മറുതീരം തേടി: ഭാഗം 42

marutheeram thedi shiva

രചന: ശിവ എസ് നായർ

"ഡോക്ടർ ആതിരയ്ക്കും കുഞ്ഞിനും എങ്ങനെയുണ്ട്?" ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്തേക്കിറങ്ങുന്ന ഡോക്ടറെ കണ്ട് കാർത്തിക്ക് അവരുടെ അടുത്തേക്ക് ചെന്നു. "ആതിര മയക്കത്തിലാണ്. സെഡേഷൻ കൊടുത്തിട്ടുള്ളത് കൊണ്ട് ഇനി രാവിലെയേ ഉണരൂ." ഡോക്ടർ നെൽസൺ അവരോട് പറഞ്ഞു. "കുഞ്ഞ്... മോളാണോ മോനാണോ ഡോക്ടർ." രാജീവ്‌ ചോദിച്ചു. "മോളാണ്... പക്ഷേ കുഞ്ഞിനെ എൻ. ഐ. സി. യു വിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വന്നു. ഓപ്പറേഷൻ ചെയ്ത് ബേബിയെ പുറത്തെടുക്കുമ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നു. കുട്ടി കരഞ്ഞതുമില്ല. പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയതിന്റെ ആണ്." "അപ്പൊ കുഞ്ഞ്... കുഞ്ഞിനെന്തെങ്കിലും പറ്റുമോ ഡോക്ടർ." രാജീവും കാർത്തിക്കും ഒരേ സ്വരത്തിലാണ് അത് ചോദിച്ചത്. "ഹേയ്... പേടിക്കണ്ടാ. കുഞ്ഞിന് കുഴപ്പമൊന്നുമില്ല. കുട്ടി കരയാതിരുന്നപ്പോ ആദ്യം ഞങ്ങളുമൊന്ന് പേടിച്ചുപോയി. പക്ഷേ ഇപ്പൊ എല്ലാം നോർമലാണ്. എങ്കിലും ഇരുപത്തിനാല് മണിക്കൂർ ഒബ്സെർവേഷനിൽ തന്നെ തുടരട്ടെ എന്ന് വച്ചു."

"ആതിരയെ എപ്പോഴാണ് ഡോക്ടർ റൂമിലേക്ക് മാറ്റുക?" "ആതിരയെ നാളെ ഉച്ചയോടെ റൂമിലേക്ക് മാറ്റും. കുഞ്ഞിനെ നാളത്തെ ദിവസം കൂടി കഴിഞ്ഞിട്ടേ റൂമിൽ കൊണ്ട് വരു." "ഓക്കേ ഡോക്ടർ... താങ്ക്യൂ. ആതിരയ്ക്ക് പ്രശ്നമൊന്നുമില്ലല്ലോ അല്ലെ?" കാർത്തിക് ഒരിക്കൽ കൂടി ഉറപ്പ് വരുത്താനെന്നോണം ചോദിച്ചു. "നോ... നോ... ഷീ ഈസ്‌ ഓക്കേ നൗ." അവന്റെ തോളിലൊന്ന് തട്ടി ഡോക്ടർ നെൽസൺ അവിടെ നിന്നും പോയി. രാജീവിനെയും വിളിച്ചുകൊണ്ട് ശാരിയും അപ്പൊത്തന്നെ വീട്ടിലേക്ക് പോയി. ആരും തുണയില്ലാതെ ഒറ്റയ്ക്ക് അവളെ അവിടെയാക്കി പോകാൻ കാർത്തിക്കിന് മനസ്സ് വന്നില്ല. ലേബർ റൂമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിനോട് ആതിരയ്ക്ക് ബോധം വരുമ്പോൾ അവൾക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കണമെന്ന് അയാൾ നിർദ്ദേശിച്ചു. ************* പിറ്റേന്ന് രാവിലെയോടെ ആതിര മയക്കം വിട്ട് ഉണർന്നിരുന്നു.

