മറുതീരം തേടി: ഭാഗം 53

marutheeram thedi shiva

രചന: ശിവ എസ് നായർ

"എന്റെ മോളേ..." ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുരളി ആംബുലൻസിന് നേർക്ക് പാഞ്ഞു. അഞ്ജുവിന്റെ മുഖം നിറയെ രക്തമായിരുന്നു. തല പൊട്ടി ഒഴുകുന്ന ചോര വസ്ത്രങ്ങളിൽ മുഴുവനും പുരണ്ടിരുന്നു. "ഭാരതീ... എന്റെ മോൾക്കെന്ത് പറ്റിയതാ." അഞ്ജുവിനൊപ്പം ആംബുലൻസിലേക്ക് കയറുന്ന ഭാരതിയെ പിടിച്ചു നിർത്തി അയാൾ ചോദിച്ചു. "എന്റെ കൊച്ചിനെ കൊലയ്ക്ക് കൊടുത്തപ്പോ നിങ്ങൾക്ക് സമാധാനമായില്ലേ. എല്ലാത്തിനും കാരണം നിങ്ങൾ ഒറ്റ ഒരുത്തനാ." മുരളിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് ഭ്രാന്തിയെ പോലെ അവർ പുലമ്പി. "എന്ത് അസംബന്ധമാ നീയീ പറയുന്നേ. എന്റെ ഷർട്ടീന്ന് പിടിവിട് ഭാരതി. അഞ്ജൂ... മോളേ..." ഭാരതിയെ തന്നിൽ നിന്ന് ശക്തിയായി വേർപ്പെടുത്തിയ ശേഷം അയാൾ അഞ്ജുവിനെ കുലുക്കി വിളിച്ചു. "കൊച്ചിനെ വേഗം ആശുപത്രിയിൽ എത്തിക്കാൻ നോക്ക് മുരളിയേട്ടാ. ബാക്കിയൊക്കെ പിന്നെ. കൊച്ചിന്റെ തല പൊട്ടി നല്ല ചോരയൊഴുകുന്നുണ്ട്." നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ മുരളി വേഗം അഞ്ജുവിനൊപ്പം ആംബുലൻസിലേക്ക് കയറി. അഞ്ജുവിന്റെ വിജയത്തിളക്കം കവർ ചെയ്യാനെത്തിയ മീഡിയക്കാർ അവളുടെ ആത്മഹത്യ ശ്രമം ബ്രേക്കിങ് ന്യൂസ്‌ ആയി ചാനലുകളിൽ ആഘോഷമാക്കി.

ആത്മഹത്യാ ശ്രമമായതിനാൽ ആശുപത്രി അധികൃതർ വിവരം പോലീസിന് കൈമാറിയിരുന്നു. അഞ്ജു ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ചികഞ്ഞു പോലീസുകാർ മുരളിയെയും ഭാരതിയെയും ചോദ്യം ചെയ്തു. "എന്റെ സാറെ... ഇയാളൊരുത്തൻ കാരണമാണ് എന്റെ കൊച്ചിപ്പോ ഈ അവസ്ഥയിൽ ഇവിടെ കിടക്കുന്നത്. മോൾക്ക് മുന്നോട്ട് പഠിക്കാൻ വേണ്ടി ബാങ്കിൽ നിക്ഷേപിച്ചിരുന്ന കാശെടുത്തു മുരളിയേട്ടൻ പണയം വച്ചിരുന്ന ആധാരം തിരിച്ചെടുത്തു. പഠിത്തം മുടങ്ങിപ്പോകുമല്ലോന്നുള്ള സങ്കടത്തിലാ എന്റെ കൊച്ച് ഈയൊരു കടുംകൈക്ക് മുതിർന്നത്." മൂക്ക് ചീറ്റിയും കണ്ണ് തുടച്ചും വരുംവരായ്കകൾ ചിന്തിക്കാതെ ഭാരതി, പോലീസിനോട് അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞപ്പോൾ വെട്ടിലായത് മുരളിയാണ്. "ഇവരീ പറയുന്നത് നേരാണോടോ..." എസ് ഐ ഇമ്രാൻ അയാളെ നോക്കി ചോദിച്ചു. എസ് ഐ യുടെ മട്ടും ഭാവവുമൊക്കെ കണ്ടപ്പോൾ അടി മേടിക്കാതെ ഉള്ള കാര്യം തുറന്ന് പറയാനാണ് മുരളിക്ക് അപ്പോൾ തോന്നിയത്.

