മറുതീരം തേടി: ഭാഗം 52

marutheeram thedi shiva

രചന: ശിവ എസ് നായർ

 ശിവന്റെ മരണത്തോടെ ഭാർഗവി അമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതും വരുന്നതുമൊക്കെ അഞ്ജുവാണ്. അവളിപ്പോ പ്ലസ്‌ ടു എക്സാം എഴുതിയിട്ട് റിസൾട്ട്‌ കാത്തിരിക്കുകയാണ്. വീടും പറമ്പും ഭാർഗവിയമ്മ ആതിരയുടെ പേരിലേക്ക് എഴുതി വച്ച കാര്യം അറിഞ്ഞപ്പോൾ മുതൽ ഭാരതിയും അവരോട് അകലം പാലിച്ച് തുടങ്ങിയിരുന്നു. ഭാരതി, അമ്മാമ്മയെ വേണ്ട പോലെ നോക്കുന്നില്ലെന്നതും ഹോസ്പിറ്റലിലേക്ക് ചെക്കപ്പിന് പോകുമ്പോൾ കൂടെ പോകാൻ മടി കാണിക്കുന്നതുമൊക്കെ കണ്ടപ്പോഴാണ് അഞ്ജു സ്വമേധയാ ആ ഉത്തരവാദിത്വം ഏറ്റെടുത്തത്. "ശിവേട്ടൻ ഉണ്ടായിരുന്നപ്പോൾ ഹോസ്പിറ്റലിൽ പോയി വരുന്നതിൽ ഒരു ബുദ്ധിമുട്ടും അറിഞ്ഞിരുന്നില്ലല്ലേ അമ്മാമ്മേ." അന്നത്തെ ചെക്കപ്പ് കഴിഞ്ഞു ഓട്ടോയിൽ മടങ്ങുമ്പോൾ അഞ്ജു അമ്മാമ്മയോട് പറഞ്ഞു. "മ്മ്മ് നീ പറഞ്ഞത് ശരിയാ. എന്റെ മോനെ പോലായിരുന്നു ശിവനെനിക്ക്. കാർത്തികേടെ കാര്യമോർക്കുമ്പോഴാ എനിക്ക് സങ്കടം... പാവം... രണ്ടാളും ഒന്ന് ജീവിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ...

ഒരു സമാധാനം എന്താന്ന് വച്ചാൽ ശിവന്റെ വീട്ടുകാർ അവളെ കയ്യൊഴിഞ്ഞില്ലല്ലോ എന്നോർത്താണ്. അല്ലായിരുന്നെങ്കിൽ ആരോരുമില്ലാത്ത ആ പെൺകൊച്ചു എങ്ങോട്ട് പോയേനെ." ഭാർഗവി അമ്മ നെടുവീർപ്പിട്ടു. ശിവന്റെ ഓർമ്മയിൽ അവരുടെ കണ്ണുകൾ നിറഞ്ഞത് അഞ്ജുവും കണ്ടു. "അമ്മാമ്മേ... നമുക്ക് നാളെ പാസ്പോർട്ട്‌ ഓഫീസ് വരെയൊന്ന് പോകാം. ആതിരേച്ചി അമ്മാമ്മയോട് പാസ്പോർട്ട്‌ റെഡിയാക്കി വയ്ക്കാൻ പറഞ്ഞതല്ലേ." വിഷയം മാറ്റാനായി അവൾ ചോദിച്ചു. "ഇന്നിനി വയ്യ മോളെ, നമുക്ക് നാളെ പോകാം." ഭാർഗവി അമ്മ നന്നേ ക്ഷീണിതയായി കാണപ്പെട്ടു. "അമ്മാമ്മയ്ക്ക് വയ്യെങ്കിൽ നമുക്ക് വീട്ടിലേക്ക് പോവാം. ഇനിയും വച്ച് നീട്ടാണ്ട് വേഗം എല്ലാം എടുത്തുവച്ചോ. എന്നാപ്പിന്നെ അമ്മാമ്മയ്ക്ക് എത്രയും പെട്ടന്ന് തന്നെ ചേച്ചിയുടെ അടുത്തേക്ക് പോവാലോ." "മ്മ്മ്... നാളെ ഏതായാലും നമുക്ക് പോവാം." ആലോചനയോടെ അവർ പറഞ്ഞു. ആതിരയെയും ആൽഫിയെയും അവരുടെ കുഞ്ഞിനെയുമൊക്കെ കാണാൻ അമ്മാമ്മയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.

