മറുതീരം തേടി: ഭാഗം 58

marutheeram thedi shiva

രചന: ശിവ എസ് നായർ

"എന്നെ തല്ലിയാൽ ഞാനും തിരിച്ചു തല്ലും. വെറുതെ ചേച്ചിയുടെ അടി കൊള്ളേണ്ട ആവശ്യം എനിക്കില്ല." കൈവീശി ആരതിയുടെ മുഖത്തേക്ക് അഞ്ജുവും ആഞ്ഞടിച്ചു. എല്ലാം ഒരുനിമിഷം കൊണ്ട് കഴിഞ്ഞു. "നീയെന്നെ തല്ലിയല്ലേടീ... നീയിനി പഠിക്കുന്നത് എനിക്കൊന്ന് കാണണം." അടികൊണ്ട കവിൾ പൊത്തിപ്പിടിച്ച് ആരതി പകയോടെ മുരണ്ടു. "എനിക്ക് പഠിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോയി കേസ് കൊടുക്കും." അഞ്ജുവും വിട്ട് കൊടുത്തില്ല. "നീ പോയി കൊടുക്കെടി... ഇനിയെന്ത് പറഞ്ഞാ നീ കേസ് കൊടുക്കുന്നെ. അച്ഛൻ എനിക്ക് തന്ന സ്വർണ്ണവും പണവുമൊക്കെ എന്റെ കയ്യിൽ ഭദ്രമായി തന്നെയുണ്ട്. സുജിത്തേട്ടൻ എന്നെ വേണ്ടെന്ന് വച്ച് പോയ സ്ഥിതിക്ക് നിന്റെ കേസ് കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ല. എനിക്ക് തന്ന സ്വർണ്ണത്തിൽ നിന്നോ പൈസയിൽ നിന്നോ ചില്ലി കാശ് ഇനി നിനക്ക് വേണ്ടി ചിലവാക്കാൻ ഞാൻ തരില്ല. അതിന്റെ പേരിൽ നീ എന്ത് കേസ് വേണോ കൊടുക്ക്. ജയിലിൽ പോയി കിടന്നാലും നീ ഡോക്ടർ ആവില്ലെടി.

എന്റെ ജീവിതം തകർത്തവളല്ലേ നീ. എന്റെ അച്ഛൻ എനിക്ക് തന്ന സ്വർണ്ണത്തിനും പണത്തിനും എന്ന് കണക്ക് പറഞ്ഞു നീ അടിയുണ്ടാക്കി പിടിച്ചു വാങ്ങാൻ ശ്രമിച്ചോ അന്ന് തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം." ആരതി നിന്ന് കിതച്ചു. അവരുടെ വാക് പോരുകൾ കണ്ട് ഒരക്ഷരം മിണ്ടാനാവാതെ ഇരിക്കുകയാണ് ഭാരതിയും മുരളിയും. മക്കൾ തമ്മിൽ കയ്യാങ്കളി ആവുമോ എന്ന് പോലും അവർ ഭയന്നു. അവിടെ നടക്കുന്ന വഴക്കും ബഹളവുമൊക്കെ ഭാർഗവിയമ്മയും മുറിയിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു. അവർ മനഃപൂർവ്വം ഒന്നിലും ഇടപെടാൻ പോയില്ല. എന്ത് തന്നെയാണെങ്കിലും അവര് തമ്മിൽ തല്ലി തീർത്തോട്ടെയെന്നാണ് ഭാർഗവിയമ്മ വിചാരിച്ചത്. "അച്ഛനെ കടക്കെണിയിലാക്കി ചേച്ചി അങ്ങോട്ട് കെട്ടിക്കേറി പോയത് അവിടുത്തെ ജോലിക്കാരി ആയിട്ടല്ലേ. അവിടുത്തെ ആട്ടും തുപ്പും കൊണ്ട് കിടന്നതൊക്കെ ഞാൻ കണ്ടു.

