മറുതീരം തേടി: ഭാഗം 46

marutheeram thedi shiva

രചന: ശിവ എസ് നായർ

പലചരക്ക് കടയിരുന്ന സ്ഥലം ഏഴ് ലക്ഷം രൂപയ്ക്ക് ബാങ്കിൽ പണയപ്പെടുത്തിയും ബാക്കി തുക പൂമഠത്തെ വേലായുധനിൽ നിന്ന് കടം വാങ്ങി സുജിത്തിന്റെ വീട്ടുകാർ പറഞ്ഞ സ്ത്രീധന തുകയും സ്വർണ്ണവുമൊക്കെ ആരതിക്ക് വേണ്ടി മുരളി തയ്യാറാക്കി. താൻ ആഗ്രഹിച്ച പോലെതന്നെ കാര്യങ്ങൾ നടക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരതി. അഞ്ജു പക്ഷേ അതിലൊന്നും താല്പര്യമില്ലാതെ പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ശിവന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രിസ്റ്റി എല്ലാ മാസവും മുടങ്ങാതെ പണമയക്കാറുണ്ടായിരുന്നു. അതുകൊണ്ട് ഭാർഗവി അമ്മയുടെ ചികിത്സകൾ മുറതെറ്റാതെ നടന്നുകൊണ്ടിരുന്നു. ഒരേ കിടപ്പ് കിടന്നിരുന്ന അമ്മാമ്മയ്ക്കിപ്പോ ചരിഞ്ഞുകിടക്കാനും എണീപ്പിച്ച് കട്ടിലിൽ തലയിണയിൽ ചാരി ഇരുത്തിയാൽ കുറച്ചുസമയം അങ്ങനെ ഇരിക്കാനും പറ്റും. പക്ഷേ സംസാരിക്കാനുള്ള ശേഷി ഇതുവരെ വന്നിട്ടില്ല. സാവധാനം എല്ലാം പൂർവ്വ സ്ഥിതിയിലാവുമെന്നാണ് ഭാർഗവി അമ്മയെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞത്. മിണ്ടാനായില്ലെങ്കിലും അമ്മാമ്മയുടെ മനസ്സിൽ മുഴുവൻ നിറഞ്ഞ് നിന്നിരുന്നത് ആതിര മാത്രമാണ്. ആ വീട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം ഭാർഗവി അമ്മ അറിയുന്നുണ്ടായിരുന്നു.

പക്ഷേ ഒന്നിനും പ്രതികരിക്കാനുള്ള ശക്തിയില്ലാതെ അവർ ആ മുറിയിൽ തന്നെ കിടന്നു. ശിവനോടൊപ്പം ഹോസ്പിറ്റലിലേക്ക് ചെക്കപ്പിന് പോകുമ്പോൾ ഭാർഗവി അമ്മയ്‌ക്കൊപ്പം ഭാരതിയും പോകാറുണ്ട്. യാത്രാ വേളയിൽ ആതിരയിൽ നിന്ന് താനറിയുന്ന അവളുടെ വിശേഷങ്ങൾ ശിവൻ അമ്മാമ്മയോട് പറയാറുണ്ട്. തിരിച്ചൊന്നും പറയാൻ കഴിയില്ലെങ്കിലും പേരക്കുട്ടിയുടെ വിശേഷങ്ങൾ കേൾക്കുമ്പോൾ അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകും. ആതിരയുടെ കാര്യങ്ങൾ ശിവൻ ഭാർഗവി അമ്മയോട് പറയുമ്പോൾ ഭാരതി അതിലൊന്നും താല്പര്യം കാണിക്കാറില്ല. ആൽഫി ഉപേക്ഷിച്ചുപോയതോ, ആരും കൂട്ടിനില്ലാതെ താനൊറ്റയ്ക്കാണ് കുഞ്ഞിനെ നോക്കുന്നതെന്നോ ആതിര ശിവനോട് പറഞ്ഞിരുന്നില്ല. തന്റെ കഷ്ടപ്പാടുകൾ അറിഞ്ഞു ശിവനും അമ്മാമ്മയുമൊന്നും വിഷമിക്കണ്ടല്ലോന്ന് കരുതി അവൾ അതെല്ലാം അവരിൽ നിന്നെല്ലാം മറച്ചുവച്ചു. *************

