മറുതീരം തേടി: ഭാഗം 49

marutheeram thedi shiva

രചന: ശിവ എസ് നായർ

 "ഷൈനി മാഡത്തിന് ഒന്നും വരില്ല. അച്ഛനും അമ്മയും വിഷമിക്കണ്ട." ഷൈനിയുടെ അവസ്ഥയോർത്ത് സങ്കടപ്പെട്ടിരിക്കുന്ന ദേവകിയുടെയും രാമകൃഷ്ണന്റെയും അടുത്ത് വന്നിരുന്ന് ആതിര പറഞ്ഞു. "ഷൈനി ഒന്നര മാസം ഗർഭിണിയായിരുന്നു മോളെ. അവർ എത്ര വർഷങ്ങളായി കാത്തിരുന്ന് കിട്ടിയ കുട്ടിയാണെന്ന് അറിയോ. ഭൂമിയിലേക്ക് വരുന്നതിന് മുൻപ് തന്നെ ആയുസ്സെത്താതെ പോകാനായിരുന്നല്ലോ ആ കുരുന്നിന്റെ വിധി." സാരിത്തുമ്പിൽ കണ്ണീരൊപ്പി ദേവകി വിതുമ്പലടക്കി. അത് കേട്ടപ്പോൾ അവരെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടതെന്നറിയാതെ അവളും വിഷണ്ണയായി. "മോൾക്കൊരു കാര്യമറിയുമോ, നാട്ടിൽ വന്നിട്ട് ഞങ്ങളോടൊപ്പം മോളെയും ദുബായ്ക്ക് കൊണ്ട് പോണമെന്നും അവിടെ ഒരു ജോലി ശരിയാക്കി തരണമെന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു റാമും ഷൈനിയും. റാം നാട്ടിൽ വന്ന ശേഷം മോളോട് ഇക്കാര്യം സർപ്രൈസ് ആയിട്ട് പറയാനിരിക്കുമ്പോഴാണ് ഇങ്ങനെയൊരു ദുരന്തം വന്നുപെട്ടത്. എല്ലാർക്കും നല്ലത് വരണമെന്ന് മാത്രം ചിന്തിച്ച് പ്രവർത്തിക്കുന്നവരായിരുന്നു എന്റെ മോനും മരുമോളും.

പാവം... അവൾക്കീ ഗതി വന്നല്ലോ." തന്നെയും കൂടി ദുബായ്ക്ക് കൊണ്ട് പോകാൻ ഉദ്ദേശിച്ചിരുന്നുവെന്ന് കേട്ടപ്പോൾ ആതിര അത്ഭുതപ്പെട്ടു. അത്രയും നല്ല മനസ്സിന് ഉടമകളായവർക്ക് ഒരാപത്തും വരരുതേയെന്നവൾ മനമുരുകി പ്രാർത്ഥിച്ചു. "ഈ സമയത്ത് മോൾ ഞങ്ങൾക്കൊപ്പമുള്ളത് വലിയൊരു സഹായമാണ്. റാമിനെയും ഷൈനിയെയും പോലെത്തെന്നെ നീയും ഞങ്ങൾക്ക് പ്രിയപ്പെട്ടവളാണ്. അതുകൊണ്ടാ നിനക്ക് കൂടി അവിടെ ജോലി നോക്കാൻ മോനോട്‌ ഞാൻ പറഞ്ഞത്. നല്ലൊരു ജോലി കിട്ടിയാ നിന്റെ കഷ്ടപ്പാടിനൊക്കെ മാറ്റം വരും മോളെ." വാത്സല്യത്തോടെ രാമകൃഷ്ണൻ അവളുടെ നെറുകയിൽ തലോടി. ശ്രീറാമിന്റെ വീടും വീട്ടുകാരും ആതിരയ്ക്കിപ്പോ സ്വന്തം വീടും വീട്ടുകാരും പോലെയാണ്. ഇപ്പൊ പകൽ സമയങ്ങളിലൊക്കെ റാമിന്റെ അച്ഛനും അമ്മയുമാണ് അവളുടെ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. അവരവളെ സ്നേഹത്തോടെ തുമ്പി മോളേന്നാണ് വിളിച്ചത്.

