മറുതീരം തേടി: ഭാഗം 63

രചന: ശിവ എസ് നായർ

  "എടീ... മോളെ... ഞാൻ സുജിത്തിനെ വിളിച്ച് നീ ഗർഭിണിയാണെന്ന വിവരം അറിയിച്ചിരുന്നു. എന്നിട്ട് അവനെന്താ പറഞ്ഞതെന്നറിയോ നിനക്ക്?" അക്ഷോഭ്യനായി മുരളി അവളോട് ചോദിച്ചു. "ഇതയാളുടെ കുട്ടിയാവില്ലെന്നായിരിക്കും അല്ലേ?" സുജിത്തിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അവനെന്ത് മറുപടിയായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്ന് അവളൂഹിച്ചിരുന്നു. "അത് തന്നെയാ അവൻ പറഞ്ഞത്. നിന്റെ ഗർഭത്തിന്റെ ഉത്തരവാദി അവനല്ല പോലും. ഉണ്ടാക്കിയ കൊച്ചിന്റെ പിതൃത്വം പോലും ഏറ്റെടുക്കാൻ കഴിവില്ലാത്ത അവനെപ്പോലെ നട്ടെല്ലില്ലാത്തൊരുവന്റെ കുഞ്ഞിനെ നിനക്ക് വേണോടീ മോളെ. നീ വെറുതെ നിന്റെ നല്ല ജീവിതം കളയരുത്. ഈ കുഞ്ഞിനെ പ്രസവിച്ച് നിന്റെ ഭാവി ജീവിതം ഇരുട്ടിലാക്കാതെ ഞങ്ങള് പറയുന്നത് കേൾക്ക്." മുരളി അനുനയത്തിൽ ആരതിയോട് പറഞ്ഞു.

"ഇപ്പൊതന്നെ നാലര മാസമായി മോളെ. ഇനിയും വച്ചോണ്ടിരിക്കാതെ പെട്ടെന്ന് തന്നെ ഇതങ്ങ് ഇല്ലാതാക്കി കളയണം. അല്ലെങ്കിൽ പിന്നെ പ്രസവിക്കുകയെ വഴിയുള്ളു. എന്താണെങ്കിലും പെട്ടെന്ന് തീരുമാനിക്കണം." ഭാരതി ഓർമ്മിപ്പിച്ചു. "മൂന്നുമാസം എത്തുമ്പോൾ തന്നെ ഇതൊരു മനുഷ്യകുഞ്ഞിന്റെ രൂപം പ്രാപിക്കില്ലേ അമ്മേ. ഈ കുഞ്ഞിനെ വേണ്ടെന്ന് വച്ചാൽ അതിനെ കൊല്ലുന്നതിനു തുല്യമാണ്. ഇപ്പൊ ഗർഭം അലസിപ്പിക്കാൻ പോയാൽ ജീവനില്ലാത്തൊരു മാംസപിണ്ഡത്തെ ആയിരിക്കില്ലേ ഞാൻ പ്രസവിക്കുന്നത്. പ്രതീക്ഷകൾ വറ്റി മുന്നോട്ടെങ്ങനെ ജീവിക്കണമെന്നറിയാതെ കഴിഞ്ഞിരുന്ന എനിക്കിപ്പോ ജീവിക്കാനുള്ളൊരു പിടിവള്ളിയാണ് ഈ കുഞ്ഞ്." "നിനക്കെന്താ ഭ്രാന്ത് പിടിച്ചോ? നിനക്ക് ഇനിയും നല്ലൊരു ജീവിതം കിട്ടും. ഈ കുഞ്ഞിനെ നീ പ്രസവിച്ചാൽ പിന്നെ നിന്റെ ജീവിതം അതിനെ ചുറ്റിപ്പറ്റി ആയിപ്പോകും. അവനെപ്പോലെ കൊള്ളരുതാത്തവന്റെ കുഞ്ഞിനെ ചുമക്കേണ്ട ഗതികേട് നിനക്കില്ല." ഭാരതിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.