ഓർമ്മ വന്നപ്പോൾ മുതൽ അടിവയറ്റിലെ തുന്നലിന്റെ വേദന അവളെ കാർന്നുതിന്നാൻ തുടങ്ങിയിരുന്നു. ഒന്ന് ചരിഞ്ഞുകിടക്കാൻ പോലും കഴിയാനാവാതെ ആതിര ഒരേ കിടപ്പ് കിടന്ന് കണ്ണുകൾ മുറിക്കിയടച്ചു. വേദനയുടെ കാഠിന്യത്താൽ അവളുടെ മിഴികൾ നിറഞ്ഞൊഴുകി. ആ അവശതകൾക്കിടയിലും ആതിരയ്ക്ക് തന്റെ കുഞ്ഞിനെ കാണാൻ അതിയായ ആഗ്രഹം തോന്നി. തലേ ദിവസം താനനുഭവിച്ച യാതനകൾ ഒരു തിരശീലയിലെന്നപോൽ അവളുടെ മനസ്സിലൂടെ കടന്നുപോയി. ആർത്തലച്ച് പെയ്യുന്ന മഴയെ വകവെയ്ക്കാതെ ജീവനും കൈയ്യിൽ പിടിച്ച് കൊണ്ടുള്ള രാജീവിന്റെ വീട്ടിലേക്ക് പോയതും അവിടുന്ന് ഓട്ടോയിൽ കയറി ഹോസ്പിറ്റലിൽ എത്തുമ്പോൾ വസ്ത്രങ്ങളിൽ പടർന്ന ചോരയും... ഒരു നിമിഷത്തേക്ക് കുഞ്ഞിനെ ജീവനോടെ കിട്ടുമോയെന്ന് പോലും താൻ ഭയന്നിരുന്നു. അടിവയർ കൊളുത്തിപ്പിടിക്കുന്ന വേദന സഹിച്ച് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ...

ഒടുവിൽ പൊക്കിൾ കൊടി കഴുത്തിൽ ചുറ്റിപ്പോയ കുഞ്ഞിനെ നോർമൽ ഡെലിവറിയിലൂടെ പുറത്തെടുക്കാൻ കഴിയില്ലെന്നും സിസേറിയൻ വേണ്ടി വരുമെന്നും പറഞ്ഞപ്പോൾ അർദ്ധബോധാവസ്ഥയിലും അവൾ ഡോക്ടറിനോട് ആവശ്യപ്പെട്ടത് തന്റെ കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ രക്ഷപ്പെടുത്തണമെന്ന് മാത്രമാണ്. സിസേറിയൻ ചെയ്യാനായി നട്ടെല്ലിൽ അനസ്തേഷ്യ കുത്തി വയ്ക്കാൻ വേണ്ടി കാൽമുട്ടിലേക്ക് തല മുട്ടിച്ച് വളഞ്ഞുകുത്തി അവളിരുന്നു. ശരീരത്തിലേക്ക് സൂചി ആഴ്ന്നിറങ്ങുമ്പോൾ വേദന കൊണ്ട് പുളഞ്ഞുപോയ നിമിഷങ്ങൾ. എല്ലാം തന്റെ വയറ്റിലുള്ള കുഞ്ഞിന് വേണ്ടിയാണല്ലോ എന്നോർത്ത് വേദന സഹിച്ചു. ആ ഓർമ്മകൾ ആതിരയിൽ നടുക്കം സൃഷ്ടിച്ചു. നട്ടെല്ലിലൂടെ അരിച്ചിറങ്ങിയ തണുപ്പ് ശരീരം മുഴുവൻ വ്യാപിക്കുന്നത് പോലെ അവൾക്ക് തോന്നി.