"ഈ കൊച്ച് കുഞ്ഞിനെയും കൊണ്ട് എനിക്ക് പോകാൻ വേറൊരിടമില്ല. ദയവ് ചെയ്ത് ഞങ്ങളെ ഇവിടെനിന്ന് ഇറക്കി വിടരുത്. നിങ്ങൾക്ക് തരാനുള്ള വാടക പൈസ ഞാൻ എത്രയും വേഗംതന്നെ തന്ന് തീർത്തോളാം." സുബ്ബയ്യ നായിഡുവിന്റെ കാൽക്കൽ വീണ് കരഞ്ഞുകൊണ്ടാണ് ആതിര അത്രയും പറഞ്ഞത്. "വീട് വാടകയ്ക്ക് തരുമ്പോൾ തന്നെ നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ കുടിശ്ശിക വന്നാൽ ഞാൻ ഇറക്കി വിടുമെന്ന്. കിടന്ന് മോങ്ങാതെ കൊച്ചിനെയും എടുത്തുകൊണ്ട് വേഗം സ്ഥലംവിടാൻ നോക്ക്." അയാളുടെ മുഖത്ത് ദയയുടെ ഒരിറ്റ് കണിക പോലും ബാക്കിയില്ലായിരുന്നു. "അങ്ങനെ പറയരുത്... പ്ലീസ്. എനിക്കും എന്റെ കുഞ്ഞിനും ആരുമില്ല. ഒരു ജോലി ശരിയായാൽ ഉടനെ ഞാൻ വീട്ട് വാടക മുഴുവനും തന്ന് തീർത്തോളാം. ഞങ്ങളെ ഇറക്കി വിടരുത്..." വീടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങൾ മുഴുവനും വീട്ട് മുറ്റത്ത് കൊണ്ടിട്ടിട്ട് വീട് പൂട്ടുകയായിരുന്നു നായിഡുവിന്റെ കൂടെ വന്ന ആളുകൾ. ജനാലകളും വാതിലുമെല്ലാം കൊട്ടിയടച്ച് അവർ സുബ്ബയ്യയുടെ അടുത്ത് വന്ന് നിന്നു.

"ഈ സാധനങ്ങളൊക്കെ വേണമെങ്കിൽ വല്ല വണ്ടിയും വിളിച്ച് വൈകുന്നേരത്തിന് മുൻപേ കൊണ്ട് പൊയ്ക്കോണം. ഇല്ലെങ്കിൽ നാളെ രാവിലെ എല്ലാംകൂടി തൂത്തുവാരി എവിടെയെങ്കിലും കൊണ്ട് കളയും ഞാൻ." വായിലിട്ട് ചവച്ചുകൊണ്ടിരുന്ന പാൻപരാഗ് മുറ്റത്തേക്ക് നീട്ടിതുപ്പികൊണ്ട് നായിഡുവും ആൾക്കാരും തിരികെ പോയി. പൊള്ളുന്ന ഉച്ചവെയിലിൽ കുഞ്ഞിനെയും മടിയിൽ കിടത്തി വിളർത്ത് മെലിഞ്ഞൊരു പെൺരൂപം ദൂരേക്ക് നോക്കി ഇരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മുന്നിൽ നിറഞ്ഞുനിൽക്കുന്ന ശൂന്യത ആ പെണ്ണിനെ ഭയചകിതയാക്കി. കൈയ്യിൽ പത്തുപൈസ എടുക്കാനില്ല... ഒരു ജോലിയുമില്ല. ഉടനെയൊന്നും ജോലി കിട്ടാനും പോകുന്നില്ല. അതിന്റെയൊപ്പം കിടപ്പാടം കൂടി നഷ്ടമായപ്പോൾ ആതിരയ്ക്ക് പിടിച്ചുനിൽക്കാനായില്ല.

