മറുതീരം തേടി: ഭാഗം 61

marutheeram thedi shiva

രചന: ശിവ എസ് നായർ

അന്ന് ആതിരയ്ക്ക് ഡ്യൂട്ടി ഓഫുള്ള ഡേ ആയിരുന്നു. രാവിലെ തന്നെ തുമ്പി മോളുമായി കളിച്ചു ചിരിച്ചിരിക്കുമ്പോഴാണ് ആതിരയുടെ ഫ്ലാറ്റിൽ അവളൊട്ടും പ്രതീക്ഷിക്കാത്തൊരഥിതി എത്തിച്ചേർന്നത്. ഡോർ ബെൽ കേട്ടാണ് അവള് ചെന്ന് വാതിൽ തുറന്നത്. തൊട്ട് മുന്നിൽ ക്രിസ്റ്റിക്കൊപ്പം നിൽക്കുന്ന ഭാർഗവി അമ്മയെ കണ്ട് ആതിരയുടെ മിഴികൾ അത്ഭുതം കൊണ്ട് വിടർന്നു. "അമ്മാമ്മേ... അമ്മാമ്മ ഇവിടെ...?" നടക്കുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ അമ്പരന്ന് നിൽക്കുന്ന അവളെ ഭാർഗവി അമ്മ ചേർത്ത് പിടിച്ചു. "എന്റെ മോളേ..." അവരുടെ മിഴികൾ നിറഞ്ഞൊഴുകി. വികാര വിക്ഷോഭത്താൽ ആതിരയും കരയുകയായിരുന്നു. "എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അമ്മാമ്മേ." അവളുടെ ഒച്ചയിടറി. "നീ ഒത്തിരി ക്ഷീണിച്ചു പോയി മോളെ." ഭാർഗവി അമ്മയുടെ വിരലുകൾ അവളെ തഴുകി. "അമ്മാമ്മയെ ഇത്ര വേഗം കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതേയില്ല." ഭാർഗവി അമ്മയുടെ കവിളിൽ സ്നേഹത്തോടെ ഉമ്മ വച്ചുകൊണ്ട് ആതിര പറഞ്ഞു.

ഇരുവരുടെയും സ്നേഹ പ്രകടനങ്ങൾ കണ്ട് കണ്ണ് നിറഞ്ഞ് നിൽക്കുകയാണ് ക്രിസ്റ്റി. "തുമ്പി മോളെവിടെ..." ഭാർഗവി അമ്മ ചോദിച്ചു. "അവള് അകത്തിരുന്ന് കളിക്കുവാ." അമ്മാമ്മയെയും ക്രിസ്റ്റിയെയും അവൾ അകത്തേക്ക് ക്ഷണിച്ചു. ലഗ്ഗേജ്സ് എടുത്ത് കൊണ്ട് ക്രിസ്റ്റി അവരുടെ പിന്നിലായി ഹാളിലേക്ക് പ്രവേശിച്ചു. നിലത്തിരുന്ന് ടോയ്‌സ് വച്ച് കളിക്കുകയായിരുന്ന തുമ്പി മോൾ ആഗതരെ കണ്ട് അത്ഭുതത്തോടെ നോക്കി. ഭാർഗവി അമ്മ അവളുടെ അടുത്തായി ചെന്നിരുന്നപ്പോൾ പരിചയക്കുറവ് കാരണം തുമ്പി മോൾ അമ്മാമ്മയുടെ അടുത്തേക്ക് പോകാതെ ആതിരയോട് ചേർന്നിരുന്നു. ക്രിസ്റ്റി വന്ന് വിളിച്ചപ്പോൾ അവനെ പരിചയമുള്ളത് കൊണ്ട് മോള് വേഗം അവന്റെ അടുത്തേക്ക് പോയി. അത് കണ്ടപ്പോൾ ഭാർഗവി അമ്മയ്ക്ക് ചെറിയൊരു വിഷമം തോന്നി. "അമ്മാമ്മ വിഷമിക്കണ്ട... അവൾക്ക് പരിചയമായിക്കഴിഞ്ഞാൽ പിന്നെ നല്ല കൂട്ടാണ്.