ഷൈനിക്കുണ്ടായ ദുരന്തം അവർക്കിടയിലൊരു നോവായി നിൽക്കുമ്പോഴാണ് ദുബായിൽ നിന്നും ശ്രീറാമിന്റെ കാൾ ആതിരയെ തേടിയെത്തുന്നത്. ഷൈനിയുടെ ആരോഗ്യ കാര്യങ്ങൾ പറയാൻ അച്ഛനെയും അമ്മയെയും വിളിച്ച കൂട്ടത്തിലാണ് റാം ആതിരയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. "ആതിരാ... എനിക്ക് അർജന്റായി തന്നോടൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു." ശ്രീറാമിന്റെ ക്ഷീണിച്ച സ്വരം ഫോണിലൂടെ കേട്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി അവനൊരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന്. "എന്താ സർ, പറയൂ..." "നാട്ടിൽ നിന്ന് അച്ഛനെയും അമ്മയെയും കൊണ്ട് വരുമ്പോൾ ഒപ്പം തന്നെയും മോളെയും കൂട്ടണമെന്നും ഇവിടെ ഏതെങ്കിലും ഹോസ്പിറ്റലിൽ ഒരു ജോലി തരപ്പെടുത്തി തരണമെന്നും മനസ്സിൽ വിചാരിച്ചതാണ്. അപ്പോഴാണ് ഷൈനിയുടെ ആക്‌സിഡന്റ് നടക്കുന്നത്. ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റുന്നത് കൊണ്ട് ഇവിടെതന്നെ ചികിത്സ തുടരാമെന്നാണ് വിചാരിക്കുന്നത്. ഞാൻ പറഞ്ഞു വരുന്നത് എന്താന്ന് വച്ചാൽ,

ഷൈനിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും വീട്ടിൽ കൊണ്ട് വരുമ്പോൾ നല്ല പരിചരണം വേണ്ടി വരും. അവളിപ്പോ അപകടനില തരണം ചെയ്ത് വരുന്നതേയുള്ളു. ആതിരയ്ക്ക് ഇവിടെ ഞങ്ങളോടൊപ്പം നിന്ന് ഷൈനിക്ക് വേണ്ട കേറിങ് കൊടുക്കാൻ കഴിയുമോ." അവസാന വാചകങ്ങൾ പറയുമ്പോൾ റാമിന്റെ സ്വരമിടറിയിരുന്നു. "മാഡത്തിനെ നോക്കാൻ എനിക്ക് സന്തോഷമേയുള്ളു സർ. എപ്പഴാ ഞാനങ്ങോട്ട് വരേണ്ടത്?" മറുപടി പറയാൻ അവൾക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല. "താൻ എത്രയും പെട്ടെന്ന് തനിക്കുള്ള പാസ്പോർട്ട്‌ റെഡിയാക്കിയാൽ അച്ഛനും അമ്മയ്ക്കുമൊപ്പം തനിക്കും മോൾക്കും കൂടി ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം." "ഓക്കേ സർ... സർ പറയുന്നത് പോലെ ചെയ്യാം ഞാൻ. മാഡത്തിന് ഇപ്പൊ എങ്ങനെയുണ്ട് സർ?" "കാലിനൊരു സർജറി വേണ്ടി വന്നു. എല്ലിന് പൊട്ടലുണ്ടായിരുന്നു. ഹെഡ് ഇഞ്ചുറിയുമുണ്ടായിരുന്നു. ബട്ട്‌ അത് സീരിയസ് അല്ലാത്തത് കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ ആള് തന്നെ തീർന്നേനെ." "സർ വിഷമിക്കണ്ട... മാഡം പെട്ടന്ന് തന്നെ സുഖപ്പെടും."

