മറുതീരം തേടി: ഭാഗം 59

marutheeram thedi shiva

രചന: ശിവ എസ് നായർ

ഐ സി യുവിന് മുന്നിൽ തളർന്നിരിക്കുകയാണ് ഭാരതി. തൊട്ടരികിൽ അമ്മയെ സമാധാനിപ്പിച്ചുകൊണ്ട് ആരതിയുണ്ട്. കുറച്ചു ദൂരെ മാറിയൊരു ചെയറിൽ അഞ്ജുവും ഇരിക്കുന്നുണ്ട്. ഭാരതിയുടെയും ആരതിയുടെയും വെറുപ്പ് നിറഞ്ഞ നോട്ടങ്ങൾ ഇടയ്ക്കിടെ അഞ്ജുവിന്റെ നേർക്ക് പാളി വീഴുന്നുണ്ട്. അവൾ പക്ഷേ അതൊന്നും കാര്യമാക്കിയില്ല. അപ്പോഴാണ് മുരളിയെ പരിശോധിച്ച ഡോക്ടർ വിശാൽ ഐ സി യുവിന് പുറത്തേക്കിറങ്ങി വരുന്നത് അവർ കണ്ടത്. "ഡോക്ടർ... അച്ഛന് എങ്ങനെയുണ്ട്?" ആരതി ഡോക്ടറിന്റെ അരികിലേക്ക് ചെന്നു. "പേഷ്യന്റിന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ചെയ്യണം. ഇപ്പോൾ തന്നെ ഒത്തിരി വൈകി. എത്രയും പെട്ടെന്ന് ചെയ്യുന്നതാണ് നല്ലത്. പേഷ്യന്റിന് മുൻപ് ഇതുപോലെ നെഞ്ച് വേദനയൊന്നും ഉണ്ടായില്ലേ?" ഡോക്ടർ വിശാൽ ഇരുവരെയും നോക്കി. "കുറച്ചുദിവസം മുൻപ് മുരളിയേട്ടന് നെഞ്ച് വേദനയും ക്ഷീണവുമൊക്കെ ഉണ്ടായിരുന്നു ഡോക്ടർ. ഗ്യാസ് കയറിയതാവുമെന്ന് കരുതി ആശുപത്രിയിൽ പോവണ്ടന്ന് പറഞ്ഞത് കൊണ്ടാ അന്ന് കാണിക്കാതിരുന്നത്."

സാരിയുടെ മുന്താണിയിൽ കണ്ണീരൊപ്പി ഭാരതി പറഞ്ഞു. "അന്നുതന്നെ നിങ്ങൾക്ക് ഹോസ്പിറ്റലിൽ കൊണ്ട് വരാമായിരുന്നു. ഇപ്പോ പേഷ്യന്റിന്റെ നില അൽപ്പം ഗുരുതരമാണ്. ഉടനടി ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ എന്തും സംഭവിക്കാം." "ഇപ്പോതന്നെ ചെയ്യാം ഡോക്ടർ. അതിന് ഞങ്ങളെന്താ ചെയ്യേണ്ടത്." ആരതി ചോദിച്ചു. "കൗണ്ടറിൽ പോയി ബിൽ സെറ്റിൽ ചെയ്താൽ ഇന്നുതന്നെ ചെയ്യാം." "ശരി ഡോക്ടറെ... " ഇടർച്ചയോടെ ഭാരതി പറഞ്ഞു. ഡോക്ടർ വിശാൽ അവിടന്ന് നടന്ന് മറഞ്ഞതും ആരതി അമ്മയെ നോക്കി. "അച്ഛന് മുന്നേ എപ്പഴാ അമ്മേ നെഞ്ച് വേദന വന്നത്." "നിന്നെ അവരെല്ലാവരും കൂടി വീട്ടിൽ കൊണ്ട് വിട്ട ദിവസം, അന്ന് രാത്രി അച്ഛന് നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഈ നശിച്ച സാധനം ആകെയുണ്ടായിരുന്ന വരുമാന മാർഗ്ഗം വിറ്റ് തുലച്ചപ്പോൾ അങ്ങേർക്ക് സഹിച്ചു കാണില്ല.

