മറുതീരം തേടി: ഭാഗം 39

marutheeram thedi shiva

രചന: ശിവ എസ് നായർ

"നിനക്ക് പ്രേമിക്കാൻ ഈ നാട്ടിൽ അവനെ മാത്രമേ കിട്ടിയുള്ളോ?" സർവ്വവും തകർന്നവനെപ്പോലെ മുരളി നിലത്ത് തളർന്നിരുന്നു. "സുജിത്തേട്ടന് എന്താ ഒരു കുഴപ്പം? ഞങ്ങൾ തമ്മിൽ സ്നേഹിച്ചുപോയി അച്ഛാ. ഇത്രയും സംഭവിച്ച സ്ഥിതിക്ക് അച്ഛൻ തന്നെ ഞങ്ങളുടെ വിവാഹം നടത്തി തരണം." "കുടുംബത്തിന്റെ മാനം കളഞ്ഞ് കുളിച്ചിട്ടാണോടി നീ പ്രേമിക്കാൻ നടന്നത്. അവൻ നിന്നെ വന്ന് കെട്ടുമെന്ന് നീ സ്വപ്നം കാണണ്ട. അവരൊക്കെ വല്യ കൊമ്പത്തെ ആൾക്കാരാ. ഒരു ചീത്തപ്പേര് ഉണ്ടായെന്ന് പറഞ്ഞ് അവനൊരു പെണ്ണിനെ കിട്ടാൻ വല്യ ബുദ്ധിമുട്ടൊന്നുമില്ല. നിന്നെയിനി ആര് വന്ന് കെട്ടാനാ. സുജിത്ത് ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാരോട് പറഞ്ഞാലും അവരിനി വിശ്വസിക്കുമോ? ഞാനിനി മറ്റുള്ളവരുടെ മുഖത്തെങ്ങനെ നോക്കും." മകളുടെ അവസ്ഥയോർത്ത് മുരളിക്ക് കടുത്ത ദുഃഖം തോന്നി. "പഠിക്കാൻ വിട്ടാ മര്യാദക്ക് പഠിച്ചിട്ട് വരാതെ അവനെ കേറി പ്രേമിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെടി. മൂത്ത സന്തതിയെ കൊണ്ട് തന്നെ തലവേദന പിടിച്ചിരിക്കുകയായിരുന്നു.

അതിനിടയ്ക്കാ നീ കൂടി ഇങ്ങനെ ചെയ്തത്." ഭാരതി മകളെ തലങ്ങും വിലങ്ങും തല്ലി. "ഞാനെന്ത് തെറ്റ് ചെയ്തിട്ടാ അമ്മയെന്നെ ഇങ്ങനെ തല്ലുന്നത്." ആരതി അവരുടെ കൈയ്യിൽ കടന്ന് പിടിച്ചു. "ക്ലാസ്സ്‌ കഴിഞ്ഞപ്പോ തന്നെ നീ അവിടെ നിന്ന് ഇറങ്ങിയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ? അവനോട് കൊഞ്ചി കുഴയാൻ പോയതോണ്ടല്ലേ ഇപ്പൊ ചീത്തപ്പേര് കേൾക്കേണ്ടി വന്നത്. എരണം കെട്ട മൂദേവി." അമ്മയുടെ ശകാര വർഷങ്ങൾ അവളെ തെല്ലും ബാധിച്ചില്ല. "അച്ഛാ... അമ്മയോട് പറയ്യ് എന്നെ തല്ലല്ലെന്ന്. ഒരാളെ സ്നേഹിക്കുന്നത് ഇത്ര വല്യ കുറ്റമാണോ?" ആരതി അച്ഛന്റെ അടുത്തേക്ക് ചെന്നിരുന്നു. "ലാളിച്ച കൈകൊണ്ട് തന്നെ തല്ലാൻ വയ്യാത്തത് കൊണ്ടാണ് ഞാൻ മിണ്ടാതിരിക്കുന്നത്. എന്നെകൊണ്ട് നീയതും കൂടി ചെയ്യിക്കരുത്." മുരളിയുടെ ശബ്ദത്തിൽ പതിവില്ലാതെ ഗൗരവം കലർന്നിരുന്നു. "അച്ഛാ..." അവിശ്വസനീയതയോടെ അവൾ വിളിച്ചു. "ഇനിയെന്നെ അങ്ങനെ വിളിച്ചുപോവരുത്.

