മറുതീരം തേടി: ഭാഗം 67

marutheeram thedi shiva

രചന: ശിവ എസ് നായർ

"ഈ സമയത്ത് താനിങ്ങനെ കരഞ്ഞു തളർന്നിരിക്കാൻ പാടില്ല. മോൾക്കൊന്നും വരില്ല. പിന്നെ താനെന്തിനാ പേടിക്കുന്നത്. കുറച്ചുദിവസം കഴിയുമ്പോൾ തുമ്പി മോൾ പഴയപോലെയാവില്ലേ." ക്രിസ്റ്റിയുടെ സമാധാന വാക്കുകൾ അവളുടെയുള്ളിലെ ആധിയെ തണുപ്പിക്കാൻ പോന്നതായിരുന്നില്ല. "മോൾക്ക് ഇങ്ങനെ വയ്യാതാവുന്നത് ഇതാദ്യല്ലേ ക്രിസ്റ്റീ. അതാ എനിക്ക്..." വിതുമ്പലടക്കി അവൾ പറഞ്ഞു. "ഇങ്ങനെ ആയാൽ ശരിയാവില്ല. ഇതിനേക്കാൾ വല്യ കഷ്ടപ്പാടുകൾ ഫേസ് ചെയ്ത് ഇവിടെ വരെയെത്തിയ തനിക്ക് ഇതൊക്കെ നിസ്സാരമായി നേരിടാവുന്നതല്ലേയുള്ളൂ." "മ്മ്മ്... അതൊക്കെ ശരിയാണ്. ആ രാത്രി ആത്മഹത്യ ചെയ്യാനുറച്ച് റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയാണ് എന്നെ മാറ്റി ചിന്തിപ്പിച്ചത്." പഴയ ഓർമ്മകളിൽ അവളുടെ ഉടലൊന്ന് വെട്ടിവിറച്ചു. "അന്നത്തെ കഷ്ടപ്പാടിൽ നിന്ന് സ്വന്തം പ്രയത്നത്താൽ താനിന്ന് ഈ നിലയ്ക്കെത്തിയില്ലേ. അതുകൊണ്ട് വെറുതെ ഓരോന്നോർത്ത് കരഞ്ഞിരിക്കാതെ എല്ലാം ധൈര്യത്തോടെ ഫേസ് ചെയ്യാൻ പഠിക്ക്."

കുറച്ചു പരുഷമായിട്ടാണ് ക്രിസ്റ്റി അത് പറഞ്ഞത്. കുറച്ചുസമയം അവൾക്കൊപ്പം ചിലവഴിച്ച ശേഷം ക്രിസ്റ്റി, അവന്റെ ഫ്ലാറ്റിലേക്ക് തിരിച്ചുപോയി. ആ രാത്രി ആതിര ഉറക്കമില്ലാതെ ഹോസ്പിറ്റലിൽ കഴിച്ചുകൂട്ടി. ഭാർഗവിയമ്മയ്ക്കും ആ രാത്രി സമാധാനത്തോടെ ഉറങ്ങാനായില്ല. ആതിരയുടെയും തുമ്പി മോളുടെയും അഭാവം അമ്മാമ്മയുടെ നിദ്രയെയും തടസ്സപ്പെടുത്തിയിരുന്നു. 🍁🍁🍁🍁🍁 ഒരാഴ്ചയോളം തുമ്പി മോൾ ഐ സി യുവിൽ തന്നെ തുടർന്നു. പനി കുറയാൻ തുടങ്ങിയ ശേഷം പിന്നീട് ഫിറ്റ്സ് വന്നിരുന്നില്ല. എങ്കിലും ന്യൂമോണിയ കുറയാത്തതിനാൽ കുഞ്ഞിനെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തന്നെ കിടത്തിയിരുന്നു. ആദ്യത്തെ രണ്ട് മൂന്നു ദിവസം കരഞ്ഞ് വിഷമിച്ചിരുന്ന ആതിര പിന്നീട് മെല്ലെ മെല്ലെ തന്റെ മനസ്സിനെ വരുതിയിലാക്കാൻ ശ്രമിച്ചു. താൻ തളർന്നുപോയാൽ അമ്മാമ്മയും തളരും. മോൾടെ കാര്യങ്ങളും നല്ല രീതിയിൽ നോക്കാനാവില്ല. കുഞ്ഞിന്റെ ഇപ്പോഴത്തെ സ്ഥിതി കണ്ടാൽ അമ്മാമ്മയുടെ അവസ്ഥ തന്നെക്കാൾ പരിതാപകരമായിരിക്കുമെന്ന് ആതിരയ്ക്കറിയാം.

