മറുതീരം തേടി: ഭാഗം 7

marutheeram thedi shiva

രചന: ശിവ എസ് നായർ

വൈകുന്നേരം, ക്ലാസ്സ്‌ കഴിഞ്ഞു ആതിര ഹോസ്റ്റലിൽ എത്തുമ്പോൾ അവിടെ അവളെ കാത്ത് ഒരു അതിഥി ഇരിപ്പുണ്ടായിരുന്നു. "അമ്മാമ്മേ..." വിസിറ്റർസ് റൂമിൽ ആതിരയെ കാത്തിരിക്കുന്ന ഭാർഗവി അമ്മയെ കണ്ടതും അവൾ ഓടിച്ചെന്ന് അവരെ കെട്ടിപിടിച്ചു. "മോളെ... നിനക്ക് സുഖല്ലേ." വാത്സല്യത്തോടെ ഭാർഗവി അമ്മ അവളുടെ ശിരസ്സിൽ തലോടി. "സുഖാ അമ്മാമ്മേ. അമ്മാമ്മ എന്താ രണ്ടു ദിവസം വിളിക്കാതിരുന്നേ.?" പരിഭവത്തോടെ അവൾ ചോദിച്ചു. "നിന്നെ വിളിച്ചാൽ ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞു പോയാലോന്നു കരുതിയാ വിളിക്കാതിരുന്നത്. വരുന്നൂന്ന് പറഞ്ഞാ നീ സമ്മതിക്കില്ലെന്ന് എനിക്കറിയാം." "എന്നാലും അമ്മാമ്മ എങ്ങനെ ഒറ്റയ്ക്ക് ട്രെയിൻ കയറി ഇവിടെ വരെ എത്തിയത്." അത്ഭുതത്തോടെ അവൾ അവരെ നോക്കി. "എനിക്ക് ഒരു പ്രാവശ്യം ഒരു സ്ഥലത്ത് പോയാൽ പിന്നെ അത് മനഃപാഠമാണ് കൊച്ചേ. അതുകൊണ്ടല്ലേ ധൈര്യമായിട്ട് ഇങ്ങോട്ട് പോന്നത്. നിന്നെയിങ്ങനെ വന്ന് കാണാൻ വേറെ ആരാ ഉള്ളേ."

"ഇത്ര ദൂരം എന്നെ കാണാനായിട്ട് അമ്മാമ്മ വന്നല്ലോ. സന്തോഷായി എനിക്ക്." ആതിര ആഹ്ലാദത്തോടെ പറഞ്ഞു. "നിന്നെ ഭാരതി വിളിച്ചിരുന്നോ കൊച്ചേ? ഇന്നലെ എന്നെ വിളിച്ചിട്ട് ഇവിടുത്തെ ഹോസ്റ്റൽ നമ്പരൊക്കെ വാങ്ങിയിരുന്നു." "ആ അമ്മാമ്മേ വിളിച്ചിരുന്നു. ഞാനക്കാര്യം അമ്മാമ്മയോട് പറയാനിരിക്കുകയായിരുന്നു. എന്നോട് നല്ല സ്നേഹത്തിലാ അമ്മ സംസാരിച്ചത്. അച്ഛൻ കാണാതെയാ അമ്മയെന്നെ വിളിച്ചേ. ഇന്നും വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നെ മോളെന്നൊക്കെ വിളിച്ചു അമ്മാമ്മേ. "കണ്മുന്നിൽ നിന്ന് നീ പോയപ്പോഴാണ് പെറ്റ വയറിന്റെ ദണ്ണം ഞാൻ തിരിച്ചറിഞ്ഞത്." എന്നൊക്കെ അമ്മ പറഞ്ഞപ്പോ എനിക്ക് സങ്കടം വന്നു. ഇപ്പഴെങ്കിലും അമ്മയ്ക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ." അമ്മാമ്മേടെ മടിയിലേക്ക് തല ചായ്ച്ചുകൊണ്ട് ആതിര പറഞ്ഞു. "ഉള്ളിൽ നിന്നോട് സ്നേഹം ഉണ്ടായിരുന്നിരിക്കാം മോളെ. മുരളിയെ പേടിച്ച് നിന്നോട് കാണിക്കാതിരുന്നതുമാവാം. എന്തായാലും അവൾക്കെങ്കിലും നിന്നെ വിളിച്ചൊന്ന് സംസാരിക്കാൻ തോന്നിയല്ലോ."