അമ്മായിഅമ്മ തന്ന സമ്മാനമാണോ വലത് കൈമുട്ടിന് മുകളിൽ ഞാൻ കണ്ട പൊള്ളൽ പാട്. ഇതുപോലെ വേറെയും കാണുമല്ലോ. രാവിലെ സുജിത്തേട്ടന്റെ കൈയ്യിൽ നിന്ന് കിട്ടിയ അടിയുടെ വിരൽപാട് ഇപ്പഴും മുഖത്തുണ്ടല്ലോ. അവരുടെ അടിയും തൊഴിയും കൊണ്ട് കിടക്കാനാണോ ചേച്ചിക്കിഷ്ടം." പരിഹാസത്തോടെ അഞ്ജു ചോദിച്ചു. "എന്റെ കാര്യത്തിൽ ഇടപെടാൻ നീ വരണ്ട. അവിടെ ഞാൻ എങ്ങനെ ജീവിച്ചാലും അത് നിന്നെ ബാധിക്കുന്നത് അല്ലായിരുന്നല്ലോ. എന്നിട്ടും അങ്ങോട്ട് വലിഞ്ഞു കയറി വന്ന് വേണ്ടാത്ത പ്രശ്നമുണ്ടാക്കി എന്റെ താലി അറുത്തപ്പോൾ നിനക്ക് സമാധാനമായോ?" "ഇങ്ങനെയൊരു ബന്ധം ഇല്ലാതിരിക്കുന്നതാ ഭേദം. ചേച്ചിക്ക് ബോധമില്ലെന്ന് പറഞ്ഞു ഞാനും അങ്ങനെയാവണോ?" "നിന്റെ നെഗളിപ്പ് എന്നോട് കാണിക്കണ്ട. നീ ഡോക്ടർ ആവുന്നത് എനിക്കൊന്ന് കാണണം. എന്തായാലും ഇതിൽ നിന്ന് ഒരു തരി സ്വർണ്ണം ഞാൻ നിനക്ക് തരില്ല. നിന്റെ പഠിപ്പിന് വച്ചിരുന്ന അഞ്ചുലക്ഷം രൂപ എടുത്ത് ചിലവാക്കിയത് അച്ഛനല്ലേ.

അപ്പൊ അച്ഛൻ തന്നെ നിന്നെ പഠിപ്പിക്കാനുള്ള വഴി കണ്ട് പിടിച്ചോളും. എന്നോടാരും ഇതിന്റെ പേരിൽ ഇരക്കാൻ വരണ്ട." അമർഷത്തോടെ ആരതി ബാഗും എടുത്ത് അകത്തേക്ക് പോയി. കണ്മുന്നിൽ തങ്ങൾ പുന്നാരിച്ചു വളർത്തിയ മക്കൾ രണ്ടുപേരും തമ്മിൽ തല്ലി തെറ്റിപ്പിരിയുന്നത് നെഞ്ച് നീറുന്ന വേദനയോടെ കണ്ട് നിൽക്കാനേ മുരളിക്കും ഭാരതിക്കും കഴിഞ്ഞുള്ളൂ. "ചേച്ചി പറഞ്ഞിട്ട് പോയത് അച്ഛനും അമ്മയും കേട്ടല്ലോ. എനിക്ക് അടുത്ത ആഴ്ച മുതൽ എൻട്രൻസ് കോച്ചിംഗിന് പോയി തുടങ്ങണം. അതിനെനിക്ക് കാശ് വേണം. അച്ഛൻ എന്ത് ചെയ്തിട്ടായാലും എനിക്ക് പൈസ കൊണ്ട് തന്നേ പറ്റു." വാശിയോടെ അഞ്ജു, മുരളിയോട് പറഞ്ഞു. "ഇത്രേം കുറഞ്ഞ സമയത്തിനുള്ളിൽ പൈസ ഒപ്പിക്കാൻ പറ്റില്ല മോളെ. നീയിങ്ങനെ വാശി പിടിച്ചു എന്നെ പ്രതിരോധത്തിലാക്കരുത്." മുരളിയുടെ സ്വരം വിറച്ചു.

