മറുതീരം തേടി: ഭാഗം 66

marutheeram thedi shiva

രചന: ശിവ എസ് നായർ

എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ഭാർഗവിയമ്മ കുഞ്ഞിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും തുമ്പി മോൾ കണ്ണുകൾ തുറന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ, ആരോടാ സഹായം ചോദിക്കേണ്ടതെന്നറിയാതെ അവർ പകച്ചിരുന്നു. പെട്ടെന്നാണ് പുറത്താരോ കാളിങ് ബെല്ലിൽ വിരലമർത്തിയത്. കുഞ്ഞിനെ തോളിലെടുത്തിട്ട് കൊണ്ട് ഭാർഗവിയമ്മ വേഗം വാതിലിന് നേർക്ക് നടന്നു. വാതിൽ തുറന്ന് നോക്കുമ്പോൾ തൊട്ട് മുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്ന ക്രിസ്റ്റിയെ കണ്ടതും ഭാർഗവിയമ്മയ്ക്ക് പുതുജീവൻ വീണത് പോലെയായിരുന്നു. "അമ്മാമ്മേ... ഞാൻ റാമിന്റെ കാറിന്റെ കീ എടുക്കാൻ വന്നതാ. തുമ്പി മോൾ ഉറക്കാണോ?" അമ്മാമ്മയുടെ തോളിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി അവൻ ചോദിച്ചു. "മോനെ... മോളെ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ട് പോണം. കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയുമൊക്കെ വന്ന് അനക്കമില്ലാണ്ട് കിടക്കുവാണ്." ഭാർഗവിയമ്മ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. "മോൾക്കെന്ത് പറ്റി അമ്മാമ്മേ? ഞാൻ നോക്കട്ടെ."

അമ്മാമ്മയുടെ തോളിൽ നിന്ന് കുഞ്ഞിനെയെടുത്ത് സോഫയിലേക്ക് കിടത്തി ക്രിസ്റ്റി കുഞ്ഞിന്റെ നാഡി പിടിച്ചു നോക്കി. "രണ്ടുമൂന്ന് ദിവസായിട്ട് മോൾക്ക് പനിക്കുന്നുണ്ടായിരുന്നു. ഇന്ന് ഇത്തിരി കുറഞ്ഞതുമാണ്. കഞ്ഞി കൊടുത്ത് മരുന്നും കുടിപ്പിടിച്ചു ഞാനൊന്ന് കുളിച്ചു വരുമ്പോ കാണുന്നത് ഇങ്ങനെയാ. എന്താ ചെയ്യേണ്ടത്, ആരെയാ വിളിക്കേണ്ടതെന്ന് അറിയാതെ പേടിച്ച് നിക്കുവായിരുന്നു ഞാൻ. മോനെ ദൈവായിട്ടാ ഇപ്പൊ ഇവിടെയെത്തിച്ചത്." ഭാർഗവിയമ്മ കണ്ണ് തുടച്ചു. "നമുക്ക് എത്രയും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലെത്തണം. മോൾക്ക് പനി കൂടിയിട്ട് ജെന്നി വന്നതാണ്. പൾസ് റേറ്റും നന്നായി കുറഞ്ഞിട്ടുണ്ട്." ക്രിസ്റ്റി പെട്ടെന്ന് തന്നെ ആംബുലൻസിന് വിളിച്ചുപറഞ്ഞു. ആതിര വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിലേക്കാണ് അവൻ വിളിച്ചത്. ആംബുലൻസ് താഴെ എത്തിയതും തുമ്പി മോളെ എടുത്ത് തോളിൽ കിടത്തി ക്രിസ്റ്റി ധൃതിയിൽ പുറത്തേക്ക് കടന്നു. വാതിൽ പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ട് അവന് പിന്നാലെ അമ്മാമ്മയും വേഗത്തിൽ നടന്നു. ഇരുവരും ലിഫ്റ്റിൽ കയറി താഴെയെത്തി.