"അത് തന്നെയാണ് എന്റെയും പ്രാർത്ഥന. ആതിര ഫോൺ അച്ഛന് കൊടുക്കൂ... ബാക്കി കാര്യങ്ങൾ ഞാൻ അച്ഛനോട് പറഞ്ഞേക്കാം." "ശരി സർ." അവൾ രാമകൃഷ്ണന് ഫോൺ കൈമാറി. ശ്രീറാം അച്ഛനോട് വിശദമായി കാര്യങ്ങൾ പറഞ്ഞ ശേഷം കാൾ അവസാനിപ്പിച്ചു. ശ്രീറാമിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം ആതിരയും കുഞ്ഞും ദുബായ്ക്ക് പോകാൻ തയ്യാറെടുത്തു. തന്റെ സ്വാധീനം ഉപയോഗിച്ച് നാട്ടിൽ പോകാതെ തന്നെ ആതിരക്കും കുഞ്ഞിനും പാസ്പോർട്ടിനായുള്ള പോലീസ് വെരിഫിക്കേഷൻ ഒക്കെ പൂർത്തിയാക്കി എത്രയും വേഗത്തിൽ പാസ്പോർട്ട്‌ ലഭിക്കാനുള്ള ഏർപ്പാടുകൾ കാർത്തിക്ക് ചെയ്തു കൊടുത്തു. ************ "ഭാരതീ... നമുക്കിന്ന് ആരതിയെ കാണാൻ പോയാലോ... കുറേയായില്ലേ അവിടെവരെ ഒന്ന് പോയിട്ട്?" മുരളി ഭാര്യയോടായി ചോദിച്ചു. "മുരളിയേട്ടൻ ഇന്ന് നേരത്തെ കടയടച്ച് പോര്. നിങ്ങളെത്തുമ്പോഴേക്ക് ഞാൻ ഒരുങ്ങി നിൽക്കാം." ഭാരതി പറഞ്ഞു. "അങ്ങനെയാണെങ്കിൽ അഞ്ജു മോള് സ്കൂളിൽ നിന്ന് വരുമ്പോ അവളേം കൂടെക്കൂട്ടാം."

"എല്ലാരും കൂടി പോയാൽ അമ്മയിവിടെ ഒറ്റയക്കാവില്ലേ. അതുകൊണ്ട് നമുക്ക് മാത്രം പോവാം." "അങ്ങനെയെങ്കിൽ അങ്ങനെ. എന്തായാലും വൈകിട്ട് ഞാൻ വരുമ്പോ നീ ഒരുങ്ങി നിൽക്ക്." അത്രയും പറഞ്ഞിട്ട് അയാൾ കടയിലേക്ക് പോകാനായി ഇറങ്ങി. വൈകുന്നേരം, നേരത്തെ കടയടച്ച് മുരളി വീട്ടിലെത്തി. ശേഷം അയാളും ഭാരതിയും കൂടി പലഹാര പൊതികളുമായി ആരതിയെ കാണാൻ വേണ്ടി ചന്ദ്രന്റെ വീട്ടിലേക്ക് തിരിച്ചു. മണിമാളിക പോലെയുള്ള ചന്ദ്രന്റെ വീടിന് മുന്നിൽ ഓട്ടോയിൽ ചെന്നിറങ്ങുമ്പോൾ മുരളിക്കും ഭാരതിക്കും അൽപ്പം ജാള്യത തോന്നി. എന്തൊക്കെയാണെങ്കിലും തന്റെ മകൾക്ക് കിട്ടിയ മുന്തിയ ബന്ധത്തിൽ അവരിരുവരും അഭിമാനം കൊണ്ടിരുന്നു. വലിയ ഗേറ്റിന്റെ ഓടാമ്പൽ നീക്കി രണ്ടുപേരും അകത്തേക്ക് പ്രവേശിച്ചു. ഗേറ്റിൽ നിന്നും അഞ്ചുമിനിറ്റ് നടന്ന് വേണം വീടിന് മുന്നിലെത്താൻ. "നിനക്കവിടെ എന്താടി ഇത്രയ്ക്ക് മല മറിക്കുന്ന പണി. നേരെചൊവ്വേ അടിച്ചുവാരി തുടയ്ക്കെടി ഒരുമ്പെട്ടോളേ... ദാരിദ്ര്യം പിടിച്ച വീട്ടീന്ന് നിന്നെ കെട്ടികൊണ്ട് വന്നത് ഇവിടെ കെട്ടിലമ്മയായി വാഴിക്കാനല്ല. അങ്ങോട്ട്‌ ആഞ്ഞു തുടയ്ക്കെടി പെണ്ണേ." സുജിത്തിന്റെ അമ്മ

