മറുതീരം തേടി: ഭാഗം 40

marutheeram thedi shiva

രചന: ശിവ എസ് നായർ

ഒരു നിമിഷം ആതിരയുടെ കണ്ണുകൾ നിറഞ്ഞു. വീണുപോകാതിരിക്കാനായി അവൾ ചെയറിൽ മുറുക്കിപ്പിടിച്ചു. "ആർ യു ഓക്കേ ആതിര." അവളുടെ മുഖത്തെ ഭാവമാറ്റം കണ്ട് കാർത്തിക് എഴുന്നേറ്റ് വന്ന് ആതിരയുടെ തോളിൽ തട്ടി വിളിച്ചു. "ഏയ്‌... കുഴപ്പമൊന്നുമില്ല സർ... പെട്ടന്ന് കേട്ടപ്പോ എനിക്കെന്തോപോലെ... ആകെയുള്ള വരുമാന മാർഗ്ഗമാണ് ഈ ജോലി. ഇതുകൂടി പോയാൽ എങ്ങനെ ജീവിക്കുമെന്നറിയില്ല. എന്നെ ഇവിടെ തുടർന്ന് ജോലിക്ക് നിർത്താത്തതിന്റെ കാരണമെന്താണ് സർ. ഞാനെന്ത് തെറ്റ് ചെയ്തിട്ടാ. എന്റെ ഭാഗത്ത്‌ നിന്ന് ഞാനറിയാതെ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ?" ദുഃഖം ഘനീഭവിച്ച മുഖത്തോടെ അവൾ കാർത്തിക്കിനെ നോക്കി. "ഹേയ്... നോ. ആതിര ഇപ്പൊ പ്രെഗ്നന്റ് അല്ലെ. സോ എഗ്രിമെന്റ് പുതുക്കിയാലും ഡെലിവറി കഴിഞ്ഞാൽ കുറേ നാളത്തേക്ക് തനിക്ക് ജോലിക്ക് വരാൻ സാധിക്കില്ലല്ലോ അതുകൊണ്ടാണ് എഗ്രിമെന്റ് പുതുക്കാൻ മാനേജ്മെന്റ് തയ്യാറാകാത്തത്." കാർത്തിക് സ്വന്തം സീറ്റിലേക്ക് വന്നിരുന്നു.

"അത് ശരിയാണ്. ഞാനതേപ്പറ്റി ഓർത്തില്ല." ആതിര വിഷമം മറച്ച് പുഞ്ചിരിച്ചു. "ബട്ട്‌ താൻ വറീഡ് ആവണ്ട. ഡെലിവറി കഴിയുന്നത് വരെ തനിക്ക് എത്ര നാൾ ജോലിക്ക് വരാൻ പറ്റുമോ അതുവരെ ജോലിയിൽ തുടരാം. അത് കഴിഞ്ഞാൽ പോസ്റ്റ്‌ പാർട്ടം റിക്കവറിയുടെ ഭാഗമായിട്ട് കുറച്ചുനാൾ റസ്റ്റ്‌ വേണ്ടി വരില്ലേ. സോ ലോങ്ങ്‌ ലീവൊക്കെ കഴിഞ്ഞു വന്നാൽ മാനേജ്‍മെന്റുമായി സംസാരിച്ച് എഗ്രിമെന്റ് പുതുക്കി ജോലിയിൽ കയറാൻ ഞാൻ സഹായിക്കാം. തനിക്ക് വേണ്ടി ശക്തമായി റെക്കമന്റ് ചെയ്തത് കൊണ്ടാണ് ഇപ്പൊ തല്ക്കാലത്തേക്ക് ജോലിയിൽ തുടരാൻ സാധിക്കുന്നത്. ആതിരയുടെ സിറ്റുവേഷൻ അറിയാവുന്നത് കൊണ്ടാണ് ഞാനിങ്ങനെയൊരു ഫേവർ ചെയ്തത്." സ്വതവേ ഗൗരവം നിറഞ്ഞ ആ മുഖത്ത് അവൾക്കായി ഒരു പുഞ്ചിരി വിടർന്നു. "താങ്ക്യൂ സർ..." ജീവൻ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു അവൾക്കപ്പോൾ. "ആൽഫിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ?" തികച്ചും അൺ ഒഫീഷ്യലായിട്ടുള്ള കാർത്തിക്കിന്റെ ആ ചോദ്യത്തിൽ ആതിരയൊന്ന് പകച്ചു.