ഭാർഗവി അമ്മയുടെ മിഴികൾ ഈറനായി. "അമ്മ മനസിലാക്കിയത് പോലെ അച്ഛനും ഒരുനാൾ എന്നെ സ്നേഹിച്ചു തുടങ്ങും. അപ്പോ അനിയത്തിമാർക്കും എന്നോടുള്ള സമീപനത്തിൽ മാറ്റമുണ്ടാവും. അല്ലെ അമ്മാമ്മേ.?" "നിന്റെ ആഗ്രഹം പോലെത്തന്നെ എല്ലാം നടക്കും മോളെ. പിന്നെ വീട്ടിലെ പ്രശ്നങ്ങളൊന്നും നിന്റെ പഠിത്തത്തെ ബാധിക്കരുത്. നല്ല രീതിയിൽ പഠിച്ച് ഒരു ജോലി സമ്പാദിക്കാൻ ശ്രമിക്കണം. ആരുമില്ലെങ്കിലും അമ്മാമ്മ ഉണ്ടാവും നിന്റെ കൂടെ." "ഒരു ജോലിയെന്ന ലക്ഷ്യം മുന്നിൽ കണ്ട് തന്നെയാണ് അമ്മാമ്മേ ഞാൻ പഠിക്കുന്നത്. ഈ പ്രായത്തിലും എനിക്ക് വേണ്ടി കഷ്ടപ്പെടുന്ന അമ്മാമ്മയെ ഞാൻ നിരാശപ്പെടുത്തില്ല." "എന്റെ മോളൊന്ന് രക്ഷപെട്ടു കണ്ടിട്ട് വേണം അമ്മാമ്മയ്ക്ക് സമാധാനത്തോടെ കണ്ണടയ്ക്കാൻ." "രാജൻ വല്യച്ഛൻ ഗൾഫിലേക്ക് പോയോ അമ്മാമ്മേ." "അടുത്ത മാസം പോവും മോളെ. പോയാപിന്നെ രണ്ടു വർഷം കഴിഞ്ഞേ അടുത്ത വരവുണ്ടാവൂ." ഏറെ നേരം ആതിരയോടൊപ്പമിരുന്ന് വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളൊക്കെ പറഞ്ഞതിന് ശേഷം ഭാർഗവി അമ്മ അവളോട് യാത്ര പറഞ്ഞ് എഴുന്നേറ്റു.

അവരെ യാത്രയാക്കാനായി റെയിൽവേ സ്റ്റേഷൻ വരെ അവളും ഒപ്പം ചെന്നു. "അത്യാവശ്യ ചിലവുകൾക്ക് ഇത് വച്ചോ മോളെ." പോകാൻ നേരം കൈയ്യിൽ ചുരുട്ടിപ്പിടിച്ച കുറച്ചു നോട്ടുകൾ ഭാർഗവി അമ്മ അവളുടെ ഉള്ളം കൈയ്യിലേക്ക് വച്ച് കൊടുത്തു. "എന്തിനാ അമ്മാമ്മേ ഇപ്പൊ ഈ പൈസയൊക്കെ. അമ്മാമ്മയോട് ഞാൻ പൈസ ചോദിച്ചിരുന്നോ? ഇത് അമ്മാമ്മ തന്നെ വച്ചോ. അത്യാവശ്യ ചിലവുകൾക്കൊക്കെ എന്റെ കൈയ്യിൽ പൈസയുണ്ട്." ആതിര ആ പൈസ അമ്മാമ്മയ്ക്ക് തിരിച്ചു കൊടുക്കാൻ നോക്കിയെങ്കിലും അവരത് വാങ്ങാൻ കൂട്ടാക്കിയില്ല. "മോള് ചോദിക്കില്ലെന്ന് അമ്മാമ്മയ്ക്കറിയാലോ. അതുകൊണ്ടാ ഞാനിത് തന്നത്. ഇത്രേം പഠിക്കാനുള്ളപ്പോഴും നീ കിട്ടുന്ന സമയത്ത് ജോലി ചെയ്തല്ലേ കൈചിലവിനുള്ള പൈസയുണ്ടാക്കുന്നത്. അത്‌ എത്ര വരൂന്ന് അമ്മാമ്മയ്ക്കറിയാലോ."

