മറുതീരം തേടി: ഭാഗം 65

marutheeram thedi shiva

രചന: ശിവ എസ് നായർ

"എന്ത് പറ്റി അഞ്ജു?" പതിവില്ലാതെ അവളുടെ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞു ആതിര ചോദിച്ചു. "ചേച്ചി... ആരതിയേച്ചി പ്രസവിച്ചു, മോനാണ്. വീട്ടിൽ വച്ചായിരുന്നു പ്രസവം നടന്നത്." സംഭവിച്ച കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അഞ്ജു, ചേച്ചിയോട് പറഞ്ഞു. "എന്നിട്ട് ആരതിക്കിപ്പോ എങ്ങനെയുണ്ട്. കുഞ്ഞിനും പ്രശ്നമൊന്നുമില്ലല്ലോ അല്ലേ മാസം തികഞ്ഞാണോ പ്രസവിച്ചത്?" ആതിര ഉത്കണ്ഠയോടെ ആരാഞ്ഞു. "ഒൻപത് മാസം കഴിഞ്ഞിരുന്നു ചേച്ചി. പക്ഷേ ഡോക്ടർ ഡേറ്റ് തന്ന ദിവസത്തിന് രണ്ടാഴ്ച കൂടിയുണ്ടായിരുന്നു." "നിങ്ങളിപ്പോ എവിടെയാ? ഹോസ്പിറ്റലിലാണോ." "അല്ല ചേച്ചി, ഞങ്ങളിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് വന്നു. മൂന്നാഴ്ചയോളം അവിടെ അഡ്മിറ്റാക്കിയിരുന്നു. കുഞ്ഞിന് ഒരുകാലിന് നീളക്കുറവുണ്ട്. പിന്നെ ചേച്ചിക്ക് പാല് നല്ല കുറവായതുകൊണ്ട് പൊടിപാൽ കലക്കി കൊടുക്കുന്നുണ്ട്. പിന്നെ ഇന്ന് ഹോസ്പിറ്റലിൽ വച്ച് ഒരു സംഭവമുണ്ടായി." "എന്ത് സംഭവം?" "സുജിത്തേട്ടന്റെ അച്ഛനും അമ്മയും ചേച്ചിയെ കാണാൻ വന്നിട്ടുണ്ടായിരുന്നു. അവര് രണ്ടുപേരും ചേച്ചിയെ നന്നായി കുത്തിനോവിച്ചു.

ചട്ടുകാലനായ കുഞ്ഞ് അവരുടെ മോന് ഉണ്ടാവില്ലെന്നും ഈ കുഞ്ഞ് അവിഹിതത്തിൽ ഉണ്ടായതാണെന്നും കുഞ്ഞിന്റെ പേര് ചൊല്ലി ഇനിയൊരു അവകാശവും കൊണ്ട് അങ്ങോട്ട് ചെന്നേക്കരുതെന്നും പറഞ്ഞ് കുറേ നോട്ടുകെട്ട് ചേച്ചിക്ക് കൊടുക്കാനാ അവർ വന്നത്. ചേച്ചി ആ പൈസ അവരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഓടിച്ചുവിട്ടു. ചേച്ചിക്കിപ്പോ അങ്ങോട്ട്‌ പോണമെന്നൊന്നും ആഗ്രഹമില്ല." "ഹ്മ്മ് അതേതായാലും നന്നായി. ഇപ്പോഴെങ്കിലും അവൾക്ക് ബോധം വന്നല്ലോ. നീയും അമ്മയും ഇപ്പോ അവളെയും കുഞ്ഞിനേയും നന്നായി നോക്കണം." "നോക്കുന്നുണ്ട് ചേച്ചി... പക്ഷേ അച്ഛനിപ്പോ ഞങ്ങളോട് പഴയ സ്നേഹമൊന്നുമില്ല. ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വന്നപ്പോൾ ആരതി ചേച്ചിയെ വന്നൊന്ന് നോക്കിയിട്ട് കുഞ്ഞിനെ തിരിഞ്ഞുപോലും നോക്കാതെയാ പോയത്." ഒട്ടൊരു വിഷമത്തോടെ അഞ്ജു പറഞ്ഞു. "നിങ്ങളുടെ പ്രവൃത്തിയും മോശമല്ലല്ലോ. അതുകൊണ്ട് അച്ഛനെ മാത്രം പഴി ചാരണ്ട." "എന്റെ പഠിപ്പ് മുടങ്ങുമെന്നോർത്ത് പേടിച്ചിട്ടാ ചേച്ചി ഞാൻ അങ്ങനെയൊക്കെ..."