"ഇല്ല സർ... ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ല. അന്വേഷിക്കുന്നുണ്ട്." അവളുടെ സ്വരം നേർത്തുപോയിരുന്നു. "വിഷമിക്കണ്ട... എല്ലാം ശരിയാവും. അവൻ തന്നെ പറ്റിച്ചിട്ട് പോയതാണെങ്കിൽ ഈ കാത്തിരിപ്പിനൊരു അർത്ഥമില്ലാതാകും. എങ്കിലും ഹോപ്പ് ഫോർ ദി ബെസ്റ്റ്." "വേറൊന്നുമില്ലെങ്കിൽ ഞാൻ പൊയ്ക്കോട്ടേ സർ." ആതിരയ്ക്ക് അവിടുന്ന് പുറത്ത് കടന്നാൽ മതിയെന്നായി. "ജസ്റ്റ്‌ വെയിറ്റ് ആതിര." കാർത്തിക് എഴുന്നേറ്റ് അവൾക്കടുത്തേക്ക് വന്നു. "എന്താ സർ." നെഞ്ചിടിപ്പോടെ അവൾ തന്റെ തൊട്ടുമുന്നിൽ വന്ന് നിൽക്കുന്നവനെ നോക്കി. "തന്റെ കാര്യങ്ങളെല്ലാം രാജീവ്‌ പറഞ്ഞ് എനിക്കറിയാം. ദാ ഇത് കുറച്ചു കാഷ്യാണ്. കൈയ്യിൽ വച്ചോളൂ, എന്തെങ്കിലും അത്യാവശ്യം വരും." പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകെട്ടുകൾ എടുത്ത് ആതിരയ്ക്ക് നേരെ നീട്ടികൊണ്ട് അവൻ പറഞ്ഞു. "എനിക്ക് വേണ്ട സർ. എന്റെ ചിലവുകളൊക്കെ ശമ്പളം കൊണ്ടുതന്നെ കഴിഞ്ഞുപോകുന്നുണ്ട്. എനിക്ക് തല്ക്കാലം പൈസയൊന്നും വേണ്ട."

പകപ്പോടെ അവൾ കാർത്തിക്കിനെ നോക്കി. അവനേറെ നിർബന്ധിച്ചെങ്കിലും ആതിര കാശ് വാങ്ങാൻ കൂട്ടാക്കിയില്ല. "ദിസ്‌ ഈസ്‌ മൈ കാർഡ്. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ മടിക്കണ്ട. സഹായം ചോദിക്കുന്നതിന് മടി വിചാരിക്കണ്ട." ക്യാഷ് തിരിച്ചു പോക്കറ്റിലിട്ട ശേഷം കാർത്തിക് തന്റെ കാർഡ് എടുത്ത് അവൾക്ക് കൊടുത്തു. മടിയോടെ ആണെങ്കിലും അവളത് വാങ്ങി. "ഞാൻ... ഞാൻ പൊയ്ക്കോട്ടേ." "ഉം... പൊയ്ക്കോളൂ." കാർത്തിക് പറഞ്ഞു. അനുവാദം കിട്ടിയതും ആതിര ധൃതിയിൽ എഴുന്നേറ്റ് ഗ്ലാസ്‌ ഡോർ തുറന്ന് പുറത്തേക്കിറങ്ങിപോയി. അവൾ പോകുന്നത് അലിവോടെ നോക്കിയിരിക്കുകയായിരുന്നു കാർത്തിക്. സ്ത്രീകളോട് ഒട്ടും അടുപ്പം കാണിക്കാത്ത പ്രകൃതകാരനായ കാർത്തിക്കിന്റെ ഇന്നത്തെ മാറ്റം ആതിരയെ ശരിക്കും അമ്പരപ്പിച്ചിരുന്നു. പൊതുവെ, ലേഡീസ് സ്റ്റാഫിനെ മുഖാമുഖം കണ്ടാൽ മുഖത്ത് കഷ്ടിച്ചൊരു പുഞ്ചിരി വരുത്തി പോകുന്നയാളാണ് കുറച്ചുമുൻപ് അത്രയും സോഫ്റ്റ്‌ ആയി തന്നോട് സംസാരിച്ചതെന്നും തനിക്ക് വേണ്ടി ഇത്രയൊക്കെ സഹായം ചെയ്തതെന്നും കേട്ടപ്പോൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

