മറുതീരം തേടി: ഭാഗം 64

marutheeram thedi shiva

രചന: ശിവ എസ് നായർ

 "അമ്മേ... ചേച്ചി..." അഞ്ജു ഭാരതിയെ നോക്കി വിങ്ങിപ്പൊട്ടി. "അയ്യോ... മോളെ... എന്ത് പറ്റിയെടി നിനക്ക്." ആധിയോടെ അവർ ആരതിക്കരികിലേക്ക് ഇരുന്നു. "ചേച്ചി കട്ടിലിൽ നിന്ന് വീണതാണെന്ന് തോന്നുന്നു. കരച്ചിൽ ശബ്ദം കേട്ട് ഞാൻ വന്ന് നോക്കുമ്പോൾ കണ്ടത് ചേച്ചി കമഴ്ന്നടിച്ചു കിടക്കുന്നതാ. നെറ്റിയും ചുണ്ടുമൊക്കെ പൊട്ടി ചോര വരുന്നുണ്ട് അമ്മേ. കാലിൽ കൂടിയും രക്തമൊഴുകുന്നുണ്ട്. എന്തായിപ്പോ ചെയ്യാ." അഞ്ജുവിന്റെ ശബ്ദം ചിലമ്പിച്ചിരുന്നു. ഭാരതിയുടെ മിഴികൾ നിലത്ത് കിടന്ന് വേദന കൊണ്ട് ഞരങ്ങുന്ന ആരതിയിൽ തങ്ങി നിന്നു. "അമ്മേ..." അടിവയറ്റിൽ കയ്യമർത്തി അവൾ പുഴുവിനെ പോലെ പുളയുകയാണ്. ഒന്നുറക്കെ കരയാനുള്ള ശക്തി പോലും അവൾക്കില്ലായിരുന്നു. "ആരതിക്ക് പ്രസവം ഉടനെ കാണും മോളെ. വെള്ളം പൊട്ടിപോയിട്ടുണ്ട്. സമയം വൈകിപ്പിക്കാതെ ഹോസ്പിറ്റലിൽ എത്തിച്ചില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനുമാണ് കേട്."

മൂന്നു മക്കളെ പ്രസവിച്ച ഭാരതിക്ക് ആരതിയുടെ അവസ്ഥ കണ്ടപ്പോൾ കാര്യങ്ങൾ ഏകദേശം പിടികിട്ടി. "ഈ സമയത്ത് ആരെയാ അമ്മേ വിളിക്കാ. അടുത്തെങ്ങും ഓട്ടോ ഉള്ള ആരുമില്ലല്ലോ. പോരാത്തതിന് വെളുപ്പിന് മൂന്നുമണി സമയത്ത് റോഡിൽ പോലും ആരും ഉണ്ടാവില്ല." അഞ്ജുവിന്റെ സ്വരത്തിൽ ആശങ്ക നിഴലിച്ചു. "നീ പോയി അച്ഛനോട് ആരെയെങ്കിലും വിളിച്ചു വരാൻ പറയ്യ്." അത് കേട്ടതും അഞ്ജു എഴുന്നേറ്റ് മുരളിയുടെ അടുത്തേക്ക് പാഞ്ഞു. തലവഴി പുതപ്പ് പുതച്ച് അവിടെ നടക്കുന്നതൊന്നുമറിയാതെ അന്തംവിട്ട് ഉറങ്ങുകയാണ് മുരളി. "അച്ഛാ... എണീക്കച്ഛാ..." അഞ്ജു അയാളെ കുലുക്കി ഉണർത്താൻ ശ്രമിച്ചു. "എന്താടി..." ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയ ദേഷ്യത്തിൽ മുരളി അവളോട് തട്ടിക്കേറി. "ചേച്ചിക്ക് തീരെ വയ്യ... പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോണം. അച്ഛൻ പോയി ഒരു വണ്ടി വിളിക്ക്." ഉണ്ടായ കാര്യങ്ങൾ അവൾ അയാളെ ധരിപ്പിച്ചു. മുണ്ടൊന്ന് മുറുക്കിയിടുത്ത് മുരളി മകൾക്ക് പിന്നാലെ ആരതി കിടക്കുന്ന മുറിയിലേക്ക് നടന്നു.

