മറുതീരം തേടി: ഭാഗം 38

marutheeram thedi shiva

രചന: ശിവ എസ് നായർ

അച്ഛനെ കണ്ടതും ആരതി കാറ്റുപോലെ പാഞ്ഞുവന്ന് മുരളിയെ ചുറ്റിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. മകളെ നെഞ്ചോട് ചേർത്ത് അയാളും വിങ്ങിപ്പൊട്ടി. അതേസമയം അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ധന്യയൊഴികെ മറ്റാരും കണ്ടതേയില്ല. ആരതി ധരിച്ചിരുന്ന ചുരിദാറിന്റെ കൈ കുറേയേറെ കീറിയിട്ടുണ്ടായിരുന്നു. മുടിയൊക്കെ പാറിപറന്ന് നെറ്റിയിലെ ചുവന്ന ചാന്തുപൊട്ട് മുഖത്ത് പടർന്നതുമൊക്കെ കാണുമ്പോൾ ഒറ്റനോട്ടത്തിൽ അവളെ അവൻ ദേഹോപദ്രവം ചെയ്തത് പോലെയാണ് കാണുന്നവർക്ക് തോന്നുന്നത്. "മോളെ ആരതി... നിനക്കെന്ത് പറ്റി മോളെ." നിലവിളിച്ചുകൊണ്ട് ഭാരതിയുടെ അവിടേക്ക് വന്നു. "ആ ചെറ്റയെ ഞാനിന്ന് വെട്ടിയരിഞ്ഞ് കൊല്ലും. എവിടെ ആ നായിന്റമോൻ." ആരതിയെ ഭാരതിയുടെ കയ്യിലേൽപ്പിച്ച് മുണ്ട് മടക്കി കുത്തികൊണ്ട് മുരളി ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിചെന്നു. "എനിക്കൊന്നും പറ്റിയില്ലമ്മേ. ഇവിടെ വേറെ ചില പ്രശ്നങ്ങളാ നടന്നത്. അച്ഛനെ അമ്മ പോയി തടയ്യ്. സുജിത്തേട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല." കരച്ചിൽ നിർത്തി അവൾ ഭാരതിയോട് പറഞ്ഞു.

കുറച്ചാളുകൾ ചേർന്ന് കമ്പ്യൂട്ടർ സെന്ററിന്റെ പുറകിൽ നിന്നും സുജിത്തിനെ നിലത്തൂടെ വലിച്ചിഴച്ച് ആളുകളുടെ നടുവിൽ കൊണ്ടിട്ടു. അടികൊണ്ട് തളർന്ന് ബോധംകെട്ട് കിടക്കുന്നവനെ വീണ്ടും തല്ലാനായി പാഞ്ഞുചെന്ന മുരളിയെ നാട്ടുകാർ ചേർന്ന് പിടിച്ചുവച്ചു. "ഇപ്പൊത്തന്നെ എല്ലാവരും കൂടി അവന് കണക്കിന് കൊടുത്തിട്ടുണ്ട്. ഇനി തല്ലിയാൽ ചെക്കൻ ചത്തുപോകും." സെബാസ്റ്റ്യൻ ഇടപെട്ട് മുരളിയെ വിലക്കി. അതിനിടയിൽ ആരോ പറഞ്ഞ് വിവരമറിഞ്ഞ് സുജിത്തിന്റെ അച്ഛൻ ചന്ദ്രനും അമ്മ സീമയും സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. അതേസമയത്താണ് ആരോ വിളിച്ചറിയിച്ച പ്രകാരം ഒരു പോലിസ് ജീപ്പും അവിടേക്ക് വന്നത്. മകൻ അടികൊണ്ട് അവശനായി ബോധംകെട്ട് കിടക്കുന്നത് കണ്ട് അവരിരുവരും ഞെട്ടിപ്പോയി. ആളുകളുടെ സഹായത്തോടെ ചന്ദ്രൻ, സുജിത്തിനെ എടുത്തുയർത്തി കാറിന്റെ പിൻസീറ്റിലേക്ക് കിടത്തി.

