മറുതീരം തേടി: ഭാഗം 6

marutheeram thedi shiva

രചന: ശിവ എസ് നായർ

അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ അവൾക്ക് തോന്നി. നെഞ്ചിലെന്തോ കൊളുത്തി വലിക്കുന്നു. ആതിര പെട്ടെന്ന് അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി കളഞ്ഞു. "ആതീ.. കണ്ണ് തുടയ്ക്ക്." പ്രണയപൂർവ്വം ആൽഫി അവളെ നോക്കി. ആതിര എന്ന വിളിയിൽ നിന്ന് ആതിയിലേക്കുള്ള അവന്റെ മാറ്റം അവളിൽ അസ്വസ്ഥത സൃഷ്ടിച്ചു. "ഞാൻ പെട്ടന്ന് എന്തൊക്കെയോ ഓർത്തുപോയി ആൽഫി." "എന്താടോ തന്റെ പ്രശ്നം.?" "പറയാനാണേൽ ഒരുപാടുണ്ട്." "സാരമില്ല താൻ പറഞ്ഞോ. ഞാൻ കേട്ടോളാം." അവൾ ശ്വാസമൊന്ന് ആഞ്ഞുവലിച്ച് സംസാരിക്കാനായി തയ്യാറെടുത്തു. "ഓർമ്മ വച്ച നാൾ മുതൽ ഞാൻ കാണുന്നത് എന്നെ വെറുക്കുന്ന അച്ഛനെയാണ്. അമ്മയ്ക്കെന്നോട് വെറുപ്പുണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷേ മാതാപിതാക്കളിൽ നിന്ന് ഒരു തരത്തിലുമുള്ള സ്നേഹമോ പരിഗണനയോ കിട്ടാതെയാണ് ഞാൻ വളർന്നത്. രണ്ട് അനിയത്തിമാരുണ്ട്, അവരും കണക്കാ. തരം കിട്ടുമ്പോഴൊക്കെ കളിയാക്കാനും കുറ്റപ്പെടുത്താനുമാണ് അവർ വായ തുറക്കുന്നത്.

ആകെ ഇത്തിരിയെങ്കിലും സ്നേഹം കാട്ടുന്നതും എന്നെയൊരു മനുഷ്യ ജീവിയായി പരിഗണിക്കുന്നതും എന്റെ അമ്മാമ്മ മാത്രമാണ് ആൽഫി. മറ്റാർക്കും എന്നോട് ഒരു തരി സ്നേഹമില്ല. വീട്ടുകാർക്ക് ഞാനൊരു അധികപ്പറ്റ് ആയോണ്ട് ബന്ധുക്കൾക്കിടയിലും എനിക്ക് യാതൊരു വിലയുമില്ല. എല്ലാവർക്കും ഞാനൊരു അപശകുനമാണ്." ഓർമ്മ വച്ച നാൾ മുതൽ താൻ ഇന്നുവരെ അനുഭവിച്ച കഷ്ടതകൾ ഒന്നൊന്നായി അവനോട് പറഞ്ഞു കഴിയുമ്പോൾ ആതിര തേങ്ങിപ്പോയി. ശിവന്റെ ആലോചന വന്നതുൾപ്പെടെ അവൾ അവനോട് പറഞ്ഞു. അമ്മാമ്മ വീട്ടുജോലിക്ക് പോയാണ് തന്നെ പഠിപ്പിക്കാനുള്ള പൈസ കണ്ടെത്തുന്നതെന്നും അവളവനെ അറിയിച്ചു. "ഇത്രേം പരിതാപകരമായ ഒരവസ്ഥയിലൂടെയാണല്ലോ താൻ കടന്ന് വന്നത്." ആൽഫി അലിവോടെ അവളെ നോക്കി. "ഞാൻ ഇങ്ങോട്ടേക്ക് പഠിക്കാനായി പുറപ്പെടുമ്പോൾ അച്ഛനെന്നെ നടത്തള്ളും പോലെ ഇനി ആ വീട്ടിലേക്ക് തിരിച്ചു ചെന്നേക്കരുതെന്നാണ് പറഞ്ഞത്.