അതുകൊണ്ട് താൻ ധൈര്യത്തോടെ ഇരുന്നാൽ മാത്രമേ അമ്മാമ്മയും പിടിച്ചുനിൽക്കൂ. ദിവസവും രാവിലെ ഹോസ്പിറ്റലിൽ വന്ന് കുഞ്ഞിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിട്ടാണ് ക്രിസ്റ്റി ഓഫീസിലേക്ക് പോകുന്നത്. തുമ്പി മോൾക്ക് ന്യൂമോണിയ ഉള്ളതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്യാത്തതെന്നാണ് ഭാർഗവിയമ്മയോട് പറഞ്ഞിരിക്കുന്നത്. മോൾക്ക് വീണ്ടും ഫിറ്റ്സ് വന്നതും ഗുരുതരാവസ്ഥയിലായതൊന്നും അമ്മാമ്മയെ അറിയിച്ചാൽ അമ്മാമ്മയ്‌ക്കത് താങ്ങാനാവില്ലെന്ന് ആതിരയ്ക്കറിയാം. ഒരാഴ്ചയ്ക്ക് ശേഷം തുമ്പി മോളെ ഐ സി യുവിൽ നിന്ന് റൂമിലേക്ക് മാറ്റി. അപ്പോഴേക്കും ന്യൂമോണിയയും ഭേദമായി തുടങ്ങിയിരുന്നു. കുട്ടിയെ റൂമിലേക്ക് മാറ്റിയ ശേഷമാണ് ഭാർഗവിയമ്മയെ ഹോസ്പിറ്റലിലേക്ക് കൂട്ടികൊണ്ട് വന്നത്. അതുവരെ അവർ തനിച്ചാണ് ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. ക്രിസ്റ്റി ദിവസവും അവിടെ പോയി അമ്മാമ്മയെ കണ്ട ശേഷമാണ് അവന്റെ ഫ്ലാറ്റിലേക്ക് പോയിരുന്നത്. ശ്രീറാം സാറിന്റെയും ഫാമിലിയുടെയും അഭാവം ആതിരയ്ക്കും ഭാർഗവിയമ്മയ്ക്കും നല്ല വിഷമമുണ്ടാക്കിയ ദിവസങ്ങളായിരുന്നു അത്.

എങ്കിലും ക്രിസ്റ്റി കൂടെയുള്ളത് അവർക്ക് ഒരാശ്വാസം തന്നെയായിരുന്നു. മൂന്നാഴ്ചയോളമുള്ള ആശുപത്രിവാസം കഴിഞ്ഞു തുമ്പി മോളെ ഡിസ്ചാർജ് ചെയ്യുമ്പോൾ കുഞ്ഞ് പഴയതിനേക്കാൾ ഒത്തിരി ക്ഷീണിച്ചു പോയിരുന്നു. എങ്കിലും കുഴപ്പമൊന്നും കൂടാതെ മോളെ തിരിച്ചു കിട്ടിയതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു. ഇനിയും തങ്ങളെ ഇങ്ങനെ പരീക്ഷിക്കരുതെന്ന് കൂടി അവൾ പ്രാർത്ഥിച്ചു. പതിയെ പതിയെ മോൾ ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ നാട്ടിൽ ലീവിന് പോയിരുന്ന ശ്രീറാമും ഫാമിലിയും ദുബായിൽ മടങ്ങിയെത്തി. അവരെക്കൂടി കണ്ടതോടെ തുമ്പി മോൾ ക്ഷീണമെല്ലാം മറന്ന് രണ്ട് ഫ്ലാറ്റിലുമായി ഓടികളിച്ചുനടന്നു. പഴയ ഊർജ്ജസ്വലതയോടെ അവളങ്ങനെ പാറിപ്പറന്ന് നടക്കുന്ന കാഴ്ച ഇരുകുടുംബത്തെയും സന്തോഷപ്പെടുത്തി. 🍁🍁🍁🍁🍁

