മറുതീരം തേടി: ഭാഗം 4

marutheeram thedi shiva

രചന: ശിവ എസ് നായർ

  "എന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടു പോവാണോ.?" വെറ്റില കറ പുരണ്ട പല്ലുകൾ കാട്ടി അവൻ വെളുക്കെ ചിരിച്ചു. "ശിവൻ.." ആതിരയുടെ അധരങ്ങൾ അവന്റെ പേര് മന്ത്രിച്ചു. അവളുടെ കണ്ണുകളിൽ അവനോടുള്ള ഭയം തെളിഞ്ഞു വന്നു. "അമ്മാമ്മേ..." ആശ്രയത്തിനെന്നോണം ആതിര ഭാർഗവിയെ നോക്കി. "ആതിര പേടിക്കണ്ട... തന്നെ പിടിച്ചു കൊണ്ട് പോവാനൊന്നും വന്നതല്ല ഞാൻ." ശിവൻ അവളോട് പറഞ്ഞു. "നീയേതാ ചെറുക്കാ? എന്റെ കൊച്ചിന്റെ കയ്യീന്ന് വിടടാ." ഭാർഗവി അമ്മ ശിവനോട് ദേഷ്യപ്പെട്ടു. ചുണ്ടിലൂറിയ ചിരിയോടെ തന്നെ ശിവൻ അവളുടെ കൈയിലെ പിടുത്തം വിട്ടു. ഭയപ്പാടോടെ ആതിര അമ്മാമ്മയ്ക്ക് പിന്നിൽ ഒതുങ്ങി നിന്നു. "അമ്മാമ്മേ ഇതാണ് പൂമഠത്തെ ശിവൻ. അച്ഛൻ എനിക്ക് വേണ്ടി കണ്ടുപിടിച്ചു കൊണ്ടുവന്ന ആൾ." ആതിര ശബ്ദം താഴ്ത്തി അവരുടെ ചെവിയിൽ പറഞ്ഞു. ആളെ മനസ്സിലായ മട്ടിൽ ഭാർഗവി അമ്മ തലയനക്കി. "നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയ കാര്യം അച്ഛൻ പറഞ്ഞ് അറിഞ്ഞിരുന്നു. മുരളിയേട്ടൻ നല്ല കലിപ്പിലാണല്ലേ.

വിഷമിക്കയൊന്നും വേണ്ട. ഫീസ് അടയ്ക്കാൻ പണത്തിനെന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കാൻ മടിക്കേണ്ട. ഇന്നാ ഇത് കുറച്ചു പൈസയാ... ഇത് തരാനാ ഞാൻ വന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാലോ." നോട്ടുകെട്ടുകളടങ്ങിയ കവർ അവൾക്ക് നേരെ നീട്ടി കൊണ്ട് ശിവൻ പറഞ്ഞു. "വേ... വേണ്ട... അത് നിങ്ങൾ തന്നെ വച്ചോളു." മറുപടി പറയാൻ അവൾക്ക് ഒരുനിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.. "കടമായിട്ട് തരുന്നതാണെന്ന് കൂട്ടിക്കോളൂ. പിന്നീട് ജോലി കിട്ടുമ്പോൾ മടക്കി തന്നാൽ മതി." "ഈ പൈസ അവൾക്ക് വേണ്ട മോനെ. മോന്റെ ഈ നല്ല മനസ്സിന് ഒത്തിരി നന്ദിയുണ്ട്. ഇപ്പൊ അവളുടെ ആവശ്യങ്ങൾക്കുള്ള പണം എന്റെ കൈവശം ഉണ്ട്." ഭാർഗവി അമ്മ അവനോട് പറഞ്ഞു. "എന്റെ ഒരു സന്തോഷത്തിനു തരുന്നതാ." "അത് വേണ്ട മോനെ... ഈ പൈസ എന്റെ കൊച്ച് വാങ്ങില്ല. അത്ര അത്യാവശ്യം വരുകയാണെങ്കിൽ മോനോട് ഞാൻ ചോദിക്കാം. ഇപ്പോൾ ഈ പണം ഞങ്ങൾക്ക് ആവശ്യമില്ല. മോനെക്കുറിച്ച് അറിയാതെ ആണെങ്കിലും ഒരു തെറ്റിദ്ധാരണ മനസ്സിലുണ്ടായിരുന്നു. ഇപ്പൊ അതങ്ങ് മാറി.

