മറുതീരം തേടി: ഭാഗം 69

marutheeram thedi shiva

രചന: ശിവ എസ് നായർ

 "അമ്മേന്തിനാ കരഞ്ഞേ...?" കാർത്തിക്കിന്റെ കൈയിലിരുന്ന് കൊഞ്ചിയുള്ള തുമ്പി മോൾടെ ചോദ്യം കേട്ടതും വിളറിയ മുഖത്തോടെ ആതിര കാർത്തിക്കിനെ നോക്കി. "അമ്മ കരഞ്ഞതല്ലല്ലോ... കണ്ണിൽ പൊടി പോയതല്ലേ." അവന്റെ കൈയ്യിൽ നിന്നും മോളെ വാങ്ങികൊണ്ട് അവൾ പറഞ്ഞു. അമ്മയുടെ കണ്ണുകളിൽ പടർന്ന കണ്ണുനീർ തുള്ളികളെ തുമ്പി മോൾ തന്റെ കുഞ്ഞികൈകൾ കൊണ്ട് തുടച്ചു കൊടുത്തു. "ഇപ്പോ പൊദിയൊക്കെ പോയോ അമ്മേ." നിഷ്കളങ്കമായുള്ള കുഞ്ഞിന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ ഹൃദയം ആർദ്രമായി. "പോയി മോളെ." സ്വരത്തിൽ മർദ്ദവം വരുത്തി ആതിര പറഞ്ഞു. "താനെന്തിനാ ആതി കരഞ്ഞത്? കുറച്ചു നേരമായി തന്നെ ഞാൻ ശ്രദ്ധിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ?" അലിവോടെയുള്ള കാർത്തിക്കിന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്നുമില്ലെന്ന് തലയനക്കി. "ഒന്നുമില്ലെന്ന് വെറുതെ കള്ളം പറയണ്ട. ഇപ്പോ കരയാൻ മാത്രം എന്തുണ്ടായി?" തെല്ല് ഗൗരവത്തിൽ അവൻ ചോദിച്ചു. കാർത്തിക്കിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ ആതിരയ്ക്ക് നുണ പറയാൻ തോന്നിയില്ല.

"കുറച്ചുമുൻപ് വിഷ്ണു വിളിച്ചിരുന്നു. സംസാരത്തിനിടയിൽ ആൽഫി വേറെ വിവാഹം കഴിച്ചുവെന്ന് അവൻ പറഞ്ഞത് കേട്ടപ്പോൾ ചെറിയൊരു വിഷമം തോന്നി സർ. ആൽഫിയിൽ നിന്ന് ഞാൻ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് കേട്ടപ്പോ ഞാനാകെ അപ്സെറ്റ് ആയിപോയി." "താനിതുവരെ അവനെ മറന്നില്ലേ?" "അങ്ങനെ പെട്ടെന്നൊന്നും എല്ലാം മറക്കാൻ പറ്റില്ലല്ലോ. എങ്കിലും കുറെയൊക്കെ ഓവർകം ചെയ്യാൻ പറ്റിയെന്നാണ് വിശ്വാസം. പക്ഷേ അപ്പോഴും മനസ്സിലൊരു കരട് ബാക്കിയായിരുന്നു. പെട്ടെന്നൊരു ദിവസം ആൽഫി എന്നെ വിട്ട് പോകാനുണ്ടായ കാരണമെന്തായിരിക്കുമെന്ന് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. അതറിയാനുള്ള അവകാശം എനിക്കുണ്ടല്ലോ.തുമ്പി മോള് വലുതായി വരുകയാണ്. എന്നെങ്കിലും അവളവളുടെ അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ പറഞ്ഞു കൊടുക്കാൻ എനിക്ക് വ്യക്തമായൊരുത്തരം വേണമായിരുന്നു. പക്ഷേ അവൻ മറ്റൊരു വിവാഹം കഴിച്ചത് കൊണ്ട് എനിക്ക് ഇനിയൊന്നും അറിയേണ്ടതില്ല."

