മറുതീരം തേടി: ഭാഗം 62

marutheeram thedi shiva

രചന: ശിവ എസ് നായർ

 "നിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി ഞാൻ ചെയ്തത് തെറ്റായി പോയല്ലോ മോളെ. അതുകാരണം എന്റെ കുട്ടി എന്തൊക്കെ സഹിക്കേണ്ടി വന്നു. ഇതൊന്നും ഞാൻ അറിയാതെ പോയല്ലോ. മോള് അമ്മാമ്മയോട് ക്ഷമിക്ക്." ആതിരയെ ചേർത്ത് പിടിച്ച് ഭാർഗവിയമ്മ വിങ്ങിപ്പൊട്ടി. "ഇനി അതൊന്നും ഓർത്ത് അമ്മാമ്മ വിഷമിക്കണ്ട. ആൽഫിയുമായുള്ള കല്യാണം തെറ്റായ ഒരു തീരുമാനമായിപ്പോയി, ശരിയാണ്. പക്ഷേ കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞിരുന്നിട്ട് ഇനി കാര്യമില്ലല്ലോ. എല്ലാം കഴിഞ്ഞില്ലേ. ഞാൻ അനുഭവിക്കാനുള്ളതൊക്കെ അനുഭവിക്കുകയും ചെയ്തു. അതുകൊണ്ട് പഴയ കാര്യങ്ങളോർത്ത് അമ്മാമ്മ സങ്കടപ്പെടാൻ നിക്കണ്ട. ഞാനിപ്പോ അതൊക്കെ മറന്ന് കുഞ്ഞിന്റെ കൂടെ സന്തോഷമായിട്ട് ഇരിക്കുവല്ലേ. കുറച്ചു കഷ്ടപ്പെടേണ്ടി വന്നുവെങ്കിലും മറ്റുള്ളവരുടെ നല്ല മനസ്സ് കൊണ്ട് ഞാനും എന്റെ മോളും തെരുവിലായില്ലല്ലോ." അവളുടെ സമാധാന വാക്കുകളൊന്നും അവരുടെ വിഷമം മാറ്റാൻ പോന്നതായിരുന്നില്ല. "എന്നെങ്കിലും ആൽഫിയെ എന്റെ കൈയ്യിൽ കിട്ടും മോളെ. എന്റെ ദേഷ്യം തീരുന്നത് എനിക്കവനെ തല്ലണം. എന്റെ കുഞ്ഞിനെ വിശ്വസിച്ചു ഏൽപ്പിച്ചിട്ട് എന്തിനാ പകുതിക്ക് വച്ച് ഉപേക്ഷിച്ചു പോയതെന്നും എനിക്കറിയണം.

നിന്നെപ്പോലെയാ ഞാൻ അവനെയും കണ്ടത്. എന്നിട്ട് ഗർഭിണിയായ പെണ്ണിനെ അന്യ നാട്ടിൽ ഉപേക്ഷിച്ചു കടന്ന് കളഞ്ഞില്ലേ അവൻ. ആരോരും തുണയി ല്ലാതെ നീ കിടന്ന് കഷ്ടപ്പെട്ടതൊന്നും അവന് അറിയേണ്ടി വന്നില്ലല്ലോ." അമർഷത്തോടെ ഭാർഗവിയമ്മ പറഞ്ഞു. "എന്നെങ്കിലും അവൻ വരും അമ്മാമ്മേ. അതെനിക്ക് ഉറപ്പാണ്. എന്നേം കുഞ്ഞിനേം ഉപേക്ഷിച്ചു പോകാൻ മാത്രം എന്തായിരുന്നു അവന്റെ സാഹചര്യമെന്ന് എനിക്കറിയണം. പക്ഷേ എന്ത് കാരണം കൊണ്ടാണെങ്കിലും ആൽഫിയോട് ഞാനൊരിക്കലും ക്ഷമിക്കില്ല. ക്ഷമിക്കാൻ എനിക്കാവില്ല. അവനിൽ എനിക്കുണ്ടായിരുന്ന വിശ്വാസമാണ് അവനില്ലാതാക്കിയത്." ആതിരയുടെ സ്വരത്തിന് വല്ലാത്തൊരുറപ്പുണ്ടായിരുന്നു. "ഒരിക്കലും ക്ഷമിക്കരുത് മോളെ. ജീവിക്കാൻ ഒരു ആൺ തുണ ആവശ്യമില്ലെന്ന് ഇപ്പൊഴാ ഞാൻ മനസിലാക്കിയത്." "അമ്മാമ്മയോട് ഇതൊക്കെ എങ്ങനെ പറയുമെന്ന് ആലോചിച്ചു ഞാനാകെ വിഷമിച്ചിരിക്കുകയായിരുന്നു. ഇപ്പൊ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ മനസ്സിന് നല്ല ആശ്വാസം തോന്നുന്നുണ്ട്."