"എനിക്കതൊന്നും അറിയണ്ട... ചേച്ചിയുടെ കല്യാണം നടത്താൻ കാണിച്ച ഉത്സാഹമൊന്നും എന്റെ കാര്യത്തിൽ കാണാനില്ലല്ലോ." "നിന്നെയൊക്കെ രണ്ടെണ്ണത്തിനെ കാരണം മനുഷ്യന്റെ സ്വസ്ഥത പോയിക്കിട്ടി. അവളുടെ ജീവിതം നീ കാരണം ഇങ്ങനെയായില്ലേ. ഇനി നിന്നെ പഠിപ്പിക്കാൻ കൂടിയുള്ള ചിലവ് ഞാൻ താങ്ങില്ല. ദുബായിൽ നിന്റെ മൂത്ത ചേച്ചി ഉണ്ടല്ലോ. അവളോട് നിനക്കിപ്പോ പഴയ പോലെ വെറുപ്പൊന്നും കാണാനില്ലല്ലോ. നിനക്ക് പഠിക്കാനുള്ള കാശ് തല്ക്കാലം അവളോട് പോയി ചോദിക്ക്." അവസാന വാക്കുകൾ പറയുമ്പോൾ അയാളുടെ സ്വരത്തിൽ ആതിരയോടുള്ള നീരസം പ്രകടമായിരുന്നു. "ഹാ... അച്ഛൻ പറഞ്ഞത് പോലെ നീ ആതിരയോട് സഹായം ചോദിക്ക്. കോച്ചിംഗ് ഫീസൊക്കെ അവള് വിചാരിച്ചാൽ തരാൻ പറ്റും. ബാക്കി കാശ് ആരതിയെ അനുനയിപ്പിച്ചു വാങ്ങിച്ചെടുക്കാം നമുക്ക്. തൽക്കാലം നീ അച്ഛന് കുറച്ചു സാവകാശം കൊടുക്ക്. നീയും ആരതിയും കൂടി ഇവിടെ കിടന്ന് തമ്മിൽ തല്ലി ഞങ്ങടെ സമാധാനം കളയരുത്. നീ ഇങ്ങനെയൊക്കെ ചെയ്തില്ലായിരുന്നെങ്കിൽ അച്ഛൻ എന്തെങ്കിലുമൊരു വഴി കണ്ട് പിടിച്ചേനെ. എല്ലാം കുളമാക്കിയത് നീയൊരുത്തി തന്നെയാ.

അതുകൊണ്ട് നിനക്ക് എൻട്രൻസ് കോച്ചിംഗിന് പോകണമെങ്കിൽ ആതിരയോട് തന്നെ സഹായം ചോദിക്ക്." ഭാരതിയും ഭർത്താവിനെ അനുകൂലിച്ചു. "ഞാനെന്തിന് ചേച്ചിയോട് കാശ് ചോദിക്കണം. എന്നെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ്. അല്ലാതെ ചേച്ചിക്കല്ല. അല്ലെങ്കിലും ആതിരേച്ചിയോട് സഹായം ചോദിക്കെന്ന് പറയാൻ നിങ്ങൾക്ക് കുറച്ചെങ്കിലും ഉളുപ്പുണ്ടോ. ഓർമ്മവച്ച നാൾ മുതൽ ഇന്നേവരെ നിങ്ങൾ ചേച്ചിയെ സ്നേഹിക്കുന്നത് കണ്ടിട്ടില്ല. ചെറുപ്പത്തിൽ തന്നെ ഞങ്ങളുടെ മനസ്സിൽ ആതിരേച്ചിയോടുള്ള വെറുപ്പ് കുത്തിനിറച്ച് ഞങ്ങളെ തമ്മിൽ അകറ്റി നിർത്തിയതും അച്ഛനും അമ്മയുമാണ്. കുഞ്ഞിന്നാളിൽ എന്റേം ആരതി ചേച്ചിയുടെയും ഒരു നോട്ടത്തിനായി, ഞങ്ങൾക്കൊപ്പം കളിക്കാൻ ചേച്ചിയെ കൂട്ടുമെന്നും ഞങ്ങളുടെ ഒരു ചേർത്ത് പിടിക്കലിനൊക്കെ ആതിരേച്ചി ഒരുപാട് കൊതിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാൻ വേണ്ടി അടുത്ത് വന്ന് കിടക്കുന്ന ചേച്ചിയെ ആട്ടി പായിച്ചിട്ടുണ്ട്. ആതിരേച്ചി നന്നായി പഠിക്കുന്നതിൽ അസൂയ മൂത്ത് ചേച്ചിയുടെ പുസ്തകങ്ങൾ വലിച്ചു കീറാനും ഒളിപ്പിച്ചു വയ്ക്കാനുമൊക്കെ ആരതി ചേച്ചിയുടെ കൂടെ ഞാനും കൂടിയിട്ടുണ്ട്.