മോന് മൂന്നുമാസം കഴിഞ്ഞപ്പോൾ മുതൽ ആരതി വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി. കൈയിലുണ്ടായിരുന്ന സ്വർണ്ണത്തിന്റെ പകുതി പണയത്തിലാണുള്ളത്. അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ എടുത്ത് ചിലവാക്കിയതൊക്കെ ആ സ്വർണ്ണം പണയം വച്ച പൈസയായിരുന്നു. ബാക്കിയുണ്ടായിരുന്ന നാല്പത് പവൻ സ്വർണ്ണം ആരതി ബാങ്ക് ലോക്കറിൽ കൊണ്ടുപോയി വച്ചു. അത് കയ്യിലിരുന്നാൽ ഓരോ ആവശ്യങ്ങൾക്ക് എടുത്ത് ഉപയോഗിച്ച് എല്ലാം പണയത്തിലായാൽ എടുക്കാൻ ബുദ്ധിമുട്ടുമെന്ന് അവൾക്ക് തോന്നി. രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി അമ്മയെ സഹായിച്ച ശേഷമാണ് അവൾ ജോലിക്ക് പോകുന്നത്. ആരതിയിലുണ്ടായ മാറ്റങ്ങൾ ഭാരതിയെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. അവളനുഭവിച്ച കഷ്ടപ്പാടുകളാണ് ഇങ്ങനെയൊരു മാറ്റത്തിന് ഹേതുവായത്. അഹങ്കാരവും ധാർഷ്ട്യം നിറഞ്ഞതുമായ സംസാരത്തിൽ നിന്നും പാടെ മാറി മിതഭാഷിയും സ്നേഹപൂർവ്വവുമായ പെരുമാറ്റങ്ങളുമാണ് ആരതിയിലിപ്പോൾ കാണാനാവുന്നത്.

ആതിരയെയും അവളിപ്പോൾ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. ചേച്ചിയെ പരിഹസിച്ചതിനും വേദനിപ്പിച്ചതിനുമൊക്കെ ആ കാലിൽ വീണു മാപ്പ് ചോദിക്കാൻ അവളാഗ്രഹിച്ചു. ഇടയ്ക്ക് വീട്ടിൽ ചെല്ലുമ്പോൾ ഭാർഗവിയമ്മയ്ക്ക് എല്ലാവരോടും സംസാരിക്കാനായി അഞ്ജുവിന്റെ ഫോണിലേക്ക് ആതിര വിളിച്ചുകൊടുക്കാറുണ്ട്. അന്നേരത്ത് ഭാരതിയും ആരതിയുമൊക്കെ അമ്മാമ്മയോട് ആതിരയോട് സംസാരിക്കാനുള്ള ആഗ്രഹം പറയുന്നത് അവളും കേൾക്കുന്നുണ്ടാകും. പക്ഷേ ആതിരയ്ക്ക് അവരോട് ആരോടും മിണ്ടാനൊരു താല്പര്യം തോന്നാറില്ല. ആതിരയുടെ തിരസ്‌കാരം അവരെയെല്ലാം വേദനിപ്പിക്കുന്നതായിരുന്നു. എന്നാൽ അതൊന്നും അവളുടെ തീരുമാനത്തിന് മാറ്റം വരുത്തിയില്ല. ************ ദിവസങ്ങളും മാസങ്ങളും വേഗത്തിൽ കടന്നുപോയി. ഋതുക്കൾ മാറി മാറി വന്നുകൊണ്ടിരുന്നു. രണ്ടാമതും എൻട്രൻസ് കോച്ചിംഗ് പൂർത്തിയാക്കി നീറ്റ് എക്സാം എഴുതി അഞ്ജു തിരികെ വീട്ടിൽ വന്നെത്തി. കാത്തിരിപ്പുകൾക്കൊടുവിൽ റിസൾട്ട്‌ വന്നപ്പോൾ അവളുടെ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് അപ്പോഴും നിരാശയായിരുന്നു ഫലം. അത് അഞ്ജുവിനെ മാനസികമായി തകർത്തു. ആരോടും മിണ്ടാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ മുറിയിൽ തന്നെ അവൾ അടച്ചിരുന്നു.

