മറുതീരം തേടി: ഭാഗം 5

marutheeram thedi shiva

രചന: ശിവ എസ് നായർ

  വേലായുധനോട്‌ സംസാരിച്ച് നിന്നതിനാൽ നേരം വൈകിയാണ് അയാൾ വീട്ടിലെത്തിച്ചേർന്നത്. ആരതിയും അഞ്ജുവും അത്താഴം കഴിച്ച് കിടന്നിരുന്നു. മുരളിക്കുള്ള ചോറ് വിളമ്പി വച്ച് അയാളുടെ വരവും കാത്തിരിക്കുകയായിരുന്നു ഭാരതി. വീട്ടിലെത്തിയ ഉടനെതന്നെ പതിവുപോലെ കിണറ്റിൻ കരയിൽ പോയി കുളിച്ച് വൃത്തിയായ ശേഷം മുരളി ഭക്ഷണം കഴിക്കാനായി വന്നിരുന്നു. ചോറും കറികളും ആവശ്യാനുസരണം വിളമ്പിക്കൊടുത്തുകൊണ്ട് ഭാരതിയും അരികിലിരുന്നു. "ഭാരതീ... നിനക്കൊരു കാര്യം കേക്കണോ? ഇന്ന് കടയടച്ച് പോരാൻ തുടങ്ങുമ്പോ ഒരു സംഭവമുണ്ടായി." ചോറുരുളകൾ വായിലാക്കുന്നതിനിടയിൽ അയാൾ സംസാരത്തിന് തുടക്കമിട്ടു. "എന്ത് സംഭവം?" ഭാരതി ചോദിച്ചു. "ഞാനിന്ന് കടയടച്ചു ഇറങ്ങാൻ തുടങ്ങുമ്പോ പൂമഠത്തെ വേലായുധൻ ചേട്ടനെ കണ്ടായിരുന്നു. ചേട്ടൻ വീട്ടിലേക്ക് പോകുന്ന വഴി എന്നെക്കണ്ടപ്പോ സംസാരിക്കാനായി വണ്ടി നിർത്തിയതാ. എന്നിട്ട് വേലായുധൻ ചേട്ടൻ എന്നോടൊരു കാര്യം പറഞ്ഞു."

"വേലായുധൻ ചേട്ടൻ എന്താ പറഞ്ഞേ?" ആകാംക്ഷയോടെ ഭാരതി അയാളെ നോക്കി. "ആ അസത്ത് പെണ്ണിനെ ശിവന് ഇഷ്ടപ്പെട്ടെന്ന്. അവളെ ഇവിടെ വന്ന് പെണ്ണ് കണ്ട് പോയേപ്പിന്നെ ശിവന് നല്ല മാറ്റമുണ്ടെന്നാ കേട്ടത്. അതുകൊണ്ട് വേലായുധൻ ചേട്ടന് ഇവരുടെ കെട്ട് പെട്ടെന്ന് നടത്തിയാൽ കൊള്ളാമെന്നുണ്ട്. വരുന്ന ചിങ്ങത്തിൽ തന്നെ രണ്ടുപേരെയും പിടിച്ചു കെട്ടിക്കാന്നാ പറയണേ." "അതെങ്ങനെ നടക്കും. ആതിര കർണാടകയ്ക്ക് പോയില്ലേ. മുരളിയേട്ടനല്ലേ അവളോടിനി ഈ പടി ചവിട്ടരുതെന്ന് പറഞ്ഞു ഇറക്കി വിട്ടത്. ഇനിയവള് ഇങ്ങോട്ട് വരോ?" "അവളെ തഞ്ചത്തിൽ ഇങ്ങ് വരുത്തണം. ഈ ബന്ധം നടന്നു കിട്ടിയാൽ നമ്മൾ രക്ഷപ്പെടും." പാത്രം വടിച്ചുനക്കി ഏമ്പക്കം വിട്ടുകൊണ്ട് അയാൾ കൈകഴുകാനായി എഴുന്നേറ്റു. "ഇത്രയും നാൾ അവളെയൊന്ന് തിരിഞ്ഞു നോക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല നമ്മൾ. അങ്ങനെയുള്ളപ്പോ പെട്ടന്ന് ചെന്ന് വിളിച്ചാൽ അവള് വരോ?" എച്ചിൽ പാത്രം കയ്യിലെടുത്ത് ഭാരതി മുരളിക്ക് പിന്നാലെ ചെന്നു. "എന്തായാലും അവൾക്ക് ഓണത്തിന് അവധി കാണുമല്ലോ. ആ നേരം നോക്കി പോയി വിളിച്ചുകൊണ്ട് വരാം. വേലായുധൻ ചേട്ടനും ശിവനുമൊക്കെ ഈ ബന്ധം നടന്ന് കിട്ടാൻ ആഗ്രഹമുണ്ട്."

