മറുതീരം തേടി: ഭാഗം 55

marutheeram thedi shiva

രചന: ശിവ എസ് നായർ

നെഞ്ചിൽ കൈപ്പത്തി ചേർത്ത് മുരളി നിലത്തേക്കിരുന്ന് കിതച്ചു. "അയ്യോ... മുരളിയേട്ടാ... നിങ്ങക്കെന്താ പറ്റിയേ?" ആധിയോടെ ഭാരതി ഭർത്താവിനരികിലിരുന്നു. "ഭാരതീ... കുടിക്കാനിത്തിരി വെള്ളം." തളർച്ചയോടെ അയാൾ പറഞ്ഞു. "മോളെ ഇച്ചിരി വെള്ളമിങ്ങ് എടുത്തേ." പരിഭ്രാന്തിയോടെ ഭാരതി മകളെ നോക്കി. ആദ്യത്തെ പകപ്പൊന്ന് മാറിയപ്പോൾ ആരതി വേഗം അകത്തേക്ക് പോയി ഒരു ജഗ്ഗിൽ ചൂട് വെള്ളവും എടുത്തുകൊണ്ട് ഓടി വന്നു. "ഇന്നാ വെള്ളം കുടിക്ക് മുരളിയേട്ടാ.." മുരളിയുടെ തുറന്ന് പിടിച്ച വായിലേക്ക് അവർ വെള്ളമൊഴിച്ചു കൊടുത്തു. ആർത്തിയോടെ അയാൾ വെള്ളം കുടിച്ചു കൊണ്ടിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെയാണ് ആരതി ആ കാഴ്ചകളൊക്കെ കണ്ട് നിന്നത്. "മുരളിയേട്ടാ ഇപ്പോ എങ്ങനെയുണ്ട്? ക്ഷീണം മാറിയോ?" "പ്രെഷർ കൂടിയതാണെന്ന് തോന്നുന്നു." ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞുകൊണ്ട് മുരളി ഷർട്ടിന്റെ ബട്ടൻസുകൾ അഴിച്ച് മുണ്ടിന്റെ തലപ്പ് കൊണ്ട് വിയർപ്പൊപ്പി. "അമ്മ വേഗം അച്ഛനേം കൊണ്ട് പോകാൻ നോക്ക്.

ഇവിടെ നിന്നിട്ടും കാര്യമില്ല. പോകുന്ന വഴിക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ കാണിക്കാൻ മറക്കണ്ട." ഔദാര്യം പോലെ ആരതി പറഞ്ഞു. "നമുക്ക് ഒരോട്ടോ പിടിച്ച് വീട്ടിലേക്ക് പോവാം മുരളിയേട്ടാ. ഇനിയൊരുനിമിഷം പോലും ഇവിടെ നിൽക്കാൻ പാടില്ല. നിങ്ങളൊന്നു തളർന്ന് വീണപ്പോൾ പോലും അവൾക്കെന്തെങ്കിലും വിഷമമുണ്ടോന്ന് നോക്കിയേ. ഈ നന്ദി കെട്ടവളോട് ഇരന്നു നാണംകെടുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്. നീയൊരിക്കലും ഗുണം പിടിക്കാൻ പോണില്ലെടി എരണം കെട്ടവളെ." അവളെ തലയിൽ കൈവച്ച് പ്രാകികൊണ്ട് മുരളിയെ താങ്ങി എഴുന്നേൽപ്പിച്ച് ഭാരതി മുറ്റത്തേക്കിറങ്ങി നടന്നു. "ഞാനീ അപമാനം ഒരിക്കലും മറക്കില്ല മോളെ. നിന്നെ എങ്ങനെ വളർത്തിയതാ ഞങ്ങൾ." ഇടറുന്ന ശബ്ദത്തിൽ അത്രയും പറഞ്ഞു കൊണ്ട് ഭാര്യയുടെ തോളിൽ കൈകൾ താങ്ങി അയാൾ വേച്ചു വേച്ച് മുന്നോട്ട് നടന്നു. അച്ഛനും അമ്മയും ഗേറ്റ് കടന്ന് പോയതും ആരതി കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി. അത്രയും സമയം സങ്കടം ഉള്ളിലടക്കി നിൽക്കുകയായിരുന്നു അവൾ. ധരിച്ചിരുന്ന പട്ടുസാരി ദേഷ്യത്തോടെ വലിച്ചൂരി.