ഇത്തവണയെങ്കിലും നല്ല റാങ്ക് കിട്ടുമെന്നും ഗവണ്മെന്റ് കോളേജിൽ തന്നെ തനിക്ക് എം ബി ബി എസ്സിന് ചേരാനാകുമെന്നും അവൾ പ്രതീക്ഷിച്ചിരുന്നു. ഡോക്ടറാവണമെന്ന ആഗ്രഹം അത്രമേൽ ആഴത്തിൽ അവളുടെയുള്ളിൽ വേരുറച്ചുപോയതാണ്. പ്രതീക്ഷയ്ക്ക് വിപരീതമായി സംഭവിച്ചപ്പോൾ അത് അഞ്ജുവിനെ മാനസികമായി തളർത്തിയിരുന്നു. പ്ലസ്‌ ടുവിന് റാങ്ക് വാങ്ങിയത് പോലെ എൻട്രൻസ് എക്സാമിലും തനിക്ക് ഉന്നത റാങ്ക് കിട്ടുമെന്ന അവളുടെ അമിതമായ മോഹമാണ് ഇപ്പോ ഈ അവസ്ഥയ്ക്ക് കാരണമായി തീർന്നത്. വെറുതെ വീട്ടിൽ തന്നെ കരഞ്ഞുവിളിച്ച് ഇരിക്കാതെ വേറെന്തെങ്കിലും കോഴ്സിനു പോകാൻ ആരതിയും ഭാരതിയും മാറി മാറി ഉപദേശിച്ചുവെങ്കിലും അഞ്ജു അതൊന്നും ചെവികൊണ്ടില്ല. ഡോക്ടർ പദവി അത്രത്തോളം അവൾ സ്വപ്നം കണ്ടിരുന്നു. അതേസമയം നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു ആതിരയും അമ്മാമ്മയും.