സീമ ആരതിയുടെ മുടിക്കുത്തിൽ പിടിച്ചു നിലത്തേക്ക് തള്ളി കൊണ്ട് പറഞ്ഞു. നിലത്തെ മാർബിളിൽ നെറ്റിയിടിച്ചാണ് ആരതി വീണത്. "കുറച്ചുമുൻപ് ഞാൻ ഇവിടെയൊക്കെ തൂത്ത് തുടച്ചതാ അമ്മേ... സുജിത്തേട്ടൻ ചെരുപ്പിട്ട് അകത്തേക്ക് കേറി വന്നിട്ടാ ഇവിടെയൊക്കെ അഴുക്ക് പുരണ്ടത്." നെറ്റി തടവി കരഞ്ഞുകൊണ്ട് ആരതി പറഞ്ഞു. "നിന്നോട് ഞാനിപ്പോ വിശദീകരണം ചോദിച്ചില്ലല്ലോ. മര്യാദയ്ക്ക് ഈ പണി വേഗം തീർത്തിട്ട് തുണിയൊക്കെ വാരിയിട്ട് അലക്കിയെടുക്ക്. വെയിൽ പോകുന്നതിന് മുൻപ് എല്ലാം ഉണക്കിയെടുത്തോണം." അവളോട് ആക്രോശിച്ചുകൊണ്ട് പിന്തിരിഞ്ഞ സീമ കാണുന്നത് മുരളിയെയും ഭാരതിയെയുമാണ്. അവരുടെ മുഖഭാവങ്ങളിൽ നിന്ന് എല്ലാം കേട്ടുവെന്ന് സീമയ്ക്കുറപ്പായി. പെട്ടെന്നവർ മുഖത്തൊരു പുഞ്ചിരി അണിഞ്ഞു. "ആരാത് വന്നിരിക്കുന്നത്... അവിടെതന്നെ നിൽക്കാതെ കേറിവരൂ." സ്വരത്തിൽ മർദ്ദവം വരുത്തി അവർ പറഞ്ഞു. അപ്രതീക്ഷിതമായി അച്ഛനെയും അമ്മയെയും കണ്ടതിന്റെ ഞെട്ടലിലായിരുന്നു ആരതി. അവൾക്ക് വല്ലാത്ത സങ്കടം തോന്നി.

