മറുതീരം തേടി: ഭാഗം 56

marutheeram thedi shiva

രചന: ശിവ എസ് നായർ

ക്രിസ്റ്റി വന്നിട്ടുണ്ടാവുമെന്ന് കരുതി ആതിര മോളെയും ഇടുപ്പിലെടുത്ത് വാതിലിന് നേർക്ക് നടന്നു. ഡോർ തുറന്ന് നോക്കുമ്പോൾ വാതിലിനപ്പുറം പുഞ്ചിരിയോടെ നിൽക്കുകയാണ് ക്രിസ്റ്റി. "അകത്തേക്ക് വരൂ ക്രിസ്റ്റി." ആതിര അവനെ ക്ഷണിച്ചു. അവളുടെ ഇടുപ്പിലിരിക്കുന്ന തുമ്പി മോളെ കവിളിലൊന്ന് മൃദുവായി തൊട്ട് കളിപ്പിച്ചു കൊണ്ടവൻ ഹാളിൽ പ്രവേശിച്ചു. ആതിര ചൂണ്ടിക്കാട്ടിയ സോഫയിലേക്ക് ഇരിക്കുമ്പോൾ അവളും അവന് എതിർവശത്തായി ഇരുന്നു. "ഫ്ലാറ്റ് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ?" "ഏയ്‌ ഇല്ല... ഞാനീ ഭാഗത്തൊക്കെ വരാറുണ്ട്. നാട്ടിലുള്ള കുറേ ഫ്രണ്ട്‌സ് ഇവിടെയൊക്കെ ഉണ്ട്. ലീവ് ഡേയ്‌സ് ഞങ്ങളെല്ലാവരും ഒന്നിച്ചു കൂടാറുണ്ട്." "ക്രിസ്റ്റി ഓഫീസിൽ പോയി തുടങ്ങിയോ?" "രണ്ട് ദിവസം മുൻപ് പോകാൻ തുടങ്ങി." "വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലല്ലോ അല്ലേ? കൈയ്യിന്റെ വേദനയൊക്കെ മാറിയില്ലേ?" "ആടോ... ഇപ്പൊ എല്ലാം പെർഫെക്ട് ആണ്." "ക്രിസ്റ്റി ഇരിക്ക്... ഞാൻ ജ്യൂസ് എടുക്കാം." കുഞ്ഞിനെ നിലത്ത് കളിക്കാൻ വിട്ടിട്ട് ആതിര എഴുന്നേറ്റു.

"ഏയ്‌... എനിക്കൊന്നും വേണ്ടടോ. ഞാൻ പെട്ടെന്ന് തന്നെ ഇറങ്ങും. ഒരു റിസപ്‌ഷന് പോവാനുണ്ട് എനിക്ക്." ക്രിസ്റ്റി അവളെ തടയാൻ ശ്രമിച്ചു. "അത് സാരമില്ല... ഇവിടെ ആദ്യമായി വന്നിട്ട് ഒന്നും കഴിക്കാതെ പോകുന്നത് ശരിയല്ല." ആതിര കിച്ചണിലേക്ക് പോയി ഒരു ട്രേയിൽ ജ്യൂസും കഴിക്കാൻ സ്നാക്ക്സുമായി അങ്ങോട്ടേക്ക് വന്നു. "ഇതൊന്നും വേണ്ടിയിരുന്നില്ലടോ." "കുഴപ്പമില്ല... ക്രിസ്റ്റിക്ക് ആവശ്യമുള്ളത് കഴിച്ചാൽ മതി. ആദ്യമായി ഇവിടെ വരുന്നതല്ലേ." ആതിഥ്യ മര്യാദയോടെ ആതിര പറഞ്ഞു. "നാട്ടിൽ എന്താ വിശേഷം? അമ്മാമ്മ വിളിക്കാറുണ്ടോ?" ജ്യൂസ് കുടിക്കുന്നതിനിടയിൽ അവൻ ചോദിച്ചു. "ഒഴിവുള്ള ഡേയ്‌സ് ഞാൻ അങ്ങോട്ട്‌ വിളിക്കാറുണ്ട്. അവിടെ പിന്നെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. എനിക്ക് അമ്മാമ്മയെ ഇങ്ങോട്ട് കൊണ്ട് വരണമെന്നൊക്കെയുണ്ട്. പക്ഷേ ലീവ് ഉടനെയൊന്നും കിട്ടില്ല... പിന്നെ ഈ അവസ്ഥയിൽ നാട്ടിലേക്ക് പോകാനും മടിയായത് കൊണ്ട് ഇവിടിങ്ങനെ കുറച്ചു നാൾ കൂടെ പോട്ടേന്നു വിചാരിച്ചു." "കുഞ്ഞിനേം കൊണ്ട് താനൊറ്റയ്ക്ക് ഇതുവരെ പോരാടി എത്തിയില്ലേ.