"നേരാ സാറെ... പക്ഷേ മോളുടെ പഠിപ്പ് മുടക്കാനുള്ള ഉദ്ദേശമൊന്നും എനിക്കില്ലായിരുന്നു സാറെ. ആധാരം തിരിച്ചെടുക്കാൻ എനിക്ക് മുന്നിൽ വേറെ വഴിയില്ലാത്തത് കൊണ്ടാണ് ആ കാശെനിക്ക് എടുക്കേണ്ടി വന്നത്." കുറ്റവാളിയെ പോലെ അയാൾ തലകുനിച്ചു നിന്നു. "താനൊക്കെ എന്തൊരു അച്ഛനാടോ. പിള്ളേരെ നേരെചൊവ്വേ വിദ്യാഭ്യാസം കൊടുത്ത് വളർത്താൻ കഴിവില്ലെങ്കി ഉണ്ടാക്കാൻ നിക്കരുത്. ബാക്കി ഞാൻ അകത്ത് കിടക്കുന്ന കൊച്ചിന്റെ മൊഴിയെടുത്ത ശേഷം തരാം." എസ് ഐ ഇമ്രാൻ പല്ലുകൾ ഞെരിച്ചുകൊണ്ട് ഡോക്ടറുടെ അടുത്തേക്ക് നടന്ന് പോയി. പോലീസുകാർക്കും നാട്ടുകാർക്കും മുന്നിൽ മുരളി നാണംകെട്ട് നാറി നിന്നു. എല്ലാവരെയും അഭിമുഖീകരിക്കാൻ അയാൾക്ക് മടി തോന്നി. ഫാനിൽ കുരുക്കിട്ട് അഞ്ജു തൂങ്ങാൻ ശ്രമിക്കുമ്പോൾ ഭാരം താങ്ങാനാവാതെ ഫാനടക്കം സീലിംഗിൽ നിന്ന് ഇളകിപോരുകയായിരുന്നു. പഴയ മോഡൽ ഇരുമ്പ് ഫാൻ അഞ്ജുവിന്റെ നെറ്റിയിൽ ശക്തിയായി അടിച്ചിരുന്നു. വീഴ്ചയിൽ കട്ടിൽ പടിയിൽ തലയിടിക്കുക കൂടി ചെയ്തപ്പോൾ അവളുടെ ബോധം പൂർണമായും മറഞ്ഞിരുന്നു. ശബ്ദം കേട്ട് അടുക്കളയിലായിരുന്ന ഭാരതിയും ഭാർഗവി അമ്മയും ഓടി വന്നപ്പോൾ കാണുന്നത് ചോര വാർന്നൊഴുകി ബോധശൂന്യയായി കിടക്കുന്ന അഞ്ജുവിനെയാണ്.