കുഞ്ഞിനെ ആംബുലൻസിലേക്ക് എടുത്തുകിടത്തി ഇരുവരും ഒപ്പം കയറി. ക്രിസ്റ്റിയുടെ മുഖത്തെ പരിഭ്രമം ഭാർഗവിയമ്മയെ ഭീതിയിലാഴ്ത്തി. "മോനെ... മോൾക്ക് കുഴപ്പമൊന്നും വരില്ലല്ലോ അല്ലെ." അവരുടെ സ്വരം നേർത്തുപോയിരുന്നു. "ഇല്ലമ്മാമ്മേ... കുഞ്ഞിന് ഒന്നും വരില്ല. അമ്മാമ്മ പേടിക്കാതിരിക്ക്." തന്റെയുള്ളിലെ ഭയം പുറത്ത് കാട്ടാതെ ശബ്ദത്തിൽ സ്വാഭാവികത വരുത്തി ക്രിസ്റ്റി പറഞ്ഞു. *********** ഹോസ്പിറ്റൽ കാന്റീനിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ആതിരയെ കാണാനായി ക്രിസ്റ്റി വന്നത്. "ഏഹ്... ക്രിസ്റ്റി എന്താ ഇവിടെ?" അവനെ കണ്ടപാടെ അവൾ ചോദിച്ചു. "തന്നെ കാണാൻ വേണ്ടി വന്നതാ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വേറൊരു നഴ്സിനോട് ചോദിച്ചപ്പോഴാ താനിവിടെ ഉണ്ടെന്ന് പറഞ്ഞത്." ആതിരയ്ക്ക് എതിരായുള്ള ചെയറിൽ ക്രിസ്റ്റിയും ഇരുന്നു. "മോൾക്ക് വയ്യ ക്രിസ്റ്റി, പനിയാണ്. ശ്രീറാം സാറും ഫാമിലിയും പോയപ്പോൾ മുതൽ തുമ്പി ഒരേ കരച്ചിലാ. അവസാനം പനിയും പിടിച്ചു. ഡോക്ടറെ കാണിച്ചിട്ടും വല്യ മാറ്റമില്ല. ഇടയ്ക്കിങ്ങനെ കൂടിയും കുറഞ്ഞും ഇരിക്കാ.

മോൾക്ക് വയ്യാതായത് കൊണ്ട് വീട്ടിൽ നിന്ന് ഫുഡ് കൊണ്ട് വരാറില്ല. രണ്ട് മൂന്നു ദിവസമായിട്ട് ക്യാന്റീനിൽ നിന്നാ കഴിക്കുന്നത്." അവളുടെ സംസാരം കേട്ടപ്പോൾ ക്രിസ്റ്റിക്ക് വല്ലാത്ത മനപ്രയാസം അനുഭവപ്പെട്ടു. "ശ്രീറാം സാറും ഫാമിലിയും നാട്ടിലേക്ക് പോയല്ലേ. എന്നോട് പറഞ്ഞിരുന്നു." "ക്രിസ്റ്റി എപ്പോഴാ ബഹ്‌റൈൻ നിന്ന് വന്നത്. ക്രിസ്റ്റി വരുമ്പോൾ തരാനായി റാം സാറിന്റെ കാറിന്റെ കീ എന്റെ കൈയ്യിൽ തന്നിരുന്നു." "ഞാൻ ബഹ്‌റൈൻ നിന്ന് വരുന്ന വഴിയാണ്. കാറിന്റെ കീ എനിക്ക് കിട്ടി, ഞാൻ ഫ്ലാറ്റിൽ പോയിരുന്നു." "ക്രിസ്റ്റി ഫ്ലാറ്റിൽ പോയിട്ടാണോ വരുന്നത്. എന്നിട്ട് മോളെ കണ്ടില്ലേ?" "കണ്ടു... അത് പറയാനാണ് ഞാനിങ്ങോട്ട് വന്നത്." അവന്റെ മിഴികോണുകളിൽ ഉരുണ്ടുകൂടുന്ന നീർക്കണങ്ങൾ കണ്ടതും അവൾക്ക് നെഞ്ചിലൊരു കൊളുത്തിവലി അനുഭവപ്പെട്ടു. "എന്താ ക്രിസ്റ്റി എന്തുപറ്റി? മോൾക്ക് പനി കൂടിയോ വീണ്ടും?" അവളുടെ ശബ്ദത്തിലെ ഇടർച്ച അവൻ വ്യക്തമായി തിരിച്ചറിഞ്ഞു. "ഞാൻ ഫ്ലാറ്റിൽ ചെല്ലുമ്പോൾ മോൾക്ക് പനി കൂടിയിട്ട് ജെന്നി വന്ന് ഓർമ്മയില്ലാതെ കിടക്കുകയായിരുന്നു.