നിന്റെ ഈ നല്ല മനസ്സിന് നിനക്ക് നല്ലതേ വരു." ഭാർഗവി അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ശിവന് സന്തോഷം തോന്നി. "എന്തെങ്കിലും അത്യാവശ്യം വന്നാൽ പറയാൻ മടിക്കേണ്ട. പിന്നെ ആതിര പേടിക്കുന്ന പോലെ പിന്നാലെ നടന്ന് ശല്യത്തിനൊന്നും ഞാൻ വരില്ല. പോയി നന്നായി പഠിക്ക്... പഠിച്ച് ഒരു ജോലി വാങ്ങി രക്ഷപ്പെടാൻ നോക്ക്." നിറഞ്ഞ ചിരിയോടെ അവൻ അവളോട് പറഞ്ഞു. വിളറിയ ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. "ട്രെയിൻ എടുക്കാറായി ഞാൻ കേറിക്കോട്ടെ." ആതിര അവനെയൊന്ന് നോക്കി. ട്രെയിനിന്റെ വാതിൽ മറഞ്ഞു നിൽക്കുകയായിരുന്ന ശിവൻ പെട്ടെന്ന് മാറിക്കൊടുത്തു. അമ്മാമ്മയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തിട്ട് അവൾ ട്രെയിനിൽ കയറി. "അന്ന് വീട്ടിൽ വന്നപ്പോൾ എന്റെ വിഷമം കൊണ്ട് എന്തൊക്കെയോ പറഞ്ഞു പോയി. ക്ഷമിക്കണം.."

ക്ഷമാപണം പോലെ ആതിര അവനെ നോക്കി. "തന്റെ സ്ഥാനത്ത് ആരായാലും അങ്ങനെയെ പറയു. എന്തായാലും അന്നത്തെ ആ പെണ്ണ് കാണലോടെ ഞാൻ കുറച്ചു കുറച്ചു നന്നായി തുടങ്ങി കേട്ടോ. താനെന്നെ വിവാഹം കഴിക്കാൻ സമ്മതിക്കുമെന്ന പ്രതീക്ഷ വച്ചിട്ടൊന്നുമല്ല നന്നാവാൻ തീരുമാനിച്ചത്, എനിക്ക് തന്നെ സ്വയം മനസ്സിൽ തോന്നിയിട്ടാ." ശിവൻ നിഷ്കളങ്കമായി ചിരിച്ചു. "അതേതായാലും നന്നായി..." അവനായി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ പറഞ്ഞു. നീട്ടിയൊരു ചൂളം വിളിയോടെ ട്രെയിൻ ചലിച്ചു തുടങ്ങി. "അമ്മാമ്മേ പോയി വരാം." കൈവീശി അവൾ യാത്ര പറഞ്ഞു. ശിവനെ നോക്കി കൈ വീശാനും അവൾ മറന്നില്ല. തിരിച്ച് അവരും അവളുടെ നേർക്ക് കൈവീശി കാണിച്ചു. ഇരുവരും കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ വാതിൽക്കൽ നിന്ന് എത്തിനോക്കി. നിറഞ്ഞ കണ്ണുകൾ നേര്യതിന്റെ തുമ്പ് കൊണ്ട് ഒപ്പി ഭാർഗവി അമ്മ ട്രെയിൻ അകന്ന് പോകുന്നത് നോക്കി നിന്നു. ആളുകൾ പലരും പല വഴിക്ക് പിരിഞ്ഞു പോകാൻ തുടങ്ങി. പ്ലാറ്റ്ഫോം നിശബ്ദമായി തുടങ്ങി.

ശിവനോട് യാത്ര പറഞ്ഞു ഭാർഗവി അമ്മയും മൂത്ത മകളുടെ വീട്ടിലേക്ക് മടങ്ങി. കാര്യം ശിവനൊരു കൊള്ളരുതാത്തവൻ ആണെങ്കിലും നന്മ നിറഞ്ഞൊരു ഹൃദയം അവനിൽ ഉണ്ടെന്ന് ആ സംഭവത്തോടെ ആതിരയ്ക്കും ഭാർഗവി അമ്മയ്ക്കും ബോധ്യമായി. അവനോട് അവർക്കുണ്ടായിരുന്ന ദേഷ്യവും വെറുപ്പും അതോടെ മാറി. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരയ്ക്ക് വേണ്ടി രാവന്തിയോളം ഭാർഗവി അമ്മ കഷ്ടപ്പെട്ടു കൊണ്ടിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളും ആതിരയെ പാടെ മറന്ന മട്ടായിരുന്നു. പുതിയ കോളേജും പരിചയമില്ലാത്ത സ്ഥലവും മെല്ലെ മെല്ലെ അവൾക്ക് സുപരിചിതമായി തുടങ്ങി. ആ അന്തരീക്ഷവുമായി അവൾ പൊരുത്തപ്പെട്ടു. അമ്മാമ്മയുടെ കഷ്ടപ്പാട് അറിയാവുന്നത് കൊണ്ട് അവൾ പഠനത്തിൽ ഉഴപ്പാതെ നന്നായി തന്നെ പഠിച്ചു. നഴ്സിംഗ് പഠനത്തിനിടയിലും പാർടൈം ആയി ജോലി ചെയ്താണ് ആതിര തന്റെ ചിലവിനുള്ള പൈസ കണ്ടെത്തിയത്. വയസ്സായ അമ്മാമ്മയെ ഒത്തിരിയിട്ട് കഷ്ടപ്പെടുത്താൻ അവൾക്ക് മനസ്സ് വന്നില്ല.

