മറുതീരം തേടി: ഭാഗം 72

marutheeram thedi shiva

രചന: ശിവ എസ് നായർ

"അമ്മേ... അച്ഛനെ ഇവിടുന്ന് പിടിച്ചെണീപ്പിച്ച് കൊണ്ട് പോയേ. കുടിച്ച് ബോധമില്ലാതെ വരാന്തയിൽ വന്ന് കിടക്കാ." ആതിര അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. "ഞാൻ എണീറ്റ് വന്നപ്പോ കണ്ടതാ മോളെ. കുറേ വിളിച്ചിട്ടും എണീച്ചില്ല." അടുക്കളയിൽ നിന്നും ഭാരതി വേഗം ഉമ്മറത്തേക്ക് വന്നു. "അമ്മ ഒന്നുകൂടി വിളിച്ചു നോക്ക്. ഉണർന്നില്ലെങ്കിൽ ഉണർത്താൻ എനിക്കറിയാം." ഭാരതി അയാൾക്കരികിലിരുന്ന് കുലുക്കി വിളിച്ചപ്പോൾ കൈതട്ടി മാറ്റി മുരളി ഒന്നുകൂടി ചുരുണ്ടുകൂടി കിടന്നു. അത് കണ്ടതും ദേഷ്യം പിടിച്ച് ആതിര കിണറ്റിൻ കരയിലേക്ക് പോയി. ഒരു ബക്കറ്റിൽ നിറയെ വെള്ളവുമായിട്ടാണ് അവൾ തിരിച്ചു വന്നത്. അമ്മയോട് നീങ്ങി നിൽക്കാൻ പറഞ്ഞിട്ട് ആതിര ബക്കറ്റിലെ വെള്ളം മുരളിയുടെ തലയിലൂടെ കമഴ്ത്തി. ദേഹം മൊത്തം നനഞ്ഞുകുതിർന്ന് കൊണ്ട് അയാൾ കിടന്നിടത്ത് നിന്ന് ഞെട്ടിയെഴുന്നേറ്റു. "ഏത് നായിന്റെ മോളാടി വെള്ളം കോരി എന്റെ ദേഹത്ത് ഒഴിച്ചത്." പുലഭ്യം പറഞ്ഞുകൊണ്ട് അയാൾ മുഖത്തെ വെള്ളം കൈകൊണ്ട് തുടച്ചു.

"എന്റെ വീട്ടിൽ ഇമ്മാതിരി പരിപാടിയൊന്നും നടക്കില്ല. മര്യാദയ്ക്കാണെങ്കിൽ ഇവിടെ നിന്നാൽ മതി. ഇല്ലെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങിപോ. വെറുതെ മറ്റുള്ളവരുടെ സ്വസ്ഥത കെടുത്താനായിട്ട്." ദേഷ്യത്തോടെ ആതിര പറഞ്ഞു. "എന്നോട് ഇങ്ങനെയൊക്കെ പറയാൻ നീയാരാടി പുല്ലേ?" മുരളി ക്രോധത്തോടെ അവൾക്ക് നേരെ കയ്യോങ്ങിക്കൊണ്ട് ചാടി എഴുന്നേറ്റു. "ദേ... അച്ഛന്റെ അഭ്യാസമൊന്നും ഇങ്ങോട്ട് കാണിക്കാൻ വരണ്ട. അടിച്ചു പുറത്താക്കണ്ടെങ്കിൽ മര്യാദക്ക് നിന്നോ ഇവിടെ. അതുപോലെ ചെറുപ്പത്തിൽ എന്നോട് കാണിച്ച ദ്രോഹങ്ങൾ ആ പൊടികൊച്ചിനോട് കാണിക്കാൻ പോയിട്ടുണ്ടെങ്കിൽ പിന്നെ ഒരു നിമിഷം പോലും അച്ഛനീ വീട്ടിൽ ഉണ്ടാവില്ല." കൈയിലിരുന്ന ബക്കറ്റ് പടിയിൽ ശബ്ദത്തോടെ വച്ചുകൊണ്ട് ആതിര അകത്തേക്ക് പോയി. പലതവണ തക്കം കിട്ടുമ്പോഴൊക്കെ മുരളി ഉണ്ണിക്കുട്ടനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. തന്റെ അവസ്ഥ ആ കുഞ്ഞിന് കൂടി ഉണ്ടാവരുതെന്ന് കരുതിയാണ് ആതിര അത്രയും കടുപ്പിച്ചു സംസാരിച്ചത്.