തുമ്പി മോൾക്ക് നാല് മാസം കഴിഞ്ഞ സമയത്താണ് ആതിര ദുബായിൽ വരുന്നത്. ഇപ്പൊ അവളവിടെ എത്തിയിട്ട് രണ്ട് വർഷമാകുന്നു. ഷൈനിയുടെ ബ്രദറിന്റെ മാര്യേജും പെട്ടെന്ന് ശരിയായതുകൊണ്ട് ശ്രീറാമും ഷൈനിയും അവന്റെ അച്ഛനുമമ്മയുമൊക്കെ അവർക്കൊപ്പം വരുന്നുണ്ട്. അതുകൊണ്ട് എല്ലാവരും നേരെ പോകുന്നത് കർണാടകയിലേക്കാണ്. ഷൈനിയുടെ ബ്രദറിന്റെ വിവാഹത്തിന് പങ്കെടുത്ത ശേഷം അവിടുന്ന് പാലക്കാടേക്ക് ട്രെയിനിൽ പോകാമെന്നാണ് ആതിര തീരുമാനിച്ചത്. "ചേച്ചി... ഞാൻ അടുത്തയാഴ്ച നാട്ടിലേക്ക് വരുന്നുണ്ട്." താൻ നാട്ടിലേക്ക് വരുന്ന കാര്യം പറയാൻ വേണ്ടി അവൾ കാർത്തികയെ ഫോണിൽ വിളിച്ചതായിരുന്നു. "ആണോ... അതേതായാലും നന്നായി. എത്ര വർഷായി നീ ഇവിടെ നിന്ന് പോയിട്ട്." "കാശി മോന് സുഖല്ലേ ചേച്ചി.." "സുഖമാണ്... ഇപ്പൊ കാശിക്ക് ഒരു വയസ്സ് കഴിഞ്ഞു." "തുമ്പി മോൾക്ക് രണ്ട് വയസ്സ് കഴിഞ്ഞിട്ടുണ്ടാവില്ലേ?" "ആ ചേച്ചി... അവൾക്കിപ്പോ രണ്ടേകാലായി. മോൾക്ക് നാല് മാസം കഴിഞ്ഞപ്പോഴാ ഞങ്ങളിങ്ങോട്ട് വന്നത്."

"നീ വന്നിട്ട് തിരിച്ച് പോകുന്നുണ്ടോ?" "തിരിച്ചുവരും ചേച്ചി. ഇപ്പോത്തന്നെ ഞാൻ വരുന്നത് ആ കട എന്റെ പേരിലേക്ക് മാറ്റിയെഴുതാൻ വേണ്ടിയാ. ഇനിയും അത് നീട്ടികൊണ്ട് പോകേണ്ടെന്നാ വിചാരിക്കുന്നത്. പിന്നെ അവിടുത്തെ കച്ചവടം നല്ലതുപോലെ നടക്കുന്നില്ലേ." "പഴയതിനേക്കാൾ നല്ല രീതിയിൽ ഇപ്പൊ സെയിൽസ് നടക്കുന്നുണ്ടെന്നാ നിന്റെ അച്ഛൻ പറഞ്ഞത്. അന്നന്നുള്ള കളക്ഷൻസും അതിന്റെ കണക്കുകളും കൃത്യമായി ദിവസവും ഇവിടെ വന്ന് ഏൽപ്പിക്കാറുണ്ട്." "തൽക്കാലം അങ്ങനെ തന്നെ പോട്ടെ ചേച്ചി. എന്റെ പേരിലേക്ക് ആയതിനുശേഷം അച്ഛനെല്ലാം അറിഞ്ഞാൽ മതിയെന്നാണ് എന്റെ ആഗ്രഹം." "അഞ്ജു നിന്നെ പറ്റിക്കോ ആതി. എനിക്ക് അതോർത്താണ് പേടി. ഒരു ധൈര്യത്തിന് ആധാരം ഇവിടെ മേടിച്ച് വച്ചിട്ടുണ്ടെന്നേയുള്ളു." കാർത്തിക തന്റെ സംശയം മറച്ചുവച്ചില്ല. "അഞ്ജുവിന് അങ്ങനെയുള്ള ഉദ്ദേശമൊന്നും ഉണ്ടാവില്ലെന്ന് വിചാരിക്കുന്നു ചേച്ചി. പിന്നെ അവൾ തരാൻ വിസമ്മതിച്ചാലും എനിക്ക് നഷ്ടമൊന്നും വരില്ല. അഞ്ജുവിന് വേണ്ടി ഇപ്പൊ എനിക്ക് മൂന്നര ലക്ഷത്തോളമാണ് ചിലവായത്. കട വിപുലീകരിച്ചു സാധനമിറക്കിയതിനൊക്കെ ഒരു രണ്ട് ലക്ഷം ചിലവായിട്ടുണ്ട്. മുടക്കിയ കാശൊക്കെ ഏകദേശം തിരിച്ചുകിട്ടിയില്ലേ.