തന്നാലുവുംവിധം ഒഴിവ് വേളകളിൽ, ജോലി ചെയ്ത് ആതിര വട്ട ചിലവുകൾക്കുള്ള പൈസ കണ്ടെത്തിയിരുന്നു. പൊതുവെ അന്തർമുഖയായ അവൾ കോളേജിൽ ആരുമായും അതിര് കവിഞ്ഞൊരു അടുപ്പത്തിന് മുതിർന്നിരുന്നില്ല. നാട്ടിൽ അച്ഛനെ പേടിച്ച് ആരോടും മിണ്ടാതെ നടന്ന് ശീലമായത് കൊണ്ട് കോളേജിലും അവൾ ആരുമായും ചങ്ങാത്തം സൃഷ്ടിച്ചില്ല. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും. പഠിക്കാൻ മിടുക്കിയായിരുന്നതിനാൽ അദ്ധ്യാപകർക്കൊക്കെ ആതിരയെ വലിയ കാര്യമായിരുന്നു. അവളുടെ ജീവിത ചുറ്റുപാടുകൾ അവർക്കെല്ലാം അറിയാവുന്നത് കൊണ്ട് പഠിക്കാൻ എല്ലാവിധ പിന്തുണയും അദ്ധ്യാപകരുടെ ഭാഗത്ത്‌ നിന്ന് അവൾക്ക് കിട്ടിയിരുന്നു. ആരുമായും കൂട്ടില്ലാതെ കോളേജിലേക്ക് തനിച്ച് വരികയും തനിച്ച് പോവുകയും ചെയ്തിരുന്ന ആതിരയെ കുറച്ചു നാളുകളായി ഒരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആതിരയുടെ ബാച്ചിൽ തന്നെയുള്ള ആൽഫി ആയിരുന്നു അത്. അവളെപ്പോലെത്തന്നെ ആരുമായും അധികം മിണ്ടാതെ സ്വന്തം കാര്യം മാത്രം നോക്കി,

ക്ലാസ്സിൽ വന്ന് പോകുന്ന ഒരു പയ്യനായിരുന്നു അവൻ. തന്നെപ്പോലെ തന്നെയുള്ള ഒരു കുട്ടിയെ ക്ലാസ്സിൽ കണ്ടപ്പോൾ അവൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. ക്ലാസ്സിൽ ആരോടും അടുപ്പമില്ലെങ്കിലും ആതിരയും എല്ലാവരെയും ശ്രദ്ധിക്കുമായിരുന്നു. തന്നെപോലെ ക്ലാസ്സിൽ ആരോടും മിണ്ടാതെ ഒതുങ്ങികൂടിയിരിക്കുന്ന ആൽഫിയെ അവളും കണ്ടിട്ടുണ്ട്. കുറച്ചുദിവസം ആൽഫി ക്ലാസ്സിൽ വരാതിരുന്നപ്പോഴാണ് അവന്റെ അഭാവം അവൾ തിരിച്ചറിയുന്നത്. ആൽഫി സ്ഥിരമായി വന്നിരിക്കുന്ന ബാക്ക് ബെഞ്ചിൽ നോക്കി അവൾ വെറുതെ ഇരിക്കുമായിരുന്നു. അവനും മലയാളി ഒരാഴ്ചയ്ക്ക് ശേഷം ആൽഫി വീണ്ടും ക്ലാസ്സിൽ വന്ന് തുടങ്ങി. അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ബാഗുമെടുത്ത് ആതിര പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പിന്നിൽ നിന്ന് അവന്റെ വിളി കേൾക്കുന്നത്. "ആതിര... ഒരു മിനിറ്റ്..." ആൽഫി അവളെ വിളിച്ചു. അവൾ പിന്തിരിഞ്ഞു എന്താ കാര്യമെന്ന മട്ടിൽ അവനെ നോക്കി. "എടോ ഞാൻ ഒരാഴ്ച ലീവായിരുന്നു. തന്റെ നോട്സ് ഒന്ന് തരുമോ? രണ്ട് ദിവസം കഴിഞ്ഞു മടക്കി തരാം." "ഹാ തരാലോ... ഏതൊക്കെ സബ്ജെക്ട് വേണം?"