"ആര് പോയി കൊണ്ടുവരും അവളെ?" "നീ പോണം... നീ പോയി വിളിച്ചാൽ അവൾ വരും. വന്നില്ലെങ്കിൽ എങ്ങനെയെങ്കിലും കൊണ്ട് വന്നേ പറ്റു. ആ അസത്തിനെ പൂമഠത്തുകാർക്ക് കൊടുത്താൽ നമ്മുടെ കൊച്ചുങ്ങളെ നല്ല രീതിയിൽ പഠിപ്പിച്ചു നല്ല സ്ത്രീധനം കൊടുത്തു കെട്ടിക്കാനുള്ള വകയൊക്കെ അവിടുന്ന് തരപ്പെടുത്താൻ പറ്റും. അവളെക്കൊണ്ട് ഈ വീടിന് അങ്ങനെയൊരു ഉപകാരമെങ്കിലും ഉണ്ടാവട്ടെ." "പെട്ടന്ന് ചെന്ന് വിളിച്ചാൽ സംശയം തോന്നി അവൾ വരാതിരുന്നാലോ?" ഭാരതിക്ക് സംശയം മാറുന്നുണ്ടായിരുന്നില്ല. "നാളെ മുതൽ എന്റെ ഫോണിൽ നിന്ന് നീയവളെ വിളിച്ചു സംസാരിക്ക്." മുരളി ഒരുപായം പറഞ്ഞു. "അതിനവൾക്ക് ഫോൺ വേണ്ടേ?" "അവൾക്ക് ഫോണില്ലെന്ന കാര്യം എനിക്കറിയാം. നീ അവളുടെ ഹോസ്റ്റലിലേക്ക് വിളിക്ക്. ഹോസ്റ്റൽ നമ്പർ നിന്റെ അമ്മേടെ കയ്യിൽ കാണില്ലേ. നാളെതന്നെ ചോദിച്ചു വാങ്ങി അവളെ വിളിച്ചു സംസാരിക്കാൻ തുടങ്ങിക്കോ." "ഇത്രയും നാൾ വിളിക്കാതെ ഇപ്പൊ എന്തിനാ വിളിച്ചേന്ന് അവൾ ചോദിച്ചാ ഞാൻ എന്ത് പറയും?" ഭാരതി ഭർത്താവിനെ നോക്കി.

"അതൊക്കെ നിന്റെ ഇഷ്ടം... എന്തെങ്കിലുമൊക്കെ പറഞ്ഞ് അവളെ നമ്മുടെ വഴിക്ക് കൊണ്ട് വാ. വേലായുധൻ ചേട്ടനെ ബന്ധുവായി കിട്ടിക്കഴിഞ്ഞാൽ നമ്മൾ രക്ഷപെട്ടു." മനസ്സിൽ പലവിധ സ്വപ്‌നങ്ങൾ നെയ്തെടുത്തുകൊണ്ട് അയാൾ പറഞ്ഞു. "നാളെ അമ്മയെ വിളിച്ച് അവൾ നിൽക്കുന്ന ഹോസ്റ്റലിലെ നമ്പർ വാങ്ങിയ ശേഷം ഞാൻ വിളിക്കുന്നുണ്ട്." "ഉം... കാര്യങ്ങൾ യുക്തിപൂർവ്വം ആലോചിച്ചു ചെയ്യണം. ശിവനെക്കൊണ്ട് കെട്ടിക്കാനാ അവളെ നമ്മൾ വിളിക്കുന്നതെന്ന് അവളറിഞ്ഞാൽ പിന്നെ ആ അശ്രീകരം ഇങ്ങോട്ട് വരില്ല. അതുകൊണ്ട് ഈ കാര്യം ആരെയും അറിയിക്കണ്ട. വേലായുധൻ ചേട്ടനോടും ഇക്കാര്യം പറയുന്നുണ്ട് ഞാൻ." "അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം." അങ്ങനെ ഭാരതിയും മുരളിയും കൂടി ആതിരയെ നാട്ടിലെത്തിക്കാനുള്ള കരുക്കൾ നീക്കിത്തുടങ്ങി. അതിന്റെ ആദ്യ പടിയായി ഭാരതി ഭാർഗവിയമ്മയെ വിളിച്ച് ആതിര താമസിക്കുന്ന ഹോസ്റ്റലിലെ നമ്പർ വാങ്ങിച്ചു. നമ്പർ എന്തിനാന്നു ഭാർഗവിയമ്മ അവരോട് ചോദിച്ചപ്പോൾ ആതിരയെ വിളിക്കാനാണെന്ന് പറഞ്ഞു.