"അല്ലെങ്കിൽ തന്നെ അങ്ങനെയൊരു ക്രിട്ടിക്കൽ സിറ്റുവേഷനിൽ തന്നെ തനിച്ചാക്കി പോയവന്റെ കാരണമറിഞ്ഞിട്ട് തനിക്കൊന്നും ചെയ്യാനില്ലല്ലോ ആതി. തുമ്പി മോൾക്ക് അവളുടെ അമ്മയെ മനസ്സിലാകും. ഈ കുഞ്ഞിനെ ഓർത്ത് താൻ പേടിക്കണ്ട." "ഇനിയൊരിക്കലും ആൽഫിയെ കാണാനിട വരരുതെന്നാണ് എന്റെ പ്രാർത്ഥന." "ഇങ്ങനെ സങ്കടപ്പെട്ടിരിക്കാതെ സന്തോഷം തരുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കടോ." "രാജീവേട്ടനൊക്കെ സുഖല്ലേ സർ. എന്റെ അന്വേഷണം പ്രത്യേകം പറയണം." "ഗൾഫിൽ ഒരോഫർ വന്നപ്പോൾ രാജീവ്‌ നാട്ടിലേക്ക് മടങ്ങി പോയി ആതി. ആളിപ്പോ സൗദിയിലേക്ക് പോയിട്ടുണ്ടാവും." "ഞാൻ വർക്ക്‌ ചെയ്തിരുന്നപ്പോഴുണ്ടായിരുന്ന സ്റ്റാഫുകളിൽ ആരെങ്കിലും ഇപ്പോഴുമുണ്ടോ അവിടെ?" "നിലവിൽ ഇപ്പൊ ആതിരയെ അറിയുന്ന ഞാൻ മാത്രേ അവിടെയുള്ളൂ." ചിരിയോടെ അവനത് പറയുമ്പോൾ ആതിരയും പുഞ്ചിരിച്ചു. "സാറിന് ഇവിടെ സുഖല്ലേ." "ഉം... എനിക്ക് സുഖമാണ്. ആതിര അവിടെ ഓക്കേ അല്ലേ?"

"ഓക്കേ ആണ് സർ... സത്യത്തിൽ സാർ ഇവിടെ എനിക്കൊരു ജോലി ശരിയാക്കി തന്നത് കൊണ്ടാണ് ഞാനിന്ന് ഇവിടെ വരെ എത്തി നിൽക്കുന്നത്." "അങ്ങനെ ഫുൾ ക്രെഡിറ്റ്‌ എനിക്ക് വേണ്ട. അന്നത്തെ തന്റെ അവസ്ഥയിൽ വിശ്വസിച്ചു നിർത്താൻ പറ്റിയൊരിടം റാമിന്റെ വീടായിരുന്നു. അതുകൊണ്ടാണ് വീട്ട് ജോലി കൂടി നോക്കേണ്ടി വരുമെന്ന് അറിയാമായിരുന്നിട്ടും തന്നെ അവിടേക്ക് തന്നെ വിട്ടത്. പിന്നെ ദുബായിൽ ക്രിസ്റ്റി കൂടി സഹായിച്ചത് കൊണ്ടാണ് എല്ലാം സ്മൂത്തായി നടന്നത്." "ശ്രീറാം സാറിന്റെ വീട്ടിൽ ജോലിക്കാരി ആയിട്ടാണ് പോയതെങ്കിലും അവരെന്നെ ആ വീട്ടിലൊരു അംഗത്തെ പോലെയാണ് അന്നും ഇന്നും കാണുന്നത്. ഇതിനൊക്കെ സാറിനോടല്ലേ ഞാൻ നന്ദി പറയേണ്ടത്." "നന്ദിയുടെയും കടപ്പാടിന്റെയും ആവശ്യമൊന്നുമില്ല ആതി. പിന്നെ താനെന്നാ നാട്ടിലേക്ക് പോകുന്നത്?" കാർത്തിക്ക് ചോദിച്ചു.