"മുരളിയേട്ടാ വേഗം പോയൊരു വണ്ടി വിളിച്ചു കൊണ്ടുവാ. മോള് എപ്പോ വേണോ പ്രസവിക്കും. സമയം വൈകുംതോറും കുഞ്ഞിന്റെ ജീവനും ആപത്താണ്." അയാളെ കണ്ടതും ഭാരതി പറഞ്ഞു. "അവൾ പ്രസവിക്കുന്നെങ്കിൽ ഇവിടെ തന്നെ പ്രസവിച്ചോട്ടെ. ആ നശിച്ച കുഞ്ഞ് ചത്ത്‌ മലച്ചാണ് പുറത്ത് വരുന്നതെങ്കിൽ അത്രേം നല്ലത്." വെറുപ്പോടെയുള്ള മുരളിയുടെ സംസാരം കേട്ട് വേദനയ്ക്കിടയിലും ആരതിയൊന്ന് ഞരങ്ങി. "അമ്മേ... എന്റെ കുഞ്ഞ്... ഞാൻ മരിച്ചാലും വേണ്ടില്ല... അതിനെയെങ്കിലും രക്ഷിക്കണം." ഇടർച്ചയോടെ അവളത് പറയുമ്പോൾ ഭാരതി മകളെ ചേർത്ത് പിടിച്ചു. "ഈ നേരത്താണോ നിങ്ങള് ഇമ്മാതിരി ചെറ്റ വർത്താനം പറയുന്നത്. വേഗം പോയി വണ്ടി വിളിച്ചുകൊണ്ടുവാ മനുഷ്യാ. ഇല്ലെങ്കിൽ നമ്മുടെ മോളെ കൂടി ജീവനോടെ കിട്ടിയെന്ന് വരില്ല. ഇവൾക്കോ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ ഞാൻ ജീവനോടെ വച്ചേക്കില്ല."

ഭാരതി അയാളെ നോക്കി അലറി. ഒരുനിമിഷം അവരെയൊന്ന് നോക്കി നിന്ന ശേഷം മുരളി പെട്ടെന്ന് പിന്തിരിഞ്ഞു മുറിയിലേക്ക് നടന്നു. അയയിൽ കിടന്നൊരു ഷർട്ട്‌ എടുത്ത് ഇട്ടുകൊണ്ട് ധൃതിയിൽ അയാൾ മുൻവാതിൽ തുറന്ന് പുറത്തേക്കിറങ്ങി പോയി. "അമ്മേ... എനിക്കൊട്ടും പറ്റുന്നില്ല... വേദന സഹിക്കാനാവുന്നില്ല." ഇരുകൈകകളും വയറിൽ അമർത്തി ആരതി ഏങ്ങിപ്പോയി. എന്താ ചെയ്യേണ്ടതെന്നറിയാതെ ചേച്ചിക്കരികിൽ പകച്ചിരിക്കുകയാണ് അഞ്ജു. "അമ്മേ... അച്ഛൻ വണ്ടി വിളിച്ചുകൊണ്ട് വരുമ്പോഴേക്കും എന്തെങ്കിലും സംഭവിക്കോ?" "ആശുപത്രിയിൽ എത്തുന്ന വരെ ഒന്നും ഉണ്ടാവാതിരുന്നാ മതി." ഭാരതിയുടെ മിഴികളിൽ ഭയം തെളിഞ്ഞു കാണാമായിരുന്നു. ആരതിക്ക്, പ്രസവത്തിന് ഡോക്ടർ കുറിച്ച് കൊടുത്ത തീയതിക്ക് ഇനിയും മൂന്നാഴ്ചയോളമുണ്ട്.

