മറുതീരം തേടി: ഭാഗം 71

marutheeram thedi shiva

രചന: ശിവ എസ് നായർ

ക്യാഷ് കൗണ്ടറിലിരുന്ന മുരളി കാർത്തികയെ കണ്ട് ഭവ്യതയോടെ എഴുന്നേറ്റു. അപ്പോഴാണ് അയാൾ അവൾക്ക് പിന്നിലായി നടന്ന് വരുന്ന ആതിരയെ കണ്ടത്. അവളെ കണ്ട് മുരളിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി. "നീയെന്തിനാ ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിയത്. ഇവിടേം എന്നെ നാണം കെടുത്താൻ വേണ്ടി വന്നതാണോ എരണംകെട്ടവളെ." ആതിരയ്ക്ക് കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തിയാണ് അയാളത് പറഞ്ഞത്. മുരളി പറഞ്ഞ വാക്കുകൾ കാർത്തിക വ്യക്തമായി കേട്ടിരുന്നു. "മാമനെന്തിനാ ആതിരയെ ഇങ്ങനെ വഴക്ക് പറയുന്നത്? കട മോഡി പിടിപ്പിച്ച് സൂപ്പർ മാർക്കറ്റാക്കിയത് അവൾ കണ്ടിട്ടില്ലല്ലോ. ഇവിടെയൊക്കെ ഒന്ന് കാണാൻ വേണ്ടിയാ ആതിര എന്റെ കൂടെ വന്നത്. അതിനിങ്ങനെ മോശമായി സംസാരിക്കണോ?" കാർത്തികയുടെ അമർഷം മുഖത്ത് പ്രകടമായിരുന്നു.

"മോള് ഇവളെപ്പറ്റി എന്തറിഞ്ഞിട്ടാ. ഈ തല തെറിച്ചവളുടെ തലവെട്ടം കണ്ടതോടെയാണ് എനിക്ക് കഷ്ടകാലം തുടങ്ങിയത്. ഈ നശിച്ചവള് കാരണം എന്റെ കുടുംബം തന്നെ മുടിഞ്ഞുപോയി." "എന്തിനാ മാമാ ആതിരയെ മനസ്സറിവില്ലാത്ത കാര്യത്തിനൊക്കെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്?" "മോൾക്കിവളെ ശരിക്ക് അറിയാഞ്ഞിട്ടാ. ഇതിനെ കൂടെ കൊണ്ട് നടന്നിട്ടുണ്ടെങ്കിൽ പിന്നെ മോൾടെ കഷ്ടകാലം തുടങ്ങിയെന്ന് വിചാരിച്ചാൽ മതി. കണ്ടിടം ഞെരങ്ങി ആരാന്റെ വിഴുപ്പിനെയും ചുമന്ന് നടക്കുന്ന ഇവളെ മോളെ കൂടെ കണ്ടാൽ തന്നെ നാട്ടുകാർ വല്ലതും വിചാരിക്കും." "വെറുതെ ഇല്ലാവചനം പറയരുത് മാമാ. ഒന്നുമില്ലെങ്കിലും ആതിര, മാമന്റെ മോളല്ലേ." "ഞാൻ ഇല്ലാത്തതൊന്നുമല്ല പറഞ്ഞത്. ഇവള്ടെ കൊച്ചിന് പറയാനൊരു തന്തയുണ്ടോന്ന് മോള് ചോദിക്ക്. പഠിക്കാനെന്നും പറഞ്ഞു ഇവള് കുറേനാൾ ഏതവന്റെയോ കൂടെയായിരുന്നു. ഇപ്പോ ദുബായിലാണ് അഴിഞ്ഞാടാൻ പോയിരിക്കുന്നതെന്ന് തോന്നുന്നു. എല്ലാത്തിനും ഒത്താശ കൊടുക്കാൻ ഒരു കിളവിയുമുണ്ട്.