"അടുത്ത മാസമല്ലേ ഷൈനി ചേച്ചിയുടെ ബ്രദറിന്റെ മാര്യേജ്. അതിനുമുൻപ് നാട്ടിൽ പോയി അവിടുത്തെ കാര്യങ്ങളൊക്കെ ശരിയാക്കി വരണമെന്നാ വിചാരിക്കുന്നത്." അതുകൊണ്ട് നാളെ തന്നെ പോയാലോന്നാണ് ആലോചന." "അങ്ങനെയെങ്കിൽ വച്ച് താമസിപ്പിക്കണ്ട ആതി. വേഗം പോയി അവിടുത്തെ കാര്യങ്ങൾ ശരിയാക്കി വരൂ. ഷൈനിയുടെ ബ്രദറിന്റെ മാര്യേജിന് താനും അമ്മാമ്മയുമൊക്കെ ഉറപ്പായും ഇവിടെ ഉണ്ടാവണം." "അതെന്തായാലും ഉണ്ടാവും സർ." "എങ്കിൽപ്പിന്നെ ഇവിടെ തനിച്ചിരിക്കാതെ അങ്ങോട്ട്‌ വാടോ. " തുമ്പി മോളെ അവളുടെ കൈയ്യിൽ നിന്ന് വാങ്ങി സ്വീകരണ മുറിയിലേക്ക് നടന്നുകൊണ്ട് കാർത്തിക് പറഞ്ഞു. "ഇപ്പൊ വരാം സർ." കൈയിലിരുന്ന ചായ കപ്പ് കഴുകി സ്ലാബിൻ മേൽ വച്ചിട്ട് ആതിര മറ്റുള്ളവരുടെ അടുത്തേക്ക് പോയി. ************ പിറ്റേന്ന് രാത്രി പത്ത് മണിക്കുള്ള ട്രെയിനിനാണ് ആതിര പാലക്കാട്ടേക്ക് പോകാൻ തീരുമാനിച്ചത്.

റാമും ഷൈനിയും കാർത്തിക്കും കൂടിയാണ് അവരെ റെയിൽവേ സ്റ്റേഷൻനിൽ കൊണ്ട് വിടാൻ വന്നത്. "പോയിട്ട് വേഗം വരണം കേട്ടോ. ഞങ്ങളെല്ലാരും ഇവിടെ കാത്തിരിക്കും." ശ്രീറാമും ഷൈനിയും ആതിരയോടും ഭാർഗവിയമ്മയോടുമായി പറഞ്ഞു. ആതിര പുഞ്ചിരിയോടെ തലയനക്കി. ട്രെയിൻ യാത്ര പുറപ്പെടാൻ സമയമായപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു തുമ്പി മോളേം കൊണ്ട് അമ്മാമ്മ സീറ്റിലേക്ക് ചെന്നിരുന്നു. "എത്തിയിട്ട് ഞാൻ വിളിക്കുന്നുണ്ട്... പോയിട്ട് വരാമേ." ട്രെയിനിന്റെ വാതിൽക്കൽ നിന്ന് ആതിര മൂവരേം നോക്കി. "ആതി... ഇവിടിങ്ങനെ നിൽക്കണ്ട സീറ്റിലേക്ക് പോയിരുന്നോളൂ." കാർത്തിക് അങ്ങനെ പറഞ്ഞപ്പോൾ അവൾ സീറ്റിലേക്ക് ചെന്നിരുന്നു. "നങ്ങള് പോയിട്ട് വേം വരാമേ..." വിൻഡോ സീറ്റിലൂടെ എല്ലാവരേം നോക്കി കൈവീശി കാണിച്ചുകൊണ്ട് തുമ്പി മോൾ പറഞ്ഞു. മൂവരും ചിരിയോടെ കുഞ്ഞിന് നേർക്ക് കൈകാണിച്ചു. ട്രെയിൻ കണ്ണിൽ നിന്ന് മറഞ്ഞതിന് ശേഷമാണ് അവർ അവിടെ നിന്നും പോയത്.

