മറുതീരം തേടി: ഭാഗം 50

marutheeram thedi shiva

രചന: ശിവ എസ് നായർ

  എയർപോർട്ടിൽ നിന്ന് അവരെ കൂട്ടികൊണ്ട് പോകാൻ ശ്രീറാം ഡ്രൈവറെ അയച്ചിരുന്നു. ഫ്ലൈറ്റ് ഇറങ്ങിയ ഉടനെതന്നെ കാറിൽ കയറി അവർ ശ്രീറാമിന്റെയും ഷൈനിയുടെയും താമസ സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഷൈനിയെ ഇതുവരെ ഡിസ്ചാർജ് ചെയ്തിട്ടില്ലാത്തത് കൊണ്ട് ശ്രീറാമും അവർക്കൊപ്പം ഹോസ്പിറ്റലിലാണ്. ഹോസ്പിറ്റലിൽ വേറെ വിസിറ്റേഴ്സിനെയൊന്നും അനുവദിക്കാത്തത് കൊണ്ട് ഷൈനിയെ വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ കാണാമെന്ന് ശ്രീറാം അവരോട് നേരത്തെതന്നെ പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞു ഷൈനിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ അവളുടെ പരിചരണം പൂർണ്ണമായും ആതിര ഏറ്റെടുത്തു. തുമ്പി മോളെ റാമിന്റെ അച്ഛനും അമ്മയും നിലത്ത് വയ്ക്കാതെ സ്നേഹം കൊണ്ട് പൊതിയുമ്പോൾ ആതിര തന്റെ ശ്രദ്ധ മുഴുവൻ ഷൈനിയിൽ കേന്ദ്രീകരിച്ചു. കാലിന് ഓപ്പറേഷൻ ചെയ്ത് റെസ്റ്റിലായതിനാൽ പരസഹായമില്ലാതെ എഴുന്നേറ്റ് ഇരിക്കാനോ ചരിഞ്ഞു കിടക്കാനോ ഷൈനിയ്ക്കാവില്ല.

രാവിലെ ഉണർന്ന് കഴിഞ്ഞാൽ അവളുടെ ശരീരം നനച്ച് തുടയ്ക്കുന്നതും ഡയപ്പർ ചേഞ്ച്‌ ചെയ്യുന്നതുമൊക്കെ ആതിരയാണ്. ആഹാരം സ്പൂണിൽ കോരി കൊടുക്കുകയും കുറച്ചു നേരം കട്ടിലിൽ ചാരിയിരുത്തുകയുമൊക്കെ ചെയ്യും. എല്ലാ കാര്യവും ആതിര ഒറ്റയ്ക്ക് തന്നെ മാനേജ് ചെയ്യുന്നത് കണ്ടപ്പോൾ ശ്രീറാമും ജോലിക്ക് പോയി തുടങ്ങി. പാല് കുടിപ്പിക്കാൻ മാത്രമാണ് തുമ്പി മോളെ ആതിരയുടെ അടുത്തേക്ക് ദേവകി കൊണ്ട് പോകുന്നത്. ബാക്കി സമയം, കുഞ്ഞിനെ കുളിപ്പിച്ചൊരുക്കുന്നതും ഉറക്കുന്നതുമൊക്കെ ദേവകിയും രാമകൃഷ്ണനുമാണ്. ശ്രീറാമിനും ആതിരയുടെ കുഞ്ഞിനോട്‌ വല്യ സ്നേഹമാണ്. "ആതിരാ... ഷൈനിയെ നോക്കി കഴിഞ്ഞു ബാക്കിയുള്ള സമയം നീ എക്സാമിന് പഠിച്ചു തുടങ്ങണം. നാട്ടിൽ കുറഞ്ഞത് രണ്ട് വർഷത്തെ എക്സ്പീരിയൻസ് വേണം. എങ്കിലേ നിനക്കവിടെ DHA എക്സാം എഴുതി പാസ്സ് ആയി ഹോസ്പിറ്റലിൽ ജോലിക്ക് കേറാൻ പറ്റു." ഷൈനിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആക്കികൊണ്ട് വന്ന ദിവസം തന്നെ ശ്രീറാം ആതിരയോട് പറഞ്ഞത് ഇതാണ്.