ക്രിസ്റ്റിയെ അറിയാവുന്നത് കൊണ്ടാണ് മോള് പെട്ടെന്ന് പോയത്. അമ്മാമ്മ ഇനി ഇവിടെ ഉണ്ടല്ലോ... അതുകൊണ്ട് തുമ്പി മോള് വേഗം ഇണങ്ങും." ആതിര അവരെ ആശ്വസിപ്പിച്ചു. "നിനക്കിന്ന് ആശുപത്രിയിൽ പോവാനില്ലായിരുന്നോ മോളെ." "ഇല്ല അമ്മാമ്മേ... ഇന്ന് ലീവാണ്. കുറച്ചു ദിവസം മുൻപ് ഞാൻ വിളിച്ചപ്പോ അമ്മാമ്മയ്ക്ക് ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞൂടായിരുന്നോ." പരിഭവം കലർന്ന സ്വരത്തിൽ അവളത് ചോദിക്കുമ്പോൾ മറുപടി പറഞ്ഞത് ക്രിസ്റ്റിയാണ്. "അമ്മാമ്മ ഇക്കാര്യത്തിൽ നിരപരാധിയാണ് ആതിരാ. ഞാൻ നാട്ടിൽ ലീവിന് പോയ ശേഷം അമ്മാമ്മയെ കാണാൻ പോയിരുന്നു. എന്റെ കൂടെ പോരുന്നോ എന്ന് ചോദിച്ചപ്പോ അമ്മാമ്മ വരാമെന്ന് സമ്മതിച്ചു. അങ്ങനെ പെട്ടെന്ന് കൂടെകൂട്ടിയതാണ്. അമ്മാമ്മ കൂടെ വരാൻ തയ്യാറാണെങ്കിൽ ഇങ്ങോട്ട് കൊണ്ട് പോരാൻ കണക്കിനാണ് ഞാൻ നാട്ടിലേക്ക് പോയതും. പിന്നെ പാസ്പോർട്ട്‌ ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് വിസയൊക്കെ വേഗം ശരിയാക്കി. രണ്ട് ദിവസം മുൻപാണ് എല്ലാം റെഡിയായി ഫ്ലൈറ്റ് ടിക്കറ്റ് എടുത്തത്.

അതുകൊണ്ടാ തന്നോട് പറയാൻ അമ്മാമ്മയ്ക്ക് പറ്റാതിരുന്നത്. പിന്നെ നാട്ടിൽ വച്ച് റാം വിളിക്കുമ്പോൾ ഞാൻ ചെറിയൊരു സൂചന തനിക്ക് തരാൻ പറഞ്ഞതാണ്. റാം പറഞ്ഞിട്ടില്ലെന്ന് കുറച്ചു മുൻപ് തന്റെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി." "ശ്രീറാം സർ എന്നോട് പറഞ്ഞിരുന്നില്ല ക്രിസ്റ്റി." "തനിക്കൊരു സർപ്രൈസ് ആവട്ടെയെന്ന് കരുതിയാവും പറയാതിരുന്നത്." "നിന്നെയും മോളെയും കാണാതിരിക്കാൻ പറ്റുന്നില്ലായിരുന്നു മോളെ. അതാ ക്രിസ്റ്റി വിളിച്ചപ്പോ ഞാൻ കൂടെ പോന്നത്." ആതിരയുടെ കരങ്ങൾ കവർന്നുകൊണ്ട് അമ്മാമ്മ പറഞ്ഞു. "എനിക്ക് രണ്ട് വർഷം കഴിഞ്ഞാലേ ലീവ് കിട്ടുള്ളൂ. അതുകൊണ്ട് അമ്മാമ്മയെ എങ്ങനെയാ ഇങ്ങോട്ട് കൊണ്ട് വരുന്നതെന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടാതിരിക്കുവായിരുന്നു ഞാൻ. എന്തായാലും അമ്മാമ്മയെ കൊണ്ട് വന്നതിന് താങ്ക്സ് ക്രിസ്റ്റി..." നന്ദിയോടെ അവളവനെ നോക്കി. "എനിക്ക് പോയിട്ട് കുറച്ച് അത്യാവശ്യമുണ്ടായിരുന്നു ആതിര. ഞാനിറങ്ങട്ടെ." അവരുടെ സ്വകാര്യതയിൽ ഒരു ശല്യമായി മാറണ്ടെന്ന് കരുതി തുമ്പി മോളെ ആതിരയെ ഏൽപ്പിച്ച് അവൻ പോകാനായി എഴുന്നേറ്റു.