വയറ് കീറി കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും ആതിര അർദ്ധബോധാവസ്ഥയിലായിരുന്നു. അതിനാൽ മോളെ ഒരുനോക്ക് കാണാൻ അവൾക്കായില്ല. ബോധം തെളിഞ്ഞപ്പോൾ പെൺകുട്ടിയാണെന്ന് ലേബർ റൂമിലുണ്ടായിരുന്ന നേഴ്സ് അവളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഓർമ്മ വന്നപ്പോ മുതൽ തന്റെ പിഞ്ചോമനയെ കാണാനുള്ള അദമ്യമായ ആഗ്രഹം അവളിൽ ഉടലെടുത്തു. അപ്പോഴാണ് വെളുത്ത തുണിയിൽ പൊതിഞ്ഞെടുത്ത പഞ്ഞിക്കെട്ട് പോലൊരു കുഞ്ഞിനെ ഒരു നേഴ്സ് അവളുടെ അടുത്തേക്ക് കൊണ്ട് വന്നത്. നിവർന്നിരിക്കാനുള്ള ശേഷി പോലും ആതിരയ്ക്കില്ലായിരുന്നു. എങ്കിലും തന്റെ പൊന്നുമോളെ കാണാനുള്ള കൊതിയിൽ അവൾ സർവ്വവും മറന്നു. കുട്ടിയെ അവളുടെ കൈയ്യിലേക്ക് കൊടുക്കാതെ തന്നെ നേഴ്സ് മോളെ അവൾക്ക് കാണിച്ചുകൊടുത്തു. വിറയ്ക്കുന്ന കൈകളോടെ കുഞ്ഞി കവിളിലും ചുണ്ടിലുമൊക്കെ ആതിര തൊട്ടുനോക്കി. നനുത്ത പഞ്ഞിക്കെട്ടിൽ തൊടുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.

കുഞ്ഞിനോടുള്ള സ്നേഹാധിക്യത്താൽ ആതിരയുടെ മിഴികൾ നിറഞ്ഞൊഴുകി. എഴുന്നേറ്റിരുന്ന് കുട്ടിയെ കൈയ്യിൽ വാങ്ങാനൊന്നും അവൾക്ക് കഴിയില്ല. അതുകൊണ്ട് നേഴ്സ് തന്നെ കുഞ്ഞിനെ ആതിരയുടെ മുഖത്തേക്ക് അടുപ്പിച്ചുകൊടുത്തു. ആ കുഞ്ഞികവിളിൽ ചുണ്ടുകൾ അമർത്തുമ്പോൾ അവളിലെ അമ്മമനം തുടികൊട്ടി. വെളിച്ചത്തിൽ കുഞ്ഞികണ്ണുകൾ ചിമ്മി തുറക്കാൻ കഴിയാനാവാതെ ചിണുങ്ങി കരയാൻ തുടങ്ങിയ കുഞ്ഞിനെ നേഴ്സ് തന്നെയാണ് അവളുടെ മാറിലേക്ക് അടുപ്പിച്ചതും മുലയൂട്ടിച്ചതും. കുഞ്ഞിവായ തുറന്ന് ആ ഇളം പൈതൽ അമ്മയുടെ അമൃത് നുണഞ്ഞിറക്കാൻ ശ്രമിക്കുന്നത് നിറഞ്ഞ മനസ്സോടെ അവൾ നോക്കികിടന്നു. കുട്ടിയെ പാല് കുടിപ്പിച്ചിട്ട് നേഴ്സ് കുഞ്ഞിനേയും കൊണ്ട് തിരികെപ്പോയി. കുറച്ചുകഴിഞ്ഞ് മറ്റൊരു നേഴ്സ് വന്ന് അവളുടെ ശരീരമൊക്കെ തുടച്ച് വൃത്തിയാക്കി ഒരു മാക്സി ധരിപ്പിച്ചു. ഡോക്ടർ വന്ന് പരിശോധിച്ച ശേഷം തന്നെ റൂമിലേക്ക് മാറ്റുമെന്ന് ആതിരയ്ക്ക് മനസ്സിലായി. ശരീരം മുഴുവൻ സൂചി കുത്തുന്നത് പോലെ അവൾക്ക് നൊന്തു.

