മറുതീരം തേടി: ഭാഗം 70

marutheeram thedi shiva

രചന: ശിവ എസ് നായർ

"അഞ്ജൂ... നിന്നെ പ്രൈവറ്റ് കോളേജിൽ അയച്ച് പഠിപ്പിക്കാനുള്ള കാശൊന്നും എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ല. നിനക്ക് വേണ്ടി വലിയൊരു കട ബാധ്യത എടുത്ത് തലയിൽ വയ്ക്കാൻ എനിക്ക് പറ്റില്ല. രണ്ട് വർഷം കൊണ്ട് ജോലി ചെയ്ത് കിട്ടിയ സാലറിയിൽ നിന്ന് കുറച്ച് കുറച്ച് മിച്ചം പിടിച്ചതാണ് കടയുടെ രജിസ്ട്രേഷന് വേണ്ടി നിനക്ക് തരാനായി മാറ്റി വച്ചിട്ടുള്ളത്. അത്ര നീക്കിയിരിപ്പ് ഉണ്ടാക്കാൻ തന്നെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്." ആതിര, തന്റെ അവസ്ഥ മടിക്കാതെ അവളോട് തുറന്നു പറഞ്ഞു. "ചേച്ചി കൂടി എന്നെ കയ്യൊഴിയരുത്." ആതിരയുടെ കൈകൾ കൂട്ടിപ്പിടിച്ച് അഞ്ജു അപേക്ഷയോടെ അവളെ നോക്കി. "എന്ത് ധൈര്യത്തിലാ അഞ്ജു ഞാൻ നിന്നെ പഠിപ്പിക്കാ. സത്യം പറഞ്ഞാൽ നിനക്ക് വേണ്ടി ഇത്രയും വലിയൊരു തുക കടക്കാരി ആവാൻ എനിക്ക് പേടിയാണ്." "അതെന്താ ചേച്ചി അങ്ങനെ പറയുന്നത്?" "നിന്നേം ആരതിയേം നമ്മുടെ അച്ഛൻ ഒരു കുറവും അറിയിക്കാതെ ചോദിക്കുന്നതൊക്കെ വാങ്ങിത്തന്ന് ലാളിച്ചും കൊഞ്ചിച്ചുമല്ലേ വളർത്തിയത്.

എന്നിട്ട് അച്ഛനോട് നിങ്ങൾ കാണിച്ചതൊക്കെ എന്താണെന്ന് ഓർമ്മയുണ്ടോ?" ആതിരയുടെ ചോദ്യം കേട്ട് അഞ്ജു മുഖം കുനിച്ചു. "ചേച്ചി... അന്ന് അങ്ങനെയൊക്കെ പറ്റിപ്പോയി. ഒന്നും മനഃപൂർവ്വമല്ല." അവളുടെ ശബ്ദമൊന്നിടറി. "നിങ്ങളെല്ലാരും എല്ലാം മറന്നാലും എനിക്കൊന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. ഇവിടെയുള്ളവർ എന്നോട് ചെയ്തതൊക്കെ ഓർക്കുമ്പോൾ നിങ്ങളെ ആരെയും ഞാൻ സ്നേഹിക്കാനോ സഹായിക്കാനോ പാടുള്ളതല്ല. എന്നിട്ടും സ്വന്തം കൂടപ്പിറപ്പല്ലേ അച്ഛനും അമ്മയുമല്ലേ എന്നോർത്ത് വെറുക്കാൻ എനിക്ക് പറ്റുന്നില്ല. അതുകൊണ്ടാണ് നീ കട വിൽക്കുന്ന കാര്യവും പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ വാങ്ങാൻ തീരുമാനിച്ചത്. വേറെ ആർക്ക് വിറ്റാലും കിട്ടുന്നതിനേക്കാൾ രണ്ട് ലക്ഷം രൂപ കൂടുതലായി ഞാൻ നിനക്ക് തരാമെന്ന് സമ്മതിച്ചില്ലേ. അമ്മാമ്മ ഈ വീട് എനിക്ക് തന്നപ്പോൾ നിങ്ങളെ എല്ലാരേം ഇറക്കി വിടാമായിരുന്നു. അച്ഛന്റെ സംസാരം കേട്ടപ്പോൾ കൂടി അങ്ങനെ ചിന്തിച്ചതുമാണ്. പക്ഷേ ചിന്തിക്കാനും പറയാനുമേ എനിക്ക് കഴിയുള്ളു എന്ന് നിങ്ങളെയൊക്കെ കണ്ടപ്പോൾ ബോധ്യമായി.