കാർത്തിക് സാർ ഇനി എന്തെങ്കിലും ദുരുദ്ദേശത്തോടെ തന്നെ സമീപിക്കാനുള്ള പുറപ്പാട് ആണോയെന്നും ആതിര സംശയിക്കാതിരുന്നില്ല. തല്ക്കാലം അത്തരം ചിന്തകൾ തലയിൽ നിന്നൊഴിവാക്കി അവൾ ഡ്യൂട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ************ രണ്ടാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് സുജിത്തിനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജാക്കി വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമാണ് ചന്ദ്രൻ, കുടുംബസമേതം മുരളിയുടെ വീട്ടിലേക്ക് തിരിച്ചത്. സ്കൂളിൽ സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചോദ്യോത്തരങ്ങളിൽ നിന്ന് രക്ഷ നേടാൻ സ്കൂളിൽ പോകാൻ മടിച്ച് അഞ്ജു വീട്ടിൽ തന്നെ നിന്നു. ആളുകളുടെ മുഖത്ത് നോക്കാനുള്ള നാണക്കേട് കാരണം മുരളിയും കട തുറന്നിട്ട്‌ രണ്ടാഴ്ച കഴിഞ്ഞു. ചന്ദ്രനെയും കുടുംബത്തെയും വീട്ട് മുറ്റത്ത്‌ കണ്ട് മുരളിയും ഭാരതിയും ശരിക്കും അമ്പരന്ന് പോയിരുന്നു.

"ഇങ്ങോട്ട് കയറി ഇരിക്കാം." മുറ്റത്ത്‌ തന്നെ ശങ്കിച്ചുനിൽക്കുന്ന അതിഥികളെ മുരളി അകത്തേക്ക് ക്ഷണിച്ചിരുത്തി. ചന്ദ്രനും ഭാര്യ സീമയും സുജിത്തും അവന്റെ സഹോദരി സുചിത്രയും വീടിനുള്ളിലേക്ക് പ്രവേശിച്ചു. പുറത്ത് ആളുകളുടെ സംസാരം കേട്ട് ആരതിയും അഞ്ജുവും ഉമ്മറത്തേക്ക് വന്നു. "ഇതെന്റെ ഭാര്യ സീമ, ഇത് സുജിത്തിന്റെ ചേച്ചിയാണ്, സുചിത്ര. മരുമോൻ ഗൾഫിലാണ്." ചന്ദ്രൻ ഭാര്യയെയും മകളെയും അവർക്കെല്ലാവർക്കും പരിചയപ്പെടുത്തി. "എല്ലാവരേം അറിയാം. ഇവിടെ ഞാനും ഭാര്യയും രണ്ട് പിള്ളേരും പിന്നെ സുഖമില്ലാത്ത അവളുടെ അമ്മയുമാണുള്ളത്." മുരളി ഔപചാരികതയോടെ പറഞ്ഞു. "നിങ്ങൾക്ക് മൂന്ന് പെണ്മക്കളല്ലേ. ഒരാളെവിടെ പോയി?" ചന്ദ്രൻ ചോദിച്ചു. "അവൾ കൂടെ പഠിച്ചിരുന്ന ഒരു പയ്യനെ സ്നേഹിച്ച് കല്യാണം കഴിച്ച് കർണാടകയിൽ തന്നെ താമസമാക്കി. ഭാരതീടെ അമ്മയ്ക്ക് ആക്‌സിഡന്റ് പറ്റിയപ്പോ രണ്ടുപേരും കൂടി ഇങ്ങോട്ട് വന്നിരുന്നു. ഞാൻ വീട്ടിൽ കയറ്റിയില്ല. ഇനിയിങ്ങോട്ട് വരരുതെന്നും പറഞ്ഞു.