"ഇങ്ങോട്ട് വരുന്നതിന് മുൻപ് കാർത്തിക് സർ ഇതേപറ്റി ചെറുതായി സൂചിപ്പിച്ചിരുന്നു. പക്ഷേ എനിക്കാകെ കഷ്ടിച്ച് ഒന്നര വർഷത്തെ എക്സ്പീരിയൻസേ ഉണ്ടാവുള്ളു." സംശയത്തോടെ ആതിര അവനെ നോക്കി. "അതൊക്കെ കാർത്തിക് ശരിയാക്കിക്കൊള്ളും. താൻ സമയം കിട്ടുമ്പോ എക്സാമിന് വേണ്ടിയും പ്രിപെയർ ചെയ്യണം." "അത് ഞാൻ പഠിച്ചോളാം സർ." "ഷൈനി ഒന്ന് ഓക്കേ ആയാൽ ആതിരയ്ക്ക് കോച്ചിങ് ക്ലാസ്സിൽ പോയി എക്സാമിന് വേണ്ടി പഠിക്കാം. എന്നാൽ സെക്കന്റ്‌ ചാൻസിലോ തേർഡ് ചാൻസിലോ എഴുതി എടുക്കാൻ പറ്റും." "എന്നെകൊണ്ട് പറ്റുമെന്നൊരു വിശ്വാസമുണ്ട് സർ. കിട്ടുന്ന സമയം ഞാൻ എക്സാമിന് പഠിക്കാനായി മാറ്റി വച്ചോളാം." "മ്മ് ഗുഡ്... തനിക്ക് വേണ്ട ഏർപ്പാടുകൾ ഞാൻ ചെയ്തോളാം. ആതിരയ്ക്ക് നല്ല ശമ്പളത്തിൽ തന്നെ ഇവിടെ ജോലി ചെയ്യാം. തന്റെ കഷ്ടപ്പാടുകളൊക്കെ അതോടെ മാറും." ശ്രീറാം അവളോട് പറഞ്ഞു. *********** ദുബായിലെ ജീവിതവുമായി ആതിര പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. കർണാടകയിൽ നിന്ന് ദുബായിലേക്ക് പോന്നിട്ടിപ്പോ രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവും.

അവിടെ ചെന്നിട്ട് അവളിതുവരെ നാട്ടിലേക്ക് വിളിച്ചിട്ടില്ല. മൂന്നാല് ദിവസം കൂടുമ്പോൾ ശിവൻ ആതിരയെ വിളിക്കാറ് പതിവാണ്. ഇതിപ്പോ രണ്ടാഴ്ചയോളം അവളെ വിളിച്ചിട്ട് കിട്ടാതായാൽ ശിവൻ ടെൻഷനാകുമെന്ന് ആതിരയ്ക്കറിയാം. അതുകൊണ്ട് അവനെ വിളിച്ച് ദുബായ്ക്ക് വന്നതൊക്കെ ഒന്ന് സൂചിപ്പിക്കണമെന്ന് അവൾ തീരുമാനിച്ചു. വിഷ്ണുവിനോട് പിന്നെ ദുബായ്ക്ക് പോകുന്നതിന് മുൻപുതന്നെ കാര്യങ്ങൾ പറഞ്ഞിരുന്നു. ഒഴിവുള്ള ഒരു ദിവസം നോക്കി ആതിര, ശിവന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. രണ്ടുതവണ വിളിച്ചപ്പോഴാണ് അവൻ കാൾ എടുത്തത്. "ഹലോ ആരാണ്..?" ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്ന് ശിവന്റെ ശബ്ദം അവൾ കേട്ടു. "ശിവേട്ടാ... ഞാൻ ആതിരയാ." "ആതിരേ... നീയെങ്ങനെയാ ഗൾഫ് നമ്പറിൽ നിന്ന് വിളിക്കുന്നത്. പഴയ നമ്പറിൽ ഞാനെത്ര പ്രാവശ്യം വിളിച്ചൂന്നറിയോ. കാൾ കിട്ടാതായപ്പോ സത്യത്തിൽ പേടിച്ചുപോയി. അങ്ങോട്ട്‌ അന്വേഷിച്ചു വരാന്ന് വച്ചാൽ കൃത്യമായ സ്ഥലം പോലും എനിക്കറിയില്ല."