"എല്ലാം തന്നോളൂ... തിങ്കളാഴ്ച വരുമ്പോൾ കൊണ്ട് തരാം. രണ്ട് ദിവസം അവധിയല്ലേ. എല്ലാം കംപ്ലീറ്റ് ചെയ്യാൻ ടൈം കിട്ടും. വേറെ ഒന്നുരണ്ട് പേരെ നോട്സ് വാങ്ങി നോക്കിയെങ്കിലും ഒന്നും കംപ്ലീറ്റ് അല്ല. സ്റ്റാലിൻ സർ തന്റെ ബുക്ക് വാങ്ങി നോട്സ് കംപ്ലീറ്റ് ചെയ്യാൻ പറഞ്ഞു. "ആഹ്, ഞാൻ തരാം ബുക്ക്സ്.. തിങ്കളാഴ്ച മറക്കാതെ കൊണ്ട് തരണേ." അവൾ ബാഗിൽ നിന്ന് ബുക്ക്സ് എടുത്തു അവനു നേരെ നീട്ടി. "താങ്ക്സ് ആതിര." നന്ദിയോടെ അവനവളെ നോക്കി. "അതേ തിങ്കളാഴ്ച ക്ലാസ്സിൽ വരില്ലേ? അതോ വീണ്ടും ലീവ് എടുക്കോ?" ആതിര സംശയത്തോടെ ചോദിച്ചു. "ഏയ്‌ ഇല്ല... ഇനി മുടങ്ങാതെ വരും." "താനെന്താ കുറച്ചു ദിവസം ക്ലാസ്സിൽ വരാതിരുന്നത്." "എന്റെ അച്ഛമ്മ മരിച്ചിട്ട് നാട്ടിൽ പോയതായിരുന്നു ഞാൻ." "നാട്ടിൽ എവിടെയാ താൻ.?" "ഞാൻ കോട്ടയം, ആതിര എവിടെയാ?" "ഞാൻ പാലക്കാട്‌.." "താൻ ഹോസ്റ്റലിൽ ആണോ നിക്കണേ?" "അതേ... സംസാരിച്ച് നിന്നാൽ നേരം വൈകും. പോയിട്ട് അത്യാവശ്യം ഉണ്ടേ." ആതിര വാച്ചിൽ നോക്കി ധൃതിയിൽ പറഞ്ഞു. "ഞാനും ഇവിടെ ഹോസ്റ്റലിൽ ആണ് താമസം. താനെന്നാ പൊക്കോ. തിങ്കളാഴ്ച കാണാം നമുക്ക്."

കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന ചെമ്പൻ മുടികൾ ഒരു വശത്തേക്ക് മാടിയൊതുക്കി ആൽഫി ഇളം പുഞ്ചിരിയോടെ അവളെ നോക്കി. കോളേജ് ഗേറ്റും കടന്ന് ആതിര നടന്ന് മറയുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു. ആൽഫിയുടെയും ആതിരയുടെയും സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. ഇരുവരുടെയും സ്വഭാവം ഒരുപോലെ ആയിരുന്നതിനാൽ അവർ തമ്മിൽ അവര് പോലുമറിയാതെ മനസ്സ് കൊണ്ട് ഒരു ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 രാത്രി, കടയടച്ച ശേഷം വീട്ടിലേക്ക് പോവാൻ തുടങ്ങുകയായിരുന്നു മുരളി. ആ സമയത്താണ് പൂമഠത്തെ വേലായുധൻ അയാളെ കണ്ട് വണ്ടി നിർത്തി മുരളിക്കടുത്തേക്ക് വന്നത്. "മുരളീ... സുഖം തന്നെ..." വേലായുധൻ അയാളോട് കുശലാന്വേഷണം നടത്തി. "ആഹ് ചേട്ടാ... അങ്ങനെ പോണു." ഭവ്യതയോടെ മുരളി പറഞ്ഞു. "ആതിര നഴ്സിംഗ് പഠിക്കാൻ കർണാടകയിൽ പോയല്ലേ . ശിവൻ എപ്പോഴോ പറയുന്നത് കേട്ടിരുന്നു." "എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല ചേട്ടാ, തന്നിഷ്ടം കാട്ടിയാ അവൾ പോയത്."

