മറുതീരം തേടി: ഭാഗം 57

marutheeram thedi shiva

രചന: ശിവ എസ് നായർ

"എനിക്ക് സ്ത്രീധനം തന്ന സ്വർണ്ണം മടക്കി ചോദിക്കാൻ വരാൻ അച്ഛനെങ്ങനെ തോന്നി. നിന്നെ പഠിപ്പിക്കാൻ ഞാനെന്തിന് എന്റെ സ്വർണ്ണം തരണം." അനിയത്തിക്ക് മുന്നിൽ തോൽവി സമ്മതിക്കാൻ ആരതിക്ക് മനസ്സ് വന്നില്ല. "അച്ഛന് സ്വർണ്ണം കൊടുത്തേക്കാൻ ഞാൻ ഇവളോട് പറഞ്ഞതാണ്. പക്ഷേ നിന്റെ ചേച്ചിക്കത് ഇഷ്ടപ്പെട്ടില്ല. അല്ലെങ്കിലും ഞാൻ പറയുന്നതൊന്നും ഇവൾ അനുസരിക്കാറില്ല. അഹങ്കാരത്തിന് കൈയ്യും കാലും വച്ച സാധനമാണിത്." കിട്ടിയ അവസരം മുതലാക്കി സുജിത്ത് പറഞ്ഞു. "ചേട്ടാനെന്ന് മുതലാ എന്റെ ചേച്ചിയെ തല്ലാൻ തുടങ്ങിയത്. നിങ്ങള് തമ്മിൽ പ്രേമിക്കുന്ന സമയത്ത് ചേച്ചി ഇങ്ങനെയൊക്കെയാണെന്ന് അറിയില്ലായിരുന്നോ? എന്തിന്റെ പേരിലായാലും ചേച്ചിയുടെ ദേഹത്തു കൈവച്ചത് മോശമായി പോയി." ഭാവഭേദമൊന്നുമില്ലാതെ സുജിത്തിന്റെ മുഖത്ത് നോക്കി അഞ്ജു അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അവന് ജാള്യത തോന്നി. അവൾക്ക് മുന്നിൽ സുജിത്തിന് ഉത്തരം മുട്ടിപ്പോയി. "സുജിത്തേട്ടനും ഞാനും തമ്മിലുള്ള പ്രശ്നം ഞങ്ങൾ തീർത്തോളാം. അതിൽ നീ ഇടപെടാൻ വരേണ്ട കാര്യമില്ല.

ഇപ്പോ നീയെന്തിനാ ഇങ്ങോട്ട് വന്നത്. നിനക്കിവിടെ വരേണ്ട കാര്യമെന്താ?" ആരതി അവളുടെ നേർക്ക് ചോദ്യശരങ്ങൾ എയ്ത് വിട്ടു. "അച്ഛന്റെ സമ്പാദ്യം മുഴുവനും ഒറ്റയ്ക്ക് വിഴുങ്ങാമെന്ന് ചേച്ചി വിചാരിച്ചോ. എന്റെ പഠിപ്പ് മുടക്കിയിട്ട് ഇത്രേം സ്ത്രീധനവും കാശും കൊണ്ട് ഇങ്ങോട്ട് മരുമകളായി ചേച്ചി വന്നത് ഇവിടുത്തെ വേലക്കാരിയാവാൻ ആണോ. അച്ഛന്റേം അമ്മേടേം പറച്ചിൽ ഇതൊന്നുമായിരുന്നില്ല. കാശുള്ള വീട്ടിലെ ബന്ധവും മണിമാളികയിലെ താമസവും, ഉടുത്തൊരുങ്ങി നടക്കാൻ വില കൂടിയ സാരികളും ആഭരണങ്ങളും, സഞ്ചരിക്കാൻ കാറുമൊക്കെ കിട്ടിയപ്പോൾ ചേച്ചി പഴയ ആളേയല്ല അച്ഛനേം അമ്മേം നാണംകെടുത്തി വിട്ടു എന്നൊക്കെയാണ്. അതൊക്കെ അവരെ കാണിക്കാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ ആയിരുന്നോ? അച്ഛനെയും അമ്മയെയും അപമാനിച്ചു വിട്ടതിന് ചേച്ചിയോട് നാല് വർത്തമാനം പറയാൻ വേണ്ടിയാ ഞാൻ വന്നത്. പക്ഷേ ഇവിടെ വന്ന് ചേച്ചിയുടെ യഥാർത്ഥ അവസ്ഥ കണ്ടപ്പോൾ എനിക്ക് സഹതാപമാണ് തോന്നുന്നത്.