കുടുംബോം കുട്ട്യോളുമായിട്ട് മാന്യമായി കഴിഞ്ഞിരുന്നെങ്കിൽ ഈ മൂദേവി ഇങ്ങനെ തോന്നിയ പോലെ നടക്കുമോ? അവൾടെ ഭർത്താവും ഇപ്പൊ കൂടെകാണുമായിരുന്നില്ലേ. എന്റെ മോളായി ജനിച്ചത് കൊണ്ടാണല്ലോ ഞാനിതൊക്കെ അനുഭവിക്കേണ്ടി വന്നത്. എന്റെ ഗതികേട്, അല്ലാതെന്ത് പറയാനാ." മുരളി കടപ്പല്ലുകൾ ഞെരിച്ചമർത്തി. "സ്വന്തം മോളെക്കുറിച്ച് മാമനൊന്നും അറിയില്ലെങ്കിലും എനിക്കെല്ലാം അറിയാം. അവളെക്കുറിച്ച് ഇങ്ങനെ മോശമായി മാമൻ മാത്രേ പറയൂ." "ആ ശിവനും ഇവളെ ഇങ്ങനെ തലേൽ കേറ്റി വച്ചിട്ടാ ഇതിന്റെ എരണക്കേട് കൊണ്ട് അവന്റെ ജീവനങ്ങ് പോയത്. കൊച്ചിന് ജീവനിൽ കൊതിയുണ്ടെങ്കിൽ ഈ നാശത്തിനെ ഒരു കയ്യകലത്തിൽ നിർത്തുന്നതാണ് നല്ലത്." "അത് ഞാൻ തീരുമാനിച്ചോളാം. മാമൻ മാമന്റെ ജോലി നോക്കിയ മതി. എനിക്കറിയാം എന്ത് വേണമെന്ന്." ശിവനെക്കുറിച്ച് മുരളി പറഞ്ഞത് കാർത്തികയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. "അല്ലെങ്കിലും സത്യം പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല.

അനുഭവം വരുമ്പോ പഠിച്ചോളും. ഇപ്പൊത്തന്നെ നീ ഇങ്ങോട്ട് എഴുന്നള്ളിച്ചോണ്ട് വന്നത് എന്നെ പരിഹസിക്കാനല്ലേ. ഞാൻ മുതലാളിയായിട്ട് ഇരുന്ന കടയിൽ ഇപ്പൊ ജോലിക്കാരനായിട്ട് ഇരിക്കുന്നത് കണ്ട് അധികം സന്തോഷിക്കണ്ട നീ. എന്റെ ഈ അവസ്ഥയ്ക്ക് കാരണം നിന്റെ ജാതകദോഷം ഒന്നുകൊണ്ടാ. കുടുംബം മുടിക്കാൻ ഉണ്ടായ ജന്തു. ഇവിടിങ്ങനെ കണ്ട് രസിക്കാൻ എന്താടി ഉള്ളത്? കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഒന്നിറങ്ങി പോവോ ഇവിടുന്ന്." അയാളുടെ വായിൽ നിന്ന് വരുന്ന വൃത്തികേടുകൾ കേട്ട് മിണ്ടാതെ ദേഷ്യമടക്കി നിൽക്കുകയാണ് ആതിര. അച്ഛന്റെ വായടപ്പിക്കുന്ന രീതിയിൽ നല്ല മറുപടി കൊടുക്കണമെന്നുണ്ടെങ്കിലും ചുറ്റിനും ആളുകൾ ഉള്ളതുകൊണ്ട് അവൾ സംയമനം പാലിച്ചുനിന്നു. "നീയെന്തിനാ ആതി നിന്റെ അച്ഛൻ നിന്നെക്കുറിച്ചു പറയുന്ന ഈ വൃത്തികേടുകളൊക്കെ കേട്ട് നിക്കുന്നത്. ഈ സൂപ്പർ മാർക്കറ്റ് നിന്റെയാന്ന് അങ്ങോട്ട്‌ പറഞ്ഞു കൊടുക്ക്." കാർത്തിക അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു. "ഇപ്പൊത്തന്നെ വേണോ?"