"ഈ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ലമ്മേ. എന്നെകൊണ്ട് അതിനാവില്ല. എന്ത് വന്നാലും എന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കും, അന്തസ്സായിതന്നെ വളർത്തുകയും ചെയ്യും." "അപ്പോ തന്തയില്ലാത്ത ഇതിനെ പ്രസവിക്കാനാണോ നിന്റെ പുറപ്പാട്. നീയിതിനെ പ്രസവിച്ചെന്ന് കരുതി അവന്റെ വീട്ടുകാർ വന്ന് നിന്നെ കൂട്ടികൊണ്ട് പോകുമെന്ന് നീ സ്വപ്നം കാണണ്ട. അതോർത്താണ് എന്റെ മോള് ഈ ഗർഭവും കൊണ്ട് നടക്കുന്നതെങ്കിൽ ഒരു പ്രയോജനവും ഉണ്ടാവാൻ പോണില്ല." "എന്റെ ജീവിതം ഇങ്ങനെയൊക്കെ ആവാൻ ഉത്തരവാദി ഞാൻ തന്നെയാണ്. സുജിത്തേട്ടനെന്നെ ഇവിടെ കൊണ്ട് വിട്ടിട്ട് പോയപ്പോ പോലീസിൽ ഒരു പരാതി കൊടുത്ത് അങ്ങോട്ട്‌ തന്നെ വീണ്ടും കയറി ചെന്നാലോന്ന് ഞാൻ വിചാരിച്ചതാ. എന്നെ അവിടെയിട്ട് നരകിപ്പിച്ചതിനൊക്കെ പ്രതികാരം വീട്ടണമെന്നും എന്റെ മനസ്സിലുണ്ടായിരുന്നു.

പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ തോന്നി ഒരു കണക്കിന് ആ നരകത്തിൽ നിന്ന് ഞാൻ രക്ഷപ്പെടുകയാണ് ചെയ്തതെന്ന്. എന്റെ എടുത്തുചാട്ടവും ബുദ്ധി ശൂന്യമായ പ്രവൃത്തിയുമാണ് ഇപ്പോഴത്തെ എന്റെ അവസ്ഥയ്ക്ക് കാരണം. അതുകൊണ്ട് വീണ്ടും ആ വീട്ടിലേക്ക് പോവാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല ഞാനീ കുഞ്ഞിനെ പ്രസവിക്കാൻ തീരുമാനിച്ചത്. അമ്മ അങ്ങനെയൊന്നും ചിന്തിക്കണ്ട." ആരതിയുടെ വാക്കുകളിൽ വല്ലാത്ത ഒരു ഉറപ്പുണ്ടായിരുന്നു. "നിന്റെ ഈ മുടിഞ്ഞ വാശിയാ നിന്റെ ജീവിതം തന്നെ നശിപ്പിച്ചത്. അവനെ കല്യാണം കഴിക്കാൻ വാശി പിടിച്ചത് കൊണ്ടല്ലേ ചോദിച്ച സ്ത്രീധനവും തന്ന് കെട്ടിച്ചുവിട്ടത്. എന്നിട്ട് നന്നായി ജീവിച്ചോ? അതുമില്ല." ഭാരതി തലയിൽ കൈവച്ച് പ്രാകി. "ഞങ്ങളുടെ ഇഷ്ടമില്ലാതെ നീയീ കുഞ്ഞിനെ പ്രസവിച്ചാൽ അവസാനം അതിനെ നോക്കാൻ നീ മാത്രേ കാണൂ. അവന്റെ വിഷ വിത്തിനെ താലോലിക്കാൻ ഞങ്ങൾക്ക് പറ്റില്ല." വെറുപ്പ് കലർന്ന സ്വരത്തിൽ മുരളി പറഞ്ഞു. "നിന്നെ വേണ്ടെന്ന് വച്ചിട്ട് പോയവന്റെ കുഞ്ഞിനെ പെറ്റിട്ടാൽ അതിനെ നീ തന്നെ ചുമക്കേണ്ടി വരും. ഞാനോ നിന്റെ അച്ഛനോ തിരിഞ്ഞു നോക്കില്ല.