ഇപ്പോ നിനക്ക് തൃപ്തിയായില്ലേ നാശം പിടിച്ചവളേ." ദേഷ്യത്തോടെ ഭാരതി അഞ്ജുവിന് നേർക്ക് ആക്രോശിച്ചു. "ഞാനാ ഈ അവസ്ഥയിലാക്കിയതെന്ന് കൂടി അമ്മ പറഞ്ഞോ. അതിന്റെ പേരിൽ ഇവിടെ കിടന്ന് ബഹളമുണ്ടാക്കണ്ട, ബില്ല് ഞാൻ അടച്ചേക്കാം. ഇനി അതടയ്ക്കാൻ വൈകിയിട്ട് അടുത്ത പ്രശ്നം വേണ്ട." അഞ്ജു പറഞ്ഞുകൊണ്ട് എഴുന്നേറ്റു. "അങ്ങേരുടെ ഒരു കാര്യത്തിലും നീയിനി ഇടപെടരുത്. നിന്റേല് ഇപ്പോ ഉള്ള കാശ് ആ കട വിറ്റുണ്ടാക്കിയതല്ലേ. അതെടുത്ത് നീ അച്ഛന്റെ ജീവൻ രക്ഷിക്കാൻ നിക്കണ്ട." "ആരതീ... നിന്റെ സ്വർണ്ണം കൊണ്ടുപോയി പണയപ്പെടുത്തുകയോ വിൽക്കുകയോ എന്താന്ന് വച്ചാ ചെയ്യ്. പക്ഷേ ഇന്നുതന്നെ ഇവിടെ പണം കെട്ടി വച്ചേക്കണം. ഇവളെയിവിടെ ഒന്നും ചെയ്യാൻ സമ്മതിക്കരുത്. അങ്ങേരെ ഈ സ്ഥിതിയിലെത്തിച്ചത് ഇവളൊരുത്തിയാ." ഭാരതി നിന്ന് കിതച്ചു. "അമ്മയിവിടെ ഇരിക്ക്... ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം." ആരതി അവരെ സമാധാനിപ്പിച്ചു. "ഇവിടെ ഇനി എന്ത് കാണാൻ നിക്കുവാടി. എന്റെ കണ്മുന്നിൽ നിന്ന് പൊയ്ക്കോ വേഗം."

അഞ്ജു അവിടെ തന്നെ ഇരിക്കുന്നത് കണ്ട് ഭാരതി ദേഷ്യപ്പെട്ടു. "അഞ്ജൂ... നീ വീട്ടിൽ പോ. വെറുതെ അമ്മയെക്കൂടി ദേഷ്യം പിടിപ്പിക്കാതെ വേഗം പോവാൻ നോക്ക്." "ഞാൻ പോയേക്കാം." ആരതി പറഞ്ഞത് കേട്ട് അഞ്ജു എഴുന്നേറ്റ് പുറത്തേക്ക് പോയി. ഹോസ്പിറ്റലിൽ അടയ്ക്കാനുള്ള തുകയ്ക്ക് വേണ്ടി സ്വർണ്ണം വിൽക്കാൻ ആരതിക്ക് അൽപ്പം മടിയുണ്ടായിരുന്നു. പക്ഷേ ഈ അവസ്ഥയിൽ മടിച്ചു നിന്നാൽ അച്ഛന്റെ ജീവന് തന്നെ ആപത്തായേക്കാമെന്നോർത്ത് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവൾ കുറച്ചു സ്വർണ്ണമെടുത്ത് പണയം വച്ച് ബിൽ അടച്ചു. മുരളിയെ ഡിസ്ചാർജ് ചെയ്യുന്നത് വരെ ഭാരതിയും ആരതിയും തന്നെയാണ് ഹോസ്പിറ്റലിൽ കൂട്ടിരുന്നത്. ഇടയ്ക്ക് രണ്ട് തവണ ഭാരതിയുടെ ചേച്ചി സുമതിയും മുരളിയുടെ പെങ്ങന്മാരായ മായയും മിനിയും അയാളെ വന്ന് കണ്ടിട്ട് പോയി.