മുകളിൽ നിന്നും സ്റ്റെപ്പിറങ്ങി അവൾക്ക് നേരെ നടന്ന് വരുന്ന സുജിത്തിന് നേർക്ക് അവൾ സാരി ചുരുട്ടിയെറിഞ്ഞു. "നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ടാ എന്റെ അച്ഛനിവിടെ നിന്ന് ഇറങ്ങിപ്പോയത്. ഇപ്പൊ തൃപ്തിയായില്ലേ നിങ്ങൾക്ക്." ദേഷ്യത്തോടെ സുജിത്തിനോട് പറഞ്ഞുകൊണ്ട് ആരതി സോഫയിലേക്ക് തളർന്നിരുന്നു. "നിന്റെ അച്ഛൻ സ്ത്രീധനമായി തന്ന സ്വർണ്ണവും വാരികെട്ടി കൂടെ പൊയ്ക്കോളാൻ ഞാൻ പറഞ്ഞതല്ലേ." "അങ്ങനെയെന്നെ ഒഴിവാക്കി വിടാമെന്ന് സുജിത്തേട്ടൻ സ്വപ്നം കാണണ്ട." "ഇവിടെ ജീവിക്കണമെങ്കിൽ പലതും സഹിക്കേണ്ടി വരും. അതിന് പറ്റില്ലെങ്കിൽ ഇറങ്ങിപ്പോടി. നിന്നെ ഇവിടെയാരും പിടിച്ചു വച്ചിട്ടൊന്നുമില്ലല്ലോ." "ഒരു ഇരുപത് പവൻ സ്വർണ്ണമല്ലേ അച്ഛൻ ചോദിച്ചോളൂ. എന്റെ സ്വർണ്ണം ഇവിടെയിങ്ങനെ അലമാരയിൽ ഇരിക്കുന്നതിലും ഭേദമല്ലേ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടല്ലേ എന്റെ അച്ഛൻ ഇവിടെ വന്ന് ഇരന്നത്. സ്വർണ്ണം തരുമോന്ന് വിളിച്ചു ചോദിച്ചത് നിങ്ങളോടല്ലേ. കൊടുക്കാൻ മനസ്സിലായിരുന്നെങ്കിൽ അപ്പൊത്തന്നെ പറയാമായിരുന്നില്ലേ.

അതിന് പകരം നല്ലപിള്ള ചമഞ്ഞു ഇങ്ങോട്ട് വന്ന് എന്നോട് ചോദിച്ചോളാൻ പറഞ്ഞത് സുജിത്തേട്ടൻ തന്നെയല്ലേ?" "ഞാനങ്ങനെ പലതും പറയും. അത് നീ അറിയേണ്ട ആവശ്യമില്ല. എനിക്കൊട്ടും ഇഷ്ടമില്ലാതെ അവസരം മുതലെടുത്ത് എന്റെ ജീവിതത്തിലേക്ക് വലിഞ്ഞുകയറി വന്നവളാണ് നീ. നിന്നെ എങ്ങനെയൊക്കെ വേദനിപ്പിക്കാമോ അതൊക്കെ ഞാൻ ചെയ്യും. നിന്റെ കണ്ണീർ കാണാൻ ഒരു പ്രത്യേക സുഖമാണ്. നീ ആഗ്രഹിക്കുന്ന ജീവിതം എന്നിൽ നിന്ന് പ്രതീക്ഷിക്കണ്ടെന്ന് പറഞ്ഞിട്ടും അട്ടയെ പോലെ കടിച്ചുതൂങ്ങി കിടക്കുവല്ലേ നീ. വേണോങ്കി നിന്റെ തന്തപ്പടി തന്ന സ്വർണ്ണവും എടുത്തുകൊണ്ട് വിട്ടോളാൻ പറഞ്ഞതല്ലേ. അല്ലെങ്കിൽ ഞാൻ പറയുന്നത് പോലെ അനുസരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് തന്നിരുന്നല്ലോ ഞാൻ." "സുജിത്തേട്ടനെന്താ എന്നെയൊന്ന് സ്നേഹിച്ചാൽ." "നിന്നെയെന്നല്ല ഒരു പെണ്ണിനെയും കെട്ടി കൂടെകൂട്ടി ഭാര്യയായി വാഴിക്കാൻ എനിക്കൊരു താല്പര്യവുമില്ലായിരുന്നു. അന്നത്തെ സാഹചര്യം കൊണ്ട് നീയെന്റെ തലയിലായിപ്പോയി.