ആതിരയ്ക്ക് ആകെയുള്ള ഒരാശ്വാസം ഹോസ്പിറ്റലിലെ സ്റ്റാഫ്സിനെയെല്ലാം നേരത്തെ അറിയാമെന്നത് മാത്രമാണ്. ഒരു നിമിഷം അവൾ ആൽഫിയെക്കുറിച്ച് ചിന്തിച്ചുപോയി. ഈ സമയത്ത് തന്റെ കൂടെ എന്തിനും ഏതിനും തുണയായി നിൽക്കേണ്ടവനായിരുന്നു. ഒത്തിരി മനോഹരമാകേണ്ട നിമിഷങ്ങൾ... തന്റെ തൊട്ടരികിൽ കുഞ്ഞിനെ ഓമനിച്ച് തനിക്ക് സാന്ത്വനമേകി ഇരിക്കേണ്ടവൻ. ഇണയായും തുണയായും കൂടെ നിൽക്കേണ്ട ആൽഫി ഒപ്പമില്ലാതെ അനാഥയെപ്പോലെ കിടക്കാനാണല്ലോ തന്റെ വിധിയെന്ന് ഓർത്ത് അവൾ കരഞ്ഞുപോയി. "ആൽഫീ... മാസങ്ങളായി നിന്റെ വരവും കാത്തിരിക്കുകയായിരുന്നു ഞാൻ. എന്തിന്റെ പേരിലായാലും ഇങ്ങനെയൊരവസ്ഥയിൽ എന്നെ തനിച്ചാക്കി നീ പോയത് ഇനിയെനിക്ക് ക്ഷമിക്കാനാവില്ല. ഈ കഷ്ടപ്പാടും ദുരിതവുമൊക്കെ സഹിച്ച്, നമ്മുടെ കുഞ്ഞിനെ ഒൻപത് മാസത്തോളം ഉദരത്തിൽ പേറി...

ഒടുവിൽ എല്ലാ വേദനയും സഹിച്ച് എന്റെ മോൾക്ക് ജന്മം കൊടുക്കാൻ എനിക്ക് സാധിക്കുമെങ്കിൽ നിന്റെ തുണയില്ലാതെ തന്നെ അവളെ നന്നായി വളർത്താൻ ഞാൻ ശ്രമിക്കും. ഇനി നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കില്ല ആൽഫി. ഇത്രയും നാൾ നീ മടങ്ങി വരുമെന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ഇനിയെന്റെ ജീവിതം എന്റെ മോൾക്ക് വേണ്ടി മാത്രമായിരിക്കും ആൽഫി. ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ." ഏത് പ്രതിസന്ധിയിലും ഒപ്പം നിൽക്കുമെന്ന് വാക്ക് തന്ന് ഒരുമിച്ചൊരു ജീവിതം തുടങ്ങി വച്ചിട്ട് അവസാനം വയറ്റിലൊരു കുഞ്ഞിനെ സമ്മാനിച്ച് ഉപേക്ഷിച്ച് പോയവനെ മറക്കാൻ തന്നെ ആതിര തീരുമാനിച്ചു. അത്രയും നാൾ അവളനുഭവിച്ച യാതനകളാണ് ഇത്തരം കടുത്ത തീരുമാനമെടുക്കാൻ അവളെ പ്രേരിപ്പിച്ചത്. *************