ഇത്രയും നാൾ മുരളിയെ പേടിച്ചിട്ടാണ് അവളെ വിളിക്കാതെയും അവളുടെ കാര്യങ്ങൾ തിരക്കാതെയും ഇരുന്നതെന്നും ഇനിയും തനിക്കത് തുടരനാവില്ലെന്നും അവർ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ അത് സത്യമായിരിക്കുമെന്ന് ഭാർഗവിയമ്മ വിശ്വസിച്ചു. ഒന്നുല്ലേലും അവളെ പെറ്റ തള്ളയല്ലേ. ഉള്ളിന്റെയുള്ളിൽ ഇത്തിരിയെങ്കിലും സ്നേഹം അവളോട് കാണാതിരിക്കോ എന്ന് അവരും ചിന്തിച്ചു. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 രാത്രി കിടക്കുന്നതിനു മുൻപ് റൂമിലിരുന്ന് അന്ന് ക്ലാസ്സിൽ പഠിപ്പിച്ചതൊക്കെ ഒന്നുകൂടി മനസ്സിരുത്തി പഠിക്കുകയായിരുന്നു ആതിര. അപ്പോഴാണ് ഹോസ്റ്റൽ വാർഡൻ അവൾക്ക് വീട്ടിൽ നിന്നും ഫോൺ വന്നിട്ടുണ്ടെന്ന് വന്ന് പറഞ്ഞത്. അമ്മാമ്മയായിരിക്കും വിളിക്കുന്നതെന്ന് കരുതി അവൾ വേഗം തന്നെ ഫോണിന്റെ അടുത്തേക്ക് പോയി. "ഹലോ... അമ്മാമ്മേ." ആതിര സ്നേഹത്തോടെ വിളിച്ചു. "അമ്മാമ്മ അല്ല മോളെ... നിന്റെ അമ്മയാണ്." ഫോണിൽ കൂടി അപ്രതീക്ഷിതമായി ഭാരതിയുടെ ശബ്ദം കേട്ടതും ആതിര ഒരുനിമിഷം ഞെട്ടി.

"അ... അമ്മയോ..." വിശ്വാസം വരാതെ അവൾ ചോദിച്ചു. "ഞാൻ തന്നെയാ... നിന്നെ വിളിക്കാതെ നിന്റെ കാര്യങ്ങൾ അന്വേഷിക്കാതെ അമ്മയ്‌ക്കൊരു സമാധാനമില്ല മോളെ. ഇന്ന് അമ്മാമ്മേടെ കൈയ്യിൽ നിന്ന് നിന്റെ ഹോസ്റ്റലിലെ നമ്പർ ഞാൻ വാങ്ങിയിരുന്നു. ഇപ്പൊ അച്ഛൻ കുളിക്കാൻ പോയ നേരം നോക്കിയാ നിന്നെ ഞാൻ വിളിക്കുന്നത്. നിനക്കവിടെ സുഖാണോടി കൊച്ചേ. അമ്മയോട് നിനക്ക് ദേഷ്യണ്ടോ... കണ്മുന്നിൽ നിന്ന് നീ പോയപ്പോഴാണ് പെറ്റ വയറിന്റെ ദണ്ണം ഞാൻ തിരിച്ചറിഞ്ഞത്." അൽപ്പം ഇടർച്ചയോടെ ഭാരതി പറഞ്ഞു. "അമ്മേ... അമ്മേയോട് എ... എനി...ക്ക് ഒരു ദേഷ്യോമില്ല... എന്റെ അമ്മയോട് എനിക്ക് ദേഷ്യപ്പെടാൻ പറ്റോ? ഇത്രയും വർഷത്തിനിടയിൽ എന്നോട് ആദ്യായിട്ടാ അമ്മ ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്നത്... ഇപ്പഴെങ്കിലും അമ്മയ്ക്കെന്നെ വിളിക്കാൻ തോന്നിയല്ലോ... അച്ഛനെ പേടിച്ചു മാത്രാ ഞാൻ അങ്ങോട്ട്‌ വിളിക്കാതിരുന്നത്... നിങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല..."