" ആരതിയും ചേച്ചിയെ കുറിച്ച് സുജിത്തിനോട് അങ്ങനെയായിരുന്നു പറഞ്ഞിട്ടുണ്ടായിരുന്നത്. അച്ഛനിനി വേറെന്തെങ്കിലും പറയുമോന്ന് ആലോചിച്ച് പേടിച്ച് നിൽക്കുകയായിരുന്നു ആരതി. മുരളി അങ്ങനെയൊരു ഉത്തരം കൊടുത്തപ്പോ അവൾക്ക് സമാധാനമായി. "ഉം... അപ്പൊ കാര്യങ്ങൾ അങ്ങനെയൊക്കെ യാണ്. നാട്ടുകാർ പറയുന്നതിലപ്പോ സത്യമുണ്ടല്ലേ മുരളി." ചന്ദ്രൻ മുന്നോട്ടാഞ്ഞിരുന്നു. "കുറേനാളായി അവളിങ്ങോട്ട് വന്നിട്ട്. അവള് വീട്ടിലോട്ട് വരാതാകുമ്പോ സ്വാഭാവികമായും നാട്ടുകാരിൽ നിന്നും ചോദ്യം വരുമല്ലോ. ചോദിച്ചവരോടൊക്കെ പറയാതിരിക്കാനും പറ്റില്ലല്ലോ. ഒരാളെ കൊണ്ടുതന്നെ വിഷമിച്ച് ഇരിക്കുമ്പോഴാ ചന്ദ്രേട്ടന്റെ മോൻ കാരണം ഇവൾക്ക് കൂടി ചീത്തപ്പേരായത്." അവസാനവാക്കുകൾ പറയുമ്പോൾ മുരളിയുടെ ഒച്ച ചിലമ്പിച്ചിരുന്നു. "സത്യത്തിൽ എന്റെ മോനും ഇക്കാര്യത്തിൽ നിരപരാധിയാണ്. അവനെ തല്ലാൻ വന്ന രണ്ടുപേർ ചേർന്നാണ് നാട്ടുകാർക്കിടയിൽ ഇങ്ങനെയൊരു കള്ളകഥ പ്രചരിപ്പിച്ചത്." "അത്‌ മോള് പറഞ്ഞ് എനിക്കറിയാം. എങ്കിലും സുജിത്തിവളെ ഉപദ്രവിച്ച രീതിയിലാണ് പലരുടെയും സംസാരവും സഹതാപം പ്രകടിപ്പിക്കലും. ഞാൻ കട തുറന്നിട്ട്‌ തന്നെ രണ്ടാഴ്ചയായി."

"മുരളി വിഷമിക്കണ്ട. എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം." ചന്ദ്രൻ അനുനയത്തിൽ പറഞ്ഞു. "ഭാരതീ... ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്." മുരളി ഭാര്യയോട് പറഞ്ഞു. അത് കേട്ടതും ഭാരതി അടുക്കളയിലേക്ക് പോയി. അവർക്ക് പിന്നാലെ പെണ്മക്കളും അകത്തേക്ക് വലിഞ്ഞു. ഉമ്മറത്തെ സംഭാഷണങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ആരതി വാതിലിന് പിന്നിൽ മറഞ്ഞുനിന്നു. വന്ന നേരം മുതൽ സുജിത്ത് അവളെ നോക്കാതിരിക്കുന്നതിൽ ആരതിക്ക് നല്ല സങ്കടം തോന്നിയിരുന്നു. അവന്റെ മുഖത്തും കൈകളിലുമൊക്കെയുള്ള പരിക്കുകൾ കരിഞ്ഞു വരുന്നതേയുണ്ടായിരുന്നുള്ളു. സുജിത്തിന് ആരെയും അഭിമുഖീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. "സുജിത്തിനെ തല്ലിയവരെ കണ്ടുപിടിച്ചോ?" മുരളി ചോദിച്ചു. "ഇവിടുള്ളവരല്ല. പുറത്തൂന്ന് ആരോ കൊട്ടേഷൻ കൊടുത്തതാണെന്ന് തോന്നുന്നു. ബിസിനസ്സിൽ ഞങ്ങൾക്ക് കുറേ ശത്രുക്കളുണ്ട്. അങ്ങനെ ആരെങ്കിലും ചെയ്യിപ്പിച്ചതാകും." ചന്ദ്രൻ ആലോചനയോടെ പറഞ്ഞു. അപ്പോഴേക്കും ഭാരതി ചായ തയ്യാറാക്കി കൊണ്ട് വന്നിരുന്നു.