ജീവിതത്തോട് പൊരുതി മുന്നേറണമെന്ന് ഉറച്ച തീരുമാനമെടുത്തവളുടെ മനസ്സ് തകർന്നുടഞ്ഞുപോയി. ഇത്രയ്ക്കും കഷ്ടതകൾ അനുഭവിക്കാൻ താനെന്ത് തെറ്റാണ് ചെയ്തതെന്നോർത്ത് ആതിര നിസ്സഹായയായി ഇരുന്നു. ഇനിയും പരീക്ഷണങ്ങൾ താങ്ങാൻ അവൾക്കാവില്ലായിരുന്നു. അയല്പക്കത്തെ താമസക്കാർ മതിലിനിപ്പുറത്തുകൂടി തലയെത്തിച്ച് അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ആതിരയ്ക്കാകെ നാണക്കേട് തോന്നി. ഈ സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കി എങ്ങോട്ട് പോകുമെന്നോ എന്ത് ചെയ്യണമെന്നോ അവൾക്കറിയില്ലായിരുന്നു. സഹായത്തിന് ആരെയെങ്കിലും വിളിക്കാമെന്ന് വച്ചാൽ ഫോണിൽ പൈസയുമില്ല. അഥവാ ഫോണിൽ പൈസയുണ്ടായിരുന്നെങ്കിലും തനിക്ക് ആരെയും വിളിക്കാനാവില്ലെന്ന് അവളോർത്തു. രാജീവേട്ടൻ തന്നെ സഹായിക്കുന്നത് ശാരി ചേച്ചിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് താൻ രാജീവേട്ടനെ വിളിക്കില്ല. അതുപോലെ കാർത്തിക്കിനെ വിളിച്ചാലും എന്ത് സഹായമാണ് ചോദിക്കേണ്ടതെന്ന് അറിയില്ല. ഇപ്പൊത്തന്നെ കാർത്തിക് സർ അയാളെക്കൊണ്ട് പറ്റുന്ന വിധത്തിലെല്ലാം തന്നെ സഹായിച്ചതാണ്. ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.

ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നത് അവൾ കണ്ടു. ഒരു മഴയ്ക്കുള്ള പുറപ്പാടാണ്. മഴ പെയ്താൽ മുറ്റത്ത്‌ വാരിയിട്ടിരിക്കുന്ന സാധനങ്ങളും വസ്ത്രങ്ങളുമൊക്കെ നനഞ്ഞുകുതിരും. ഒരു ഷീറ്റ് വിരിച്ച് കുഞ്ഞിനെ വീടിന്റെ തിണ്ണയിലേക്ക് കിടത്തിയിട്ട് ആതിര, മുഷിഞ്ഞ ഒരു ബാഗ് എടുത്ത് അത്യാവശ്യം വേണ്ട ഡ്രെസ്സുകളും പുതപ്പുമൊക്കെ ബാഗിലാക്കി വച്ചു. മിച്ചമുണ്ടായിരുന്ന അരിയും പലചരക്ക് സാധനങ്ങളുമൊക്കെ മുന്നിൽ ചിതറി കിടക്കുന്ന കാഴ്ച അവളുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തി. എത്ര കഷ്ടപ്പെട്ടാണ് താനീ സാധനങ്ങളൊക്കെ വാങ്ങിയതെന്ന് ആതിര ഓർത്തു. വിശപ്പും ദാഹവും അവളെ തളർത്തി തുടങ്ങി. രാവിലെ ഉണ്ടാക്കിയ കഞ്ഞിയും പയറും മുറ്റത്ത്‌ തൂവി കിടക്കുകയാണ്. മുറ്റത്തെ ടാപ് തുറന്ന് മതിയാവോളം അവൾ വെള്ളം കുടിച്ചു. തല്ക്കാലം വിശപ്പകറ്റാൻ ആതിരയ്ക്ക് മുന്നിൽ ആ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം അറിയാതെ ഇറക്കിവിട്ട വീടിന് മുന്നിൽ തന്നെ കുഞ്ഞിനെയും കൊണ്ട് അവളിരുന്നു.