എന്നോട് കാണിച്ച നീതികേട് തിരിച്ചുകാട്ടാൻ മനസ്സ് വരുന്നില്ല." "മുൻപ് ഞാനും ചേച്ചിയെ കുറേ വിഷമിപ്പിക്കേം വേദനിപ്പിക്കേമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ അറിവില്ലാതെ സംഭവിച്ചു പോയതാണ്. അന്ന് അങ്ങനെയൊക്കെ ചെയ്തുപോയതിൽ ഇപ്പൊ ഞാനൊരുപാട് വിഷമിക്കുന്നുണ്ട് ചേച്ചി. എല്ലാത്തിനും മാപ്പ് ചോദിക്കാനേ എനിക്ക് കഴിയൂ." "ഞാൻ മാപ്പ് നൽകിയാലും ഞാൻ അനുഭവിച്ചതൊന്നും ഒരിക്കലും എന്റെ മനസ്സിൽ നിന്ന് മാഞ്ഞ് പോകില്ലല്ലോ. എങ്കിലും ഇപ്പൊ എനിക്ക് നിങ്ങളോട് ആരോടും ദേഷ്യമില്ല. ദേഷ്യപ്പെട്ടിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ."ൽ പിന്നെ നിന്റെ പഠിപ്പിന്റെ കാര്യം, പ്ലസ്‌ ടു വിന് റാങ്ക് കിട്ടിയത് പോലെ ഈസിയാണ് എൻട്രൻസ് എക്സാം എന്ന് നീ വിചാരിച്ചു വച്ചിട്ടുണ്ടെങ്കിൽ അത് മണ്ടത്തരമായെന്നെ ഞാൻ പറയൂ. നിനക്ക് കിട്ടാത്തതോർത്തു വിഷമിച്ചിരിക്കാതെ നിന്നെക്കൊണ്ട് പറ്റുന്നത് നീ പഠിക്കാൻ നോക്ക്. ഡോക്ടറാവാൻ പറ്റിയില്ലെങ്കിലും നിനക്ക് മെഡിക്കൽ ഫീൽഡിൽ തന്നെ ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നഴ്സിംഗ് തിരഞ്ഞെടുക്കാലോ. ഞാൻ അതല്ലേ പഠിച്ചത്."

"ഞാൻ ഒരുപാട് ആഗ്രഹിച്ചുപോയി ചേച്ചി. പത്താം ക്ലാസ്സ്‌ മുതൽ മനസ്സിൽ കയറിക്കൂടിയ ആഗ്രഹമായിരുന്നു ഡോക്ടറാവുകയെന്നത്." അഞ്ജുവിന്റെ വിഷമം കണ്ടിട്ടും ആതിരയുടെ മനോഭാവത്തിന് മാറ്റമൊന്നുമുണ്ടായില്ല. "അഞ്ജൂ... ഒരുപാട് നാളൊന്നും ദുബായിൽ നിൽക്കാൻ ഞാനാഗ്രഹിക്കുന്നില്ല. നിന്നെ പഠിപ്പിച്ചു ഡോക്ടറാക്കാൻ കുറേ കാശ് ചിലവാകും. ലോണൊക്കെ എടുത്ത് വലിയൊരു ബാധ്യതയായാൽ അടച്ചു തീർക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടും. പഠിച്ചിറങ്ങിയ ഉടനെതന്നെ എന്റെ കടങ്ങൾ വീട്ടാൻ നിനക്ക് പറ്റിയെന്നും വരില്ല. നഴ്സിംഗ് പഠിക്കാൻ ഇപ്പൊ കൈയിലുള്ള തുക കൊണ്ട് നടക്കും. വേറെ കോഴ്സ് പഠിക്കണമെങ്കിൽ അതും ആവാം. എന്നെകൊണ്ട് കൂട്ടിയാൽ കൂടാത്ത ആഗ്രഹങ്ങളൊന്നും നീയെന്നോട് പറഞ്ഞിട്ട് കാര്യമില്ല. നീ നഴ്സിംഗ് പഠിച്ചിറങ്ങിയാൽ ഇവിടെ രണ്ട് വർഷം ജോലിയെടുത്ത് എക്സ്പീരിയൻസ് ആയിക്കഴിഞ്ഞാൽ ദുബായിൽ ഒരു ജോലി വാങ്ങിത്തരാൻ ഞാൻ സഹായിക്കാം. അതൊക്കെയേ എന്നെകൊണ്ട് നടക്കുള്ളു."