വണ്ടി വിളിക്കാൻ റോഡിലേക്കിറങ്ങിയ മുരളിക്ക് പരിസരത്തെങ്ങും ഒരു മനുഷ്യകുഞ്ഞിനെ പോലും കാണാൻ കിട്ടിയില്ല. അയാളുടെ ഉള്ളിലും ഭയം നാമ്പിട്ട് തുടങ്ങി. ആരതിയോടുള്ള ദേഷ്യത്തിൽ അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞത് വേണ്ടിയിരുന്നില്ല എന്ന് മുരളിക്ക് തോന്നി. എന്തിന്റെ പേരിലായാലും അവളുടെ ജീവന് ആപത്തൊന്നും വരരുതെന്ന് അയാൾക്കും ആഗ്രഹമുണ്ട്. റോഡിലൂടെ നടക്കുമ്പോഴും ആരതിക്ക് ഒന്നും സംഭവിക്കരുതേയെന്ന് മുരളിയുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്ത് അയാൾക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല. താനൊരു മെഡിക്കൽ വിദ്യാർത്ഥിയായാൽ ഇത്തരം സാഹചര്യങ്ങളിൽ പേടിച്ചു വിറച്ചു നിൽക്കാതെ സംയമനത്തോടെ കാര്യങ്ങളെ സമീപിക്കണമല്ലോ എന്ന ചിന്തയിൽ അഞ്ജു മനസ്സിന് ധൈര്യം നൽകി. ആരതിക്കരികിലിരുന്ന് അവളുടെ കൈകളെ മുറുക്കി പിടിച്ച് ചേച്ചിക്ക് അനിയത്തി ധൈര്യം പകർന്നുകൊടുത്തു. സമയം കടന്ന് പോകുംതോറും അവളുടെ അവസ്ഥ ദയനീയമായി കൊണ്ടിരുന്നു.

നട്ടെല്ല് തരിച്ചു പൊട്ടുന്ന വേദനയിൽ ആരതി അലറിക്കരഞ്ഞുപോയി. അവളുടെ വെപ്രാളവും പരവേശവുമൊക്കെ കണ്ടപ്പോൾ മകൾ ഏത് നിമിഷവും പ്രസവിക്കുമെന്ന് ഭാരതിക്ക് മനസ്സിലായി. ഇരുകാലുകളും അകത്തി വച്ച് കാൽപ്പാദങ്ങൾ നിലത്തൂന്നി പരമാവധി മുന്നോട്ടായാൻ പറഞ്ഞുകൊണ്ട് ഭാരതി അവളുടെ വയറിന് മുകളിൽ കൈകൾ കൊണ്ട് ഉഴിഞ്ഞു. ചേച്ചിയെ സഹായിച്ച് അഞ്ജുവും അരികിലിരുന്നു. തളർന്ന് മയങ്ങി പോവുന്ന ആരതിയുടെ കവിളിൽ തട്ടി അവൾ വിളിച്ചു. ഒട്ടേറെ നേരത്തെ ശ്രമത്തിനൊടുവിൽ കുഞ്ഞിന്റെ തല പുറത്ത് കാണാൻ തുടങ്ങി. സർവ്വശക്തിയും സംഭരിച്ച് അവൾ തന്നാലാവുംവിധം ശിരസ്സുയർത്തി പുഷ് ചെയ്തു. ഒടുവിൽ കുട്ടിയുടെ തല ഭാഗം മുഴുവൻ പുറത്തേക്ക് വന്നതും ഭാരതി കുഞ്ഞിനെ വലിച്ച് പുറത്തേക്കെടുത്തു. അഞ്ജു കൊടുത്ത കത്രിക കൊണ്ട് പൊക്കിൾകൊടി മുറിച്ചുമാറ്റുമ്പോൾ അവരുടെ കൈകൾ വിറപൂണ്ടു.

