മറുതീരം തേടി: ഭാഗം 45

marutheeram thedi shiva

രചന: ശിവ എസ് നായർ

 "ഭാരതീ... അത് നടക്കില്ല." സുമതിയുടെ വീട്ടിലേക്ക് പോയ മുരളി നിരാശയോടെ വന്ന് കേറി വരാന്തയിലെ അരഭിത്തിയിന്മേൽ ഇരുന്നു. "എന്ത് പറ്റി മുരളിയേട്ടാ? പ്രമാണം കിട്ടിയില്ലേ?" ആകുലതയോടെ ഭാരതി അയാൾക്കടുത്തേക്ക് വന്നിരുന്നു. "നിന്റെ തള്ള നമ്മളെ എല്ലാവരെയും ചതിച്ചെടി." "മനുഷ്യനെ ആധി പിടിപ്പിക്കാതെ നിങ്ങൾ കാര്യമെന്താണെന്ന് പറയ്യ്." "ഈ നശിച്ച കിളവി ഈ വീടും സ്ഥലവും ആ അസത്തിന്റെ പേരിലാ എഴുതി വച്ചിരിക്കുന്നത്. സുമതീടെ വീട്ടിൽ പോയി ആധാരങ്ങളും പ്രമാണങ്ങളുമൊക്കെ എടുത്ത് നോക്കിയപ്പോഴാ ഞാനിത് അറിഞ്ഞത്. സുമതിക്കും ഇതൊന്നും അറിയില്ലായിരുന്നു. രണ്ട് വർഷം മുൻപാ നിന്റെ തള്ള ഈ വീടും വസ്തുവും അവളുടെ പേരിലേക്ക് ഇഷ്ടധാനമായി എഴുതി വച്ചത്." "അയ്യോ... എന്നാലും അമ്മ നമ്മളോടീ ചതി ചെയ്തല്ലോ മുരളിയേട്ടാ. ഇനി... ഇനി ആരതിയെ കെട്ടിക്കാൻ നമ്മളെന്താ ചെയ്യാ." ഭാരതി നെഞ്ചത്തടിച്ചുകൊണ്ട് നിലവിളിച്ചു.

"ഇനി ഒരു വഴിയേ ഉള്ളു... കട പണയം വയ്ക്കണം. അവളെ ഇറക്കി വിടാതെ പറ്റില്ലല്ലോ. നിന്റെ തള്ള ഇങ്ങനെയൊരു ചതി ചെയ്തുവച്ചിട്ടുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല ഞാൻ." അന്നാദ്യമായി മുരളിയുടെ കണ്ണുകളൊന്ന് നിറഞ്ഞു. "അച്ഛാ... നമുക്കാകെയുള്ള വരുമാന മാർഗം ആ കടയാണ്. അത്‌ പണയപ്പെടുത്തി വേണോ ഈ വിവാഹം. നാളെയൊരിക്കൽ തിരിച്ചടവ് മുടങ്ങി കടയും അതിരിക്കുന്ന സ്ഥലവും നമുക്ക് നഷ്ടപ്പെട്ടാൽ നമ്മളെങ്ങനെ ജീവിക്കും." അഞ്ജുവിന് അച്ഛന്റെ ആ തീരുമാനത്തോട് യോജിക്കാനായില്ല. "നാട്ടിലാകെ ചീത്തപ്പേരായ പെണ്ണിനെ ആര് കെട്ടാൻ വരാനാ മോളെ. അവന് തന്നെ കൊടുക്കാതെ വേറെ വഴിയില്ലല്ലോ." മുരളി നിസ്സഹായനായി. "അച്ഛനിത്രയ്ക്ക് വിഷമിക്കാൻ മാത്രം ആരതി ചേച്ചിക്ക് ഒന്നും പറ്റിയില്ലല്ലോ. എല്ലാം അറിഞ്ഞുവരുന്ന ഒരാൾക്ക് ചേച്ചിയെ കൊടുക്കാം. അതുവരെ ചേച്ചി എന്തെങ്കിലും പഠിക്കാനോ ജോലിക്കോ പോട്ടെ. അച്ഛൻ വെറുതെ ലക്ഷങ്ങളുടെ കട ബാധ്യത വരുത്തി വയ്ക്കണോ."