ചേച്ചിയോട് ഇനി എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് അഞ്ജുവിന് അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി. "അങ്ങനെയെങ്കിൽ ഞാൻ നഴ്സിംഗ് പഠിക്കാൻ പോവാം ചേച്ചി. പിന്നെ കടയുടെ രജിസ്ട്രേഷൻ നടത്താനുള്ള ഏർപ്പാടുകൾ ചേച്ചി ചെയ്തോളു. എവിടെ വേണേലും ഞാൻ ഒപ്പിട്ട് തരാം." അവളുടെ സ്വരം ഇടറിയിരുന്നു. "ഹാ.. അത് ഞാൻ അന്വേഷിച്ചിട്ട് നിന്നോട് പറയാം." തന്റെ തീരുമാനം അഞ്ജുവിനെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് ആതിരയ്ക്ക് മനസ്സിലായി. പക്ഷേ അത്രയും വലിയൊരു ബാധ്യത ഏറ്റെടുക്കാൻ അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല. അതിന് മാത്രമുള്ള സ്നേഹവും അടുപ്പവുമൊന്നും അവര് തമ്മിൽ ഇല്ലാത്തത് തന്നെയായിരുന്നു അതിന് മെയിൻ കാരണവും. എന്തായാലും അഞ്ജുവിന്റെ പ്രശ്നം അതോടെ തീർന്നതിൽ ആതിരയ്ക്ക് സമാധാനം തോന്നി. *********** തൃശൂരിലുള്ള ഒരു ഗവണ്മെന്റ് കോളേജിലാണ് അഞ്ജുവിന് നഴ്സിംഗിന് അഡ്മിഷൻ ശരിയായത്. അഡ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്കൊക്കെ ആതിര തന്നെയാണ് അവൾക്കൊപ്പം പോയത്. അഞ്ജുവിന് ക്ലാസ്സ്‌ തുടങ്ങുന്നതിനുമുൻപ് തന്നെ രെജിസ്ട്രേഷന്റെ കാര്യങ്ങൾ ചെയ്ത് തീർക്കണമെന്ന് ആതിര വിചാരിച്ചു.

അധികം വച്ച് താമസിപ്പിക്കാതെ തന്നെ കടയും അതിരിക്കുന്ന സ്ഥലവും അഞ്ജു ആതിരയുടെ പേരിലേക്ക് എഴുതി കൊടുത്തു. "അഞ്ജൂ... രെജിസ്ട്രേഷൻ കഴിഞ്ഞ സ്ഥിതിക്ക് പറഞ്ഞ തുക മുഴുവനും ഇന്നുതന്നെ ഞാൻ നിന്റെ അക്കൗണ്ടിൽ ഇടുന്നുണ്ട്. അത് നിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം." "നഴ്സിംഗിന് എനിക്ക് ഗവണ്മെന്റ് കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയത് കൊണ്ട് ഇത്രയും പൈസേടെ ആവശ്യം എനിക്കിനി ഇല്ലല്ലോ ചേച്ചി. അതുകൊണ്ട് അച്ഛൻ പൂമഠത്തുകാർക്ക് കൊടുക്കാനുള്ള കാശ് അതിൽ നിന്നെടുത്ത് കൊടുത്തിട്ട് ബാക്കിയുള്ളത് മാത്രം എന്റെ അക്കൗണ്ടിൽ ഇട്ടാൽ മതി." "നീ കാര്യായിട്ട് പറഞ്ഞതാണോ അഞ്ജു?" ആതിര സംശയത്തോടെ ചോദിച്ചു. "അതെ ചേച്ചി... അച്ഛനോട് ഞാൻ അന്നേ കട വിറ്റുവെന്ന് പറഞ്ഞത് കൊണ്ടാ പിന്നീട് മാറ്റിപ്പറയാത്തത്. അത്‌ മാത്രല്ല ചേച്ചിയുടെ പേരിലേക്ക് കട എഴുതി തരാമെന്ന് പറഞ്ഞ് കുറേ പൈസ എൻട്രൻസ് കോച്ചിംഗിനായി ഞാൻ വാങ്ങിച്ചതുമല്ലേ. അതുകൊണ്ട് ആ കട വിറ്റ് കിട്ടിയ കാശിന് അച്ഛന്റെ കടങ്ങൾ തീർന്നോട്ടെ.