അവരുടെ നിലവിളി കേട്ടാണ് അയല്പക്കക്കാരും വഴിയേ പോയവരുമൊക്കെ അവിടേക്ക് ഓടി വന്നത്. കഴുത്തിൽ മുറുകിയ കുരുക്കഴിച്ചു മാറ്റി നാട്ടുകാർ ചേർന്ന് അവളെ ആംബുലൻസിലേക്ക് എടുത്ത് കയറ്റുമ്പോഴാണ് മുരളി വീട്ടിലേക്ക് വരുന്നതും ആ കാഴ്ച കാണാൻ ഇടയായതും. ഹോസ്പിറ്റലിൽ കൊണ്ട് വന്ന് അവളെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ച ഉടനെതന്നെ അഞ്ജുവിന് വേണ്ട പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ഡോക്ടർ അവളെ വാർഡിലേക്ക് മാറ്റിയിരുന്നു. സെഡേഷൻ വിട്ട് മാറിഅവൾക്ക് ബോധം വീണപ്പോൾ ഡോക്ടറുടെ അനുവാദം വാങ്ങി അഞ്ജുവിന്റെ മൊഴിയെടുക്കാനായി എസ് ഐ ഇമ്രാൻ അവളുടെ അടുത്തേക്ക് ചെന്നു. "മോൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ." സ്വരത്തിൽ മാർദ്ദവം വരുത്തി ഇമ്രാൻ അഞ്ജുവിനോട് ചോദിച്ചു. "ഇ... ഇല്ല..." പോലീസിനെ കണ്ടതിന്റെ ഭയം അവളുടെ മുഖത്ത് നിന്ന് അയാൾക്ക് വായിച്ചറിയാമായിരുന്നു. "മോള് പേടിക്കണ്ട... അങ്കിൾ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടി വന്നതാ.

മോളെന്തിനാ ഇങ്ങനെയൊരു അവിവേകം കാണിച്ചത്. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?" "പെട്ടെന്നുള്ള സങ്കടത്തിൽ ചെയ്തുപോയതാണ് അങ്കിൾ. എനിക്ക് പഠിച്ച് ഡോക്ടറാവാനാണ് ആഗ്രഹം. എന്റെ പഠിപ്പിന് വച്ചിരുന്ന കാശെടുത്തു അച്ഛൻ ചിലവാക്കുന്നത് കണ്ടപ്പോൾ സഹിക്കാനായില്ല. പഠിപ്പ് മുടങ്ങുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇന്നലെ അച്ഛനെന്നെ തല്ലുക കൂടി ചെയ്തപ്പോൾ മരിച്ചു കളയാൻ തോന്നിപ്പോയി." അത്രയും പറഞ്ഞപ്പോഴേക്കും അഞ്ജു വിതുമ്പിപ്പോയി. "സാരമില്ല... മോള് വിഷമിക്കണ്ട. മോൾടെ പഠിപ്പൊന്നും മുടങ്ങില്ല. ഇനി ഇതുപോലെയുള്ള അവിവേകമൊന്നും കാണിച്ചേക്കരുത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് എനിക്ക് കേസെടുക്കാൻ വകുപ്പുണ്ട്. തല്ക്കാലം ഞാൻ കാര്യങ്ങൾ ഇങ്ങനെയങ്ങ് പോട്ടെന്നു വയ്ക്കുവാ. കാരണം ഇതേ പ്രായത്തിൽ എനിക്കുമൊരു മോളുണ്ട്." "ഇല്ല അങ്കിൾ... ഇനി ഇതുപോലെ ഒന്നും ഞാൻ ആവർത്തിക്കില്ല. പക്ഷേ അച്ഛനോട് എന്റെ ഇഷ്ടത്തിനനുസരിച്ചു പഠിപ്പിക്കാൻ പറയണം."

"അതൊക്കെ ഞാൻ പറഞ്ഞോളാം. മോൾടെ പ്ലസ്‌ ടു മാർക്ക് എത്രയാന്ന് അറിഞ്ഞോ?" "ഇല്ല അങ്കിൾ... ഇന്ന് റിസൾട്ട്‌ വരുമെന്ന് അറിയാമായിരുന്നു. അതറിയാൻ ഞാൻ ജീവനോടെ ഉണ്ടാകാൻ പാടില്ലെന്നേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതാ അങ്ങനെയൊക്കെ ചെയ്തേ." "മോൾക്ക് റാങ്കുണ്ട്..." "സത്യമാണോ അങ്കിൾ." ഇമ്രാന്റെ വാക്കുകൾ കേട്ട് അഞ്ജുവിന്റെ കണ്ണുകൾ വികസിച്ചു. "അതെ... എന്തായാലും അഞ്ജു ഇപ്പൊ റസ്റ്റ്‌ എടുക്ക്. ആഗ്രഹിച്ച പോലെതന്നെ മോൾക്ക് പഠിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ ഞാൻ അച്ഛനോട് പറയാം." അവളുടെ നെറുകയിലൊന്ന് തഴുകി എസ് ഐ ഇമ്രാൻ പുറത്തേക്ക് നടന്നു. വാർഡിന് പുറത്ത് ഭയന്നുവിറച്ച് നിൽക്കുകയാണ് മുരളി. "ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തന്നെ പിടിച്ചു ജയിലിൽ ഇടണ്ടെങ്കിൽ മോൾടെ ഇഷ്ടത്തിനനുസരിച്ചു പഠിക്കാൻ വിടുന്നതാണ് തനിക്ക് നല്ലത്. അല്ലെങ്കിൽ തന്നെ തൂക്കിയെടുത്തുകൊണ്ട് പോകും ഞാൻ." എസ് ഐ ഇമ്രാൻ മുരളിയെ കോളറിൽ പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി മുരണ്ടു. "അയ്യോ സാറെ... എന്നെ ഒന്നും ചെയ്യല്ലേ.