അമ്മയും അന്ന് മറിച്ചൊരു അഭിപ്രായം പറഞ്ഞില്ല. ഞാൻ ഇവിടേക്ക് വന്ന ശേഷം ഒരിക്കൽ പോലും വിളിക്കുകയോ ഞാനിവിടെ എങ്ങനെ കഴിയുന്നുവെന്നോ ഒരിക്കൽ പോലും തിരക്കിയിട്ടില്ലായിരുന്നു അച്ഛനും അമ്മയുമൊന്നും. അങ്ങനെ ഇരിക്കുമ്പോഴാ അമ്മാമ്മേടെ കൈയ്യിൽ നിന്ന് ഇവിടുത്തെ ഹോസ്റ്റൽ നമ്പർ വാങ്ങി അമ്മ ഇന്നലെ രാത്രി എന്നെ വിളിക്കുന്നത്. ആദ്യമായിട്ടാണ് അമ്മയെന്നോട് ഇത്രയെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്നത്. എന്നെ മോളേന്ന് വിളിക്കുന്നത്." അവസാന വാക്കുകൾ പറയുമ്പോൾ ആതിര വിതുമ്പലടക്കാൻ പാടുപെട്ടു. ഇത്രയും വർഷങ്ങൾ ഇതൊക്കെ അവൾ തന്നിൽ തന്നെ അടക്കി നിർത്തിയിരിക്കുകയായിരുന്നു. ഇപ്പൊ അതൊക്കെ ഒറ്റ നിമിഷം കൊണ്ട് തകർന്ന് പോയിരിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും അനിയത്തിമാരുടെയും ഒരു ചേർത്ത് പിടിക്കൽ അത്രത്തോളം അവളുടെ മനസ്സ് ആഗ്രഹിച്ചിരുന്നു. "ഇത്രയൊക്കെ വിഷമങ്ങൾ തന്റെയുള്ളിൽ ഉണ്ടായിരുന്നോ? എപ്പോഴെങ്കിലും ഇതൊക്കെ എന്നോട്‌ തുറന്നു പറയാമായിരുന്നില്ലേ?

ആരോടെങ്കിലും മനസ്സിലുള്ളത് തുറന്ന് പറഞ്ഞാൽ അത്രേം ആശ്വാസം കിട്ടില്ലേ!" ആൽഫിയുടെ കണ്ണുകളും ഈറനായി. "ഒന്നും ഓർക്കാൻ ഞാൻ ശ്രമിക്കാറില്ലായിരുന്നു. ഓർത്തിരുന്നാൽ സങ്കടം സഹിക്കാൻ പറ്റില്ല. പക്ഷേ ഇന്നലെ അമ്മ വിളിച്ചപ്പോൾ... ആ നാവിൽ നിന്ന് മോളേന്നുള്ള വിളി കേട്ടപ്പോൾ കഴിഞ്ഞ കാലമൊക്കെ ഞാൻ ഓർത്തുപോയി. അച്ഛനും അമ്മയും അനിയത്തിമാരെ കൊഞ്ചിക്കുമ്പോൾ കൊതിയോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. അവരിൽ നിന്ന് ഒരു ചേർത്ത് പിടിക്കൽ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് ആഗ്രഹിക്കാനല്ലേ പറ്റു." "എല്ലാം ശരിയാവുമെടോ. ഇപ്പൊ അമ്മ വിളിച്ചില്ലേ.. അതുപോലെ അച്ഛനും അനിയത്തിമാരുമൊക്കെ തന്നെ മനസിലാക്കുന്ന ഒരു കാലം വരും. അത് അതി വിദൂരമല്ല." ആൽഫിയുടെ വാക്കുകൾ കേട്ട് ഒരു പുഞ്ചിരിയോടെ അവളിരുന്നു.