അതോർമ്മ വേണം നിനക്ക്. എല്ലാക്കാലവും നിന്റെ താളത്തിനൊത്തു തുള്ളാൻ ഞങ്ങളെ കിട്ടില്ല." ഭാരതി അവസാന ശ്രമമെന്നോണം പറഞ്ഞു നോക്കി. "വേണ്ട... എന്റെ കുഞ്ഞിനെ ആരും നോക്കണമെന്നില്ല. എന്റെ കുട്ടിയെ ഞാൻ നോക്കും. ഇനി ഇതിനെക്കുറിച്ചൊരു സംസാരം ഇവിടെ വേണ്ട." ആരതിയുടെ തീരുമാനം ഉറച്ചതായിരുന്നു. "എങ്കിൽ ഒരു കാര്യം നീ കേട്ടോ. ഇനി മുതൽ നിനക്കോ നീ പ്രസവിച്ചിടുന്ന സന്തതിക്കോ ഞാൻ ഒരു രൂപ പോലും ചിലവാക്കില്ല. എന്റെ വാക്ക് ധിക്കരിച്ച നിനക്കിനി എന്റെ മനസ്സിൽ സ്ഥാനമില്ല. മക്കളുടെ എല്ലാ ആഗ്രഹത്തിനും കൂട്ട് നിന്നൊരു അച്ഛനാണ് ഞാൻ. പക്ഷേ ആ എനിക്ക് നിന്റെയീ തീരുമാനത്തിനോട് ഒട്ടും പൊരുത്തപ്പെടാനാവില്ല. അതുകൊണ്ട് ഇനി എന്ത് സംഭവിച്ചാലും നീ സ്വയം അതൊക്കെ അനുഭവിച്ചോ. നിനക്കൊക്കെ രണ്ടിനും വേണ്ടി ഞാൻ കടക്കാരനായത് മിച്ചം. നന്ദികെട്ട വർഗ്ഗങ്ങൾ, ത്ഫൂ.." മുറ്റത്തേക്ക് നീട്ടി വലിച്ചൊന്ന് തുപ്പിയിട്ട് അയാൾ മുറിയിലേക്ക് കയറിപോയി. മുൻപ് അച്ഛന്റെയും അമ്മയുടെയും ഭാഗം ചേർന്ന് ആതിരേച്ചിയോട് കുഞ്ഞിനെ അബോർഷൻ ചെയ്യാൻ പറഞ്ഞതൊക്കെ ആ നിമിഷം അവളുടെ മനസ്സിലേക്ക് ഓടിയെത്തി.

താൻ പറയുകയും പ്രവർത്തിക്കുകയും ചെയ്ത ഓരോ കാര്യങ്ങൾക്കും ദൈവം തിരിച്ചടി തരുന്നതാണോ ഇങ്ങനെയെല്ലാം എന്നവൾ ചിന്തിച്ചുപോയി. അന്ന് ചേച്ചിയെ, വാക്കുകൾ കൊണ്ട് കുത്തിനോവിക്കുമ്പോൾ സ്വപ്‌നത്തിൽ പോലും അവൾ വിചാരിച്ചിരുന്നില്ല തനിക്ക് ഇങ്ങനെയൊരു അവസ്ഥ സംജാതമാകുമെന്ന്. ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം ഡോക്ടറോട് അതിനെ ഇല്ലാതാക്കാനാണ് ആരതി ആവശ്യപ്പെട്ടത്. പക്ഷേ ഡോക്റ്ററിന്റെ ഉപദേശമാണ് അവളെ മാറ്റി ചിന്തിപ്പിച്ചത്. ഒരു കുഞ്ഞിന്റെ രൂപ വളർച്ചയെത്തിയ ജീവനെ ഇല്ലാതാക്കുന്നത് കൊല്ലുന്നതിന് തുല്യമാണെന്ന ഡോക്റ്ററിന്റെ വാക്കുകൾ ആരതിയെ തളർത്തി. എത്രയൊക്കെ ഹൃദയത്തെ കഠിനമാക്കിയാലും ഒരു കൊലപാതകം ചെയ്യാൻ തനിക്കാവില്ലെന്ന് അവൾ തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് തന്റെ വയറ്റിൽ ജന്മം കൊണ്ട കുരുന്നിനെ പ്രസവിച്ചുവളർത്തണമെന്ന തീരുമാനം ആരതി കൈകൊണ്ടത്. ആതിരയ്ക്കുണ്ടായ അതേ വിധിയാണ് കാലം തനിക്കായി കാത്ത് വച്ചതെന്ന തിരിച്ചറിവ് അവളെ കുറ്റബോധത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞു. ഭാരതിയും മുരളിയും പിന്നീട് അതേക്കുറിച്ച് അവളോട് തർക്കിക്കാൻ മുതിർന്നില്ല. ആ സംഭവത്തോട് കൂടി മുരളി, മകളെ തീർത്തും അവഗണിച്ചു.