ആതിര വന്ന് വിളിച്ചാൽ ഒപ്പം പോവാൻ തയ്യാറായി നിൽക്കുകയാണ് ഭാർഗവിയമ്മ. അതുകൊണ്ട് എത്രയും പെട്ടന്ന് തന്നെ പാസ്പോർട്ട്‌ എടുത്ത് വയ്ക്കണമെന്ന് അവർ തീരുമാനിച്ചു. അന്ന് ഹോസ്പിറ്റലിൽ പോയതിന്റെ ക്ഷീണത്താൽ വീട്ടിലേക്ക് പോയെങ്കിലും പിറ്റേ ദിവസം രാവിലെ തന്നെ അഞ്ജുവും ഭാർഗവിയമ്മയും കൂടെ പാസ്പോർട്ട്‌ ഓഫീസിൽ പോയി വേണ്ട കാര്യങ്ങളൊക്കെ ചെയ്തു. അധികം വൈകാതെ തന്നെ പോലീസ് വെരിഫിക്കേഷനൊക്കെ കഴിഞ്ഞ് ഭാർഗവി അമ്മയ്ക്ക് പാസ്പോർട്ട്‌ തപാലിൽ വന്നു. *********** "ക്രിസ്റ്റീ..." മെല്ലെ പേര് ചൊല്ലി ആതിര അവനെ വിളിച്ചു. ബെഡിൽ കണ്ണുകൾ അടച്ച് മയങ്ങി കിടക്കുകയാണ് ക്രിസ്റ്റി. തലയിൽ മുറിവ് കെട്ടി വച്ചിട്ടുണ്ട്. വലത് കൈക്ക് ചെറിയൊരു പൊട്ടലുള്ളത് കൊണ്ട് കൈ പ്ലാസ്റ്റർ ചെയ്തിരിക്കുകയാണ്. "ക്രിസ്റ്റീ..." പ്രതികരണമൊന്നുമില്ലെന്ന് കണ്ടപ്പോൾ ആതിര വീണ്ടും വിളിച്ചു. വിദൂരതയിൽ നിന്നെന്ന പോലെ അവളുടെ ക്രിസ്റ്റീന്നുള്ള വിളി അവന്റെ കാതുകളിൽ പതിഞ്ഞു. ഇമകൾ മെല്ലെ അനങ്ങുന്നതും ക്രിസ്റ്റിയുടെ മുഖം വേദന കൊണ്ട് ചുളിയുന്നതും ആതിര കണ്ടു.

"ക്രിസ്റ്റീ... കണ്ണ് തുറക്ക്." അവന്റെ ഇരുകവിളുകളിലും മെല്ലെ തട്ടികൊണ്ട് അവൾ പറഞ്ഞു. ആയാസപ്പെട്ട് കണ്ണുകൾ തുറന്ന് ക്രിസ്റ്റി ചുറ്റിനും നോക്കി. അവനെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന മാലാഖയെ പോലുള്ള ആതിരയുടെ മുഖം കണ്ടപ്പോൾ ക്രിസ്റ്റിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. "ആതിരാ..." അവന്റെ അധരങ്ങൾ മന്ത്രിച്ചു. "നല്ല വേദന തോന്നുന്നുണ്ടോ." അലിവോടെ അവൾ ചോദിച്ചു. "മ്മ്ഹ്ഹ്.." ഞരക്കത്തോടെ അവനൊന്ന് മൂളി. "തലയ്ക്ക് സാരമായ പൊട്ടലുണ്ട്, പിന്നെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. കൈകുത്തി വീണതാണല്ലേ. വേദനയ്ക്കുള്ള മരുന്ന് ഞാൻ എടുക്കുന്നുണ്ട്." "ആതിര.... ഇ... ഇവിടെങ്ങനെ..." വേദന കടിച്ചമർത്തി ബദ്ധപ്പെട്ട് ക്രിസ്റ്റി അവളെ നോക്കി. "ഞാൻ ഇവിടെയാണ് ജോലി ചെയ്യുന്നത്. ക്രിസ്റ്റിയിപ്പൊ സംസാരിച്ച് അധികം ബുദ്ധിമുട്ട് ഉണ്ടാക്കണ്ട.. നമുക്ക് പിന്നീട് സംസാരിക്കാം." വേദനയ്ക്കുള്ള ഒരു ഇൻജെക്ഷൻ നൽകിയ ശേഷം ചിരിയോടെ അവനെ നോക്കി കണ്ണ് ചിമ്മിയിട്ട് ആതിര അവനരികിൽ നിന്നെഴുന്നേറ്റു.