അപ്പോൾതന്നെ കുഞ്ഞിനേം കൊണ്ട് ഞാനിങ്ങോട്ട് പോന്നു. പീഡിയാട്രീഷ്യൻ പരിശോധിച്ചിട്ട് മോളെ ഇവിടെ അഡ്മിറ്റാക്കിയിട്ടുണ്ട്." പതിഞ്ഞ ശബ്ദത്തിൽ ക്രിസ്റ്റിയത് പറയുമ്പോൾ അവളുടെ ഉടലൊന്ന് വിറച്ചു. "ഈശ്വരാ... എന്റെ മോൾ..." ഭക്ഷണം മതിയാക്കി ആതിര പെട്ടെന്നെഴുന്നേറ്റ് കൈകഴുകി. "താൻ പേടിക്കണ്ടടോ.... മോൾക്ക് കുഴപ്പമൊന്നുമില്ല." അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "ഡോക്ടർ നോക്കിയിട്ട് എന്താ ക്രിസ്റ്റി പറഞ്ഞത്." കുട്ടികളെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന ബ്ലോക്കിലേക്ക് നടക്കുന്നതിനിടയിൽ ആതിര ചോദിച്ചു. "ഡോക്ടർ ഒന്നും വിട്ട് പറഞ്ഞിട്ടില്ല ആതിരാ." ഡോക്ടർ പറഞ്ഞതൊന്നും അവളോട് തുറന്ന് പറയാനുള്ള ധൈര്യം അവനില്ലായിരുന്നു. താൻ പറഞ്ഞില്ലെങ്കിലും കുറച്ചു കഴിഞ്ഞാൽ ഡോക്ടറിൽ നിന്ന് ആതിര സത്യങ്ങൾ അറിയുമെന്ന് ക്രിസ്റ്റിക്കറിയാം. അതുവരെയെങ്കിലും അവളൊന്ന് സമാധാനിച്ചോട്ടെയെന്ന് കരുതി അവൻ മൗനം പാലിച്ചു. കുട്ടികളുടെ വാർഡിന് പുറത്ത് കരഞ്ഞു കലങ്ങിയ മുഖവുമായി ഇരിക്കുന്ന ഭാർഗവിയമ്മയെ കണ്ട് ആതിര അവർക്കടുത്തേക്ക് ചെന്നു.

"മോൾക്ക് എന്ത്‌ പറ്റിയതാ അമ്മാമ്മേ." "ഉച്ച വരെ കുഴപ്പമൊന്നും തോന്നിയില്ല മോളെ. കുറച്ചു കഞ്ഞി കൊടുത്ത് മരുന്നും കുടിപ്പിച്ച് മോളെ ഉറക്കിയിട്ട് ഞാനൊന്ന് കുളിക്കാൻ പോയതാ. പിന്നെ തിരിച്ചു വരുമ്പോൾ കാണുന്നത് വായിൽ നിന്ന് നുരയും പതയും വന്ന് അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെയാ. ആ സമയത്ത് ക്രിസ്റ്റി മോൻ വന്നത് കൊണ്ട് പെട്ടെന്ന് തന്നെ ഇങ്ങോട്ട് കൊണ്ട് വന്നു." "ഞാനൊന്ന് മോളെയും ഡോക്ടറെയും കണ്ട് വരാം." അവരെ നോക്കി അത്രേം പറഞ്ഞുകൊണ്ട് അവൾ വാർഡിലേക്ക് പോയി. പക്ഷേ വാർഡിലേങ്ങും തുമ്പി മോൾ ഉണ്ടായിരുന്നില്ല. അവിടെ ഡ്യൂട്ടിയിൽ നിന്ന നഴ്സിനോട് ചോദിച്ചപ്പോഴാണ് കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നറിഞ്ഞത്. ഉള്ളിൽ നുരഞ്ഞു പൊന്തിയ ഭയത്തെ അടക്കി നിർത്തി അവൾ കുട്ടികളെ അഡ്മിറ്റ്‌ ചെയ്യുന്ന ഐ സി യുവിന് അരികിലേക്ക് നടന്നു. വളരെ സീരിയസ് കേസാണെങ്കിൽ മാത്രമാണ് കുഞ്ഞുങ്ങളെ അവിടേക്ക് ഷിഫ്റ്റ് ചെയ്യാറുള്ളു. അതുകൊണ്ട് തന്നെ തുമ്പി മോൾടെ അവസ്ഥ അവൾക്ക് ഊഹിക്കാവുന്നതായിരുന്നു.