പക്ഷേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അച്ഛന്റെ മുഴുവൻ അധ്വാനവും വാങ്ങിച്ച് ആ മനുഷ്യനെ ലക്ഷങ്ങൾ ബാധ്യതയുള്ളവനാക്കിയാണ് ചേച്ചി ഇങ്ങോട്ട് വന്നത്. അതുകാരണം എന്നെ പഠിപ്പിക്കാൻ അച്ഛന്റെ കൈയ്യിൽ പൈസയില്ല. എന്ത് വില കൊടുത്തും ഞാൻ ആഗ്രഹിച്ചത് എനിക്ക് പഠിച്ചേ പറ്റു. സ്ത്രീധനം നിരോധിച്ചിട്ടും സുജിത്തേട്ടന്റെ വീട്ടുകാർ കണക്ക് പറഞ്ഞു സ്ത്രീധനം മേടിച്ചുവെന്ന് പറഞ്ഞു ഞാൻ എസ് ഐ ഇമ്രാന്റെ കൈയ്യിൽ ഒരു പരാതി എഴുതി കൊടുക്കും. എന്റെ പഠിപ്പിന് വച്ച കാശ് കൂടി ചേച്ചിയുടെ കല്യാണത്തിന് ചിലവാക്കിയെന്ന് ഞാൻ പറയും. നമ്മുടെ അച്ഛനുൾപ്പെടെ ഇവിടെ എല്ലാവർക്കെതിരെയും കേസ് വരും. ജയിലിലും ചിലപ്പോ കിടക്കേണ്ടി വന്നെന്നിരിക്കും. അങ്ങനെ ഞാൻ ചെയ്യാതിരിക്കണമെങ്കിൽ മര്യാദക്ക് എനിക്ക് പഠിക്കാൻ പൈസ തരുന്നതാണ് ചേച്ചിക്ക് നല്ലത്. എന്തായാലും ചേച്ചിയും ചേട്ടനും നന്നായി ആലോചിച്ച ശേഷം ഒരു തീരുമാനമെടുക്ക്. എന്തായാലും പെട്ടെന്ന് വേണം. വെറുതെ പേടിപ്പിക്കാൻ വന്ന് പറഞ്ഞതല്ല ഞാൻ.

ഞാൻ ചെയ്യുമെന്ന് പറഞ്ഞാ ചെയ്തിരിക്കും. ഇപ്പഴത്തെ എസ് ഐ ഞാനന്ന് ഹോസ്പിറ്റലിലായ സമയത്ത് എന്ത് സഹായം വേണമെങ്കിലും ചോദിച്ചോളാൻ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്." അത്രയും പറഞ്ഞിട്ട് അവരുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അഞ്ജു പുറത്തേക്കിറങ്ങി നടന്നു. അവൾ പറഞ്ഞിട്ട് പോയ കാര്യങ്ങൾ കേട്ട് വിറങ്ങലിച്ചു നിൽക്കുകയാണ് ആരതി. അഞ്ജുവിന്റെ ആ പ്രവൃത്തി അവിടുത്തെ തന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് ആരതിക്ക് ഉറപ്പായി. ആ സമയം അഞ്ജുവിനോട് അവൾക്ക് കലശലായ ദേഷ്യം തോന്നി. സുജിത്തും വീട്ടുകാരും ഇതിനെതിരെ എങ്ങനെയാകും പ്രതികരിക്കാൻ പോകുന്നതെന്ന് മാത്രമേ ഇനി അറിയാനുള്ളു. അഞ്ജു പുറത്തേക്കിറങ്ങി പോയതിന്റെ പിന്നാലെ പ്രധാന വാതിലടച്ച് വന്ന സുജിത്ത് ആരതിയോട് ഒരക്ഷരം മിണ്ടാതെ ഹാളിൽ ചിതറി കിടന്നിരുന്ന ചില്ല് കഷ്ണങ്ങൾ പെറുക്കിയെടുത്ത് കളഞ്ഞു. അവന്റെയാ പ്രവൃത്തിയിൽ തന്നെ ആരതിക്ക് ദുരൂഹത തോന്നി. സുജിത്ത് മനസ്സിലെന്തോ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് അവൾക്കുറപ്പായി. ************