അഞ്ജുവിന്റെ സംസാരം ആരതിയെ ചൊടിപ്പിച്ചു. "അങ്ങനെ എന്റെ കല്യാണ കാര്യത്തിൽ നീ അഭിപ്രായം പറയാൻ വരണ്ട." അഞ്ജുവിന് നേരെ കലിതുള്ളിക്കൊണ്ട് ആരതി അങ്ങോട്ടേക്ക് വന്നു. "കുടുംബത്തെ കടക്കെണിയിലാക്കിയിട്ട് ചേച്ചി അങ്ങനെയിപ്പോ അവന്റെ കൂടെ പൊറുക്കണ്ട."അഞ്ജുവിന് നല്ല ദേഷ്യം വന്നു. "ആരതി... അഞ്ജു മോൾ പറഞ്ഞതിലും കാര്യമില്ലേ. നിനക്കൊന്നും പറ്റിയിട്ടില്ലെന്ന് അറിഞ്ഞുവരുന്ന ഒരാളെ പോരെ നിനക്ക്. നമ്മുടെ കൊക്കിലൊതുങ്ങുന്ന ഒരു ബന്ധം. ലക്ഷങ്ങളുടെ കടം വരുത്തിവച്ച് ഈ കല്യാണം വേണോ? നിന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ. അഞ്ജുവിന്റെ പഠിപ്പും ഞാൻ നോക്കണ്ടേ മോളെ." മുരളിയുടെ സ്വരത്തിൽ ദയനീയത നിഴലിച്ചു. ഭർത്താവിന്റെ ആ മനംമാറ്റം കണ്ട് ഭാരതി അമ്പരന്നു. "അച്ഛനെന്തൊക്കെയാ ഈ പറയണേ?"

ആരതി ഞെട്ടലോടെ അയാളെ നോക്കി. "മോള് കുറച്ചുനാൾ സുമതിയുടെ വീട്ടിൽ പോയി നിൽക്ക്. ഇവിടുന്നൊന്ന് മാറി നിന്നാൽ മോൾക്കും ഇതൊക്കെ മറക്കാമല്ലോ. നാട്ടുകാരുടെ പരിഹാസവും കുത്തുവാക്കും കേൾക്കണ്ടല്ലോ." മുരളി ഒരു പോംവഴി പറഞ്ഞു. "ആരുടെയെങ്കിലും മുന്നിൽ ഞാൻ കഴുത്ത് നീട്ടുന്നുണ്ടെങ്കിൽ അത് സുജിത്തേട്ടന്റെ മുന്നിൽ മാത്രമായിരിക്കും അച്ഛാ. എന്റെ തലവെട്ടം കണ്ടിട്ടാണ് അച്ഛന്റെ കഷ്ടപ്പാടുകൾക്ക് അറുതി വന്നതെന്ന് അച്ഛനെപ്പോഴും പറയുന്നതല്ലേ. അതുകൊണ്ട് എന്നെ കെട്ടിച്ചിട്ട് മിച്ചമുണ്ടെങ്കിൽ ഇവള് പഠിച്ചാ മതി." പകയോടെ ആരതി അനിയത്തിയെ നോക്കി. "അവര് ചോദിക്കുന്ന അത്ര സ്ത്രീധനം കൊടുത്താൽ ഞാൻ വലിയൊരു കടക്കെണി യിൽ പെട്ടുപോകും മോളെ. അതൊക്കെ ഞാൻ എന്ന് വീട്ടിതീർക്കും." നിസ്സഹായതയോടെ അയാളിരുന്നു.