"ചായ കുടിക്കൂ." ഭാരതി തന്നെ എല്ലാവർക്കും ചായ എടുത്ത് നൽകി. "ഞങ്ങൾ വന്നത് ഈ പ്രശ്നത്തിനൊരു പരിഹാരമായിട്ടാണ്. സുജിത്തിന് നല്ലൊരു ആലോചന ഒത്തുവന്നതായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നമുണ്ടാകുന്നത്. അവന്റെ അറിവോടെ നടന്ന കാര്യമല്ലാത്തത് കൊണ്ട് പെണ്ണിന്റെ വീട്ടുകാർക്ക് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞതുമാണ്. പെങ്കൊച്ച് എന്റെയൊരു കൂട്ടുകാരന്റെ മകൾ കൂടിയാണ്. പക്ഷേ ഇവിടുത്തെ കൊച്ചിന്റെ മുഖം ആലോചിച്ചപ്പോൾ എനിക്കതിന് മനസ്സ് വന്നില്ല. എന്റെ മോന് പെണ്ണ് കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെങ്കിലും ആരതിയുടെ കാര്യം അങ്ങനെയല്ലല്ലോ. അവൾക്കിനി നല്ലൊരു ബന്ധം വരാൻ പോകുന്നില്ല. അതുകൊണ്ട് സുജിത്തിന്റെയും ആരതിയുടെയും വിവാഹക്കാര്യം സംസാരിക്കാൻ വേണ്ടി കൂടിയാണ് ഞങ്ങൾ ഇന്നുതന്നെ ഇങ്ങോട്ട് വന്നത്. ഇക്കാര്യത്തിൽ എന്താണ് മുരളിയുടെ അഭിപ്രായം." ചന്ദ്രന്റെ വാക്കുകൾ അവിശ്വസനീയതയോടെയാണ് മുരളിയെ കേട്ടത്. "എനിക്ക് സമ്മതമാണ് ചന്ദ്രേട്ടാ. അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് മോള് പറഞ്ഞിരുന്നു."

യാന്ത്രികമായി അയാൾ പറഞ്ഞു. "അവർ തമ്മിലൊരു ഇഷ്ടമുണ്ടെന്ന് കൂടി അറിഞ്ഞത് കൊണ്ടാണ് ഞാനീ ആലോചനയുമായി ഇവിടേക്ക് വന്നതും. ഈ കല്യാണം നടക്കണമെങ്കിൽ ഞങ്ങൾ ആവശ്യപ്പെടുന്ന അത്രയും സ്ത്രീധനം മുരളി ഞങ്ങൾക്ക് തരണം. അതൊക്കെ സമ്മതമാണെങ്കിൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഇവരുടെ വിവാഹം നടത്താം." ഭാര്യ സീമയെ ഒന്ന് നോക്കിയ ശേഷം ചന്ദ്രൻ ഇരുവരോടുമായി പറഞ്ഞു. ഭാരതിയും മുരളിയും പരസ്പരം മുഖത്തോട് മുഖം നോക്കി. "നിങ്ങൾ എത്രയാ പ്രതീക്ഷിക്കുന്നത്." ഭാരതിയാണ് അത് ചോദിച്ചത്. "ഞങ്ങളുടെ ആസ്തി വച്ച് ഇവന് നൂറ്റമ്പത് പവൻ സ്വർണം വരെ സ്ത്രീധനമായി കിട്ടും. നിങ്ങളുടെ അവസ്ഥ അറിയാവുന്നത് കൊണ്ട് ഞങ്ങൾ എഴുപത്തിഅഞ്ചു പവൻ സ്വർണ്ണവും അഞ്ചുലക്ഷം രൂപയുമാണ് സ്ത്രീധനമായി ചോദിക്കുന്നത്." "അയ്യോ ഇത്രേം സ്വർണ്ണവും പണവും ഞങ്ങളെങ്ങനെ ഉണ്ടാക്കാനാ ചന്ദ്രേട്ടാ.