ആതിര സംശയത്തോടെ അവളെ നോക്കി. "പിന്നെ ഇനി എപ്പോ പറയാനാ." കാർത്തിക ഗൗരവത്തോടെ ചോദിച്ചു. "മോളെ... ഇവളോട് ഇവിടുന്ന് ഇറങ്ങിപ്പോകാൻ പറയ്യ്. ഈ നാശം ഇവിടെ കാല് കുത്താൻ പോലും പാടില്ല. ഇതിന്റെ കണ്ണ് തട്ടിയാൽ ഉള്ള കച്ചവടം കൂടെ പോവും." അരിശത്തോടെ മുരളി അത് പറഞ്ഞപ്പോൾ ആതിരയുടെ ക്ഷമ കെട്ടു. "ഇവിടെ നിന്ന് എന്നെ ഇറക്കി വിടാൻ പറയാൻ അച്ഛനെന്താ അധികാരം. ഈ കട വാങ്ങി സൂപ്പർ മാർക്കറ്റാക്കിയത് ഞാനാ. ഞാൻ ശമ്പളം തന്ന് നിർത്തിയിരിക്കുന്ന വെറുമൊരു ജോലിക്കാരൻ മാത്രമാണ് അച്ഛനിപ്പോൾ. അവിടെ ഇരുന്നുകൊണ്ട് ഇവിടുത്തെ കാര്യങ്ങൾ നോക്കിനടത്താൻ പറ്റാത്തത് കൊണ്ട് കാർത്തിക ചേച്ചിയെ മേൽനോട്ടം ഏൽപ്പിച്ചതാ ഞാൻ. അതുകൊണ്ട് കൂടുതൽ ഡയലോഗ് അടിക്കാതെ നാവടക്കി ഇരുന്ന് ജോലി ചെയ്യാൻ നോക്ക്. വെറുതെ ഉള്ള പണി കൂടെ കളയണ്ട." അത് പറയുമ്പോൾ ആതിരയുടെ മുഖത്ത് വിരിഞ്ഞ ഭാവമെന്തെന്ന് മുരളിക്ക് തിരിച്ചറിയാനായില്ല. അവൾ പറഞ്ഞതൊക്കെ ഒരു നടുക്കത്തോടെയാണ് അയാൾ കേട്ട് നിന്നത്.

അവൾക്ക് മുന്നിൽ പുഴുവോളം താൻ ചെറുതായി പോയെന്ന് മുരളിക്ക് തോന്നി. അതൊന്നും ഉൾകൊള്ളാൻ അയാൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ താൻ കേട്ടത് സത്യമായ കാര്യമാണെന്ന് കാർത്തികയുടെ മുഖത്തേക്ക് നോക്കിയപ്പോൾ മുരളിക്ക് മനസ്സിലായി. ജീവിതത്തിൽ താനിത്രത്തോളം അപമാനിക്കപ്പെട്ടൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് മുരളി ആ നിമിഷം ഓർത്തുപോയി. അയാൾക്കെല്ലാവരോടും കടുത്ത ദേഷ്യവും പകയും തോന്നി. ആ ജോലി വലിച്ചെറിഞ്ഞിട്ട് ഇറങ്ങിപ്പോവാൻ മുരളിയുടെ മനസ്സ് ആഗ്രഹിച്ചു. "സൂപ്പർ മാർക്കറ്റിന്റെ മുതലാളി ആതിരയാണെന്നറിഞ്ഞത് കൊണ്ട് ഇനി ഇവിടുത്തെ ജോലി ഉപേക്ഷിച്ച് കളയാമെന്നൊന്നും വിചാരിക്കണ്ട. ഒരു ഹാർട് പേഷ്യന്റായത് കൊണ്ട് ഈ ജോലി ഇട്ടെറിഞ്ഞ് പോയാൽ ഇത്ര ശമ്പളത്തിൽ ഇതുപോലൊരു ജോലി നിങ്ങൾക്കെന്തായാലും വേറെവിടെയും കിട്ടാനും പോകുന്നില്ല. അച്ഛന് കൊടുക്കാൻ ലക്ഷങ്ങൾ കട ബാധ്യത നിങ്ങൾക്കുള്ളത് മറക്കണ്ട." താക്കീതെന്നോണം കാർത്തിക അയാളോട് പറഞ്ഞു.