"ഫുഡ് കഴിച്ചിട്ട് പോവാം ക്രിസ്റ്റി.. യാത്ര കഴിഞ്ഞു വന്നതല്ലേ." ആതിര പറഞ്ഞു. "വേണ്ട ആതിര... ഫുഡ് ഫ്‌ളൈറ്റിൽ നിന്ന് കഴിച്ചതാ. ഞാൻ വേറൊരു ദിവസം വരാം. ഇപ്പോൾ ഞാനിറങ്ങുവാ." "ഒരു ഗ്ലാസ്‌ ചായയെങ്കിലും കുടിച്ചിട്ട് പോ മോനെ." അമ്മാമ്മയും അവനെ നിർബന്ധിച്ചു. "വേണ്ട അമ്മാമ്മേ... പോയിട്ട് കുറച്ചു തിരക്കുണ്ട്. ഞാൻ പിന്നൊരിക്കൽ ഇങ്ങോട്ടിറങ്ങാം." ഇരുവരോടും യാത്ര പറഞ്ഞ് തന്റെ ട്രോളി ബാഗുമായി ക്രിസ്റ്റി, ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ട്രോളി ബാഗും വലിച്ചുകൊണ്ട് അവൻ ലിഫ്റ്റിന് നേർക്ക് നടക്കുമ്പോഴാണ് ശ്രീറാം അവന് എതിരായി നടന്ന് വരുന്നത് ക്രിസ്റ്റി കണ്ടത്. "ഏയ്‌ ക്രിസ്റ്റി എപ്പോ എത്തി?" "കുറച്ചുമുൻപ് എത്തിയതേയുള്ളു റാം. നേരെയിങ്ങോട്ടാ ആദ്യം വന്നത്. ആതിരേടെ അമ്മാമ്മയെ കൊണ്ട് വിട്ട ശേഷം തിരിച്ചു പോവാനിറങ്ങിയതാ ഞാൻ."

"അമ്മാമ്മയെ കണ്ട് ആതിര ഞെട്ടിയോ?" "പിന്നെ ഞെട്ടാതെ...റാമിന് ചെറിയൊരു സൂചനയെങ്കിലും കൊടുക്കാമായിരുന്നു." "ഒരു സർപ്രൈസ് ആവട്ടെയെന്ന് വിചാരിച്ചിട്ടാ പറയാതിരുന്നത്." "എന്തായാലും ആതിരയ്ക്ക് നല്ല സന്തോഷമായിട്ടുണ്ട്. അവരുടെ പ്രൈവസിയിൽ ഒരു കരടാവണ്ടെന്ന് കരുതിയാ ഞാൻ പെട്ടെന്ന് തന്നെ ഇറങ്ങിയത്." "ക്രിസ്റ്റിക്ക് ആതിരയെ ഇഷ്ടമാണോ? അതുകൊണ്ടാണോ അവൾക്ക് വേണ്ടി വിസ ശരിയാക്കിയതും, ഇവിടെ ജോലി കണ്ടെത്താൻ സഹായിച്ചതും ഇപ്പൊ അവളുടെ അമ്മാമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നതും?" റാമിന്റെ ചോദ്യം കേട്ട് അവനൊന്ന് പുഞ്ചിരിച്ചു. "ഇഷ്ട്ടുമുണ്ടോന്ന് ചോദിച്ചാൽ ഇഷ്ടമുണ്ട്. അത് പക്ഷേ മറ്റൊരു തരത്തിലുള്ള ഇഷ്ടമല്ല റാം. ആരുമില്ലാതെ ഒറ്റപെട്ടുപോയൊരു പെണ്ണിനോട് തോന്നിയ അലിവും ദയയുമൊക്കയാണ്. ഒറ്റയ്ക്ക് ദുരിതക്കടൽ നീന്തിക്കയറിയ പെണ്ണല്ലേ അവൾ. അതിന്റെ ഒരു ബഹുമാനം എനിക്ക് ആതിരയോടുണ്ട്. അവളെന്നും എന്നും ഹാപ്പിയായി ഇരിക്കുന്നത് കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു."