"അങ്ങനെയൊരു നിമിഷം ഞാനും കൊതിക്കുന്നുണ്ട്. ചുറ്റിലും എല്ലാരുമുണ്ടായിട്ടും അനാഥയെ പോലെ കഴിയേണ്ട അവസ്ഥയായിരുന്നു എനിക്ക്. വീണുപോകുമ്പോൾ ഒന്ന് ചേർത്തു പിടിക്കാൻ അമ്മാമ്മ കൂടി ഇല്ലായിരുന്നെങ്കിൽ ഞാനെന്നേ ഒരു മുഴം കയറിൽ ജീവനൊടുക്കിയേനെ. അത്രയേറെ മാനസിക സംഘർഷം ഞാനനുഭവിച്ചിട്ടുണ്ട്." "തന്നെപ്പോലെ അല്ലെങ്കിലും എന്റെ അവസ്ഥയും ഇതൊക്കെ തന്നെയാ. ഒന്നൂല്ലേലും തനിക്ക് തന്റെ അമ്മാമ്മ ഇല്ലേ. എനിക്ക്.... എനിക്ക് ഇപ്പോ... അങ്ങനെ പറയാൻ പോലും ആരുമില്ല." ഏതോ ഒരോർമ്മയിൽ അവൻ പറഞ്ഞു. "ആൽഫീ..." ആതിര കണ്ണിമ ചിമ്മാതെ അവനെ നോക്കി. വിഷാദം നിറഞ്ഞൊരു പുഞ്ചിരി അവന്റെ മുഖത്ത് വിരിഞ്ഞു. "പപ്പയും മമ്മയും രണ്ട് അനിയത്തിമാരും അടങ്ങുന്നതാണ് എന്റെ കുടുംബം. കോട്ടയത്തെ പേരുകേട്ടൊരു തറവാട്. കുടുംബത്തിലെ മൂത്ത പുത്രൻ, അനിയത്തിമാരുടെ ഒരേയൊരു ആങ്ങള. പപ്പയ്ക്ക് വലംകൈയായി നിൽക്കേണ്ടവൻ. അങ്ങനെ വിശേഷണങ്ങൾ ഏറെയായിരുന്നു എനിക്ക്.

പപ്പയും പപ്പയുടെ മൂന്ന് സഹോദരിമാരിൽ രണ്ട് സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും മക്കളുമെല്ലാം കൂട്ടുകുടുംബമായി ഒരു കുടക്കീഴിൽ. പപ്പയുടെ മേൽനോട്ടത്തിൽ അളിയന്മാർ എല്ലാവരും ചേർന്നുള്ള ഫാമിലി ബിസിനസ്‌. പപ്പയ്ക്ക് ശേഷം അതൊക്കെ നോക്കി നടത്തേണ്ടത് എന്റെയും കൂടി ചുമതലയാണ്. എനിക്കതിൽ താല്പര്യമുണ്ടായിരുന്നില്ല. നഴ്സിംഗ് പഠിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷേ പപ്പ എന്നെ നിർബന്ധപൂർവ്വം എഞ്ചിനീയറിംഗിന് കൊണ്ടുവിട്ടു. ആദ്യത്തെ രണ്ട് വർഷം മാത്രം പോയി. ഒരു സബ്ജെക്ട് പോലും പാസ്സായിട്ടില്ല. എല്ലാ വിഷയത്തിലും സപ്ലി വാരികൂട്ടി. അതോടെ ഞാൻ പഠിപ്പ് നിർത്തി വീട്ടിലിരുന്നു. പപ്പയ്‌ക്കെന്നോട് ദേഷ്യമായി. അഡ്മിഷൻ എടുക്കാനും എക്സാം ഫീസിനുമൊക്കെ നല്ലൊരു ശതമാനം പൈസ പപ്പയ്ക്ക് നഷ്ടം വന്നതിന്റെ ദേഷ്യം ഒരു വശത്ത്. വെറുതെ വീട്ടിലിരിക്കാതെ ബിസിനസ്സിൽ സഹായിക്കാൻ പപ്പ പറഞ്ഞെങ്കിലും ഞാൻ പറ്റില്ലെന്ന് പറഞ്ഞു. എന്നെ നഴ്സിംഗിന് വിടാൻ പറഞ്ഞപ്പോൾ അത് സമ്മതിച്ചില്ല.