അത്രയും നേരം തങ്ങളെ പൊതിഞ്ഞു നിന്ന സുരക്ഷിത വലയം പെട്ടെന്നില്ലാതായത് പോലെ ആതിരയ്ക്ക് തോന്നി. കുറേ നാളുകൾക്ക് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെയൊരു മടുപ്പ് അവളിൽ പ്രകടമായിരുന്നു. എങ്കിലും ഈ യാത്ര അനിവാര്യമാണ്. ഇരുളിനെ കീറിമുറിച്ചുകൊണ്ട് ട്രെയിൻ കുതിച്ചുപായുമ്പോൾ അവളുടെ മനസ്സ് അതിനേക്കാൾ വേഗത്തിൽ ഭൂതകാലത്തിലൂടെ സഞ്ചരിച്ചു തുടങ്ങിയിരുന്നു. സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ച് അവളിരുന്നു. ************* രാവിലെതന്നെ വീട്ട് മുറ്റത്തൊരു ടാക്സി കാർ വന്ന് നിൽക്കുന്നത് കണ്ട് ഉമ്മറത്തെ ചാരുകസേരയിൽ കിടക്കുകയായിരുന്ന മുരളി ആകാംക്ഷയോടെ എഴുന്നേറ്റു. കാറിന്റെ ബാക്ക് ഡോർ തുറന്ന് ആതിരയും അവൾക്ക് പിന്നാലെ ഭാർഗവിയമ്മയും ഇറങ്ങുന്നത് കണ്ടപ്പോഴാണ് വന്നവർ ആരാണെന്ന് അയാൾക്ക് മനസ്സിലായത്. ആതിരയുടെ തോളിൽ കിടന്നുറങ്ങുന്ന തുമ്പി മോളെ കണ്ടപ്പോൾ അത് അവളുടെ മോളായിരിക്കുമെന്ന് മുരളി ഊഹിച്ചു. അവളും കുഞ്ഞും അമ്മാമ്മയും മാത്രമേയുള്ളൂ എന്ന് കണ്ടപ്പോൾ അയാളുടെ മുഖത്ത് പുച്ഛ ഭാവത്തിലൊരു ചിരി വിരിഞ്ഞു.

അപ്പോഴേക്കും ശബ്ദം കേട്ട് ആരതിയും അഞ്ജുവും ഭാരതിയും ഉമ്മറത്തേക്ക് വന്നു. ഉണ്ണിക്കുട്ടൻ അഞ്ജുവിന്റെ ചുമലിലായിരുന്നു. ആരതി ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അപ്രതീക്ഷിതമായുള്ള ആതിരയുടെ കടന്ന് വരവ് മൂവരെയും അമ്പരപ്പിച്ചു. അവളുടെ അരികിലേക്ക് ഓടിച്ചെല്ലാനും വാരിപുണരാനുമൊക്കെ മനസ്സ് വെമ്പുന്നുണ്ടെങ്കിലും നിന്നിടത്തുനിന്ന് ഒരടി ചലിക്കാനാവാതെ നിൽക്കുകയാണ് മൂവരും. അവരുടെ മിഴികൾ ആതിരയെ അടിമുടി ഉഴിഞ്ഞു. ജീൻസും ബനിയനുമായിരുന്നു അവളുടെ വേഷം. മുടി പിന്നിലേക്ക് വാരി പോണിടെയിൽ കെട്ടിവച്ചിട്ടുണ്ട്. കണ്ണുകളെ മറച്ച് കൊണ്ട് കറുത്ത കൂളിംഗ് ഗ്ലാസ്‌ വച്ചിരുന്നതിനാൽ ആതിരയുടെ മുഖത്തെ ഭാവമെന്താണെന്ന് ആർക്കും മനസ്സിലായില്ല. അവളിലെ ഈ മാറ്റം അവരെയെല്ലാവരെയും അത്ഭുതപ്പെടുത്തി. മുരളിയുടെ മുഖം മാത്രം കോപം കൊണ്ട് ചുവന്നിരുന്നു. തുമ്പി മോളെ അമ്മാമ്മയുടെ കൈയ്യിലേക്ക് കൊടുത്തിട്ട് ആതിര കാറിൽ നിന്നും ലഗ്ഗേജ് എടുത്ത് പുറത്ത് വച്ചു.