അവൾ അർധോക്തിയിൽ നിർത്തി. "ഇനി കഴിഞ്ഞതൊന്നും പറഞ്ഞിരുന്നിട്ട് കാര്യമില്ലല്ലോ. പിന്നെ നിന്റെ എൻട്രൻസ് റിസൾട്ട്‌ എന്നാ വരുന്നത്?" "നാളെ വരുമെന്നാണ് ചേച്ചി അറിഞ്ഞത്." "നല്ല റിസൾട്ട്‌ കിട്ടുമെന്ന് നിനക്ക് പ്രതീക്ഷയുണ്ടോ?" "ഞാൻ നന്നായിട്ട് തന്നെയാ ചേച്ചി എക്സാം എഴുതിയത്. എനിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്." "ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടല്ലോ. നിന്റെ എൻട്രൻസ് കോച്ചിംഗിനും മറ്റുമായി ഇപ്പോത്തന്നെ രണ്ട് ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്. ആ കടയിരിക്കുന്ന സ്ഥലത്തിന് ഇന്നത്തെ വില വച്ച് കിട്ടുന്നത് ഒൻപത് ലക്ഷം രൂപയാണ്. എന്നിട്ടും നിനക്ക് വേണ്ടി ഞാൻ പതിനൊന്നുലക്ഷം വരെ തരാമെന്ന് പറഞ്ഞിട്ടുണ്ട്. അതിൽ രണ്ടരലക്ഷം ഇപ്പൊത്തന്നെ തീർന്നിട്ടുണ്ട്. നിനക്ക് അയച്ചുതരുന്ന ഓരോ രൂപയ്ക്കും കണക്കുണ്ടെന്ന് ഓർമ്മ വേണം. എൻട്രൻസ് എക്സാമിൽ നല്ല സ്കോറില്ലെങ്കിൽ നിനക്ക് ഗവണ്മെന്റ് കോളേജിലൊന്നും അഡ്മിഷൻ കിട്ടില്ല. പ്രൈവറ്റായിട്ട് ചേർന്ന് പഠിക്കാൻ നല്ലൊരു തുകയാവും. അതിനുള്ള പൈസയൊന്നും ആ കട വിൽക്കുന്നതിൽ നിന്ന് കിട്ടില്ലെന്ന്‌ അറിയാല്ലോ നിനക്ക്"