അവളുടെ വായിലിരിക്കുന്നത് മുഴുവനും കേട്ട് നാവിറങ്ങിപ്പോയത് പോലെ മുരളി നിശബ്ദനായി നിന്നുപോയി. "അവള് പറഞ്ഞതേ എനിക്കും നിങ്ങളോട് പറയാനുള്ളു. കുടിച്ചും വലിച്ചും നടക്കാനാണെങ്കിൽ അത്‌ ഈ വീട്ടിൽ പറ്റില്ല. ഞാൻ തന്നെ ആട്ടിയിറക്കും നിങ്ങളെ." ഭാരതി കൂടി അങ്ങനെ പറഞ്ഞപ്പോൾ അയാൾ അമ്പേ തളർന്നുപോയി. തന്നെയിപ്പോൾ ആർക്കും പഴയത് പോലെ പേടിയില്ലെന്ന് വേദനയോടെ മുരളി ഓർത്തു. പടിയിലിരുന്ന ബക്കറ്റ് ദേഷ്യത്തോടെ മുറ്റത്തേക്ക് തൊഴിച്ചെറിഞ്ഞിട്ട് അയാൾ മുറിയിലേക്ക് നടന്നു. രാത്രി എല്ലാവരോടും യാത്ര പറഞ്ഞ് ആതിരയും ഭാർഗവിയമ്മയും തുമ്പി മോളും ഇറങ്ങി. ടാക്സി കാറിലേക്ക് ലഗ്ഗേജൊക്കെ എടുത്ത് വച്ചത് ആരതിയാണ്. അമ്മയുടെയും അനിയത്തിയുടെയും കണ്ണ് നിറഞ്ഞിരിക്കുന്നത് അവൾ കണ്ടു. "മോളിനി എന്നാ ഇങ്ങോട്ടൊക്കെ?" ഗദ്ഗദം ഉള്ളിലടക്കി ഭാരതി ചോദിച്ചു "ഇനി അടുത്ത വർഷത്തെ ലീവിന് വരാൻ നോക്കാം." ഒഴുക്കൻ മട്ടിൽ ആതിര പറഞ്ഞു. "ചേച്ചിക്ക് ഞങ്ങളോടുള്ള ദേഷ്യം ഇപ്പഴും മാറിയില്ലേ?" വിഷമത്തോടെ ആരതി അവളെ നോക്കി.

"ദേഷ്യമൊന്നുമില്ല... എങ്കിലും പഴയതൊക്കെ മറക്കാൻ എനിക്ക് സമയം വേണം. നിങ്ങളൊക്കെ എന്റെ സ്വന്തം തന്നെയല്ലേ. വെറുക്കാൻ കഴിയുന്നില്ല." "അവിടെ പോയാലും വിളിക്കണേ ചേച്ചി." "വിളിക്കാം... ഉണ്ണികുട്ടനെ നന്നായി നോക്കണം. അച്ഛനവനെ ഉപദ്രവിക്കാൻ ശ്രമിക്കും. ഞാൻ കുറേ അനുഭവിച്ചിട്ടുള്ളതാണ്." ആരതിയുടെ തോളിൽ ചാഞ്ഞു കിടന്നിരുന്ന ഉണ്ണികുട്ടന്റെ നെറുകിൽ തലോടി ആതിര പറഞ്ഞു. "അതൊക്കെ ഞങ്ങൾ നോക്കിക്കോളാം മോളെ. നീ സൂക്ഷിച്ചു പോയിട്ട് വാ." ഭാരതി തന്റെ ഇടുപ്പിലിരുന്ന തുമ്പി മോളെ ആതിരയുടെ കൈയ്യിലേക്ക് കൊടുത്തു. അവർ യാത്രയാകുന്ന സമയം തടി മില്ലിൽ കുടിച്ചു ബോധമില്ലാണ്ട് കിടക്കുകയായിരുന്നു മുരളി. ************ രാവിലെ ഏഴ് മണിക്ക് ട്രെയിൻ കർണാടകയിൽ എത്തിച്ചേർന്നു. റെയിൽവേ സ്റ്റേഷനിൽ അവരെ വിളിച്ചുകൊണ്ട് പോകാൻ വന്നത് കാർത്തിക്കാണ്. "എന്തൊക്കെ ഉണ്ടെടോ നാട്ടിലെ വിശേഷം." ഡ്രൈവിംഗിനിടയിൽ കാർത്തിക് അവളോട് ചോദിച്ചു. "പോയ കാര്യമൊക്കെ നടന്നു സർ. ഇനി ഷൈനി ചേച്ചിയുടെ ബ്രദറിന്റെ കല്യാണം കൂടി കഴിഞ്ഞാൽ തിരിച്ചു പോവാനാകും."