"ഇങ്ങനെയൊക്കെ ചിന്തിക്കണമെങ്കിൽ ക്രിസ്റ്റിക്ക് ആതിരയോട് സ്നേഹമായിരിക്കുമല്ലോ. അങ്ങനെയൊന്നുമില്ലെന്ന് വെറുതെ കള്ളം പറയണ്ട ക്രിസ്റ്റീ." "സത്യമായിട്ടും അല്ല റാം. അവളനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഞാനും ഒരു കാരണക്കാരനാണല്ലോ എന്ന കുറ്റബോധമാണ് എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത്. ഇത്രയും നാൾ ആ ഒരു കുറ്റബോധം എന്റെ മനസ്സിലുണ്ടായിരുന്നു. അമ്മാമ്മയെ ഇവിടെ എത്തിച്ചപ്പോഴാണ് എനിക്ക് സമാധാനമായത്. അന്ന് എന്റെ വണ്ടിയിടിച്ച് അമ്മാമ്മ ഹോസ്പിറ്റലിലാകുമ്പോഴാണ് ആതിരയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് രണ്ടാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിൽ ഞാനവളുമായി നല്ലൊരു സൗഹൃദത്തിൽ എത്തിയിരുന്നു. അന്നത്തെ ആതിരയുടെ സംസാരത്തിൽ നിന്ന് അമ്മാമ്മ അവൾക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ഞാൻ അറിയുകയായിരുന്നു. പിന്നീട് ഡിസ്ചാർജ് ആകുന്ന ദിവസം ആതിര തലച്ചുറ്റി വീഴുകയും അവൾ മൂന്നുമാസം ഗർഭിണിയാണെന്ന് അറിയുകയുമൊക്കെ ചെയ്തപ്പോൾ സത്യത്തിൽ മനസ്സിലൊരു പേടി തോന്നിയിരുന്നു.

അവളിൽ നിന്ന് ആൽഫിയെ കുറിച്ച് അറിഞ്ഞപ്പോൾ ആതിര സേഫ് ആയി അവന്റെ അടുത്തെത്തിയോ എന്നൊക്കെ അറിയാതെ സമാധാനം കിട്ടിയില്ല. കാരണം സത്യങ്ങൾ അറിയുന്ന അമ്മാമ്മ ആ അവസ്ഥയിൽ കിടക്കുമ്പോ ആതിര ആ സിറ്റുവേഷൻ എങ്ങനെ ഓവർകം ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു. ശിവേട്ടനിൽ നിന്ന് ആതിര കർണാടകയ്ക്ക് പോയെന്ന് അറിഞ്ഞപ്പോൾ ഗൾഫിലേക്ക് തിരിച്ചു പോകുന്നതിന് മുൻപ് അവൾ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ പോയി കാണാമെന്ന് വിചാരിച്ച് പോയപ്പോഴാണ് ആൽഫി കൂടെയില്ലാതെ ആതിര ഒറ്റയ്ക്കാണ് കഴിയുന്നതെന്ന് മനസ്സിലായത്. അന്ന് കാർത്തിക് സാറിനോട് അവളെ ശ്രദ്ധിക്കണം എന്ന് പറഞ്ഞപ്പോ ആൽഫി മടങ്ങി വന്നില്ലെങ്കിൽ അവൾക്ക് വേണ്ട സഹായങ്ങൾ കാർത്തിക് സർ ചെയ്ത് കൊടുക്കാമെന്ന് ഉറപ്പ് തന്നു. ആതിരയുടെ അമ്മാമ്മ ഒരു വർഷത്തോളം വയ്യാതെ കിടന്നതിന് കാരണം ഞാനല്ലേ. അന്നങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ആൽഫി ഉപേക്ഷിച്ചു പോയപ്പോൾ അവൾക്ക് കൂട്ടായി അമ്മാമ്മ ഉണ്ടാവില്ലായിരുന്നോ.

