മറുതീരം തേടി: ഭാഗം 60

marutheeram thedi shiva

രചന: ശിവ എസ് നായർ

 "എടോ തനിക്ക് ഗൾഫിലേക്കുള്ള വിസിറ്റിംഗ് വിസ ശരിയാക്കിയതും ഇവിടെ ജോലി കിട്ടാൻ സഹായിച്ചതുമൊക്കെ ക്രിസ്റ്റിയാണ്. ആൽഫി തന്നെ ഉപേക്ഷിച്ചു പോയ വിവരം അറിഞ്ഞത് മുതൽ ക്രിസ്റ്റി ഒരു നിഴല് പോലെ തന്റെ പിന്നാലെയുണ്ട്. ക്രിസ്റ്റി ഗൾഫിലേക്ക് തിരിച്ചു പോകുന്നതിന് മുൻപ് നമ്മുടെ ഹോസ്പിറ്റലിൽ വന്ന് എന്നെ കണ്ടിട്ടാണ് പോയത്. തന്റെ കാര്യങ്ങൾ ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കുമായിരുന്നു. ജോലി പോയ കാര്യമൊക്കെ അറിഞ്ഞപ്പോൾ ആതിരയെ ഗൾഫിൽ വരാൻ സഹായിക്കാമെന്നും ജോലിയും താമസവും കുഞ്ഞിനെ നോക്കാൻ ഒരു ആയയെയുമൊക്കെ ശരിപ്പെടുത്താൻ ഇരിക്കുമ്പോഴാണ് ഷൈനിക്ക് ആക്‌സിഡന്റ് ഉണ്ടാകുന്നത്. പിന്നെ നിങ്ങളിങ്ങോട്ട് വന്ന ശേഷം റാമിന്റെ അച്ഛനും അമ്മയും തുമ്പി മോളെ നോക്കുമെന്നും കുഞ്ഞിനെ നോക്കാൻ ആളെ വേണ്ടെന്നും റാം പറഞ്ഞിരുന്നു. ഇതൊന്നും തന്നോട് പറയരുതെന്നും സമയം പോലെ എപ്പഴെങ്കിലും നിങ്ങൾ തമ്മിൽ നേരിട്ട് കാണുമ്പോൾ ക്രിസ്റ്റി തന്നെ പറയാമെന്നും പറഞ്ഞത് കൊണ്ടാണ് ഞാനൊന്നും അറിയിക്കാതിരുന്നത്.

തന്നെ ദുബായ്ക്ക് വരാൻ ഹെല്പ് ചെയ്തത് ക്രിസ്റ്റിയാണ്. ആതിര DHA എക്സാം പാസ്സായപ്പോൾ മുതൽ തനിക്ക് വേണ്ടി ജോലി കണ്ട് പിടിക്കാനും ക്രിസ്റ്റി കുറേ സഹായിച്ചിരുന്നു." കാർത്തിക് പറഞ്ഞതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ നിൽക്കുകയാണ് ആതിര. "താനിങ്ങനെ കണ്ണ് മിഴിച്ചു നോക്കണ്ട ആതിരാ, സംഗതി സത്യമാണ്." ശ്രീറാം അവളുടെ അടുത്തേക്ക് വന്നു. "എന്നാലും ആരും ഒരു സൂചന പോലും തന്നില്ലല്ലോ." ആതിര പരിഭവിച്ചു. "ഞാനാ ആതിരാ ഇവരോട് ഇതൊന്നും പറയണ്ടെന്ന് പറഞ്ഞത്. അന്ന് അമ്മാമ്മ ഹോസ്പിറ്റലിലായ സമയം തന്റെ അവസ്ഥ ഞാൻ നേരിട്ട് കണ്ടതാണ്. തന്റെ അച്ഛനും അമ്മയ്ക്കും തന്നോടുള്ള മനോഭാവം കണ്ടപ്പോൾ സത്യത്തിൽ എനിക്ക് പേടി തോന്നിയിരുന്നു. ആതിരയ്ക്ക് ആകെയുള്ള ആശ്രയം അമ്മാമ്മയായിരുന്നു. ഞാൻ കാരണമാണ് അമ്മാമ്മ അന്ന് കിടപ്പിലായി പോയത്.