എന്റെ ഇഷ്ടത്തോടെ അല്ലല്ലോ എഞ്ചിനീയറിംഗിന് ചേർത്തതെന്ന് പറഞ്ഞ് ഞങ്ങൾ തമ്മിൽ നല്ല വാക്കേറ്റമുണ്ടായി. പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് നഴ്സിംഗ് എന്നായിരുന്നു പപ്പയുടെ ന്യായം. മമ്മയ്ക്ക് പിന്നെ പപ്പയെ ധിക്കരിച്ചു എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ പേടിയാണ്. പപ്പയുടെ ഇഷ്ടത്തിന് നിൽക്കാൻ പറ്റില്ലെങ്കിൽ വീട്ടീന്ന് ഇറങ്ങി പോവാൻ പറഞ്ഞു. ഓർമ്മ വച്ച നാൾ മുതൽ ഇന്നേവരെ പപ്പയുടെ ഇഷ്ടത്തിനാണ് ജീവിച്ചത്. ഇനിയും അത്‌ തുടരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. അന്നേരത്തെ വാശിക്ക് ഇറങ്ങിയതാ വീട്ടീന്ന്. പപ്പയെ പേടിയുള്ളത് കൊണ്ട് ബന്ധുക്കളാരും എന്നെ അടുപ്പിച്ചില്ല. കൂട്ടുകാരെ വീട്ടിലൊക്കെ എത്ര ദിവസം നിക്കും. ഒരു നാൾ തണുത്ത് വിറച്ച് ഞാൻ കട വരാന്തയിൽ കിടക്കുന്നത് കണ്ടിട്ടും പപ്പയ്ക്ക് മനസ്സലിവ് തോന്നിയില്ല. മമ്മയ്ക്കും അനിയത്തിമാർക്കും പപ്പയെ അനുസരിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു. എന്നെ വീട്ടിൽ നിന്ന് ഇറക്കി വിടുന്ന സമയത്ത് പപ്പയുടെ മമ്മ തറവാട്ടിൽ ഉണ്ടായിരുന്നില്ല. പപ്പേടെ മമ്മീനെ ഞാൻ അമ്മച്ചീന്നാ വിളിക്കുന്നത്.

അമ്മച്ചി അന്ന് മേരി ആന്റിയുടെ കൂടെയായിരുന്നു. പപ്പയുടെ ഏറ്റവും ഇളയ അനിയത്തിയാണ് മേരി ആന്റി. ആന്റി അന്യമതക്കാരനോടൊപ്പം ഇറങ്ങിപ്പോയത് കൊണ്ട് പപ്പ അവരെ കുടുംബത്തിൽ കേറ്റിട്ടില്ല. അമ്മച്ചി ഇടയ്ക്കിടെ അവിടെ പോയി നിൽക്കാറുണ്ട്. മേരി ആന്റിയും ഭർത്താവും മക്കളുമെല്ലാം ഊട്ടിയിലാണ് താമസം. മൂന്നു മാസം കഴിഞ്ഞ് അമ്മച്ചി തിരികെ വരുമ്പോൾ എന്നെ ഇറക്കി വിട്ട കാര്യം അറിഞ്ഞു. പപ്പയോടു വഴക്കിട്ട് അമ്മച്ചിയെന്നെ തറവാട്ടിലേക്ക് കൊണ്ടുപോയി. തെണ്ടി തിരിഞ്ഞു മതിയായപ്പോ നാണംകെട്ട് ഇങ്ങോട്ട് തന്നെ കേറി വന്നല്ലോ എന്ന് പറഞ്ഞു പപ്പയെന്നെ നിരന്തരം അധിക്ഷേപിച്ചു കൊണ്ടിരുന്നു. അമ്മച്ചി ഒരു കാൻസർ പേഷ്യന്റ് കൂടിയായിരുന്നു. അതുകൊണ്ട് അമ്മച്ചീടെ വാശികൾക്ക് മുന്നിൽ പപ്പ നിശബ്ദത പാലിക്കും. എന്നെ എന്റെ ഇഷ്ടത്തിന് പഠിക്കാൻ വിടാൻ അമ്മച്ചി പപ്പയോടു പറഞ്ഞപ്പോൾ മനസ്സോടെയല്ലെങ്കിലും പപ്പയതിന് സമ്മതം മൂളി. പക്ഷേ ഞാനത് എതിർത്തു. പപ്പേടെ കാശിനു പഠിക്കില്ലെന്ന് ഞാൻ തീർത്ത് പറഞ്ഞു.