"എനിക്കറിയാം ചേച്ചി. റിസൾട്ട്‌ ഒന്ന് വന്നോട്ടെ. ഞാൻ പ്രതീക്ഷിക്കുന്ന റാങ്കില്ലെങ്കിൽ പിന്നെ എനിക്ക് പ്രൈവറ്റായിട്ടൊന്നും പഠിക്കണ്ട. ഒരു വർഷം കൂടി ഞാൻ റിപ്പീറ്റ് ചെയ്യും. അതിലും കിട്ടിയില്ലെങ്കിലേ ഞാൻ ഇതിൽ നിന്ന് പിന്മാറുള്ളു." "അതൊക്കെ നിന്റെ ഇഷ്ടം... എൻട്രൻസ് പോയാൽ പിന്നെ കൈയിലുള്ള പൈസയ്ക്ക് പറ്റുന്ന കോഴ്സ് നോക്കി ചേരേണ്ടി വരും നിനക്ക്." ആതിര ഒരു ഓർമ്മപ്പെടുത്തലെ ന്നോണം പറഞ്ഞു. "അങ്ങനെയൊന്നും ഉണ്ടാവില്ല ചേച്ചി. ഞാൻ നന്നായി പഠിച്ചെഴുതിയിട്ടുണ്ട്." "എന്താണെങ്കിലും നിന്റെ ഇഷ്ടംപോലെ ചെയ്തോ. പക്ഷേ ഞാൻ നാട്ടിൽ വരുമ്പോൾ ആ കട നീയെനിക്ക് എന്റെ പേരിൽ രെജിസ്ട്രേഷൻ ചെയ്ത് തരണം. അപ്പോ ബാക്കി തരാനുള്ള മുഴുവൻ പൈസയും നിന്റെ അക്കൗണ്ടിൽ വന്നിരിക്കും. അതുവരെ ആ കട വിറ്റിട്ടില്ലെന്ന കാര്യം നീ വഴി വീട്ടിൽ ആരും അറിയാനും പാടില്ല." "ഞാനാരോടും പറഞ്ഞിട്ടില്ല... ചേച്ചി ഇനി എന്നാ നാട്ടിലേക്ക്. ഉടനെ വരുമോ?" "ഇപ്പോ നാട്ടിൽ വന്നിട്ടും പ്രത്യേകിച്ച് വിശേഷമൊന്നുമില്ലല്ലോ. എനിക്ക് വേണ്ടപ്പെട്ട ആരും അവിടെയില്ലല്ലോ."

മുനവച്ചുള്ള ചേച്ചിയുടെ സംസാരം അഞ്ജുവിനെ വേദനിപ്പിച്ചു. "ചേച്ചിയോട് ചെയ്ത് പോയതൊക്കെ തെറ്റാണെന്ന് വളരെ വൈകിയാണ് ഞങ്ങൾ മനസ്സിലാക്കിയത്. അമ്മയ്ക്കും ആരതിയേച്ചിക്കുമൊക്കെ ചേച്ചിയെ കാണാൻ ആഗ്രഹമുണ്ട്." "എന്തായാലും ഈ വർഷം ഞാൻ നാട്ടിലേക്കില്ല. നിനക്ക് പതിനെട്ടുവയസ്സ് കഴിഞ്ഞാലല്ലേ എന്റെ പേരിലേക്ക് കടയിരിക്കുന്ന സ്ഥലം രെജിസ്ട്രേഷൻ ചെയ്ത് തരാൻ പറ്റുള്ളൂ. അതിനിനിയും പത്ത് മാസത്തോളം സമയമില്ലേ. അപ്പോ വരുന്നുണ്ട് ഞാൻ." ഒഴുക്കൻ മട്ടിൽ ആതിര പറഞ്ഞു. "ആഹ് ചേച്ചി. പിന്നെ തുമ്പി മോൾക്ക് സുഖമാണോ." "ഹാ അവൾക്ക് സുഖാണ്." "നിന്നെ ഞാൻ പിന്നെ വിളിക്കാം. അമ്മാമ്മ അപ്പുറത്തെ ഫ്ലാറ്റിലാണ്." ആതിര ആ സംഭാഷണം എത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. "ചേച്ചിയെങ്കിൽ ഫോൺ വച്ചോളു. അമ്മാമ്മ വരുമ്പോൾ വിളിക്ക്, ഞാൻ വയ്ക്കുവാ." ആതിരയുടെ സ്വരത്തിലെ അനിഷ്ടം തിരിച്ചറിഞ്ഞ് അഞ്ജു തന്നെ കാൾ കട്ട്‌ ചെയ്തു. ആരതിയുടെ ഇപ്പോഴത്തെ അവസ്ഥ അനിയത്തിയിൽ നിന്ന് കേട്ടറിഞ്ഞപ്പോൾ ആതിരക്ക് വിഷമം തോന്നി.