അപ്പോഴാണ് ഭാരതിക്കൊപ്പം കരഞ്ഞുതളർന്നൊരു പെൺകുട്ടി പുറത്തേക്കിറങ്ങി വരുന്നത് ചന്ദ്രനും സീമയും കണ്ടത്. പോലീസും കൂടി ഇടപെട്ട് കാര്യങ്ങൾ അവതാളത്തിലാകാൻ പാടില്ലെന്ന് ചന്ദ്രൻ തീരുമാനിച്ചു. "നിങ്ങളുടെ മോൻ കാരണം എന്റെ കൊച്ചിന്റെ ജീവിതം വഴിയാധാരമായി." ദേഷ്യമടക്കി മുരളി അത് പറയുമ്പോൾ ചന്ദ്രൻ അയാൾക്കടുത്തേക്ക് വന്നു. "നാളെ ഞാൻ വീട്ടിലേക്ക് വരാം മുരളി. എന്നിട്ട് കാര്യങ്ങൾ സംസാരിച്ച് നമുക്ക്, വേണ്ട പരിഹാരമുണ്ടാക്കാം. ഇപ്പൊ ഇവിടെ വച്ചൊരു വാക്ക് തർക്കം വേണ്ട. ആരൊക്കെയോ ചേർന്ന് അവനെ ചതിച്ചതാ. തല്ക്കാലം മുരളിയിപ്പോ മോളെയും കൊണ്ട് വീട്ടിലേക്ക് ചെല്ല്." അനുനയത്തിൽ ചന്ദ്രൻ പറഞ്ഞു. "നഷ്ടം സംഭവിച്ചത് എന്റെ മോൾക്കല്ലേ. എന്നിട്ട് ഞാൻ മിണ്ടാതെ വായും പൂട്ടി വീട്ടിൽ പോവാനോ? അവന്റെ പേരിൽ ഞാൻ കേസ് കൊടുക്കും."

മുരളിക്ക് ദേഷ്യം വന്നു. "ഞാൻ സുജിത്തിനെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കട്ടെ മുരളി. എന്നിട്ട് നമുക്കിതിനൊരു വഴിയുണ്ടാക്കാം. ഇവിടെ നടന്നത് വേറെ പ്രശ്നമാണ്. അതവസാനം ആരൊക്കെയോ ചേർന്ന് പീഡനമാക്കി മാറ്റി. സത്യാവസ്ഥ മോളോട് ചോദിക്ക് മുരളി." ചന്ദ്രന്റെ സംസാരം കേട്ട് അയാൾ ആരതിയെ നോക്കി. "അച്ഛൻ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ. സുജിത്തേട്ടൻ എന്നെയൊന്നും ചെയ്തിട്ടില്ല. അക്കാര്യം ഇവരോട് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. അച്ഛനെങ്കിലും ഒന്ന് വിശ്വസിക്ക്." അയാളുടെ കൈപിടിച്ച് ആരതി മെല്ലെ പറഞ്ഞു. മുരളിയുടെ ദേഷ്യം തെല്ലൊന്നടങ്ങി. ജീപ്പിൽ വന്നിറങ്ങിയ പോലീസുകാരോടും ചന്ദ്രൻ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ചന്ദ്രന്റെ കാശിന്റെ സ്വാധീനത്തിൽ വന്ന പോലീസുകാർ അതുപോലെതന്നെ മടങ്ങി. സുജിത്തിനെയും കൊണ്ട് ചന്ദ്രൻ ഹോസ്പിറ്റലിലേക്ക് പോയി. ഒരു ഓട്ടോ വിളിച്ച് ആരതിയെയും കൂട്ടി മുരളിയും ഭാരതിയും വീട്ടിലേക്ക് തിരിച്ചു.