കുഞ്ഞിനെ പുറത്തെത്തിച്ചു കഴിഞ്ഞപ്പോഴേക്കും ആരതിയുടെ സ്ഥിതി ഗുരുതരമായി തുടങ്ങിയിരുന്നു. അവളിലെ നിലയ്ക്കാത്ത രക്തസ്രാവം ഇരുവരെയും ഭയത്തിലാഴ്ത്തി. സമയമപ്പോൾ വെളുപ്പിന് നാലര കഴിഞ്ഞിരുന്നു. ആരതി പ്രസവിച്ചത് ഒരാൺ കുഞ്ഞിനെയായിരുന്നു. കോട്ടൺ മുണ്ടിന്റെ തുണികൊണ്ട് ഭാരതി കുഞ്ഞിനെ നന്നായി തുടച്ച് വൃത്തിയുള്ള മറ്റൊരു വെള്ളമുണ്ടിൽ പൊതിഞ്ഞെടുത്തു. അതേസമയം വണ്ടി വിളിക്കാൻ പുറത്തേക്ക് പോയ മുരളിക്ക് റോഡിലെങ്ങും ഒരു ഓട്ടോ പോലും കിട്ടാതായപ്പോൾ അയാൾ സമയം പാഴാക്കാതെ പൂമഠത്തേക്ക് ഓടി. വെപ്രാളപ്പെട്ട് ഇറങ്ങിയപ്പോൾ മുരളി ഫോണെടുക്കാൻ മറന്നിരുന്നു. അതുകൊണ്ട് പൂമഠം വരെ നടക്കുകയേ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. വേലായുധനെ വിളിച്ചുണർത്തി കാര്യങ്ങൾ പറയുമ്പോൾ ആ നിമിഷം തന്നെ അയാൾ വണ്ടിയും എടുത്തിറങ്ങി. ഇരുവരും കാറിൽ വീട്ടിലെത്തുമ്പോൾ വെള്ള മുണ്ടിൽ പൊതിഞ്ഞെടുത്ത കുഞ്ഞിനെയും കൊണ്ട് അവരുടെ വരവും കാത്തിരിക്കുകയായിരുന്നു ഭാരതിയും അഞ്ജുവും.

ആരതി പാതി മയക്കത്തിൽ രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു. അവിടുത്തെ രംഗങ്ങൾ കണ്ട് ഇരുവരും ഒരു നിമിഷം പകച്ചുപോയെങ്കിലും, സമചിത്തത വീണ്ടെടുത്തുകൊണ്ട് ഭാരതിക്കൊപ്പം വേലായുധനും കൂടി ചേർന്നാണ് ആരതിയെ കാറിലേക്ക് എടുത്ത് കിടത്തിയത്. ഇത്തരം കാഴ്ചകൾ ആദ്യമായി കാണുന്നതിന്റെ ഞെട്ടലിൽ തരിച്ചു നിൽക്കുകയാണ് മുരളി. ആരതിയെ ആ അവസ്ഥയിൽ ഒന്ന് നോക്കാൻ കൂടി കഴിയാനാവാതെ അയാൾ വീടിനുള്ളിലേക്ക് കയറിപ്പോയി. മുരളിയെ താങ്ങാൻ നിൽക്കാതെ ഭാരതിയും അഞ്ജുവും കൈകുഞ്ഞിനെയും എടുത്ത് വേലായുധനൊപ്പം വണ്ടിയിൽ കയറി ഹോസ്പിറ്റലിലേക്ക് പോയി. കാഷ്വാലിറ്റിക്ക് മുൻപിൽ കാർ നിർത്തുമ്പോൾ ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ആരതി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറിനോട് നടന്ന കാര്യങ്ങൾ അഞ്ജു ചുരുക്കത്തിൽ അവതരിപ്പിച്ചു. ഡോക്ടറുടെ വിശദമായ പരിശോധനകൾക്കൊടുവിൽ ആരതിയെയും കുഞ്ഞിനെയും അത്യാഹിത വിഭാഗത്തിലേക്ക് ഉടനടി മാറ്റി.