അവൾ കണ്ണിൽ നിന്ന് നടന്ന് മറയുന്നതും നോക്കി ക്രിസ്റ്റി അതേ കിടപ്പ് കിടന്നു. സാവധാനം അവന്റെ മിഴികൾ അടഞ്ഞു. വീഴ്ചയിൽ തലയ്ക്ക് പറ്റിയ പരിക്ക് സാരമായതിനാൽ ഒരാഴ്ചയോളം ക്രിസ്റ്റിയെ ഐ. സി. യുവിനുള്ളിൽ തന്നെ കിടത്തിയിരുന്നു. ഇപ്പോൾ അൽപാൽപ്പം ഭേദപ്പെട്ട് തുടങ്ങിയപ്പോൾ ഡോക്ടർ അവനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യിച്ചു. "ഇപ്പോൾ എങ്ങനെയുണ്ട് ക്രിസ്റ്റി? സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? വേദനയൊക്കെ കുറഞ്ഞു തുടങ്ങിയില്ലേ?" പതിവ് സന്ദർശനത്തിനിടെ ആതിര ചോദിച്ചു. "മ്മ്... ഇപ്പോ വല്യ കുഴപ്പമില്ലടോ. പക്ഷേ സംസാരിക്കുമ്പോൾ താടിയെല്ലിന്റെ ഭാഗത്ത്‌ ഇത്തിരി വേദനയുണ്ട്." "അത് ഒരാഴ്ച കൂടി കഴിയുമ്പോ മാറുമെടോ." "ആതിര ഈ ഹോസ്പിറ്റലിലാണോ വർക്ക്‌ ചെയ്യുന്നത്. താൻ ദുബായിൽ വന്ന കാര്യമൊക്കെ ശിവേട്ടൻ പറഞ്ഞിരുന്നു." "ഞാനിവിടെ കേറിയിട്ടിപ്പോ നാല് മാസം കഴിഞ്ഞു. ക്രിസ്റ്റി കുവൈറ്റിൽ ആയിരുന്നില്ലേ ജോലി ചെയ്തിരുന്നത്. പിന്നെങ്ങനെ ദുബായിൽ എത്തി." "അവിടെ വർക്ക്‌ ചെയ്തിരുന്ന കമ്പനിയുമായി സാലറി വിഷയത്തിൽ ഉടക്കേണ്ടി വന്നു.

