മറുതീരം തേടി: ഭാഗം 44

marutheeram thedi shiva

രചന: ശിവ എസ് നായർ

 കുഞ്ഞിന്റെ കരച്ചിലാണ് ആതിരയെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത്. കരഞ്ഞു കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയതായിരുന്നു അവൾ. മൂത്രത്തിന്റെ നനവ് തട്ടിയിട്ടാണ് കുഞ്ഞ് ഉണർന്നതെന്ന് ആതിരയ്ക്ക് മനസ്സിലായി. നനഞ്ഞ തുണി മാറ്റി മറ്റൊന്ന് വച്ച ശേഷം അവൾ കുഞ്ഞിന് പാല് കൊടുത്തു. എല്ലാം കഴിഞ്ഞ് കുഞ്ഞിനെ തോളത്തിട്ട് തട്ടി ഗ്യാസ് കളഞ്ഞിട്ട് അവൾ മോളെ മെത്തയിലേക്ക് കിടത്തി. ശേഷം വയറ് താങ്ങിപ്പിടിച്ച് നിലത്ത് നിന്നും വളരെ കഷ്ടപ്പെട്ടാണ് ആതിര എഴുന്നേറ്റത്. എണീറ്റപാടെ ഒരു തോർത്തെടുത്ത് വയറിന് താങ്ങായി അവൾ ചുറ്റിക്കെട്ടി വച്ചു. പിന്നെ ആയാസപ്പെട്ട് നടന്ന്, തന്നെകൊണ്ട് ആവുവിധം വീടൊക്കെ തൂത്ത് വൃത്തിയാക്കി ഇട്ടു. കരിയില വീണ് നിറഞ്ഞ് കിടക്കുന്ന മുറ്റം അടിച്ച് വരാനുള്ള ശേഷി അവൾക്കില്ലായിരുന്നു. വീട് വൃത്തിയാക്കിയപ്പോ തന്നെ ആതിര അവശയായി പോയിരുന്നു. മുറിവ് വലിഞ്ഞുള്ള വേദന കാര്യമാക്കാതെ വേച്ചുവേച്ചവൾ അടുക്കളയിലേക്ക് നടന്നു. വിശപ്പ് കാരണം വയറ് എരിഞ്ഞുകത്തുന്നുണ്ട്.

പൈപ്പ് തുറന്ന് കുറേ വെള്ളം കുടിച്ച് തല്ക്കാലത്തേക്ക് അവളൊന്ന് വിശപ്പടക്കി. പിന്നെ ഗ്യാസ് കത്തിച്ച ശേഷം കുറച്ച് അരി കഴുകി വെള്ളത്തിലിട്ടു, ഒപ്പം കുറച്ച് ചെറുപയറും കഴുകി ഇട്ടു. ശരീരം തുടരെ തുടരെ അനങ്ങുന്നതിനാൽ സ്റ്റിച്ച് വലിഞ്ഞു അവൾക്ക് നന്നായി വേദനിച്ചു. ആ നോവിന്റെ കാഠിന്യത്തിൽ നിവർന്ന് നിൽക്കാൻ പോലും കഴിയാതെ കൂനിക്കൂടിയാണ് ആതിര ഓരോ ചുവടുകൾ വച്ചത്. പലപ്പോഴും ശരീരം തളർന്ന് കാലുകൾ കുഴഞ്ഞ് അവൾ നിലത്തേക്ക് വീണ് പോയി. താൻ വീണുപോയാൽ കുഞ്ഞിനെ നോക്കാൻ മാറ്റാരുമില്ലല്ലോ എന്ന ഓർമ്മയിൽ ആതിര മനസ്സിന് ധൈര്യം നൽകും. ശരീരത്തിന് എത്ര വേദനയുണ്ടെങ്കിലും മനഃശക്തിയുണ്ടെങ്കിൽ ആ വേദനകളോട് ഒരു പരിധി വരെയെങ്കിലും ചെറുത്ത് നിൽക്കാനാവുമെന്ന് അവൾ സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിയുകയായിരുന്നു. ഈ പീഡകളെല്ലാം താൻ അനുഭവിക്കാൻ കാരണക്കാരനായി തീർന്ന ആൽഫിയോട്, ആതിരയ്ക്ക് കലശലായ ദേഷ്യം തോന്നി. ************