ഹോസ്പിറ്റലിൽ കൊണ്ടുവരാൻ അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ അമ്മയെയും കുഞ്ഞിനെയും നഷ്ടപ്പെട്ടേനെയെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഇരുവരും തളർന്ന് പോയിരുന്നു. കണ്ണീരോടെ ഭാരതിയും അഞ്ജുവും അമ്മയ്ക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥനകളോടെ ആശുപത്രിയിൽ കഴിച്ചുകൂട്ടി. ################# ആരതിക്ക് ശരീരത്തിൽ നിന്നും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. ഹോസ്പിറ്റലിൽ എത്തിക്കാനും അവൾക്ക് അടിയന്തിരമായി ലഭിക്കേണ്ട ചികിത്സകളും വൈകിയതിനാലും ആരതിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവളുടെ ഗർഭപാത്രം നീക്കം ചെയ്യേണ്ടതായി വന്നു. ഒറ്റയ്ക്ക് ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നത് കൊണ്ട് ആരതിയുടെ കുഞ്ഞ് ഒരാഴ്ചയോളം തീവ്ര പരിചണ വിഭാഗത്തിൽ തന്നെയായിരുന്നു. അതുപോലെ കുട്ടിയുടെ ഇടത് കാലിന് അൽപ്പം നീളക്കുറവും ഉണ്ടായിരുന്നു. കാലിന് വൈകല്യമുള്ള കുഞ്ഞാണ് ജനിച്ചു വീണതെങ്കിലും ഭാരതിക്കും അഞ്ജുവിനും ഇരുവരെയും ജീവനോടെ തിരിച്ച് കിട്ടിയതിൽ ആശ്വാസം കൊണ്ടു. ഒരാഴ്ച ഐ സി യുവിൽ കിടത്തിയ ശേഷം ആരതിയെ മുറിയിലേക്ക് മാറ്റിയിരുന്നു. മോൻ അപ്പോഴും എൻ ഐ സി യുവിൽ തന്നെയായിരുന്നു.

ഇരുവരുടെയും ക്ഷേമമന്വേഷിക്കാൻ ഒരിക്കൽപോലും മുരളി അവിടേക്ക് വന്നതേയില്ല. അച്ഛനൊന്ന് തിരിഞ്ഞു നോക്കാത്തതിൽ ആരതിക്കും കടുത്ത മനോ വിഷമമുണ്ടായിരുന്നു. ഹോസ്പിറ്റലിലെ ഭാരിച്ച ചിലവുകൾ കൂടി തന്റെ മേലേക്ക് തന്നെ വരുമോന്ന് ഭയന്നാണ് മുരളി ആരതിയെയൊന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നിട്ട് കൂടി ആ ഭാഗത്തേക്ക് എത്തിനോക്കുക പോലും ചെയ്യാതിരുന്നത്. ഭാരതിയോ അഞ്ജുവോ അയാളോട് ഒന്നും മിണ്ടാനേ പോയില്ല. ആരതിയെ റൂമിലേക്ക് മാറ്റിയതിന്റെ മൂന്നാം ദിവസം കുഞ്ഞിനെയും റൂമിലേക്ക് മാറ്റി. ദിവസങ്ങൾക്ക് ശേഷം മോനെ അടുത്ത് കിട്ടിയതിന്റെ സന്തോഷം എല്ലാവരിലും നിറഞ്ഞു. പക്ഷേ അതേസമയം കുഞ്ഞിന്റെ കാലിന്റെ നീളക്കുറവ് മൂവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. പ്രസവാനന്തര വിഷാദത്തിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്ന ആരതിക്കും അത് പരീക്ഷണങ്ങളുടെ കാലമായിരുന്നു. കുഞ്ഞിന്റെ വിശപ്പ് മാറ്റാനുള്ള പാൽ പോലും ചുരത്താനാവാൻ കഴിയാതെ ആരതിയുടെ മനം നീറിപ്പുകഞ്ഞു. ശരീരത്തിന്റെ വേദനയും മാനസികമായ ബുദ്ധിമുട്ടുകളും അവളെ തളർത്തി.