അതുപോലെ ആൽഫിയും താനും കണ്ടുമുട്ടിയോ, വീട്ടിലെ പ്രശ്നങ്ങൾ സോൾവായോ എന്നൊക്കെ അറിയാത്തതും എന്നെ ടെൻഷനാക്കിയിരുന്നു. അമ്മാമ്മ ഇങ്ങനെ കിടക്കുമ്പോൾ ആൽഫി കൂടി തനിക്കൊപ്പമില്ലെങ്കിൽ താൻ തനിച്ചായി പോകുമല്ലോ എന്നോർത്താണ് തന്നെ കുറിച്ച് ഒരു വിവരവും അറിയാതായപ്പോൾ ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നതിന് മുൻപ് ഞാൻ കർണാടകയിൽ വന്ന് താൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ അന്വേഷിച്ചത്. അന്ന് ആതിര, താൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ പേര് പറഞ്ഞത് കൊണ്ട് മാത്രമാണ് അവിടെ വന്ന് അന്ന് തന്നെ കുറിച്ച് അന്വേഷിക്കാൻ പറ്റിയത്. കാർത്തിക് സാറിനെ അവിടെ വച്ചാണ് ഞാൻ പരിചയപ്പെടുന്നത്. ആ സമയത്ത് തന്നെ പറ്റി കുറച്ച് സഹപ്രവർത്തകർ പറഞ്ഞുള്ള അറിവേ സാറിനും ഉണ്ടായിരുന്നുള്ളൂ." ക്രിസ്റ്റി അവളെയൊന്ന് നോക്കി. ആതിര ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേട്ടുകൊണ്ട് നിശബ്ദയായി നിൽക്കുകയാണ്.

"അന്ന് ലീവ് അധികമില്ലാത്തത് കൊണ്ട് എനിക്ക് പെട്ടെന്ന് തന്നെ തിരികെ വരേണ്ടി വന്നു. എങ്കിലും സാർ വഴി അവിടുത്തെ തന്റെ അവസ്ഥകൾ അറിഞ്ഞപ്പോൾ വിഷമം തോന്നിയിരുന്നു. അമ്മാമ്മ കിടപ്പിലായിട്ടില്ലായിരുന്നെങ്കിൽ ആ സമയത്ത് തനിക്കൊരു തുണയാകുമെന്ന് ഞാൻ വിചാരിക്കുമായിരുന്നു. നാട്ടിൽ ശിവേട്ടനോട് പോലും താനൊന്നും പറയാറില്ലെന്ന് ശിവേട്ടന്റെ സംസാരത്തിൽ നിന്നെനിക്ക് മനസ്സിലായിരുന്നു. പിന്നെ ഞാനായിട്ട് ഒന്നും ശിവേട്ടനെ അറിയിക്കാൻ പോയില്ല. ആതിരയുടെ കൂടെ വർക്ക്‌ ചെയ്യുന്ന രാജീവ്‌ ചേട്ടനും കാർത്തിക് സാറുമൊക്കെ സഹായിക്കാനുണ്ടെന്ന് അറിഞ്ഞപ്പോൾ ചെറിയൊരു സമാധാനമുണ്ടായിരുന്നു. പിന്നെ ജോലിക്ക് വേണ്ടിയും വിസ എടുക്കാനുമൊക്കെ ഞാൻ സഹായിച്ചത് സഹതാപം കൊണ്ടല്ല. അങ്ങനെ താൻ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് ഒന്നും അറിയിക്കാതിരുന്നത്." "കാർത്തിക്ക് സാറിനെങ്കിലും ഒരു സൂചന തരാമായിരുന്നു." വിഷമത്തോടെ അവൾ കാർത്തിക്കിനോട് പറഞ്ഞു. "ക്രിസ്റ്റി പറയട്ടെ എന്ന് കരുതിയാ ഞാൻ..."