"മുരളിയേട്ടാ... മോൾടെ കല്യാണത്തിന് ഇനി അധികം ദിവസങ്ങളൊന്നുമില്ല. പറഞ്ഞ സ്വർണ്ണവും കാശും നിങ്ങളെങ്ങനെ കൊടുക്കും." രാത്രി അത്താഴ വേളയിൽ ഭാരതി അയാളോട് ചോദിച്ചു. "അഞ്ജുമോൾടെ പഠിപ്പിന് വേണ്ടി രണ്ട് ചിട്ടിക്ക് ചേർന്ന് പിടിച്ചുവച്ച അഞ്ചുലക്ഷം രൂപ ബാങ്കിലുണ്ട്. അത് ആരതിയുടെ പേർക്ക് ഇട്ടുകൊടുക്കാം. പിന്നെ ഉണ്ടാക്കേണ്ടത് എഴുപത്തിഅഞ്ചു പവന്റെ സ്വർണ്ണം..." "ഒരു പവൻ സ്വർണ്ണത്തിനിപ്പോ ഏഴായിരം രൂപയുണ്ട്. എഴുപത്തിഅഞ്ചു പവൻ വാങ്ങാൻ പണിക്കൂലി എല്ലാം ചേർത്ത് ആറ് ലക്ഷം എങ്കിലും വേണ്ടി വരില്ലേ." ഭാരതി ആലോചനയോടെ പറഞ്ഞു. "അത്രയും തുക വേണ്ടി വരും. ഈ വീട് നിന്റെ തള്ളേടെ പേരിലല്ലേ ഇരിക്കുന്നത്. തല്ക്കാലം അവരുടെ കയ്യൊപ്പ് പതിപ്പിച്ച് ഏഴ് ലക്ഷം രൂപ ബാങ്കിൽ നിന്ന് ലോണെടുക്കാം." "അതിന് അമ്മ സമ്മതിക്കുമോ?" "അതിന് തളർന്ന് കിടക്കുന്ന അവരുടെ സമ്മതം ആർക്ക് വേണം?" "അമ്മയോട് ഒരു വാക്ക് ചോദിക്കണ്ടേ?" "ചോദിച്ചാലും അവർക്ക് വായ തുറന്ന് ഒന്നും പറയാൻ പറ്റില്ലല്ലോ.

പിന്നെ ചോദിച്ച് മിനക്കെടുന്നതെന്തിനാ..!" "അതും ശരിയാണ്.. അമ്മ ആരോഗ്യത്തോടെ ഇരിന്നിരുന്നെങ്കിൽ ഇതിനൊന്നും സമ്മതിക്കാൻ പോണില്ലായിരുന്നു." "ആരതീടെ ഇഷ്ടം പോലെ കാര്യങ്ങൾ നടക്കട്ടെ എന്നുവച്ചാ ഞാൻ ഉള്ളതൊക്കെ നുള്ളിപെറുക്കി അഞ്ജു മോളെ പഠിപ്പിന് മാറ്റി വച്ചിരുന്ന പൈസ കൂടി എടുത്ത് മറിച്ച് ഈ വിവാഹം നടത്തി വയ്ക്കുന്നത്." "അതിന് ഞാൻ സമ്മതിക്കില്ല അച്ഛാ. എന്റെ പഠിപ്പിന് വച്ച കാശെടുത്ത് ചേച്ചിയെ കെട്ടിക്കണ്ട." അച്ഛന്റെയും അമ്മയുടെയും സംഭാഷണം കേട്ടുകൊണ്ട് അങ്ങോട്ട് വന്ന അഞ്ജു പറഞ്ഞു. "അതിന് നിന്റെ അഭിപ്രായം അച്ഛനും അമ്മയും ചോദിച്ചില്ലല്ലോ. അച്ഛൻ സമ്പാദിച്ച കാശ് ആർക്ക് വേണ്ടി ചിലവാക്കണമെന്ന് അവർ തീരുമാനിച്ചോളും." ആരതിയും വിട്ട് കൊടുത്തില്ല. "ചേച്ചി ചേച്ചീടെ കാര്യോം നോക്കി പൊടീം തട്ടി പോവും. എന്റെ പഠിപ്പിന് എടുത്തുവച്ച കാശെടുത്തു ചിലവാക്കിയാൽ പിന്നെ എന്റെ എൻട്രൻസ് കോച്ചിംഗിനും കോളേജ് അഡ്മിഷനുമൊക്കെ എവിടുന്ന് എടുത്തിട്ട് കൊടുക്കും." അഞ്ജുവിന്റെ ശബ്ദമൊന്ന് ഇടറി. "അഞ്ജൂ... മതി, നിർത്ത്. അവളോട് കയർത്ത് സംസാരിക്കാൻ നിനക്കെന്താ അധികാരം? അവള് നിന്റെ ചേച്ചിയാ. ആ മര്യാദ അവൾക്ക് കൊടുത്തോണം.