കാലിന് സുഖമില്ലാത്തതാ എനിക്ക്." കൈകൾ കൂപ്പി അയാൾ എസ് ഐ ക്ക് മുന്നിൽ യാചിച്ചു. "മര്യാദക്ക് ആ കൊച്ചിന് ഇഷ്ടമുള്ളത് എന്താന്ന് വച്ചാ അത് പഠിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തേക്കണം." "ഉവ്വ് സാറെ... എന്റെ കട വിറ്റിട്ടായാലും ഞാൻ മോളെ പഠിപ്പിച്ചോളാം." ഭയപ്പാടോടെ മുരളി പറഞ്ഞു. എസ് ഐ ഇമ്രാൻ അയാളിലെ പിടിവിട്ട് ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നുപോയി. ഡോക്ടറുടെ അനുവാദം കിട്ടിയപ്പോൾ ഭാരതിയും മുരളിയും കൂടി അഞ്ജുവിനെ കാണാനായി വാർഡിലേക്ക് ചെന്നു. ബെഡിൽ കണ്ണുകൾ അടച്ച് കിടക്കുകയാണ് അവൾ. "എന്റെ മോളെ... പെട്ടെന്നുള്ള ദേഷ്യത്തിൽ അച്ഛനിന്നലെ എന്തൊക്കെയോ പറഞ്ഞു പോയി. അതിന്റെ പേരിൽ മോളിങ്ങനെയൊരു കടുകൈക്ക് മുതിരാമോ. നിനക്കും നിന്റെ ചേച്ചിക്കും വേണ്ടിയല്ലേ ഇക്കണ്ട കാലം മുഴുവനും ഞാൻ അധ്വാനിച്ചത്." കണ്ണീരോടെ മുരളി മകളുടെ നെറുകയിൽ തലോടി. "അച്ഛനെന്നെ തൊട്ട് പോവരുത്. ആരതി ചേച്ചിയുടെ കല്യാണം വന്നപ്പോഴേ ഞാൻ പറഞ്ഞതാണ് ഇത്രേം കടം വാങ്ങി ആ കല്യാണം നടത്തരുതെന്ന്. അതുകൊണ്ടല്ലേ കടം കേറി എന്റെ പഠിപ്പിന് വച്ച കാശെടുത്തു ചിലവാക്കേണ്ടി വന്നത്.