ശിവന്റെ സ്വരത്തിൽ നിറഞ്ഞ് നിന്ന ആകുലത അവൾക്ക് മനസ്സിലായി. "ഞാനിപ്പോ ദുബായിലാ ഉള്ളത് ശിവേട്ടാ. ഞാനൊരു വീട്ടിൽ ഹോം നേഴ്സ് ആയിട്ട് ജോലിക്ക് കേറിയ കാര്യം പറഞ്ഞിരുന്നില്ലേ. ആ ആന്റിക്ക് സുഖമായപ്പോഴാണ് ആന്റിയുടെ മോന്റെ ഭാര്യയ്ക്ക് ഇവിടെ വച്ച് ആക്‌സിഡന്റാകുന്നത്. എന്നോട് മാഡത്തിനെ കൂടി നോക്കാമോന്ന് ചോദിച്ചപ്പോൾ ഞാൻ ഓക്കേ പറഞ്ഞു. അങ്ങനെയാണ് ശ്രീറാം സാറിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം ഞാനും മോളും ഇങ്ങോട്ട് വന്നത്. ഷൈനി മാഡത്തിന് സുഖമായി കഴിഞ്ഞാൽ എനിക്കിവിടെ ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലി ശരിയാക്കി തരും. ഇങ്ങോട്ട് വന്ന ശേഷം ശിവേട്ടനോട് പറയാമെന്ന് കരുതിയാണ് ഞാൻ മുൻകൂട്ടി ഒന്നും പറയാതിരുന്നത്. എന്നോട് ദേഷ്യമൊന്നും തോന്നല്ലേ ശിവേട്ടാ." "എന്നാലും ആതിരയ്ക്ക് ചെറിയൊരു സൂചനയെങ്കിലും തരാമായിരുന്നു. ഞാനും കാർത്തികയുമൊക്കെ തന്റെ വിവരമൊന്നുമില്ലാതെ ടെൻഷനായി ഇരിക്കുകയായിരുന്നു. ആട്ടെ, ആൽഫി കൂടെ വന്നില്ലേ. ആതിര മാഡത്തിനെ നോക്കാനുള്ളപ്പോ കുഞ്ഞിനെ ആരാ നോക്കുക?"

"ആൽഫി കുറേ നാളുകളായി എനിക്കൊപ്പമില്ല ചേട്ടാ. ഈ ജോലി കിട്ടുന്നത് വരെ ഞാൻ തനിച്ചായിരുന്നു താമസം. ശിവേട്ടനെ കൂടി വിഷമിപ്പിക്കണ്ടെന്ന് കരുതിയാ ഇതുവരെ ഞാനൊന്നും പറയാതിരുന്നത്." അതുവരെ നടന്ന കാര്യങ്ങളൊക്കെ ആതിര ശിവനോട് പറഞ്ഞു. "ഇത്രയൊക്കെ ഉണ്ടായിട്ട് നീയെന്താ ആതിരേ ഇതൊന്നും എന്നെ അറിയിക്കാതിരുന്നത്. ഞാൻ വന്ന് നിന്നെ നാട്ടിലേക്ക് കൂട്ടികൊണ്ട് വരില്ലായിരുന്നോ." "നാട്ടിലേക്ക് വന്നാൽ ഞാൻ കാരണം എന്റെ അനിയത്തിമാർക്ക് ഒരു ചീത്തപ്പേരാവില്ലേ. എന്റെ ഭർത്താവ് എവിടെയെന്ന് ആരെങ്കിലും ചോദിച്ചാൽ പറയാനൊരു മറുപടി പോലും എന്റെ കയ്യിലില്ല. അച്ഛൻ ശപിച്ചത് പോലെ ഞാൻ പെരുവഴിയിലായെന്ന് പറഞ്ഞ് എന്നെ ആക്ഷേപിക്കാനും ഞാനായിട്ട് ഒരവസരം കൊടുക്കണ്ടല്ലോന്ന് കരുതി. ജീവിതത്തിൽ തോറ്റുതൊപ്പിയിട്ട് പെരുവഴിയിലായി നിൽക്കുന്ന എന്നെ അവിടെയാരും കാണാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ശിവേട്ടൻ ഇതൊക്കെ അറിഞ്ഞാൽ എന്നെ നാട്ടിലേക്ക് വരാൻ നിർബന്ധിക്കേം എന്റെ വീട്ടുകാർ എന്റെ മോശമായ അവസ്ഥ മനസിലാക്കേം ചെയ്യുമെന്നോർത്താണ് ഞാൻ മനഃപൂർവം ഒന്നും ആരെയും അറിയിക്കാത്തത്.