കാർത്തിക് ഇരുവരെയും നോക്കി. "താനെന്റെ സഹായം നിരസിച്ചാലോ എന്ന് കരുതിയാണ് പറയാൻ മടിച്ചത് ആതിരാ. തന്റെ പ്രസവ സമയത്തൊക്കെ അമ്മാമ്മ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ആതിരയ്ക്ക് അന്ന് അത്രയൊന്നും ദുരിതങ്ങൾ അനുഭവിക്കേണ്ടി വരില്ലായിരുന്നു. തന്നെ ഇങ്ങോട്ട് കൊണ്ട് വരുന്നത് വരെ നാട്ടിൽ എന്തെങ്കിലും ജോലി ശരിയാക്കാമെന്ന് കാർത്തിക് സർ വാക്ക് തന്നിരുന്നു. അങ്ങനെയാണ് ശ്രീറാമിന്റെ വീട്ടിൽ തനിക്ക് ജോലി ശരിയായ വിവരം ഞാനറിയുന്നത്. പിന്നെ കാർത്തിക് സർ വഴി ശ്രീറാമിനെയും ഷൈനിയെയും പരിചയപ്പെട്ടു. ലീവ് കഴിഞ്ഞു അവരിങ്ങോട്ട് വന്നപ്പോൾ ഞാനിവരെ പോയി കണ്ട് തന്നെ ഇങ്ങോട്ട് കൊണ്ട് വരാനും ഒരു ജോലി ശരിയാക്കാൻ ഞാൻ ഹെല്പ് ചെയ്യാമെന്നും പറഞ്ഞു. താനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഞാനും ഒരു കാരണക്കാരനാണല്ലോയെന്ന് ചിന്ത കൊണ്ടാണ് ഞാനിതൊക്കെ ചെയ്തത്. അല്ലാതെ മറ്റൊരു ദുരുദ്ദേശവും എന്റെ മനസ്സിലില്ലാട്ടോ." ക്രിസ്റ്റി പറയുന്നതൊക്കെ കേട്ട് അവൾ മിണ്ടാതെ നിന്നു.

അവനോട് എന്ത് പറയണമെന്ന് അവൾക്കറിയില്ലായിരുന്നു. എങ്കിലും ആരോരുമില്ലാത്ത ആ അവസ്ഥയിൽ തന്നെ സഹായിക്കാൻ ക്രിസ്റ്റിക്ക് മനസ്സ് തോന്നിയതിൽ ആതിരയ്ക്ക് സന്തോഷം തോന്നി. "അന്ന് ക്രിസ്റ്റി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ശ്രീറാം സർ ഹോസ്പിറ്റലിൽ വന്നത് ക്രിസ്റ്റിയെ കാണാനായിരുന്നോ?" ആതിരയുടെ ചോദ്യം കേട്ട് റാം ഒന്ന് പുഞ്ചിരിച്ചു. "അതേടോ... ഞാനന്ന് ക്രിസ്റ്റി സൈറ്റിൽ നിന്ന് വീണ് പരിക്കേറ്റെന്ന് കേട്ട് കാണാൻ വന്നതായിരുന്നു. ഞങ്ങൾ തമ്മിൽ പരിചയമുള്ളത് ക്രിസ്റ്റി തന്നെ സാവകാശം തന്നെ അറിയിക്കാമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാനും പറയാതിരുന്നത്. ഷൈനി ഹോസ്പിറ്റലിലായ സമയത്ത് നിങ്ങൾ വരുന്നത് വരെ എനിക്ക് സഹായമായി നിന്നതും ക്രിസ്റ്റിയാണ്." ശ്രീറാം ക്രിസ്റ്റിയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. "ബാക്കി സംസാരം ഫുഡ് കഴിച്ചതിന് ശേഷമാകാം. എല്ലാരും അങ്ങോട്ട്‌ വന്നിരിക്ക്." ഷൈനി അവരെ വന്ന് വിളിച്ചു. സംസാരം മതിയാക്കി അവരെല്ലാവരും ഭക്ഷണം കഴിക്കാനായി ടേബിളിന് ചുറ്റുമിരുന്നപ്പോൾ ഷൈനിയും ആതിരയും കൂടി മൂവർക്കും വിളമ്പി കൊടുത്തു.