ഭാരതി ആദ്യമൊക്കെ മുഖം കറുപ്പിച്ചിരുന്നെങ്കിലും പിന്നീട് ആരതിക്ക് വേണ്ടതൊക്കെ ചെയ്ത് കൊടുത്തു. പക്ഷേ ഇരുവരും അവളോട് ഒരക്ഷരം മിണ്ടിയിരുന്നില്ല. തങ്ങളുടെ അവഗണന സഹിക്കാൻ വയ്യാതെയെങ്കിലും മകൾ തങ്ങളുടെ വഴിക്ക് വന്നാലോയെന്ന ചിന്തയാണ് അവരെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. ഗർഭവാസ്ഥയിലെ ഒരു പെണ്ണിന്റെ ബുദ്ധിമുട്ടുകൾ അറിയാവുന്നത് കൊണ്ട് കണ്മുന്നിൽ ജീവിക്കുന്ന മകൾക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ഭാരതിക്കായില്ല. ഗർഭിണിയാണെങ്കിലും ഡോക്ടർ പ്രത്യേകിച്ച് റസ്റ്റ്‌ ഒന്നും പറയാത്തത് കൊണ്ട് ഈ സമയത്തെ അവശതകൾ മറന്ന് ആരതി ജോലിക്ക് പോവുന്നത് തുടർന്നു. ഛർദിയും മറ്റുമൊക്കെ ഒരു വഴിക്ക് നടക്കുന്നുണ്ടെങ്കിലും അവളത് കാര്യമാക്കിയില്ല. സ്വന്തം വീട്ടിലായിരുന്നിട്ട് കൂടി ആരതിക്ക് മനസ്സിനൊരു സന്തോഷവും സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല. ഇത്രയും വർഷം, തന്നെ പൊന്നുപോലെ നോക്കി വളർത്തിയ അച്ഛന്റെയും അമ്മയുടെയും അവഗണന അവളെ അത്രയേറെ വേദനിപ്പിച്ചു. ആരതിക്ക് സമയാസമയം ഭക്ഷണവും കുളിക്കാൻ ഇളം ചൂടുവെള്ളവുമൊക്കെ ഭാരതി കൃത്യമായി എത്തിക്കുമായിരുന്നു.