വെറും കയ്യോടെ ഞാനിനി ആ നാട്ടിലേക്ക് വരികയുമില്ല ശിവേട്ടാ." ആതിരയുടെ വാക്കുകളിലെ ദൃഡത അവൻ തിരിച്ചറിഞ്ഞു. "എന്നാലും ഒരു കൈകുഞ്ഞിനേം കൊണ്ട് നീയെങ്ങനെയാ ആതിരേ ഇതൊക്കെ തരണം ചെയ്തത്?" ശിവന്റെ ആ ചോദ്യം അവളെയൊന്ന് വിറപ്പിച്ചു. വാടക വീട്ടിൽ നിന്നും തുമ്പി മോളേം കൊണ്ട് പടിയിറങ്ങിയ ദിവസം ആത്മഹത്യ ചെയ്യാനായി റെയിൽവേ ട്രാക്കിലേക്ക് പോയതും ഒടുവിൽ സ്റ്റേഷനിലെ ഒരിരുണ്ട മൂലയിൽ അഗതികളെ പോലെ കിടന്നുറങ്ങി നേരം വെളുപ്പിച്ചതുമൊക്കെ ഇന്നലെയെന്ന പോലെ ആതിരയുടെ മനസ്സിലൂടെ കടന്നുപോയി. ആ ഓർമ്മകൾ അവളിൽ നടുക്കമുണർത്തി. എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ രാത്രി തന്റെ മനസ്സിൽ നിന്ന് മായാതെ കിടക്കുമെന്ന് ആതിരയ്ക്ക് ബോധ്യമായി. "കഴിഞ്ഞ കാര്യങ്ങളൊന്നും ഓർക്കാതിരിക്കുന്നതാണ് ഭേദം. എങ്ങനെയൊക്കെയോ ഞാനും എന്റെ മോളും അതൊക്കെ അതിജീവിച്ചുവന്നു ശിവേട്ടാ. വാടക വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നപ്പോ കാർത്തിക് സർ സഹായവുമായി വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങളിപ്പോ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിലോ കടത്തിണ്ണയിലോ കിടന്ന് നരകിക്കേണ്ടി വന്നേനെ. എല്ലാം ഈശ്വരന്റെ കൃപ...

ഇപ്പൊ കുഞ്ഞിനേം ഒപ്പം നിർത്തി ജോലി ചെയ്യാൻ പറ്റുന്നത് അനുഗ്രഹമായിട്ടാ ഞാൻ കാണുന്നത്. ഇവരെല്ലാം നല്ല ആൾക്കാരാണ്. ശ്രീറാം സാറിന്റെ അച്ഛനും അമ്മയും എന്നെ ഒരു മോളെ പോലെയാണ് കാണുന്നത്. എന്റെ മോളേം അവർക്ക് ജീവനാണ്. ഞാൻ ഷൈനി മാഡത്തിനെ നോക്കുന്ന സമയം മോൾടെ കാര്യങ്ങളൊക്കെ നോക്കുന്നത് സാറിന്റെ അച്ഛനും അമ്മയുമാണ്." "നീയെന്നെ ഒന്നും അറിയിക്കാതിരുന്നതിൽ എനിക്ക് നല്ല സങ്കടമുണ്ട് ആതിരേ... എന്നാലും ഒടുവിൽ നിനക്കൊരു നല്ല ജീവിതം കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി നിനക്ക് ദൈവം നല്ലത് മാത്രേ വരുത്തുള്ളൂ. ഇടയ്ക്കിടെ ഇതുപോലെ വിളിക്കണേ." "ഞാൻ വിളിച്ചോളാം ശിവേട്ടാ. എന്റെ അമ്മാമ്മയ്ക്ക് ഇപ്പൊ എങ്ങനെയുണ്ട്." "അമ്മാമ്മ സംസാരിച്ച് തുടങ്ങി. നിന്റെ കാര്യം ചോദിച്ചു. ഞാൻ നീ വിളിക്കാറുണ്ട് അവിടെ സുഖമായി ഇരിക്കുന്നെന്ന് പറഞ്ഞു. അടുത്ത തവണ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോ നിന്നെ ഫോണിൽ വിളിച്ചു കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. ഇപ്പൊ ഒരാളുടെ സഹായത്തോടെ വടിയൂന്നി നടക്കാനൊക്കെ അമ്മാമ്മയ്ക്ക് പറ്റും.