നീ കാരണം ഇന്ന് ഞാനനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയൂ. സ്വന്തം മോള് പഠിക്കാൻ പോയ സ്ഥലത്ത് വച്ച് പീഡിപ്പിക്കപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞ് അറിയുമ്പോഴുള്ള അവസ്ഥ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല മോളെ. നിനക്ക് പ്രേമിക്കാൻ ഈ നാട്ടിൽ അവനെ മാത്രമേ കിട്ടിയുള്ളോ? ആ സുജിത്തിനെ കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നുമല്ല നാട്ടിൽ പലർക്കും. നിന്നെ അങ്ങോട്ട്‌ കമ്പ്യൂട്ടർ പഠിക്കാൻ അയച്ചത് പോലും അതിന്റെ മേൽനോട്ടം ചന്ദ്രൻ നടത്തുന്നത് കൊണ്ടും പിന്നെ ഇന്നാട്ടിൽ കമ്പ്യൂട്ടർ പഠിപ്പിക്കുന്ന സ്ഥലം വേറെ ഇല്ലാത്തത് കൊണ്ടുമാണ്. നിന്നെപ്പോലെ ഒരുപാട് പെൺകുട്ടികൾ അവിടെ പഠിക്കുന്നുണ്ടല്ലോ. അവരൊക്കെ അവിടെ പഠിക്കാൻ തന്നെയല്ലേ വന്നിരുന്നത്. നീ പോയത് അവനെ പ്രേമിക്കാൻ ആയിരുന്നോ? എന്നിട്ടിപ്പോ എന്തായി? നിന്നിലുള്ള എന്റെ വിശ്വാസമാണ് നീയിന്ന് തകർത്തത്. എന്ത് കുറവാ ഞാനിവിടെ നിനക്ക് വരുത്തിയിട്ടുള്ളത്. ഉണ്ണാനും ഉടുക്കാനുമൊക്കെ വേണ്ടുവോളം തന്ന് ആവശ്യത്തിൽ കൂടുതൽ ലാളിച്ചു നോക്കിയതിന്റെ കൂലിയാണോ ഈ അപമാനം.

ആ അസത്ത് പെണ്ണിനെ പോലെ നീയും ആയിത്തീരുമെന്ന് ഞാൻ വിചാരിച്ചില്ല." അയാളുടെ വാക്കുകളിൽ വേദന നിഴലിച്ചു. "അച്ഛനെന്നെ ആതിര ചേച്ചിയുമായി താരതമ്യം ചെയ്യാൻ നിൽക്കണ്ട. ചേച്ചിയെ പോലെ വയറ്റിൽ അവിഹിത സന്തതിയുമായി നടക്കുവാണോ ഞാൻ. ഒരാളെ സ്നേഹിച്ചുപോയെന്ന കുറ്റം മാത്രമേ ഞാൻ ചെയ്തുള്ളു. നാട്ടുകാർ പറഞ്ഞു പരത്തിയ പോലെ എന്നെയാരും ഉപദ്രവിച്ചിട്ടുമില്ല. പിന്നെ ഞാനെങ്ങനെ ഇക്കാര്യത്തിൽ കുറ്റക്കാരിയാകും. സുജിത്തേട്ടനെ തല്ലാൻ വന്നവർ പടച്ചുവിട്ട നുണക്കഥ വിശ്വസിച്ചു ആളുകൾ പലതും പറയും അതിൽ അച്ഛൻ വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല. എന്തായാലും ഒരു കാര്യം ഞാൻ രണ്ടുപേരോടുമായി പറയാം. എന്റെ കല്യാണം സുജിത്തേട്ടനുമായി നടത്തി തന്നാൽ നിങ്ങൾക്ക് കൊള്ളാം. ഇല്ലെങ്കിലാണ് ചീത്തപ്പേര് ആകുന്നത്." ആരതിയുടെ സംസാരം മുരളിയെയും ഭാരതിയെയും ഒരുപോലെ നടുക്കി.