യന്ത്രോപകരണങ്ങളുടെ സഹായത്തോടെ ശ്വാസോച്ഛാസമെടുത്ത് തളർന്ന് മയങ്ങുന്ന തുമ്പി മോളെ നോക്കി നിൽക്കുമ്പോൾ ആതിരയുടെ മിഴികളിൽ നീർക്കണങ്ങൾ വന്ന് മൂടിയിരുന്നു. തന്റെ കുഞ്ഞിനെ അധികനേരം അങ്ങനെ കണ്ട് നിൽക്കാനുള്ള ത്രാണിയില്ലാതെ അവൾ വേഗം അവിടെ നിന്ന് പിൻവാങ്ങി. "ഡോക്ടർ... എന്റെ മോൾ... അവൾക്കെന്ത് പറ്റി ഡോക്ടർ?" ഗദ്ഗദം ഉള്ളിലടക്കി ആതിര, തുമ്പി മോളെ പരിശോധിച്ച ഡോക്ടറിന് മുന്നിൽ ശിരസ്സ് കുമ്പിട്ടിരുന്നു. "ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ആതിര ക്ഷമയോടെ കേൾക്കണം. ഈ സമയം സംയമനം പാലിച്ച് ധൈര്യത്തോടെ ഇരിക്കുകയാണ് വേണ്ടത്. ഒന്നുമില്ലെങ്കിലും താനൊരു നേഴ്സല്ലേ." ഒന്ന് നിർത്തി ഡോക്ടർ അവളെ നോക്കി. "എന്താണെങ്കിലും പറയൂ ഡോക്ടർ." ആതിര അദ്ദേഹത്തെ തന്നെ ഉറ്റുനോക്കി ഇരിക്കുകയാണ്. "കുഞ്ഞിന്റെ നില അൽപ്പം ഗുരുതരമാണ് ആതിര. പനി കൂടിയിട്ട് കുട്ടിക്ക് ഫിറ്റ്സ് വന്നിട്ടുണ്ട്. ഇവിടെ കൊണ്ട് വന്നതിന് ശേഷം രണ്ട് തവണ കൂടി വന്നു. അതുപോലെ കുഞ്ഞിന് ന്യൂമോണിയ അൽപ്പം കൂടുതലാണ്.