അങ്ങനെ എന്റെ വാശി കണ്ട് അമ്മച്ചി അമ്മച്ചിയുടെ പേരിലുള്ള സ്ഥലം വിറ്റ് എനിക്ക് പൈസ തന്നു. എന്നിട്ട് എനിക്കിഷ്ടമുള്ളത് പഠിച്ചോളാൻ പറഞ്ഞു. പപ്പയുടെ കണ്മുന്നിൽ നിന്ന് അകന്ന് നിൽക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്റെ അധ്വാനം കൊണ്ട് നല്ലൊരു നിലയിലെത്തിയിട്ടേ ഇനി പപ്പയുടെ മുന്നിൽ ചെല്ലു എന്ന് മനസ്സിൽ തീരുമാനിച്ചാണ് ഇങ്ങോട്ടേക്ക് വന്നത്. അതിനിടയ്ക്കാണ് അപ്രതീക്ഷിതമായി അമ്മച്ചിയുടെ മരണം. സൈലന്റ് അറ്റാക്കായിരുന്നു. പപ്പയെയും മമ്മയെക്കാളും എനിക്ക് സ്നേഹം തന്നതും എന്റെ ഇഷ്ടങ്ങളെ മാനിച്ചിരുന്നതും അമ്മച്ചി മാത്രമായിരുന്നു. അമ്മച്ചി ഇല്ലാത്ത ആ വീട്ടിലേക്ക് പോവാൻ പോലും ഇപ്പൊ തോന്നുന്നില്ല. പപ്പ വീട്ടിലില്ലാത്തപ്പോ മമ്മ ഫോൺ വിളിക്കാറുണ്ട്. വിളിക്കുമ്പോഴൊക്കെ പഠിപ്പ് നിർത്തി അങ്ങോട്ട്‌ ചെല്ലാനാണ്. പപ്പയെ ബിസിനസ്സിൽ സഹായിച്ചു കൂടെ നിന്നാൽ പപ്പേടെ പിണക്കം മാറുമെന്നും പറയും. അനിയത്തിമാർ രണ്ടു പേരിൽ ഒരാൾ പ്രീഡിഗ്രിയും ഒരാൾ പത്താം തരവുമാണ്.

അവരും പറയുന്നത് പപ്പേ പിണക്കാതെ അവിടെ ചെന്ന് നിൽക്കാനാണ്. എന്റെ ഇഷ്ടം നോക്കാൻ ആർക്കും നേരമില്ല. ഞാനും ഒരു വ്യക്തിയാണെന്നുള്ള പരിഗണന ആർക്കുമില്ല. അവിടെ പോയാൽ പപ്പേടെ ശാപ വാക്കുകളും മമ്മേടെ ഉപദേശവും മാത്രമേ കേൾക്കാനുള്ളു. അമ്മച്ചിയുടെ മരണത്തിന് തറവാട്ടിൽ പോയിട്ട് ഒരാഴ്ച കഴിഞ്ഞു തിരികെ ഇങ്ങോട്ട് വരാൻ പുറപ്പെടുമ്പോൾ പപ്പ എന്നോട് സംസാരിക്കാൻ വന്നു. പപ്പ പറയുന്ന പോലെ കുടുംബ ബിസിനസ്‌ നോക്കി നടത്തി അവിടെ നിന്നാൽ മാത്രമേ എനിക്ക് പപ്പേടെ സ്വത്തുക്കൾ തരുള്ളൂന്നാ. എനിക്കൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ ഇങ്ങനെയൊരു മോൻ എനിക്കില്ലെന്നും എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കോന്നും പപ്പ പറഞ്ഞു. ഇനി അവിടെക്കില്ലെന്നും പറഞ്ഞു ഞാൻ ഇറങ്ങി പോന്നു. അമ്മച്ചി തന്ന പൈസ കയ്യിലുള്ളത് കൊണ്ട് പഠിക്കാനുള്ള കാശിന് എനിക്ക് വേണ്ടി ആരുടെയും മുന്നിൽ കൈനീട്ടേണ്ടി വരില്ല. പഠിച്ചു കഴിഞ്ഞു കുറച്ചു നാൾ ഇവിടെ നിന്നിട്ട് പുറത്തേക്കെങ്ങാനും പോകണം.