ഇനി ഒന്നര ലക്ഷം രൂപ കൂടി വരവ് വന്നാൽ ഒരു രൂപ പോലും നഷ്ടം വരില്ല. അവൾ ചതിച്ചാലും വലിയൊരു തുകയുടെ ബാധ്യതയുണ്ടാവില്ല. ഇതൊക്കെ മുന്നിൽ കണ്ടാണ് ഞാൻ അവളുടെ ആവശ്യങ്ങൾക്ക് മാത്രം എണ്ണിപ്പെറുക്കി കാശയച്ചു കൊടുത്തത്." "അഞ്ജുവിന് അങ്ങനെയുള്ള കുരുട്ട് ബുദ്ധിയൊന്നും തോന്നരുതേയെന്ന് നമുക്ക് പ്രാർത്ഥിക്കാം മോളെ." "ആ കട എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും കിട്ടിയിരിക്കും ചേച്ചി. ഇല്ലെങ്കിൽ ഞാൻ തല്ല് കൂടാനൊന്നും നിൽക്കില്ല. എല്ലാരേം വീട്ടിൽ നിന്നിറക്കി വിട്ട് ഞാൻ അവിടെ വിറ്റ് ഓരോഹരി അവർക്ക് നൽകി ഇവിടെതന്നെ സെറ്റിലാകും." "നീയെല്ലാം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടല്ലോ ആതി." "എത്രയൊക്കെ മനംമാറ്റം സംഭവിച്ചെന്ന് പറഞ്ഞാലും എനിക്കെന്തോ വിശ്വസിക്കാൻ പ്രയാസമുണ്ട് ചേച്ചി. അതുകൊണ്ട് ഒരകലത്തിൽ തന്നെയാണ് എല്ലാവരെയും നിർത്തിയിരിക്കുന്നത്." "അത് നല്ലതാ മോളെ. തല മറന്ന് എണ്ണ തേയ്ക്കാൻ പാടില്ലല്ലോ. എത്ര സ്നേഹം കാട്ടിയാലും അവരൊക്കെ നിന്നോട് ചെയ്തതൊന്നും നിനക്കൊരിക്കലും മറക്കാൻ കഴിയുന്നതല്ലല്ലോ."

"ഹാ ചേച്ചി... ഞാൻ വരുന്ന വിവരം ചേച്ചി ആരോടും പറയാൻ നിക്കണ്ട. കേട്ടോ." "ഇല്ല... ഞാനാരോടും പറയില്ല." "എങ്കിൽ ശരി ചേച്ചി... ഞാൻ പിന്നെ വിളിക്കാം." "ഓക്കേ മോളെ." കാർത്തികയോട് സംസാരിച്ച് ഫോൺ വച്ചപ്പോൾ മനസ്സിനൊരു ലാഘവം വന്നത് പോലെ അവൾക്ക് തോന്നി. അഞ്ജുവിന്റെ തീരുമാനം എന്താകുമെന്നോർത്ത് ആതിരയ്ക്ക് ചെറിയൊരു ഉത്കണ്ഠയുണ്ടായിരുന്നു. കച്ചവടം ലാഭത്തിൽ പോകുന്നത് കേട്ടപ്പോൾ അവൾക്ക് കുറച്ച് സമാധാനം തോന്നി. 🍁🍁🍁🍁🍁 രണ്ടര വർഷത്തിന് ശേഷം എവിടെ നിന്നാണോ താൻ പോയത് അവിടേക്ക് തന്നെ അവൾ മടങ്ങി വരികയാണ്. ദുബായിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്കുമുള്ള ഫ്ലൈറ്റ് യാത്രയിലുടനീളം ആതിരയ്ക്ക് എന്തെന്നില്ലാത്തൊരു ആത്മസംഘർഷം അനുഭവപ്പെട്ടു. ഇനിയുമെന്തെക്കെയോ വരാനിരിക്കുന്നത് പോലെ അവളുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരുന്നു..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story