ഒന്നുകിൽ നിനക്കിവിടെ കിടന്ന് പുഴുത്ത പട്ടിയെ പോലെ നരകിച്ചു ചാകാം. അല്ലെങ്കിൽ ഉള്ള ആരോഗ്യവും ജീവനും കൊണ്ട് നിന്റെ വീട്ടിലേക്ക് തന്നെ പൊയ്ക്കോ." "അങ്ങനെ എന്നെയങ്ങു എളുപ്പത്തിൽ ഒഴിവാക്കാമെന്ന് നിങ്ങള് വിചാരിക്കണ്ട. എന്ത് വന്നാലും ഇവിടുന്ന് ഞാൻ എങ്ങോട്ടും പോവില്ല." വാശിയോടെ ആരതി പറഞ്ഞു. "എങ്കിൽ പിന്നെ എന്നെ അനുസരിക്കുകയേ നിനക്ക് നിവൃത്തിയുള്ളൂ. സത്യം പറഞ്ഞാൽ എനിക്കിപ്പോ തന്നെ നിന്നെ മടുത്ത് തുടങ്ങി. നിന്റെയീ ശരീരം ഞാൻ കുറേ മോഹിച്ചതാണ്. എന്റെ ആഗ്രഹങ്ങളെല്ലാം ഞാൻ നിറവേറ്റി കഴിഞ്ഞു. ഇപ്പൊ നീ എനിക്കൊരു ബാധ്യതയാണ്. നിന്നെ ഞാൻ ഉപേക്ഷിച്ചാൽ പോലും ഇവിടെയാരും എന്നെ ചോദ്യം ചെയ്യാൻ പോകുന്നില്ല. എടുത്താൽ പൊങ്ങാത്ത സ്ത്രീധനം വാങ്ങി നിന്നെയിങ്ങോട്ട് കെട്ടിയെടുത്തത് ഞങ്ങളുടെ അന്തസ്സ് കുറയാതിരിക്കാനാ. നിന്നെ കെട്ടിയില്ലെങ്കി ഉണ്ടാവുന്ന നാണക്കേട് ഓർത്താണ് അച്ഛനും അമ്മയും പറഞ്ഞതനുസരിച്ച് എല്ലാത്തിനും ഞാൻ നിന്ന് തന്നത്.