ആ സമയത്ത് ഇവിടൊരു കൺസ്ട്രക്ഷൻ കമ്പനിയിൽ സിവിൽ എഞ്ചിനീയറായി ഒരോഫർ വന്നപ്പോ അവിടെ റിസൈൻ ചെയ്ത് ഞാനിങ്ങ് വന്നു. ഞാൻ ദുബായിൽ വന്നിട്ടിപ്പോ ഒൻപത് മാസായിട്ടുണ്ടാവും." "ക്രിസ്റ്റി സിവിൽ എഞ്ചിനീയറാണല്ലേ. അതാണോ ഇങ്ങോട്ട് കൊണ്ട് വന്നവർ സൈറ്റിൽ നിന്ന് വീണെന്ന് പറഞ്ഞത്." "ആഹ്.. അതെയതെ. അന്ന് സൈറ്റിൽ നിൽക്കുമ്പോ കാല് തെന്നി താഴെപോയതാ. എന്റെ അശ്രദ്ധയായിരുന്നു. ശിവേട്ടന്റെ മരണമറിഞ്ഞിട്ടും നാട്ടിൽ പോകാനും പറ്റാതെ ഞാനാകെ സങ്കടത്തിലായിരുന്നു." ക്രിസ്റ്റിയുടെ സ്വരം ഇടറിയിരുന്നു. "ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ക്രിസ്റ്റി. ആട്ടെ, ക്രിസ്റ്റിക്ക് ഇനിയെപ്പോഴാ ലീവ്." "ഈ കമ്പനിയിൽ കേറുമ്പോ വൺ ഇയർ കഴിഞ്ഞ ശേഷം ലീവിന് നോക്കാമെന്നാണ് എം. ഡി പറഞ്ഞത്. മൂന്നുമാസം കൂടെ കഴിഞ്ഞാൽ വൺ ഇയർ ആകും." "രണ്ടുമൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ക്രിസ്റ്റിക്ക് ഡിസ്ചാർജ് ആകാം. റൂമിൽ പോയാലും ശ്രദ്ധിക്കണം. ഒരാഴ്ച കൂടി റസ്റ്റ്‌ എടുത്ത ശേഷം ജോലിക്ക് പോയിത്തുടങ്ങിയാൽ മതി."

"ഹാ... കംപ്ലീറ്റ് സുഖമായിട്ടേ ഞാനേതായാലും ഓഫീസിൽ പോകുള്ളൂ. ആട്ടെ തന്റെ മോൾക്ക് സുഖമാണോ. ഡെലിവറി കഴിഞ്ഞതും മോളാണെന്നുമൊക്കെ ശിവേട്ടൻ പറഞ്ഞിരുന്നു." "മോൾക്കിപ്പോ ഒൻപത് മാസമായി. തുമ്പിയെന്നാ അവളുടെ പേര്." "തന്റെ ഇവിടുത്തെ അഡ്രസ്സും കോൺടാക്ട് നമ്പറും തരണേ. ഒഴിവുള്ള ഒരു ദിവസം നോക്കി ഞാൻ മോളെ കാണാൻ വരുന്നുണ്ട്." "ഹാ... അഡ്രസ്സും ഫോൺ നമ്പറും ഞാൻ തരാം." ആതിര ഒരു പേപ്പർ എടുത്ത് ദുബായിലെ തന്റെ അഡ്രസ്സും ഫോൺ നമ്പറും എഴുതി കൊടുത്തു. "ആൽഫിയെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ?" അപ്രതീക്ഷിതമായി ക്രിസ്റ്റിയുടെ ആ ചോദ്യത്തിൽ അവളൊന്ന് പതറി. "ഓഹ്... ഇതും ശിവേട്ടൻ പറഞ്ഞുവല്ലേ." വേദന നിറഞ്ഞൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. "മനഃപൂർവം പറഞ്ഞതല്ല... അറിയാതെ സംസാരത്തിനിടയ്ക്ക് പറഞ്ഞു പോയതാണ് ശിവേട്ടൻ." "ആൽഫിയുടെ അറിവൊന്നുമില്ല ക്രിസ്റ്റി. അവൻ ഫാമിലിയോടൊപ്പം അയർലണ്ടിലേക്ക് പോയെന്നാണ് ഞങ്ങളുടെ ഒരു ഫ്രണ്ട് വിഷ്ണു അന്വേഷിച്ചപ്പോൾ അറിഞ്ഞത്."