നിന്റെ എൻട്രൻസ് പഠിത്തമൊക്കെ രണ്ട് കൊല്ലം കഴിഞ്ഞല്ലേ ഉണ്ടാവൂ. ആദ്യം ആരതീടെ കാര്യം നടക്കട്ടെ." മുരളി ഇളയമകളെ താക്കീത് ചെയ്തു. വിജയി ഭാവത്തിൽ അഞ്ജുവിനെ നോക്കിയൊന്ന് ചിരിച്ചിട്ട് ആരതി സ്വന്തം മുറിയിലേക്ക് പോയി. അച്ഛന്റെ മറുപടി അഞ്ജുവിൽ വല്ലാത്ത വിഷമം ഉളവാക്കി. ഒന്നും മിണ്ടാതെ അവൾ അമ്മാമ്മയെ കിടത്തിയിരുന്ന മുറിയിലേക്ക് പോയി. അഞ്ജു ഇപ്പോൾ കിടക്കുന്നത് അവിടെയാണ്. ആരതി ആതിരയുടെ മുറിയിലുമാണ് ഉറങ്ങുന്നത്. അമ്മാമ്മയെ അവർ കിടന്നിരുന്ന മുറിയിൽ കൊണ്ടുവന്ന് കിടത്തിയപ്പോൾ അഞ്ജുവും ആരതിയും ആതിരയുടെ മുറിയിലേക്കും ഭാരതി, അമ്മയ്‌ക്കൊപ്പവുമായിരുന്നു കിടത്തം. സുജിത്തുമായുള്ള പ്രശ്നത്തിൽ ആരതിയും അഞ്ജുവും തമ്മിൽ തെറ്റുകയും അഞ്ജുവിനെ ആരതി മുറിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അന്ന് മുതൽ അഞ്ജു ഭാർഗവി അമ്മയ്‌ക്കൊപ്പമായി. "പിള്ളേര് തമ്മിൽ ഇപ്പൊത്തന്നെ അത്ര ചേർച്ചയിലല്ല. ഇനി ഈ പ്രശ്നം കൂടി ആകുമ്പോ അവര് തമ്മിലുള്ള വഴക്ക് കൂടുകയേയുള്ളു മുരളിയേട്ടാ." വിഷമത്തോടെ ഭാരതി പറഞ്ഞു.