കോ ഡ്രൈവിംഗ് സീറ്റിലായിരുന്നു ആതിര ഇരുന്നത്. തുമ്പി മോൾ പുറകിൽ അമ്മാമ്മയുടെ മടിയിൽ കിടന്ന് നല്ല ഉറക്കമാണ്. ഉണ്ണിക്കുട്ടനെ പിരിഞ്ഞ് വന്നതിൽ മോൾക്ക് നല്ല സങ്കടമുണ്ടായിരുന്നു. "തന്നോട് എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടായിരുന്നു. ഫോണിലൂടെ പറയാൻ പറ്റാത്തത് കൊണ്ട് നേരിട്ട് കാണുമ്പോൾ പറയാമെന്ന് കരുതി." ശബ്ദം താഴ്ത്തി ആതിരയ്ക്ക് കേൾക്കാൻ പാകത്തിലാണ് അവന്റെ സംസാരം. "എന്താ സർ കാര്യം?" ജിജ്ഞാസയോടെ അവൾ ചോദിച്ചു. "പിന്നെ പറയാം ആതിര, അമ്മാമ്മ കേൾക്കണ്ട." കാർത്തിക്കിന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ സംഗതി എന്തോ ഗൗരവമുള്ള വിഷയമാണെന്ന് ആതിരയ്ക്ക് മനസ്സിലായി. അവരെ വീട്ടിലാക്കിയ ശേഷം കാർത്തിക്ക് ഹോസ്പിറ്റലിലേക്ക് പോയി. ശ്രീറാമും വീട്ടുകാരും ഷൈനിയുടെ വീട്ടിലേക്ക് പോയിരുന്നത് കൊണ്ട് അവർ കാർത്തിക്കിന്റെ വീട്ടിലാണ് അന്ന് തങ്ങിയത്. അന്നത്തെ ദിവസം കാർത്തിക്കിന് ഹോസ്പിറ്റലിൽ തിരക്ക് പിടിച്ച ദിവസമായതിനാൽ തിരിച്ചു വീട്ടിലെത്തുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.

സന്ധ്യ മുതൽ തുമ്പി മോൾക്ക് ചെറിയൊരു പനിക്കോള് കണ്ടത് കൊണ്ട് ആതിര മോൾക്ക് പനിക്കുള്ള മരുന്ന് കൊടുത്ത് നേരത്തെ കിടത്തി ഉറക്കിയിട്ട് കൂടെ അവളും കിടന്നിരുന്നു. അതുകൊണ്ട് സംസാരം പിറ്റേന്ന് രാവിലെയാകാമെന്ന് കാർത്തിക്ക് തീരുമാനിച്ചു. രാവിലെ ഉണരുമ്പോഴും തുമ്പി മോൾക്ക് ചെറിയ രീതിയിൽ പനിക്കുന്നുണ്ടായിരുന്നത് കൊണ്ട് ഹോസ്പിറ്റലിൽ കാണിക്കാമെന് തന്നെ ആതിര വിചാരിച്ചു. മുൻപ് ഇതുപോലെ പനി കൂടി ഫിറ്റ്സ് വന്നതൊന്നും അവൾ മറന്നിട്ടില്ലായിരുന്നു. രാവിലെ കാർത്തിക്ക് ഹോസ്പിറ്റലിൽ പോകാനിറങ്ങിയപ്പോൾ തുമ്പി മോളെയും കൂട്ടി ആതിരയും അവനൊപ്പം ചെന്നു. ഹോസ്പിറ്റലിലേക്കുള്ള യാത്രയിലുടനീളം ഇരുവരും അധികമൊന്നും സംസാരിച്ചിരുന്നില്ല. കുഞ്ഞിനെ കുറിച്ചോർത്തു ടെൻഷനായി ഇരിക്കുന്ന ആതിരയെ കണ്ടപ്പോൾ തനിക്ക് പറയാനുള്ള കാര്യം തിരിച്ച് പോകുമ്പോൾ പറയാമെന്ന് കാർത്തിക്ക് വിചാരിച്ചു. തുമ്പി മോളെ പരിശോധിച്ച ശേഷം ഡോക്ടർ അവളെ അവിടെ അഡ്മിറ്റ്‌ ചെയ്തു.