അവസരം കിട്ടുമ്പോഴൊക്കെ കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിച്ചിട്ടുണ്ട് ഞാൻ. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്ര അപരാധങ്ങളാണ് ഞാനും ആരതി ചേച്ചിയും ചെയ്തതെന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. ആ സമയത്തൊക്കെ ആതിരേച്ചി എത്ര മാത്രം വേദനിച്ചിട്ടുണ്ടാകും. അതിനൊക്കെ പ്രായശ്ചിത്തമായിട്ടാണ് ഞാനിപ്പോൾ ആതിരേച്ചിയെ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയത്. സ്വയം ചിന്തിക്കാൻ തുടങ്ങിയ ശേഷമാണ് എനിക്കെന്റെ തെറ്റുകൾ തിരിച്ചറിയാൻ കഴിഞ്ഞത്. അച്ഛന്റേം അമ്മേടേം അനിയത്തിമാരുടെയൊക്കെ സ്നേഹവും സാമീപ്യവും ചേർത്ത് പിടിക്കലുമൊക്കെ ചേച്ചി എത്ര കൊതിച്ചിട്ടുണ്ടാവും. സ്വന്തം വീട്ടിൽ ഒരു വേലക്കാരിയെ പോലെയല്ലായിരുന്നോ ചേച്ചി കഴിഞ്ഞത്. അമ്മാമ്മ കൂടി ചേർത്ത് പിടിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ചേച്ചിയുടെ അവസ്ഥ. ഒരിക്കൽ പോലും അച്ഛൻ ആതിരേച്ചിയെ മകളായി കണ്ടിട്ടില്ല. അതുകൊണ്ട് ചേച്ചിയോട് സഹായം ചോദിക്കെന്ന് എന്നോട് പറയാൻ അച്ഛനൊരു അർഹതയുമില്ല.