ഫങ്ക്ഷൻ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി തുടങ്ങിയിരുന്നു. ഏറ്റവും അവസാനമാണ് ക്രിസ്റ്റി യാത്ര പറഞ്ഞ് ഇറങ്ങിയത്. "ക്രിസ്റ്റീ..." അവനിറങ്ങാൻ തുടങ്ങുമ്പോ ആതിര വിളിച്ചു. "എന്താ ആതിരാ.." ചോദ്യ ഭാവത്തിൽ അവനവളെ നോക്കി. "താങ്ക്സ് ക്രിസ്റ്റി... ആരുമല്ലാതിരുന്നിട്ട് കൂടി സഹായിക്കാൻ കാണിച്ച ഈ മനസ്സിന് ഒത്തിരി നന്ദിയുണ്ട്." ആത്മാർത്ഥമായിട്ടാണ് അവളത് പറഞ്ഞത്. "ഞാനിറങ്ങട്ടെ... ഇനിയൊരിക്കൽ കാണാം." ആതിരയോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് അവൻ ഇറങ്ങി. ************* കാർത്തിക്കും ഹേമലതയും പിറ്റേ ആഴ്ച തിരിച്ചു പോയിരുന്നു. അവർ പോയി കുറച്ചുദിവസം കഴിഞ്ഞ് ലീവ് ശരിയായപ്പോൾ ക്രിസ്റ്റിയും നാട്ടിലേക്ക് പോയി. തുമ്പി മോളിപ്പോ കുറച്ചു വാക്കുകൾ സംസാരിക്കാനും പിച്ച വച്ച് നടക്കാനുമൊക്കെ തുടങ്ങിയിരുന്നു. ആതിര ഹോസ്പിറ്റലിൽ പോയി വരുന്നത് വരെ ശ്രീറാമിന്റെ ഫ്ലാറ്റിലായതിനാൽ റാമിന്റെ അച്ഛനോടും അമ്മയോടുമൊക്കെ തുമ്പി മോൾക്ക് വല്യ അടുപ്പമാണ്.

നൈറ്റ് ഡ്യൂട്ടിയൊക്കെയുള്ള സമയത്ത് മോൾ അവരുടെ കൂടെയാവും ഉറങ്ങുന്നതും. റാമും ഷൈനിയും കുഞ്ഞുങ്ങളില്ലാത്ത വിഷമം മാറുന്നത് തുമ്പി മോൾടെ കളിചിരികൾ കാണുമ്പോഴാണ്. തുമ്പി മോൾ ആതിരയെ അമ്മായെന്ന് വിളിക്കുമെങ്കിലും ഒപ്പം ശ്രീറാമിനെ അപ്പായെന്നും ഷൈനിയെ മമ്മയെന്നും വിളിക്കും. മോളങ്ങനെ കൊഞ്ചി വിളിച്ചു ചെല്ലുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് ആതിര കണ്ടിട്ടുണ്ട്. ദേവകിയും രാമകൃഷ്നും അവൾക്ക് അമ്മൂമ്മയും അപ്പുപ്പനുമാണ്. കുഞ്ഞിനെ അവരെല്ലാവരും അത്ര കണ്ട് സ്നേഹിക്കുന്നത് കൊണ്ടാണ് അവൾക്കവരോട് അത്രയും അടുപ്പമെന്ന് ആതിരയ്ക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തുമ്പി മോൾ അവരോട് കൂടുതൽ അടുപ്പം കാണിക്കുമ്പോൾ അവൾക്ക് വിഷമമൊന്നും തോന്നാറില്ല. ************ "ആതി മോള് എനിക്കയച്ചു തരുന്ന പൈസ എന്റെ ചിലവിനുള്ളതാണ്. ആ കാശിന് നിങ്ങളെ കൂടി തീറ്റിപ്പോറ്റാനുള്ള സാധനങ്ങൾ വാങ്ങാൻ എനിക്ക് പറ്റില്ല. ഇത്രേം ദിവസം മുരളിക്ക് വയ്യാത്തത് കൊണ്ടാണ് ഞാനൊന്നും പറയാതിരുന്നത്. ഡോക്ടർ പറഞ്ഞ റെസ്റ്റെടുക്കേണ്ട സമയം കഴിഞ്ഞല്ലോ. ഇനി വല്ല ജോലിക്കും പോയി വീട്ട്ചിലവ് നടത്താൻ പറയ്യ്."