"ബാഗ് ഞാൻ എടുക്കാം ചേച്ചി." ആരതി മുറ്റത്തേക്കിറങ്ങി അവളുടെ അടുത്തേക്ക് വന്നു. "വേണ്ട... ഞാൻ എടുത്തോളാം." "അതൊന്നും സാരമില്ല ചേച്ചി." ആതിരയുടെ എതിർപ്പ് വകവെക്കാതെ ആരതി ബാഗുമായി വീടിനുള്ളിലേക്ക് പോയി. "യാത്രയൊക്കെ സുഖമായിരുന്നോ ചേച്ചി?" അഞ്ജുവാണ് അത് ചോദിച്ചത്. "ഹാ... കുഴപ്പമില്ല." ഗൗരവം വിടാതെ ആതിര മറുപടി പറഞ്ഞു. "യാത്ര കഴിഞ്ഞു ക്ഷീണിച്ചു വന്നതല്ലേ അമ്മേ. മോളെ ഇങ്ങ് താ, ഞാൻ അകത്ത് കൊണ്ട് കിടത്താം." മകളോട് മിണ്ടാനുള്ള ജാള്യത കൊണ്ട് ഭാരതി ഭാർഗവിയമ്മയിൽ നിന്ന് തുമ്പി മോളെ വാങ്ങി. ആതിര എതിരൊന്നും പറയാത്തതിൽ അവർക്ക് തെല്ല് സമാധാനവും തോന്നി. ഭാര്യയുടെയും മക്കളുടെയും ആതിരയോടുള്ള പെരുമാറ്റം കണ്ട് വിറഞ്ഞു കയറി നിൽക്കുകയാണ് മുരളി. "നാട് മൊത്തം വേശ്യകളെ പോലെ തെണ്ടി തിരിഞ്ഞ് നടന്നിട്ട് ഇങ്ങനെ നാണമില്ലാതെ തന്തയില്ലാത്ത സന്തതിയെയും കൊണ്ട് ഇങ്ങോട്ട് കേറി വരാൻ നിനക്ക് നാണമില്ലേ. കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ നാട്ടുകാർ ആരെങ്കിലും കാണുന്നതിന് മുൻപ് തിരിച്ചു പോവാൻ നോക്ക്.