അയാളുടെ മുഖത്ത് അവളോടുള്ള ഇഷ്ടക്കേട് പ്രകടമായിരുന്നു. "കൊച്ചിനിപ്പോ പതിനെട്ടു വയസ്സ് കഴിഞ്ഞായിരിക്കുമല്ലോ?" "കഴിഞ്ഞ മാസം പതിനെട്ട് തികഞ്ഞു. ഞാനിപ്പോ അവളുടെ ഒരു കാര്യവും അന്വേഷിക്കാൻ പോവാറില്ല. ഭാരതിയുടെ അമ്മയാണ് അവളുടെ ചിലവുകളൊക്കെ നോക്കുന്നത്. അതിനായി ഇപ്പോ കണ്ണിൽ കണ്ട വീട്ടിലൊക്കെ അടുക്കള ജോലിക്ക് പോകലാണ് പണി." "ആ തള്ളയെ കൊണ്ട് കൂട്ടിയാൽ കൂടുമോടോ ഇതൊക്കെ. വയസ്സാം കാലത്ത് വല്ലതും തിന്ന് കുടിച്ച് വീട്ടിൽ അടങ്ങി കിടന്നൂടെ അവർക്ക്." വേലായുധൻ ചോദിച്ചു. "ഞങ്ങളൊന്നും പറഞ്ഞാലും അവർ കേൾക്കില്ല. പിന്നെ എന്താന്ന് വച്ചാൽ കാണിക്കട്ടേന്ന് വിചാരിച്ചു. ആട്ടെ ശിവന് പെണ്ണ് നോക്കൽ എന്തായി." "അത് പറയാനാ ഞാൻ തന്നെ കണ്ടപ്പോ ഇങ്ങോട്ട് കേറിയത്. അന്ന് വീട്ടിൽ വന്ന് ആതിരയെ കണ്ടിട്ട് അവന് ഇഷ്ടപ്പെട്ടായിരുന്നു. ഇപ്പൊ സ്വഭാവത്തിൽ നല്ല മാറ്റവും ഉണ്ട്. അവളെ കണ്ട് വന്നതിന് ശേഷം വേറെ പെണ്ണ് കാണലിനൊന്നും പോവാൻ വിളിച്ചിട്ട് അവൻ വരാൻ കൂട്ടാക്കിയിട്ടില്ല." "ചേട്ടനെന്താ പറഞ്ഞു വരുന്നത്?"

മുരളി അയാളെ ആകാംക്ഷയോടെ നോക്കി. "ശിവന് അവളെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇനിയും വച്ച് താമസിപ്പിക്കാതെ നമുക്ക് ഇതങ്ങു നടത്താം. പഠിത്തത്തിന്റെ കാര്യമൊക്കെ പിന്നെ ആലോചിക്കാം. വരുന്ന ചിങ്ങത്തിൽ നമുക്ക് കെട്ട് നടത്താം. ഓണം അവധി അല്ലെ വരുന്നത് നീ പോയി കൊച്ചിനെ ഇങ്ങ് തഞ്ചത്തിൽ വിളിച്ചു കൊണ്ട് വാ." "ചേട്ടൻ കാര്യമായിട്ട് പറയുവാണോ?" മുരളി അവിശ്വസനീയതയോടെ അയാളോട് ചോദിച്ചു. "എന്റെ ചെറുക്കന് അവളെ ഇഷ്ടപ്പെട്ടതല്ലേ. അവന്റെ ഇപ്പോഴത്തെ മാറ്റത്തിന് കാരണക്കാരൻ അവളല്ലേ. അതുകൊണ്ടാ ഇതങ്ങു നടത്താമെന്ന് ഞാൻ പറഞ്ഞത്. എനിക്കാകെ അവനല്ലേ ഉള്ളു." വേലായുധൻ വികാരധീനനായി. മുരളിയുടെ മനസ്സ് സന്തോഷത്താൽ തുടികൊട്ടി. "നമുക്ക് നടത്താം ചേട്ടാ.. ഞാൻ അവളെ വിളിച്ചുകൊണ്ട് വരാം." മുരളി സന്തോഷത്തോടെ പറഞ്ഞു. "എന്നാ ശരി... മുരളി വീട്ടിലേക്കല്ലേ. സമയം കിട്ടുമ്പോൾ പൂമഠത്തേക്ക് ഇറങ്ങു. കാര്യങ്ങൾ നമുക്ക് വിശദമായി സംസാരിക്കാം." വേലായുധൻ അയാളോട് യാത്ര പറഞ്ഞു പോയി. മനസ്സിൽ ചില കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് മുരളി വീട്ടിലേക്ക് നടന്നു...... തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story