വൈകുന്നേരം സുബ്ബയ്യ നായിഡുവും ആൾക്കാരും വരുമ്പോൾ ഒരിക്കൽ കൂടി അയാളോട് കാല് പിടിച്ച് അപേക്ഷിച്ചുനോക്കാമെന്ന് അവൾ കരുതി. മാനം ഇരുണ്ടുമൂടി കിടന്നതിനാൽ വെയിലിന്റെ ചൂടിന് അൽപ്പം കുറവുണ്ടായിരുന്നു. ഇടയ്ക്കിടെ ടാപ് തുറന്ന് വെള്ളം കുടിച്ച് ആതിര വിശപ്പിനെ തണുപ്പിച്ചുകൊണ്ടിരുന്നു. അയല്പക്കത്തുള്ളവർ അവരവരുടെ കാര്യം നോക്കി വീടുകളിൽ തന്നെ ഇരുന്നു. ഇതൊക്കെ അവരെ സംബന്ധിച്ച് ആദ്യത്തെ കാഴ്ചയുമല്ല. അവരുടെ കണ്ണിൽ സുബ്ബയ്യ നായിഡു ഇറക്കി വിടുന്ന വാടകക്കാരിൽ ഒരാൾ മാത്രമായിരുന്നു ആതിരയും. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞ സമയം സുബ്ബയ്യ നായിഡു ഒരു പെട്ടി ഓട്ടോയിൽ രണ്ട് ആളുകളുമായി വീണ്ടും അവിടേക്ക് വന്നു. "നിങ്ങൾ ഇതുവരെ പോയില്ലേ. വൈകുന്നേരം ഞാൻ വരുമ്പോഴേക്കും ഈ സാധനങ്ങളുമെടുത്ത് ഇറങ്ങി പോകാൻ ഞാൻ പറഞ്ഞിരുന്നതല്ലേ." ദേഷ്യത്തോടെ അയാളവളോട് ചോദിച്ചു. "ഈ കുഞ്ഞിനേയും കൊണ്ട് എനിക്ക് പോകാനൊരിടമില്ല. എന്നോട് കുറച്ചെങ്കിലും ദയവുണ്ടാകണം.

പെട്ടെന്നൊരുദിവസം വന്ന് ഇറക്കി വിട്ടാൽ ഞാനെങ്ങോട്ട് പോകും.?" ആതിര കരഞ്ഞുകൊണ്ട് ചോദിച്ചു. "അതൊന്നും എന്റെ വിഷയമല്ല. വീട് വാടകയ്ക്ക് എടുക്കുമ്പോൾ ഈ നിബന്ധനകളെല്ലാം നിങ്ങൾ രണ്ട് പേരും സമ്മതിച്ചല്ലേ ഒപ്പ് വച്ചത്. എന്നിട്ട് നിന്ന് ന്യായം പറയാൻ നിങ്ങൾക്ക് ഒരവകാശവുമില്ല. മര്യാദക്ക് ഇവിടെനിന്ന് പോകുന്നതാണ് നല്ലത്. രണ്ടുദിവസം കഴിഞ്ഞാൽ ഇവിടെ വേറെ താമസക്കാർ വരും." "എനിക്കിവിടെ ആരെയും പരിചയമില്ല... പെട്ടെന്നൊരു വീടും ഉടനെ കിട്ടില്ല." അവൾ ദയനീയമായി നായിഡുവിനെ നോക്കി. "വേണമെങ്കിൽ ഈ സാധനങ്ങളൊക്കെ ഞാൻ വിലയ്ക്കെടുത്തോളാം. പക്ഷേ കൊച്ചിനേം കൊണ്ട് ഇപ്പൊതന്നെ ഇറങ്ങിയില്ലെങ്കിൽ കഴുത്തിന് പിടിച്ച് പുറത്ത് തള്ളി ഞാൻ ഗേറ്റ് പൂട്ടും. അത് വേണ്ടെങ്കിൽ ആവശ്യമുള്ളത് എന്താന്ന് വച്ചാൽ എടുത്തിട്ട് വേഗം പൊയ്ക്കോ." ഇനിയെന്ത് പറഞ്ഞാലും അയാളുടെ മനസ്സലിയാൻ പോകുന്നില്ലെന്ന് ആതിരയ്ക്ക് മനസ്സിലായി.