വീട്ടിലേക്കുള്ള യാത്രയിൽ അന്ന് രാവിലെ മുതൽ കമ്പ്യൂട്ടർ സെന്ററിൽ അരങ്ങേറിയ സംഭവങ്ങൾ ഓരോന്നും ആരതിയുടെ മനസ്സിലൂടെ കടന്നുപോയി. പതിവ് പോലെ അന്ന് രാവിലെ ബസ്സിൽ കമ്പ്യൂട്ടർ ക്ലാസ്സിലേക്ക് പോവുകയായിരുന്നു ആരതിയും ധന്യയും. അപ്പോഴാണ് അവരുടെ സീറ്റിന് പുറക് വശത്തെ സീറ്റിലിരുന്നിരുന്ന മൂന്ന് ചെറുപ്പക്കാർ സുജിത്തിനെ കുറിച്ച് ശബ്ദം താഴ്ത്തി സംസാരിച്ചു കൊണ്ടിരുന്നത് അവരുടെ കാതുകളിൽ പതിഞ്ഞത്. സുജിത്തിന്റെ പേര് പല പ്രാവശ്യം കേട്ടപ്പോഴാണ് അവരിരുവരും ആ ചെറുപ്പക്കാരുടെ വാക്കുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. "ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ക്ലാസ്സ്‌ കഴിഞ്ഞാൽ ഏകദേശം ഒരു മണി ആകുമ്പോൾ അവൻ സെന്ററും പൂട്ടി വീട്ടിലേക്ക് പോകും. അതിനിടയിൽ നമുക്ക് പണി പറ്റിക്കണം." ഒന്നാമൻ പറഞ്ഞു. "എങ്കിൽപ്പിന്നെ നമുക്ക് മുന്നിൽ ഉച്ചയ്ക്ക് പന്ത്രണ്ടിനും ഒന്നിനുമിടയ്ക്ക് കാര്യം നടത്താം." രണ്ടാമന്റെ അഭിപ്രായത്തോട് മറ്റ് രണ്ടുപേരും അനുകൂലിച്ചു. "കൊടുക്കുമ്പോ അവനിട്ട് നല്ല രണ്ടെണ്ണം പൊട്ടിക്കണം.

അവന്റെ വലതുകൈ ചവിട്ടി ഒടിച്ചേക്ക്. ഇന്നലെ ക്ലാസ്സിൽ വച്ച് എന്റെ പെങ്ങളെ കേറി പിടിക്കാൻ നോക്കിയ ആ നാറിക്ക് ഇനി കുറച്ചുനാളത്തേക്ക് നേരെ എണീറ്റ് നടക്കാൻ പറ്റരുത്." മൂന്നാമന്റെ സ്വരം കേട്ടു. "നീ ആളെ കാണിച്ചുതന്നാൽ മതി. ബാക്കി ഞങ്ങളേറ്റു. ഞങ്ങള് ഇവിടുത്തെ അല്ലാത്തോണ്ട് അവനെന്തായാലും ഞങ്ങളെ തിരിച്ചറിയാൻ പോകുന്നില്ല. അതുകൊണ്ട് നീ സീനിൽ വരാതെ മാറി നിന്നാമതി." മൂവരുടെയും അടക്കിപ്പിടിച്ചുള്ള സംസാരങ്ങളെല്ലാം ആരതിയും ധന്യയും കേൾക്കുന്നുണ്ടായിരുന്നു. "എടീ നിന്റെ സുജിത്തേട്ടനുള്ള കൊട്ടേഷൻ ആണല്ലോടി ഇത്." ധന്യ അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു. "എടീ... എനിക്കൊരു ഐഡിയ തോന്നുന്നുണ്ട്. എന്നെ പറ്റിച്ചിട്ട് പോവാൻ നോക്കിയ സുജിത്തേട്ടനെ അങ്ങനെ അങ്ങ് വിട്ട് കളയാൻ എനിക്ക് ഉദ്ദേശമില്ലെന്ന് ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ." "അതൊക്കെ ശരി തന്നെ. പക്ഷേ എന്താ നിന്റെ മനസ്സിലെന്ന് എന്നോട്‌ കൂടി പറയ്യ്." "ക്ലാസ്സിൽ ചെന്നിട്ട് പറയാം."

അപ്പോഴേക്കും അവർക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയിരുന്നു. ഇരുവരും വേഗം ബസിൽ നിന്നിറങ്ങി കമ്പ്യൂട്ടർ സെന്ററിന് നേർക്ക് നടക്കാൻ തുടങ്ങി. അവരുടെ പുറകിലിരുന്ന മൂന്ന് ചെറുപ്പക്കാർ ബസ് സ്റ്റോപ്പിലേക്ക് കയറി ഇരിക്കുന്നത് രണ്ടുപേരും കണ്ടിരുന്നു. പതിവുപോലെ സെന്ററിന് മുന്നിൽ തന്നെ അവളെയും കാത്തെന്ന പോലെ സുജിത്ത് നിൽക്കുന്നുണ്ടായിരുന്നു. അവളുടെ പിണക്കത്തിന്റെ കാരണമറിയാത്തോണ്ട് അവന് ചെറിയൊരു വിഷമവും ഉണ്ടായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ സുജിത്ത് അവളുടെ അടുത്ത് സംസാരിക്കാൻ ചെല്ലും. പക്ഷേ ആരതി അവന് മുഖം കൊടുക്കാതെ ഒഴിഞ്ഞ് മാറി പോവുകയായിരുന്നു പതിവ്. അന്ന് പക്ഷേ അവൾ സുജിത്തിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. "നിന്റെ പിണക്കം മാറിയോ?" അടുത്ത് വന്ന അവളോട് അവൻ മെല്ലെ ശബ്ദം താഴ്ത്തി ചോദിച്ചു.