ആവശ്യ സമയത്ത് ആ പാവത്തിന് വേണ്ട പരിഗണന കൊടുത്തിരുന്നെങ്കിൽ ഇപ്പോ ചോദിക്കാതെ തന്നെ ചേച്ചി സഹായിച്ചേനെ. അതുകൊണ്ട് ആതിരേച്ചി സഹായിച്ചിട്ട് എനിക്ക് കോച്ചിംഗിന് പോവാൻ താല്പര്യമില്ല. അച്ഛനും അമ്മയും തന്നെ എന്റെ ഉത്തരവാദിത്തം ഏൽക്കണം." അഞ്ജു ആത്മാർത്ഥമായിട്ടാണ് അതൊക്കെ പറഞ്ഞത്. "ഇപ്പോ ഈയൊരു അവസ്ഥയിൽ പെട്ടെന്നെടുത്തു മറിക്കാൻ എന്റെ കൈയ്യിൽ പൈസയൊന്നുമില്ല. ആരതിയോട് മാപ്പ് പറഞ്ഞു അവളോട് കുറച്ചു സ്വർണ്ണം ചോദിക്ക് നീ." മുരളി പറഞ്ഞു. "ആരതി ചേച്ചിയോട് ഞാനിനി ചോദിക്കില്ല. അച്ഛൻ തന്നെ ചോദിക്ക്." "അവളെ വാശി നിനക്കറിയാലോ. നീയെന്തിനവളെ തല്ലി. നീ ഒറ്റയൊരുത്തി കാരണമല്ലേ അവളിപ്പോ ഇവിടെ ഇരിക്കുന്നതും." ഭാരതി ചോദിച്ചു. "അവിടെ ചേച്ചിക്ക് കഷ്ടപ്പാടും ദുരിതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നിങ്ങള് അങ്ങോട്ട്‌ പോയ സമയം പത്രാസ് കാണിക്കാൻ വേണ്ടിയാവും ചേച്ചി ഒരുങ്ങി കെട്ടി നിന്നത്. ഒരു കണക്കിന് പറഞ്ഞാൽ ഞാൻ കാരണം ചേച്ചി അവരുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടെന്ന് വേണം പറയാൻ." "അവളവിടെ എങ്ങനെ ജീവിച്ചാലും നിന്നെ ബുദ്ധിമുട്ടിക്കാൻ വന്നില്ലല്ലോ. അവൾ അവളുടെ കാര്യവും നോക്കി എങ്ങനെയെങ്കിലും അവിടെ ജീവിച്ചു പോകുമായിരുന്നു. അതിനിടയ്ക്ക് തോന്ന്യാസം കാണിച്ച് എല്ലാം നശിപ്പിച്ചിട്ട് നിന്ന് ന്യായം പറയുന്നോ അസത്തെ." ഭാരതി കലിതുള്ളി. "എല്ലാ തെറ്റും എന്റെ തന്നെയാ സമ്മതിച്ചു. ഇനിയും അത് തന്നെ പറഞ്ഞിരിക്കാതെ പൈസയൊപ്പിക്കാൻ എന്തെങ്കിലും ചെയ്യാൻ നോക്ക് നിങ്ങള്." "ഞാൻ ആലോചിച്ചിട്ട് ഒരു വഴിയും കാണുന്നില്ല." അലസ മട്ടിൽ മുരളി പറഞ്ഞു. "എങ്കിൽ അച്ഛന്റെ കടയും കടയിരിക്കുന്ന സ്ഥലവും എന്റെ പേരിൽ രജിസ്ട്രേഷൻ ചെയ്തു തരണം. എന്തിനാ ഏതിനാ എന്നൊന്നും എന്നോട് ചോദിക്കാൻ വരണ്ട. ഇനിമുതൽ ആ കട ഞാൻ നോക്കി നടത്തിക്കോളാം. അച്ഛൻ വീട്ടിലിരുന്നാൽ മതി. എന്നെ പഠിപ്പിക്കാൻ കാശുണ്ടാക്കാൻ പറ്റില്ലെങ്കിൽ ഞാൻ ഉണ്ടാക്കിക്കോളാം.

അതിനു ആ കട എന്റെ പേരിൽ കിട്ടണം. അച്ഛന് വന്ന കടബാധ്യത ചേച്ചിയുടെ സ്വർണ്ണം വാങ്ങി തീർക്ക്. എന്നെ പഠിപ്പിക്കാൻ അവളുടെ ചില്ലി സ്വർണ്ണം പോലും ഇനി എടുക്കണ്ട. എന്റെ പഠിപ്പിനുള്ള കാശ് ഞാൻ ഉണ്ടാക്കിക്കോളാം." അഞ്ജു പറഞ്ഞ കേട്ട് മുരളിയും ഭാരതിയും അരുതാത്തതെന്തോ കേട്ടത് പോലെ അവളെ നോക്കി. "നിനക്കെന്തിനാ മോളെ കട." അന്ധാളിപ്പോടെ മുരളി ചോദിച്ചു. "ആ കട ഇനിമുതൽ ഞാനേറ്റ് നടത്താൻ പോവാ. അച്ഛൻ വീട്ടിലിരുന്നാൽ മതി. അങ്ങനെ ചെയ്തില്ലെങ്കിൽ എസ് ഐ ഇമ്രാൻ സാറിന്റെ കൈയ്യിൽ അച്ഛനെന്നെ പഠിപ്പിക്കാൻ വിട്ടില്ലെന്ന് പറഞ്ഞു ഞാൻ കേസ് കൊടുക്കും. പോലീസിന്റെ കൈയ്യിൽ നിന്ന് അച്ഛന് നല്ല തല്ല് വാങ്ങിത്തരാനും ഞാൻ മടിക്കില്ല. ശരീരം കേടാവണ്ടെങ്കിൽ മര്യാദക്ക് ഞാൻ പറഞ്ഞത് ചെയ്തോ." യാതൊരു ദയവും പ്രകടപ്പിക്കാതെ അറുത്തു മുറിച്ചുള്ള അവളുടെ സംസാരം ഇരുവരെയും ഞെട്ടിച്ചു. "സ്വന്തം തന്തയെ തന്നെ പോലീസിനെ കൊണ്ട് ഇടിപ്പിക്കണമല്ലേ എരണം കെട്ട മൂദേവി." ഭാരതി ക്രോധത്തോടെ അവളുടെ ചുമലിൽ ശക്തിയായി പ്രഹരിച്ചു

