ പേമാരിയാണ് അവൾക്ക് നേരെ വന്ന് പതിക്കുന്നത്. ആദ്യം ആക്‌സിഡന്റ് പറ്റി അമ്മാമ്മ കിടപ്പിലായി രണ്ടാമത് ആൽഫിയുടെ മിസ്സിങ്ങും. ഒറ്റപ്പെട്ട തുരുത്തിൽ അകപ്പെട്ടത് പോലെയാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് അവൾക്ക് തോന്നി. നാനാവിധ ചിന്തകളിൽ മനസ്സിനെ മേയാൻ വിട്ട് കണ്ണുകൾ അടച്ച് ബസിന്റെ സൈഡ് സീറ്റിൽ ചാഞ്ഞുകിടക്കുകയായിരുന്നു അവൾ. കണ്ടക്ടർ വന്ന് തട്ടി വിളിച്ചപ്പോഴാണ് ആതിര ഞെട്ടിയുണരുന്നത്. "കുട്ടി പറഞ്ഞ സ്ഥലമെത്തി." ബസ് നിർത്താനുള്ള ബെല്ലടിച്ചുകൊണ്ട് കണ്ടക്ടർ അവളോട് പറഞ്ഞു.

ആതിര വേഗം സീറ്റിൽ നിന്ന് എഴുന്നേറ്റു. ചുറ്റും കണ്ണുകൾ കൊണ്ട് പരതി അവൾ ബസ്സ് സ്റ്റോപ്പിലിറങ്ങി. ആൽഫിയുടെ ബംഗ്ലാവിന് തൊട്ടടുത്തുള്ള സ്റ്റോപ്പാണത്. അവിടെ നിന്ന് നോക്കിയാൽ ആ കരിങ്കൽ പാളികൾ കൊണ്ട് ചെത്തിമിനുക്കിയ കൂറ്റൻ മതിൽക്കെട്ട് കാണാം. സൂര്യൻ ഉച്ചംതലയിൽ ഉദിച്ചു നിൽക്കുകയാണ്. കടുത്ത സൂര്യതാപം താങ്ങാൻ കഴിയാനാവാതെ അവൾ ഷാൾ എടുത്ത് തലയിലൂടെ പുതച്ചു. അവിടെ, തന്നെ കാത്തിരിക്കുന്ന വാർത്തകൾ എന്തെന്നറിയാതെ ആതിര ബെത്തേൽ ബംഗ്ലാവിന് നേർക്ക് ചുവടുകൾ വച്ചു...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story