ഞാനും ആരതി ചേച്ചിയും കൂടിയാണ് അച്ഛനെയൊരു ഹാർട് പേഷ്യന്റ് ആക്കിയത്. അതിനൊക്കെയുള്ള പ്രായശ്ചിത്തമായി ഇത് മാത്രേ എനിക്ക് ചെയ്യാൻ പറ്റു. തല്ക്കാലം അച്ഛൻ ഇക്കാര്യം അറിയണ്ട ചേച്ചി. അച്ഛന്റെ ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്ന പൈസ അമ്മയ്ക്ക് കൊടുത്താൽ മതി." "അതൊക്കെ നിന്റെ ഇഷ്ടം... എന്തായാലും നീ പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്യാം. അച്ഛൻ കൊടുക്കാനുള്ള പൈസ വേലായുധൻ മാമന്റെ കൈയ്യിൽ കൊടുത്തിട്ട് ബാക്കി നിന്റെ അക്കൗണ്ടിൽ ഇടാം ഞാൻ." "അതുമതി ചേച്ചി." വാടിയ പുഞ്ചിരി മുഖത്തണിഞ്ഞ് അഞ്ജു പറഞ്ഞു. *********** അഞ്ജുവിന്റെ ആഗ്രഹം പോലെ മുരളി, വേലായുധന് കൊടുത്തു തീർക്കാനുള്ള കാശ് മുഴുവനും കൊടുത്തുതീർത്ത ശേഷം ബാക്കി തുക ആതിര അഞ്ജുവിന്റെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്തു കൊടുത്തു. മാസാ മാസം മുരളിയുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്ന കാശ് ഇനിമുതൽ ഭാരതിക്ക് കൊടുക്കാനും അവൾ തീരുമാനിച്ചു. പുതിയ രീതിയിൽ പുതുക്കി പണിത് മോഡി പിടിപ്പിച്ച കട, നാട്ടിൽ വന്നിട്ട് ഒരിക്കൽ പോലും ആതിര പോയി കണ്ടിരുന്നില്ല.

ഇതുവരെ അത് തന്റെ സ്വന്തമല്ലല്ലോ എന്നതായിരുന്നു അതിന് കാരണം. പക്ഷേ ഇപ്പൊ എല്ലാ അർത്ഥത്തിലും ആ കട അവൾക്ക് സ്വന്തമായിരിക്കുകയാണ്. താനാണ് ആ കട വാങ്ങിയതെന്ന സത്യം അച്ഛനെ അറിയിക്കാൻ സമയമായെന്ന് ആതിരയ്ക്ക് തോന്നി. പൂമഠത്തേക്ക് പോയി കാർത്തികയെയും കൂട്ടികൊണ്ട് അവിടേക്ക് പോകാമെന്ന് കരുതി അവൾ കാർത്തികയെ കാണാനായി പുറപ്പെട്ടു. ആതിര ചെല്ലുമ്പോൾ ശിവന്റെ അച്ഛനും അമ്മയും കൂടി കാശി മോനെ കളിപ്പിച്ചു കൊണ്ട് ഉമ്മറത്തുണ്ടായിരുന്നു. ശിവേട്ടനെ വരച്ചു വച്ചതുപോലെ തന്നെയാണ് കാശിമോൻ കാണാനെന്ന് അവൾക്ക് തോന്നി. "ആരിത് ആതിരയോ... വാ മോളെ..." അവളെ കണ്ടതും ചിരിയോടെ വേലായുധനും സുധയും സ്വീകരിച്ചു. "കാർത്തികേ... മോളെ... ദേ ആതിര മോള് വന്നേക്കാ." വേലായുധൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. "ദാ വരുന്നച്ഛാ." അകത്തുനിന്നും കാർത്തികയുടെ ശബ്ദം കേട്ടു. പൂമുഖത്തിട്ടിരുന്ന കസേരയിലേക്ക് ഇരിക്കുമ്പോൾ ആതിര ചുറ്റുമൊന്ന് കണ്ണോടിച്ചു. ആദ്യമായിട്ടാണ് അവൾ അവിടെ വരുന്നത്.