"മോളെ... നീയങ്ങോട്ട് പോയിട്ട് അവിടെയെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ." തിരികെ വന്നപ്പോൾ മുതൽ ഭാരതിയും മുരളിയും അവളുടെ പുറകെ നടന്ന് അവിടെയെന്താ സംഭവിച്ചതെന്ന് ചോദിച്ചിട്ട് അഞ്ചു ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല. "നീയിങ്ങനെ കുന്തം വിഴുങ്ങിയത് പോലെ ഇരിക്കാതെ എന്തെങ്കിലുമൊന്ന് പറയ്യ്. മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കല്ല് മോളെ." ആധിയോടെ മുരളി പറഞ്ഞു. "ആരും വെറുതെ ടെൻഷനാവണ്ട. ചേച്ചിയോടും സുജിത്തേട്ടനോടും ഞാൻ പറയേണ്ട രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അച്ഛന് പഠിപ്പിക്കാൻ കഴിവില്ലാതായി പോയാൽ പിന്നെ എനിക്ക് വെറുതെ നോക്കി ഇരിക്കാൻ പറ്റോ." മകളുടെ സംസാരം ഇരുവരെയും പ്രകോപിതരാക്കി. "ഭാരതീ... ഇവളവിടെ പോയി എന്തൊക്കെയോ തോന്ന്യാസങ്ങൾ വിളിച്ചു പറഞ്ഞിട്ടാ വന്നേക്കുന്നത്. അവളുടെ മട്ടും ഭാവവും കണ്ടാലറിയാം വലുതെന്തോ ഒപ്പിച്ചു വച്ചിട്ടുണ്ടെന്ന്." "എനിക്കൊന്നും അറിയാൻ പാടില്ല. നീ അവിടെ പോയി എന്താ മോളെ പറഞ്ഞത്.

നീ കാരണം അവളുടെ ജീവിതം കൂടി തകർന്ന് പോവരുത്. ആരതി നിന്റെ ചേച്ചിയാണ്. അവള് ഞങ്ങളെ അപമാനിച്ചത് ഞങ്ങളങ്ങു സഹിച്ചു. അതിന്റെ പേരിൽ നീയങ്ങോട്ട് പോയത് ഒട്ടും ശരിയായില്ല." ഭാരതി പറഞ്ഞതൊന്നും വകവെയ്ക്കാതെ അഞ്ജു ടീവി കണ്ട് ഇരുന്നു. ഒന്ന് വിളിച്ചു പറയുക കൂടി ചെയ്യാതെ രാത്രിയോടെ ചന്ദ്രന്റെ കാർ വീട്ട്മുറ്റത്ത്‌ വന്ന് നിൽക്കുന്നത് കണ്ടപ്പോൾ മുരളിക്കും ഭാരതിക്കും അപകടം മണത്തു. ഡ്രൈവിംഗ് സീറ്റിൽ നിന്ന് സുജിത്തും കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ചന്ദ്രനും ഇറങ്ങി. പുറക് വശത്തെ ഡോർ തുറന്ന് സീമയും തൊട്ട് പിന്നാലെ ആരതിയും പുറത്തേക്കിറങ്ങി. അവളുടെ മുഖം കരഞ്ഞു വീർത്തിരുന്നു. "എന്താ എല്ലാരും കൂടി ഈ സമയത്ത്? എന്തെങ്കിലും പ്രശ്നമുണ്ടോ?" മുരളിയുടെ സ്വരത്തിൽ ഭീതി നിറഞ്ഞിരുന്നു. "ഹാ... കുറച്ച് പ്രശ്നമുണ്ട്. ഇന്ന് അഞ്ജുമോൾ അവിടെ വന്ന് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. സുജിത്ത് മോൻ പറഞ്ഞ് അതൊക്കെ അറിഞ്ഞപ്പോൾ അക്കാര്യത്തിലൊരു തീർപ്പുണ്ടാക്കാൻ വേണ്ടി വന്നതാ ഞങ്ങൾ." ഗൗരവത്തോടെ ചന്ദ്രൻ പറഞ്ഞു.