"എന്നാലും.... ഇപ്പൊ ആവശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല." കണ്ണ് നിറച്ച് അവളവരെ നോക്കി. "ആവശ്യങ്ങൾ വരുമ്പോ ഉപയോഗിക്കാലോ. അമ്മാമ്മ പോയി വരാം മോളെ." ട്രെയിനിലേക്ക് കയറി ഭാർഗവി അവൾക്ക് നേരെ കൈവീശി. ആതിരയും അവർക്ക് നേരെ കൈവീശികൊണ്ട് മെല്ലെ മെല്ലെ ചലിച്ചു തുടങ്ങിയ ട്രെയിനിനൊപ്പം പ്ലാറ്റ്ഫോമിലൂടെ കുറച്ചുദൂരം നടന്നു. ട്രെയിൻ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ അവൾ കൈയിലിരുന്ന നോട്ടുകളിലേക്ക് നോക്കി. മഞ്ഞൾ പൊടി പറ്റിയ ആ നോട്ടുകൾക്ക് അമ്മാമ്മയുടെ സ്നേഹത്തിന്റെ ഗന്ധമാണെന്ന് അവൾക്ക് തോന്നി. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 പൂമഠം വീടിന്റെ വരാന്തയിലിരുന്ന് ശിവന്റെയും ആതിരയുടെയും വിവാഹ കാര്യം സംസാരിക്കുകയായിരുന്നു മുരളിയും വേലായുധനും. "അവൾക്ക് ഓണത്തിന്റെ അവധി തുടങ്ങുമ്പോൾ ഭാരതി ചെന്ന് അവളെ കൂട്ടികൊണ്ട് വരുന്നുണ്ട്. ഭാരതിയുടെ കൂടെ ഞാനും പോയാൽ അവൾക്ക് സംശയമാകും. അതുകൊണ്ട് ഭാരതി അവളുടെ അമ്മയെയും കൂട്ടി പോയിട്ട് ആതിരയെ ഇങ്ങോട്ട് കൊണ്ട് വരും.

തല്ക്കാലം വിവാഹക്കാര്യം നമുക്ക് രഹസ്യമായി മുന്നോട്ട് കൊണ്ടുപോവാം. ആരെങ്കിലും പറഞ്ഞ് ഭാർഗവി തള്ള അറിഞ്ഞാൽ നമ്മുടെ പദ്ധതികളൊക്കെ പൊളിയും. അതുകൊണ്ട് രജിസ്റ്റർ ഓഫീസിൽ കൊണ്ടുപോയി ചടങ്ങ് നടത്തിയിട്ട് എല്ലാരേം വിളിച്ചു കൂട്ടി അമ്പലത്തിൽ വച്ച് താലികെട്ടും നടത്തി ഒരു സദ്യയും കൊടുത്താൽ അതങ്ങ് കഴിയില്ലേ. രജിസ്റ്റർ ഓഫീസിൽ ശിവനും അവളും ഒപ്പ് വച്ചാൽ പിന്നെ നമുക്ക് ഒന്നും പേടിക്കാനില്ലല്ലോ. ചെറിയൊരു സൂചന കിട്ടിയാൽ പെണ്ണ് കൂടെ വരില്ല. അവിടെചെന്ന് പിടിച്ചു കെട്ടി കൊണ്ട് വരാനും നമുക്ക് പറ്റില്ലല്ലോ." "മുരളി പറഞ്ഞതും ശരിയാണ്. എന്തായാലും നമുക്ക് രജിസ്റ്റർ ഓഫീസിൽ അവരെക്കൊണ്ട് ഒപ്പിടിച്ച ശേഷം എല്ലാരേം ക്ഷണിച്ചു വരുത്തി ഒന്നൂടെ വിവാഹം നടത്താം." "പിന്നെ ചേട്ടാ... കല്യാണത്തിന്റെ ആവശ്യങ്ങൾക്ക് നല്ലൊരു തുക ചിലവാകില്ലേ. എന്റെ കൈയ്യിൽ നീക്കിയിരിപ്പെന്ന് പറയാൻ ഒന്നുമില്ല." തല ചൊറിഞ്ഞുകൊണ്ട് വേലായുധനെ നോക്കി നോക്കി അയാളൊന്ന് ചിരിച്ചു..