അതുകൊണ്ട് തന്നെ തള്ളിപ്പറഞ്ഞ വീട്ടുകാർക്ക് മുന്നിൽ വിജയിച്ചുതന്നെ ചെന്ന് നിൽക്കണം.. അതിനീ പ്രവാസം തന്നെ സഹായിക്കും." ക്രിസ്റ്റി അവൾക്ക് ആത്മവിശ്വാസം പകർന്നുനൽകി. "ക്രിസ്റ്റിക്ക് തരാനുള്ള ചെക്ക് ഞാൻ എടുത്തു വച്ചിട്ടുണ്ട്." മേശ വലിപ്പിലിരുന്ന ചെക്ക് അവന് നേർക്ക് നീട്ടി അവൾ പറഞ്ഞു. മടിയേതും കൂടാതെ തന്നെ ക്രിസ്റ്റി അത് വാങ്ങി. താനത് നിരസിച്ചാലും അവളത് നിർബന്ധപൂർവ്വം തരുമെന്ന് അറിയാവുന്നത് കൊണ്ട് അവനൊരു വാഗ്വാദത്തിനു മുതിർന്നില്ല. "എങ്കിൽ ഞാനിറങ്ങട്ടെ... സത്യത്തിൽ ഇവിടേക്ക് വരാനായിട്ട് ഇറങ്ങിയതല്ല ഞാൻ. ഇതുവഴി പോയതുകൊണ്ട് തനിക്കിന്ന് ഓഫുള്ള ദിവസം കൂടി ആയതുകൊണ്ട് കേറിയതാണ്." ചെക്ക്ലീഫ് പോക്കറ്റിലിട്ട് കൊണ്ട് ക്രിസ്റ്റി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. "ഓക്കേ ക്രിസ്റ്റി... വന്നതിൽ ഒത്തിരി സന്തോഷം."

"ഇത് ഞാൻ കുഞ്ഞിന് വാങ്ങിയ ഡ്രെസ്സാണ്. പാകമാണോന്ന് അറിയില്ല. ഇത് വേണ്ടെന്ന് മാത്രം പറയരുത്. മോൾക്ക് വേണ്ടി വാങ്ങിയതാണ് ഞാൻ." ഡോർ തുറന്ന് ഇറങ്ങാൻ നേരം ഒരു കവർ അവളുടെ കൈയ്യിലേക്ക് പിടിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു. "ഒന്നും വാങ്ങേണ്ടിയിരുന്നില്ല ക്രിസ്റ്റി. എങ്കിലും ഇത് ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു." "എങ്കിൽ ശരിയെടോ ബൈ... താഴെ പാർക്കിങ്ങിൽ ഫ്രണ്ട്‌സ് വെയിറ്റ് ചെയ്യുന്നുണ്ട്." "ഓക്കേ...ബൈ ക്രിസ്റ്റി..." ചിരിയോടെ അവൾ കൈവീശി. തുമ്പി മോൾടെ കുഞ്ഞി കവിളിൽ ഒരു ഉമ്മ നൽകിയിട്ടാണ് ക്രിസ്റ്റി പോയത്. ഒരു സുഹൃത്തിനോടെന്ന പോലെയാണ് ക്രിസ്റ്റി തന്നോട് ഇടപഴകുന്നതെങ്കിലും അവന്റെ സാമീപ്യം അവളെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. തന്നെ കാണുമ്പോൾ വിടരുന്ന ക്രിസ്റ്റിയുടെ കണ്ണുകളും ആ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളുടെ അർത്ഥവും വിവേചിച്ചറിയാനാവാത്തത് കൊണ്ട് ആതിരയ്ക്ക് അവനുമായുള്ള ഫ്രണ്ട്ഷിപ് സുഖമുള്ളതായി തോന്നിയില്ല.

ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും. അതുപോലെയാണ് ഇപ്പോൾ അവളുടെയും മനസ്സ്. ക്രിസ്റ്റിക്ക് തന്നോട് മറ്റൊരു തരത്തിലുള്ള ഇഷ്ടമുണ്ടെന്ന് അറിഞ്ഞാൽ അത് മുളയിലേ നുള്ളണമെന്ന് ആതിര മനസ്സിലുറപ്പിച്ചു. തന്റെ അവസ്ഥയറിഞ്ഞു കഴിയുമ്പോഴുള്ള സഹതാപത്തോടെയുള്ള മറ്റുള്ളവരുടെ നോട്ടവും അവർ പ്രകടിപ്പിക്കുന്ന സ്നേഹവുമൊക്കെ ഇപ്പോൾ അവളെ സംബന്ധിച്ച് വീർപ്പുമുട്ടൽ ഉളവാക്കുന്നതായിരുന്നു. ************ "അച്ഛാ... എനിക്ക് കോച്ചിംഗിന് പോയി തുടങ്ങാനുള്ള പൈസ ശരിയായോ?" ആരതിയുടെ വീട്ടിൽ നിന്ന് വന്നപ്പോൾ മുതൽ അഞ്ജുവിന് മുഖം കൊടുക്കാതിരിക്കുകയായിരുന്നു മുരളി. ആരതിയുടെ വീട്ടിൽ പോയിട്ട് ഒന്നും കിട്ടിയിട്ടുണ്ടാവില്ലെന്നുള്ള കാര്യം അഞ്ജു ഊഹിച്ചു. അച്ഛനൊന്നും മിണ്ടാതിരിക്കുന്നത് കണ്ട് സഹികെട്ടാണ് അവൾ മുരളിയോട് പൈസേടെ കാര്യം ചോദിക്കാമെന്ന് വിചാരിച്ചത്. ആരതി അപമാനിച്ചുവിട്ടത് അഞ്ജുവിനോട് പറയാൻ മടിച്ചിരിക്കുകയായിരുന്നു അയാൾ.

ഭാരതി വന്നപ്പോൾ തന്നെ ഭാർഗവി അമ്മയോട് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അവർ വഴി ആതിര ഈ വിവരം അറിഞ്ഞിട്ട് എന്തെങ്കിലും സഹായം ചെയ്തിരുന്നെങ്കിൽ എന്നായിരുന്നു അവർ മനസ്സിൽ ചിന്തിച്ചത്. "അച്ഛനെന്താ ഞാൻ ചോദിച്ചത് കേട്ടില്ലേ. എന്നെ പഠിപ്പിക്കാൻ വിടാനുള്ള കാശ് കിട്ടിയോ? ആരതിയേച്ചി ഒന്നും തന്നില്ലേ?" ദേഷ്യത്തോടെയുള്ള മകളുടെ ചോദ്യം കേട്ട് മുരളിക്ക് വല്ലാത്ത വിഷമം തോന്നി. "നിന്റെ അച്ഛൻ വാ തുറക്കില്ല മോളെ. അങ്ങോട്ട്‌ സ്വർണ്ണം ചോദിച്ചു ചെന്ന ഞങ്ങളെ അവള് കണക്കിന് അപമാനിച്ചാ വിട്ടത്. നിനക്ക് ഡോക്ടർ പഠിത്തതിന് പോകാതെ വേറെന്തിനെങ്കിലും പൊയ്ക്കൂടേന്നാണ് അവളുടെ പറച്ചിൽ. അച്ഛനവളുടെ കാല് പിടിക്കും പോലെ ചോദിച്ചതാ. വളർത്തിയതിന്റെ നന്ദി പോലും കാണിച്ചില്ല എരണം കെട്ടവള്." ഭാരതി അമർഷത്തോടെ പറഞ്ഞു. അമ്മയിൽ നിന്ന് സുജിത്തിന്റെ വീട്ടിൽ നടന്ന സംഭവങ്ങളൊക്കെ അറിഞ്ഞപ്പോൾ അഞ്ജുവിന് ദേഷ്യമടക്കാനായില്ല. "ഉള്ളതെല്ലാം ചേച്ചിക്ക് മാത്രം കൊടുത്തിട്ടിരുന്നാൽ എന്റെ പഠിപ്പ് മുടങ്ങുമെന്ന് കെട്ടിക്കാൻ നേരം ഞാൻ പറഞ്ഞതല്ലേ.