കരഞ്ഞുകൊണ്ട് ആതിര അത് പറയുമ്പോൾ ഫോണിന്റെ മറുതലയ്ക്കൽ എല്ലാം കേട്ടുകൊണ്ട് നിന്ന മുരളിയുടെ ചുണ്ടിൽ ഒരു വിജയച്ചിരി ഉണ്ടായി. എല്ലാം തങ്ങൾ ഉദേശിച്ച രീതിയിൽ വരുന്നത് കണ്ട് ഭാരതിയും ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു. "കരയാതിരിക്ക് കൊച്ചേ... നീ എന്തെങ്കിലും കഴിച്ചോ.. " അലിവോടെ അവർ ചോദിച്ചു. "കഴിച്ചമ്മേ... അവിടെ എല്ലാരും കഴിച്ചോ.?" "ആഹ് പിള്ളേര് രണ്ടും കഴിച്ചിട്ട് മുറിയിലേക്ക് പോയി. അച്ഛൻ കടയച്ചു വന്നിട്ട് കുളിക്കാൻ പോയതേയുള്ളു." "അച്ഛന് ഇപ്പഴും എന്നോട്‌ ദേഷ്യാണോ അമ്മേ?" "അച്ഛന് നിന്റെ പേര് കേട്ടാൽ തന്നെ ദേഷ്യമാ. എന്റെ കൊച്ച് അതൊന്നും ഓർത്ത് സങ്കടപ്പെടണ്ട. അച്ഛന്റെ ദേഷ്യമൊന്നും നീ കാര്യാക്കണ്ട. ആ ദേഷ്യം അത്ര പെട്ടെന്നൊന്നും മാറില്ല." "എന്നെങ്കിലും അച്ഛൻ എന്നെ സ്നേഹിക്കോ അമ്മേ." "അതൊന്നും എനിക്കറിയില്ല കൊച്ചേ. നിന്റെ അച്ഛനല്ലേ... പുറമേ എത്ര വെറുപ്പ് കാണിച്ചാലും ഉള്ളിൽ ഒരു തരിയെങ്കിലും നിന്നോട് സ്നേഹണ്ടാവും." ഭാരതി അത് പറയുമ്പോൾ മുരളിയെ ഇടംകണ്ണിട്ടൊന്ന് നോക്കി.

അയാളുടെ മുഖത്ത് അവളോടുള്ള വെറുപ്പ് മാത്രമേ അവർക്ക് കാണാൻ സാധിച്ചുള്ളൂ. "അച്ഛനെന്നെ എത്ര വെറുത്താലും സാരല്ല... എനിക്ക് അച്ഛനോട് ഒരു ദേഷ്യോമില്ല." ഗദ്ഗദം ഉള്ളിലടക്കി അവൾ പറഞ്ഞു. "നീ പോയി പഠിച്ചോ... അമ്മ നാളെ വിളിക്കാം. അച്ഛന്റെ കുളി കഴിഞ്ഞൂന്നാ തോന്നണേ. നിന്നെ വിളിക്കുന്നത് കണ്ടോണ്ട് വന്നാൽ പിന്നെ ഇന്നത്തേക്ക് അതുമതി വഴക്കുണ്ടാക്കാൻ." "ആഹ് ശരിയമ്മേ, അമ്മ ഫോൺ വച്ചോ.. എന്റെ പേരിൽ നിങ്ങൾ തമ്മിലൊരു വഴക്കുണ്ടാവണ്ട." "ശരി മോളെ... ഞാനെന്നാ വയ്ക്കുവാ." തങ്ങൾ ഉദേശിച്ചത് നടന്ന സന്തോഷത്തിലായിരുന്നു ഭാരതിയും മുരളിയും. "നീ അവളോട് പറഞ്ഞതൊക്കെ ഉള്ളതാണോടി. നിനക്കവളോട് ശരിക്കും സ്നേഹമുണ്ടോ.?" എല്ലാം കേട്ടുകൊണ്ട് അരികിൽ നിന്നിരുന്ന മുരളി, ഭാര്യയോട് അൽപ്പം ഗൗരവത്തിൽ ചോദിച്ചു. "നിങ്ങളല്ലേ മനുഷ്യാ അവൾക്ക് സംശയത്തിന് ഇട കൊടുക്കാതെ തഞ്ചത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറഞ്ഞത്. എന്നിട്ടിപ്പൊ ഇങ്ങനെയൊരു ചോദ്യം ചോദിക്കേണ്ട ആവശ്യമെന്താ?"