നിന്റെ വീട്ടുകാർക്കിപ്പോ എന്നെയും അച്ഛനെയും നല്ല മതിപ്പാണ്. ഞാൻ നിന്നെയിവിടെ രാജകുമാരിയെ പോലെയാണ് വാഴിക്കുന്നതെന്നാണ് നാട്ടുകാരുടേം നിന്റെ വീട്ടുകാരുടേം വിചാരം. നീയിവിടെ ഉള്ളിടത്തോളം കാലം അത് അങ്ങനെ തന്നെ തുടർന്ന് പോകണം. നാളെയൊരിക്കൽ നമ്മള് തമ്മിൽ പിരിഞ്ഞാലും ഞങ്ങളെ കുറ്റം പറഞ്ഞുകൊണ്ട് ആരും വരാൻ പാടില്ല. പിന്നെ എന്നേം എന്റെ വീട്ടുകാരേം നീയിനി എന്തൊക്കെ മോശമായി പറഞ്ഞാലും ആരും വിശ്വസിക്കാൻ പോണില്ല." ഗൂഢമായി ചിരിച്ചു കൊണ്ടവൻ സോഫയിലേക്ക് ഇരുന്നു. "നിങ്ങള് മനസ്സിൽ ചിന്തിക്കുന്നത് ഒരിക്കലും നടക്കാൻ പോണില്ല. ഗതികെട്ട് ഞാനിവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോൾ എല്ലാ പഴിയും എന്റെ മേൽ ചുമത്തി കൈകഴുകാമെന്ന വ്യാമോഹം വേണ്ട. ഞാനിവിടെ നിന്ന് എവിടേം പോവില്ല. എപ്പോഴും എന്നോട് പോരെടുത്തിരുന്ന നിങ്ങളുടെ അമ്മയുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായതാ അതിന് പിന്നിൽ നിങ്ങളാവുമെന്ന്. എല്ലാം ഇട്ടെറിഞ്ഞു എനിക്ക് വേണമെങ്കിൽ ഈ നിമിഷം ഇവിടെ നിന്ന് പോകാം. പക്ഷേ ഞാൻ പോവില്ല.

എന്നെ ഇവിടിയിട്ട് നരകിപ്പിക്കുന്ന നിങ്ങളെ അതുപോലെ യാതനകൾ അനുഭവിപ്പിച്ചിട്ടേ ഞാൻ പോവു. അതെന്റെയൊരു വാശിയാ. മടുത്തിട്ട് ഞാനിറങ്ങി പോവാൻ വേണ്ടി നിങ്ങളെന്നെ എത്ര വേദനിപ്പിച്ചാലും വിഷമിപ്പിച്ചാലും ഞാൻ സഹിക്കും. എന്നെ ഒഴിവാക്കി സമാധാനത്തോടെ ജീവിക്കാമെന്ന് സുജിത്തേട്ടൻ വ്യാമോഹിക്കണ്ട." ആരതിയുടെ ജല്പനങ്ങൾ കേട്ട് സുജിത്ത് അവളെ നോക്കി പൊട്ടിച്ചിരിച്ചു. "നിന്നെയിവിടെ നിന്ന് പുകച്ചു പുറത്ത് ചാടിക്കും മോളെ ഞാൻ. എന്റെ ഇഷ്ടമില്ലാത്തവരെയൊന്നും ഈ വീട്ടിൽ വച്ച് വാഴിക്കത്തില്ല ഞാൻ. രാത്രി ഞാൻ വരുമ്പോ ഒരുങ്ങിയിരുന്നോ നീ." മുഷ്ടി ചുരുട്ടി സോഫയിൽ അടിച്ചുകൊണ്ട് അവനെഴുന്നേറ്റ് പുറത്തേക്ക് പോയി. തളർച്ചയോടെ അവൻ പോകുന്നതും നോക്കി ആരതി നിന്നു. സുജിത്തിന്റെ ഭാര്യയായി ആ വീട്ടിൽ വന്ന് കേറിയപ്പോൾ മുതൽ അവന്റെ അമ്മ അവളെ വേലക്കാരിയെ പോലെയാണ് കണ്ടിരുന്നതും പെരുമാറിയതും. ഒരിക്കൽ മുരളിയും ഭാരതിയും ആരതിയെ കാണാനായി അവിടേക്ക് വന്നപ്പോൾ കണ്ടത് സീമ അവളെ ഉപദ്രവിക്കുന്ന കാഴ്ചയായിരുന്നു.