ആ കാശ് മുഴുവനും കൊണ്ട് തന്നിട്ട് അച്ഛനിനി എന്നോട് സംസാരിച്ചാൽ മതി. എനിക്ക് എന്റെ ഇഷ്ടത്തിന് പഠിച്ചേ പറ്റു. ഞാൻ പഠിക്കാൻ വേണ്ടിയാ കാശ് ചോദിക്കുന്നത് അല്ലാതെ ഭാരിച്ച കടമുണ്ടാക്കി വച്ച് എന്നെ കെട്ടിച്ചു വിടാനല്ല." ക്ഷീണിച്ചതാണെങ്കിലും ഉറച്ചതായിരുന്നു അവളുടെ സ്വരം. "മോളെ... ഞാൻ... നീ പെട്ടെന്നിങ്ങനെയൊക്കെ പറഞ്ഞാൽ ഞാനെവിടുന്നാ ഇത്രേം കാശ് ഒപ്പിക്കുന്നത്. നീയെനിക്ക് കുറച്ചു സാവകാശം തരണം. മോൾടെ ആഗ്രഹം പോലെത്തന്നെ പഠിപ്പിക്കാനുള്ള പൈസ ഞാൻ എങ്ങനെയെങ്കിലും ഉണ്ടാക്കും." "അച്ഛനെങ്ങനെ ഉണ്ടാക്കുമെന്നാ. ഈ നാട്ടിലിനി അച്ഛൻ കടം ചോദിച്ചാൽ ആരെങ്കിലും തരുമോ? ആരതിയേച്ചിയെ ഇട്ട് മൂടാൻ സ്ത്രീധനം കൊടുത്ത് കൊമ്പത്തെ ബന്ധം നോക്കി കെട്ടിച്ചു കൊടുത്ത അച്ഛന് എന്നെ പഠിപ്പിക്കാൻ പണമില്ലേ എന്ന് നാട്ടുകാർ ചോദിക്കും. പിന്നെ പൂമഠത്തെ വേലായുധൻ മാമനിൽ നിന്ന് കുറേ വാങ്ങിച്ചതല്ലേ. ഇപ്പഴും വാങ്ങിയില്ലേ. ഇനി അതൊക്കെ കൊടുക്കാതെ അവിടെ പോയി പൈസ ചോദിക്കാനും അച്ഛന് പറ്റില്ലല്ലോ.

ആ അച്ഛൻ എവിടുന്നാ എന്നെ പഠിപ്പിക്കാനുള്ള പണമുണ്ടാക്കുന്നത്." അഞ്ജുവിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അയാൾക്ക് പറയാൻ ഉത്തരമൊന്നുമുണ്ടായിരുന്നില്ല. "അഞ്ജു മോള് ചോദിച്ചത്തിന് നിങ്ങളുടെ കൈയിൽ ഉത്തരമില്ലേ മനുഷ്യാ.. എന്ത് ചെയ്തിട്ടാണെങ്കിലും വേണ്ടില്ല, എന്റെ കൊച്ചിനെ അവൾ ആഗ്രഹിച്ചത് പോലെ പഠിപ്പിക്കാൻ നിങ്ങൾക്ക് കഴിവില്ലെങ്കി നിങ്ങള് പിന്നെ അവളുടെ തന്തയായി ജീവിച്ചിരിക്കുന്നതിൽ എന്ത് അന്തസ്സാ ഉള്ളത്." ഭാരതിയുടെ വാക്കുകൾ മുരളിയെ അടിമുടി തകർത്തു. "ഭാരതീ... ഇങ്ങനെയൊന്നും എന്നോട് പറയരുത് നീ. നിങ്ങൾക്ക് വേണ്ടിട്ടാ ഈ കണ്ട കാലമൊക്കെ ഞാൻ അധ്വാനിച്ചത്." "അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ. ആരതിയെ അവളുടെ ഇഷ്ടം നോക്കി കെട്ടിച്ചു വിട്ടപ്പോൾ ഇവളുടെ പഠിപ്പിന്റെ കാര്യവും ഞാൻ ഓർമ്മിപ്പിച്ചതല്ലേ. എന്നിട്ടിന്നലെ വാക്ക് മാറ്റി പറഞ്ഞത് നിങ്ങളല്ലേ." ഭാരതിക്ക് ദേഷ്യം അടക്കാനായില്ല. "എനിക്ക് എൻട്രൻസ് എക്സാം എഴുതണമെങ്കിൽ കോച്ചിംഗ് ക്ലാസിന് പോണം. അതിനെത്രയാ ഫീസെന്ന് തിരക്കിയിട്ട് ഞാൻ പറയുന്ന കോച്ചിംഗ് സെന്ററിൽ എന്നെ പഠിപ്പിക്കാൻ വിടണം. ഇതിനൊന്നും അധികം സമയമില്ല. അതുകൊണ്ട് അച്ഛൻ എന്താന്ന് വച്ചാ വേഗം ചെയ്തോ. എന്നിട്ട് മിണ്ടിയാൽ മതി എന്നോട്."