അകത്തേക്ക് കയറുന്ന പ്രധാന വാതിലിന് മുകളിലായി ശിവന്റെയൊരു ഫ്രെയിം ചെയ്ത ഫോട്ടോ മാലയിട്ട് വച്ചിട്ടുണ്ടായിരുന്നു. ഒരു നിമിഷം ആ കാഴ്ച കണ്ടതും ആതിരയുടെ മിഴികളിൽ നീർ പൊടിഞ്ഞു. "ആതി... എന്തൊക്കെയുണ്ട് വിശേഷം." കാർത്തിക അവളുടെ അടുത്ത് വന്നിരുന്നുകൊണ്ട് ചോദിച്ചു. ശിവന്റെ മരണ ശേഷം ആതിരയും കാർത്തികയും ഇടയ്ക്കിടെ ഫോണിലൂടെ സംസാരിച്ച് സംസാരിച്ച് അവർ തമ്മിൽ ഒരു സ്നേഹബന്ധം ഉടലെടുത്തിരുന്നു. "കടയും അതിരിക്കുന്ന സ്ഥലവും അഞ്ജു എന്റെ പേരിലേക്ക് എഴുതി തന്നു ചേച്ചി. അത് തന്നെ വലിയ വിശേഷം." ചിരിയോടെ ആതിര പറഞ്ഞു. "ഓഹ്... അതേതായാലും നന്നായി. അഞ്ജു എങ്ങാനും നിന്നെ പറ്റിക്കോന്നോർത്ത് ഇരിക്കുകയായിരുന്നു ഞാൻ.". "അങ്ങനെയൊന്നും ഉണ്ടായില്ലല്ലോ." "ആ വീടും പറമ്പും വിൽക്കുന്നില്ലേ നീ." "ഇല്ല ചേച്ചി... അവരവിടെ താമസിച്ചോട്ടെ. അഞ്ജു കട എഴുതി തന്നില്ലെങ്കിൽ വീട് വിറ്റ് ഒരോഹരി അവർക്ക് കൊടുത്തിട്ട് അവിടെ തന്നെ സെറ്റിലാവണമെന്ന് കരുതിയ ഞാൻ വന്നതും. വീട്ടിൽ വന്ന് എല്ലാരേം കണ്ടപ്പോൾ അങ്ങനെയൊരു ചിന്ത തന്നെ വേണ്ടായിരുന്നുവെന്ന് തോന്നി.

അഞ്ജു ആ കട എനിക്ക് തന്നില്ലായിരുന്നെങ്കിലും ഞാൻ വീട് വിൽക്കില്ലായിരുന്നു ചേച്ചി. എന്തൊക്കെ പറഞ്ഞാലും ചെയ്താലും അവരൊക്കെ എന്റെ സ്വന്തം ചോര തന്നെയല്ലേ. എന്നോട് ചെയ്തതിനൊക്കെ ഇപ്പൊത്തന്നെ ഒരുപാട് അനുഭവിച്ചുകഴിഞ്ഞു. ആരതിയും അഞ്ജുവും ഇപ്പൊ പഴയ സ്വാഭാവമല്ല. എന്നോടും നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നതും. പക്ഷേ എത്രയൊക്കെ സ്നേഹം ഇങ്ങോട്ട് കാണിച്ചിട്ടും മനസ്സ് നിറഞ്ഞൊരു പുഞ്ചിരി കൊടുക്കാനോ ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാനോ എനിക്ക് തോന്നുന്നില്ല ചേച്ചി. അത്രത്തോളം അവഗണന ഞാൻ അനുഭവിച്ചതാണ്. പിന്നെ അച്ഛന് മാത്രം ഒരു മാറ്റോമില്ല കേട്ടോ." "നിന്റെ അച്ഛൻ ഒരിക്കലും മാറാൻ പോണില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അമ്മ എങ്ങനെയാ?" "അമ്മയ്ക്കും വിഷമം ഉണ്ട്. എന്നോട് മിണ്ടാനൊക്കെ ഒരു പേടി ഉണ്ടെന്ന് തോന്നുന്നു. മോളോട് വലിയ കാര്യമാ. എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഈ സ്നേഹവും പരിഗണനയും എനിക്ക് ആവശ്യമായ സമയങ്ങളിൽ കിട്ടിയിട്ടില്ലല്ലോ ചേച്ചി. അതുകൊണ്ടാണ് ഇപ്പൊ എനിക്ക് അകൽച്ച തോന്നുന്നത്. എങ്കിലും എനിക്കവരോട് വെറുപ്പില്ല.