"അതൊക്കെ അങ്ങ് മാറും ഭാരതീ. അവൾക്ക് പഠിപ്പ് മുടങ്ങിപോവുമോ എന്ന പേടിയാ." "ഈ കാശെടുത്ത് കല്യാണം നടത്തിയിട്ട് ഇരുന്നാൽ അഞ്ജുവിന്റെ കാര്യം വരുമ്പോ എന്ത് ചെയ്യും നിങ്ങൾ." "അപ്പോ വീടിന്റെ മേലുള്ള ലോൺ കൂട്ടിയെടുക്കാം ഭാരതി. ആദ്യം ഞാൻ ഇവളെ ഇറക്കി വിടട്ടെ." കഴിച്ച് കഴിഞ്ഞു പാത്രം നീക്കി വച്ച് അയാളെഴുന്നേറ്റ് പോയി. കാര്യങ്ങൾ എങ്ങനെയൊക്കെ ആയിത്തീരുമെന്നറിയാതെ ആധി പിടിച്ച മനസ്സുമായി എച്ചിൽ പാത്രങ്ങളുമെടുത്ത് ഭാരതി അടുക്കളയിലേക്ക് നടന്നു. ************* കുറച്ചുദിവസം കരച്ചിലൊന്നുമില്ലാതെ ഉറങ്ങിയിരുന്ന കുഞ്ഞ് പിന്നെ പിന്നെ ആയപ്പോൾ നിർത്താതെ കരയാൻ തുടങ്ങിയിരുന്നു. ഗ്യാസ് പിടിച്ചാണ് മോൾ കരയുന്നതെന്ന് ആതിരയ്ക്കറിയാം. പാല് കുടിപ്പിച്ച ശേഷം തോളത്തുതട്ടി എത്ര തവണ ഗ്യാസ് കളഞ്ഞാലും കുഞ്ഞിപ്പെണ് വയറുവേദന കാരണം കാറിപൊളിച്ച് കരയുമ്പോൾ അവളും ഒപ്പം കരഞ്ഞുപോകും. ആരും സഹായത്തിനില്ലാത്തത് കൊണ്ട് എല്ലാ കാര്യങ്ങളും ആതിര ഒറ്റയ്ക്ക് തന്നെ നോക്കണമായിരുന്നു.

ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിൽ ദീപ്തിയും നിമയും അവളെ കാണാനായി വരുമായിരുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവർ വരാൻ ശ്രമിക്കാറുണ്ട്. വീട്ടിലേക്ക് അരിയും സാധനങ്ങളുമൊക്കെ വാങ്ങാൻ അവൾ അവരുടെ കൈയ്യിൽ പൈസ കൊടുത്ത് വിട്ടതിനാൽ ദീപ്തിയോ നിമയോ വരുമ്പോൾ ആതിര പറയുന്ന സാധനങ്ങളൊക്കെ വാങ്ങികൊണ്ട് കൊടുക്കാറുണ്ട്. അതവൾക്ക് വലിയൊരു സഹായം തന്നെയായിരുന്നു. കരിയില നിറഞ്ഞ് കിടന്ന മുറ്റമൊക്കെ ദീപ്തിയാണ് ഒരുദിവസം അടിച്ചുവാരി വൃത്തിയാക്കി ഇട്ടത്. ഇങ്ങനെയൊക്കെ ആരെങ്കിലും സഹായിക്കാനുണ്ടല്ലോന്ന് ഓർത്ത് ആതിര തന്റെ മനസ്സിനെ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു. കുഞ്ഞിനോടൊപ്പമുള്ള ദിനങ്ങളോരോന്നും അവളെ സംബന്ധിച്ച് കടുപ്പമേറിയതായിരുന്നു. കടുത്ത അഗ്നിപരീക്ഷണങ്ങളിലൂടെയാണ് ആതിര ഓരോ ദിവസവും കടന്ന് പൊയ്ക്കോണ്ടിരുന്നത്. കുഞ്ഞിനെ കുളിപ്പിക്കാനുള്ള ആരോഗ്യം ഇല്ലാത്തതിനാൽ രണ്ടാഴ്ചയോളം അവൾ മോളെ ഇളം ചൂട് വെള്ളത്തിൽ നനച്ച് തുടച്ച് എടുക്കുകയായിരുന്നു. വേദന കൊണ്ട് വളഞ്ഞുകുത്തി കൂനികൂടി നടന്നിരുന്നതിനാൽ ആതിര ആ പീഡകളൊക്കെയും സഹിക്കാൻ പഠിച്ചു. കുഞ്ഞിന്റെ കരച്ചിലിനോളം വലിയ വേദന അവൾക്കുണ്ടായിരുന്നില്ല.