"അതൊന്നും ഞാനറിയേണ്ട ആവശ്യമില്ല. മര്യാദക്ക് എന്റെ കല്യാണം ഉറപ്പിച്ച സമയത്ത് തന്നെ നടത്തി വയ്ക്കുന്നതാണ് നിങ്ങൾക്ക് നല്ലത്." ആരതി വിടാൻ ഭാവമില്ലായിരുന്നു. "ചേച്ചിയുടെ കല്യാണം അച്ഛൻ നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യ്. പക്ഷേ എന്റെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുന്ന പൈസയെടുക്കാൻ ഞാൻ സമ്മതിക്കില്ല." അഞ്ജുവിന്റെ വാക്കുകൾ ആരതിയെ ചൊടിപ്പിച്ചു. "സുജിത്തേട്ടനൊപ്പം നിശ്ചയിച്ച മുഹൂർത്തത്തിൽ എന്റെ കല്യാണം നടന്നില്ലെങ്കിൽ ഈ വീടിന്റെ ഉത്തരത്തിൽ കെട്ടിതൂങ്ങി ഞാൻ ചാകും, നോക്കിക്കോ. എന്നെകൊണ്ട് അത് ചെയ്യിക്കരുത്." ആരതിയുടെ മുഖം ചുവന്നു. "എന്റെ പഠിപ്പ് മുടങ്ങി ഞാൻ വീട്ടിലിരിക്കേണ്ടി വന്നാൽ ചേച്ചിയെ പോലെ ഞാനും കെട്ടിത്തൂങ്ങും. ഇനിയൊക്കെ അച്ഛന്റേം അമ്മേടേം ഇഷ്ടംപോലെ ആയിക്കോ." നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാനായി അഞ്ജു എഴുന്നേറ്റ് മുറിയിലേക്ക് പോയി. "ഈ കല്യാണം നടന്നില്ലെങ്കിൽ അപമാനവും പേറി ഞാൻ ജീവിച്ചിരിക്കില്ല അച്ഛാ. ഇത് എന്റെ അച്ഛനാണേ സത്യം."

ആരതി അവസാന അടവും പുറത്തെടുത്തു. ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ആരതിയും അവളുടെ മുറിയിലേക്ക് പോയി. കയ്ച്ചിട്ട് തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയിലായി മുരളി. "നമ്മളിനി എന്ത് ചെയ്യും മുരളിയേട്ടാ?" ചിലമ്പിച്ച സ്വരത്തിൽ ഭാരതി ചോദിച്ചു. മക്കൾ തമ്മിലുള്ള വാക് പോര് ഇരുവരെയും തളർത്തിയിരുന്നു. "കടയിരിക്കുന്ന സ്ഥലത്തിന് എട്ട് ലക്ഷം വരെ ലോൺ കിട്ടും. എഴുപത്തി അഞ്ചു പവനെടുക്കാൻ ആറ് ലക്ഷം രൂപയോളമാകും. അവളുടെ കഴുത്തിലും കാതിലുമായി ഇട്ടിരിക്കുന്നതെല്ലാം കൂടെ കൂട്ടിയാൽ ഒരു പത്ത് പവനെങ്കിലും കാണില്ലേ. പിന്നെ ആ അസത്തിന്റെ കല്യാണത്തിന് വേണ്ടി കൂട്ടി വച്ചിരുന്ന അഞ്ചുപവന്റെ സ്വർണമുണ്ട് ബാങ്കിൽ. അതുകൊണ്ട് ഒരു പതിനഞ്ചു പവനോളം കുറച്ചെടുത്താൽ മതിയല്ലോ. പിന്നെ ബാക്കി സ്ത്രീധന പൈസയ്ക്കും കല്യാണ ചിലവിനും വേണ്ടി ഒരു മൂന്നുലക്ഷം രൂപ പൂമഠത്തെ വേലായുധൻ ചേട്ടനോട് ചോദിക്കാം." ആലോചനയോടെ മുരളി ചാരുകസേരയിലേക്ക് ഇരുന്നു.