അവളുടെ വാശിക്ക് മുന്നിൽ പരാജിതനെ പോലെ തലകുനിച്ചിരിക്കുന്ന ഭർത്താവിനെ കണ്ട് ഭാരതിക്ക് നെഞ്ച് വിങ്ങി. സ്കൂൾ വിട്ടുവന്ന അഞ്ജുവും വഴിയിൽ വച്ചുതന്നെ വിശേഷങ്ങൾ അറിഞ്ഞിരുന്നു. ആധിയോടെ വീട്ടിലേക്ക് വന്ന് കയറിയ അവളും അവിടെ നടന്നതൊക്കെ കേട്ടിരുന്നു. "ചേച്ചിക്ക് അപാര തൊലിക്കട്ടി ആണല്ലോ. നാട്ടുകാർ എന്തൊക്കെ പറയുന്നെന്നു ചേച്ചി അറിഞ്ഞിട്ടാണോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?" അഞ്ജു ആരതിക്കടുത്തേക്ക് ചെന്നു. "അവരെന്ത്‌ പറഞ്ഞുവെന്നാ?" നിസ്സാരമട്ടിൽ ആരതി ചോദിച്ചു. "സുജിത്തേട്ടൻ ചേച്ചിയെ പീഡിപ്പിച്ചുവെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അതല്ല നിങ്ങൾ തമ്മിൽ എന്തൊക്കെയോ ചെയ്തോണ്ടിരുന്നപ്പോ ആരൊക്കെയോ വന്ന് തല്ലിയെന്നുമൊക്കെയാ കഥ. വഴിയിൽ വച്ച് ഓരോരുത്തർ പറയുന്നത് കേട്ട് എന്റെ തൊലി ഉരിഞ്ഞുപോയി. സത്യാവസ്ഥ എന്തെന്ന് അറിയാതെ ഓടിപ്പാഞ്ഞു വീട്ടിലെത്തിയപ്പോ കേട്ടത് ചേച്ചിയുടെ ധിക്കാരം പറച്ചിലും. ഇത്രയൊക്കെ നടന്നിട്ടും ചേച്ചിയുടെ കൂസലില്ലായ്‌മ കാണുമ്പോൾ എനിക്കും സംശയം തോന്നുന്നു.

ചേച്ചിയുടെ മനസ്സറിവോടെയാണോ ഇങ്ങനെയൊക്കെ നടന്നത്. സുജിത്തേട്ടനെ കെട്ടാൻ വേണ്ടി ചേച്ചി മനഃപൂർവം ഈ കുടുംബത്തിന് മേൽ കരിവാരി തേച്ചതാണോ?" ആരതി വരുത്തിവച്ച നാണക്കേടിൽ മനംനൊന്താണ് അഞ്ജു അത് ചോദിച്ചത്. "അഞ്ജൂ... നീ പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാ പോകുന്നതെന്ന് ഓർമ്മ വേണം. വെറുതെ വേണ്ടാതീനം വിളിച്ചു പറയരുത്." തന്റെ കള്ളി വെളിച്ചത്താകുമോയെന്ന ഭയം ആരതിയിൽ ഉണ്ടായി. "ചേച്ചിയുടെ മുഖം കാണുമ്പോൾ എനിക്ക് തോന്നുന്നത് ഇങ്ങനെയൊക്കെ നടന്നതിൽ ചേച്ചിക്ക് സന്തോഷമുള്ളതായിട്ടാ." "നിങ്ങളെയൊക്കെ ബോധിപ്പിക്കാൻ ഞാനിനി കരഞ്ഞുവിളിച്ച് നടന്നേക്കാം." അഞ്ജുവിനെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് അവൾ വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് നടന്നു. അത്രയുംനാൾ അടയും ചക്കരയും പോലെ നടന്ന സഹോദരിമാർ ആ സംഭവത്തോടെ പരസ്പരം തെറ്റി.

ആരതിയുടെ മനസ്സറിവോടെ നടന്ന കാര്യങ്ങളാണ് ഇന്ന് അരങ്ങേറിയതെന്ന വിശ്വാസത്തിലായിരുന്നു അഞ്ജു. ചേച്ചി ഉണ്ടാക്കിവച്ച അപമാനം അവളുടെ മനസ്സിനെ അത്രത്തോളം മുറിപ്പെടുത്തിയിരുന്നു. മകളിൽ അർപ്പിച്ചിരുന്ന വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിൽ അപ്പാടെ തളർന്ന്, തകർന്ന് പോയിരുന്നു മുരളി. ഭാരതി, മകളെ പഴിച്ചും ശാസിച്ചും ദേഷ്യം തീർത്തു. കാര്യങ്ങൾ ഇത്രത്തോളം വഷളായി പോകുമെന്ന് ആരതിയും വിചാരിച്ചതല്ല. വെടക്കാക്കി തനിക്കാക്കാം എന്ന മനോഭാവമായിരുന്നു അവളിൽ. ഇനി എന്ത് സംഭവിച്ചാലും സുജിത്തിന്റെ ഭാര്യയാകണമെന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു ആരതി. ഇന്നത്തെ ദിവസം ഇങ്ങനെയെല്ലാം സംഭവിച്ചുപോയതിൽ ഇനി പരിതപിച്ചിട്ട് കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു. നാട്ടുകാർ എന്ത്‌ പറഞ്ഞാലും തന്നെയത് ബാധിക്കാൻ പോകുന്നില്ലെന്ന മട്ടായിരുന്നു അവൾക്ക്. *************