അതുകൊണ്ട് തന്റെ ശരീരത്തിന്റെ നോവുകൾ ആതിര കാര്യമാക്കാതെയായി. കൂനിപ്പിടിച്ച് നടന്നിട്ട് നടു കഴച്ച് പൊട്ടുമ്പോൾ അവളൊന്ന് നിവർന്ന് നിൽക്കും. ആ സമയം അടിവയറ്റിൽ നിന്ന് തൊലി പറിഞ്ഞു പോകുന്ന വേദനയാണ് അവൾക്ക്. കാഠിന്യമേറിയ അതിജീവനത്തിന്റെ നാളുകൾ... ************ ഉറക്കം കൺപോളകളെ വന്ന് മൂടുകയാണ്. കുഞ്ഞിനെ പാല് കൊടുത്ത് ഒരുവിധം ഉറക്കിയിട്ട് ആതിരയും മയക്കത്തിലേക്ക് ആണ്ടുപോയ നിമിഷങ്ങൾ. അർദ്ധരാത്രി രണ്ട് മണി കഴിഞ്ഞ സമയം... വിദൂരതയിൽ എവിടെനിന്നോ ഉറക്കെ കരയുന്ന കുഞ്ഞിന്റെ ശബ്ദവീചികൾ അവളുടെ കാതുകളിൽ വന്ന് പതിച്ചു. മോള് കരയുന്നത് താൻ സ്വപ്നം കാണുകയാണോയെന്ന ചിന്തയിൽ ആതിര ഉറക്കത്തിൽ തന്നെയായിരുന്നു. കരച്ചിൽ ശബ്ദം കൂടികൂടി വന്നപ്പോഴാണ് ഞെട്ടിപ്പിടഞ്ഞവൾ കണ്ണുകൾ തുറന്നത്. കൈകാലുകൾ ഇട്ടടിച്ച് മൂത്രത്തിൽ നനഞ്ഞ് കുതിർന്ന് ഉറക്കെ കരയുന്ന മോളെ കണ്ട് ആതിര വേഗം എഴുന്നേറ്റിരുന്നു. നനഞ്ഞ തുണിയും ബെഡ് ഷീറ്റുമൊക്കെ അവൾ എടുത്തുമാറ്റി.

അപ്പോഴാണ് മാറി വിരിക്കാൻ വേറെ ബെഡ് ഷീറ്റില്ലെന്ന കാര്യം ആതിര ഓർത്തത്. അലക്കി വിരിച്ചിട്ടുള്ളത് ഉണങ്ങിയിട്ടുമില്ല. മറ്റ് വഴിയില്ലാത്തതിനാൽ ബെഡ് ഷീറ്റിന് പകരം തന്റെ വസ്ത്രങ്ങൾ എടുത്ത് വിരിച്ച് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി അടുത്ത് കിടത്തി അവൾ പാലൂട്ടി. കലശലായ നടുവേദന കാരണം എണീറ്റിരുന്ന് പാല് കൊടുക്കാൻ ആതിരയ്ക്കയില്ല. കുറച്ചുമാത്രം കുടിച്ചിട്ട് കുഞ്ഞിപ്പെണ് വീണ്ടും കരച്ചിൽ തുടങ്ങി. തൊണ്ട കീറി കരയുന്ന കുഞ്ഞിനെ വേദനയോടെ അവൾ നോക്കി. ഉടനെയൊന്നും കരച്ചിൽ നിർത്തുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോൾ ആതിര, സാവധാനം എഴുന്നേറ്റ് ഭിത്തിയിൽ ചാരിയിരുന്നു. പിന്നെ കരയുന്ന മോളെ എടുത്ത് മടിയിൽ വച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു. തോളിലിട്ട് തട്ടിയും നെഞ്ചോട് അടക്കിപ്പിടിച്ച് കുലുക്കിയും കരച്ചിൽ നിർത്താൻ നോക്കിയെങ്കിലും കുട്ടി, ആർത്ത് കരഞ്ഞുകൊണ്ടിരുന്നു. മോളെയും കൊണ്ട് എഴുന്നേറ്റ് നടന്നാൽ അവൾ കരച്ചിൽ നിർത്തുമെന്ന് ആതിരയ്ക്ക് തോന്നി.