അത് കണ്ട് മനംനൊന്ത് മുരളി സുജിത്തിനെ പോയി കണ്ട് മകളെ കഷ്ടപ്പെടുത്തരുതെന്നും നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടു. ആ സംഭവത്തോടെയാണ് സുജിത്ത് ജാഗരൂകനാകുന്നത്. അന്നുതന്നെ വീട്ടിൽ വന്ന സുജിത്ത് അമ്മയോട് ആരതിയുടെ നേർക്കുള്ള പോരെടുക്കൽ നിർത്താൻ പറഞ്ഞു. ശേഷം ആരതിയുടെ വീട്ടുകാർക്ക് മുന്നിൽ അവൻ നല്ലപിള്ള ചമഞ്ഞു അഭിനയം കാഴ്ച വയ്ക്കാൻ തുടങ്ങി. അതുപോലെതന്നെ ആരതിയെയും താൻ നല്ലത് പോലെയാണ് നോക്കുന്നതെന്ന് ബോധ്യപ്പെടുത്താൻ വേണ്ടി ഓരോ കാട്ടികൂട്ടലുകളും സുജിത്ത് ചെയ്യാൻ തുടങ്ങി. അതേസമയം ആ വീടിനുള്ളിൽ അവളെ കഷ്ടപ്പെടുത്താൻ പറ്റുന്നതിന്റെ മാക്സിമം അവൻ കഷ്ടപ്പെടുത്തി. സഹികെട്ട് ആരതി സ്വയമിറങ്ങി പോകുമ്പോൾ പഴി അവർക്ക് മേൽ വരാതിരിക്കാൻ വേണ്ടിയുള്ള എല്ലാം സുജിത്ത് ചെയ്തിട്ടുണ്ട്. ചന്ദ്രനും സീമയും മകൻ കാരണം അവർക്കുണ്ടായ നാണക്കേട് ഒഴിവാക്കാൻ വേണ്ടിയാണ് ആരതിയെ മരുമകളായി സ്വീകരിക്കാൻ തയ്യാറായത്.

അതുകൊണ്ട് തന്നെ സുജിത്ത് അവളെ ഉപേക്ഷിച്ചാലും അവർക്ക് പരാതിയില്ല. പക്ഷേ അതിന്റെ പേരിൽ ആരുമവരെ കുറ്റപ്പെടുത്തരുതെന്ന നിർബന്ധമുണ്ട് ചന്ദ്രനും സീമയ്ക്കും. അതിനുള്ള കളികളാണ് സുജിത്തിപ്പോ ചെയ്തുകൊണ്ടിരിക്കുന്നത്. അത് മനസ്സിലാക്കിയപ്പോഴാണ് അതുവരെ അവിടെ നിന്നും രക്ഷപ്പെടാൻ കൊതിച്ചിരുന്ന ആരതിയുടെ മനസ്സിൽ സുജിത്തിനോട് പക തോന്നാൻ തുടങ്ങിയത്. അവൻ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചതിനൊക്കെ അവസരം നോക്കി തിരിച്ചു കൊടുത്തിട്ടേ ആ പടി ഇറങ്ങൂ എന്ന വാശിയിലാണ് അവൾ. മുരളി, സുജിത്തിനെ വിളിച്ച് സ്വർണ്ണം ചോദിച്ച കാര്യം അവൻ പറഞ്ഞ് ആരതി അറിഞ്ഞിരുന്നു. അച്ഛൻ ചോദിച്ച പ്രകാരം ഇരുപത് പവന്റെ സ്വർണ്ണം കൊടുക്കാനും അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. കാരണം അവിടുത്തെ അലമാരയിൽ വെറുതെ ഇരിക്കുകയാണ് സ്വർണ്ണമെല്ലാം. കുടുംബത്തിൽ എന്തെങ്കിലും ആഘോഷങ്ങൾ വരുമ്പോൾ സീമ അവളോട് അതൊക്കെ അണിഞ്ഞു കൂടെ ചെല്ലാൻ പറയാറുണ്ട്. എങ്കിൽ പോലും എഴുപത്തി അഞ്ചു പവന്റെ ആവശ്യം അവൾക്ക് വരുന്നില്ല. മുരളി വരുമ്പോൾ കൊടുക്കാമെന്ന് കരുതി കുറച്ചു സ്വർണ്ണം അവളെടുത്തു വയ്ക്കുമ്പോഴാണ് സുജിത്ത് അവളോട് അത്‌ കൊടുക്കരുതെന്ന് പറയുന്നത്.