ആ സമയത്ത് ഞാൻ ഇവിടെയായി പോയത് കൊണ്ട് അവൾക്കൊരു സഹായമെത്തിക്കാൻ എനിക്ക് കഴിയുമായിരുന്നില്ലല്ലോ. കാർത്തിക് സാറും റാമിന്റെ ഫാമിലിയും അവളെ അന്നത്തെ അവസ്ഥയിൽ ചേർത്ത് പിടിച്ചത് കൊണ്ടല്ലേ ആതിര ഇന്നിവിടെ എത്തിയത് പോലും. നിങ്ങളൊക്കെ സഹായിച്ചത് കൊണ്ടാണ് എന്റെ സഹായങ്ങളും അവളിലേക്കെത്തിക്കാൻ പറ്റിയത്. ആതിരയ്ക്ക് നല്ലൊരു ജോലി വാങ്ങിച്ചു കൊടുക്കണമെന്നും അവളുടെ അമ്മാമ്മയെ പഴയപോലെ ആരോഗ്യവതിയാക്കി ആതിരയുടെ അടുത്തെത്തിക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്. അതേതായാലും നടന്നു. ഇനിയിപ്പോ അവൾക്ക് കഷ്ടപ്പാട് ഒന്നുമില്ലാതെ അമ്മാമ്മയുടെ കൂടെ സന്തോഷത്തോടെ കഴിയാമല്ലോ. ആതിരയോട് എനിക്ക് തോന്നിയ അടുപ്പം പ്രണയമാണെന്ന് റാമിന് തെറ്റിദ്ധാരണ ഉള്ളതുപോലെ ആതിരയ്ക്കും ഉണ്ടെന്ന് തോന്നുന്നു. അങ്ങനെയൊരു ഉദ്ദേശം എന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ലെന്ന് റാം അവളോട് പറയണം. എന്റെ അച്ഛൻ, രണ്ട് മക്കളെ സമ്മാനിച്ച് അമ്മയെ തനിച്ചാക്കി പോയപ്പോൾ ഞങ്ങളെ പഠിപ്പിച്ചു ഒരു കരയ്ക്കെത്തിക്കാൻ അമ്മ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് പേരുടെ സഹായം കൊണ്ടാണ് ഞാൻ പഠിച്ചത് പോലും.

ആതിരയിൽ ഞാൻ കണ്ടത് എന്റെ അമ്മയെയാണ്." കർച്ചീഫ് കൊണ്ട് മിഴികളിൽ പൊടിഞ്ഞ കണ്ണീരൊപ്പി ക്രിസ്റ്റി പറഞ്ഞു. "സോറി ക്രിസ്റ്റി... ഞാൻ വിചാരിച്ചു നിനക്കവളോടുള്ള ഇഷ്ടം കൊണ്ടാവും ഇതെല്ലാം ചെയ്യുന്നതെന്ന്." "സാരമില്ല... നിന്ന് നേരം കളയുന്നില്ല ഞാനിറങ്ങുവാ റാം." ലിഫ്റ്റിൽ കയറി ക്രിസ്റ്റി പോകുന്നത് നോക്കി നിന്ന ശേഷം ശ്രീറാം ആതിരയുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു. ശ്രീറാം അവിടെ എത്തുമ്പോൾ ദേവകിയോടും രാമകൃഷ്ണനോടുമൊക്കെ സംസാരിച്ചിരിക്കുകയായിരുന്നു ഭാർഗവി അമ്മ. ഷൈനിയും ആതിരയും കിച്ചണിൽ ചായയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. തുമ്പി മോൾ ദേവകിയുടെ മടിയിലായിരുന്നു. ഡോർ തുറന്ന് ശ്രീറാം അകത്തേക്ക് കയറി വരുന്നത് കണ്ടപ്പോൾ അപ്പാ എന്ന് വിളിച്ചുകൊണ്ട് തുമ്പി മോൾ അവന്റെ അടുത്തേക്ക് ഓടിപ്പോയി. റാം അവളെ തന്റെ കൈകളിൽ കോരിയെടുത്ത് മുഖം മുഴുവനും ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. "ഇതാണ് എന്റെ മോൻ ശ്രീറാം.." ദേവകി അവനെ ഭാർഗവി അമ്മയ്ക്ക് പരിചയപ്പെടുത്തി.