പൊട്ടിവന്ന തേങ്ങൽ ഉള്ളിലടക്കി ആരതി ചിരിച്ച് കൊണ്ടവരെ എതിരേറ്റു. "ഭാരതി... മോളെകൊണ്ട് വീട്ടിൽ ജോലിയൊന്നും ചെയ്പ്പിക്കില്ലായിരുന്നോ? ഇങ്ങോട്ട് കെട്ടിക്കേറി വരുമ്പോ ഇവൾക്കൊരു ചായ പോലും ഇടാനറിയില്ലായിരുന്നു. ഇവളെ എല്ലാമൊന്ന് പഠിപ്പിച്ചെടുക്കാൻ ഞാൻ പെട്ട പാട് എനിക്കറിയാം. ചെന്ന് കേറുന്ന വീട്ടിൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാതെയാണോ മോളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. ഇപ്പൊതന്നെ കണ്ടില്ലേ... നേരെചൊവ്വേ വൃത്തിക്ക് നിലം തുടയ്ക്കാൻ പോലുമറിയില്ല. വഴക്ക് പറയാതെ നിവൃത്തിയില്ല. വീട്ടിൽ ഒരു പണിയുമെടുപ്പിക്കാതെ പുന്നാരിച്ചു കൊണ്ടുനടന്നാൽ വന്ന് കേറുന്ന വീട്ടിൽ ഇതുപോലെ ഓരോ കുഴപ്പങ്ങൾ ഉണ്ടാക്കി വയ്ക്കും. ഇവിടെ കണ്ടതൊന്നും വല്യ കാര്യായി കാണണ്ട. ഇത് സുജിത്തിനുള്ള വീടാണ്. ഇവിടം വൃത്തിയായി നോക്കേണ്ടത് ഇവളുടെ കടമയല്ലേ. എല്ലാം പുറകെ നടന്ന് പറയാൻ ഒരാള് വേണമെന്ന അവസ്ഥയാ." തഞ്ചത്തിൽ സീമ, മരുമകളെ കുറിച്ചുള്ള കുറ്റങ്ങൾ അവരോട് പറഞ്ഞു. മുരളിയും ഭാരതിയും നാവിറങ്ങിയത് പോലെ നിന്നു.

ആരതിയെ നിലത്തേക്ക് പിടിച്ചു തള്ളിയതിനും അവളെ ചീത്ത പറഞ്ഞതിനും അവരെ ചോദ്യം ചെയ്യണമെന്ന് മനസ്സിൽ കരുതിയിരിക്കുകയായിരുന്ന മുരളിക്ക് തിരിച്ചൊന്നും പറയാനില്ലാത്ത അവസ്ഥയിലായിപ്പോയി. നിസ്സഹായതയോടെ അയാൾ മകളെ നോക്കി. അവൾ ഒന്നും മിണ്ടാതെ ശിരസ്സ് കുനിച്ചു നിന്നു. മുരളിയുടെയും ഭാരതിയുടെയും കണ്ണുകൾ മകളെ അടിമുടി ഉഴിഞ്ഞു. തന്റെ വീട്ടിൽ ഒരു പൂത്തുമ്പിയെ പോലെ പാറികളിച്ചു നടന്നിരുന്ന മകളാണ്, രാജകുമാരിയെ പോലെ കഴിയേണ്ട വീട്ടിൽ മുഷിഞ്ഞു നാറിയ വേഷവുമണിഞ്ഞ് വേലക്കാരിയെ പോലെ ഇവിടുത്തെ പണികളെടുത്തു നടക്കുന്നത്. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് തന്നെ തന്റെ മകൾ മെലിഞ്ഞുണങ്ങി പട്ടിണി കോലത്തിലായി. തങ്ങളുടെ വീട്ടിലായിരുന്നപ്പോൾ ആവശ്യത്തിന് വണ്ണവും നല്ല സുന്ദരിയുമായിരുന്ന മോളെ കാണാനിപ്പോ അഷ്ടിക്ക് വകയില്ലാത്ത വീട്ടിൽ കഴിയുന്നത് പോലെയാണ്. തന്റെ മകൾക്ക് ആവശ്യമായ ഭക്ഷണമെങ്കിലും ഇവിടെ നിന്ന് കിട്ടുന്നുണ്ടോന്ന് ഓർത്ത് അയാൾക്ക് ആധിയായി. ഇതൊന്നും അവളോട് തുറന്ന് ചോദിക്കാൻ പറ്റാതെ മുരളി വീർപ്പുമുട്ടലോടെ ഇരുന്നു.

ഭാരതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. മാതാപിതാക്കളുടെ ചുഴിഞ്ഞുനോട്ടം ആരതിയെ അസ്വസ്ഥതപ്പെടുത്തി. കൈമുട്ടിന് മുകളിൽ സീമ ചട്ടുകം കൊണ്ട് പൊള്ളിച്ച പാട് അച്ഛനും അമ്മയും കാണാതിരിക്കാനായി ചുരിദാറിന്റെ കൈ അൽപ്പം കൂടി അവൾ താഴ്ത്തിയിട്ടു. "അച്ഛനും അമ്മയും ഇരിക്ക്, ഞാൻ ചായ എടുക്കാം." ആരതി വേഗം അടുക്കളയിലേക്ക് നടന്നു. അവൾക്ക് പിന്നാലെ പോകാനായി എഴുന്നേറ്റ ഭാരതിയെ സീമ തന്ത്രപൂർവ്വം തടഞ്ഞു. "ഭാരതി ഇവിടിരിക്ക്... മോള് ചായയിട്ട് കൊണ്ട് വന്നോളും." വേറെ വഴിയില്ലാതെ മനസ്സില്ലാ മനസ്സോടെ ഭാരതി അവർക്കരികിലിരുന്നു. അൽപ്പസമയത്തിനകം ഒരു ട്രേയിൽ ചായയും പലഹാരങ്ങളുമായി ആരതി അവരുടെ അടുത്തേക്ക് വന്നു. "ദാ അച്ഛാ ചായ... അമ്മേ... ദേ ചായ കുടിക്ക്." മുന്നിലെ ടീപോയിലേക്ക് അവൾ ട്രേ വച്ചു. "നിനക്കവിടെ സുഖമാണോ മോളെ." വേദനയോടെ മുരളി ചോദിച്ചു. "എനിക്കിവിടെ സുഖമാണ് അച്ഛാ... ഇടയ്ക്കിടെ അമ്മയുടെ കൈയ്യിൽ നിന്ന് രണ്ട് വഴക്ക് കിട്ടിയാലേ എന്റെ മടി മാറൂ.

അച്ഛനും അമ്മയും എന്നെ കൊഞ്ചിച്ചു വളർത്തിയത് കൊണ്ടാ ഞാനൊരു മടിച്ചിയായി പോയത്." അർത്ഥ ഗർഭമായി അവൾ സീമയെയൊന്ന് നോക്കി. അവരുടെ മുഖത്ത് നിറയെ ഗൗരവമായിരുന്നു. ആരതിയുടെ ആ മറുപടിയിൽ സീമയുടെ മുറുകിയ മുഖമൊന്ന് അയയുകയും ഗൂഢമായൊരു പുഞ്ചിരി വിടരുകയും ചെയ്തു. പാകത്തിന് കടുപ്പവും മധുരവും ചേർത്ത് അവളുണ്ടാക്കി കൊണ്ടുവന്ന ചൂട് ചായ ഊതിയൂതി കുടിക്കുമ്പോൾ മുരളിയുടെ ഹൃദയം വിങ്ങി. തന്റെ പൊന്നുമോൾ ഒത്തിരി മാറിപോയെന്ന് അയാൾക്ക് തോന്നി. ആരതിയോട് യാത്ര പറഞ്ഞു അവിടെനിന്ന് ഇറങ്ങുമ്പോൾ മുരളിയുടെയും ഭാരതിയുടെയും ഉള്ളം വേദനയാൽ നീറി. തങ്ങൾ താഴത്തും തറയിലും വയ്ക്കാതെ കൊഞ്ചിച്ചുവളർത്തിയ പൊന്നുമോൾ ഒരു വേലക്കാരിയെ പോലെ ആ വീട്ടിൽ ജീവിക്കുന്നത് കാഴ്ചക്കാരെപോലെ നോക്കി നിൽക്കാൻ മാത്രമേ തങ്ങൾക്കായുള്ളു എന്ന ചിന്ത അവരുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ആ വീട്ടിൽ താനനുഭവിക്കുന്ന യാതനകൾ അച്ഛനെയും അമ്മയെയും കൂടി അറിയിച്ച് അവരെക്കൂടി വിഷമിപ്പിക്കാൻ ആരതിക്ക് മനസ്സ് വന്നില്ല. തനിക്കിവിടെ സന്തോഷമാണെന്ന് പറഞ്ഞാണ് അവളവരെ തിരിച്ചയച്ചത്. *************