സുബ്ബയ്യ നായിഡു കൊടുത്ത കാശും വാങ്ങി കുഞ്ഞിനെയും കയ്യിലെടുത്ത് അവൾ ഗേറ്റിന് പുറത്തേക്ക് ചുവടുകൾ വച്ചു. അയാൾ തന്നോട് ഇത്തിരിയെങ്കിലും ദയവ് കാണിക്കുമെന്ന് പ്രതീക്ഷിച്ച ആതിരയ്ക്ക് തെറ്റി. മോളെയും കൊണ്ട് രാത്രി എവിടെ അന്തിയുറങ്ങുമെന്ന് അവൾക്കൊരു പിടിയും കിട്ടിയില്ല. ആ സമയം ആതിയുടെ മനസ്സിലേക്ക് വന്നത് രാജീവിന്റെ മുഖമാണ്. ഒരു നിവൃത്തിയുമില്ലെങ്കിൽ രാജീവിനോട് സഹായം ചോദിക്കാമെന്ന് തന്നെ അവൾ വിചാരിച്ചു. "ആ സാധനങ്ങളൊക്കെ വാരി വണ്ടിയിൽ കേറ്റി നിങ്ങൾ ഗേറ്റ് പൂട്ടി അങ്ങോട്ട്‌ വന്നേക്ക്." സുബ്ബയ്യ കൂടെയുള്ളവർക്ക് നിർദ്ദേശം നൽകിയിട്ട് ബൈക്കിൽ കയറി ഓടിച്ചുപോയി. "ഈ പ്രതിസന്ധി ഘട്ടത്തിൽ എന്നെ തനിച്ചാക്കി പോകാൻ നിനക്കെങ്ങനെ മനസ്സ് വന്നെടാ ആൽഫീ... നിന്നോട് ഞാനൊരിക്കലും ക്ഷമിക്കില്ല.... ക്ഷമിക്കാൻ എനിക്കാവില്ല." ആതിരയുടെ ഉള്ളം വിലപിച്ചു കൊണ്ടിരുന്നു. കണ്ണുനീർ വന്ന് മൂടി കാഴ്ച മറഞ്ഞു. തന്റെ ചുറ്റും നടക്കുന്നതൊന്നുമറിയാതെ അവളുടെ നെഞ്ചോട് ചേർന്ന് അമ്മയുടെ ചൂടുപറ്റി കിടക്കുകയാണ് കുഞ്ഞിപ്പെണ്ണ് .

ആതിര രാജീവിന്റെ വീട്ടിലേക്ക് നടന്നു. അന്നൊരു ദിവസത്തേക്കെങ്കിലും മോളെയും കൊണ്ട് അവിടെ തങ്ങാൻ അനുവദിക്കുമോന്നു ശാരിയോട് ചോദിക്കാമെന്ന് അവൾ വിചാരിച്ചു. പിറ്റേന്ന് എന്തെങ്കിലും പോംവഴി കണ്ടെത്താമെന്നും ആതിര കരുതി. പക്ഷേ രാജീവിന്റെ വീടിന് മുന്നിലെത്തിയപ്പോൾ കണ്ടത് മുൻവാതിൽ പൂട്ടിയിരിക്കുന്നതാണ്. മുറ്റം നിറയെ കരിയിലകൾ വീണ് കിടക്കുന്നത് കണ്ടപ്പോൾ രാജീവും ശാരിയും നാട്ടിൽ പോയിട്ടുണ്ടാകുമെന്ന് അവളൂഹിച്ചു. ആ വഴിയും അടഞ്ഞിരിക്കുന്നു. ആരെ വിളിക്കുമെന്നോ എങ്ങോട്ട് പോകുമെന്നോ അറിയാതെ വിധിക്ക് മുന്നിൽ അവൾ പകച്ചുനിന്നു. ഒരുവേള ആത്മഹത്യ ചെയ്താലോ എന്നുപോലും ആതിരയ്ക്ക് തോന്നി. പക്ഷേ മോളെ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്കതിനുള്ള ധൈര്യവും വന്നില്ല. റോഡിലൂടെ ലക്ഷ്യമില്ലാതെ ആതിര നടന്നു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഒരു ജോലി പോലുമില്ലാതെ ഇനിയുള്ള ദിവസങ്ങൾ ഈ കൈകുഞ്ഞിനെയും കൊണ്ട് താൻ തെരുവിലുറങ്ങേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ തന്നെ അവൾക്ക് ഭയമായി.