എങ്കിലും അവരെയാരെയും കാണാനോ ഒന്നു മിണ്ടാനോ അവൾക്ക് മനസ്സ് വന്നില്ല. അഞ്ജുവിനെ വിളിക്കുമ്പോൾ പോലും ഒന്നോ രണ്ടോ വാക്കുകളിൽ സംസാരം ചുരുക്കി ഫോൺ അമ്മാമ്മയ്ക്ക് കൊടുക്കാറാണ് പതിവ്. സ്വന്തം വീട്ടിൽ അനുഭവിച്ച ഒറ്റപ്പെടലും വേദനയും പിന്നീടവൾക്ക് വന്നുചേർന്ന കഷ്ടപ്പാടും ദുരിതങ്ങളും ആതിരയുടെ മനസ്സിനെ അത്രത്തോളം കല്ലാക്കി മാറ്റിയിരുന്നു. അതുകൊണ്ട് വീട്ടിൽ ആരോടുംതന്നെ മനസ്സ് കൊണ്ടൊരു അടുപ്പം അവൾക്ക് തോന്നിയില്ല. "അമ്മാമ്മേ... തുമ്പി മോളെവിടെ? അവള് കൂടെ വന്നില്ലേ?" രാത്രി ശ്രീറാമിന്റെ ഫ്ലാറ്റിൽ നിന്ന് അമ്മാമ്മ മാത്രം തിരികെ വരുന്നത് കണ്ട് ആതിര ചോദിച്ചു. "നാളെ അവരെല്ലാവരും നാട്ടിലേക്ക് പോകുവല്ലേ. ഇനി ഒരു മാസം കഴിഞ്ഞല്ലേ കാണാൻ പറ്റുള്ളൂ. അതുകൊണ്ട് മോളിന്ന് അവിടെ കിടന്നോട്ടെയെന്ന് ദേവകി പറഞ്ഞു. മോൾക്കും കൂടെ വരാൻ നല്ല മടിയായിരുന്നു. അതുകൊണ്ട് ഞാനിങ്ങ് പോന്നു." ശ്രീറാമും വീട്ടുകാരും നാളെ നാട്ടിലേക്ക് പോവുകയാണ്. പിന്നെ ഒരു മാസം കഴിഞ്ഞേ തിരികെ വരുള്ളൂ. "

എങ്കിൽപിന്നെ അവളിന്ന് അവിടെ കിടന്നോട്ടെ. തുമ്പിക്ക് എന്നേക്കാൾ ഇഷ്ടാണ് ശ്രീറാം സാറിന്റെ ന്റെ അമ്മയെ." "അവൾക്ക് ഓർമ്മ വച്ച നാൾ മുതൽ കാണുന്ന മുഖമല്ലേ. പിന്നെ നീ ജോലിക്ക് പോയിരുന്നപ്പോഴൊക്കെ അവരുടെയൊപ്പം തന്നെയല്ലായിരുന്നോ, അതാവും." ഭാർഗവിയമ്മയുടെ വാക്കുകൾ അവളും ശരി വച്ചു. "കുറച്ചുമുൻപ് അഞ്ജു ഇങ്ങോട്ട് വിളിച്ചിരുന്നു. ആരതി പ്രസവിച്ചു, ആൺകുട്ടിയാണ്." തുടർന്ന് അഞ്ജു പറഞ്ഞ കാര്യങ്ങളൊക്കെ ഒന്ന് വിടാതെ ആതിര അവരോട് പറഞ്ഞു. "എന്റീശ്വരാ... എന്തൊക്കെ പരീക്ഷണങ്ങളാ എന്റെ കുട്ടികൾക്ക് നീ കൊടുക്കുന്നത്. ആരതി മോൾക്ക് കുഴപ്പൊന്നുമില്ലല്ലോ അല്ലെ മോളെ." അമ്മാമ്മയുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ കൊച്ചുമക്കളോടുള്ള അവരുടെ സ്നേഹം എത്രത്തോളം ആഴമുള്ളതാണെന്ന് ആതിരയ്ക്ക് മനസ്സിലായി. "ഇപ്പൊ അവൾക്ക് കുഴപ്പമൊന്നുമില്ല അമ്മാമ്മേ. അവളെയും കുഞ്ഞിനെയും ഇന്ന് വീട്ടിലേക്ക് കൊണ്ട് വന്നു. എന്തായാലും നാളെ ഞാൻ അഞ്ജുവിനെ ഫോണിൽ വിളിച്ച് തരാം." "എന്തൊക്കെയാണെങ്കിലും കൂട്ടിനാരുമില്ലാതെ എന്റെ കുഞ്ഞ് അനുഭവിച്ചതൊന്നും അവര് അനുഭവിക്കേണ്ടി വന്നിട്ടില്ല മോളെ. നീ പ്രസവിച്ചു കിടന്നപ്പോ ഒരാള് പോലും തുണയില്ലാതെയല്ലേ നീ കുഞ്ഞിനേം കൊണ്ട് ജീവിച്ചത്. ആരതിക്ക് ആ അവസ്ഥ ഉണ്ടായില്ലല്ലോ.