"മോനോട് മോള് വല്യ കൂട്ടാണല്ലോ." അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ട് ഭാർഗവി അമ്മ പറഞ്ഞു. "പരിചയമായാൽ തുമ്പി മോൾ എല്ലാവരോടും ഇങ്ങനെയാ. അമ്മ വിഷമിക്കണ്ട, അമ്മയോട് ഇണങ്ങി കഴിഞ്ഞാൽ പിന്നെ മോള് അടുത്തൂന്ന് മാറില്ല." ദേവകി അവരെ സമാധാനിപ്പിച്ചു. അതേസമയം എല്ലാവർക്കുമുള്ള ചായയും പലഹാരങ്ങളുമായി ഷൈനിയും ആതിരയും അങ്ങോട്ടേക്ക് വന്നു. കുറച്ചുസമയം അവർക്കൊപ്പം ചിലവഴിച്ചിട്ട് റാമും ഫാമിലിയും അവരുടെ ഫ്ലാറ്റിലേക്ക് പോവാനായി എഴുന്നേറ്റപ്പോൾ തുമ്പി മോളും അവർക്കൊപ്പം അപ്പുറത്തേക്ക് പോയി. അവൾ ഉറങ്ങിയ ശേഷം തിരിച്ചുകൊണ്ട് വരാമെന്ന് പറഞ്ഞു മോളെ എടുത്ത് ദേവകി അപ്പുറത്തേക്ക് പോയി. എല്ലാവരും പോയി കഴിഞ്ഞപ്പോൾ ആതിരയും ഭാർഗവി അമ്മയും അവിടെ തനിച്ചായി. അത്രയും സമയം ആൽഫിയെ കുറിച്ചൊന്നും അമ്മാമ്മയ്ക്ക് അവളോട് ചോദിക്കാൻ പറ്റിയില്ലായിരുന്നു. അവനെക്കുറിച്ച് എന്തെങ്കിലും അമ്മാമ്മ ചോദിച്ചാൽ തനിക്ക് മുഖത്ത് നോക്കി കള്ളം പറയാനാവില്ലെന്നും സത്യം പറയേണ്ടി വരുമല്ലോ എന്നോർത്തും ആതിരയ്ക്ക് നല്ല ടെൻഷനുണ്ടായിരുന്നു.

എല്ലാമറിഞ്ഞു കഴിയുമ്പോൾ അമ്മാമ്മയ്ക്ക് ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയായിരുന്നു അവളിൽ. ഇത്രയും നാൾ ഫോണിലൂടെയുള്ള സംസാരമായോണ്ട് ആൽഫിയെ കുറിച്ചുള്ള സത്യങ്ങൾ അവരോട് പറയേണ്ടി വന്നിട്ടില്ലായിരുന്നു. പക്ഷേ ഇനിയത് നടക്കില്ലെന്ന് ആതിരയ്ക്കറിയാം. മനസ്സ് കൊണ്ട് അമ്മാമ്മയോട് എല്ലാം പറയാൻ തയ്യാറെടുക്കുകയായിരുന്നു അവൾ. എന്നായാലും അമ്മാമ്മ ഇതൊക്കെ അറിയാനുള്ളതായത് കൊണ്ട് ഇനിയും പറയാതിരിക്കുന്നതിൽ അർത്ഥമില്ല. "മോളേ... ആൽഫി എപ്പഴാ മോളെ വിളിക്കുന്നത്. ഞാനവനോട് സംസാരിച്ചിട്ട് കുറെയായില്ലേ. അവൻ നിന്നെ ദിവസവും വിളിക്കോ?" ആൽഫിയുടെ കാര്യം ഓർമ്മ വന്നപ്പോൾ ഭാർഗവി അമ്മ ചോദിച്ചു. അമ്മാമ്മയോട് എല്ലാം പറയാൻ സമയമായെന്ന് ആതിരയ്ക്ക് തോന്നി. "എനിക്ക് അമ്മാമ്മയോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.

ഇനി ഞാൻ പറയാൻ പോകുന്നത് കേട്ടിട്ട് അമ്മാമ്മ വിഷമിക്കരുത്. ഫോണിലൂടെ പറഞ്ഞു വിഷമിപ്പിക്കണ്ടെന്ന് കരുതിയാണ് ഇത്രനാളും ഞാനൊന്നും പറയാതിരുന്നത്." "എന്താ മോളെ??" ആകുലതയോടെ ഭാർഗവി അമ്മ അവളെ ഉറ്റുനോക്കി. "ആൽഫി ഇപ്പൊ എന്റെ കൂടെയില്ല അമ്മാമ്മേ." അതുവരെ നടന്ന സംഭവങ്ങൾ ഒന്നൊന്നായി ആതിര അമ്മാമ്മയോട് പറഞ്ഞു. ഉള്ളുരുക്കത്തോടെയാണ് അവൾ പറഞ്ഞതൊക്കെ ഭാർഗവി അമ്മ കേട്ടിരുന്നത്. താൻ വിശ്വസിച്ചു കൈപിടിച്ച് ഏൽപ്പിച്ചവൻ തന്നെ ആ വിശ്വാസം തെറ്റിച്ചറിഞ്ഞപ്പോൾ അവർക്കത് സഹിക്കാനായില്ല. എടുത്തുചാടിയുള്ള തന്റെ തീരുമാനം തെറ്റായിരുന്നെന്ന് വളരെ വൈകിയാണെങ്കിലും ഭാർഗവി അമ്മ തിരിച്ചറിയുകയായിരുന്നു...... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story