ആതിരയ്ക്ക് ഭയങ്കരമായ വിശപ്പ് തോന്നി. ഉച്ച മുതൽ ഒന്നും കഴിച്ചിട്ടില്ല. വീട്ടിൽ നിന്നും പോരാൻ നേരം കുപ്പിയിൽ എടുത്ത വെള്ളവും തീർന്നിരുന്നു. ചുറ്റും അതിവേഗം ഇരുട്ട് പരക്കുന്നത് അവളറിഞ്ഞു. മുന്നിൽ നിറഞ്ഞ് നിൽക്കുന്ന ശൂന്യതയിൽ നോക്കി പകച്ച് നിൽക്കാനേ ആതിരയ്ക്കായുള്ളു. റോഡിലൂടെ പോകുന്നവരൊക്കെ അവളെ തുറിച്ചുനോക്കി കടന്ന് പൊയ്ക്കൊണ്ടിരുന്നു. ചിലരുടെ വഷളൻ നോട്ടങ്ങൾ ആതിരയുടെ ശരീരത്തിലേക്കായിരുന്നു. അസ്വസ്ഥതപ്പെടുത്തുന്ന ആ നോട്ടങ്ങളിൽ നിന്ന് മുക്തി നേടാനായി അവൾ റെയിൽവേ സ്റ്റേഷനുള്ളിലെ തിരക്കുകളിലേക്ക് ഊളിയിട്ടു. കുഞ്ഞുണർന്ന് കരഞ്ഞുതുടങ്ങിയപ്പോൾ സ്ത്രീകൾക്കുള്ള വിശ്രമ സ്ഥലത്ത് ചെന്നിരുന്ന് മോൾക്ക് പാലൂട്ടി. അന്നേരമൊക്കെ ആതിരയുടെ മനസ്സിൽ നിറഞ്ഞുനിന്നത് നിസ്സംഗത മാത്രമായിരുന്നു. ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ അവളെ മഥിച്ചുകൊണ്ടിരുന്നു.

സമയം അതിവേഗം കടന്നുപോയി. രാത്രി ഏറെ വൈകിയിരുന്നു. തിരക്കുകൾ ഒഴിഞ്ഞ് സ്റ്റേഷൻ ശാന്തമായി. ഭിക്ഷക്കാരും നാടോടികളുമൊക്കെ പ്ലാറ്റ്ഫോമിൽ അങ്ങിങ്ങായി തുണി വിരിച്ച് കിടപ്പായി. വൃത്തിഹീനമായ ആ അന്തരീക്ഷത്തിൽ വൈകാതെ താനും അവരിലൊരാളായി അവിടെ കിടക്കേണ്ട ഭീകരമായ അവസ്ഥ സംജാതമാകുമെന്നോർത്തപ്പോൾ ഒരു വിറയൽ ആതിരയുടെ ശരീരത്തിലൂടെ കടന്നുപോയി. ചിന്തകൾക്കൊടുവിൽ ഷാള് കൊണ്ട് കുഞ്ഞിനെ പൊതിഞ്ഞെടുത്ത് അവൾ ട്രാക്കിലൂടെ നടന്നു. പാതിരാ ട്രെയിൻ ഏതെങ്കിലും അതുവഴി വന്നാൽ മുന്നിലേക്ക് എടുത്ത് ചാടാമെന്ന് ആതിര മനസ്സിലുറപ്പിച്ചു. ആത്മഹത്യ അല്ലാതെ അവൾക്ക് മുന്നിൽ അപ്പൊ മറ്റൊരു വഴിയും തെളിഞ്ഞില്ല. ഒന്നര മാസം മാത്രം പ്രായമുള്ള കൈകുഞ്ഞിനെയും കൊണ്ട് തെരുവുകളിൽ അലഞ്ഞുനടക്കാൻ ആതിരയ്ക്ക് കഴിയുമായിരുന്നില്ല. അതിനേക്കാൾ നല്ലത് മരണമാണെന്ന് അവൾ ചിന്തിച്ചുപോയി. മോൾടെ മുഖത്തേക്ക് നോക്കുമ്പോൾ ആത്മഹത്യ ചെയ്യാനും ആതിരയ്ക്ക് ധൈര്യം വരുന്നുണ്ടായിരുന്നില്ല.