"നിന്നെയിങ്ങനെ നേരിട്ട് കാണുന്നതിന് മുൻപേ ഞാനിത് അറിഞ്ഞിരുന്നെങ്കിൽ നെഞ്ച് പൊട്ടി മരിച്ചു പോയേനെ മോളെ. ഇവിടെ നീയും മോളും സുഖത്തോടെ സന്തോഷത്തോടെ കഴിയുന്നത് കണ്ടത് കൊണ്ട് മാത്രമാണ് എനിക്കിതൊക്കെ കേട്ടിരിക്കാൻ കഴിയുന്നത്. നിന്റെ പ്രസവ സമയത്ത് കൂടെ നിന്ന് നിന്നേം മോളേം പൊന്നുപോലെ നോക്കണമെന്നൊക്കെ ഞാൻ കുറേ ആഗ്രഹിച്ചതായിരുന്നു. പക്ഷേ ഒന്നും നടന്നില്ല. അന്നേരത്ത് ആൽഫിയെങ്കിലും മോളുടെ കൂടെ ഉണ്ടല്ലോയെന്നോർത്ത് സമാധാനപ്പെട്ടാ ഞാനാ വീട്ടിൽ കഴിച്ച് കൂട്ടിയത്. എന്നാലും മോളെ... നീയെങ്ങനെയാ ഒറ്റയ്ക്ക് ഒരു കൈകുഞ്ഞിനെയും കൊണ്ട് ആ ദിവസങ്ങളിൽ അവിടെ ജീവിച്ചത്. അതൊക്കെ ഓർക്കുമ്പോ തന്നെ എന്റെ നെഞ്ച് വേദനിക്കുന്നു." ഭാർഗവിയമ്മയ്ക്ക് ശബ്ദമിടറി. "അന്ന് എങ്ങനെയൊക്കെയോ അങ്ങ് കഴിഞ്ഞുകൂടി അമ്മാമ്മേ. ആ സാഹചര്യങ്ങൾ എങ്ങനെ തരണം ചെയ്‌തെന്ന് എനിക്ക് പോലും അറിയില്ല. ഓർക്കുമ്പോ ഇപ്പോഴും ഉള്ളിലൊരു വിറയൽ തോന്നും." പഴയ ഓർമ്മകളിൽ ആതിരയൊന്ന് നടുങ്ങി.

കുഞ്ഞിനേയും കൊണ്ട് റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയ രാത്രി അവളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തന്നെയുണ്ട്. "ഈശ്വരൻ തുണയുണ്ട് നിനക്ക്. അതുകൊണ്ട് മാത്രമാ ഈ കഷ്ടപ്പാടൊക്കെ മോള് അതിജീവിച്ചത്." കണ്ണീരൊപ്പി അമ്മാമ്മ അത് പറയുമ്പോൾ നനവാർന്നൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നു. ************ ദിവസങ്ങൾ കഴിഞ്ഞുപോയി. ദുബായിൽ, ആതിരയ്ക്കും തുമ്പി മോൾക്കുമൊപ്പം ഭാർഗവിയമ്മ സന്തോഷവതിയായി ജീവിക്കുകയാണ്. അമ്മാമ്മ ഒപ്പമുള്ളതുകൊണ്ട് ആതിരയുമിപ്പോ സന്തോഷത്തിലാണ്. ദിവസേന കണ്ടും അടുത്ത് ഇടപഴകിയും തുമ്പിമോൾ അമ്മാമ്മയുമായി അടുത്തു. മൂവരും നഷ്ടപ്പെട്ട സന്തോഷ നിമിഷങ്ങൾ തിരിച്ചു പിടിക്കുമ്പോൾ നാട്ടിൽ മുരളിയുടെയും കുടുംബത്തിന്റെയും അവസ്ഥ വളരെ ദയനീയമായിരുന്നു. "ആരതീ... മോളോട് അച്ഛനൊരു കാര്യം പറയാനുണ്ട്." രാത്രി അത്താഴ വേളയിൽ ഒരുമിച്ചിരിക്കുമ്പോഴാണ് മുരളി അത് പറഞ്ഞത്. "എന്താ അച്ഛാ..?"