അവളുടെ കൂടെ ഭാരതിയും അഞ്ജുവുമൊക്കെ ഉണ്ടല്ലോ." അലിവോടെ ഭാർഗവിയമ്മ അവളുടെ ശിരസ്സിൽ തഴുകി. ഒരു കൊച്ചുകുഞ്ഞിനെ പോലെ ആതിര അമ്മാമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു. പിറ്റേദിവസം എൻട്രൻസ് എക്സാമിന്റെ റിസൾട്ട്‌ പുറത്ത് വരുമ്പോൾ അഞ്ജുവിന് പ്രതീക്ഷിച്ച റാങ്കുണ്ടായിരുന്നില്ല. അതവളെ ഏറെ നിരാശയാക്കിയെങ്കിലും അഞ്ജു തളരാതെ വീണ്ടും റിപീറ്റ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അവൾ വീണ്ടും പാലായിലേക്ക് എൻട്രൻസ് കോച്ചിംഗിനായി തിരിച്ചുപോയി. 🍁🍁🍁 ഉച്ചയ്ക്കത്തെ ഫ്‌ളൈറ്റിനാണ് റാമും ഫാമിലിയും നാട്ടിലേക്ക് പോകുന്നത്. ബ്രേക്ക് ഫാസ്റ്റ് ആതിരയുടെ ഫ്ലാറ്റിലായോണ്ട് രാവിലെതന്നെ എല്ലാവരും ആതിരയുടെ ഫ്ലാറ്റിൽ ഒത്തുകൂടിയിട്ടുണ്ട്. ഭാർഗവിയമ്മയും ആതിരയും കൂടി അവർക്കുള്ള ചപ്പാത്തിയും വെജ് കുറുമയും വിളമ്പി കൊടുക്കുന്നുണ്ട്. "ആതിരാ... ഇത് ക്രിസ്റ്റി വരുമ്പോൾ കൊടുത്തേക്കണേ."