"എന്നാലും അവനെന്തൊരു മനുഷ്യനാ. ഒരു പെണ്ണിനെ കല്യാണം കഴിച്ച് ഗർഭിണിയാക്കിയിട്ട് ഒന്നും പറയാതെ കടന്ന് കളയാൻ അവനെങ്ങനെ മനസ്സ് വന്നു. എന്ത് റീസൺ ആയാലും അവൻ ചെയ്ത തെണ്ടിത്തരം താനൊരിക്കലും ഒരു കാലത്തും ക്ഷമിച്ചു കൊടുക്കരുത്." "അതൊരിക്കലും ഉണ്ടാവില്ല ക്രിസ്റ്റി... പക്ഷേ എന്റെ മോള് വളർന്നു വരുകയാണ്. നാളെയൊരിക്കൽ അവളുടെ അച്ഛൻ എന്തിനാണ് എന്നെ ഉപേക്ഷിച്ചു പോയതെന്ന് അവൾ ചോദിച്ചാൽ പറയാനൊരു ഉത്തരം എന്റെ കൈയിലില്ല. എന്നെങ്കിലും ആൽഫിയെ നേരിട്ട് കണ്ടാൽ എനിക്ക് ഈ ഒരേയൊരു ചോദ്യത്തിനുള്ള ഉത്തരം മാത്രം അറിഞ്ഞാൽ മതി." ഏതോ ഓർമ്മയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു. "തനിക്ക് വിഷമമായെങ്കിൽ സോറി... ആതിരയെ സങ്കടപ്പെടുത്താൻ വേണ്ടി ചോദിച്ചതല്ല." ആതിരയുടെ നിറഞ്ഞ മിഴികൾ കണ്ടപ്പോൾ അവനൊന്ന് വല്ലാതായി. "ഏയ്‌ സാരമില്ല... എന്റെ ഡ്യൂട്ടി കഴിഞ്ഞു, ഞാൻ ഇറങ്ങാ ട്ടോ. നമുക്കിനി നാളെ കാണാം." മുഖത്തൊരു ചിരി വരുത്തി ആതിര അവിടെ നിന്ന് പെട്ടെന്നെഴുന്നേറ്റ് പോയി. ആതിരയുടെ പോക്ക് കണ്ടപ്പോൾ ആൽഫിയുടെ കാര്യം ചോദിക്കേണ്ടിയിരുന്നില്ലെന്ന് അവന് തോന്നി. ************

"ഭാരതീ... കടയ്ക്ക് ജപ്തി നോട്ടീസ് വന്നിട്ടുണ്ട്." തളർച്ചയോടെ വരാന്തയുടെ അരഭിത്തിയിലേക്ക് ഇരുന്നുകൊണ്ട് ഭാരതി കൊടുത്ത വെള്ളം മുഴുവനും അയാൾ മട മടാന്ന് കുടിച്ചു. "ജപ്തി നോട്ടീസോ... ഇതെങ്ങനെ ഇത്രപെട്ടെന്ന് ജപ്തി വന്നത്. നിങ്ങള് പലിശേം മുതലുമൊന്നും അടയ്ക്കാറില്ലായിരുന്നോ?" അങ്കലാപ്പോടെ ഭാരതി ഭർത്താവിനരികിലിരുന്നു. "കടയിൽ നല്ല തിരക്കുള്ളത് കൊണ്ട് എനിക്ക് ബാങ്കിൽ പോവാൻ സമയം കിട്ടാറില്ല. ഒരു ലക്ഷം രൂപ ഞാൻ ഒരുമിച്ച് അടയ്ക്കാന്ന് കരുതി നാല് മാസം അത്രേം പൈസ കടയിൽ പൊതി കെട്ടാൻ നിർത്തിയിരുന്ന പയ്യന്റേൽ കൊടുത്തുവിട്ടു. അവൻ അതുമായി മുങ്ങി." "എന്നിട്ട് ഈ വിവരം നിങ്ങളെന്നോട് പറഞ്ഞില്ലല്ലോ മനുഷ്യാ." "പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നിയില്ല." "എന്നിട്ട് നിങ്ങള് കേസൊന്നും കൊടുത്തില്ലേ?" "കൊടുത്തു... അവൻ തമിഴ്നാട്ടിലേക്കാ മുങ്ങിയത്. ഇനിയിങ്ങോട്ട് കെട്ടിയെടുക്കുമെന്ന് തോന്നുന്നില്ല." "ആ ചെക്കന്റെ വീട്ടിൽ പറഞ്ഞില്ലേ?" "പറഞ്ഞു... അവന്റെ പെങ്ങളെ കെട്ടിക്കാൻ വച്ചിരുന്ന പണവും കൂടി എടുത്തോണ്ടാ മുങ്ങിയത്.