. "ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ ഇങ്ങനെ തന്നെ ചെയ്യും ഞാൻ. അച്ഛന് കുറച്ചു നാൾ കൂടി ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ കട എനിക്ക് വിട്ട് തന്നിട്ട് വീട്ടിലിരിക്ക്. എനിക്കറിയാം എന്ത് ചെയ്യണോന്ന്. ഇതിന്റെ പേരിൽ അമ്മയെന്നെ തല്ലിയാലും പ്രാകിയാലും എന്റെ തീരുമാനം മാറില്ല." ആരെയും കൂസാതെയുള്ള അഞ്ജുവിന്റെ മറുപടി രണ്ടുപേരെയും ഏറെ വേദനിപ്പിച്ചു. സമാധാനം നിറഞ്ഞ കുടുംബത്തിന്റെ അന്തരീക്ഷം കാലുഷ്യം നിറഞ്ഞതായി മാറുന്നത് അവരറിഞ്ഞു. ഒരു കുറവും അറിയിക്കാതെ പൊന്നുപോലെ വളർത്തി കൊണ്ട് വന്ന മക്കളുടെ സ്വാഭാവത്തിലെ മാറ്റങ്ങൾ ഉൾകൊള്ളാൻ മുരളിക്കും ഭാരതിക്കും കഴിഞ്ഞില്ല. "കണ്ടില്ലേ മുരളിയേട്ടാ അവളുടെയൊരു അഹങ്കാരം. നന്ദികെട്ട ഇതിനെയൊക്കെ ആണല്ലോ നമ്മള് ഒരു കുറവും അറിയിക്കാതെ വളർത്തിയത്. നിവർന്ന് നിൽക്കാൻ പ്രാപ്തിയായപ്പോൾ നമ്മളെ തന്നെ തിരിഞ്ഞു കൊത്തി ഇവൾ. മറ്റവള് സ്വന്തം സുഖം നോക്കി പോയിട്ട് ഇപ്പൊ ഇവള് കാരണം വീട്ടിൽ വന്ന് ഇരിപ്പായി." ഭാരതി തലയിൽ കൈവച്ച് നിലത്ത് ചടഞ്ഞിരുന്നു.

"നമ്മടെ വളർത്തുദോഷം കൊണ്ട് തന്നെയാ ഭാരതി ഇപ്പൊ നമ്മളിതൊക്കെ കേൾക്കേണ്ടി വരുന്നത്. ഈ രണ്ടെണ്ണത്തിനെയും ഒരു നിലയിൽ എത്തിക്കാനാണ് ഞാൻ രാവന്തിയോളം കഷ്ടപ്പെട്ടത്. അതൊന്നും അവര് മനസിലാക്കിയിട്ടില്ല. പോട്ടെ... സാരമില്ല. ഇനിയീ വയസ്സാം കാലത്ത് പോലീസിന്റെ ഇടി കൊള്ളാൻ എനിക്ക് വയ്യ. ബുദ്ധിയുള്ള കൊച്ചല്ലേ ഇവൾ. ഇനി കട അവളുടെ ഇഷ്ടം പോലെ എന്താന്ന് വച്ചാ ചെയ്തോട്ടെ. ഇവരുടെ ആഗ്രഹങ്ങൾക്കൊന്നും ഞാനിതുവരെ എതിര് നിന്നിട്ടില്ലല്ലോ. ഇനി ഇതായിട്ട് കുറയ്ക്കണ്ട, കൊണ്ട് പോട്ടെ. ഒരായുസ്സ് മുഴുവൻ ഇവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച നമ്മളോട് പറഞ്ഞ വർത്താനം നീയും കേട്ടതല്ലേ. ഇനിയും ഇതൊന്നും കേൾക്കാനുള്ള മനഃശക്തി എനിക്കില്ല ഭാരതീ." ഭാരിച്ച ദുഃഖവും മനസ്സിൽ പേറി ഇനിയൊരു തർക്കത്തിന് മുതിരാൻ ശക്തിയില്ലാതെ മുരളി അഞ്ജുവിന്റെ ആവശ്യം മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. മകളുടെ കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും അത്രയേറെ ഭാരതിയെയും മുരളിയെയും തളർത്തിയിരുന്നു. ഇരുവരും ഒന്നും മിണ്ടാതെ എഴുന്നേറ്റ് അകത്തേക്ക് പോയി.