നാൽപത്തിയെട്ട് മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റുള്ളൂ." ഡോക്ടറുടെ വാക്കുകൾ ആതിരയെ തളർത്തി. "എന്റെ മോളെ എങ്ങനെയെങ്കിലും രക്ഷിക്കണം ഡോക്ടർ. എനിക്ക് അവൾ മാത്രേയുള്ളൂ." അവളുടെ സ്വരം വിറപൂണ്ടിരുന്നു. "ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട് ആതിരാ. ധൈര്യം കൈവിടാതിരിക്കൂ." അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു. അവിടെനിന്നും തിരികെ അമ്മാമ്മയ്ക്കരികിൽ വന്നിരിക്കുമ്പോൾ ആതിര സങ്കടം ഉള്ളിലടക്കി അവർക്ക് നേരെ പുഞ്ചിരിക്കാൻ ശ്രമിച്ചു. ക്രിസ്റ്റിയുടെ മുഖത്തെ ഭാവങ്ങളിൽ നിന്ന് അവനെല്ലാം അറിയാമായിരുന്നുവെന്ന് അവൾക്ക് മനസ്സിലായി. "ഡോക്ടർ എന്താ പറഞ്ഞേ മോളെ. തുമ്പി മോളെ ഇന്ന് തന്നെ വിടുമോ? അവൾക്ക് വേറെ പ്രശ്നമൊന്നുമില്ലല്ലോ അല്ലെ?" അവളെ കണ്ടപാടെ ഭാർഗവിയമ്മ ചോദിച്ചു. "ഇല്ലമ്മാമ്മേ... മോൾക്ക് കുഴപ്പമൊന്നുമില്ല. രണ്ട് ദിവസം ഇവിടെ കിടത്തിയിട്ടേ അവര് വിടുള്ളു. അമ്മാമ്മ ഇവിടെ ഇരിക്കണ്ട, ഫ്ലാറ്റിലേക്ക് പൊയ്ക്കോളൂ." കരയാതെ അത്രയും പറഞ്ഞൊപ്പിക്കാൻ അവൾ നന്നേ പാടുപെട്ടു.

"തുമ്പി മോള് ഇവിടെ കിടക്കുമ്പോ ഞാനെങ്ങനെയാ മോളെ തിരിച്ചു പോവാ." "ഇവിടെ കൂട്ടിന് ആരുടെയും ആവശ്യമില്ല അമ്മാമ്മേ. പോരാത്തതിന് ഞാനിവിടെയുണ്ടല്ലോ, അമ്മാമ്മ ഫ്ലാറ്റിലേക്ക് ചെല്ല്. ക്രിസ്റ്റി കൊണ്ട് വിടും അമ്മാമ്മയെ." എത്രയും പെട്ടെന്ന് ഭാർഗവിയമ്മയെ അവിടെ നിന്നും പറഞ്ഞു വിടണമെന്നാണ് ആതിര ചിന്തിച്ചത്. "അമ്മാമ്മ വരൂ... ഞാൻ ഫ്ലാറ്റിൽ കൊണ്ട് വിടാം." ക്രിസ്റ്റി കൂടി പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ അമ്മാമ്മ പോകാനായി എഴുന്നേറ്റു. ഭാർഗവിയമ്മയെയും കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ക്രിസ്റ്റി അവളെയൊന്ന് തിരിഞ്ഞുനോക്കി. അമ്മാമ്മയോട് ഒന്നും പറയരുതേയെന്ന് ആതിരയുടെ മുഖത്തുനിന്നും അവൻ വായിച്ചെടുത്തു. മിഴികൾ ചിമ്മി ഒന്നും പറയില്ലെന്ന് സൂചിപ്പിച്ച ശേഷം ഭാർഗവിയമ്മയെയും കൊണ്ട് ക്രിസ്റ്റിയും അവിടെ നിന്നും പോയി. 🍁🍁🍁🍁🍁 രാത്രിയായപ്പോൾ തുമ്പി മോൾക്ക് പനി കലശലാവുകയും വീണ്ടും ഫിറ്റ്സ് വന്ന് നില ഗുരുതരമായിതന്നെ തുടർന്നു. അമ്മാമ്മയെ ഫ്ലാറ്റിലാക്കി ഹോസ്പിറ്റലിലേക്ക് മടങ്ങിവന്ന ക്രിസ്റ്റി കാണുന്നത് കരഞ്ഞുതളർന്ന് ഭിത്തിയിലേക്ക് ചാരിയിരിക്കുന്ന ആതിരയെയാണ്.