"ആഹ്... കല്യാണത്തിന് വേണ്ട ചിലവൊക്കെ ഞങ്ങള് വഹിച്ചോളാം. മുരളി ഒന്നുകൊണ്ടും പേടിക്കണ്ട. തല്ക്കാലം മുൻകൂറായി ഞാനൊരു അമ്പതിനായിരം രൂപ തരാം. വീടൊക്കെ ഒന്ന് മിനിക്കിയെടുത്തു കൊച്ചിന് വേണ്ട ഉടുപ്പൊക്കെ വാങ്ങി കൊടുക്ക്." കീശയിൽ നിന്നും പതിനായിരത്തിന്റെ അഞ്ചു കെട്ടുകളെടുത്ത് വേലായുധൻ മുരളിക്ക് നേരെ നീട്ടി. "വല്യ ഉപകാരം ചേട്ടാ." ഭവ്യതയോടെ അയാളെ നോക്കി തൊഴുതുകൊണ്ട് മുരളി പറഞ്ഞു. "ഓണം ഇങ്ങ് എത്താറായി. താൻ വേണ്ട ഒരുക്കങ്ങൾ തുടങ്ങിക്കോ. കാശ് തികഞ്ഞില്ലെങ്കി ചോദിച്ചാ മതി." വേലായുധൻ നിർദേശം കൊടുത്തു. "ഉവ്വ്... വേണ്ടി വന്നാൽ ചോദിക്കാം ഞാൻ." "എങ്കിൽ മുരളി പൊയ്ക്കോളൂ. നേരം സന്ധ്യയാകുന്നു." വേലായുധനോട്‌ യാത്ര പറഞ്ഞിറങ്ങിയ മുരളി നേരെ പോയത് തുണിക്കടയിലേക്കാണ്. ആതിരയ്ക്കൊഴികെ വീട്ടിൽ ബാക്കിയെല്ലാവർക്കുമുള്ള വസ്ത്രങ്ങൾ അയാൾ വാങ്ങി. പതിവില്ലാതെ കൈയ്യിൽ നിറയെ സാധനങ്ങളുമായി വീട്ടിൽ വന്ന മുരളിയെ കണ്ട് ഭാരതിയും മക്കളും അന്തംവിട്ടു.

"ഇതെന്താ അച്ഛാ പതിവില്ലാതെ കൈയ്യിൽ കുറേ കവറൊക്കെയായിട്ട്, ഇങ്ങ് തന്നേ നോക്കട്ടെ.." ആരതിയും അഞ്ജുവും കൂടി അയാളുടെ കൈയിലിരുന്ന കവറുകൾ വാങ്ങാനായി മുന്നോട്ട് വന്നു. "ഇതെല്ലാം നിങ്ങൾക്കുള്ളതാ മക്കളെ." മുരളി അവരോട് പറഞ്ഞു. ആരതിയും അഞ്ജുവും കൂടി അതെല്ലാം എടുത്തു നോക്കി. പുത്തൻ പുതിയ ഉടുപ്പുകൾ കണ്ട് അവർക്ക് ആഹ്ലാദം അടക്കാനായില്ല. "ഭാരതീ... നിനക്കും നാല് സാരി എടുത്തിട്ടുണ്ട്. ഇഷ്ടപ്പെട്ടോന്ന് നോക്ക്." മുരളി ഭാര്യയോട് പറഞ്ഞു. "ഇതാ അമ്മയ്ക്കുള്ള സാരി." അഞ്ജു ഒരു കവർ എടുത്ത് ഭാരതിക്ക് നേരെ നീട്ടി. അവരത് വാങ്ങി സാരിയൊക്കെ എടുത്തു ദേഹത്തു വച്ച് ഭംഗി നോക്കി. "എല്ലാം നല്ല സാരിയാണ് മുരളിയേട്ടാ. എനിക്കിഷ്ടപ്പെട്ടു." ഭാരതി സന്തോഷത്തോടെ ഭർത്താവിനെ നോക്കി. "മക്കളെ... നിങ്ങൾക്കെടുത്ത ചുരിദാറൊക്കെ ഇഷ്ടമായോ. ഇല്ലെങ്കിൽ നാളെതന്നെ കൊണ്ടുപോയി മാറ്റി എടുക്കാം." "ഒന്നും മാറ്റിയെടുക്കണ്ട അച്ഛാ. എല്ലാം നല്ലതാ. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു."