മുൻപ് ഫിറ്റ്സ് വന്നത് കൊണ്ട് ഇത്തവണയും പനി കൂടി ഫിറ്റ്സ് വരുമോന്ന് നോക്കാൻ വേണ്ടി കൂടിയാണ് ഡോക്ടർ, കുഞ്ഞിനെ അഡ്മിറ്റ് ചെയ്പ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പനി കുറയാൻ തുടങ്ങി. ആതിര പേടിച്ചത് പോലെ കുഞ്ഞിന് ഫിറ്റ്സും വന്നില്ല. എങ്കിലും വൈറൽ ഫീവറായത് കൊണ്ട് പൂർണ്ണമായി സുഖമായ ശേഷം ഡിസ്ചാർജ് തരാമെന്ന് മോളെ നോക്കുന്ന ഡോക്ടർ അവളോട് പറഞ്ഞു. ആതിരയ്ക്കും ആ അഭിപ്രായം സ്വീകാര്യമായിരുന്നു. കാർത്തിക് അവിടെയുള്ളത് കൊണ്ട് കുഞ്ഞിനെ ഇടയ്ക്കിടെ വന്ന് കണ്ട് പോകും. അഡ്മിറ്റായതിന്റെ പിറ്റേ ദിവസം ഭാർഗവിയമ്മയും ഹേമലതയും തുമ്പിയെ കാണാൻ വന്നിട്ട് പോയിരുന്നു. മോൾക്ക് വേറെ കുഴപ്പങ്ങളൊന്നുമില്ലാത്തത് കൊണ്ട് എല്ലാവർക്കും അതൊരു ആശ്വാസമായിരുന്നു. തുമ്പി മോളെ അഡ്മിറ്റാക്കിയതിന്റെ നാലാം ദിവസം, അന്ന് രാവിലെ ഡോക്ടർ റൗണ്ട്സിനു വന്നപ്പോൾ കുഞ്ഞിന് കുറച്ചു വിറ്റാമിൻ സിറപ്പും മറ്റും എഴുതി കൊടുത്തു. ശേഷം ഉച്ചയോടെ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞാണ് ഡോക്ടർ പോയത്.

"ഡോക്ടർ എന്ത് പറഞ്ഞു ആതി?" പതിവ് പോലെ മോളെ കാണാൻ വന്ന കാർത്തിക്ക് അവളോട് ചോദിച്ചു. "പനി പൂർണ്ണമായും മാറിയിട്ടുണ്ട്. അതുകൊണ്ട് ഉച്ചയോടെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു." "ഞാനും ഇന്ന് ഉച്ചയ്ക്ക് ശേഷം ലീവാണ്. അതുകൊണ്ട് ഓട്ടോ പിടിച്ചു പോവാൻ നിക്കണ്ട. ഞാൻ കൊണ്ട് വിടാം വീട്ടിൽ." കാർത്തിക്ക് കുഞ്ഞിനരികിലായി ഇരുന്ന് അവളുടെ ശിരസ്സിൽ മെല്ലെ തലോടി. തുമ്പി മോൾ കാർത്തിക്കിന്റെ മടിയിൽ തല വച്ച് പൂച്ച കുഞ്ഞുങ്ങളെ പോലെ പതുങ്ങി കിടന്നു. ആ കാഴ്ച കണ്ടപ്പോൾ ആതിരയ്ക്ക് മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. "ഞാനൊന്ന് ഫാർമസിയിൽ പോയി മോൾക്കുള്ള മരുന്നും വാങ്ങി വരാം സർ. അതുവരെ ഇവിടെ ഇരിക്കണേ." "മരുന്ന് ഞാൻ വാങ്ങി വരാം ആതി." "അതുവേണ്ട സർ... കുറച്ചുസമയം നിങ്ങൾ രണ്ടാളും കളിച്ചുകൊണ്ടിരിക്ക് ഞാൻ വേഗം പോയി വരാം." "അമ്മ പോയ് വരട്ട്. അങ്കിൾ ഇവിടിരിക്ക്. ഈ അമ്മ ന്റെ കൂട കളിച്ചാൻ വരില്ല." തുമ്പി മോൾ കാർത്തിക്കിന്റെ മീശ തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