"ആതിരാ... എന്ത് പറ്റിയെടോ തനിക്ക്." അവളുടെ അരികിൽ വന്നിരുന്നുകൊണ്ട് അവൻ ചോദിച്ചു. "ക്രിസ്റ്റീ... എന്റെ മോള്... അവൾക്കൊട്ടും വയ്യ ക്രിസ്റ്റി. കുറച്ചുമുൻപ് വീണ്ടും ഫിറ്റ്സ് വന്നുവെന്ന് ഡോക്ടർ പറഞ്ഞു.". "താൻ മോളെ കണ്ടോ?" "കണ്ടു... എന്റെ കുഞ്ഞിന്റെ കിടപ്പ് കണ്ട് നിൽക്കാൻ കഴിയുന്നില്ലെനിക്ക്." "ഡോക്ടർ എന്ത് പറഞ്ഞു." "രക്ഷപ്പെടുത്താൻ മാക്സിമം ശ്രമിക്കാമെന്നാ പറഞ്ഞത്. മോൾക്ക് ന്യൂമോണിയ കൂടുതലാണ്." "കുഞ്ഞിനൊന്നും പറ്റില്ല ആതിരാ... അവൾക്ക് വേഗം സുഖമാകും." ക്രിസ്റ്റിയുടെ വാക്കുകളൊന്നും അവളെ സാന്ത്വനപ്പെടുത്തിയില്ല. "എന്റെ മോള്... അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ ജീവനോടെ ഉണ്ടാവില്ല ക്രിസ്റ്റി. എന്റെ കുഞ്ഞിന് വേണ്ടിയാ എന്റെ ജീവിതം തന്നെ. അവളില്ലെങ്കിൽ പിന്നെ ഞാനില്ല." പൊട്ടിക്കരഞ്ഞുകൊണ്ട് ആതിര അവന്റെ തോളിലേക്ക് വീണു. "ഹേയ്... താനെന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്. മോൾക്കൊന്നും വരില്ലെടോ." ക്രിസ്റ്റിയുടെ കരങ്ങൾ അവളെ അവനിലേക്ക് ചേർത്തണച്ചു.

ആ നിമിഷം അവൾക്കൊന്ന് നെഞ്ച് പൊട്ടി കരയാനും ആശ്വാസത്തോടെ ചായാനും ഒരു കരുതൽ അത്യാവശ്യമായിരുന്നു. "ഒരിക്കൽ ശ്രീറാം സാറിന്റെ വീട്ടിൽ വച്ച് മോൾക്കിതുപോലെ പനി വന്നപ്പോൾ ഫിറ്റ്സ് വന്നിരുന്നു. അന്ന് പക്ഷേ അവൾക്കിങ്ങനെ സീരിയസ് ആയിട്ടില്ലായിരുന്നു. എന്റെ കുഞ്ഞിനെ ഇങ്ങനെ കാണാൻ എനിക്ക് വയ്യ ക്രിസ്റ്റീ..." വാടികുഴഞ്ഞ ചേമ്പിൻതണ്ട് കണക്കെ അവൾ ക്രിസ്റ്റിയുടെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്നു. 🍁🍁🍁🍁🍁 "അച്ഛാ... ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് എത്ര ദിവസമായി. എന്നിട്ട് അച്ഛനെന്റെ കുഞ്ഞിനെയൊന്ന് തിരിഞ്ഞുപോലും നോക്കിട്ടില്ലല്ലോ." മോനെയും കയ്യിലെടുത്ത് മുരളിയുടെ മുന്നിൽ വന്ന് നിൽക്കുകയാണ് ആരതി. "ഈ ചട്ടുകാലനെ പെറ്റിടരുതെന്ന് നിന്നോട് ഞാനൊരു നൂറുവട്ടം പറഞ്ഞതല്ലേ. നിന്റെ ജീവിതം തുലയ്ക്കാനായി നീ തന്നെ ഓരോന്ന് ചെയ്തുവച്ചു. ഇനി സ്വയമനുഭവിക്ക്. എനിക്കിതിനെ നോക്കാൻ തന്നെ അറപ്പാവുന്നു. കുടുംബം മുടിക്കാനുണ്ടായ ജന്മം. എന്റെ കണ്മുന്നിൽ നിന്ന് വേഗം ഇതിനെ കൊണ്ട് പൊയ്ക്കോ. അതാ നിനക്ക് നല്ലത്." മുഖം വെട്ടിതിരിച്ചിരിക്കുന്ന അച്ഛനെ കണ്ട് ആരതിയുടെ ഉള്ളം തേങ്ങി. അവളുടെ കൈയിലിരുന്ന കുഞ്ഞ് അയാളുടെ ശബ്ദം കേട്ട് പേടിച്ചു കരഞ്ഞു.