ഡോക്ടർ റൗണ്ട്സിനു വന്ന് പോയ ശേഷം ആതിരയെ റൂമിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ പിറ്റേ ദിവസമേ റൂമിലേക്ക് കൊണ്ട് വരൂ എന്ന് ഡോക്ടർ അവളോട് പറഞ്ഞിരുന്നു. ഹോസ്പിറ്റൽ ബെഡിൽ, ശരീരമൊന്ന് അനക്കാനോ ചരിഞ്ഞൊന്ന് കിടക്കാനോ സാധിക്കാതെ നീണ്ടുനിവർന്ന് കിടക്കാനേ ആതിരയ്ക്ക് കഴിഞ്ഞുള്ളൂ. നല്ല വേദന ഉള്ളത് കൊണ്ട് ഡ്യൂട്ടിയിലുള്ള നേഴ്സ് അവൾക്ക് പെയിൻ കില്ലർ കൊടുത്തിരുന്നു. കുറച്ചുസമയം പെയിൻ കില്ലറിന്റെ സഹായത്തിൽ ആശ്വാസം കണ്ടെത്താൻ അവൾ ശ്രമിച്ചു. ഇടയ്ക്കിടെ കുഞ്ഞിനെ പാലൂട്ടാൻ വേണ്ടി വീൽ ചെയറിലിരുത്തി ആതിരയെ എൻ. ഐ. സി യു വിലേക്ക് കൊണ്ട് പോയതൊക്കെ കാർത്തിക് ഏർപ്പെടുത്തിയ നേഴ്സ് ആയിരുന്നു. ആരുടെയെങ്കിലും സഹായമില്ലാതെ ആതിര ഈ വൈതരിണികൾ എങ്ങനെ തരണം ചെയ്യുമെന്നോർത്താണ് കാർത്തിക് അവനെകൊണ്ടാകുന്ന സഹായങ്ങൾ അവൾക്കായി ചെയ്തുനൽകിയത്.

ബെഡിൽ നിന്നും വീൽ ചെയറിലേക്ക് ഇരിക്കുന്നതും തിരിച്ച് റൂമിൽ വന്ന് ബെഡിലേക്ക് കിടക്കുന്നതും ആതിരയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കുഞ്ഞിന്റെ മുഖം മനസ്സിലേക്ക് വരുമ്പോൾ അവളെല്ലാം ഉള്ളിൽ അടക്കിപ്പിടിച്ച് മനസ്സിന് ശക്തി പകർന്നു. ഹോസ്പിറ്റലിൽ ജോലിക്ക് കയറിയപ്പോൾ മുതൽ എൻ. ഐ. സി യുവിൽ നിന്നുള്ള പരിചയം ആ സമയം അവൾക്ക് തുണയായി. മറ്റാരെയും സഹായം കൂടാതെ തന്നെ കുഞ്ഞിനെ മാറോടണച്ച് മുലയൂട്ടാൻ ആതിരയ്ക്ക് കഴിഞ്ഞു. തലേദിവസം രാത്രി മുഴുവൻ ഹോസ്പിറ്റലിൽ ചിലവഴിച്ചതിനാൽ രാവിലെ, കാർത്തിക് വീട്ടിലേക്ക് മടങ്ങി പോയി. രാജീവിന് അന്ന് നൈറ്റ് ഡ്യൂട്ടിയായത് കൊണ്ട് പകലൊക്കെ അയാളും വീട്ടിലായിരുന്നു. ഡ്യൂട്ടിക്കിടയിൽ ദീപ്തിയും നിമയും റൂമിൽ വന്ന് ആതിരയെ കണ്ട് സുഖവിവരങ്ങൾ അന്വേഷിച്ചു. സംസാരിക്കുന്നതിനിടയ്ക്ക് കാർത്തിക് സർ അവൾക്കായി പ്രത്യേകം നേഴ്സിനെ ഏർപ്പെടുത്തിയ കാര്യമൊക്കെ അവരിൽ നിന്ന് അവളറിഞ്ഞു.