"എന്ത് കാര്യം..? എന്താണെങ്കിലും നമുക്ക് അകത്തേക്ക് കയറിയിരുന്നു സംസാരിക്കാം. വന്ന കാലിൽ തന്നെ നിൽക്കാതെ എല്ലാവരും അകത്തോട്ട് കേറിയിരിക്ക്." ആതിഥ്യ മര്യാദയോടെ മുരളി അവരെ നോക്കി. "ഞങ്ങൾ നിങ്ങളുടെ ആതിഥേയത്വം സ്വീകരിക്കാൻ വന്നതൊന്നുമല്ല. ദേ ഇവളെ ഇവിടെ കൊണ്ടുവന്ന് വിട്ടിട്ട് പോവാൻ വന്നതാ. ഞങ്ങടെ മോന് ഇനി ഇവളെ വേണ്ടെന്ന് പറഞ്ഞു. ഇന്നാ ഈ ബാഗിൽ ഇവളുടെ തുണികളും നിങ്ങൾ വിവാഹ സമയത്ത് തന്ന മുഴുവൻ ആഭരണങ്ങളുമുണ്ട്." പിൻ സീറ്റിൽ നിന്ന് സീമ ഒരു ബാഗ് വലിച്ചെടുത്ത് വരാന്തയിലേക്ക് ഇട്ടു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭാരതിയും മുരളിയും സ്തംഭിച്ചു നിൽക്കുകയാണ്. അഞ്ജുവിൽ പക്ഷേ ഭാവഭേദങ്ങളൊന്നുമില്ല. പകയെരിയുന്ന കണ്ണുകളോടെ ആരതി അവളെ നോക്കി. "അതിന് മാത്രം എന്താ ഇപ്പോ ഉണ്ടായേ ചന്ദ്രേട്ടാ." മുരളിയുടെ സ്വരം ദയനീയമായി. "വയസ്സാം കാലത്ത് എന്റെ അച്ഛനേം അമ്മേം നിങ്ങടെ ഇളയ മോൾക്ക് ജയിലിൽ കേറ്റണം പോലും. ഞങ്ങൾ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയെന്ന് പറഞ്ഞു

അഞ്ജു പോലീസിൽ പരാതി കൊടുക്കുമെന്നാ ഇന്ന് വീട്ടിൽ വന്ന് എന്നോട് പറഞ്ഞിട്ട് പോയത്. ഞങ്ങളുടെ അന്തസ്സ് ഒട്ടും കുറയാതിരിക്കാൻ വേണ്ടി ഞങ്ങൾ ഇത്ര സ്വർണ്ണം വേണമെന്ന് ഡിമാൻഡ് വച്ചത് ശരി തന്നെ. പക്ഷേ അതിൽ നിന്ന് ഒരു ചില്ലിക്കാശ് പോലും ഞങ്ങളാരും എടുത്തിട്ടില്ല. നിങ്ങളെ മോള് നിങ്ങൾ വന്ന് ചോദിച്ചപ്പോൾ സ്വർണ്ണം തരാതിരുന്നത് എന്റെയോ വീട്ടുകാരുടെയോ കുറ്റമല്ല. അവളെ അവിടെ ആരും തടഞ്ഞു വച്ചിട്ടുമില്ലായിരുന്നു. ഞാനൊരു കല്യാണം കഴിച്ചതിന്റെ പേരിൽ എന്റെ അച്ഛനും അമ്മയും കോടതി കേറിയിറങ്ങി നടക്കുന്നത് കാണാൻ എനിക്ക് വയ്യ. അതുകൊണ്ട് നിങ്ങളെ മോളേം അവൾക്ക് തന്നതൊക്കെയും അതുപോലെ തിരിച്ചേൽപ്പിക്കുവാ ഞങ്ങൾ." സുജിത്താണ് മുരളിക്ക് മറുപടി കൊടുത്തത്. "അഞ്ജു മോൾക്ക് വേണ്ടി ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കാം. ആരതിക്ക് തന്ന സ്വർണ്ണവും പണവും ഒന്നും ഞങ്ങൾക്ക് വേണ്ട. നിങ്ങടെ പേരിൽ കേസ് കൊടുക്കാനൊന്നും അവള് വരില്ല. അതിന്റെ പേരിൽ ആരതിയുടെ ഭാവി ഇല്ലാതാക്കരുത്." മുരളിയും ഭാരതിയും അവരോട് അപേക്ഷിച്ചു. അഞ്ജുവിനോട് അങ്ങനെയൊക്കെ പെരുമാറിയതിൽ മാപ്പ് ചോദിക്കാനും ഇരുവരും നിർബന്ധിച്ചു. പക്ഷേ അവളതിന് കൂട്ടാക്കിയില്ല.