മനുഷ്യനെ നാണം കെടുത്താനായിട്ട് കെട്ടിയെഴുന്നള്ളിച്ചു വന്നേക്കാ അവള്." അരിശത്തോടെ മുരളി മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി. "അതേ... നാക്കിന് എല്ലില്ല എന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന് അച്ഛൻ വിചാരിക്കണ്ട. ഈ വീട് അമ്മാമ്മ എന്റെ പേരിനാ എഴുതി വച്ചിരിക്കുന്നത്. എന്നോട് ഇവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറയാൻ അച്ഛനെന്താ അവകാശം. ഞാൻ വന്നത് തന്നെ ഈ വീടും പറമ്പും വിൽക്കാൻ വേണ്ടിയാ. വേഗം തന്നെ വാടകയ്ക്കൊരു വീട് കണ്ട് വയ്ക്കുന്നതാണ് നല്ലത്. ഉടനെ വിൽക്കണ്ടെന്ന് വിചാരിച്ചിരുന്നതാ ഞാൻ. അച്ഛനിത്രേം പറഞ്ഞ സ്ഥിതിക്ക്, ആ തീരുമാനം ഞാനങ്ങ് മാറ്റി. കുറേ നാളായില്ലേ എല്ലാവരും കൂടി ഇവിടെ അട്ടിപ്പേറി കിടക്കാൻ തുടങ്ങിയിട്ട്. അതുകൊണ്ട് എത്രേം പെട്ടെന്ന് തന്നെ ഇറങ്ങാൻ ഒരുങ്ങിക്കോ." ആരെയും കൂസാതെയുള്ള അവളുടെ സംസാരവും ഭാർഗവിയമ്മയുടെ മൗനം കൂടിയായപ്പോൾ അയാൾക്ക് ആതിര പറഞ്ഞത് സത്യമാണെന്ന് തോന്നി. അപമാനിതനായ മുരളി അവിടെ നിന്നും മുറിയിലേക്ക് പൊയ്ക്കളഞ്ഞു.

"മോളെ... നീ... നീ... പറഞ്ഞത് സത്യാണോ. ഈ വീട് വിൽക്കാൻ വേണ്ടി വന്നതാണോ നീ. ഈ വീട് അമ്മ നിന്റെ പേരിൽ എഴുതി വച്ചത് ശരിയായിരിക്കാം. പെട്ടെന്നൊരുദിവസം വന്ന് ഇങ്ങനെ ഇറങ്ങിപ്പോകാൻ പറഞ്ഞാൽ ഞങ്ങളെല്ലാരും എങ്ങോട്ട് പോവും മോളെ." ഭാരതിയുടെ സ്വരം ദയനീയമായി. "അച്ഛനെയൊന്ന് പേടിപ്പിക്കാനാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്. പിന്നെ വീട് വിക്കണമെന്ന് മനസ്സിൽ വിചാരിച്ചാ ഞാനിങ്ങോട്ട് വന്നത് തന്നെ. പക്ഷേ നിങ്ങളെയൊക്കെ കാണുമ്പോൾ എനിക്കങ്ങനെ ചെയ്യാൻ മനസ്സ് വരുന്നില്ല." "ചേച്ചി... ചേച്ചിയോട് എനിക്കൊന്ന് തനിച്ചു സംസാരിക്കണം." ശബ്ദം താഴ്ത്തി അഞ്ജു ആതിരയോട് പറഞ്ഞു. "ഞാനിവിടെ തന്നെയുണ്ടല്ലോ... നമുക്ക് സംസാരിക്കാം." ആതിരയുടെ നോട്ടം മുഴുവനും അഞ്ജുവിന്റെ കയ്യിലിരിക്കുന്ന ഉണ്ണിക്കുട്ടനിലാണ്. അവൾ കൈ നീട്ടിയതും മോൻ അവളുടെ അടുത്തേക്ക് ചാഞ്ഞു. കുഞ്ഞി ചെക്കനെ കയ്യിൽ വാങ്ങി ആതിര ഉമ്മകൾ കൊണ്ട് മൂടി. "മോന്റെ നെറ്റിയെങ്ങനെയാ മുറിഞ്ഞത്. ഇവൻ വീണോ?"