വലിയ താല്പര്യമില്ലാത്ത മട്ടിൽ അവൾ ചോദിച്ചു. "എനിക്ക് കടയിൽ നിന്ന് കിട്ടുന്നത് വളരെ തുച്ഛമായ പൈസയാണ്. അതുകൊണ്ട് മൂന്നുപേരുടെ വയറ് നിറയ്ക്കാനും എന്റെ മരുന്നിനും തികയില്ല. അതിന്റെ കൂടെ നീ പണയം വച്ച സ്വർണ്ണത്തിന്റെ പലിശ കൂടി അടയ്ക്കാൻ എനിക്ക് കിട്ടുന്ന പൈസ മതിയാവില്ല. മാസം മാസം ആശുപത്രിയിൽ പോവാനും ചെക്കപ്പ് നടത്താനും കാശ് വേണം. എല്ലാം കൂടി ഇനിയും എനിക്ക് ചുമക്കാൻ കഴിയില്ല." "അച്ഛനെന്താ പറഞ്ഞു വരുന്നത്?" ആരതി ചോദ്യ ഭാവത്തിൽ അയാളെ നോക്കി. "പറഞ്ഞു വന്നത് വേറൊന്നുമല്ല. നീയിങ്ങനെ മുറിയിൽ കയറി കതകടച്ചിരിക്കാതെ എന്തെങ്കിലും പണിക്ക് പോണം. നീ പണയം വച്ച സ്വർണ്ണം നീ തന്നെ തിരിച്ചെടുക്ക്. പിന്നെ മാസം കുറച്ചു രൂപ എനിക്ക് കൊണ്ട് താ. നിന്റെ കല്യാണത്തിന് കടം മേടിച്ച വകയിൽ വേലായുധൻ ചേട്ടന് കൊടുത്ത് തീർക്കാൻ ലക്ഷങ്ങൾ ബാക്കിയുണ്ട്. എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ല." "ആ സ്വർണ്ണം പണയം വച്ചത് അച്ഛന് വേണ്ടിയാ. അത് എടുക്കാനുള്ളത് അച്ഛൻ തന്നെയാ. പിന്നെ അച്ഛൻ വരുത്തി വച്ച കടം ഞാനെന്തിന് വീട്ടണം. അച്ഛൻ ജോലിക്ക് പോകുന്നില്ലേ. പകുതി ശമ്പളം അവര് പിടിക്കുന്നുമുണ്ടല്ലോ. വീട്ടിലെ കാര്യങ്ങളും കുഴപ്പമില്ലാതെ നടന്ന് പോകുന്നുണ്ട്. അതിനിടയിൽ ഞാൻ കൂടി ജോലിക്ക് പോവേണ്ട ആവശ്യമെന്താ."

"പഴയ പോലെ ജോലിചെയ്യാനുള്ള ആരോഗ്യമൊന്നും എനിക്കില്ല മോളെ. കടങ്ങളൊക്കെ എത്രയും വേഗം വീട്ടി ഒന്ന് വിശ്രമിക്കണമെന്നുണ്ട് എനിക്ക്. ഇനിയും അച്ഛനെ നീ പരീക്ഷിക്കരുത്." മുരളിയുടെ കണ്ണുകൾ നിറഞ്ഞു. "എനിക്കെങ്ങും വയ്യ ജോലിക്ക് പോകാൻ. പുറത്തേക്കിറങ്ങുമ്പോ തന്നെ നാട്ടുകാരുടെ ഓരോരോ ചോദ്യവും പറച്ചിലും കേട്ട് എനിക്ക് മടുത്തു. ഞാനിവിടെ ജീവിതംതന്നെ വഴിമുട്ടി എല്ലാവർക്കും മുൻപിൽ നാണംകെട്ട് വിഷമിച്ചു കഴിയുമ്പോ തന്നെ അച്ഛനെന്നോട് ഇങ്ങനെയൊക്കെ പറയണം." "അഞ്ജുവിന്റെ കാര്യത്തിൽ നാട്ടുകാർ എന്നെയും പലതും പറഞ്ഞതാ. അതൊക്കെ കേട്ടുകൊണ്ടിരുന്നാൽ ജീവിക്കാൻ പറ്റില്ല. നിന്നെയെന്തായാലും സുജിത്ത് വന്ന് തിരിച്ചു വിളിച്ചുകൊണ്ട് പോവാനൊന്നും പോണില്ല. അതുകൊണ്ട് എന്നെയിട്ട് ഇങ്ങനെ കഷ്ടപ്പെടുത്താതെ മര്യാദക്ക് വല്ല ജോലിക്കും പോവാൻ നോക്ക്."