ആരതിയും അഞ്ജുവും ഒരേ സ്വരത്തിൽ പറഞ്ഞു. "ഓണക്കോടി ഇത്തവണ നേരത്തെ വാങ്ങിയതാണോ? എല്ലാം കൂടി നല്ല കാശായി കാണില്ലേ?" ഭാരതിയാണ് അത് ചോദിച്ചത്. "ഉം... ഇത്തിരി കാശ് ചിലവായി. ഇന്ന് വേലായുധൻ ചേട്ടൻ കുറച്ചു പൈസ തന്നിരുന്നു. വീടൊന്ന് പെയിന്റ് അടിച്ച് വൃത്തിയാക്കാനും പിന്നെ ആതിരയ്ക്ക് കുറച്ചു തുണിയെടുക്കാനൊക്കെയാ തന്നത്. അതീന്നു കുറച്ചു കാശെടുത്താ പിള്ളേർക്കും നിനക്കും എനിക്കുമൊക്കെ തുണിയെടുത്തത്." "ആണോ... വേലായുധൻ ചേട്ടൻ എത്ര തന്നു.?" "അമ്പത് തന്നു... ബാക്കി കൈയ്യിലുണ്ട്. വിശദമായി കിടക്കാൻ നേരത്ത് പറയാം." മുരളി അത് പറഞ്ഞപ്പോൾ മനസ്സിലായ ഭാവത്തിൽ ഭാരതി തലയനക്കി. "ആരതി... ഇപ്പൊ വാങ്ങിയ ഈ ഉടുപ്പൊക്കെ നീയെടുത്തിട്ട് നിന്റെ പഴകി പോകാത്ത കണ്ടാൽ പുതിയതെന്ന് തോന്നുന്ന നല്ല ഉടുപ്പുകളൊക്കെ ആതിരയ്ക്ക് കൊടുത്തേക്ക്. അവൾക്ക് ഞാനൊന്നും വാങ്ങിയിട്ടില്ല. നിന്റെം അവളേം ഉടുപ്പുകൾ ഒരേ അളവല്ലേ." ചുരിദാറുകൾ ഓരോന്നും ദേഹത്തു വച്ച് കണ്ണാടിയിൽ ഭംഗി നോക്കി നിന്ന ആരതി അത്‌ കേട്ട് ഞെട്ടി.