ദേഷ്യത്തോടെ ഭാരതി അയാളെ നോക്കി. "അത്‌ നിന്റെ അഭിനയമായിരുന്നെങ്കിൽ നിന്നെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു. അവളോടുള്ള നിന്റെ വർത്തമാനം കേട്ടപ്പോൾ എനിക്ക് തന്നെ സംശയം തോന്നി." "അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാ ആ പൊട്ടിപ്പെണ്ണ് എന്നെ കണ്ണുമടച്ചു വിശ്വസിച്ചത്." "ഉം.. എന്തായാലും കൊള്ളാം. ഇനി നീ ദിവസവും അവളെ വിളിച്ചു ഇതുപോലെ സംസാരിക്കണം. എങ്കിലേ കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെ കൊണ്ടെത്തിക്കാൻ പറ്റു. "ആഹ്... ഞാൻ സംസാരിക്കുന്നുണ്ട് അവളോട്." "നീ ലൈറ്റ് അണച്ചു വാ... കിടക്കാം നമുക്ക്. നാളെ പുലർച്ചെ പോവാനുള്ളതാ എനിക്ക്. രാവിലെ തമിഴ്നാട്ടിൽ നിന്ന് ലോഡ് വരും." മുരളി കട്ടിലിലേക്ക് കയറി കിടന്നുകൊണ്ട് പറഞ്ഞു. മുറിയിലെ ലൈറ്റ് അണച്ച ശേഷം ഭാരതിയും അയാൾക്കടുത്തായി കിടന്നു. ഉറങ്ങാനായി കിടക്കുമ്പോൾ അവർ ആലോചിച്ചത് ആതിരയെ പറ്റിയായിരുന്നു.

അവൾ ആ വീട്ടിൽ നിന്ന് പോയതിന് ശേഷം ഭാരതി അവളെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്നതായിരുന്നു സത്യം. ആതിര വീട്ടിലുണ്ടായിരുന്ന സമയത്ത്, പാചകമൊഴിച്ചു കറിക്ക് അരിയുന്നത് തൊട്ട് അവിടെയുള്ള സകല പണികളും ചെയ്തിരുന്നത് അവളൊറ്റയ്ക്കാണ്. അതിലവൾക്ക് യാതൊരു വിഷമവും തോന്നിയിട്ടില്ല. ആതിര അവിടെ നിന്ന് പോയത് മുതൽ എല്ലാ പണികളും ഭാരതിക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. പ്രായത്തിന്റേതായ അവശതകൾ കാരണം ഒരു കൈസഹായത്തിനായി ആരതിയേയോ അഞ്ജുനെയോ വിളിച്ചാൽ അവരൊന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാറില്ല. അപ്പോഴൊക്കെ ഭാരതി, ആതിരയെക്കുറിച്ചോർത് നെടുവീർപ്പിടാറുണ്ട്. എന്തൊക്കെ പറഞ്ഞാലും പ്രവർത്തിച്ചാലും ആതിരയായിരുന്നു തനിക്കൊരു കൈത്താങ്ങായി നിന്നിട്ടുള്ളതെന്ന് അവർ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്‌. ഉള്ളിലെവിടെയോ നേരിയൊരു കുറ്റബോധം ഭാരതിക്ക് തോന്നിയിരുന്നു. താൻ ആദ്യമായി നൊന്ത് പ്രസവിച്ച കുഞ്ഞാണ് അവൾ.