പപ്പയുടെ സഹായമില്ലാതെതന്നെ രക്ഷപ്പെടാൻ പറ്റുമെന്ന് തെളിയിച്ചു കൊടുക്കണമെനിക്ക്." എല്ലാം പറഞ്ഞു കഴിയുമ്പോൾ അവന് മനസ്സിലെ ഭാരം ഒഴിഞ്ഞു പോയതുപോലെ തോന്നി. ആൽഫിയുടെ കഥ കേട്ട് നിശബ്ദയായി ഇരിക്കുകയായിരുന്നു ആതിര. "ഞാൻ തന്നെ കൂടി ബോറടിപ്പിച്ചുവല്ലേ." അവൻ നനുത്ത സ്വരത്തിൽ അവളോട് ചോദിച്ചു. "ഹേയ്... അങ്ങനെയൊന്നുമില്ല ആൽഫി. ഞാൻ ആൽഫിയുടെ അമ്മച്ചിയെക്കുറിച്ച് ഓർത്തുപോയി. അമ്മച്ചി ഉണ്ടായിരുന്നെങ്കിൽ ആൽഫിക്ക് ഒരാശ്വാസമാകില്ലായിരുന്നില്ലേ." "ഹ്മ്മ്... ശരിയാണ്. കർത്താവ് അമ്മച്ചിക്ക് അത്രയേ ആയുസ്സ് കൊടുത്തോളു." "ആൽഫീടെ മമ്മ വിളിക്കില്ലേ ഇപ്പൊ." "വിളിക്കാറുണ്ട്... മമ്മയ്ക്ക് പറയാനുള്ളത് സ്ഥിരം പല്ലവി തന്നെ. ഉപദേശം കേട്ട് മടുത്തത് കൊണ്ട് ഇപ്പൊ മമ്മ വിളിച്ചാൽ ഞാൻ സംസാരിക്കാറില്ല. ആരോടും മിണ്ടാൻ തോന്നുന്നില്ല. അമ്മച്ചി മരിച്ച സമയത്തൊക്കെ മനസ്സിന് ആകെയൊരു മടുപ്പായിരുന്നു. ചില സമയത്ത് തോന്നും എന്തിനാ ഇങ്ങനെയൊരു ജീവിതമെന്ന്.

ഭീരുക്കളാണ് ആത്മഹത്യയെ കുറിച്ചൊക്കെ ചിന്തിക്കുന്നത്. അതുകൊണ്ട് പപ്പയ്ക്ക് മുന്നിൽ തലയുയർത്തി നിൽക്കണമെന്ന വാശി മനസ്സിൽ വച്ചാണ് ഇപ്പൊ ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത്. പുറമെ നിന്ന് നോക്കുന്നവർക്ക് മുന്നിൽ ഞാനൊരു അഹങ്കാരിയാണ്. എല്ലാ സുഖ സൗകര്യങ്ങൾ ഇട്ടെറിഞ്ഞു വീട്ടുകാരെ അനുസരിക്കാതെ തന്നിഷ്ടം കാട്ടി നടക്കുന്നൊരു അഹങ്കാരി. ഒരാള് പോലും എന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചു നോക്കാൻ ശ്രമിക്കാറില്ല. എന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തവരുടെ അടുത്തേക്ക് ഞാനെന്തിനാ പോവുന്നത്." ആൽഫിയുടെ മുഖത്ത് ദുഃഖം നിഴലിച്ചു. "പപ്പയും മമ്മയും കുടുംബക്കാരുമൊക്കെ ആൽഫിയെ മനസ്സിലാക്കുന്ന ഒരു ദിവസം വരും. ആൽഫിയുടെ ആഗ്രഹം പോലെത്തന്നെ പഠിച്ചു, ജോലി വാങ്ങി ജീവിച്ചു കാണിക്ക്. എന്റെയും ലക്ഷ്യം അതാണ്. അന്നെങ്കിലും എന്റെ അച്ഛൻ എന്നെ സ്നേഹിക്കുമായിരിക്കും." പ്രതീക്ഷയോടെ ആതിര പറഞ്ഞു. അപ്പോഴാണ് ക്ലാസ്സ്‌ തുടങ്ങാനുള്ള ബെല്ലടിച്ചത്. ക്ലാസ്സിന് പുറത്തിരുന്ന് സംസാരിക്കുകയായിരുന്നു ആൽഫിയും ആതിരയും. ബെൽ അടിക്കുന്ന ശബ്ദം കേട്ടതും ഇരുവരും ക്ലാസ്സ്‌ റൂമിലേക്ക് പ്രവേശിച്ചു. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 വൈകുന്നേരം, ക്ലാസ്സ്‌ കഴിഞ്ഞു ആതിര ഹോസ്റ്റലിൽ എത്തുമ്പോൾ അവിടെ അവളെ കാത്ത് ഒരു അതിഥി ഇരിപ്പുണ്ടായിരുന്നു...... തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story