"അതെന്താ അച്ഛനങ്ങനെ പറഞ്ഞത്. ഇതുവരെ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ. എന്റെ ഉടുപ്പൊന്നും ഞാനാർക്കും കൊടുക്കില്ല. വേണോങ്കി പഴയതൊക്കെ കൊടുക്കാം. അല്ലെങ്കിലും ഞാനിട്ട് പഴകിയ തുണികളല്ലേ ചേച്ചി ഇട്ടിരുന്നത്. പിന്നെ എന്തിനാ അച്ഛൻ പുതിയത് കൊടുക്കാൻ പറയുന്നത്." "എന്തിനാ ഏതിനാന്നൊക്കെ അമ്മ പറഞ്ഞു തരും. നീ ഒരു തവണയെങ്കിലും ഇട്ട ഉടുപ്പുകളല്ലേ കൊടുക്കാൻ പറഞ്ഞത്. നീ അവൾക്ക് കൊടുത്തില്ലെങ്കിൽ ഞാൻ വേറെ വാങ്ങി കൊടുക്കേണ്ടി വരും." അത്രയും പറഞ്ഞിട്ട് അയാളെഴുന്നേറ്റ് കുളിക്കാനായി പോയി. ആരതി ചോദ്യ ഭാവത്തിൽ ഭാരതിയെ നോക്കി. അവർ കാര്യങ്ങളൊക്കെ രണ്ടുപേരോടുമായി പറഞ്ഞു. തല്ക്കാലം ഇതൊന്നും ആരോടും പറയരുതെന്നും അവരെ ശട്ടം കെട്ടി. എല്ലാം കേട്ടപ്പോൾ തന്റെ ചുരിദാറുകൾ ആതിരയ്ക്ക് കൊടുക്കാൻ ആരതി സമ്മതിച്ചു. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

ആതിരയെ സ്ഥിരമായി വിളിക്കുന്ന സമയം നോക്കി ഭാരതി, മുരളിയുടെ ഫോണിൽ നിന്ന് അവളുടെ ഹോസ്റ്റലിലേക്ക് പതിവ് കാൾ വിളിച്ചു. "മോളെ... അത്താഴം കഴിച്ചോടി നീ?" സ്നേഹത്തോടെ ഭാരതി അവളോട് ചോദിച്ചു. "ആ അമ്മേ കഴിച്ചു. അവിടെ അത്താഴം കഴിഞ്ഞോ?" "അച്ഛനും ഞാനും കഴിച്ചിട്ടില്ല. അവളുമാർ രണ്ടും കഴിച്ച് കിടന്നു. പിന്നെ നിനക്ക് അടുത്ത ആഴ്ച ഓണത്തിന്റെ അവധി ഇല്ലേ?" "ഉണ്ടമ്മേ... നമ്മടെ നാട്ടിലെ പോലെ പത്തു ദിവസമൊന്നും അവധി ഇല്ല. മലയാളി കുട്ടികൾ കുറെയുള്ളോണ്ട് ഓണത്തിന്റെ നാല് ദിവസം ക്ലാസ്സ്‌ ഉണ്ടാവില്ലെന്നേയുള്ളു." "എല്ലാരും വീട്ടിൽ പോവില്ലേ അപ്പോൾ?" "പോവും അമ്മേ." അത് പറയുമ്പോൾ അവളുടെ കണ്ഠമൊന്നിടറി. "നിന്നെ വിളിക്കാൻ ഞാൻ വരുന്നുണ്ട്. അങ്ങോട്ട്‌ വരാനൊന്നും അറിയാത്തോണ്ട് അമ്മാമ്മയെ കൂട്ടി വരാം ഞാൻ." "ഏഹ്.. സത്യാണോ അമ്മേ. അമ്മ വരോ?"

വിശ്വാസം വരാതെ അവൾ ചോദിച്ചു. "സത്യാടി... ഞാൻ വരും." "പക്ഷേ അച്ഛൻ... അച്ഛനെന്നെ വീട്ടിൽ കേട്ടില്ലാന്നല്ലേ പറഞ്ഞിട്ടുള്ളത്. പിന്നെ എങ്ങനെയാ അമ്മ വരാ. അച്ഛൻ സമ്മതിക്കോ?" "അച്ഛൻ അതൊക്കെ അപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതാവും. എന്തായാലും നിന്നെ വിളിച്ചുകൊണ്ട് വരുന്ന കാര്യം ഞാനിന്ന് അച്ഛനോട് പറയുന്നുണ്ട്. സമ്മതിച്ചില്ലെങ്കി അപ്പൊ നോക്കാം നമുക്ക്. നിന്നെ അകറ്റി നിർത്താൻ എനിക്ക് പറ്റില്ലെന്ന് ഉറപ്പിച്ചു പറയും ഞാൻ. ഞാൻ ആദ്യം പ്രസവിച്ച കുഞ്ഞാ നീ. നിന്നെ അങ്ങനെ അനാഥ കുട്ടികളെ പോലെ മാറ്റി നിർത്താൻ അമ്മയ്ക്കിനിയും പറ്റില്ല." "അച്ഛനോട് എന്റെ പേരിൽ വഴക്കൊന്നും കൂടല്ലേ." "ഇത്രയും നാൾ നിന്റെ അച്ഛനെ അനുസരിച്ചു നിന്നതല്ലേ ഞാൻ. അച്ഛന് ഇഷ്ടക്കേടാവേണ്ട എന്ന് കരുതി നിന്നെ ഇത്രയും വർഷം അകറ്റി നിർത്തിയതല്ലേ ഞാൻ.