ആരതി കാല് പിടിച്ചു കേണിട്ടും സുജിത്ത് അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒന്നുകിൽ സ്ത്രീധനമായി തന്ന സ്വർണ്ണവുമെടുത്തു കെട്ടുതാലി അഴിച്ച് വച്ച് അച്ഛനോടൊപ്പം എന്നന്നേക്കുമായി ആ വീടിന്റെ പടികളിറങ്ങി പോണമെന്നും അല്ലെങ്കിൽ അവൻ പറയുന്നത് അനുസരിക്കണമെന്നും സുജിത്ത് പറഞ്ഞപ്പോൾ അവിടം വിട്ടിറങ്ങാൻ മനസ്സില്ലാത്തതിനാൽ ആരതിക്ക് അവൻ പറയുന്നത് കേൾക്കേണ്ടി വന്നു. മുരളിയുടെ അവസ്ഥ ഒരു വശത്ത്, മറുവശത്ത് എല്ലാം ഉപേക്ഷിച്ചു പടിയിറങ്ങിയാൽ താൻ കേൾക്കാൻ പോകുന്ന ശകാരവാക്കുകളും വീട്ടുകാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകളും. ഒരു തെറ്റും ചെയ്യാത്ത താനെന്തിനു ഇവിടുന്ന് മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടതെന്നാണ് അവൾ ഓർത്തത്. പക്ഷേ ആദ്യമേ താനവിടെ അനുഭവിച്ചിരുന്ന കഷ്ടതകൾ അഭിമാനം നോക്കി വീട്ടുകാരിൽ നിന്ന് ഒളിച്ചു വയ്ക്കാതെ തുറന്ന് പറഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ ഇങ്ങനെ കീഴ്മേൽ മാറിയില്ലായിരുന്നുവെന്നോർത്തു ആരതി വ്യസനിച്ചു.

പക്ഷേ സുജിത്തിന് നേർക്ക് തിരിച്ചടിക്കാൻ അവസരം കാത്ത് തൽക്കാലം അവളതൊക്കെ മനസ്സിലടക്കി. തനിക്ക് വേണ്ടി കഷ്ടപ്പെട്ട അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥയോർത്ത് ആരതിക്ക് കടുത്ത മനോവിഷമം തോന്നി.. സുജിത്ത് അറിയാതെ അയാളെ സഹായിക്കാനും കഴിയാത്തത്തിൽ അവൾ നിരാശ പൂണ്ടു. വാശി പിടിച്ചു ഈ വിവാഹം നടത്തേണ്ടിയിരുന്നില്ലെന്ന് ആരതി ചിന്തിക്കാറുണ്ട്. താൻ വാശി പിടിച്ചു ആത്മഹത്യാ ഭീഷണി മുഴക്കി നടത്തിയ വിവാഹമായതുകൊണ്ടാണ് ആരതി അവിടെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതും. ************ അന്ന് ആതിരക്ക് ഡ്യൂട്ടി ഇല്ലായിരുന്നു. കുഞ്ഞിനോടൊപ്പം ഫ്ലാറ്റിൽ തന്നെയായിരുന്നു അവൾ മുഴുവൻ സമയവും. വൈകുന്നേരം ക്രിസ്റ്റി കാണാൻ വരുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് അവൻ വരുമ്പോൾ കൊടുക്കാനുള്ള ഡിന്നർ തയ്യാറാക്കി വച്ചിട്ട് ഹാളിൽ മോളോടൊപ്പം കളിയിലായിരുന്നു ആതിര. അമ്മാമ്മയെ വിളിച്ചപ്പോൾ അഞ്ജുവിന്റെ വിശേഷങ്ങളൊക്കെ ഭാർഗവി അമ്മ പറഞ്ഞ് അവൾ അറിഞ്ഞിരുന്നു. അഞ്ജുവിനോടൊന്ന് സംസാരിക്കാൻ അമ്മാമ്മ നിർബന്ധിച്ചിട്ടും ആതിര അത് ചെവികൊണ്ടില്ല.