ശ്രീറാം തന്റെ കാറിന്റെ കീ ആതിരയുടെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു. "കൊടുക്കാം സർ, ക്രിസ്റ്റി എപ്പഴാ കീ വാങ്ങാൻ വരുക. ഇന്ന് വരുമോ?" "ഇന്ന് വരില്ല. എന്തോ മീറ്റിങ്ങുമായി ബന്ധപ്പെട്ട് ക്രിസ്റ്റി ബഹ്‌റൈൻ വരെ പോയിരിക്കുകയാണ്. രണ്ട് ദിവസം കഴിഞ്ഞേ എത്തുള്ളു എന്നാ പറഞ്ഞത്." "വരുമ്പോൾ ഞാനെന്തായാലും കൊടുത്തേക്കാം." റാമിന്റെ കൈയ്യിൽ നിന്ന് കീ വാങ്ങി അവൾ ഭിത്തിയിൽ പതിപ്പിച്ചിരുന്ന റിംഗിൽ കൊളുത്തിയിട്ടു. ഭക്ഷണശേഷം എല്ലാവരും തയ്യാറായി ഇറങ്ങി. ആതിരയും ഭാർഗവി അമ്മയും തുമ്പി മോളും അവരെ യാത്രയാക്കാൻ എയർപോർട്ടിൽ ഒപ്പം ചെന്നു. എല്ലാവരും ടാറ്റ പറഞ്ഞു പോകുമ്പോൾ തുമ്പി മോൾ നല്ല കരച്ചിലായിരുന്നു. അവളും അവർക്കൊപ്പം പോകാൻ വാശി പിടിച്ചു കരഞ്ഞു. ഫ്ലാറ്റിൽ മടങ്ങി എത്തിയിട്ടും മോൾടെ കരച്ചിലിന് ശമനമില്ലായിരുന്നു. കുഞ്ഞിനെ സമാധാനപ്പെടുത്താൻ ആതിര നന്നേ കഷ്ടപ്പെട്ടു. ഒടുവിൽ കരഞ്ഞ് കരഞ്ഞാണ് തുമ്പി കുട്ടി ആ രാത്രി ഉറങ്ങിയത്. രണ്ട് ദിവസം മോൾക്ക് സങ്കടമുണ്ടാവുമെന്ന് ആതിര ഓർത്തു.

എന്തെങ്കിലും പറഞ്ഞു കുഞ്ഞിനെ സമാധാനിപ്പിക്കാമെന്ന ചിന്തയായിരുന്നു അവളിൽ. 🍁🍁🍁 രണ്ട് ദിവസമായിട്ട് തുമ്പി മോൾക്ക് കടുത്ത പനിയാണ്. അതുകൊണ്ട് തന്നെ കുഞ്ഞ് ആഹാരം കഴിക്കാനും മരുന്ന് കുടിക്കാനുമൊക്കെ നല്ല വാശിയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ചെങ്കിലും തുമ്പി കുട്ടിയുടെ പനി വിട്ട് മാറിയിരുന്നില്ല. പകൽ ആതിര ഡ്യൂട്ടിക്ക് പോകുമ്പോൾ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ഭാർഗവിയമ്മയാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വന്നതിന് ശേഷം ഉറക്കം പോലും ഉപേക്ഷിച്ച് അവൾ തുമ്പിക്കൊപ്പമായിരിക്കും മുഴുവൻ സമയവും. പനി ഇങ്ങനെ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നത് കൊണ്ട് ആതിര നല്ല ടെൻഷനിലായിരുന്നു. കുഞ്ഞിനൊരു പനിയോ ജലദോഷമോ വരുന്നത് പോലും അവളിലെ അമ്മയെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.

രണ്ട് മൂന്നു ദിവസം കൊണ്ടുതന്നെ മോളാകെ ക്ഷീണിച്ചു കോലം കെട്ടിയിരുന്നു. രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ കുഞ്ഞിന് അൽപ്പം പനി കുറവുള്ളത് അവൾക്കൊരു ആശ്വാസമായിരുന്നു. പക്ഷേ ആ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ലെന്ന് ആതിരയപ്പോൾ അറിഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് തുമ്പി മോൾക്ക് അൽപ്പം കഞ്ഞി കോരി കൊടുത്ത ശേഷം മരുന്ന് കുടിപ്പിച്ച് കുഞ്ഞിനെ ഉറക്കിയിട്ട് കുളിക്കാൻ പോയതായിരുന്നു ഭാർഗവിയമ്മ. പക്ഷേ തിരികെ വരുമ്പോൾ വായിൽ നിന്നും നുരയും പതയും വന്ന് അനക്കമറ്റ് കിടക്കുന്ന തുമ്പി മോളെ കണ്ട് അവർ ഞെട്ടിത്തരിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ഭാർഗവിയമ്മ കുഞ്ഞിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും തുമ്പി മോളുടെ കണ്ണുകൾ തുറന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ ആരോടാ സഹായം ചോദിക്കേണ്ടതെന്നറിയാതെ അവർ പകച്ചിരുന്നു..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story