കാർത്തിക്ക് സാറിനെ നേരിട്ട് കാണുമ്പോൾ ചെയ്ത് തന്ന സഹായത്തിന് മനസ്സ് നിറഞ്ഞൊരു നന്ദി പറയണമെന്ന് ആതിര തീരുമാനിച്ചു. രാത്രി, നൈറ്റ് ഡ്യൂട്ടിക്കെത്തിയ രാജീവ്‌ ആദ്യംതന്നെ ആതിരയെ കിടത്തിയിരുന്ന റൂമിലേക്കാണ് പോയത്. അവൻ റൂമിലേക്ക് ചെല്ലുമ്പോൾ അവൾ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു. വലത് കൈത്തണ്ടയിൽ കൂടെ ഡ്രിപ്പിൽ നിന്നും ഗ്ളൂക്കോസ് കയറുന്നുണ്ടായിരുന്നു. ആതിരയുടെ മുഖത്ത് ക്ഷീണം പ്രകടമായിരുന്നു. "ആതിരേ..." അവൾക്കടുത്തായി വന്നിരുന്ന് രാജീവ്‌ വിളിച്ചു. "രാജീവേട്ടാ..." അരികിൽ വന്നിരുന്ന രാജീവിനെ നോക്കി അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. "വേദന കുറവുണ്ടോ?" അലിവോടെ അവനവളെ നോക്കി. "പെയിൻ കില്ലർ കഴിച്ചത് കൊണ്ട് ഇത്തിരി ആശ്വാസമുണ്ട്. രാജീവേട്ടന് ഇന്ന് നൈറ്റ് ഷിഫ്റ്റ് ആണോ?" "അതെ... " "പകൽ ഇങ്ങോട്ട് കാണാതായപ്പോ തോന്നി."

"കാർത്തിക് സർ നിനക്ക് വേണ്ട സഹായങ്ങൾക്കായി ഒരു നേഴ്‌സിനെ പ്രത്യേകം ഇവിടെ നിർത്തിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അല്ലായിരുന്നെങ്കിൽ ദീപ്തിയോ നിമയോ ആരെങ്കിലും കൂടെ വന്ന് നിന്ന് സഹായിച്ചേനെ. പക്ഷേ അതിനുമുൻപേ കാർത്തിക് സർ എല്ലാം ഏർപ്പാടാക്കി. അതുകൊണ്ടാ ഞാൻ സമാധാനത്തോടെ വീട്ടിലേക്ക് പോയത്." "ഇന്നലെ രാജീവേട്ടനും എനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി അല്ലെ?" "അതൊന്നും സാരമില്ല... നിന്നെ ഞാനെന്റെ അനിയത്തിയായിട്ടല്ലേ കാണുന്നത്. അപ്പൊ നിനക്കൊരു സഹായം വേണ്ടിവന്നാൽ ഞാൻ വരാതിരിക്കോ. സത്യം പറഞ്ഞാൽ ഇന്നലത്തെ നിന്റെ അവസ്ഥ കണ്ട് ഞാൻ ശരിക്കും പേടിച്ചുപോയി. പാതിരാത്രി ആ പെരുംമഴയത്ത് നനഞ്ഞുകുളിച്ച് നിറവയറോടെ അവിടെ വരെ വരാൻ കാണിച്ച നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു." തലേ ദിവസത്തെ ഓർമ്മയിൽ രാജീവ്‌ പറഞ്ഞു. "കുഞ്ഞിനെ കുറിച്ച് ഓർത്തപ്പോൾ ധൈര്യമൊക്കെ താനേ വന്നു രാജീവേട്ടാ. ആരുമില്ലാത്തവർക്ക് ദൈവം തുണ കാണില്ലേ. അതുകൊണ്ടല്ലേ നിങ്ങളൊക്കെ എനിക്ക് സഹായമായി ചുറ്റിനുമുള്ളത്."