"ആതിരേ... നാളെയാണ് നിങ്ങൾ ദുബായ്ക്ക് പോകുന്നത്. അവിടെ തന്നെ കാത്തിരിക്കുന്നത് പുതിയൊരു ജീവിതമാണ്. ഷൈനി സുഖപ്പെട്ട് കഴിഞ്ഞാൽ റാം നിനക്ക് അവിടെ ഏതെങ്കിലും നല്ലൊരു ഹോസ്പിറ്റലിൽ ജോലി ശരിയാക്കി തരും. തനിക്കും മോൾക്കും ആരെയും ആശ്രയിക്കാതെ ജീവിക്കാൻ അത് മതിയാകും. സന്തോഷത്തോടെ പോയിട്ട് വരണം." ശ്രീറാമിന്റെ വീട്ടിലെത്തിയ കാർത്തിക് ആതിരയോടായി പറഞ്ഞു. "സാർ ഇല്ലായിരുന്നുവെങ്കിൽ എന്റേം മോൾടേം അവസ്ഥ എന്താകുമെന്ന് ഊഹിക്കാൻ പോലും പറ്റില്ലായിരുന്നു. ഒരുപാട് നന്ദിയുണ്ട് സർ." നന്ദിയോടെ അവൾ കാർത്തിക്കിനെ നോക്കി. പിറ്റേന്ന് രാത്രിക്കുള്ള ഫ്‌ളൈറ്റിൽ ശ്രീറാമിന്റെ അച്ഛനും അമ്മയും ഒപ്പം ആതിരയും കുഞ്ഞും പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി. എയർപോർട്ടിൽ അവരെ യാത്രയാക്കാൻ കാർത്തിക്കും ഹേമലതയും ഒപ്പം രാജീവും പോയി.

ആതിരയുടെ കുഞ്ഞിനെ എടുത്തിരുന്നത് റാമിന്റെ അമ്മയാണ്. തങ്ങളുടെ സ്വന്തം പേരക്കുട്ടിയെ നോക്കുന്നത് പോലെയാണ് രാമകൃഷ്ണനും ദേവകിയും തുമ്പി കുട്ടിയെ സ്നേഹിക്കുന്നത്. ചെക്ക്ഇൻ ചെയ്യാനുള്ള സമയമായപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞ് രാമകൃഷ്ണനും ദേവകിയും ആതിരയും അകത്തേക്ക് പോയി. ഓർമ്മ വച്ച നാൾ മുതൽ വീട്ടുകാരുടെ സ്നേഹരാഹിത്യവും അവഗണനയും മാത്രം അനുഭവിച്ചവൾ, ഒറ്റപെട്ടുപോയ അവൾക്ക് തുണയായി എത്തിയവനും ഒരു നാൾ ഒന്നും പറയാതെ അപ്രത്യക്ഷമായി. കുഞ്ഞിനെയും കൊണ്ട് ദുരിതകടൽ ഒറ്റയ്ക്ക് നീന്തികയറിയവൾ ഇന്ന് ജീവിതം തെരുപിടിപ്പിക്കാൻ മറുതീരം തേടിയുള്ള യാത്ര ആരംഭിച്ചു. മരുതീരത്ത് തങ്ങളെ കാത്തിരിക്കുന്നത് എന്തെന്നറിയാതെ ആതിര സീറ്റിൽ ചാരി കണ്ണുകൾ അടിച്ചിരുന്നു. വിമാനം മെല്ലെ മെല്ലെ റൺവേയിൽ നിന്ന് ആകാശത്തേക്ക് ഉയർന്നു....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story