"അച്ഛനിനി ക്യാഷ് കൗണ്ടറിൽ ഇരിക്കണ്ട. അവിടെ ഇന്ന് മുതൽ കാർത്തിക ചേച്ചി ഇരിക്കും. ഇനിയിവിടെ അച്ഛന്റെ ജോലി റാക്കുകളിൽ സാധനങ്ങൾ അടുക്കി വയ്ക്കുന്നതാണ്. അത് ചെയ്യാൻ പറ്റില്ലെങ്കിൽ ജോലി മതിയാക്കി പൊയ്ക്കോ. എനിക്കൊരു പ്രശ്നവുമില്ല." ആതിരയുടെ ആ പ്രഖ്യാപനം മുരളിയെയും കാർത്തികയെയും ഞെട്ടിച്ചു. "നിന്റെ ഔദാര്യത്തിൽ ജീവിക്കുന്നതിലും ഭേദം ചാകുന്നതാടി. എനിക്ക് വേണ്ടടി നിന്റെ ജോലി. ഈ നാട്ടിലെനിക്ക് വേറെയും പണി കിട്ടും. ഞാൻ അതിന് പൊയ്ക്കോളാം." ക്രോധത്തോടെ ആതിരയെയൊന്ന് നോക്കിയിട്ട് മുരളി പുറത്തേക്കിറങ്ങി പോയി. "നീ എന്തൊക്കെയാ ആതി ഈ വിളിച്ചു പറഞ്ഞത്?" "ഞാനത് മനസ്സിൽ കരുതിയാ വന്നത് ചേച്ചി. ഞാനാണ് കട വാങ്ങിയതെന്ന് അറിഞ്ഞ ശേഷം അച്ഛനിവിടെ ആത്മാർത്ഥമായി ജോലി ചെയ്യുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ? ഇറങ്ങിപ്പോകാൻ മുഖത്ത് നോക്കി പറയാതെ പറഞ്ഞതാ. വേറെന്തെലും ജോലി ചെയ്ത് ജീവിക്കട്ടെ. വേലായുധൻ മാമന് കൊടുക്കാനുള്ള കാശുണ്ടാക്കാനെങ്കിലും പണിക്ക് പോണ്ടേ.

മാസമാസം ആ പൈസയും കൊണ്ട് അച്ഛനവിടെ വരുമ്പോൾ ചേച്ചി ആ കാശ് വാങ്ങി എന്റെ അമ്മയുടെ കൈയ്യിൽ കൊടുത്തേക്ക്. വീട്ടിലേക്ക് അച്ഛനൊന്നും കൊടുക്കാറില്ല. ഇനിമുതൽ ചേച്ചി വേണം ഈ സൂപ്പർ മാർക്കറ്റ് സ്വന്തം പോലെ നോക്കി നടത്താൻ. ശിവേട്ടനുണ്ടായിരുന്നെങ്കിൽ ശിവേട്ടനെ ഏൽപ്പിക്കുമായിരുന്നു ഞാൻ. ഇപ്പൊ ഇവിടെ എനിക്ക് വിശ്വസിച്ചു കാര്യങ്ങൾ പറയാനും ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു തരാനും ചേച്ചിയല്ലേ ഉള്ളു. പറ്റില്ലെന്ന് മാത്രം പറയരുത്." കാർത്തികയുടെ കരങ്ങൾ കൂട്ടിപ്പിടിച്ച് അപേക്ഷയോടെ അവൾ പറഞ്ഞു. "എനിക്ക് സന്തോഷമേയുള്ളൂ ആതി." കാർത്തികയുടെ കണ്ണുകൾ ഈറനായി. "എങ്കിൽപ്പിന്നെ ഐശ്വര്യമായിട്ട് ഇപ്പോൾ തന്നെ തുടങ്ങിക്കോ. ഞാൻ വീട്ടിൽ പോയി തുമ്പി മോളെയും അമ്മാമ്മയെയും കൂട്ടികൊണ്ട് വരാം." "മോളെ കാണാൻ ഞാൻ അങ്ങോട്ട്‌ വരാം ആതി." "ഇന്നിനി അങ്ങോട്ട്‌ വരാൻ നിന്നാൽ നേരം വൈകും. ഞാൻ പോയി അവരെ ഇങ്ങോട്ട് കൊണ്ട് വരാം. അമ്മാമ്മയും കട പുതുക്കിയത് കണ്ടിട്ടില്ലല്ലോ."