അവളോട് ദേഷ്യപ്പെട്ടു വെറുപ്പ് കാട്ടി അകറ്റി നിർത്താൻ തനിക്കെങ്ങനെ കഴിഞ്ഞുവെന്ന് ഓർത്തപ്പോൾ അവർക്ക് അടിനാഭിയിലൊരു പിടച്ചിൽ തോന്നി. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആതിര അതീവ സന്തുഷ്ടയായിരുന്നു. അമ്മ വിളിച്ചതിന്റെ സന്തോഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നത്. പതിവുപോലെ രാവിലെ ഹോസ്റ്റലിൽ നിന്നിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ അവൾ കണ്ടു കോളേജ് ഗേറ്റിന് അടുത്തായി അവളുടെ വരവും കാത്ത് നിൽക്കുന്ന ആൽഫിയെ. ഇപ്പൊ അതൊരു പതിവാണ്.ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. ആരാണോ നേരത്തെ കോളേജിൽ എത്തുന്നത്. അവരവിടെ മറ്റേ ആളെ കാത്ത് നിൽക്കും. പറഞ്ഞ സമയം കഴിഞ്ഞു കണ്ടില്ലെങ്കിൽ മാത്രം കാത്ത് നിന്ന ആൾ ക്ലാസ്സിലേക്ക് പോകും. "ആൽഫി ഇന്ന് കുറച്ചു നേരത്തെയാണല്ലോ." "ആഹ്... ഇന്ന് കുറച്ചു നേരത്തെ ഇറങ്ങി. എന്താ പതിവില്ലാതെ മുഖത്ത് ഭയങ്കര സന്തോഷം.?" "അതോ... അതൊക്കെയുണ്ട്." കള്ളച്ചിരിയോടെ അവൾ പറഞ്ഞു.

"എന്താന്ന് പറയടോ..." "ഇന്നലെ അമ്മ ഫോണിൽ വിളിച്ചിരുന്നു." "അതിലെന്താ ഇത്ര സന്തോഷിക്കാൻ. അമ്മയെന്താ തന്നെ ആദ്യമായിട്ടാണോ വിളിക്കുന്നത്?" അവളെ കളിയാക്കി ചിരിച്ചുകൊണ്ട് ആൽഫി ചോദിച്ചു. ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നെങ്കിലും വീട്ടുകാര്യങ്ങളൊന്നും അവർ പരസ്പരം പറഞ്ഞിരുന്നില്ല. കുറച്ചു പ്രശ്നങ്ങളൊക്കെ ഉണ്ടെന്നേ അവൾ അവനോട് പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അവൻ അത് എന്താണെന്ന് ചോദിച്ചിട്ടില്ല. തന്നെപോലെ തന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളിലൊളിപ്പിച്ചു നടക്കുന്ന ആളാണ് ആൽഫിയെന്ന് ആതിരയ്ക്കും തോന്നിയിട്ടുണ്ട്. എങ്കിലും രണ്ടാളും അതേപ്പറ്റി അങ്ങോട്ടുമിങ്ങോട്ടും അധികമൊന്നും സംസാരിച്ചിട്ടില്ല. ഇടവേളകളിൽ അവരുടെ സംസാരം കൂടുതലും പഠന കാര്യങ്ങളും ഭാവിയെപ്പറ്റിയുള്ള ചർച്ചകളുമൊക്കെയായിരുന്നു.

"കളിയാക്കണ്ട... ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്. അമ്മ... അമ്മയെന്നെ വിളിക്കുന്നത് ആദ്യമായിട്ടാ ആൽഫി." പൊടുന്നനെ അവളുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു. ആ കാഴ്ച കണ്ടതും അവനൊന്ന് വല്ലാതായി. "എടോ... സോറി... ഞാൻ... പെട്ടെന്ന്... അറിയാതെ... " വാക്കുകൾ കിട്ടാതെ അവൻ നിന്ന് വിയർത്തു. "സാരമില്ല... " ഇടർച്ചയോടെ അവൾ പറഞ്ഞു. "തന്റെ കണ്ണുകൾ നിറഞ്ഞു കാണുന്നത് എനിക്കിഷ്ടമല്ല ആതി.... ഐആം സോറി. താൻ... താൻ കണ്ണ് തുടയ്ക്ക്." ആദ്രതയോടെ അവൻ അവളെ നോക്കി. ഒരുനിമിഷത്തേക്ക് ഇരുവരുടെയും മിഴികൾ പരസ്പരമൊന്ന് ഇടഞ്ഞു. അവന്റെ കണ്ണുകൾക്ക് പതിവില്ലാത്ത തിളക്കം. മുഖത്തേക്ക് പാറി വീണ് കിടക്കുന്ന ചെമ്പൻ മുടിയിഴകൾ അവന്റെ ഭംഗി വർദ്ധിപ്പിച്ചു. അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ അവൾക്ക് തോന്നി. നെഞ്ചിലെന്തോ കൊളുത്തി വലിക്കുന്നത് പോലെ... ആതിര പെട്ടെന്ന് അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി കളഞ്ഞു..... തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story