ഇനി അമ്മ അതിന് സമ്മതിക്കില്ല മോളെ. അടുത്ത ആഴ്ച നിന്നെ കൊണ്ട് വരാൻ ഞാൻ വരും മോളെ. ഇത് അമ്മ തരുന്ന വാക്കാണ്." ഭാരതിക്കുണ്ടായ അസാമാന്യ ധൈര്യം അവളെ അമ്പരപ്പിച്ചു. "ശരിയമ്മേ... അമ്മ ഇത്ര ഉറപ്പിച്ചു പറയുന്നോണ്ട് ഞാൻ കാത്തിരിക്കും." "എന്നാ ശരി മോളെ ഞാൻ നാളെ വിളിക്കാം. അച്ഛന്റെ കുളി കഴിഞ്ഞു." "ആഹ് അമ്മേ ... ഞാൻ എന്നാ വയ്ക്കുവാ.." റിസീവർ താഴെ വച്ച ശേഷം ആതിര തന്റെ മുറിയിലേക്ക് പോയി. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺 "ആൽഫീ അടുത്ത ആഴ്ച ഞാൻ വീട്ടിലേക്ക് പോവും. അമ്മ വരുന്നുണ്ട് എന്നെ കൊണ്ട് പോവാൻ." പിറ്റേന്ന് കോളേജിൽ വച്ച് ആൽഫിയെ കാണുമ്പോൾ അതീവ സന്തോഷത്തോടെ അവൾ പറഞ്ഞു. "സത്യാണോ ആതി... നിന്റെ അച്ഛൻ സമ്മതിച്ചോ?"അവൻ ഞെട്ടലോടെ അവളെ നോക്കി. "അച്ഛനെ സമ്മതിപ്പിക്കുമെന്ന അമ്മ പറഞ്ഞത്.

എനിക്കുറപ്പുണ്ട് അമ്മ അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു എന്നെ കൊണ്ട് പോവാൻ വരും. ഇപ്പൊ അമ്മയ്ക്കെന്നോട് ഭയങ്കര സ്നേഹമാണ് ആൽഫീ. അതുകൊണ്ടാ അമ്മയെന്നെ എന്നും വിളിക്കുന്നതും സംസാരിക്കുന്നതും ഇപ്പൊ കൂടെ കൊണ്ടുപോവാൻ പോകുന്നതും. ഒക്കെ ശരിയാവാൻ പോവുന്നുവെന്ന് എന്റെ മനസ്സ് പറയുന്നു ആൽഫീ." കണ്ണുകളിൽ പ്രതീക്ഷ നിറച്ചുള്ള അവളുടെ സംസാരം ശ്രദ്ധിച്ചിരിക്കുകയാണ് ആൽഫിയും. " നിന്നെ തിരിച്ചിങ്ങോട്ട് വിട്ടില്ലെങ്കിൽ എന്ത് ചെയ്യും ആതി. എനിക്ക് അതോർത്താ പേടി." "അങ്ങനെയൊന്നും ഉണ്ടാവില്ല ആൽഫി. നാല് ദിവസം കഴിഞ്ഞാ അഞ്ചാം ദിവസം ഞാനിങ്ങ് എത്തില്ലേ." ആതിര അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പൊടുന്നനെ ആൽഫി അവളുടെ കൈകളിൽ കടന്നുപിടിച്ചു....... തുടരും സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story