പക്ഷേ കുഞ്ഞിനെ എടുത്ത് നടക്കാൻ അവൾക്കായില്ല. അടിവയറ്റിലെ കൊളുത്തിപ്പിടിക്കുന്ന നോവ് ആതിരയെ തളർത്തി. ക്ഷീണം കാരണം ഉറക്കം കൺപോളകളെ വന്ന് മൂടുന്നുണ്ട്. അതോടൊപ്പം മോൾടെ നിർത്താതെയുള്ള കരച്ചിൽ അവളുടെ സമനില തെറ്റിക്കാൻ പോന്നതായിരുന്നു. മുറിയുടെ മൂലയിലേക്ക് കുഞ്ഞിനെ വലിച്ചെറിയാനും ആ ഇളം പൈതലിനെ നുള്ളി നോവിക്കാനും തല്ലാനുമൊക്കെ ഉള്ളിലിരുന്ന് ആരോ തന്നോട് മന്ത്രിക്കും പോലെ ആതിരയ്ക്ക് തോന്നി. ഏതവസ്ഥയിലും തന്റെ മാനസിക നില തെറ്റിപ്പോകരുതെന്നൊരു നിർബന്ധ ബുദ്ധി അവൾക്കുണ്ടായിരുന്നു. കുഞ്ഞിനെ ഉദരത്തിൽ പേറി താനനുഭവിച്ച യാതനകളും ആ കുരുന്നിന്റെ മുഖം ഒരു നോക്ക് കാണാൻ വേണ്ടി താണ്ടിവന്ന കഷ്ടതകളൊക്കെ ആതിര മനസ്സിലോർത്തു. മോളെ വലിച്ചെറിയാൻ തോന്നുന്ന നിമിഷത്തിൽ അവളനുഭവിച്ച ദുരിതങ്ങൾ മതിയായിരുന്നു അത്തരം ചിന്തകളിൽ നിന്നും മനസ്സിനെ വ്യതിചലിപ്പിക്കാൻ.

കുഞ്ഞിപ്പെണ്ണിനെ മാറോട് അടക്കിപ്പിടിച്ച് തന്നിലെ അമൃതം നുകർന്നുകൊടുത്ത് ആതിര തന്നെതന്നെ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു. മനോബലം കൈവിടാതെ മോളെ ചേർത്തണച്ച് ആശ്വസിപ്പിച്ചു. ഒട്ടേറെനേരം കരഞ്ഞത് കൊണ്ടാവും കുഞ്ഞ് തളർന്ന് തുടങ്ങിയിരുന്നു. മെല്ലെ മെല്ലെ പാല് ഞൊട്ടി നുണഞ്ഞു കുടിച്ചുകൊണ്ട് കുട്ടി ഉറങ്ങിതുടങ്ങി. അവളെ വലിച്ചെറിയാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് കുഞ്ഞിനെ ചേർത്തുപിടിച്ചവൾ തെരുതെരെ ഉമ്മ വച്ചു. ഈ പ്രതിസന്ധി ഘട്ടങ്ങളൊക്കെ തരണം ചെയ്യാൻ അവൾ സ്വയം മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ ശ്രമിച്ചു. അമ്മചൂടിൽ പറ്റിച്ചേർന്നുറങ്ങുന്ന കുഞ്ഞിപ്പെണ്ണിനെ നോക്കി ആതിരയും കണ്ണുകൾ അടച്ച് കിടന്നു.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story