പക്ഷേ അച്ഛനെ എനിക്ക് വെറുപ്പാണ് ചേച്ചി. ഏറ്റവും കൂടുതൽ എന്നെ വേദനിപ്പിച്ചത് അച്ഛനാ." "അതിനുള്ള ശിക്ഷ രണ്ട് മക്കളിൽ കൂടി അയാൾക്ക് കിട്ടിയല്ലോ. പിന്നെ നീയെന്താ ഇങ്ങോട്ട് വന്നപ്പോ തുമ്പിമോളെ കൂടെ കൊണ്ട് വരാത്തത്. മോളെ ഞാനൊന്ന് കണ്ടിട്ട് കൂടിയില്ല." "ഞാൻ ചേച്ചിയെയും കൂട്ടികൊണ്ട് കടയിലേക്ക് പോകാൻ വേണ്ടി വന്നതല്ലേ. അതുകൊണ്ടാ മോളെ എടുക്കാതിരുന്നത്." "എങ്കിൽപ്പിന്നെ തിരിച്ച് പോകുമ്പോൾ ഞാൻ നിന്റെ കൂടെ വീട്ടിലേക്ക് വരാം." "ഹാ ചേച്ചി... " കാർത്തികയുടെ നിർദേശം അവൾക്കും സ്വീകാര്യമായിരുന്നു. "മോൾക്ക് ലീവ് എത്ര മാസം ഉണ്ട്?" വേലായുധനാണ് അത് ചോദിച്ചത്. "രണ്ട് മാസത്തേക്കുണ്ട് മാമാ." ശിവന്റെ അമ്മയുടെ മടിയിലിരുന്നു അവളെ നോക്കി ചിരിച്ചുകൊണ്ടിരുന്ന കാശിയെ കൈനീട്ടി വിളിക്കുന്നതിനിടയിൽ ആതിര പറഞ്ഞു. "മോള് സംസാരിച്ചിരിക്ക്... ഞാൻ കുടിക്കാൻ ചായ എടുക്കാം." കാശിമോനെ ആതിരയുടെ കൈയ്യിൽ കൊടുത്തിട്ട് സുധ അടുക്കളയിലേക്ക് പോയി.

കാശിമോനെ എടുത്തുകൊണ്ട് നടക്കുകയും കുറച്ചു സമയം അവനെ കളിപ്പിച്ച ശേഷം ആതിരയും കാർത്തികയും രണ്ടുപേരോടും പറഞ്ഞിട്ട് കടയിലേക്ക് പോകാനായി ഇറങ്ങി. ************ പഴയ ഒറ്റമുറി കടയിൽ നിന്ന് ഇപ്പോൾ വലിയൊരു ഷോപ്പായി മാറിയത് അഭിമാനത്തോടെ നോക്കി നിൽക്കുകയാണ് ആതിര. മുരളി സ്റ്റോർസ് എന്ന പേര് മാറ്റി വലിയ അക്ഷരത്തിൽ നിവേദ്യ സൂപ്പർ മാർക്കറ്റ് എന്ന പേര് വായിക്കുമ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. തുമ്പി മോൾടെ ഒഫീഷ്യൻ നെയിം നിവേദ്യ എന്നാണ്. നാട്ടിൽ കാർത്തികയ്ക്കല്ലാതെ മറ്റാർക്കും തുമ്പി മോൾടെ ആ പേര് അറിയില്ല. പുറത്ത് നിന്നും സൂപ്പർ മാർക്കറ്റ് കണ്ട് തൃപ്തയായ ശേഷം കാർത്തികയ്ക്കൊപ്പം ആതിര അകത്തേക്ക് കയറി. ക്യാഷ് കൗണ്ടറിലിരുന്ന മുരളി കാർത്തികയെ കണ്ട് ഭവ്യതയോടെ എഴുന്നേറ്റു. അപ്പോഴാണ് അയാൾ അവൾക്ക് പിന്നിലായി നടന്ന് വരുന്ന ആതിരയെ കണ്ടത്. അവളെ കണ്ട് മുരളിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story