"രണ്ടും വാശിക്കാരികൾ ആയോണ്ട് രണ്ടിനേം പേടിക്കണം. മുരളിയേട്ടൻ ആധി പിടിക്കണ്ട. കല്യാണ സമയത്ത് ബന്ധുക്കളിൽ നിന്ന് പിരിഞ്ഞുകിട്ടുന്ന പൈസ കൊണ്ട് നമുക്ക് കുറച്ച് കടമെങ്കിലും വീട്ടാൻ പറ്റും." ഭാരതി അയാളെ ആശ്വസിപ്പിച്ചു. "എല്ലാം പിള്ളേരെ ഇഷ്ടം പോലെതന്നെ നടക്കട്ടെ. അവർക്ക് വേണ്ടിയല്ലേ എന്റെ ജീവിതംതന്നെ." ഒരു നെടുവീർപ്പോടെ മുരളി പറഞ്ഞു. *********** ആതിരയുടെ മോൾക്ക് ഒന്നര മാസം പ്രായമായി. വാക്സിൻ എടുക്കേണ്ട സമയമായതിനാൽ കുഞ്ഞിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ തയ്യാറാവുകയായിരുന്നു അവൾ. ഹോസ്പിറ്റലിൽ പോകുമ്പോൾ കാർത്തിക്കിനെ കൂടി കാണാമെന്ന് അവൾ തീരുമാനിച്ചു. കൈയ്യിലുണ്ടായിരുന്ന പൈസയൊക്കെ തീർന്നിരുന്നു. ഒരു ജോലിയില്ലാതെ മുന്നോട്ട് ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് കാർത്തിക്കിനെ കണ്ട് ജോലിക്കാര്യം ശരിയാക്കാൻ പറയണമെന്ന് അവൾ മനസ്സിൽ കരുതി. പൈസയ്ക്ക് നല്ല കുറവായിരുന്നതിനാൽ ഓട്ടോ പിടിച്ച് പോകാൻ നിൽക്കാതെ നടന്നാണ് ആതിര ഹോസ്പിറ്റലിലേക്ക് പോയത്.

പുറത്തെങ്ങും പോകാത്തത് കൊണ്ട് മൊബൈലിൽ പൈസ തീർന്നിരിക്കുകയാണ്. ആരെയും വിളിക്കാനും പറ്റില്ല. രാജീവ്‌ ഇടയ്ക്ക് വല്ലപ്പോഴും വിളിച്ച് കാര്യമന്വേഷിക്കാറുണ്ട്. നാട്ടിൽ നിന്നും ശിവന്റെ കാളുകളും ഇടയ്ക്കിടെ വരും. തന്റെ ഇപ്പോഴത്തെ അവസ്ഥയൊന്നും ആതിര അവനെ അറിയിച്ചിരുന്നില്ല. അമ്മാമ്മയുടെ കാര്യങ്ങൾ തിരക്കി അവൾ ഫോൺ സംഭാഷണം അവസാനിപ്പിക്കും. വീട്ടിലെ സ്ഥിതി വിശേഷങ്ങളും ശിവൻ ആതിരയോട് പറയുമായിരുന്നു. ************ മോൾക്ക് വാക്സിൻ എടുത്തശേഷം ആതിര നേരെ പോയത് കാർത്തിക്കിന്റെ ഓഫീസ് റൂമിലേക്കാണ്. "ആരാ ഇത് ആതിരയോ... വരൂ.. വരൂ.." അവളെ കണ്ടതും പുഞ്ചിരിയോടെ കാർത്തിക് പറഞ്ഞു. "സാർ... ഞാനന്ന് പറഞ്ഞ ജോലിക്കാര്യം എന്തായി?" അവന് മുന്നിലെ കസേരയിൽ ഇരിക്കുമ്പോൾ സങ്കോചത്തോടെ അവൾ ചോദിച്ചു. "തന്നെകൊണ്ട് ഇപ്പോ ജോലി ചെയ്യാനൊക്കെ പറ്റുമോ?" "പറ്റും സർ... ഒരു ജോലി കൂടി ഇല്ലെങ്കിൽ നല്ല ബുദ്ധിമുട്ടിലാകും ഞങ്ങളുടെ കാര്യം." ആതിരയുടെ മുഖഭാവം കണ്ടപ്പോൾ അവളുടെ തീരുമാനം ഉറച്ചതാണെന്ന് അവന് മനസ്സിലായി.