വീട്ടിൽ പോയി അഞ്ജുവിനെ കണ്ട് അവളെ കുറേ കുറ്റപ്പെടുത്തിയിട്ടാണ് മായയും മിനിയും പോയത്. അഞ്ജു അതൊന്നും കാര്യമാക്കിയില്ല. മുരളിയെ ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ കൊണ്ട് വന്നതിന് ശേഷം ഒരിക്കൽ പോലും അയാൾ അഞ്ജുവിന് മുഖം കൊടുക്കാനോ അവളോട് മിണ്ടാനോ മുതിർന്നില്ല. ഭാരതിയും ആരതിയും അങ്ങനെ തന്നെയായിരുന്നു. അമ്മാമ്മ കൂടി ആ വീട്ടിൽ ഇല്ലായിരുന്നെങ്കിൽ ഒറ്റപ്പെടൽ കാരണം തനിക്ക് ഭ്രാന്ത് പിടിച്ചു പോയേനെയെന്ന് അഞ്ജുവിന് തോന്നി. വർഷങ്ങളോളം ആതിര അവിടെ അനുഭവിച്ചിരുന്ന മാനസിക സംഘർഷം എത്ര ഭീകരമായിരുന്നുവെന്ന് അവൾ തിരിച്ചറിയുകയായിരുന്നു. ആ നിമിഷം അഞ്ജുവിന് ചേച്ചിയോട് വല്ലാത്ത സ്നേഹം തോന്നി. ************ ദിവസങ്ങൾ അതിവേഗം കടന്ന് പൊയ്ക്കൊണ്ടിരുന്നു. ദുബായിൽ മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിച്ചു വരികയാണ് ആതിര. ഒപ്പം അവൾക്ക് തണലായി ശ്രീറാമിന്റെ ഫാമിലിയുമുണ്ട്. വൈകാതെതന്നെ അഞ്ജു എൻട്രൻസ് കോച്ചിംഗിനായി പാലായിലുള്ള ബ്രില്ലിയന്റ് സ്റ്റഡി സെന്ററിൽ ചേർന്നു.

പഠിത്തത്തിന്റെ തിരക്കിൽ അവളുടെ വീട്ടിലേക്കുള്ള വരവും മെല്ലെ മെല്ലെ കുറഞ്ഞു. ഹോസ്റ്റലിലെ ഫോണിൽ നിന്ന് ഇടയ്ക്കിടെ ഭാർഗവി അമ്മയെ വിളിച്ച് അഞ്ജു, അവിടത്തെ വിശേഷങ്ങൾ പറയുകയും വീട്ടിലെ വിശേഷങ്ങൾ ചോദിക്കുകയും ചെയ്യാറുണ്ട്. കട വിറ്റതിന്റെ പേരിൽ ഭാരതിക്ക് അഞ്ജുവിനോടുള്ള നീരസം മാറിയിരുന്നില്ല. മുരളി പക്ഷേ സദാസമയവും ദുഃഖിതനായി കാണപ്പെട്ടു. ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും ഒടുവിൽ അവർ കാരണം തിരിച്ചടികൾ നേരിടേണ്ടി വന്നപ്പോൾ അയാൾ അമ്പേ തളർന്നുപോയിരുന്നു. ************ ഇന്ന് തുമ്പി മോളുടെ ജന്മദിനമാണ്. വൈകുന്നേരം ചെറിയൊരു ഫങ്ക്ഷൻ ആതിരയും ശ്രീറാമിന്റെ ഫാമിലിയും ചേർന്ന് ഒരുക്കിയിട്ടുണ്ടായിരുന്നു. ഹോസ്പിറ്റലിൽ കൂടെ വർക്ക്‌ ചെയ്യുന്നവരിൽ അടുപ്പമുള്ള കുറച്ച് മലയാളികളെയും ഫ്ലാറ്റിലെ അടുത്ത താമസക്കാരെയും പിന്നെ ക്രിസ്റ്റിയെയും അവൾ ക്ഷണിച്ചിട്ടുണ്ട്. കർണാടകയിൽ നിന്ന് കാർത്തിക്കും അമ്മയും തുമ്പി മോൾടെ പിറന്നാൾ ആഘോഷിക്കാനും ദുബായ് കാണാനും വേണ്ടി വിസിറ്റിംഗ് വിസയിൽ അവിടെ എത്തിയിട്ടുണ്ടായിരുന്നു.