"ആരതി ചേച്ചിയെ ഇവിടെ കൊണ്ടുവന്നു വിടുന്നതും വിടാതിരിക്കുന്നതും അവരുടെ ഇഷ്ടമാണ്. അതിലെനിക്ക് അഭിപ്രായം പറയാൻ ഒന്നുമില്ല. പക്ഷേ ഞാൻ കേസ് കൊടുക്കുമെന്ന് പറഞ്ഞതിൽ ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല." എല്ലാവരെയും നോക്കി അഞ്ജു അത് പറഞ്ഞപ്പോൾ ഭാരതി അവളെ തല്ലി. "തോന്ന്യാസം പറയുന്നോ അസത്തെ... അതിന്റെ ജീവിതം കൂടി പെരുവഴിയിലാക്കാനാണോ നീയിന്ന് അങ്ങോട്ട്‌ പോയത്. നിന്നെ പഠിപ്പിക്കില്ലെന്ന് ഇവിടെയാരും പറഞ്ഞില്ലല്ലോ. അച്ഛനെന്തെങ്കിലുമൊ രു വഴി കണ്ട് പിടിക്കുമായിരുന്നല്ലോ. അതിനിടയ്ക്ക് നിന്നോടവിടെ പോയി വഴക്കിടാൻ ആരാ പറഞ്ഞത്." ഭാരതി അവളെ തലങ്ങും വിലങ്ങും തല്ലി. അഞ്ജു അമ്മയെ തടയാൻ ശ്രമിച്ചില്ല. "അതെ... നിങ്ങളിവിടെ കിടന്ന് തമ്മിൽ തല്ലിയിട്ട് ഒരു കാര്യവുമില്ല. മോള് ഇപ്പോ പറഞ്ഞത് കേട്ടല്ലോ. അതുകൊണ്ട് നിങ്ങളെ മോളെ ഞങ്ങളുടെ മോന് വേണ്ടെന്നുള്ള തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല." ചന്ദ്രൻ ഉറപ്പിക്കും പോലെ പറഞ്ഞു. "ഈ ദാരിദ്രവാസികളുമായുള്ള ബന്ധം നമുക്ക് ഗുണം ചെയ്യില്ലെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ.

എന്നിട്ടിപ്പോ എന്തായി. കേസും വഴക്കും പൊല്ലാപ്പുമൊക്കെയായി നാട്ടുകാർക്ക് മുന്നിൽ നാണംകെടാൻ ഞങ്ങൾക്ക് പറ്റില്ല. അതുകൊണ്ട് ആരതിയെ ഇവിടെ തന്നെ നിർത്തിക്കോ. ബന്ധം പിരിയാനുള്ള നോട്ടീസ് വക്കീൽ മുഖേന അയക്കുന്നുണ്ട്." സീമ അത് പറഞ്ഞിട്ട് കാറിൽ കയറി ഇരുന്നു. "എന്നോട് വിരോധം ഒന്നും തോന്നല്ലേ മുരളി. ഞങ്ങളുടെ സ്റ്റാറ്റസിന് ചേരുന്ന രീതിയിൽ സ്ത്രീധനം ചോദിച്ചത് ഒരു തെറ്റായി ഞങ്ങൾക്ക് തോന്നിയിട്ടില്ല. എന്റെ മോളെയും ഞാൻ പൊന്ന് കൊണ്ട് മൂടിയാ കല്യാണം കഴിപ്പിച്ചു വിട്ടത്. ഇത് ഇത്ര വലിയ അപരാധമായി കണ്ട് പോലീസ് കേസൊക്കെ കൊടുക്കാൻ നിന്നാൽ എന്റെ മോൾക്ക് കൂടിയാണ് ചീത്തപ്പേര്. അല്ലെങ്കിൽ തന്നെ ഇവര് കാരണം അവള് ഭർത്താവിന്റെ വീട്ടുകാരെ മുന്നിൽ നാണം കെട്ടതാണ്. അത് മായ്ക്കാൻ വേണ്ടിയാണ് ഇവരെ വിവാഹം നടത്തി വച്ചത്. എന്നിട്ടും പ്രശ്നങ്ങൾ തീരുന്നില്ലല്ലോ. അതുകൊണ്ട് ഇതിങ്ങനെയങ്ങ് അവസാനിക്കട്ടെ. എന്റെ മോന് ഇവളെയിനി വേണ്ടെന്ന് പറയുമ്പോൾ ഞങ്ങൾക്ക് നിർബന്ധിക്കാൻ പറ്റില്ല.