ഭാർഗവി അമ്മ ഭാരതിയോടാണ് അത് പറഞ്ഞതെങ്കിലും അടുക്കളയിലേക്ക് വന്ന മുരളിയും അത് കേട്ടിരുന്നു. വീട്ട് സാധനങ്ങൾ വാങ്ങാൻ ഭാരതി, ഭാർഗവി അമ്മയോട് കുറച്ചു പൈസ ചോദിച്ചപ്പോഴാണ് അമ്മാമ്മ അങ്ങനെയൊരു മറുപടി പറഞ്ഞത്. ഭാരതിക്കാകെ നാണക്കേട് തോന്നി. "മുരളിയേട്ടന് എവിടെയെങ്കിലും ഇരുന്നുള്ള ജോലി മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്ന് അമ്മയ്ക്കറിയില്ലേ. ആകെയുണ്ടായിരുന്ന കട അഞ്ജു കൊണ്ടുപോയി വിറ്റ് തുലച്ചില്ലേ. ഇനിയങ്ങേര് എന്ത് ചെയ്യാനാ. അവളയക്കുന്ന പൈസയിൽ നിന്ന് കുറച്ചെടുത്തു ഇവിടെ ഞങ്ങൾക്ക് കൂടി ചിലവ് നടത്തിയെന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല. അവളെ പ്രസവിച്ചത് ഞാനല്ലേ." ഭാരതി, അമ്മയോട് തട്ടിക്കേറി. "വേണ്ട ഭാരതീ... അങ്ങനെയിപ്പോ അവളുടെ ചിലവിൽ ഉണ്ടുറങ്ങി കഴിയേണ്ട ഗതികേട് എനിക്കില്ല. ഞാനൊന്ന് വേലായുധൻ ചേട്ടനെ പോയി കണ്ട് കടയിൽ ജോലിക്ക് കയറിയാലോ എന്നാണ് ചിന്തിക്കുന്നത്. എനിക്കറിയുന്ന പണിയും ഈ അവസ്ഥയിൽ ചെയ്യാൻ പറ്റുന്നതും അത് മാത്രമല്ലേയുള്ളൂ."

മുരളി പറഞ്ഞത് കേട്ട് ഭാരതിക്ക് നല്ല വിഷമം തോന്നി. "വയ്യാത്ത നിങ്ങള് അടങ്ങി വീട്ടിലിക്ക്. എന്നിട്ട് ആരതിയെ പറഞ്ഞയക്ക് ജോലിക്ക്." "ഞാൻ പറഞ്ഞതാ... പക്ഷെ അവള് കേൾക്കണ്ടേ. നമുക്ക് പട്ടിണിയില്ലാതെ കഴിയണമെങ്കിൽ ഞാൻ പണിക്ക് പോയാലേ ഒക്കൂ. അതുകൊണ്ട് വീട്ടിലിരുന്നിട്ട് കാര്യമില്ല ഭാരതി. വല്ലവളുമാരുടെ ചിലവിൽ കഴിയേണ്ട ഗതികേട് എനിക്കില്ല." ഗർവ്വോടെ മുരളി പറഞ്ഞു.. "കുറച്ചുദിവസം ആതി മോള് അയച്ചു തന്ന പൈസ എടുത്താ നിനക്ക് മരുന്ന് വാങ്ങിയതും പലചരക്ക് സാധനങ്ങളൊക്കെ വാങ്ങിച്ചതും. അതൊന്നും നീയിവനോട് പറഞ്ഞിരുന്നില്ലേ ഭാരതി." തെല്ല് പരിഹാസ സ്വരത്തിൽ ഭാർഗവി അമ്മ അത് പറഞ്ഞപ്പോൾ ഒന്നും പറയാതെ ദേഷ്യത്തോടെ മുരളി അകത്തേക്ക് പോയി. "അമ്മയ്‌ക്കൊന്ന് മിണ്ടാതിരുന്നൂടെ. എന്തിനാ വയ്യാതിരിക്കുന്ന മനുഷ്യനോട്‌ അതുമിതും പറയാൻ പോകുന്നത്." ഭാരതി, അമ്മയോട് ദേഷ്യപ്പെട്ടു. "അവന്റെ അഹങ്കാരം പിടിച്ച സംസാരം കേട്ട് പറഞ്ഞു പോയതാ ഞാൻ."