എല്ലാരും കൂടി ഒരു ഇരുപത് ആൾക്കാർ ഉണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ഇപ്പോഴുള്ള സൗഭാഗ്യങ്ങൾ വരാൻ കാരണക്കാരായവർ തുമ്പി മോൾടെ പിറന്നാളിൽ ഒപ്പമുള്ളത് ആതിരയ്ക്ക് ഒത്തിരി സന്തോഷം നൽകിയിരുന്നു. ഭാർഗവി അമ്മയുടെ അഭാവം മാത്രമാണ് അവളെ വിഷമിപ്പിച്ചിരുന്നത്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കാർത്തിക്കും ശ്രീറാമും ഷൈനിയും കൂടി ഫ്ലാറ്റ് മുഴുവനും നന്നായി അലങ്കരിച്ചിരുന്നു. വൈകുന്നേരമായപ്പോൾ ക്രിസ്റ്റി ഒഴികെ മറ്റെല്ലാവരും എത്തിച്ചേർന്നിരുന്നു. തൂവെള്ള ഫ്രോക്കിൽ തുമ്പി മോൾ ഒരു മാലാഖ കുഞ്ഞിനെ പോലെ സുന്ദരിയായി കാണപ്പെട്ടു. എല്ലാവരും എത്തിച്ചേർന്നതിനാൽ ആതിര തുമ്പി മോളുടെ കൈപിടിച്ച് കേക്ക് കട്ട്‌ ചെയ്തു. കേക്ക് കട്ടിങ് കഴിഞ്ഞപ്പോൾ കാർത്തിക്കിന്റെ അമ്മ ഹേമലത വന്ന് കുഞ്ഞിനെ അവളുടെ കൈയ്യിൽ നിന്ന് വാങ്ങി. തുടർന്ന് ആതിര തന്നെ എല്ലാവർക്കുമുള്ള കേക്ക് പീസുകളായി കട്ട്‌ ചെയ്ത് വന്നവർക്കൊക്കെ കൊടുത്തു. അവളെ സഹായിക്കാനായി കാർത്തിക്കും ഒപ്പം കൂടിയപ്പോൾ ഷൈനിയും ശ്രീറാമും അഥിതികൾക്കുള്ള ഫുഡ് ടേബിളിൽ സെർവ് ചെയ്യുന്ന തിരക്കിലായിരുന്നു.

ആ സമയത്താണ് ക്രിസ്റ്റി അവിടേക്ക് വന്നത്. "സോറി ആതിരാ... ഞാനല്പം വൈകിപ്പോയി. ഓഫീസിൽ നിന്നിറങ്ങാൻ ലേറ്റായി." ക്ഷമാപണത്തോടെ അവൻ ആതിരയോട് പറഞ്ഞു. "അതൊന്നും സാരമില്ല..." ആതിര ചിരിയോടെ അവനെ നോക്കി. "തുമ്പി മോളെവിടെ.." ക്രിസ്റ്റി ചുറ്റിലുമൊന്ന് കണ്ണോടിച്ചു. "മോള് ദേ ആ റൂമിലുണ്ട്. ക്രിസ്റ്റി കേക്ക് കഴിക്കൂ." കേക്ക് പീസ് അവന് നേരെ നീട്ടി അവൾ പറഞ്ഞു. "മോളെ കണ്ടിട്ട് കേക്ക് കഴിക്കാം ആതിര." "എങ്കിൽ വരൂ..." ആതിര അവനെ തുമ്പി മോൾടെ അടുത്തേക്ക് കൊണ്ടുപോയി. ഹേമലതയും ദേവകിയും കൂടി തുമ്പി മോളെ കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആതിര അവനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇരുവരെയും നോക്കിയൊന്ന് ചിരിച്ചിട്ട് ക്രിസ്റ്റി തുമ്പി മോൾടെ അരികിലേക്ക് ചെന്നു. ശേഷം പോക്കറ്റിൽ നിന്നൊരു ജുവലറി ബോക്സ്‌ എടുത്ത് അതിൽ നിന്നൊരു കുഞ്ഞ് സ്വർണ്ണ വള അവൻ തുമ്പി മോൾടെ കൈയ്യിലേക്ക് ഇട്ട് കൊടുത്തു. "ഇതെന്താ ക്രിസ്റ്റി? സത്യത്തിൽ ഇതൊന്നും വേണ്ടിയിരുന്നില്ല."