അവന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്. പിന്നെ ഇത് കുറച്ചു കാശാണ് അഞ്ജു പരീക്ഷ ജയിച്ചെന്ന് കേട്ടപ്പോൾ തരാനെടുത്തു വച്ചതാണ്. അവൾക്ക് കൊടുത്തേക്ക്. അപ്പോപ്പിന്നെ ഞങ്ങളിറങ്ങുവാ, രാത്രി യാത്രയില്ല." മുരളിയുടെ കൈപിടിച്ച് കുറച്ചു നോട്ടുകെട്ടുകൾ വച്ചുകൊടുത്ത ശേഷം ചന്ദ്രൻ കാറിലേക്ക് കയറി. മുരളിയുടെയും ഭാരതിയുടെയും ആശ്വാസ വാക്കുകളൊന്നും മൂവരും ചെവികൊണ്ടില്ല. തങ്ങളുടെ തീരുമാനത്തിൽ നിന്ന് അണുവിട മാറില്ലെന്ന് ഉറച്ചുകൊണ്ട് അവർ തിരികെപ്പോയി. അത്രയും സമയം ഒന്നും മിണ്ടാതെ സർവ്വവും തകർന്ന മട്ടിൽ നിൽക്കുകയാണ് ആരതി. തന്റെ കണക്ക് കൂട്ടലുകളൊക്കെ പാടെ തെറ്റിച്ച അഞ്ജുവിനോടുള്ള പക അവളുടെ മനസ്സിൽ ആളികതികൊണ്ടിരുന്നു. ഇനിയൊന്നും ചെയ്യാനില്ലാത്തത് പോലെ മുരളി ഒരു വശത്ത് തളർന്നിരുന്നു.

ഭാരതി കൈയ്യിൽ തല താങ്ങിയിരുന്നു ഏങ്ങലടിച്ച് കൊണ്ടിരുന്നു. "ഇവിടെ ഇരുന്ന് ഇങ്ങനെ കരയാൻ അമ്മേടെ ആരെങ്കിലും മരിച്ചോ?" അരിശത്തോടെ അഞ്ജു, അമ്മയോട് ചോദിച്ചു. "എല്ലാം തുലച്ചപ്പോ നിനക്ക് സമാധാനമായില്ലേ. ഈ ബാഗ് നിറയെ അവൾക്ക് കൊടുത്ത സ്വർണ്ണമുണ്ട്. എടുത്തോണ്ട് പോയി എന്താന്ന് വച്ചാ ചെയ്തോ. നിന്റെ ആഗ്രഹം നടക്കാതിരിക്കണ്ട." ദേഷ്യത്തോടെ വരാന്തയിലിരുന്ന ബാഗെടുത്തു ഭാരതി അഞ്ജുവിന് നേർക്ക് എറിഞ്ഞു. "അങ്ങനെയിപ്പോ എന്റെ സ്വർണ്ണം കൊണ്ട് ഇവൾ ഡോക്ടറാവണ്ട. എന്നോടീ ചെയ്തതിനൊക്കെ നിനക്ക് കാണിച്ച് തരാടി ഞാൻ." അഞ്ജുവിന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് ആരതി അവളുടെ കവിളിൽ ആഞ്ഞടിച്ചു. പ്രതീക്ഷിക്കാതെ കിട്ടിയ ആ അടിയിൽ അഞ്ജു ഒരു വശത്തേക്ക് വേച്ചുപോയി. അവളുടെ കൈയിലിരുന്ന ബാഗ് ശക്തിയായി ആരതി പിടിച്ചു വാങ്ങി...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story