അഞ്ജു തന്റെ തീരുമാനം പറഞ്ഞു. ഭാരതിയും അവളെ പിന്താങ്ങിയപ്പോൾ മകളുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കാനേ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഇത്രേം പണം എങ്ങനെ ഉണ്ടാക്കുമെന്ന് ആലോചിച്ചു മുരളിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. കടയിരിക്കുന്ന സ്ഥലം പണയപ്പെടുത്തി വീണ്ടുമൊരു ബാധ്യത വരുത്താൻ ആയാൾക്ക് മനസ്സ് വന്നില്ല. "ഭാരതീ... നമുക്ക് ആരതി മോളെ ചെന്നൊന്ന് കണ്ട് തല്ക്കാലത്തേക്ക് അവളുടെ കുറച്ച് സ്വർണ്ണം ചോദിച്ചാലോ?" "അതിന് അവളത് തരുമോ? അവള് തരാൻ സമ്മതിച്ചാലും സുജിത്തും വീട്ടുകാരും കൂടി സമ്മതിക്കണ്ടേ?" "അവൾക്ക് വേണ്ടിയല്ലേ ഞാനിത്രേം കടം വാങ്ങി കൂട്ടിയത്. പിന്നെ ആ സ്വർണ്ണം വെറുതെ അലമാരയിൽ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ ആവശ്യത്തിന് ഉപയോഗിക്കുന്നത്. അവരെന്തായാലും അവളുടെ സ്വർണ്ണമൊന്നും എടുത്ത് ചിലവാക്കിയിട്ടില്ല. അപ്പോപ്പിന്നെ ഞാൻ ചോദിക്കുമ്പോൾ കുറച്ചു സ്വർണം എനിക്ക് തരുന്നതിൽ എന്താ പ്രശ്നം. എന്റെ അവസ്ഥ അറിഞ്ഞാൽ ആരതി മോള് സഹായിക്കാതിരിക്കില്ല. അവളുടെ അമ്മായി അമ്മ മാത്രല്ലേ പ്രശ്നക്കാരി. ചന്ദ്രേട്ടനും സുജിത്തുമൊക്കെ എന്നെ വഴിയിൽ വച്ച് കാണുമ്പോ ചിരിച്ച് സംസാരിക്കുകയും എന്തെങ്കിലും കൈമണി തരുകയുമൊക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് നമ്മുടെ ആവശ്യം പറഞ്ഞാൽ അവൾ സഹായിക്കാതിരിക്കില്ല."