"പാലുകുടി മാറാത്ത ഈ കൈകുഞ്ഞിനേയും കൊണ്ട് താനെങ്ങനെ ജോലി ചെയ്യും." "എന്റെ കുഞ്ഞിനെയും കൂടി കൊണ്ടുപോകാൻ പറ്റുന്നൊരു ജോലി നോക്കിയാ മതി സർ.. വീട്ടുജോലിയായാലും ഞാൻ സന്തോഷത്തോടെ ചെയ്യും." "അങ്ങനെയാണെങ്കിൽ ഒരു ജോലിക്ക് ചെറിയൊരു സാധ്യതയുണ്ട്. എന്റെ ഒരു കസിൻ ബ്രദർ ഇവിടെയുണ്ട്. പുള്ളി മലയാളി ആണ്. പേര് ശ്രീറാം. ശ്രീറാം ദുബായിലാണ് ജോലി ചെയ്യുന്നത്. ഇപ്പോ വൈഫിനും അവിടെ ജോലിയുണ്ട്. രണ്ടുപേരും ലീവിന് നാട്ടിലുണ്ട്. ഉടനെ തിരിച്ചുപോകുമെന്നാണ് അറിയാൻ സാധിച്ചത്. ശ്രീറാമിന്റെ അമ്മ ബാത്‌റൂമിൽ വഴുക്കി വീണ് കാലൊടിഞ്ഞുകിടക്കുകയാണ്. നോർമൽ ആയി വരുന്നേയുള്ളൂ. അച്ഛന് പ്രായമുള്ളത് കൊണ്ട് അദ്ദേഹത്തെ കൊണ്ട് വീട്ടിലെ കാര്യങ്ങളൊന്നും ഒറ്റയ്ക്ക് ചെയ്യാനാവില്ല. അവർക്ക് ലീവ് നീട്ടാനും നിർവ്വാഹമില്ല.

അതുകൊണ്ട് ശ്രീറാമും ഭാര്യയും തിരിച്ചുപോകും മുൻപ് അവിടേക്ക് ഒരാളെ വേണമെന്ന് പറഞ്ഞിട്ടുണ്ട്. വീട്ടിലെ അടുക്കള ജോലികൾ ചെയ്യാനും ആ അമ്മയെ പരിചരിക്കാനും കൂടിയാ ആളെ നോക്കണേ. തനിക്ക് താല്പര്യമുണ്ടെങ്കിൽ ഞാനവരുടെ അഡ്രസ് തരാം. പോയി സംസാരിച്ച് നോക്കു." "എനിക്ക് മോളെയും കൂടെകൊണ്ട് പോകാൻ കഴിയുമെങ്കിൽ എന്ത് ജോലി ചെയ്യാനും സമ്മതമാണ് സർ." "തന്റെ തീരുമാനം ഇതാണെങ്കിൽ ഞാൻ അവരുടെ അഡ്രസ് തരാം. ഒന്നുപോയി കണ്ട് നോക്കു. ഞാൻ വിളിച്ചുപറയാം." "ഈ ജോലി എനിക്ക് കിട്ടുമോ സർ?" "ഞാൻ അവനോട് പറയാം. താനെന്തായാലും അവിടെ വരെ പോയി കാണൂ. ഹോസ്പിറ്റലിന്റെ കുറച്ചടുത്ത് തന്നെയാ വീട്." കാർത്തിക്ക് അവൾക്ക് ശ്രീറാമിന്റെ വീടിരിക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തു. "ഓക്കേ സർ, താങ്ക്യൂ." ആതിര അവനോട് നന്ദി പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. ************