"ഉം.. മാറി." "എന്തിനാ എന്നോട്‌ ഇത്രയും ദിവസം മിണ്ടാതെ നടന്നത്." "ഉച്ചയ്ക്ക് പറയാം ഞാൻ. ഇപ്പൊ ക്ലാസ്സിൽ പോട്ടെ." അതും പറഞ്ഞ് ധന്യയുടെ കൈയ്യും പിടിച്ച് ആരതി ക്ലാസ്സിലേക്ക് പോയി. "എടീ... എന്താ നിന്റെ പ്ലാൻ. ആദ്യം അത് പറ." സീറ്റിൽ വന്ന് ഇരുന്നപാടെ ധന്യ ചോദിച്ചു. "കാര്യം കഴിഞ്ഞ ശേഷം എന്നെ തേയ്ക്കാനാണ് സുജിത്തേട്ടന്റെ മനസ്സിലിരിപ്പ് എന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ മനസ്സിൽ ചിന്തിച്ചതാണ് കെട്ടുന്നെങ്കിൽ അങ്ങേരെ മാത്രമായിരിക്കുമെന്ന്." "സുജിത്തേട്ടൻ അത്ര നല്ല ആളൊന്നുമല്ലെന്ന് മനസ്സിലായതല്ലേ. പെണ്ണുങ്ങളെ വായും നോക്കി നടക്കുന്ന ഒരുത്തനെ തന്നെ നിനക്ക് വേണോ?" "അതൊക്കെ കല്യാണശേഷം ഞാൻ മാറ്റിയെടുത്തോളാം. പക്ഷേ സുജിത്തേട്ടനെ അങ്ങനെ കൈവിട്ട് കളയാൻ തോന്നുന്നില്ല. കാര്യം സാധിച്ചു എന്നെ ഒഴിവാക്കാൻ പ്ലാൻ ചെയ്തതല്ലേ സുജിത്തേട്ടൻ.

അതുകൊണ്ട് അങ്ങേരേം കൊണ്ടേ പോകുള്ളുവെന്ന് അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ." "അതിന് നിനക്കെന്ത് ചെയ്യാൻ പറ്റും?" "ഇന്നുച്ചയ്ക്ക് സുജിത്തേട്ടനെ തല്ലാൻ ആള് വരുമ്പോ അവർ ഞങ്ങളെ ഒരുമിച്ച് കാണില്ലേ. അങ്ങനെയാകുമ്പോ അവര് തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി നാറ്റിച്ചോളും. വരുന്നവർ എന്തായാലും സുജിത്തേട്ടന്റെ ശത്രുക്കളല്ലേ, അവർ എന്തെങ്കിലും കിട്ടാൻ നോക്കി ഇരിക്കുവല്ലേ. നാട്ടുകാർ അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ സുജിത്തേട്ടന് എന്നെ കെട്ടേണ്ടി വരും. കെട്ടിയില്ലെങ്കിൽ കെട്ടിക്കാൻ എനിക്കറിയാം." "ആരതി ഇത് കൈവിട്ട കളിയാണ്. അവരെങ്ങാനും ഉച്ചയ്ക്ക് വന്നില്ലെങ്കിൽ, പിന്നെ കാര്യങ്ങൾ നിന്റെ കൈയ്യിൽ നിൽക്കില്ലട്ടോ." "അങ്ങനെയൊന്നും ഉണ്ടാവില്ല... എന്റെ കഴുത്തിൽ ഒരാൾ താലി കെട്ടുമെങ്കിൽ അത് സുജിത്തേട്ടൻ തന്നെയായിരിക്കും. ആ വീട്ടിലേക്ക് മരുമകളായി കയറി ചെല്ലാൻ കുറേ മോഹിച്ചതാ ഞാൻ." "എന്നാലും എനിക്കെന്തോ ഒരു പേടി പോലെ." "നീയൊന്ന് പേടിക്കാതെ കൂടെ നിന്ന് തന്നാൽ മതിയെടി. ബാക്കി ഞാൻ നോക്കിക്കോളാം."

ആരതിയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ അവളെല്ലാം തീരുമാനിച്ചുറപ്പിച്ചുവെന്ന് ധന്യയ്ക്ക് ബോധ്യമായി. ഉച്ചയ്ക്ക് ക്ലാസ്സ്‌ കഴിഞ്ഞ് എല്ലാവരും പോയിത്തുടങ്ങി. ഒടുവിൽ ആരതിയും ധന്യയും മാത്രം ക്ലാസ്സിൽ അവശേഷിച്ചു. ഓഫീസ് റൂമിൽ മേശമേൽ മുഖം ചായ്ച്ചുവച്ച് ആരതിയുടെ വരവും കാത്തിരിക്കുകയായിരുന്നു സുജിത്ത്. ധന്യയ്ക്ക് ധൈര്യം നൽകി ആരതി നേരെ സുജിത്തിന്റെ അടുത്തേക്ക് പോയി. "സുജിത്തേട്ടാ..." ആരതിയുടെ ശബ്ദം കേട്ട് അവൻ തലയുയർത്തി നോക്കി. "ആരതീ..." ആവേശത്തോടെ സുജിത്ത് കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു. "അതേ... ധന്യ ക്ലാസ്സിലുണ്ട്. എനിക്ക് പെട്ടന്ന് പോണം. ഒന്ന് സംസാരിക്കാൻ വേണ്ടി വന്നതാ ഞാൻ." "നീയെന്താ ആരതി ഇത്രയും ദിവസം എന്നോട്‌ മിണ്ടാതെ പിണങ്ങി നടന്നത്. എനിക്ക് എത്ര വിഷമമായെന്നറിയോ?" സുജിത്ത് പിണക്കം ഭാവിച്ചു. അവന്റെ സംസാരം കേട്ടപ്പോൾ അവൾക്ക് ഉള്ളിൽ ചിരിയാണ് വന്നത്. "അഭിനയം അസ്സലാവുന്നുണ്ട് സുജിത്തേട്ടാ. പക്ഷേ അത് എന്നോട്‌ വേണ്ട." ആരതി മനസ്സിൽ പറഞ്ഞു.

"എത്ര നാളായി നിന്നെയിങ്ങനെ അടുത്ത് കണ്ടിട്ട്." സുജിത്ത് അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു. ആരതി എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവനോട് പറ്റിച്ചേർന്ന് നിന്നു. സുജിത്തിന്റെ അധരങ്ങൾ അവളുടെ മുഖം മുഴുവനും ചുംബനങ്ങൾ കൊണ്ട് മൂടി. പെട്ടെന്നാണ് രണ്ട് ചെറുപ്പക്കാർ അവിടേക്ക് ഇടിച്ചുകയറി വന്നത്. സുജിത്തിനൊപ്പം ഒരു പെണ്ണിനെ അവരവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വന്ന കാര്യത്തിൽ നിന്ന് പിന്മാറാനും വന്നവർക്ക് തോന്നിയില്ല. അപരിചിതരെ കണ്ട് അവനും ഒന്ന് ഞെട്ടി. ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോൾ വന്ന രണ്ടുപേരിൽ ഒരാൾ ആരതിയെ പിടിച്ചുമാറ്റിയിട്ട് സുജിത്തിനിട്ട് ഒരെണ്ണം പൊട്ടിച്ചു. "ഏയ്‌... നിങ്ങളൊക്കെ ആരാ? എന്തിനാ എന്നെ തല്ലുന്നേ?" "പ്ഫാ മിണ്ടാതിരിക്കെടാ ചെറ്റേ. നിന്റെ സ്വഭാവത്തിന് തല്ലുകയല്ല കൈയ്യും കാലും അടിച്ചൊടിക്കുകയാ വേണ്ടത്." ഒരുവൻ പറഞ്ഞു. പിന്നെ അവിടെയൊരു കൂട്ടയടി ആയിരുന്നു. അത് കണ്ടതും ആരതി ഓടിവന്ന് അവർക്കിടയിലേക്ക് വീണു. "അയ്യോ സുജിത്തേട്ടനെ ഒന്നും ചെയ്യല്ലേ. നിങ്ങളൊക്കെ ആരാ.?"