ക്രിസ്റ്റിയുടെ ആ പ്രവൃത്തിയിൽ ആതിരയ്ക്ക് നല്ല ദേഷ്യം തോന്നിയിരുന്നു. തന്റെ കുഞ്ഞിന് സ്വർണ്ണ വളയൊക്കെ കൊടുക്കാൻ മാത്രം എന്ത് അടുപ്പമാണ് അവന് തന്റെ കുഞ്ഞിനോടുള്ളതെന്ന ചിന്തയായിരുന്നു അവളിൽ. "ആതിരയ്ക്കെന്നോട് ദേഷ്യമായെന്നറിയാം. ഇത് പക്ഷേ തന്റെ മോൾക്ക് തരാൻ ശിവേട്ടൻ ആഗ്രഹിച്ചതാണ്. ആതിരയിവിടെ ദുബായിൽ വന്നിട്ടുണ്ടെന്നും തന്റെ മോൾക്ക്‌ ശിവേട്ടന്റെ സമ്മാനമായി ഒരു വള വാങ്ങി ഇട്ട് കൊടുക്കണമെന്നും ശിവേട്ടനെന്നോട് പറഞ്ഞിരുന്നു. അതിന് വേണ്ടി ആതിരയോട് അഡ്രസ് ചോദിച്ചിട്ട് എനിക്ക് തരാമെന്ന് പറഞ്ഞതുമാണ്. പക്ഷേ അതിന് മുൻപേ ശിവേട്ടൻ..." പറഞ്ഞു വന്നത് പകുതിയിൽ നിർത്തി ക്രിസ്റ്റി അവളെ നോക്കി. "അയാം സോറി ക്രിസ്റ്റി..." ക്ഷമാപണത്തോടെ ആതിര പറഞ്ഞു. "ഇട്സ് ഓക്കേ ആതിര.." "ക്രിസ്റ്റി വരൂ, ഫുഡ് കഴിക്കാം." ആതിര അവനെ കഴിക്കാനായി വിളിച്ചു. "ഹാ... വരാം." ആതിരയ്ക്ക് പിന്നാലെ അവൻ ഹാളിലേക്ക് നടന്നു. "ക്രിസ്റ്റി... സോറി... ഞാൻ.. ഇത്രേം വിലപിടിപ്പുള്ള ഗിഫ്റ്റ് ഒന്നും തരാൻ മാത്രം അടുപ്പം നമ്മൾ തമ്മിലില്ലല്ലോ എന്ന് കരുതിയാണ് ഞാൻ ആദ്യമൊന്ന് ദേഷ്യപ്പെട്ടത്."

"ശിവേട്ടൻ തനിക്ക് കൂടെപ്പിറപ്പിനെ പോലെയായിരുന്നില്ലേ. ഈ വള ശിവേട്ടൻ തന്നതായി വിചാരിച്ചാൽ മതി. ശിവേട്ടൻ തരാൻ ആഗ്രഹിച്ചത് ഞാൻ തന്നുവെന്നേയുള്ളു." ഉള്ളിലെ വേദന മറച്ചുപിടിച്ച് മുഖത്ത് പുഞ്ചിരി വരുത്തി ക്രിസ്റ്റി പറഞ്ഞു. മറുപടിയായി അവളൊന്ന് മൂളുക മാത്രം ചെയ്തു. അപ്പോഴാണ് ക്രിസ്റ്റിയെ നോക്കി ചിരിച്ചുകൊണ്ട് കാർത്തിക് അവിടേക്ക് വന്നത്. "ഹലോ ക്രിസ്റ്റി... സുഖമാണോ?" ഒട്ടും പ്രതീക്ഷിക്കാതെ കാർത്തിക്കിനെ അവിടെ കണ്ടതിന്റെ ഞെട്ടൽ ക്രിസ്റ്റിയുടെ മുഖത്തുണ്ടായിരുന്നു. "കാർത്തിക് സർ ഇവിടെയുണ്ടായിരുന്നോ?" അമ്പരപ്പോടെ അവൻ ചോദിച്ചു. "ഞാനും അമ്മയും കഴിഞ്ഞ മാസം വിസിറ്റിംഗ് വിസയിൽ ഇങ്ങോട്ട് വന്നായിരുന്നു. അടുത്ത ആഴ്ച ഞങ്ങൾ തിരിച്ചുപോകും." "സാറിന് സുഖമല്ലേ.." "അതേടോ..." "കാർത്തിക് സാറിന് ക്രിസ്റ്റിയെ നേരത്തെ തന്നെ അറിയുമോ?" അവർ തമ്മിൽ സൗഹൃദ ഭാവത്തിൽ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ ആതിര കാർത്തിക്കിനോട് ചോദിച്ചു. "അപ്പൊ ക്രിസ്റ്റി തന്നോടൊന്നും പറഞ്ഞില്ലേ?" കാർത്തിക് ഇരുവരെയും മാറി മാറി നോക്കി. "ക്രിസ്റ്റി എന്ത് പറയാനാണ്? എന്നോട് ക്രിസ്റ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ." ആതിരയുടെ നോട്ടം ക്രിസ്റ്റിയുടെ മുഖത്തേക്കായിരുന്നു. അവളുടെ നോട്ടത്തെ നേരിടാനാവാതെ കള്ളത്തരം പിടിക്കപ്പെട്ട ഭാവത്തിൽ മുഖം കുനിച്ചു നിൽക്കുകയാണ് ക്രിസ്റ്റി. .... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story