"എനിക്ക് പറ്റില്ലെന്നല്ലേ പറഞ്ഞത്." കഴിച്ച് കൊണ്ടിരുന്ന പാത്രം തട്ടിനീക്കി അവൾ ദേഷ്യപ്പെട്ടുകൊണ്ട് ചാടിയെഴുന്നേറ്റു. അത് കണ്ടതും ഭാരതിക്ക് കലിയടക്കാനായില്ല. അവൾക്കരികിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഭാരതി എച്ചില് പുരണ്ട കൈകൊണ്ടുതന്നെ ആരതിയുടെ ചെകിടത്തു ഒരെണ്ണം പൊട്ടിച്ചു. "പ്ഫാ എരണം കെട്ട മൂദേവി... ഇങ്ങേരെ ചോര ഊറ്റി നിനക്കിനിയും മതിയായില്ലേ. നീയിപ്പോ വലിച്ചെറിഞ്ഞ ചോറ് അങ്ങേര് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് മുടക്കി വാങ്ങിച്ചതാ. അല്ലാതെ നീയിവിടെ സമ്പാദിച്ചു കൊണ്ട് വന്നതൊന്നുമല്ല. കുറേ നാളായി സഹിക്കുന്നു. ഇതോടെ നിർത്തിക്കോ നിന്റെ അഹങ്കാരം. ഈ വീട്ടിൽ ജീവിക്കണമെങ്കിൽ മര്യാദക്ക് വല്ല ജോലിക്കും ഇറങ്ങി പൊയ്ക്കോ. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും, പറഞ്ഞേക്കാം." അമ്മയുടെ ഭാവമാറ്റം കണ്ട് ആരതി പേടിച്ചുപോയി. അടികൊണ്ട കവിൾ പൊത്തിപ്പിടിച്ച് കണ്ണ് നിറച്ച് അവൾ ഇരുവരെയും മാറി മാറി നോക്കി. "നിന്നെയൊക്കെ രണ്ടിനേം തല്ലി വളർത്താതിന്റെ കുഴപ്പമാണ്. എല്ലാം എന്റെ തെറ്റാ...

രണ്ടിനേം ആവശ്യത്തിലധികം കൊഞ്ചിച്ചു വഷളാക്കി. ഇപ്പൊ വയ്യാതായപ്പോൾ രണ്ട് മക്കൾക്കും എന്നെ വേണ്ട." ഭക്ഷണം മതിയാക്കി മുരളി അവിടെ നിന്നും എഴുന്നേറ്റു പോയി. ************ വൈകിയാണെങ്കിലും ഭാരതി കൊടുത്ത അടി, ഒടുവിൽ ഗുണം ചെയ്തു. ടൗണിൽ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ബില്ലിംഗ് സ്റ്റാഫായി ജോലി കണ്ടെത്തി ആരതി ജോലിക്ക് പോയി തുടങ്ങി. സുജിത്തും വീട്ടുകാരും നിഷ്കരുണം തള്ളിക്കളഞ്ഞതിന്റെ വേദന അവൾക്കുണ്ടായിരുന്നു. അതിന്റെ കൂടെ ജോലിക്ക് പോകുമ്പോഴുള്ള നാട്ടുകാരുടെ ചോദ്യവും പറച്ചിലുമൊക്കെ ആരതിയെ തളർത്തിയിരുന്നു. പക്ഷേ അതൊക്കെ കേട്ട് വിഷമിച്ചിരുന്നാൽ ജീവിക്കാനാവില്ലെന്ന സത്യം അവൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. വീട്ടുകാർ ഇനിയും തന്നെ സംരക്ഷിക്കില്ലെന്നും അവരെയിനി താൻ നോക്കിയാലേ തന്നെ അവരും പരിഗണിക്കുകയുള്ളൂ എന്നും ആരതിക്ക് തോന്നിത്തുടങ്ങി. ആരതി ജോലിക്ക് പോയി തുടങ്ങിയത് കണ്ടപ്പോൾ ഭാരതിക്കും മുരളിക്കും തെല്ല് ആശ്വാസമായിരുന്നു. ആദ്യ ശമ്പളം കിട്ടിയപ്പോൾ കുറച്ചു പൈസ അവൾ മുരളിയെ ഏൽപ്പിക്കുകയും ബാക്കി കൈയ്യിൽ കരുതുകയും ചെയ്തു. മകൾക്ക് വീണ്ടുവിചാരമുണ്ടായതോർത്ത് അവർക്ക് കുറച്ചു സമാധാനം തോന്നി.