ഛർദിച്ച് അവശയാകുമ്പോൾ മുതുക് ഉഴിഞ്ഞുകൊടുക്കുകയും നീര് വന്ന് തുടങ്ങിയ കാലുകളൊക്കെ അവൾ ആവശ്യപ്പെടാതെ തന്നെ തിരുമി കൊടുക്കുകയും ചെയ്യുമ്പോൾ കണ്ണുകൾ നിറച്ച് ആരതി അമ്മയെ തന്നെ നോക്കി ഇരിക്കും. പക്ഷേ ഒരിക്കലും അബദ്ധത്തിൽ പോലും അവരുടെ നോട്ടം അവളുടെ നേർക്ക് നീണ്ട് ചെല്ലാറില്ല. കടമകൾ ചെയ്ത് തീർക്കുന്നത് പോലെയാണ് അവരുടെ പ്രവർത്തികൾ. എന്തൊക്കെ പറഞ്ഞാലും തങ്ങൾ പുന്നാരിച്ചു വളർത്തികൊണ്ട് വന്ന മകളല്ലേ എന്ന ചിന്തയും ഭാരതിയെ അതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നു. ആരതിയെ പരിചരിക്കുമ്പോഴൊക്കെ അവരുടെ മനസ്സിൽ നിറഞ്ഞുനിന്നത് മൂത്ത മകളുടെ മുഖമാണ്. ഗർഭിണിയായ പെണ്ണിനെ വീട്ടിൽ നിന്നിറക്കി വിട്ടശേഷം ഒരിക്കൽ പോലും അവൾ എങ്ങനെയിരിക്കുന്നു എന്നൊന്ന് താൻ അന്വേഷിച്ചിട്ടില്ല എന്നോർത്ത് ആദ്യമായി ഭാരതിക്ക് മനസ്താപം അനുഭവപ്പെട്ടു. തന്റെ മൂന്ന് മക്കളോടും താൻ നീതി പുലർത്തിയിട്ടില്ലല്ലോയെന്ന ചിന്ത അവരുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.

ആതിരയുടെ കണ്ണുനീർ വീഴ്ത്തിയതിന്റെ ശാപമാണ് ഇപ്പോൾ തങ്ങൾ അനുഭവിക്കുന്നതെന്ന് ഭാരതിക്ക് തോന്നി. അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയുമൊന്നും പിന്തുണയില്ലാതെ ആതിര നല്ലൊരു നിലയിലെത്തുകയും തങ്ങളുടെ സ്നേഹം മുഴുവനും അനുഭവിച്ചു വളർന്ന മക്കൾ തെറ്റിപിരിയുകയുമൊക്കെ ചെയ്തത് തങ്ങളുടെ വളർത്തുദോഷമാണെന്ന് അവർക്കിപ്പോ നല്ല ബോധ്യമുണ്ട്. വാർദ്ധക്യകാലത്ത് ആരതിയെങ്കിലും തങ്ങളെ നോക്കാനുണ്ടായാൽ മതിയെന്ന ചിന്തയുമാണ് ഭാരതിയുടെ മനംമാറ്റത്തിന് ഹേതുവായത്. ഇനിയൊന്നും പഴയത് പോലെയാകില്ലെന്ന് അവർക്കറിയാം. അഞ്ജുവിനോടുള്ള ദേഷ്യം മറന്ന് ഭാരതി അവളെ വിളിച്ച് വിവരങ്ങൾ തിരക്കാൻ തുടങ്ങിയിരുന്നു. മുരളി മാത്രം എല്ലാവരോടും ഇടഞ്ഞു നിന്നു. ************ "വയറ്റിലൊരു കൊച്ചിനേം തന്ന് സുജിത്തേട്ടൻ നിന്നെ കളഞ്ഞിട്ട് പോയോടി." കുറേ നാളിനുശേഷം ബസിൽ വച്ച് അവളെ കണ്ട ധന്യയുടെ ചോദ്യമായിരുന്നു അത്‌. നിരന്തരം പലരിൽ നിന്നും ആ ചോദ്യം കേട്ട് കേട്ട് ആരതിക്കിപ്പോ ഇങ്ങനെ ആരെങ്കിലും ചോദിച്ചാലും വിഷമമൊന്നും തോന്നാറില്ല. "എന്റെ തെറ്റ് കൊണ്ട് സംഭവിച്ചതല്ലേ... ഇനി അതൊന്നും ഓർത്ത് സങ്കടപ്പെട്ടിട്ട് പ്രത്യേകിച്ച് കാര്യമില്ലല്ലോ ധന്യേ." നിർവികാരതയോടെ ആരതി പറഞ്ഞു.

"നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ സുജിത്തേട്ടനെ പോലൊരു വൃത്തികെട്ടവനെ നിനക്ക് വേണ്ടെന്ന്. പക്ഷേ നിനക്കായിരുന്നല്ലോ വാശി." ധന്യയുടെ കുറ്റപ്പെടുത്തലുകൾ അവളുടെ കണ്ണുകളെ ഈറനാക്കി. "എടുത്തുചാടി ഞാനെടുത്ത തീരുമാനങ്ങളൊക്കെ തെറ്റായിരുന്നുവെന്ന് ഇപ്പോ എനിക്ക് മനസ്സിലാവുന്നുണ്ട്. നീ കൂടി എന്നെ കുറ്റപ്പെടുത്തി സംസാരിക്കല്ലേടി." "നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ. നിന്നെ ഇങ്ങനെ കാണുമ്പോ എന്റെ വിഷമം കൊണ്ട് പറഞ്ഞുപോവുന്നതാ. അച്ഛന് ലക്ഷങ്ങളുടെ ബാധ്യത വരുത്തി ആഡംബര പൂർവ്വം കല്യാണം കഴിച്ച് പോയിട്ട് അവിടെ അടങ്ങിയൊതുങ്ങി ജീവിക്കാതെ ഭർത്താവിനെയും വീട്ടുകാരെയും ധിക്കരിച്ചാണ് നീ വീട്ടിൽ വന്ന് നിൽക്കുന്നതെന്നാ എല്ലാരും പറയുന്നത്. ആ സുജിത്തെന്ന് പറയുന്നവൻ പറഞ്ഞു നടക്കുന്നത് അവിഹിത സന്തതിയെയാണ് നീ വയറ്റിൽ ചുമന്ന് നടക്കുന്നതെന്നാ. മുരളിയുടെ മൂത്ത രണ്ട് മക്കളും പിഴച്ചുപോയെന്നാണ് പലരുടെയും സംസാരം. ഇളയ കൊച്ച് പഠിക്കാനെന്നും പറഞ്ഞു ഇവിടുന്ന് മാറി നിൽക്കുന്നത് ചേച്ചിമാർ വരുത്തി വച്ച നാണക്കേട് സഹിക്കാൻ വയ്യാതെയെന്നാണ് മിക്കവരുടെയും പറച്ചിൽ. ഇങ്ങനെയൊക്കെ കേൾക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ നിനക്ക്.

എല്ലാവരുടെയും മുന്നിൽ നാണംകെട്ടുള്ള ജീവിതം അത്ര സുഖമല്ലെന്ന് നിനക്കിപ്പോ മനസ്സിലായില്ലേ." ധന്യയുടെ വാക്കുകൾ അവളുടെ ഹൃദയത്തെ കുത്തിനോവിച്ചു. "ആദ്യമൊക്കെ ഇത്തരം കുത്തുവാക്കുകൾ കേൾക്കുമ്പോ വിഷമം തോന്നുമായിരുന്നെടി. പക്ഷേ. ഇപ്പോ ഇതൊക്കെ എനിക്ക് ശീലമായി." നനവാർന്നൊരു പുഞ്ചിരിയോടെ ആരതി അത് പറയുമ്പോൾ ധന്യയ്ക്കും അവളുടെ അവസ്ഥയിൽ സഹതാപം തോന്നി. "നിനക്കിപ്പോ എത്ര മാസമായെടി?" "ഏഴ് തുടങ്ങി... വീട്ടിൽ നിനക്ക് കല്യാണമൊന്നും നോക്കുന്നില്ലേ?" "നോക്കുന്നുണ്ടെടി... നിന്റെ അനുഭവമൊക്കെ കണ്ടപ്പോൾ എനിക്കൊരു പേടി. വീട്ടുകാരെ ഊറ്റി എടുത്താൽ പൊങ്ങാത്ത സ്ത്രീധനവും വാങ്ങി വല്ലവനെയും കെട്ടി പോയിട്ട് ഒടുവിൽ നിന്റെ ഗതിയാണ് എനിക്കും വരുന്നതെങ്കിലോ?" "പണ്ട് നീ പറയാമായിരുന്നില്ലേ, ഏതെങ്കിലും കാശുകാരനെ കെട്ടി അവന്റെ കുട്ടികളെയും പ്രസവിച്ച് അവരെ നോക്കി ജീവിക്കാനാണ് നിനക്കും ഇഷ്ടമെന്ന്." "അതൊക്കെ അപ്പഴത്തെ പൊട്ടബുദ്ധിയിൽ തോന്നുന്നതല്ലേ. സ്ത്രീധനം മോഹിച്ചു വരാത്ത സ്നേഹിക്കാൻ മനസ്സുള്ള നല്ല ഒരാളെ കിട്ടിയാൽ മതിയെന്നെ എനിക്കിപ്പോ ആഗ്രഹമുള്ളു." "എനിക്കന്ന് ഇങ്ങനെയൊന്നും ചിന്തിക്കാനുള്ള വിവേകമില്ലായിരുന്നു."