"ആഹ് ചേച്ചി. ഇന്നലെ വൈകുന്നേരം പടിക്കെട്ടിൽ നിന്ന് ഉരുണ്ട് മുറ്റത്തേക്ക് വീണ് മോന്റെ നെറ്റിയിടിച്ചായിരുന്നു." "ഇന്നലെയല്ലായിരുന്നോ ഇവന്റെ ബർത്ത്ഡേ." "അതെ ചേച്ചി, ചേച്ചിക്ക് അതൊക്കെ ഓർമ്മയുണ്ടോ?" അത്ഭുതത്തോടെ ആരതി ചോദിച്ചു. അതിന് മറുപടിയായി ആതിരയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ************* ലീവെടുക്കാൻ നിർവ്വാഹമില്ലാത്തത് കൊണ്ട് വൈകുന്നേരം നേരത്തെ വരാമെന്ന് പറഞ്ഞാണ് ആരതി അന്ന് ജോലിക്ക് പോയത്. വീട്ടിലെ കാര്യങ്ങളൊക്കെ കണ്ടറിഞ്ഞു ചെയ്യുന്ന അവളിലെ ഈ മാറ്റം ആതിരയെ അമ്പരപ്പിച്ചിരുന്നു. യാത്ര കഴിഞ്ഞു വന്ന ക്ഷീണത്തിൽ കുളി കഴിഞ്ഞു ഭക്ഷണവും കഴിച്ച് ഭാർഗവിയമ്മ മയങ്ങാനായി കിടന്നു. ഭാരതി അടുക്കളയിൽ തിരക്കിട്ട പണികളിലാണ്. തുമ്പി മോൾടെ കൂടെയിരുന്ന് ഉണ്ണിക്കുട്ടനെയും കളിപ്പിച്ചിരിക്കുകയായിരുന്നു ആതിര. ഒപ്പം അഞ്ജുവും ഉണ്ട്. "നീയിങ്ങനെ വീട്ടിൽ തന്നെ അടച്ചിരിക്കാതെ എന്തെങ്കിലും പഠിക്കാൻ പൊയ്ക്കൂടേ? എം ബി ബി എസ് മാത്രമല്ലല്ലോ പഠിക്കാനുള്ളത്." ആതിരയാണ് സംസാരത്തിന് തുടക്കമിട്ടത്.

"അക്കാര്യത്തെ കുറിച്ച് ചേച്ചിയോട് സംസാരിക്കാനിരിക്കുകയായിരുന്നു ഞാൻ." "എന്താ നിനക്ക് പറയാനുള്ളത്?" "ചേച്ചി... എനിക്ക് എം ബി ബി എസിന് തന്നെ പോണം ചേച്ചി. ഡോക്ടറാവാൻ ഞാനൊത്തിരി ആശിച്ചതാ. എനിക്കിപ്പോ എന്തെങ്കിലും ചോദിക്കാൻ ചേച്ചിയല്ലേ ഉള്ളു." "നീയെന്തൊക്കെയാ അഞ്ജു ഈ പറയുന്നത്? "ആ കട ഞാൻ ചേച്ചിക്ക് തരാം. പക്ഷേ ബാക്കി പൈസ കൂടി തന്ന് ചേച്ചിയെനിക്ക് എവിടെയെങ്കിലും അഡ്മിഷൻ വാങ്ങിതരണം. അത്രയ്ക്ക് മോഹിച്ചു പോയി ഞാൻ. എന്റെ ആഗ്രഹം ചേച്ചി സാധിച്ചു തരില്ലേ. എനിക്ക് ചോദിക്കാൻ ചേച്ചി മാത്രേ ഉള്ളു. പഠിച്ചിറങ്ങിയ ശേഷം ചേച്ചിക്ക് തരാനുള്ള പൈസയൊക്കെ ഞാൻ തന്നോളം. പറ്റില്ലെന്ന് മാത്രം പറയല്ലേച്ചി." ആതിരയെ കെട്ടിപ്പിടിച്ചു അവൾ പൊട്ടിക്കരഞ്ഞു. അത്രയും നാൾ ഉള്ളിലടക്കിപ്പിടിച്ച സങ്കടങ്ങളൊക്കെ കരഞ്ഞു തീർക്കുകയാണ് അഞ്ജു. അവളുടെയാ പ്രവർത്തിയിൽ പകച്ചു നിൽക്കുകയാണ് ആതിര.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story