അധികം വച്ച് താമസിപ്പിക്കാതെ തന്നെ കടയുടെ ഉത്തരവാദിത്തം മകൾക്ക് വിട്ട് നൽകി കടയിരിക്കുന്ന സ്ഥലം അഞ്ജുവിന്റെ പേരിലേക്ക് മുരളി മാറ്റി എഴുതി നൽകി. കടയിരിക്കുന്ന സ്ഥലം അഞ്ജുവിന്റെ പേരിൽ എഴുതി കൊടുത്ത ശേഷം മുരളി പിന്നീട് കടയിലേക്ക് പോയിട്ടേയില്ല. മുഴുവൻ സമയവും അയാൾ വീട്ടിൽ തന്നെയായിരുന്നു. പകരം അഞ്ജുവാണ് എല്ലാം നോക്കി നടത്തുന്നത്. കടയിലെ മൊത്തം സാധനങ്ങൾ വിറ്റ് പോകുന്നത് വരെ അഞ്ജു കട തുറന്നിരുന്നു. അടുത്ത സ്റ്റോക്കെടുക്കേണ്ട ദിവസമായപ്പോൾ അഞ്ജു കടയടച്ച് പൂട്ടി. അന്ന് വൈകുന്നേരം വീട്ടിലെത്തിയ അവൾ മുരളിയോടും ഭാരതിയോടും ഒരു കാര്യം പറഞ്ഞു.

"ആ കട ഞാൻ വിറ്റു... പൂമഠത്തെ ശിവേട്ടന്റെ ഭാര്യ കാർത്തിക ചേച്ചിയുടെ പേരിലാ ഞാൻ കടയിരിക്കുന്ന സ്ഥലമുൾപ്പെടെ എഴുതി കൊടുത്തത്. ഇനിമുതൽ ആ കട കുറച്ചൂടെ വലിയ ഷോപ്പാക്കി അവര് നടത്തും. അച്ഛന് അവിടെയൊരു പണിയും കിട്ടും. ഞാൻ കട വിറ്റ് കിട്ടിയ പൈസ എന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. എന്റെ പഠന ചിലവിന് അത് തന്നെ ധാരാളമാണ്. എന്റെ ആവശ്യങ്ങൾക്ക് ഇനി ആരുടെയും മുന്നിൽ ഇരക്കാൻ നടക്കാൻ എനിക്ക് വയ്യ." യാതൊരു സങ്കോചവുമില്ലാതെ അഞ്ജു അത് പറയുമ്പോൾ ഷോക്കേറ്റത് പോലെ കേട്ട് നിൽക്കുകയായിരുന്നു ഭാരതിയും മുരളിയും. "ചതിച്ചല്ലോടി നീയെന്നെ... ഇതിനാണോ എന്റെ കൈയ്യിൽ നിന്ന് നീ അതെഴുതി വാങ്ങിയത്." കടുത്ത ഹൃദയ ഭാരത്തോടെ മുരളി നെഞ്ചിൽ കൈപ്പത്തി ചേർത്ത് ബോധം മറിഞ്ഞയാൾ നിലത്തേക്ക് വീണു. .... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story