എന്റെ വിദ്യാഭ്യാസം മുടക്കിയിട്ട് ചേച്ചിയെ അവിടെ സുഖിച്ചു ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്കറിയാം എന്ത് വേണമെന്ന്. അങ്ങനെ അച്ഛന്റെ സമ്പാദ്യം എല്ലാംകൂടി ചേച്ചിയൊറ്റയ്ക്ക് അനുഭവിക്കണ്ട. എന്റെ പഠിത്തത്തിന് ആവശ്യമായ പൈസ വാങ്ങിച്ചെടുക്കാൻ എനിക്കറിയാം." അഞ്ജുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു. "മോളേ നീയെന്താ പറഞ്ഞു വരുന്നത്?" മൗനം വെടിഞ്ഞ് മുരളി ചോദിച്ചു. "ഞാൻ ഇപ്പൊത്തന്നെ ആരതിയേച്ചിയെ കാണാൻ പോവാ. ചേച്ചിയെയും ചേച്ചിയുടെ ഭർത്താവിനേം കണ്ട് നാല് വർത്തമാനം പറഞ്ഞില്ലെങ്കിൽ എനിക്കിന്ന് സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റില്ല." വാശിയോടെ അഞ്ജു വെട്ടിത്തിരിഞ്ഞു പുറത്തേക്ക് നടന്നു. "മോളെ... നീ വെറുതെ ആവശ്യമില്ലാതെ അവിടെ പോയി ഒന്നും പറയരുത്. അവളെങ്കിലും നല്ല രീതിയിൽ ജീവിച്ചോട്ടെ. മോള് അങ്ങോട്ട്‌ പോയി പ്രശ്നമുണ്ടാക്കി ആരതിയുടെ ജീവിതം കൂടി തകർക്കരുത്." "അച്ഛന്റെ കൈയ്യിൽ എന്നെ പഠിപ്പിക്കാൻ പൈസയുണ്ടോ?" "ഇല്ല..." "കട പണയപ്പെടുത്തി പഠിപ്പിക്കുമോ?"