"എന്നാ നീ പോയിട്ട് വാ ആതി." അങ്ങനെ സൂപ്പർ മാർക്കറ്റിന്റെ പൂർണ്ണ മേൽനോട്ടം ആതിര, കാർത്തികയെതന്നെ ഏൽപ്പിച്ചു. ************* ആതിര കട വാങ്ങിയത് അറിഞ്ഞത് മുതൽ മുരളി കടുത്ത ദേഷ്യത്തിലും നിരാശയിലുമാണ്. ഇപ്പൊ ഒരു തടിമില്ലിൽ കണക്കെഴുതാൻ പോകുന്ന ജോലിയാണ് അയാൾക്ക്. അവിടെ ജോലിക്ക് പോയി തുടങ്ങിയപ്പോൾ മുതൽ വെള്ളമടിയും തുടങ്ങിയിട്ടുണ്ട്. ആതിര വീട്ടിൽ ഉള്ളതുകൊണ്ട് മുരളിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവാനും മടിയാണ്. അവളെ മുഖാമുഖം കാണുന്നത് പോലും അയാൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് ചില ദിവസങ്ങളിൽ മുരളി തടിമില്ലിൽ തന്നെ കിടന്നുറങ്ങും. "ചേച്ചി നാളെയാണ് എനിക്ക് തൃശൂർ പോവേണ്ടത്. ബുധനാഴ്ച മുതൽ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യും." രാത്രി ആതിരയ്ക്കരികിൽ വന്ന് കിടന്ന ശേഷം അഞ്ജു പറഞ്ഞു. "കൊണ്ടുപോകാനുള്ളതൊക്കെ പാക്ക് ചെയ്ത് വച്ചോ നീ." "ആഹ് ചേച്ചി. അതൊക്കെ റെഡിയാക്കി വച്ചു ഞാൻ. ചേച്ചി എന്നാ തിരിച്ച് പോവുന്നത്." "നിന്നെ കൊണ്ട് ചെന്ന് വിട്ട ശേഷം പിറ്റേ ദിവസം തന്നെ ഞാൻ പോകും."

"ചേച്ചിക്ക് പ്രീഡിഗ്രിക്ക് നല്ല മാർക്കുണ്ടായിരുന്നില്ലേ. പിന്നെന്താ നമ്മുടെ നാട്ടിലൊന്നും അഡ്മിഷൻ കിട്ടാതിരുന്നേ? സത്യത്തിൽ ചേച്ചിക്ക് നഴ്സിങ്ങിൽ റാങ്കൊക്കെ കിട്ടിയത് കണ്ട് അസൂയയും വാശിയും മൂത്താണ് ഡോക്ടറാവണമെന്ന് ഞാൻ സ്വപ്നം കണ്ട് നടന്നത്." അഞ്ജുവിന്റെ മുഖത്ത് നഷ്ടബോധം നിഴലിച്ചു. "പ്രീഡിഗ്രിക്ക് എനിക്ക് നല്ല മാർക്കുണ്ടായിരുന്നുവെങ്കിലും അന്ന് ഞാൻ കേരളത്തിൽ എല്ലാ നഴ്സിംഗ് കോളേജിലും അപേക്ഷ കൊടുത്തില്ലായിരുന്നു. അടുത്ത് തന്നെ കിട്ടുമെന്നുള്ള അമിത വിശ്വാസത്തിൽ തൃശൂരും കോഴിക്കോടും മാത്രമേ ഞാനന്ന് കൊടുത്തിരുന്നുള്ളൂ. അന്നൊന്നും ഇതിനെക്കുറിച്ച് വലിയ അറിവൊന്നും എനിക്കില്ലെന്നതായിരുന്നു സത്യം. പിന്നീട് കർണാടകയിലൊരു കോളേജിൽ അഡ്മിഷൻ ശരിയായതും അങ്ങോട്ട്‌ പോയി. ഇവിടെ നിന്ന് മാറി നിക്കുന്നതാണ് നല്ലതെന്ന് വിചാരിച്ച് അന്ന് കിട്ടിയിടത്ത് തന്നെ പോയി പഠിച്ചു. വേറെവിടെയും അഡ്മിഷന് പിന്നീട് ശ്രമിച്ചതുമില്ല. ഉഴപ്പാതെ പഠിച്ചു നല്ല മാർക്ക് വാങ്ങണം നീ.