ദിനം പ്രതി കൂടുതൽ ക്ഷീണിതയായി അവൾ കാണപ്പെട്ടു. ആരതിക്കും കുഞ്ഞിനും മൂന്നാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു അവൾ പ്രസവിച്ച വിവരം സുജിത്തിന്റെ വീട്ടിലും അറിഞ്ഞിരുന്നു. ഹോസ്പിറ്റലിലെ വിശേഷങ്ങളൊക്കെ ആരെങ്കിലും വഴി അവനും വീട്ടുകാരും അറിയുന്നുണ്ടായിരുന്നു. ഡോക്ടർ ഡിസ്ചാർജ് പറഞ്ഞ ദിവസമാണ് സുജിത്തിന്റെ അച്ഛനും അമ്മയും ആരതിയെ കാണാനായി അവിടേക്ക് വന്നത്. നിനച്ചിരിക്കാതെ വന്ന് ചേർന്ന ആഗതരെ കണ്ട് മൂവരും ഒന്ന് പകച്ചു. എന്താണാവരുടെ ഉദ്ദേശമെന്നറിയാതെ ഭാരതിയും അഞ്ജുവും ആരതിയും തമ്മിൽ തമ്മിൽ നോക്കി മൗനമായി സംവദിച്ചു. ചന്ദ്രനും സീമയും മുറിക്കുള്ളിലേക്ക് കടന്ന് വന്ന് കസേര നീക്കിയിട്ട് അവൾക്കരികിലായി ഇരുന്നു. ################ ഭാർഗവിയമ്മ നാട്ടിൽ നിന്നും പോന്നതിൽ പിന്നെ വീട്ടിലെ വിശേഷങ്ങളൊക്കെ അവർ അഞ്ജു വഴിയാണ് അറിഞ്ഞുകൊണ്ടിരുന്നത്.

അമ്മാമ്മ ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈൽ ഫോൺ ദുബായിലേക്ക് പോരാൻ നേരം അഞ്ജുവിന്റെ കൈയ്യിൽ കൊടുത്തിട്ടാണ് വന്നത്. അതുകൊണ്ട് ഇടയ്ക്ക് വല്ലപ്പോഴും ആതിര, അമ്മാമ്മയ്ക്ക് അഞ്ജുവിനെ ഫോണിൽ വിളിച്ചുകൊടുക്കും. അവളിൽ നിന്നറിയുന്ന കാര്യങ്ങളൊക്കെ അമ്മാമ്മ ഒന്നുവിടാതെ ആതിരയെ അറിയിക്കാറാണ് പതിവ്. ആരതിയുടെ പ്രസവവും മറ്റും ആതിരയും ഭാർഗവിയമ്മയും അറിഞ്ഞിട്ടില്ല. രാത്രി തിടുക്കപ്പെട്ട് ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അഞ്ജു, മൊബൈൽ കയ്യിലെടുത്തിരുന്നില്ല. അതുകൊണ്ട് നാട്ടിലേക്ക് വിളിച്ചപ്പോഴൊന്നും കാൾ കിട്ടിയതുമില്ലായിരുന്നു. ഹോസ്പിറ്റലിൽ നിന്ന് ദിവസേന വീട്ടിലേക്ക് വന്നും പോയും ഇരുന്നത് ഭാരതിയാണ്. അഞ്ജു മുഴുവൻ സമയവും ചേച്ചിക്കൊപ്പം തന്നെ നിന്നു. അന്ന് പക്ഷേ പതിവിന് വിപരീതമായി നാട്ടിൽ നിന്നും ഇങ്ങോട്ട് കാൾ വന്നപ്പോൾ ആതിര അമ്പരക്കാതിരുന്നില്ല. അമ്മാമ്മ തുമ്പി മോൾടെ കൂടെ ശ്രീറാമിന്റെ ഫ്ലാറ്റിലായിരുന്നതിനാൽ അവൾ തന്നെ കാൾ എടുത്തു. "ഹലോ..." "ഹലോ... ചേച്ചി..." ആതിരയുടെ ശബ്ദം കേട്ടപാടെ ഇടറിയുള്ള അഞ്ജുവിന്റെ സ്വരം കേട്ടതും അവൾ ജാഗരൂകയായി.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story