പ്രതീക്ഷയോടെ മുരളിയത് പറയുമ്പോൾ ഭാരതിയും പോകാമെന്ന് സമ്മതിച്ചു. "അഞ്ജുവിനെ വീട്ടിലേക്ക് കൊണ്ട് പോയ ശേഷം നമുക്ക് ആരതിയുടെ വീട്ടിലേക്ക് പോവാം." ഭാരതി തന്റെ നിർദേശം മുന്നോട്ട് വച്ചു. "അതുമതി... ഞാൻ സുജിത്തിനെ വിളിച്ച് അക്കാര്യമൊന്ന് സൂചിപ്പിച്ചേക്കാം. അപ്പോപ്പിന്നെ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമാകുമല്ലോ." "അതൊക്കെ നിങ്ങളുടെ ഇഷ്ടം... എങ്ങാനും അവൾ സ്വർണം തന്നില്ലെങ്കിൽ ബാക്കി അപ്പൊ പറയാം ഞാൻ." "അമ്മേ എനിക്കൊരു ചായ വാങ്ങിത്താ... നല്ല തലവേദന തോന്നുന്നു." നെറ്റിയിൽ കൈ ഉഴിഞ്ഞുകൊണ്ട് അഞ്ജു പറഞ്ഞപ്പോൾ ഭാരതിയുടെ ശ്രദ്ധ അവളിലേക്കായി. "നിങ്ങള് പോയി മോൾക്കൊരു ചായ വാങ്ങി വാ." അവർ മുരളിയെ നോക്കി പറഞ്ഞു. "ഹാ..." ഒന്ന് മൂളിക്കൊണ്ട് അയാൾ കാന്റീൻ ലക്ഷ്യമാക്കി നടന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ അഞ്ജുവിന്റെ ആത്മഹത്യാ ശ്രമം നാട്ടിൽ മുഴുവനും പടർന്നു. മുന്നോട്ടുള്ള പഠനത്തിന് വച്ചിരുന്ന കാശെടുത്തു അച്ഛൻ ചിലവാക്കിയതിൽ മനംനൊന്താണ് അവളത് ചെയ്തതെന്ന് വാർത്തയിലൂടെ നാടൊട്ട് പരന്നു. അപമാനിതനായ മുരളിക്ക് ആരുടെയും മുഖത്ത് നോക്കാനായില്ല. നാട്ടുകാരും പരിചയക്കാരും ബന്ധുക്കലുമൊക്കെ കുത്തുവാക്കുകൾ പറഞ്ഞ് അയാളെ പഴി ചാരി.

പുറത്തേക്കിറങ്ങുമ്പോൾ തനിക്ക് ചുറ്റും കേൾക്കുന്ന ആളുകളുടെ പരിഹാസവും കുറ്റപ്പെടുത്തലുകളും കാരണം മുരളിക്ക് വഴി നടക്കാൻ വയ്യാത്ത അവസ്ഥയായി. ആതിര അയച്ചുകൊടുത്ത പൈസയിൽ ഭാർഗവി അമ്മ പുതിയൊരു മൊബൈൽ ഫോൺ വാങ്ങിയിരുന്നു. അതിലേക്കാണ് ആതിരയിപ്പോ വിളിക്കാറുള്ളത്. ആൽഫിയെക്കുറിച്ചുള്ള ചോദ്യങ്ങൾ വരുന്നതിനാൽ ആഴ്ചയിലൊരിക്കൽ അവൾക്ക് ഡ്യൂട്ടി ഓഫുള്ള ദിവസം നോക്കിയാണ് ആതിര അമ്മാമ്മയെ വിളിക്കാറ്. അഞ്ജുവിന്റെ കാര്യം അവളോട് പറയാനായി ആതിരയുടെ ഫോൺ കാളും കാത്തിരിക്കുകയാണ് ഭാർഗവി അമ്മ. കുറച്ചുദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അഞ്ജുവിനെ വീട്ടിലേക്ക് കൊണ്ട് വന്നു. വീട്ടിലേക്ക് വന്നയുടനെ അവളാദ്യം ചെയ്തത് എൻട്രൻസ് കോച്ചിംഗിന് ചേരാൻ പറ്റിയ സെന്റർ അന്വേഷിക്കലായിരുന്നു. അങ്ങനെ പാലായിലുള്ള ബ്രില്ലിയന്റ് സ്റ്റഡി സെന്ററിൽ ചേർന്ന് പഠിക്കാൻ അഞ്ജു തീരുമാനിച്ചു. കോച്ചിംഗ് ഫീസും ഹോസ്റ്റലിലെ താമസവും എല്ലാംകൂടി ഒരു ലക്ഷത്തോളം രൂപ വേണ്ടി വരും. മുരളിയോട് എത്രയും പെട്ടന്ന് പണം റെഡിയാക്കി തന്നെ എൻട്രൻസ് കോച്ചിംഗിന് വിടാൻ അഞ്ജു ആവശ്യപ്പെട്ടു. തൊട്ടടുത്ത ഞായറാഴ്ച ദിവസം നോക്കി മുരളിയും ഭാരതിയും കൂടി ആരതിയെ കാണാനായി പുറപ്പെട്ടു. ************