എന്റെ പലചരക്ക് കടയിൽ നിന്നുള്ള വരുമാനത്തിലാണ് ഈ വീട് കഴിഞ്ഞു പോകുന്നത്. ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ആലോചന ആരതി മോൾക്ക് വന്നതാണ്. അവര് പോലും ഇത്രേം സ്ത്രീധനം ചോദിച്ചിട്ടില്ല. ഇതിത്തിരി കൂടിപ്പോയില്ലേ." വല്ലായ്മയോടെ മുരളി അയാളെ നോക്കി. അച്ഛന്റെ മറുപടി ആരതിയെയും പ്രതിരോധത്തിലാക്കി. സ്ത്രീധനത്തിന്റെ പേരിൽ ഈ ആലോചന മുടങ്ങിപ്പോകരുതേയെന്ന പ്രാർത്ഥനയായിരുന്നു അവളിൽ. "മൂത്ത മോൾടെ കല്യാണത്തിന് കൊടുക്കാൻ കരുതി വച്ച സ്വർണ്ണമൊക്കെ കാണില്ലേ. പിന്നെ ഈ വീട് പണയപ്പെടുത്തിയാൽ തന്നെ നൂറുപവൻ സ്വർണ്ണത്തിനുള്ള പൈസ കിട്ടും. ഒന്നും കാണാതെ ചന്ദ്രനൊന്നും ചോദിക്കില്ലെന്ന് മുരളിക്കറിയാലോ." ഗൂഢമായ പുഞ്ചിരിയോടെ ചന്ദ്രനത് പറയുമ്പോൾ നിസ്സഹായതയോടെ മുരളി തളർന്നിരുന്നു.