അവളെക്കൊണ്ട് പറ്റുമെങ്കിൽ അഞ്ജുവിന്റെ പഠിപ്പിന് എന്തെങ്കിലും സഹായം ചെയ്തു കൊടുക്കണമെന്ന് ഭാർഗവി അമ്മ പറഞ്ഞപ്പോൾ 'ആലോചിക്കട്ടെ' എന്നായിരുന്നു ആതിരയുടെ മറുപടി. താനവളുടെ പഠിപ്പിന്റെ കാര്യത്തിന് ചെറുസഹായം ചെയ്തു കൊടുത്താൽ മുഴുവൻ ഉത്തരവാദിത്തവും തന്റെ തലയിലാവുമെന്ന് അവൾക്കുറപ്പായിരുന്നു. പഠിപ്പിന് ആവശ്യമായ എന്തെങ്കിലും സഹായം ചെയ്യണമെന്ന് അഞ്ജു തന്നോട് നേരിട്ട് ചോദിക്കുകയാണെങ്കിൽ പറയാനൊരു മറുപടി ആതിര മനസ്സിൽ കരുതി വച്ചിട്ടുണ്ടായിരുന്നു. ആരതിയുടെ കാണാൻ പോയി അപമാനിതരായി മുരളിയും ഭാരതിയും വന്നതറിഞ്ഞപ്പോൾ അവൾക്ക് അത്ഭുതമൊന്നും തോന്നിയില്ല. അഞ്ജുവിനെ എൻട്രൻസ് കോച്ചിംഗിന് വിടാൻ മുരളിയുടെ കൈയ്യിൽ പൈസയൊന്നുമില്ലെന്നും അയാൾ കടത്തിൽ മുങ്ങി നിൽക്കുകയാണെന്നും ചിലപ്പോൾ ഭാരതി വഴിയെങ്കിലും അവളോട് സഹായം ചോദിച്ചേക്കാമെന്നും അമ്മാമ്മ പറഞ്ഞപ്പോൾ

അതൊരിക്കലും ഉണ്ടാവാൻ പോണില്ലെന്ന് ആതിര പറഞ്ഞു. കടം കയറി ആത്മഹത്യ ചെയ്യേണ്ടി വന്നാലും അച്ഛന്റെ അഭിമാനം തന്നോട് സഹായം ചോദിക്കാൻ അനുവദിക്കില്ലെന്ന് ആതിരയ്ക്ക് ഉറപ്പായിരുന്നു. അഞ്ജുവിനെ സഹായിക്കണോ വേണ്ടയോ എന്നുള്ള ആലോചനയായിരുന്നു അവളിൽ. ഫിനാൻഷ്യലി താനൊന്ന് സ്റ്റേബിളായി വരുന്നതേയുള്ളു. അപ്പോഴേക്കും ഒരു ഭാരിച്ച ഉത്തരവാദിത്തം തലയിലായാൽ തന്റെ അടിത്തറ തന്നെ ഇളകുമെന്ന് ആതിരയ്ക്കറിയാം. എന്ത് വേണമെന്ന ചിന്തയിൽ മുഴുകി ഇരിക്കുമ്പോഴാണ് കാളിംഗ് ബെൽ കേട്ടത്. ക്രിസ്റ്റി വന്നിട്ടുണ്ടാവുമെന്ന് കരുതി ആതിര മോളെയും ഇടുപ്പിലെടുത്തു വാതിലിന് നേർക്ക് നടന്നു..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story