"അടവ് മുടങ്ങിപ്പോയാൽ ആകെയുള്ള വരുമാന മാർഗ്ഗം നിലയ്ക്കില്ലേ മോളെ." പരാജിതനെപോലെ അയാൾ തലകുനിച്ചു. "സത്യം പറഞ്ഞാൽ അച്ഛനെക്കൊണ്ട് ഒന്നിനും കൊള്ളില്ല. എന്നുവെച്ചു എന്റെ ആഗ്രഹം പോലെ ഇഷ്ട വിഷയം പഠിക്കാതിരിക്കാനും എനിക്ക് പറ്റില്ല. ആരതിയേച്ചിയുടെ അനാവശ്യ വാശി കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. അതുകൊണ്ട് ഇനി എന്ത് വേണമെന്ന് എനിക്കറിയാം." അത്രയും പറഞ്ഞുകൊണ്ട് അഞ്ജു പുറത്തേക്കിറങ്ങി. മനസ്സിൽ ചില കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അവൾ ആരതിയെ കാണാനായി പുറപ്പെട്ടു. ഭാരതിയും മുരളിയും തടഞ്ഞിട്ടും അഞ്ജു നിന്നില്ല. ബസ് കയറി ചന്ദ്രന്റെ വീടിനടുത്തുള്ള സ്റ്റോപ്പിൽ അവൾ ഇറങ്ങി. മണിമാളിക പോലെയുള്ള ആ വീടിന് നേർക്ക് നടന്നടുക്കുമ്പോൾ അഞ്ജുവിന്റെയുള്ളിൽ ആരതിയോടുള്ള നീരസം വളരുകയായിരുന്നു. പ്രധാന വാതിൽ മലർക്കേ തുറന്ന് കിടക്കുന്നത് അവൾ കണ്ടു. പക്ഷേ പരിസരത്തെങ്ങും ആരെയും കാണാത്തതിനാൽ അഞ്ജു കാളിംഗ് ബെല്ലിൽ വിരലമർത്തി.

പക്ഷേ കറന്റില്ലാത്തതിനാൽ അത് ശബ്ദിച്ചില്ല. ഒന്ന് മടിച്ചുനിന്ന ശേഷം അവൾ രണ്ടും കൽപ്പിച്ച് അകത്തേക്ക് ചുവടുകൾ വച്ചു. സ്വീകരണമുറിയിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. ടീപോയ്ക്കടുത്ത് നിലത്ത് വീണുടഞ്ഞു കിടക്കുന്ന മദ്യഗ്ലാസും കുപ്പിയും അടുക്കളയിൽ നിന്നും സുജിത്തിന്റെയും ആരതിയുടെയും ഉറക്കെയുള്ള സംസാരം കേട്ടപ്പോൾ അവിടെ അവർ തമ്മിൽ എന്തോ വഴക്ക് നടക്കുകയാണെന്ന് അഞ്ജുവിന് മനസ്സിലായി. "മര്യാദക്ക് അച്ഛനും അമ്മയും വരുന്നതിന് മുൻപ് അവിടെയൊക്കെ വൃത്തിയാക്കിയിട്ടോ. നീ തന്നെയല്ലേ അതൊക്കെ നിലത്ത് വലിച്ചെറിഞ്ഞു പൊട്ടിച്ചത്." സുജിത്തിന്റെ അലർച്ച കേട്ട് അഞ്ജു ഞെട്ടി. "വൃത്തിയാക്കാൻ എനിക്ക് മനസ്സില്ല. മോൻ വീട്ടിലിരുന്നുകൂടി കുടിക്കാൻ തുടങ്ങിയെന്ന് അച്ഛനും അമ്മയും അറിയട്ടെ. അങ്ങനെയെങ്കിലും അവർക്ക് ബോധം വീഴുന്നെങ്കിൽ കൊള്ളാം."