"ഹോ... ആ നാശത്തിന്റെ വായിൽ എന്തെങ്കിലും തിരുകി വയ്ക്ക്. മനുഷ്യന്റെ സ്വസ്ഥത കെടുത്താനായിട്ട് ഓരോ പാഴ് ജന്മങ്ങൾ." പിറുപിറുത്ത് കൊണ്ട് മുരളി അവിടെ നിന്ന് എഴുന്നേറ്റ് പോയി. "നീയെന്തിനാ കൊച്ചിനേം കൊണ്ട് അച്ഛന്റെ അടുത്തേക്ക് പോയത്." ഭാരതി വന്ന് കരയുന്ന മോനെ അവളുടെ കൈയ്യിൽ നിന്ന് വാങ്ങി. "ഇവനെ അച്ഛനൊന്ന് നോക്കിയിട്ട് പോലുമില്ലല്ലോ അമ്മേ. അവന്റെ മുഖം കണ്ടാലെങ്കിലും ആ ദേഷ്യം മാറിയാലോന്ന് വിചാരിച്ചു ഞാൻ." ആരതിയുടെ കണ്ണുകൾ നിറഞ്ഞു. "ആ വെറുപ്പ് അങ്ങനെയൊന്നും മാറില്ല മോളെ. നിന്റെ ചേച്ചിയോടുള്ള പോലത്തെ വെറുപ്പാണ് അയാൾക്ക് ഇവനോടും. ആ മനസ്സിൽ ആരോടെങ്കിലും വെറുപ്പ് തോന്നിയാൽ പിന്നെ അതൊരിക്കലും മാറാൻ പോണില്ല." അമ്മയുടെ വാക്കുകൾ അവളെ തളർത്തി. "നീ കൊച്ചിന്റെ പാല് കുപ്പിയിലാക്കി കൊണ്ടുവാ.

ഞാനത് അവിടെ കലക്കി വച്ചിട്ടുണ്ട്." ആരതി അകത്തുപോയി കുപ്പിയിൽ പാല് നിറച്ച് അമ്മയുടെ കൈയ്യിൽ കൊണ്ട് കൊടുത്തു. ഉമ്മറത്തെ അരഭിത്തിയിന്മേൽ കയറിയിരുന്ന് കുഞ്ഞി ചെക്കനെ കൈയ്യിൽ കിടത്തി ഭാരതി, മോന്റെ വായിലേക്ക് പാൽ കുപ്പി വച്ചുകൊടുത്തു. "ഈ ചട്ടുകാലനെ കാരണം മനുഷ്യന് വീട്ടിലും സമാധാനത്തോടെ ഇരിക്കാൻ വയ്യാതായല്ലോ." അകത്തേക്ക് കയറിപ്പോയ മുരളി ഒരു ഷർട്ടെടുത്തിട്ടുകൊണ്ട് പുറത്തേക്ക് വന്നു. ഭാരതി ഇരിക്കുന്ന ഭാഗത്തേക്ക്‌ ഒന്ന് നോക്കുക കൂടി ചെയ്യാതെ അയാൾ ഇടവഴിയിലേക്ക് ഇറങ്ങി നടന്നു. തന്റെ കുഞ്ഞിനോടുള്ള അച്ഛന്റെ അവഗണന സഹിക്കാൻ കഴിയാനാവാതെ ആരതി വാതിൽപ്പടിയിൽ തല ചായ്ച്ചിരുന്നു. ആ നിമിഷം മോന്റെ സ്ഥാനത്ത് അവൾക്ക് സ്വന്തം ചേച്ചിയുടെ മുഖമാണ് ഓർമ്മ വന്നത്..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story