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോഴാണ് ആതിരയ്ക്ക് വിഷ്ണുവിന്റെ കാൾ വരുന്നത്. ആൽഫിയെ പറ്റി അന്വേഷിച്ചിട്ടാകും അവൻ വിളിക്കുന്നതെന്ന് അവളൂഹിച്ചു. "ഹലോ... വിഷ്ണു... പോയ കാര്യം എന്തായെടാ?" കാൾ എടുത്തപാടെ ആതിര ചോദിച്ചു. "ആതി... ഞാൻ ആൽഫിയെ കുറിച്ച് അന്വേഷിച്ചു. അവരുടെ ഇടവകയിലെ ഫാദറിനെ, പള്ളിയിൽ ചെന്ന് കണ്ടിരുന്നു ഞാൻ." "എന്നിട്ട് എന്തെങ്കിലും അറിഞ്ഞോ? ആൽഫി അവിടെ വന്നിരുന്നോ?" "ഫാദറിനും ഡീറ്റെയിൽ ആയിട്ട് ഒന്നും അറിയില്ല. ആൽഫി ഒരു അന്യ മതക്കാരിയെ കല്യാണം കഴിച്ച് കർണാടകയിൽ തന്നെ താമസമാക്കിയെന്ന് ആൽഫിയുടെ പപ്പ രഹസ്യമായി ഫാദറിനെ അറിയിച്ചിരുന്നു. അതിന്റെ പേരിൽ കുടുംബത്ത് അസ്വാരസ്യങ്ങൾ ഉണ്ടെന്നും അതുകൊണ്ട് സ്വത്തുക്കൾ ഭാഗം വച്ച ശേഷം അവന്റെ പപ്പ കുടുംബത്തോടെ അയർലണ്ടിലേക്ക് പോകുന്നെന്നും ഫാദറിനോട് പറഞ്ഞു.

രണ്ടുമാസം മുൻപ് സ്വത്തുക്കൾ ഭാഗം വച്ച് ബന്ധുക്കൾ പലവഴിക്ക് പിരിഞ്ഞു. ആൽഫിയുടെ പപ്പയും മമ്മിയും സഹോദരിമാരും അയർലണ്ടിലേക്ക് പോവുകയും ചെയ്തു." "അപ്പോ ആൽഫി... ആൽഫി അവരുടെ കൂടെ ഇല്ലേ? അവനങ്ങോട്ട് ചെന്നിട്ടില്ലേ വിഷ്ണു.?" ആതിരയിൽ നിരാശ കലർന്നിരുന്നു. "ഇല്ല ആതി... അവനിവിടെ വന്നതായി ആർക്കും അറിവില്ല. ഫാദറിന്റെ ധാരണ ആൽഫി ഇപ്പോഴും നിന്റെ കൂടെ ഉണ്ടെന്നാണ്. അവനെവിടെപ്പോയെന്ന് ഒരു ഐഡിയയുമില്ല. ആൽഫിയുടെ ഫാമിലി ഇനി ഉടനെയൊന്നും നാട്ടിലേക്ക് വരില്ല. ബെത്തേൽ ബംഗ്ലാവ് പത്ത് വർഷത്തേക്ക് വേറൊരാൾക്ക് ലീസിന് കൊടുത്തിട്ടാ അവർ പോയത്." "വിഷ്ണൂ... ഞാൻ... ഞാനിനി എവിടെപോയി അന്വേഷിക്കും. ആൽഫി അവിടെ ചെന്നിട്ടില്ലെങ്കിൽ പിന്നെ വേറെങ്ങോട്ടാ പോയിട്ടുണ്ടാവുക?" അവളുടെ ഒച്ച ചിലമ്പിച്ചിരുന്നു.