അരിശത്തോടെയുള്ള ആരതിയുടെ മറുപടി കേൾക്കാം. "നിന്നെക്കൊണ്ട് ചെയ്യിക്കാൻ എനിക്കറിയാം. ഇങ്ങോട്ട് വാടി പന്ന&&%*@@##മോളെ." ആരതിയുടെ കവിളിൽ ആഞ്ഞൊരടി കൊടുത്തു കൊണ്ട് സുജിത്തവളുടെ മുടിയിൽ പിടിച്ചുവലിച്ച് ഹാളിലേക്ക് കൊണ്ട് വന്നു. ആരതി അവന്റെ കൈ വിടുവിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അടുക്കളയിൽ നിന്നുള്ള ബഹളങ്ങൾ കേട്ടുകൊണ്ട് ഹാളിൽ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു അഞ്ജു. അപ്പോഴാണ് ചേച്ചിയെ മുടിക്കുത്തിൽ പിടിച്ചു വലിച്ചുകൊണ്ട് വരുന്ന കാഴ്ച അവൾ കണ്ടത്. അപ്രതീക്ഷിതമായി അഞ്ജുവിനെ തൊട്ട് മുന്നിൽ കണ്ട് ആരതിയുടെ മുഖം വിളറിപ്പോയി. സുജിത്തും ആരതിയുടെ മുടിയിലെ പിടുത്തം വിട്ടു. "അഞ്ജൂ... മോളെന്താ ഇവിടെ. എപ്പോ വന്നു?കുറച്ചു മുൻപ് അച്ഛനും അമ്മയും വന്നിട്ട് പോയതേയുള്ളൂ എന്നാണല്ലോ ഞാൻ ഇവിടേക്ക് വന്നപ്പോൾ ആരതി പറഞ്ഞത്." മുഖത്തൊരു പുഞ്ചിരി വരുത്തി അവൻ ചോദിച്ചു. "ഹാ... അച്ഛനും അമ്മയും ഇവിടെ വന്നിരുന്നു. അതുകൊണ്ടാണല്ലോ ഞാനിപ്പോ ഇങ്ങോട്ട് വരേണ്ടി വന്നത്."

ആരതിയെ അടിമുടി ഉഴിഞ്ഞുകൊണ്ടാണ് അഞ്ജു അത് പറഞ്ഞത്. വില കുറഞ്ഞ ഒരു പഴയ മാക്സിയായിരുന്നു ആരതി ധരിച്ചിരുന്നത്. ദിവസവും ഇട്ട് മുഷിഞ്ഞു നാറിയ കരമ്പനടിച്ച മാക്സിയിൽ അവിടവിടെ കീറലുകൾ തുന്നിച്ചേർത്തിരുന്നു. അവളുടെ കവിളിൽ സുജിത്തിന്റെ കൈവിരൽ പാടുകൾ തെളിഞ്ഞു കാണാമായിരുന്നു. കൈമുട്ടിന് മുകളിൽ പൊള്ളലേറ്റിരുന്നു. ആരതിയുടെ ആ രൂപം കണ്ടപ്പോൾ തന്നെ അവിടുത്തെ അവളുടെ അവസ്ഥ അഞ്ജുവിന് ഏകദേശം മനസ്സിലായിരുന്നു. അനിയത്തിക്ക് മുന്നിൽ തന്റെ അവസ്ഥ വെളിപ്പെട്ടു പോയല്ലോ എന്ന വ്യസനത്തിൽ നിൽക്കുകയാണ് ആരതി. "ചേച്ചിയിവിടെ പട്ട് വസ്ത്രവും ചുറ്റി രാജകുമാരിയെ പോലെ രാജകീയമായി ജീവിക്കുന്നെന്നാണല്ലോ അമ്മ വന്ന് പറഞ്ഞത്. അഞ്ചു ആരതിയെ നോക്കി പരിഹാസത്തോടെ പറഞ്ഞു. എടുത്താൽ പൊങ്ങാത്ത സ്ത്രീധനവും അച്ഛന്റെ കൈയ്യിൽ നിന്ന് വാങ്ങി ചേച്ചി ഇങ്ങോട്ട് വന്നത് ഇവിടെ വേലക്കാരിയാവനാണോ? ഇതിനേക്കാൾ നല്ല വിലകൂടിയ വസ്ത്രങ്ങളാണല്ലോ ചേച്ചി നമ്മുടെ വീട്ടിൽ താമസിക്കുമ്പോൾ ഇട്ടിരുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചേച്ചിക്ക് അഹങ്കാരത്തിന് ഒരു കുറവുമില്ലെന്ന് മനസ്സിലായി. അതുകൊണ്ടാണല്ലോ സഹായം ചോദിച്ചുവന്ന അച്ഛനേം അമ്മേം ചേച്ചി അപമാനിച്ചു വിട്ടത്." അഞ്ജുവിന്റെ മുനവച്ചുള്ള ചോദ്യം ആരതിയെ ചൊടിപ്പിച്ചു...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story