കരഞ്ഞുകൊണ്ട് ആരതി ചോദിച്ചു. "അങ്ങോട്ട് മാറ് കൊച്ചേ." അവരിൽ ഒരാൾ അവളെ പിടിച്ചുവലിച്ച് സുജിത്തിന്റെ ദേഹത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു. പിടിവലിക്കിടയിൽ ആരതിയുടെ ചുരിദാറിന്റെ കൈ ഒന്നാകെ കീറിപ്പോയി. ആ സമയം അവൾക്ക് ഉറക്കെ കരയാനാണ് തോന്നിയത്. "അവിടെ എന്തോ പ്രശ്നമുണ്ടല്ലോ. ഒരു പെങ്കൊച്ചിന്റെ നിലവിളി കേട്ടില്ലേ വാസു." കമ്പ്യൂട്ടർ സെന്ററിന് അടുത്തുള്ള പലചരക്ക് കടയിൽ സാധനം വാങ്ങാൻ വന്ന ആൾ കടക്കാരൻ വാസുവിനോട് ചോദിച്ചു. "ഒരു കൊച്ചിന്റെ നിലവിളി ഞാനും കേട്ടു." വാസു പറഞ്ഞു. "വേറെയും ശബ്ദം കേൾക്കുന്നുണ്ടല്ലോ." വേറൊരാൾ പറഞ്ഞു. നമുക്കൊന്ന് പോയിനോക്കാമെന്ന് പറഞ്ഞ് കടക്കാരൻ വാസുവും പിന്നെ പരിസരത്ത് ഉണ്ടായിരുന്നവരും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നവരൊക്കെ അങ്ങോട്ട് ചെന്നു. "ഇവിടെന്താ ഒരു ബഹളം." ആരൊക്കെയോ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു. ബഹളം കേട്ട് നാട്ടുകാർ ഒത്തുകൂടാൻ തുടങ്ങിയെന്ന് അവർക്ക് മനസ്സിലായി. രംഗം വഷളാകുന്നത് പോലെ ഇരുവർക്കും തോന്നി.

അവിടുത്തെ ബഹളം കേട്ട് നാട്ടുകാരിൽ ചിലർ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് സുജിത്തിനെ തല്ലാൻ വന്നവർ അവനെ അവർക്ക് മുന്നിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. അപ്പോഴേക്കും അവൻ അടികൊണ്ട് അവശനായി തുടങ്ങിയിരുന്നു. പിന്നീട് അവർ ഉണ്ടാക്കിയ കഥയാണ് നാട്ടുകാർ എല്ലാവരും അറിഞ്ഞത്. "നിങ്ങളാരാ... എന്തിനാ ഈ ചെക്കനെ എടുത്തിട്ട് തല്ലുന്നേ?" കൂട്ടത്തിൽ ആരോ ചോദിച്ചു. "ദേ ആ കൊച്ചിന്റെ കരച്ചിൽ കേട്ട് ഞങ്ങളിങ്ങോട്ട് വന്ന് കേറിയപ്പോ കണ്ടത് ഇവൻ ഈ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാ. കണ്ടില്ലേ ആ കൊച്ചിന്റെ കോലം." അങ്ങനെ പറഞ്ഞുകൊണ്ട് സുജിത്തിനെ നാട്ടുകാർക്കിടയിലേക്ക് തള്ളിവിട്ട ശേഷം അവരവിടെ നിന്ന് ആരുടെയും ശ്രദ്ധയിൽ പെടാതെ മുങ്ങി. കിട്ടിയ അവസരം മുതലാക്കി ചന്ദ്രനോടും സുജിത്തിനോടുമൊക്കെ ഇഷ്ടക്കേടുള്ളവർ അവനിട്ട് നല്ല അടിയും തൊഴിയും കൊടുത്തു. ഒപ്പം മറ്റുള്ളവരും കൂടി. ആരതിയുടെ പിഞ്ഞികീറിയ വസ്ത്രവും മുഖ ഭാവങ്ങളുമൊക്കെ കണ്ടപ്പോൾ സംഗതി സത്യമാണെന്ന് നാട്ടുകാർക്കും തോന്നി.