വേദനയിൽ ചാലിച്ചൊരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. "എന്തെങ്കിലും സഹായം ആവശ്യമാണെന്ന് തോന്നിയാൽ എന്നെ വിളിക്കാൻ മടിക്കേണ്ട. ഇവിടുന്ന് ഡിസ്ചാർജ് ആകുമ്പോൾ ഞാൻ കൊണ്ടാക്കാം വീട്ടിലേക്ക്." "അതുവേണ്ട രാജീവേട്ടാ. ശാരിയേച്ചിക്ക് അതൊന്നും ഇഷ്ടമാവില്ല. ഇത്രയും നാൾ ചെയ്ത് തന്ന സഹായം തന്നെ വളരെ വലുതാണ്. ഇനിയും എനിക്ക് വേണ്ടി രാജീവേട്ടനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല. ഡിസ്ചാർജ് ആകുമ്പോൾ ഞാൻ ഒരോട്ടോ വിളിച്ച് വീട്ടിലേക്ക് തനിച്ച് പൊയ്ക്കോളാം." "ഇന്നലെ ശാരി നിന്നോട് എന്തെങ്കിലും പറഞ്ഞോ.?" ആതിരയുടെ മറുപടി കേട്ടപ്പോൾ അവന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്. "ശാരി ചേച്ചിക്ക് രാജീവേട്ടൻ എന്നെ സഹായിക്കുന്നത് ഇഷ്ടമാകില്ല. അല്ലെങ്കിലും ഭർത്താവ് ഉപേക്ഷിച്ചുപോയൊരു പെണ്ണിനെ തന്റെ ഭർത്താവ് സഹായിക്കാൻ നടക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.

ആളുകൾ പലരീതിയിൽ അത് വ്യാഖ്യാനിക്കും. ഞാൻ കാരണം നിങ്ങളുടെ കുടുംബം ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവണ്ട. എനിക്കത് വിഷമമാകും." "എന്റെ ഭാര്യ നിന്നെയെന്തെങ്കിലും പറഞ്ഞ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുവാ." രാജീവ്‌ ക്ഷമാപണത്തോടെ അവളെ നോക്കി. "അതൊന്നും സാരമില്ല രാജീവേട്ടാ. എനിക്ക് വിഷമമൊന്നുമില്ല. രാജീവേട്ടന് ഡ്യൂട്ടി തുടങ്ങാൻ സമയമായില്ലേ... പൊയ്ക്കോളൂ." "ശാരി പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട. എന്റെ സഹായം വേണമെന്ന് തോന്നിയാൽ മടിക്കാതെ വിളിക്കണം." "വിളിക്കാം.." "എങ്കിൽ ശരി ആതിരാ. ഞാൻ ഡ്യൂട്ടിക്ക് കേറട്ടെ." അവളുടെ നെറുകയിലൊന്ന് തഴുകി ആശ്വാസമേകിയ ശേഷം രാജീവ്‌ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി. ************

ഇരുപത്തി നാല് മണിക്കൂർ ഒബ്സെർവേഷനിൽ വച്ച ശേഷം മറ്റ് കുഴപ്പങ്ങളൊന്നുമില്ലാത്തതിനാൽ പിറ്റേന്ന് രാവിലെയോടെ പീഡിയാട്രീഷ്യൻ വന്ന് പരിശോധിച്ച ശേഷം കുഞ്ഞിനെ റൂമിലേക്ക് മാറ്റി. വെള്ളതുണിയിൽ പൊതിഞ്ഞെടുത്ത മാലാഖ കുഞ്ഞിനെ നേഴ്സ് ആതിരയ്ക്ക് അടുത്തായി കിടത്തി. കൊതിതീരുവോളം അവൾ മോളെ ഇമയനക്കാതെ നോക്കി കിടന്നു. കുഞ്ഞി കൈകളിൽ ചുണ്ടമർത്തി അവൾ ആ കുരുന്നിനെ ഓമനിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഡോറിലാരോ തട്ടുന്ന ശബ്ദം കേട്ടത്. നേഴ്സ് ചെന്ന് വാതിൽ തുറന്നു. ആരാണ് വന്നതെന്ന ആകാംക്ഷയിൽ ആതിരയുടെ മിഴികൾ വാതിൽക്കലേക്ക് നീണ്ടുചെന്നു. മുറിക്കുള്ളിലേക്ക് കടന്നുവന്ന ആഗതനെ കണ്ട് അവൾ അമ്പരന്നു...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story