മുരളി പോയ വഴിയേ നോക്കി അമ്മാമ്മ ഇരുന്നു. "ഭാരതീ... ഞാനിറങ്ങാ." അൽപ്പ സമയം കഴിഞ്ഞ് ഉമ്മറത്ത് നിന്ന് അയാളുടെ ശബ്ദം കേട്ട് ഭാരതി അങ്ങോട്ടേക്ക് ചെന്നു. "നിങ്ങളിതെങ്ങോട്ടാ പോണേ?" 'ഞാൻ വേലായുധൻ ചേട്ടനെ കണ്ട് വരാം. " അത്രയും പറഞ്ഞിട്ട് മുരളി ഇടവഴിയിലേക്കിറങ്ങി നടന്ന് മറഞ്ഞു. തന്റെ പഴയ കടയിരുന്ന സ്ഥലത്ത് പുതിയൊരു സൂപ്പർ മാർക്കറ്റിരിക്കുന്നത് തെല്ലൊരു വേദനയോടെയാണ് മുരളി നോക്കി കണ്ടത്. പൂമഠത്തെ വേലായുധനെ കണ്ട് സംസാരിച്ചപ്പോൾ മുരളിയോട് അന്ന് തന്നെ കാഷ്യറായി കയറിക്കോളാൻ അയാൾ പറഞ്ഞു. മാസം ശമ്പളത്തിൽ നിന്ന് മുരളി വേലായുധന് കൊടുക്കാനുള്ള തുക കുറച്ചു കുറച്ചായി പിടിച്ചതിനുശേഷം മിച്ചമുള്ള തുച്ഛമായ കാശ് മാത്രമേ ശമ്പളമായി കിട്ടുള്ളൂ എന്ന് വേലായുധൻ പറഞ്ഞത് മുരളി സമ്മതിച്ചു കൊടുത്തു.

അങ്ങനെ കട മുതലാളിയായി വിലസി നടന്നിരുന്ന മുരളിക്ക് അതേ കടയിൽ തന്നെ തൊഴിലാളിയായി ജോലിക്ക് നിക്കേണ്ട അവസ്ഥ വന്നു. പരാതിയൊന്നുമില്ലാതെ അയാൾ തന്റെ ജോലി ചെയ്തു വന്നു. കാരണം മുരളിക്ക് മുന്നിൽ അതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. ദിവസങ്ങൾ അതിവേഗം കടന്ന് പോയി. അഞ്ജു കോച്ചിംഗ് ക്ലാസ്സും നീറ്റ് എക്സാമിന്റെ തയ്യാറെടുപ്പുമൊക്കെയായി നല്ല തിരക്കിലായിരുന്നു. ആരതി സദാസമയവും മുറിയടച്ച് ഇരിപ്പായിരുന്നു. മറ്റ് നിവൃത്തിയില്ലാത്തതിനാൽ മുരളി പരാതിയേതും കൂടാതെ കടയിൽ ജോലിക്ക് പോക്ക് തുടർന്ന് വന്നു. ************ അന്ന് ആതിരയ്ക്ക് ഡ്യൂട്ടി ഓഫുള്ള ഡേ ആയിരുന്നു. രാവിലെ തന്നെ തുമ്പി മോളുമായി കളിച്ചു ചിരിച്ചിരിക്കുമ്പോഴാണ് ആതിരയുടെ ഫ്ലാറ്റിൽ അവളൊട്ടും പ്രതീക്ഷിക്കാത്തൊരഥിതി എത്തിച്ചേർന്നത്..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story