"നിന്നെ പോലുള്ളവരുടെ അനുഭവങ്ങൾ കണ്ടും അറിഞ്ഞുമാണ് ഞാൻ മാറി ചിന്തിക്കാൻ തുടങ്ങിയത്." "അതേതായാലും നന്നായി." ആരതിയുടെ സ്വരമിടറി. "നീ ജോലിക്ക് പോകുന്ന വഴിയല്ലേ?" "ആടി... ടൗണിലുള്ള സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് സ്റ്റാഫായി പോവുന്നുണ്ട് ഞാൻ. നീ എവിടെ പോവാ..?" "എനിക്കും ടൗണിൽ ഒരു തുണിക്കടയിൽ ചെറിയൊരു ജോലി ശരിയായിട്ടുണ്ടെടി.. കമ്പ്യൂട്ടർ പഠിച്ചത് കൊണ്ട് നമുക്ക് ഉപകാരമായി. അവിടെ ബില്ലിങ്ങാണ് എനിക്കും ജോലി." ധന്യ പുഞ്ചിരിയോടെ പറഞ്ഞു. ആ യാത്രയിലൂടെ ഇരുവരും വീണ്ടും തങ്ങളുടെ സൗഹൃദം പുതുക്കിയെടുത്തു. ടൗണിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ബസ് ഇറങ്ങി പരസ്പരം യാത്ര പറഞ്ഞ് അവരവരുടെ വഴിക്ക് പിരിഞ്ഞു. ************ എൻട്രൻസ് കോച്ചിംഗ് പൂർത്തിയാക്കി നീറ്റ് എക്സാം എഴുതികഴിഞ്ഞ ശേഷം അഞ്ജു വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. പഴയ ഇഴയെടുപ്പമില്ലെങ്കിലും ഭാരതിയും ആരതിയും അവളോട് പരിഭവമൊന്നും കാട്ടിയില്ല. അവൾ തിരിച്ചും അങ്ങനെ തന്നെയായിരുന്നു.

പക്ഷേ ആ വീട്ടിൽ നാലുപേരും മനസ്സ് കൊണ്ട് നാല് ധ്രുവങ്ങളിലായിപ്പോയിരുന്നു. മുരളി മൂവരെയും ഗൗനിക്കാൻ തുനിഞ്ഞില്ല. അയാൾക്ക് കടയിൽ നിന്ന് കിട്ടുന്ന പകുതി ശമ്പളത്തിൽ നിന്നും സ്വന്തം ആവശ്യത്തിനുള്ള കാശ് മാറ്റി വച്ച ശേഷം ബാക്കി തുക വേലായുധന്റെ കടം വീട്ടാൻ തന്നെ ഉപയോഗിച്ചു. അതുകൊണ്ട് മുരളി വീട്ടിൽ ചിലവിനൊന്നും കൊടുക്കാതെയായി. ആരതിയുടെ ശമ്പളത്തിലാണ് ഇപ്പോ ആ വീട് കഴിഞ്ഞു പോകുന്നത്. ജോലിക്ക് പോയി ക്ഷീണിച്ചുവരുന്ന ആരതി വന്നയുടനെ കിടന്നുറങ്ങും. ആരും പരസ്പരം ഒന്നും മിണ്ടാതെ ആർക്കോ വേണ്ടി ജീവിക്കുന്നത് പോലെയാണിപ്പോ. ആ വീട്ടിലെ ഒറ്റപ്പെടലുമായി ആരതി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഭാരതി സദാസമയവും ചിന്തകളിൽ മുഴുകി അടുക്കളയിൽ എന്തെങ്കിലും പണികൾ ചെയ്ത് ഒതുങ്ങികൂടും. വീട്ടിലെ സാഹചര്യം അഞ്ജുവിനെ മെല്ലെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു. തങ്ങളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങളൊക്കെ അവളുടെ മനസ്സിൽ മിഴിവോടെ തെളിഞ്ഞു നിന്നിരുന്നു.