പഴയതിനേക്കാൾ ഇപ്പോ നല്ല ഭേദമുണ്ട്." "ആണോ... അമ്മാമ്മയ്ക്ക് സുഖമായി തുടങ്ങിയോ. എനിക്ക്... എനിക്ക് അമ്മാമ്മയെ കാണാനൊക്കെ തോന്നുന്നു. പാവം... എന്റെ കാര്യമോർത്ത് കുറേ സങ്കടപ്പെട്ടിട്ടുണ്ടാവും." "സംസാരിക്കാനായപ്പോ തന്നെ നിന്റെ കല്യാണം നടത്തികൊടുത്ത കാര്യമൊക്കെ അമ്മാമ്മ നിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. അതൊന്നും കേട്ടിട്ടും അവരുടെ മനോഭാവത്തിന് വലിയ മാറ്റമൊന്നുമില്ല. പക്ഷേ അഞ്ജു നിന്റെ കാര്യമൊക്കെ എന്നെ കാണുമ്പോ ചോദിക്കാറുണ്ട്. കഴിഞ്ഞ തവണ അമ്മാമ്മയ്‌ക്കൊപ്പം ചെക്കപ്പിന് അവളാണ് കൂടെ വന്നത്." "ശിവേട്ടൻ അമ്മാമ്മയോട് എനിക്കിവിടെ ജോലി കിട്ടി വന്നുവെന്ന് പറയണേ. തല്ക്കാലം ഞാൻ ദുബായ്ക്ക് വന്നത് വീട്ടിൽ അമ്മാമ്മ മാത്രം അറിഞ്ഞാൽ മതി. പിന്നെ ആൽഫിയുടെ കാര്യമൊന്നും അമ്മാമ്മയോട് പറയണ്ട കേട്ടോ. പാവത്തിനെ അങ്ങനെകൂടി വിഷമിപ്പിക്കാൻ എനിക്ക് വയ്യ. എനിക്ക് നല്ലൊരു ജീവിതം കിട്ടുമെന്ന് കരുതി അവനെ വിശ്വസിച്ചു കൈപിടിച്ച് ഏൽപ്പിച്ചതാണ് അമ്മാമ്മ. ആൽഫിയെന്നെ ഉപേക്ഷിച്ചു പോയെന്ന് അറിഞ്ഞാൽ അമ്മാമ്മയ്ക്ക് സഹിക്കാനാവില്ല."

"ഇല്ല ആതിരേ... ഞാനായിട്ടൊന്നും അമ്മാമ്മയോട് പറയില്ല. അടുത്ത വെള്ളിയാഴ്ചയാണ് അമ്മാമ്മയെ ഇനി ചെക്കപ്പിന് കൊണ്ടുപോകുന്നത്. അന്ന് വിളിക്കില്ലേ." "വിളിക്കാം ശിവേട്ടാ. ഇപ്പൊ ഞാൻ വയ്ക്കുവാട്ടോ." "ഉം... ശരി. ഇനി ഇതുപോലെ എന്തെങ്കിലുമുണ്ടായാൽ പറയാതിരിക്കരുത്. നിനക്ക് ആരുമില്ലെന്ന് വിചാരിക്കരുത്. നിനക്ക് ഞങ്ങളൊക്കെയില്ലേ." ശിവന്റെ കരുതൽ വാക്കുകളിൽ പ്രകടമായിരുന്നു. "മ്മ്... ഞാൻ പറഞ്ഞോളാം." കാൾ കട്ട് ചെയ്യുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അമ്മാമ്മ സുഖപ്പെട്ടുവെന്ന് കേട്ടതിന്റെ സന്തോഷ കണ്ണീരായിരുന്നു അത്. ************* ദിവസങ്ങൾ അതിവേഗം കടന്നുപോയി. ഷൈനി മെല്ലെ മെല്ലെ സുഖപ്പെട്ട് തുടങ്ങുകയും പരസഹായമില്ലാതെ നടക്കാനുമായപ്പോൾ ആതിര DHA എക്സാമിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കോച്ചിംഗ് ക്ലാസ്സിന് പോയിത്തുടങ്ങി.

ആദ്യ തവണ എക്സാം എഴുതിയപ്പോൾ നിരാശയായിരുന്നു ഫലം. എന്നാൽ തോറ്റു പിന്മാറാൻ അവൾ തയ്യാറായിരുന്നില്ല. അങ്ങനെ രണ്ടാം തവണ ആതിര എക്സാം പാസ്സാകുക തന്നെ ചെയ്തു. ജീവിതത്തിൽ ഒത്തിരി വിഷമിക്കേണ്ടി വന്നെങ്കിലും ഇപ്പൊ ഒന്നിന് പുറകെ ഒന്നായി സന്തോഷങ്ങൾ അവളെ തേടിയെത്തി കൊണ്ടിരുന്നു. DHA എക്സാം പാസ്സായത് കൊണ്ടുതന്നെ അധികം വൈകാതെ ദുബായിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ ആതിരയ്ക്ക് ജോലി ശരിയാക്കി കൊടുക്കുന്ന കാര്യവും ശ്രീറാം ഏറ്റെടുത്തു. ആ സന്തോഷവാർത്ത പറയാനായി നാട്ടിലേക്ക് വിളിച്ച അവളെ കാത്തിരുന്നത് ഹൃദയഭേദകമായ വാർത്തയായിരുന്നു....... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story