കാളിംഗ് ബെൽ അടിച്ച ശേഷം ശ്രീറാമിന്റെ വീടിന് മുന്നിൽ അക്ഷമയോടെ കാത്ത് നിൽക്കുകയാണ് ആതിര. പൊരിവെയിലത്തുകൂടി നടന്ന് വന്നതിനാൽ അവൾ നന്നായി വിയർത്തിരുന്നു. കുഞ്ഞിപ്പെണ് വാക്സിനെടുത്ത ക്ഷീണത്തിൽ തളർന്നുറങ്ങുകയാണ്. "ആരാ..? മനസ്സിലായില്ല." ഡോർ തുറന്ന് പുറത്ത് വന്ന ശ്രീറാമിന്റെ ഭാര്യ ഷൈനി അവളോട് ചോദിച്ചു. "ഞാൻ ആതിര. കാർത്തിക് സർ പറഞ്ഞിട്ട് വന്നതാണ്. ഇവിടെയൊരു സെർവന്റിനെ നോക്കുന്നുണ്ടെന്ന് സർ പറഞ്ഞിരുന്നു." "ഓഹ്... കയറി വരൂ." ഷൈനി അവളെ അകത്തേക്ക് ക്ഷണിച്ചു. "റാം... കാർത്തി പറഞ്ഞ കുട്ടി വന്നിട്ടുണ്ട്." അവളുടെ കൈയിലിരുന്ന് മയങ്ങുന്ന കുഞ്ഞിനെ ഒന്ന് നോക്കിയ ശേഷം ഷൈനി മുകളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു. സ്വീകരണ മുറിയിൽ അവരിരുവരും ഇരിക്കുമ്പോഴേക്കും മുകളിൽ നിന്നും ശ്രീറാം സ്റ്റെയർ ഇറങ്ങി വരുന്നുണ്ടായിരുന്നു.

"കാർത്തി പറഞ്ഞു വിട്ട കുട്ടിയാ, പേര് ആതിര." ഷൈനി അവളെ ശ്രീറാമിന് പരിചയപ്പെടുത്തി. "ഈ കൈകുഞ്ഞിനെയും കൊണ്ടാണോ താൻ ജോലിക്ക് വരാൻ നിക്കുന്നെ. ഒരു കുഞ്ഞുള്ള ആളാണെന്ന് കാർത്തി പറഞ്ഞപ്പോൾ, ഇത്രേം ചെറിയ കുട്ടിയാണെന്ന് വിചാരിച്ചില്ല. സോറി ആതിര, തന്നെ പോലെ ഒരാളെ അല്ല ഞാനിവിടെ നോക്കുന്നത്. ഈ ഇത്തിരിപോന്ന കുട്ടിയെയും വച്ച് താനെങ്ങനെ അമ്മയുടെ കാര്യങ്ങൾ മാനേജ്‍ ചെയ്യും?" ശ്രീറാം ചോദിച്ചു. "മോളെ നോക്കാൻ ആരുമില്ല സർ. ഇവളെയും കൂടി കൊണ്ട് വരാൻ സമ്മതിച്ചാൽ മതി. എല്ലാ ജോലിയും ഞാൻ ചെയ്തോളാം." "കുറച്ചൂടെ വല്യ കുട്ടിയായിരുന്നെങ്കിൽ നോക്കാമായിരുന്നു ആതിര. ഐ ആം സോറി. ഈ കുഞ്ഞിനെയും എടുത്ത് ഇവിടെ വരെ വരാൻ താനൊരുപാട് ബുദ്ധിമുട്ടിക്കാണും. ബട്ട്‌ തനിക്കിവിടെ അഡ്ജസ്റ്റ് ചെയ്യാൻ പാടായിരിക്കും.