"ക്രിസ്റ്റി ഇന്ന് ഡിസ്ചാർജ് ആവില്ലേ." പതിവ് പോലെ അവനെ കാണാൻ വന്നപ്പോൾ ആതിര ചോദിച്ചു. "മ്മ് അതെ... രാവിലെ ഡോക്ടർ റൗണ്ട്സിനു വന്നപ്പോൾ ഇന്ന് ഡിസ്ചാർജ് ചെയ്യാന്ന് പറഞ്ഞിട്ടുണ്ട്." "ഇപ്പൊ വേദനയൊക്കെ മാറിയില്ലേ." "ഉവ്വ്... ഇപ്പൊ പ്രശ്നമില്ല... പെർഫെക്ട് ആണ്." കണ്ണുകൾ ചുരുക്കി ക്രിസ്റ്റി അവളെ നോക്കി ചിരിച്ചു. ആ ചിരിക്ക് വല്ലാത്തൊരു മാന്ത്രികതയുണ്ടെന്ന് ആതിരയ്ക്ക് തോന്നി. "ഇനി സൈറ്റിലൊക്കെ പോകുമ്പോൾ ശ്രദ്ധിക്കണേ." കരുതലോടെ അവൾ പറഞ്ഞു. "ഉം... ശ്രദ്ധിക്കാം." ക്രിസ്റ്റി ചിരിക്കുകയാണ്. "എന്താ ക്രിസ്റ്റിയിങ്ങനെ ചിരിക്കുന്നത്." "വെറുതെ... തന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. നാളെ മുതൽ ഈ ശബ്ദം കേൾക്കാൻ പറ്റില്ലല്ലോ. ഇവിടുത്തെ വിരസത നിറഞ്ഞ ദിവസങ്ങൾ ബോറടിയില്ലാതെ കഴിഞ്ഞുപോയത് തന്റെ വരവുകൾ കാരണമാണ്." അവൻ വാചാലനായി. "ഒഴിവുള്ളപ്പോൾ ക്രിസ്റ്റി ഫ്ലാറ്റിലേക്ക് വരൂ... നമുക്ക് കാണാലോ."

"മ്മ് വരാം." "എങ്കിൽ ശരി... എനിക്ക് ഡ്യൂട്ടിയുണ്ട്." അവിടെ നിന്നും എത്രയും പെട്ടെന്ന് പോകാൻ അവൾക്ക് തോന്നി. ക്രിസ്റ്റിയുടെ സംസാരത്തിലും പ്രവൃത്തിയിലുമൊക്കെ എന്തൊക്കെയോ പന്തികേട് ആതിരയ്ക്ക് ഫീൽ ചെയ്തു. അവനെ നോക്കിയൊന്ന് തലയനക്കിയ ശേഷം അവൾ വേഗം റൂമിൽ നിന്ന് പുറത്ത് കടന്നു. തന്നോട് സംസാരിക്കുമ്പോഴൊക്കെ ക്രിസ്റ്റിയുടെ കണ്ണുകളിൽ കണ്ട തിളക്കവും തന്നെ നോക്കി മാത്രമുള്ള കണ്ണുകൾ ചുരുക്കിയുള്ള അവന്റെ ചിരിയും അവളിൽ പരിഭ്രമം നിറച്ചു. "അത് പ്രണയമാണോ... ഈശ്വരാ... ക്രിസ്റ്റി എന്നെ സ്നേഹിക്കുന്നുണ്ടോ?" കുറച്ചു ദിവസങ്ങളായി ക്രിസ്റ്റിയിൽ കാണുന്ന മാറ്റങ്ങൾ ഒരു കാമുകന്റേത് പോലെയാണെന്ന് ആതിരയ്ക്ക് തോന്നി. പണ്ട് നഴ്സിംഗ് പഠിക്കുന്ന സമയം തന്നോട് പ്രണയം തുറന്ന് പറഞ്ഞ വേളയിൽ ആൽഫിയിലും താൻ കണ്ട ഭാവങ്ങൾ ഇത് പോലെയായിരുന്നുവെന്ന് ഒരു നടുക്കത്തോടെ അവളോർത്തു.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story