അവന് വേറെ ചില വൃത്തികെട്ട കൂട്ടുകെട്ടൊക്കെ ഉണ്ടെന്ന് പിന്നീട് പോലിസ് അന്വേഷണത്തിലാ അറിഞ്ഞത്." "നമുക്ക് പോവാനുള്ളത് പോയില്ലേ... പിന്നെ നിങ്ങളെന്താ ചെയ്തേ. ബാങ്കിൽ പണം അടച്ചോ?" "ഇല്ലാ... അടയ്ക്കാൻ എന്റേൽ എന്തെങ്കിലും വേണ്ടേ. കടയിൽ ചരക്കെടുക്കാനുള്ള പൈസ എടുത്ത് ബാങ്കിൽ കൊടുത്താ സാധനം ഇറക്കാൻ പറ്റാതെ കച്ചോടം മുടങ്ങി കടയും പൂട്ടി വീട്ടിലിരിക്കേണ്ടി വരില്ലേ." "ഇപ്പൊ എത്ര പൈസയാ ബാങ്കിൽ അടയ്‌ക്കേണ്ടത്. എന്നാലും എസ് ബി ഐ യിലൊക്കെ വച്ചാൽ ഇത്ര വേഗം ജപ്തി വരോ മുരളിയേട്ടാ." ഭാരതി തന്റെ സംശയം ഉന്നയിച്ചു. "എസ് ബി ഐ യിൽ ലോൺ കിട്ടാൻ കുറച്ചു കാലതാമസം വേണ്ടി വരുമെന്ന് അറിഞ്ഞപ്പോൾ പെട്ടെന്ന് പൈസ കിട്ടാൻ വേണ്ടി ഞാൻ കവലയിൽ പുതുതായി തുടങ്ങിയ പയ്യാരത്ത് ഫിനാൻസിലാ ആധാരം പണയപ്പെടുത്തിയത്." "നിങ്ങളെന്താ മനുഷ്യാ ഇത്ര വിഡ്ഢിയാണോ.. അവിടെയൊക്കെ ആരെങ്കിലും കൊണ്ട് തല വയ്ക്കുമോ? ഇനി ആ കടയും കടയിരിക്കുന്ന സ്ഥലവുമൊക്കെ ചുളുവിലയ്ക്ക് അവന്മാരങ്ങ് കൊണ്ടുപോകും."

"ഭാരതീ... അറം പറ്റുന്ന വർത്താനം പറയല്ലേടി. ആ കട പോയാ നമ്മളൊക്കെ പട്ടിണി കിടക്കേണ്ടി വരും." "അത് ആധാരം അവിടെ കൊണ്ട് വയ്ക്കുമ്പോ നിങ്ങളോർത്തില്ലല്ലോ." "അതുപിന്നെ... അന്ന് ആരതി മോൾടെ കല്യാണം മുടങ്ങരുതെന്ന ഉദേശത്തിലാ ഞാൻ..." പറഞ്ഞുവന്നത് പകുതിയിൽ നിർത്തി അയാൾ ഭാരതിയെ നോക്കി. "ഇപ്പൊ എത്രയാ അവിടെ അടയ്‌ക്കേണ്ടത്?" "പലിശയും കൂട്ട് പലിശയുമൊക്കെ ചേർത്ത് ഒൻപത് ലക്ഷം രൂപ അടയ്ക്കണം." "ഇത്രേം കുറഞ്ഞ സമയം കൊണ്ട് ഒൻപത് ലക്ഷം രൂപയോ? ഇതെന്തൊരു കൊള്ളപ്പലിശക്കാരാ. ഇത്രേം പൈസ നിങ്ങൾ എവിടുന്നെടുത്തിട്ട് ഉണ്ടാക്കും?" "അഞ്ജു മോളെ പേരിൽ ഫിക്സഡ് ഇട്ടിരുന്ന അഞ്ചുലക്ഷം രൂപ ഇപ്പൊ ആറര ലക്ഷത്തോളമായിട്ടുണ്ട്. തല്ക്കാലം അത്‌ പിൻവലിക്കാം. പിന്നെ ബാക്കി തുക പൂമഠത്തെ വേലായുധൻ ചേട്ടനോട് ചോദിക്കാം. ഞാനിന്ന് ഇങ്ങോട്ട് വരുന്ന വഴിക്ക് വേലായുധൻ ചേട്ടനെ കണ്ടപ്പോൾ കാശിന്റെ കാര്യം ചെറുതായിട്ടൊന്ന് സൂചിപ്പിച്ചിരുന്നു. തരാന്ന് പറഞ്ഞിട്ടുണ്ട്."