"നിന്നോട് എന്താ പറയേണ്ടതെന്ന് എനിക്കറിയില്ലെടി. നീ വിഷമിക്കാതിരിക്ക് എവിടെപ്പോയാലും അവൻ നിന്റെ അടുത്തേക്ക് തന്നെ മടങ്ങി വരും." വിഷ്ണു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "എന്ന് വരും? എപ്പോ വരും? അതുവരെ ഞാൻ... ഞാനെങ്ങനെ ജീവിക്കും. മുന്നോട്ട് ഇനിയെങ്ങനെയെന്ന് ആലോചിക്കുമ്പോ പേടിയാവുന്നു വിഷ്ണു.?" "ആതീ... നീ കരയല്ലേ. ഈ സമയത്ത് ധൈര്യത്തോടെ ഇരിക്ക് നീ. അവൻ... അവനൊരു സ്ത്രീക്കൊപ്പം പോയെന്നെല്ലേ അയല്പക്കത്തെ ചേച്ചി നിന്നോട് പറഞ്ഞത്?" "അതെ.." "ഇനി നീയറിയാതെ മറ്റ് വല്ല ബന്ധവും?" വിഷ്ണു അറച്ചറച്ച് ചോദിച്ചു. "ഏയ്‌... ഇല്ല വിഷ്ണു. ആൽഫിക്ക് അത്തരം ബന്ധമൊന്നുമില്ലെടാ." "എങ്കിൽ പിന്നെ അവന്റെയൊപ്പം കണ്ട സ്ത്രീയോ? അതാരാ?" "ഒരുപക്ഷേ അവന്റെ മമ്മിയായിരിക്കും. ആൽഫിയുടെ മമ്മി വന്ന് അവനെ കൊണ്ട് പോയതാണെങ്കിലോ?" "അതിന് തെളിവൊന്നുമില്ലല്ലോ. അവൻ ഇവിടെ വന്നതായും ആർക്കും അറിയില്ല." "ഓരോന്ന് ഓർക്കുമ്പോ എനിക്ക് ഭ്രാന്ത് പിടിക്കും വിഷ്ണു. എനിക്കറിയില്ല ഇനിയെന്താ ചെയ്യേണ്ടതെന്ന്."

"ആൽഫിക്ക് മറ്റ് റിലേഷൻ ഒന്നുമില്ലെങ്കിൽ അവൻ വരും നിന്റെ അടുത്ത്. നിന്നെ വന്ന് കാണാനോ ഒന്ന് വിളിക്കാനോ പറ്റാത്ത അവസ്ഥയിൽ എവിടെയെങ്കിലും കുടുങ്ങി കിടക്കുകയാകും. അല്ലെങ്കിൽ അവന്റെ പപ്പ തന്നെ പിടിച്ചു വച്ചിട്ടുണ്ടാകും അവനെ. ആൽഫിയെയും കൊണ്ടാണ് അയാൾ നാടുവിട്ടു പോയിട്ടുണ്ടെങ്കിൽ നീയവനെ കാത്തിരിക്കുന്നതിൽ ഒരർത്ഥവുമില്ല ആതി." വിഷ്ണുവിന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു. "ഇങ്ങനെയൊന്നും പറയല്ലേടാ." ആതിര തേങ്ങിപ്പോയി. "നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. യാഥാർഥ്യം എന്ത് തന്നെയാണെങ്കിലും നീയത് ഉൾക്കൊണ്ടേ മതിയാവൂ. എന്തെങ്കിലും സഹായം വേണ്ടിവന്നാൽ വിളിക്കാൻ മടിക്കേണ്ട. എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്ത് തരാം." "ഉം... ശരിയെടാ. എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിച്ചോളാം."