അതുകേട്ട് ചിരിച്ചുകൊണ്ടാണ് ആതിര പുറത്തേക്ക് പോയത്. ഫാർമസിയിൽ പോയി മരുന്ന് വാങ്ങിയ ശേഷം ക്യാഷ് കൗണ്ടറിൽ പോയി ബിൽ എല്ലാം സെറ്റിൽ ചെയ്തിട്ടാണ് അവൾ തിരികെ റൂമിലേക്ക് പോയത്. അല്ലെങ്കിൽ അതെല്ലാം കാർത്തിക് ചെയ്യുമെന്ന് അവൾക്കറിയാം. അതുകൊണ്ടാണ് അതിനവസരമൊരുക്കാതെ ആതിര അപ്പോൾത്തന്നെ ബിൽ ക്ലിയറാക്കിയത്. അവൾ തിരിച്ചു മുറിയിലെത്തുമ്പോൾ കാണുന്നത് കാർത്തിക്കും മോളും കൂടി അവളുടെ ടോയ്‌സ് വച്ച് കളിക്കുന്നതാണ്. "മരുന്നൊക്കെ വാങ്ങിയോ?" "വാങ്ങി സർ." "ആതിര എല്ലാം പാക്ക് ചെയ്ത് റെഡിയാക്കി വച്ചോ. ഉച്ചയാകുമ്പോ നമുക്കിറങ്ങാം. ഞാൻ പോയിട്ട് ഉച്ചയാകുമ്പോൾ വരാം." തുമ്പി മോൾക്കരികിൽ നിന്നെഴുന്നേറ്റ് കൊണ്ട് കാർത്തിക് പറഞ്ഞു. "അങ്കിൾ പോന്റാ... ഇവിടിരിക്ക്." തുമ്പി മോൾ ചിണുങ്ങി കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു. "അങ്കിൾ പോയിട്ട് പെട്ടെന്ന് വരാം. അതുവരെ മോള് അമ്മേടെ കൂടെ കളിക്ക്."

കാർത്തിക് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "അങ്കിൾ വരുന്നത് വരെ ഞാൻ നിന്റെ കൂടെ കളിക്കാം. ഇപ്പൊ അങ്കിൾ പോയിട്ട് വരട്ടെ." ആതിര തുമ്പി മോളെ അവനിൽ നിന്നടർത്തി മാറ്റി. "ഇന്നുച്ചയ്ക്ക് മുൻപ് തീർക്കാൻ കുറച്ചു ജോലിയുണ്ടെടോ, ഞാൻ വേഗം വരാം." ആതിരയോട് പറഞ്ഞിട്ട് മോൾടെ കവിളിലൊരുമ്മയും നൽകി കാർത്തിക്ക് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. അവൾ ചെന്ന് ഡോർ അടച്ച ശേഷം കുഞ്ഞിപ്പെണ്ണിനൊപ്പം കളിക്കാനിരുന്നു. അപ്പോഴാണ് ഡോറിലൊരു മുട്ട് കേട്ടത്. കാർത്തിക്ക് പോയിട്ട് അഞ്ചുമിനിറ്റ് പോലുമായില്ലായിരുന്നു. ഇത്ര വേഗം അവൻ തിരിച്ചു വന്നോ എന്ന് വിചാരിച്ചു ആതിര വാതിൽ തുറന്ന് നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ നടുങ്ങി തരിച്ചുപോയി. "ആതീ..." മുഖത്തേക്ക് പാറി വീണ ചെമ്പൻ മുടിയിഴകൾ വലത് കൈകൊണ്ട് ഒതുക്കി ഇടറിയ സ്വരത്തിൽ അവൻ വിളിച്ചു. "ആൽഫീ..." അവളുടെ അധരങ്ങൾ മന്ത്രിച്ചു.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story