"അഞ്ജു മോൾടെ പേരിൽ ബാങ്കിലുള്ള പൈസയെടുത്താൽ അവളെ എൻട്രൻസ് കോച്ചിംഗിന് വിടാനും മറ്റും പൈസയ്ക്ക് എവിടെ പോവും." "അഞ്ജുവിനോട് ഡിഗ്രിക്ക് എങ്ങാനും ചേരാൻ പറയ്യ് നീ. അവളെ ഡോക്ടറാക്കാൻ വേണ്ടി കടയുടെ ആധാരം പണയപ്പെടുത്തിയാൽ പിന്നെ അതെടുക്കാൻ ഞാൻ നെട്ടോട്ടം ഓടണം. ആരതിയുടെ കല്യാണത്തിന് വേലായുധൻ ചേട്ടന്റെ കയ്യിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയത് ഞാൻ കൊടുക്കാനുണ്ട്. അതിന്റെ കൂടെ ഇതൂടി ആകുമ്പോൾ മൊത്തം അഞ്ചുലക്ഷം രൂപയാകും. അത് തന്നെ വീട്ടിതീരാൻ കുറേ നാളെടുക്കും. ആരതിയെ കെട്ടിച്ചു വിട്ടപ്പോ തന്നെ കടത്തിന് മേൽ കടമായി. ഇനി ഇവളെ പഠിപ്പിക്കാനും ഉണ്ടാക്കണം കെട്ടിക്കാനും ഉണ്ടാക്കണം. രണ്ടുംകൂടി എന്തായാലും എനിക്ക് പറ്റില്ല." ഇട്ടിരുന്ന ഷർട്ട് ഊരി ഭാരതിയുടെ കൈയ്യിൽ കൊടുക്കുമ്പോ അയാൾ പറഞ്ഞു. "അങ്ങനെ പറഞ്ഞാ എങ്ങനെ ശരിയാവും. അഞ്ജു ഇതിന് സമ്മതിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?" "ഞാൻ സമ്മതിക്കില്ല...