"ഓക്കേ ഡി. സങ്കടപ്പെടാതിരിക്ക്." വിഷ്ണു തന്നെ കാൾ കട്ട്‌ ചെയ്തു. ഇനി മുന്നോട്ടെങ്ങനെയെന്നറിയാതെ നിലയില്ലാ കയത്തിൽ വീണ അവസ്ഥയായിരുന്നു അവളുടേത്. ദിവസങ്ങൾ മാറ്റമില്ലാതെ കടന്നുപോയി. ദിനങ്ങൾ ഓരോന്ന് കൊഴിയവേ ആതിരയുടെ ഉദരവും വീർത്തുവന്നു. ആതിര താമസിക്കുന്ന വീടിന് രണ്ട് വീട് അപ്പുറമായിട്ട് രാജീവിനും ഒരു വാടക വീട് ശരിയായതിനാൽ അയാളും കുടുംബ സമേതം അവിടെ താമസമായി. ഒരേ സമയത്താണ് ഡ്യൂട്ടിയെങ്കിൽ ആതിരയും രാജീവും ഒരുമിച്ച് പോയി വന്നിരുന്നു. ആൽഫിയുടെ അഭാവത്തിൽ അവൾക്കെന്തെങ്കിലും സഹായം ചെയ്യാൻ ഉണ്ടായിരുന്നത് അയാൾ മാത്രമായിരുന്നു. ദീപ്തിയും നിമയും വിമൻസ് ഹോസ്റ്റലിൽ ആയിരുന്നു താമസം. ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിൽ അവരും അവളെ കാണാനായി വരുമായിരുന്നു. വേറൊരു മലയാളി നേഴ്സസായ ഫൈസൽ അവിടുത്തെ ജോലി മതിയാക്കി നാട്ടിലേക്ക് പോയിരുന്നു. എല്ലാവരും അവരവരുടെ പരിമിതിക്കുള്ളിൽ നിന്ന് ആതിരയെ സപ്പോർട്ട് ചെയ്തിരുന്നു. *************

ഒരു ദിവസം രാവിലെ ഡ്യൂട്ടിയിൽ നിൽക്കുമ്പോഴാണ് ആതിരയ്ക്ക് മാനേജറിന്റെ റൂമിൽ നിന്ന് വിളി വരുന്നത്. അവൾ ചെല്ലുമ്പോൾ ഹോസ്പിറ്റൽ മാനേജർ കാർത്തിക്ക് ആതിരയുടെ വരവും കാത്തിരിക്കുകയായിരുന്നു. കാർത്തിക്ക് ഹാഫ് മലയാളിയാണ്. സുമുഖനായൊരു ചെറുപ്പക്കാരൻ. കാണാൻ ഏകദേശം മുപ്പത്തി രണ്ട് വയസ്സ് തോന്നിക്കും. സ്വതവേ ഗൗരവക്കാരനായിട്ടാണ് കാണപ്പെടുന്നതും. "സർ വിളിച്ചിരുന്നോ?" "ഹാ.. പ്ലീസ് സിറ്റ് ഡൌൺ ആതിര." മുന്നിലെ ചെയർ ചൂണ്ടിക്കാട്ടി കാർത്തിക്ക് പറഞ്ഞു. "എന്താ സർ വിളിപ്പിച്ചത്.?" സീറ്റിലേക്ക് അമർന്നിരിക്കുമ്പോൾ അവൾ ചോദിച്ചു. "താനിവിടെ ജോലിക്ക് കയറിയിട്ട് വൺ ഇയർ ആയിരിട്ടുണ്ട് ആതിര. സോ ഒരു വർഷത്തെ എഗ്രിമെന്റ് കഴിഞ്ഞിരിക്കുന്നു. എഗ്രിമെന്റ് പുതുക്കി തന്നെ ഇവിടെ തുടർന്ന് ജോലിക്ക് നിർത്തുന്നതിൽ ഹോസ്പിറ്റൽ മാനേജ്മെന്റിന് താല്പര്യമില്ല. അത്‌ തന്നെ അറിയിക്കാൻ വേണ്ടിയാണ് ഇപ്പൊ ഇങ്ങോട്ട് വിളിപ്പിച്ചത്." കാർത്തിക്കിന്റെ വാക്കുകൾ ഇടിത്തീ പോലെയാണ് അവളുടെ കാതുകളിൽ പതിഞ്ഞത്. ഒരു നിമിഷം ആതിരയുടെ കണ്ണുകൾ നിറഞ്ഞു. വീണുപോകാതിരിക്കാനായി അവൾ ചെയറിൽ മുറുക്കിപ്പിടിച്ചു. "ആർ യു ഓക്കേ ആതിര." അവളുടെ മുഖത്തെ ഭാവമാറ്റം കണ്ട് കാർത്തിക് എഴുന്നേറ്റ് വന്ന് ആതിരയുടെ തോളിൽ തട്ടി വിളിച്ചു...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story