"ആരതിക്ക് താഴെ ഒരു മോള് കൂടി എനിക്കില്ലേ ചന്ദ്രേട്ടാ. അവളുടെ പഠിത്തവും കല്യാണവുമൊക്കെ വരാനിരിക്കുന്നതല്ലേയുള്ളൂ." "അത് എനിക്കും അറിയാം മുരളി. അതുകൊണ്ടല്ലേ ഞങ്ങൾ സ്ത്രീധനം ഇത്രയിൽ ഒതുക്കിയത്. മുരളിയുടെ പേരിലുള്ള കടയിരിക്കുന്ന സ്ഥലത്തിനും നല്ലൊരു തുക കിട്ടില്ലേ. അതൊന്നും ഞാൻ ചോദിച്ചില്ലല്ലോ." ചന്ദ്രൻ എല്ലാം മുൻകൂട്ടി കണ്ടുകൊണ്ട് വിലപേശുന്നതാണെന്ന് മുരളിക്ക് മനസ്സിലായി. "എനിക്ക് കുറച്ചു സാവകാശം വേണം ചന്ദ്രേട്ടാ. പറഞ്ഞ സ്ത്രീധന തുക റെഡിയാക്കിയിട്ട് ഞനറിയിക്കാം." ആരതിയുടെ ഭാവിയെ ഓർത്തപ്പോൾ അയാളുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കാനേ മുരളിക്ക് സാധിച്ചുള്ളൂ. "ഒരുപാട് വൈകരുത്. എങ്കിൽ പിന്നെ ഞങ്ങൾക്ക് വേറെ പെണ്ണിനെ നോക്കേണ്ടി വരും." ചന്ദ്രൻ ഓർമിപ്പിച്ചു. "ഒരു മൂന്നുമാസത്തെ അവധി മതി. ഒരുറപ്പിന് അവരുടെ നിശ്ചയം നടത്തി വയ്ക്കണം. മൂന്നുമാസത്തിനുള്ളിൽ കല്യാണത്തിനുള്ള സ്ത്രീധനം തയ്യാറാക്കിയ ശേഷം നമുക്ക് വിവാഹം നടത്താം." "എനിക്ക് സമ്മതമാണ്. അടുത്ത ആഴ്ച തന്നെ നിശ്ചയം നടത്താം നമുക്ക്." മുരളി പറഞ്ഞ അഭിപ്രായത്തിനോട് ചന്ദ്രനും സമ്മതമായിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽതന്നെ ആരതിയും സുജിത്തും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തപ്പെട്ടു. മൂന്ന് മാസത്തിന് ശേഷമുള്ള ശുഭ മുഹൂർത്തം നോക്കി കല്യാണത്തിനുള്ള തീയതിയും കുറിക്കപ്പെട്ടു. ************* ദിവസങ്ങൾ അതിവേഗം കടന്നുപോയി. ആൽഫിയെക്കുറിച്ച് തനിക്കാവുംവിധമെല്ലാം ആതിര അന്വേഷിച്ച് തളർന്നിരുന്നു. വിരസത നിറഞ്ഞ ദിനങ്ങളാണ് അവളുടെ ജീവിതത്തിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നത്. ആൽഫിയുടെ ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന വീട്ടിൽ അവനില്ലാതെ കഴിഞ്ഞുകൂടാൻ അവൾ മാനസികമായി നന്നേ ബുദ്ധിമുട്ടിയിരുന്നു. ശരീരത്തിന്റെ ക്ഷീണം അവഗണിച്ച് അവൾ ജോലിക്ക് പോകുന്നത് തുടർന്നിരുന്നു. വീർത്തുന്തിയ വയറോടെ ഡ്യൂട്ടിക്ക് വരുന്നവളെ സഹതാപത്തോടെയാണ് സഹപ്രവർത്തകർ നോക്കികണ്ടത്. ഇടയ്ക്കിടെ സ്വാന്തനം പോലെ അവളെ തേടിയെത്തുന്ന കാർത്തിക്കിന്റെ നോട്ടങ്ങൾ ആതിരയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു. വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയുള്ള ഗൈനക്കോളജിസ്റ്റിനെയാണ് അവൾ കൺസൾട്ട് ചെയ്തിരുന്നത്.

അതുകൊണ്ട് പ്രസവവും അവിടെതന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ആതിരയുടെ ഡെലിവറിക്ക് വേണ്ട ചിലവുകൾ ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ പേരിൽ കാർത്തിക്കാണ് ഏറ്റെടുത്തത്. അക്കാര്യം മാറ്റാരുമറിയാതെ രഹസ്യമായി തന്നെ സൂക്ഷിക്കാൻ അയാൾ പ്രത്യേകം നിർദേശിക്കുകയും ചെയ്തു. ആതിരയ്ക്കിപ്പോ ഒൻപതാം മാസമാണ്. ഡെലിവറി എപ്പോ വേണോ പ്രതീക്ഷിക്കാമെന്നും ഡോക്ടർ അവളോട് പറഞ്ഞിരുന്നു. അന്നൊരു ബുധനാഴ്ചയായിരുന്നു. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ അവൾക്ക് നല്ല ക്ഷീണം തോന്നിയിരുന്നു. ആതിരയുടെ വയ്യായ്ക കണ്ടപ്പോൾ രാജീവ് തന്നെയാണ് ഒരു ഓട്ടോ പിടിച്ച് അവളെ താമസസ്ഥലത്ത് കൊണ്ടുവിട്ടത്. രാത്രി എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കാൻ പറഞ്ഞിട്ട് രാജീവ്‌ അയാളുടെ വീട്ടിലേക്ക് പോയി. രാവിലെ ഉണ്ടാക്കിയ ചോറിന്റെ മിച്ചമുണ്ടായിരുന്നത് എടുത്ത് കഴിച്ച ശേഷം ആതിര നേരത്തെതന്നെ കിടന്നിരുന്നു. ക്ഷീണം കാരണം അവൾ പെട്ടന്ന് തന്നെ മയങ്ങി പോയിരുന്നു. ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നനവ് പറ്റി തുടങ്ങിയപ്പോഴാണ് ആതിര ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. സമയമപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. പുറത്ത് അതി ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story