രാത്രി വളരെ വൈകിയും ഉറങ്ങാതെ, ഇരുട്ടിൽ കണ്ണുകൾ തുറന്ന് പഴയ കാര്യങ്ങളോരോന്നും ഓർത്ത് കിടക്കുകയായിരുന്നു അഞ്ജു. അപ്പോഴാണ് തൊട്ടടുത്ത മുറിയിൽ നിന്നും ആരതിയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞത്. പെട്ടെന്ന് തോന്നിയൊരു ഉൾവിളിയിൽ അഞ്ജു എഴുന്നേറ്റ് ചേച്ചി കിടക്കുന്ന മുറിയിലേക്ക് നടന്നു. ചേർത്തടച്ചിരുന്ന കതകിൽ തള്ളിയപ്പോൾ വാതിൽപ്പാളികൾ തുറന്നു. ഇരുട്ടിൽ അവൾക്ക് കാഴ്ച വ്യക്തമായിരുന്നില്ല. ഭിത്തിയിൽ കൈകൊണ്ട് പരതി അവൾ സ്വിച്ച് കണ്ടെത്തി. മുറിയിൽ വെളിച്ചം പരന്നപ്പോൾ തൊട്ടുമുന്നിൽ കണ്ട കാഴ്ച അഞ്ജുവിനെ വിറപ്പിച്ചു. നിലത്ത് പടർന്നൊഴുകിയ ചോരയിൽ കിടന്ന് പുഴുവിനെ പോലെ പിടക്കുകയാണ് ആരതി. ഒന്നുറക്കെ കരയാനുള്ള ആവതില്ലാതെ തറയിൽ കമഴ്ന്നടിച്ച് കിടക്കുന്ന ചേച്ചിയെ കണ്ട് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അഞ്ജു തരിച്ചുനിന്നു.

സ്ഥലകാലബോധം വീണ്ടെടുത്തവൾ 'അമ്മേ' എന്ന് അലറി വിളിച്ചുകൊണ്ട് ആരതിക്കരികിലേക്ക് പാഞ്ഞു. സമയമപ്പോൾ വെളുപ്പിന് മൂന്നുമണി കഴിഞ്ഞിരുന്നു. ആരതിക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അഞ്ജു ചേച്ചിയെ താങ്ങിപ്പിടിച്ച് മലർത്തി കിടത്തി. വയറിൽ കയ്യമർത്തി ആരതി വേദന കൊണ്ട് പുളഞ്ഞു. "അമ്മേ...." ആരതിയുടെ തല മടിയിലെടുത്തു വച്ച് വാതിലിന് നേർക്ക് നോക്കി അഞ്ജു ഉച്ചത്തിൽ വിളിച്ചു. അവളുടെ ശബ്ദം കേട്ട് ഭാരതി ഞെട്ടിയുണർന്നു. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടികൊണ്ട് പരിഭ്രമത്തോടെ അവർ അങ്ങോട്ട്‌ പാഞ്ഞുവന്നു. "അമ്മേ... ചേച്ചി..." കരച്ചിലിന്റെ അകമ്പടിയോടെ അഞ്ജു അമ്മയെ നോക്കി വിങ്ങിപ്പൊട്ടി..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story