പക്ഷേ തനിക്ക് മുന്നിലുള്ള വഴികളെല്ലാം അടഞ്ഞിരിക്കുന്നു. ആ സത്യത്തെ അംഗീകരിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലൂടെ അവൾ മെല്ലെ നടന്നു. ദൂരെ നിന്നും ചൂളം വിളിച്ച് പാഞ്ഞുവരുന്ന ട്രെയിൻ കണ്ടതും ആതിര തയ്യാറായി നിന്നു. ഇനിയും പരീക്ഷണങ്ങൾ താങ്ങാൻ അവൾക്കാകുമായിരുന്നില്ല.തീവണ്ടി അകലെ നിന്നും അടുത്ത് വരുന്നത് കണ്ടപ്പോൾ ആതിര ശ്വാസമടക്കി പിടിച്ചു. ഇരുളിനെ കീറിമുറിച്ചുകൊണ്ട് തീവണ്ടി പാഞ്ഞടുക്കുകയാണ്. അവളുടെ കൈയ്യിൽ കിടന്നിരുന്ന കുഞ്ഞ് കുഞ്ഞിക്കണ്ണുകൾ തുറന്ന് കരയുന്ന അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയാണ്. ഒരുവേള ആതിരയുടെ മിഴികൾ മോൾടെ മുഖത്ത് പതിഞ്ഞു. കുഞ്ഞിക്കണ്ണുകൾ ചിമ്മിയടയുകയും ആ കുഞ്ഞിളം ചുണ്ടിൽ ഭംഗിയുള്ളൊരു പുഞ്ചിരി വിടരുകയും ചെയ്തു. ഒരുമാത്ര അത് കണ്ടതും അവളുടെ മാറിടമൊന്ന് വിങ്ങി.

തന്റെ പൊന്നോമനയുടെ മുഖത്തെ പാൽപുഞ്ചിരി ആതിരയുടെ മനസ്സിനെയൊന്ന് ഉലച്ചു. ആർത്ത് കരഞ്ഞുകൊണ്ടവൾ ട്രാക്കിൽ നിന്നും പെട്ടെന്ന് തന്നെ പുറത്ത് ചാടി. അവരുടെ അടുത്ത് കൂടി ചൂളംകുത്തി ട്രെയിൻ പാഞ്ഞുപോയി. ആ ശബ്ദത്തിൽ ഒന്ന് വിറച്ച് കൊണ്ട് കുഞ്ഞിപ്പെണ്ണ് അമ്മയുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നു. കുഞ്ഞിനെ ചേർത്ത് പിടിച്ച് ആതിര പൊട്ടിക്കരഞ്ഞു. ആത്മഹത്യ ചെയ്യാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ടവൾ കുഞ്ഞിന്റെ മുഖത്ത് തെരുതെരെ ചുംബിച്ചു. അന്ന് രാത്രി റെയിൽവേ സ്റ്റേഷന്റെ ഇരുളടഞ്ഞൊരു മൂലയിൽ നിലത്ത് ഷീറ്റ് വിരിച്ച് ആതിര കുഞ്ഞിനെയും കൊണ്ട് കിടന്നു. തണുത്ത് വിറയ്ക്കുന്ന മോളെ നന്നായി പൊതിഞ്ഞെടുത്ത് പാലൂട്ടി ഉറക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്ത് പ്രതിസന്ധി വന്നാലും ഇനിയൊരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കില്ലെന്ന് ആതിര മനസ്സിൽ തീരുമാനമെടുത്തു.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story