എന്റെ പഠിപ്പിന് വച്ച കാശെടുത്തു കളിക്കാൻ ഞാൻ സമ്മതിക്കില്ല. ചേച്ചിയെ കെട്ടിക്കാൻ വരുത്തി വച്ച കടം എന്റെ പഠിപ്പ് മുടക്കിയല്ല തീർക്കേണ്ടത്." അഞ്ജു ചീറികൊണ്ട് അങ്ങോട്ട്‌ വന്നു. "നിന്റെ സമ്മതം എനിക്ക് വേണ്ട. ഞാൻ ചോര നീരാക്കി ഉണ്ടാക്കിയ പൈസയാ നിന്റെ പേരിൽ ബാങ്കിൽ കിടക്കുന്നത്. അതെന്ത്‌ വേണമെന്ന് ഞാൻ തീരുമാനിച്ചോളാം." "ആ പൈസേ തൊട്ടാൽ എന്നെ പിന്നെ ജീവനോടെ കാണില്ല അച്ഛനും അമ്മയും." കത്തുന്ന മിഴികളോടെ അവൾ ഇരുവരെയും നോക്കി. "എന്നാ പോയി ചത്ത്‌ തുലയ്. കുറേ നാളായി നീ ഇത് പറഞ്ഞു പേടിപ്പിക്കുന്നു. മനുഷ്യനിവിടെ കടത്തിന്മേൽ കടത്തിൽ പെട്ട് മുങ്ങി നിക്കുമ്പോഴാ അവളുടെ ഒടുക്കത്തെ ഒരു വാശി." ആക്രോശിച്ച് കൊണ്ട് ചാടിയെഴുന്നേറ്റ മുരളി അഞ്ജുവിന്റെ കരണം പുകച്ചു ഒരെണ്ണം കൊടുത്തു. അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അവളൊന്ന് വട്ടം കറങ്ങി ചുമരിലിടിച്ചു നിലത്തേക്ക് വീണുപോയി. "അയ്യോ മോളെ..." ഭാരതി അഞ്ജുവിന്റെ അടുത്തേക്കിരുന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. "നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ മനുഷ്യാ."

ആദ്യമായിട്ടാണ് മുരളി അഞ്ജുവിനെ തല്ലുന്നത്. ഭാരതിക്ക് അത്‌ കണ്ട് സഹിക്കാനായില്ല. "മര്യാദക്ക് ഞാൻ പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങി കിടന്നാൽ നിനക്ക് കൊള്ളാം. അഹങ്കാരം കാണിച്ചാൽ ഡിഗ്രിക്ക് പോലും വിടില്ല ഞാൻ." കലിതുള്ളി കൊണ്ട് മുരളി അകത്തേക്ക് കേറിപ്പോയി. പിറ്റേദിവസം തന്നെ അഞ്ജുവിന്റെ പേരിലുള്ള ഫിക്സിഡ് ഡെപ്പോസിറ്റ് പിൻവലിച്ച് ബാക്കി പൈസ വേലായുധനിൽ നിന്നും കടം വാങ്ങി മുരളി, പയ്യാരത്ത് ഫിനാൻസിൽ പണയം വച്ചിരുന്ന ആധാരം തിരിച്ചെടുത്തു. മനസ്സിൽ നിന്നും വലിയൊരു ഭാരമൊഴിഞ്ഞ സന്തോഷത്തിൽ ആധാരവുമായി തിരിച്ചു വരുമ്പോഴാണ് കവലയിൽ വച്ച് മുരളി ആ സന്തോഷ വാർത്ത അറിയുന്നത്. അഞ്ജുവിന് പ്ലസ്‌ ടു വിന് റാങ്ക് കിട്ടിയതായിരുന്നു ആ വാർത്ത. കേരളത്തിൽ പ്രീ ഡിഗ്രി അവസാനിപ്പിച്ച് പ്ലസ് ടു തുടങ്ങിയ ശേഷമുള്ള ഫസ്റ്റ് ബാച്ചാണ് അഞ്ജുവിന്റേത്. ആ നാട്ടിൽ പ്ലസ്‌ ടു വിന് റാങ്ക് വാങ്ങിയ ഏക വിദ്യാർത്ഥിനി അവളാണ്. വാർത്ത കവർ ചെയ്യാൻ മാധ്യമക്കാർ വരുന്ന വിവരം കവലയിൽ വച്ചുതന്നെ മുരളി അറിഞ്ഞു. വർദ്ധിച്ച സന്തോഷത്തോടെ അയാൾ വീട്ടിലേക്ക് പാഞ്ഞു. പക്ഷേ വീട്ടിലെത്തിയ മുരളി കാണുന്നത് ചോരയിൽ കുതിർന്ന് കിടക്കുന്ന അഞ്ജുവിനെ നാട്ടുകാർ ചേർന്ന് ആംബുലൻസിൽ കയറ്റുന്ന കാഴ്ചയാണ്..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story