അമ്മയെ നോക്കലും ഫുഡ് ഉണ്ടാക്കലും അതിനിടയിൽ കുഞ്ഞിനെ നോക്കലുമൊക്കെ ആകുമ്പോൾ എല്ലാം അവതാളത്തിലാകും." ശ്രീറാമിന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. ഒത്തിരി പ്രതീക്ഷകളോടെ അവിടേക്ക് ചെന്നിട്ട് വെറും കയ്യോടെ മടങ്ങേണ്ടി വന്നപ്പോൾ ആതിരയ്ക്ക് സങ്കടം സഹിക്കാനായില്ല. തിളയ്ക്കുന്ന വെയിലിനെ അവഗണിച്ച് ഷാൾ കൊണ്ട് കുഞ്ഞിനെ പൊതിഞ്ഞുപിടിച്ച് അവൾ അവിടെ നിന്നും ഇറങ്ങി. "പാവം കുട്ടിയായിരുന്നു. അതിനെ പറഞ്ഞു വിടണ്ടായിരുന്നു റാം. കരഞ്ഞുകൊണ്ടാ അത് ഇറങ്ങി പോയത്." ആതിര നടന്ന് മറയുന്നത് നോക്കിനിന്നുകൊണ്ട് ഷൈനി പറഞ്ഞു. "അതൊന്നും ശരിയാവില്ലെടോ. ആ കുട്ടിയെ ജോലിക്ക് വച്ചാലും കുഞ്ഞിനെ നോക്കാനേ അതിന് നേരം കാണു. ഇവിടുത്തെ പണിയൊന്നും നടക്കില്ല.!" ശ്രീറാം അതൊന്നും കാര്യമാക്കാതെ മുകളിലേക്ക് പോയി. ************ രണ്ട് കിലോമീറ്ററോളം കുഞ്ഞിനെയും കൊണ്ട് നടന്നാണ് അവൾ വീട്ടിലേക്ക് വന്നത്. കൈയ്യിലുണ്ടായിരുന്ന കാശൊക്കെ അതിനോടകം തീർന്നിരുന്നു.

ആകെ വിഷമിച്ച് വീട്ടിലേക്ക് വന്ന അവൾ കാണുന്നത് വീട്ടിലെ സാധനങ്ങളൊക്കെ വാരി പുറത്തിടുന്ന സുബ്ബയ്യ നായിഡുവിനെയും അയാളുടെ ആൾക്കാരെയുമാണ്. വാടക കുടിശിക മുടങ്ങിയിട്ട് മൂന്നു മാസമാകുന്നു. ഒരുൾക്കിടിലെത്തോടെയാണ് ആതിര ആ കാഴ്ച കണ്ട് നിന്നത്. ആകെയുണ്ടായിരുന്ന കിടപ്പാടവും നഷ്ടപ്പെടാൻ പോകുന്നുവെന്ന സത്യം വേദനയോടെ അവൾ തിരിച്ചറിഞ്ഞു. ആതിരയെ കണ്ടതും ദേഷ്യത്തോടെ ഹൌസ് ഓണർ അവളുടെ അടുത്തേക്ക് വന്നു. "ഇനിയിവിടെ താമസിക്കാൻ പറ്റില്ല. വൈകുന്നേരത്തിനുള്ളിൽ മുറ്റത്ത്‌ വാരിയിട്ട സാധനങ്ങളും എടുത്ത് എങ്ങോട്ടെങ്കിലും പൊയ്ക്കോ. നിങ്ങൾ മൂന്നു മാസമായി എനിക്ക് വാടക തന്നിട്ടില്ല. കെട്ടി വച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് ഞാൻ മൂന്നു മാസത്തെ വാടകയായി എടുത്തിട്ടുണ്ട്. ഇനിയൊരു അവധി തരില്ല ഞാൻ." അവളോട് ദേഷ്യപ്പെട്ടുകൊണ്ട് അയാളത് പറയുമ്പോൾ ഒരേങ്ങലോടെ ആതിര നിലത്തേക്കിരുന്നുപോയി..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story