ഇവിടെ എക്സ്പീരിയൻസ് ആയിക്കഴിഞ്ഞാൽ നിനക്കൊരു വിസ ഞാൻ ശരിയാക്കി തരുന്നുണ്ട്." "ഞാൻ നന്നായി പഠിച്ചോളാം ചേച്ചി. ചേച്ചിയെ പോലെ എനിക്ക് റാങ്ക് വാങ്ങിക്കണം." വാശിയോടെ അവൾ പറഞ്ഞു. "ഇതുപോലെയുള്ള കാര്യങ്ങൾക്ക് വാശി നല്ലതാ." അഞ്ജുവിനെ നോക്കി ആതിര ചിരിച്ചു. ആ രാത്രി ആതിരയ്ക്കൊപ്പമാണ് അഞ്ജു ഉറങ്ങിയത്. ആതിരയും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. രാവിലെ അഞ്ജുവിനൊപ്പം തൃശൂർ പോയി അവളെ അവിടെ ഹോസ്റ്റലിൽ കൊണ്ട് വിട്ട ശേഷം രാത്രിയോടെ ആതിര വീട്ടിൽ തിരിച്ചെത്തി. പിറ്റേന്ന് രാത്രിയിലെ ട്രെയിനിനാണ് ആതിരയും ഭാർഗവിയമ്മയും കർണാടകയ്ക്ക് പോകുന്നത്. അവൾ വീട്ടിൽ വന്നിട്ട് അപ്പോഴേക്കും ഒരു മാസമായിരുന്നു.

ശ്രീറാമിന്റെ വീട്ടുകാർ അവളെ ഡെയിലി വിളിക്കാറുണ്ട്. റാമും ഷൈനിയും കല്യാണ തിരക്കിനിടയിലും ആതിരയെ വിളിച്ചു വിശേഷങ്ങൾ തിരക്കിയിരുന്നു. കാർത്തിക്കിന്റെയും അമ്മയുടെയും ഫോൺ വിളികളും ഇടയ്ക്കിടെ അവളെ തേടിയെത്തി. എല്ലാവർക്കും വിളിച്ചാൽ അറിയാനുള്ളത് തിരിചെന്നാ വരുന്നതെന്ന് മാത്രമാണ്. സ്വന്തമല്ലാതിരുന്നിട്ട് കൂടി വീട്ടിലെ ഒരംഗത്തെ പോലെ തന്നെയും മോളെയുമൊക്കെ സ്നേഹിക്കുന്ന അവരോട് ആതിരയ്ക്കും അതേ അടുപ്പമായിരുന്നു. രാവിലെ ഉറക്കമെഴുന്നേറ്റ് വന്ന് ആതിര നോക്കുമ്പോൾ കാണുന്നത് കുടിച്ച് ബോധമില്ലാതെ വരാന്തയിൽ കിടന്നുറങ്ങുകയാണ് മുരളി. രാത്രിയിൽ എപ്പോഴോ വന്ന് കിടന്നതാകുമെന്ന് കിടപ്പ് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി. അയാളുടെ ആ കിടപ്പ് കണ്ടപ്പോൾ തന്നെ ആതിരയ്ക്ക് വിറഞ്ഞുകയറി.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story