ധന്യയ്ക്കൊപ്പം ആരതിയെ ക്ലാസ്സ്‌ റൂമിലിരുത്തി എല്ലാവരും സുജിത്തിന്റെ പിന്നാലെ പോയി. കുറച്ചു സ്ത്രീകൾക്കൊപ്പം ക്ലാസ്സ്‌ റൂമിൽ അവളിരുന്നു. കാര്യങ്ങൾ ഇത്രത്തോളം കൈവിട്ട് പോകുമെന്ന് ആരതിയും വിചാരിച്ചതല്ല. എന്ത് തന്നെയാണെങ്കിലും ഇങ്ങനെയൊക്കെ നടന്നതിൽ അവൾക്ക് ഒട്ടും വിഷമം തോന്നിയില്ല. നാട്ടുകാർ എല്ലാം അറിഞ്ഞ സ്ഥിതിക്ക് സുജിത്തിനിനി തന്നെ ഒഴിവാക്കാൻ പറ്റില്ലെന്ന് ആരതിക്കുറപ്പായി. സുജിത്തിനെ തല്ലിയവർ തന്നെയാണ് കയ്യോടെ ചന്ദ്രനെ വിളിച്ചു വിവരം പറഞ്ഞത്. "നാട്ടുകാർ തല്ലികൊല്ലുന്നതിനുമുൻപ് മോനെ ജീവനോടെ വേണമെങ്കിൽ ഇപ്പൊതന്നെ സെന്ററിലോട്ട് വിട്ടോ. മോന് ഞങ്ങൾ നല്ല അസ്സല് പണി കൊടുത്തിട്ടുണ്ട്." എന്നാണ് അവർ വിളിച്ചു പറഞ്ഞത്. അതിൻ പ്രകാരമാണ് ചന്ദ്രൻ അവിടെയെത്തിയതും. വിളിച്ചവരുടെ സംസാരത്തിൽ നിന്നും സുജിത്തിനെ ആരൊക്കെയോ ചേർന്ന് എന്തോ മുട്ടൻ പണി കൊടുത്തുവെന്ന് അയാൾക്ക് മനസ്സിലായി. ************ "എന്താ മോളെ അവിടെ നടന്നത്. സുജിത്ത് നിന്നെ ഉപദ്രവിച്ചോ?"

വീട്ടിലെത്തിയപാടെ മകളെ അടുത്ത് വിളിച്ച് മുരളി ചോദിച്ചു. നടന്ന കാര്യങ്ങളെല്ലാം അച്ഛനോട് പറയാൻ ആരതി മനസ്സ് കൊണ്ട് തയ്യാറെടുത്തിരുന്നു. "അച്ഛാ... ഞാനും സുജിത്തേട്ടനും തമ്മിൽ ഇഷ്ടത്തിലാണ്. ഞങ്ങൾ ഓഫീസ് റൂമിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടുപേർ അങ്ങോട്ട്‌ വന്ന് സുജിത്തേട്ടനെ തല്ലാൻ തുടങ്ങി. ഞാനവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ എന്റെ ഡ്രെസ്സൊക്കെ കീറിപ്പോയി. ആ സമയത്താണ് അവിടത്തെ ബഹളം കേട്ട് ആരൊക്കെയോ അങ്ങോട്ട്‌ വന്നത്. പിന്നെ ആളുകളോട് സുജിത്തേട്ടൻ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചൂന്നൊക്കെ അവരാ പറഞ്ഞു പരത്തിയത്. എന്നെയൊന്ന് സംസാരിക്കാൻ പോലും ആരും അനുവദിച്ചില്ല. അച്ഛനും അമ്മയും വരുന്നത് വരെ ധന്യക്കൊപ്പം ക്ലാസ്സ്‌ റൂമിൽ തന്നെ ഇരുത്തി." ആരതിയുടെ തുറന്ന് പറച്ചിൽ മുരളിയെയും ഭാരതിയെയും ഒരുപോലെ ഞെട്ടിച്ചു. "കുടുംബത്തിന്റെ മാനം കളഞ്ഞ് കുളിച്ചപ്പോൾ നിനക്ക് തൃപ്തിയായില്ലേ." ഭാരതിയുടെ കൈത്തലം അവളുടെ കരണത്ത് പതിഞ്ഞു. "നിനക്ക് പ്രേമിക്കാൻ ഈ നാട്ടിൽ അവനെ മാത്രമേ കിട്ടിയുള്ളോ?" സർവ്വവും തകർന്നവനെപ്പോലെ മുരളി നിലത്ത് തളർന്നിരുന്നു...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story