പക്ഷേ മൂന്നു പേർക്കുമിടയിലുണ്ടായിരുന്ന പഴയ സ്നേഹവും അടുപ്പവുമൊക്കെ എങ്ങോ പോയ്‌ മറഞ്ഞിരുന്നു. ആതിരയെ ആ വീട്ടിൽ നിന്ന് കണ്ണീരോടെ പടിയിറക്കി വിട്ടപ്പോൾ മുതലാണ് തങ്ങൾക്ക് ഈ കഷ്ടപ്പാടൊക്കെ തുടങ്ങിയതെന്ന് ഭാരതിക്ക് തോന്നി തുടങ്ങിയിരുന്നു. അത് അവർ മുരളിയോട് തുറന്ന് പറയുകയും ചെയ്തു. "ആതിരയാണ് ഈ വീടിന്റെ ശാപമെന്നും നിങ്ങളുടെ കാലനായിട്ടാണ് അവൾ ജനിച്ചതെന്നും മുരളിയേട്ടനെപ്പോഴും പറയില്ലാരുന്നോ. പക്ഷേ എനിക്കിപ്പോ തോന്നുന്നു അവളായിരുന്നു ഈ വീടിന്റെ ഐശ്വര്യമെന്ന്. വയറ്റിലുണ്ടായിരുന്ന പെണ്ണിനെ മനസ്സ് നോവിച്ചാ നമ്മളിവിടെ നിന്ന് ഇറക്കി വിട്ടത്. അവളുടെ മനസ്സ് നൊന്തുള്ള കണ്ണീര് വീണിട്ടാ ഇപ്പൊ ഈ കഷ്ടപ്പാടുകളൊക്കെ വന്ന് ചേർന്നത്." "നീ വെറുതെ ഭ്രാന്ത് വിളിച്ചു പറയാതെ മിണ്ടാതിരിക്കുന്നുണ്ടോ. അവളെ കുറിച്ചുള്ള പുരാണമൊന്നും എനിക്ക് കേൾക്കണ്ട." അരിശത്തോടെ മുരളി അവർക്കരികിൽ നിന്ന് എഴുന്നേറ്റു പോയി. ദിവസങ്ങൾ അങ്ങനെ കടന്ന് പോകുമ്പോഴാണ് ആരതി ആ സത്യമറിയുന്നത്. മൂന്നാല് മാസമായി പീരിയഡ്സ് വന്നിട്ട്. സുജിത്തിന്റെ വീട്ടിലേക്ക് പോയത് മുതൽ മാസമുറ കൃത്യമായി വന്നിട്ടില്ലായിരുന്നു.

ഗർഭനിരോധന ഗുളികകളൊക്കെ സുജിത്ത് അവളെ കൊണ്ട് കഴിപ്പിക്കുമായിരുന്നത് കൊണ്ട് എപ്പോഴെങ്കിലുമായിരിക്കും ആർത്തവം വന്നുകൊണ്ടിരുന്നത്. അതുകൊണ്ട് കുറേ നാളായി പീരിയഡ്സ് ആവാതിരുന്നപ്പോൾ അവളത് കാര്യമാക്കിയിരുന്നില്ല. മാത്രമല്ല ഗർഭ നിരോധന ഗുളികകൾ കഴിച്ചിട്ടുള്ളത് കൊണ്ട് ഒരിക്കലും ഗർഭിണി ആകുന്നതിനെ കുറിച്ച് അവൾ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ശരീരത്തിന് ആകെയൊരു ക്ഷീണവും ഇടയ്ക്കിടെ തലച്ചുറ്റലുമൊക്കെ ലക്ഷണം കാണിച്ചപ്പോഴാണ് ആരതി സംശയം തോന്നി ആശുപത്രിയിൽ പോയി ഡോക്ടറെ കാണിച്ചത്. അങ്ങനെയാണ് സംശയം സത്യമാണെന്ന് അവൾ തിരിച്ചറിഞ്ഞത്. ഇപ്പൊതന്നെ ഗർഭം നാലര മാസം പിന്നിട്ടിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ആരതിയപ്പോൾ. ഗർഭ വിവരം ഭാരതിയും മുരളിയും അറിഞ്ഞപ്പോൾ ആരുമറിയാതെ അതങ്ങ് അലസിപ്പിക്കാനാണ് അവളെ ഉപദേശിച്ചത്. പക്ഷേ അവൾക്കെന്തോ അത് സ്വീകാര്യമായിരുന്നില്ല. ഒരു തീരുമാനമെടുക്കാൻ കഴിയാനാവാതെ ആരതി കടുത്ത മാനസിക സംഘർഷത്തിലായി. ഭാരതിയും മുരളിയും ഗർഭം അലസിപ്പിക്കുന്നതിനെ കുറിച്ച് നിരന്തരം അവളോട് പറഞ്ഞു കൊണ്ടിരുന്നു.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story