മറുതീരം തേടി: ഭാഗം 74

marutheeram thedi shiva

രചന: ശിവ എസ് നായർ

അന്ന് നടന്ന കാര്യങ്ങളോരോന്നും ഒരു തിരശീലയിലെന്നപോലെ ആൽഫിയുടെ മനസ്സിലേക്ക് വന്നു. ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ നേഴ്സുമാർ കുറവായിരുന്നത് കൊണ്ട് രണ്ട് ദിവസമായി ആൽഫിക്ക് ഡേയും നൈറ്റും ഡ്യൂട്ടി നോക്കേണ്ടി വന്നിരുന്നു. രണ്ട് ദിവസം റെസ്റ്റില്ലാതെ ജോലി ചെയ്യേണ്ടി വന്ന ക്ഷീണത്തിൽ രാത്രിയിൽ വന്ന് കിടന്നപ്പോൾ, ക്ഷീണം കൊണ്ട് അവൻ അപ്പോൾ തന്നെ ഉറങ്ങിപ്പോയിരുന്നു. അതുകൊണ്ട് പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു. ഏഴരയ്ക്ക് പിന്നെയും ഡ്യൂട്ടിക്ക് കേറാനുണ്ടായിരുന്നത് കൊണ്ട് ആൽഫി വേഗം തന്നെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്ന് ഒരു കാപ്പിയുണ്ടാക്കി കുടിച്ചിട്ട് കുളിക്കാനായി പോയി. കുളി കഴിഞ്ഞു വന്നയുടനെ ഇട്ട് കൊണ്ട് പോകാനുള്ള ഷർട്ട് ധൃതി പിടിച്ച് അയൺ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ ആരോ ശക്തിയായി മുട്ടുന്ന ശബ്ദം അവൻ കേട്ടത്. തേച്ചെടുത്ത ഷർട്ട് ധരിച്ചുകൊണ്ട് ആൽഫി വേഗം ചെന്ന് വാതിൽ തുറന്ന് നോക്കി. അപ്രതീക്ഷിതമായി മുന്നിൽ സൂസനെ കണ്ട് അവനൊന്ന് ഞെട്ടി.

"മമ്മീ... മമ്മിയെങ്ങനെ ഇവിടെ...?" അമ്പരപ്പോടെ അവൻ ചോദിച്ചു. "മോനേ... നിനക്ക് സുഖാണോടാ." സൂസന്റെ കൈകൾ അവനെ തഴുകി. അപ്പോഴാണ് ആൽഫി മമ്മിയെ ശ്രദ്ധിക്കുന്നത്. അവൻ അവസാനമായി കാണുമ്പോഴുള്ള രൂപമേ ആയിരുന്നില്ല സൂസന്റേത്. ഒരു സാരി അലസമായി വാരിചുറ്റി മുന്താണി തോളിലൂടെ പുതച്ചിരിക്കുന്നു. കൈകളിലും കഴുത്തിലും കാതിലുമൊക്കെ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഒന്നും തന്നെയില്ല. അത്യാവശ്യം തടിയുണ്ടായിരുന്ന സൂസനിപ്പോ നന്നേ മെലിഞ്ഞു, മുഖമൊക്കെ വിളർച്ച ബാധിച്ചത് പോലെയുണ്ട്. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടത് പോലെ കണ്ണിനും ചുറ്റും കറുപ്പ് പടർന്നിരുന്നു.എണ്ണ തേച്ചൊതുക്കത്തെ പാറിപറന്ന മുടിയിഴകളെ ചുറ്റികെട്ടി വച്ചിട്ടുണ്ട്. എപ്പോഴും നന്നായി ഒരുങ്ങി നടന്നിരുന്ന മമ്മിയാണ് ഇപ്പോൾ ഈ കോലത്തിൽ ആയിരിക്കുന്നത്. "മമ്മീ... മമ്മിക്കെന്ത് പറ്റി? ഇതെന്ത് കോലമാ മമ്മി. എന്റെ മമ്മി തന്നെയാണോ ഇത്." അവന്റെ അധരങ്ങൾ വിറപൂണ്ടു. കണ്ണുകൾ അവനറിയാതെ തന്നെ നിറഞ്ഞൊഴുകി.

"രണ്ട് ദിവസായി നിന്നെ കാണാൻ വേണ്ടി ഇവിടേം നീ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും ഞാൻ കേറിയിറങ്ങുവായിരുന്നു. ഹോസ്പിറ്റലിൽ നിനക്ക് ഓപ്പറേഷൻ തിയേറ്ററിലാണ് ഡ്യൂട്ടിയെന്നും അവിടെ കാത്തിരുന്നാലും കാണാൻ പറ്റില്ലെന്ന് പറഞ്ഞു അവിടുത്തെ ഒരു സ്റ്റാഫ് നിന്റെ അഡ്രസ് പറഞ്ഞുതന്നു. മിനിഞ്ഞാന്ന് രാത്രിയും ഇന്നലെ രാവിലെയുമൊക്കെ ഞാനിവിടെ വന്നിരുന്നു." സൂസന്റെ ക്ഷീണിച്ച സ്വരം അവനെ വേദനിപ്പിച്ചു. "മമ്മിക്കെന്താ സംഭവിച്ചത്? ഒറ്റയ്ക്കാണോ ഇവിടെ വരെ വന്നത്." "അങ്ങോട്ട്‌ വരാൻ പറഞ്ഞ് നിന്നെ ഞാൻ കുറേ വിളിച്ചതല്ലേ ആൽഫി. സംസാരിക്കാൻ പോലും താല്പര്യം കാണിക്കാതെ വിളിക്കുമ്പോഴൊക്കെ ഫോൺ കട്ട്‌ ചെയ്യില്ലായിരുന്നോ നീ?" സൂസന്റെ മിഴികളിൽ നിന്നും നീർക്കണങ്ങൾ പൊഴിഞ്ഞു. "വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ? മമ്മി കരയാതെ കാര്യമെന്താണെന്ന് പറയ്യ്." ആൽഫി തിടുക്കം കൂട്ടി. "പപ്പയ്ക്ക് ഒട്ടും വയ്യ മോനെ... സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. മോനെ കാണണമെന്ന് പറഞ്ഞ് ഒത്തിരി കരഞ്ഞു." "പപ്പയ്ക്കെന്ത് പറ്റി?"

അവന്റെ മുഖത്തൊരു നടുക്കം ദൃശ്യമായി. "പപ്പയ്ക്കൊരു നെഞ്ച് വേദന വന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയതാ, അറ്റാക്കായിരുന്നു." "അയ്യോ... എന്നിട്ട് പപ്പയ്ക്കെങ്ങനെയുണ്ട് മമ്മി?" "കുറച്ചു സീരിയസാണ് മോനെ. ഉടനെ സർജറി വേണമെന്നാണ് ഡോക്ടർ പറഞ്ഞത്." "എന്നിട്ട് മമ്മിയെന്താ ഇക്കാര്യം ഫോണിലൂടെ പറയാതിരുന്നത്? ഇങ്ങോട്ട് വിളിച്ചപ്പോഴൊക്കെ വീട്ടിലേക്ക് വരാനല്ലാതെ പപ്പയ്ക്ക് സുഖമില്ലെന്നൊരു വാക്ക് മമ്മി പറഞ്ഞില്ലല്ലോ." കുറ്റപ്പെടുത്തുംപോലെ ആൽഫി അവരെ നോക്കി. "സത്യമറിഞ്ഞിട്ടും നിന്റെ ഭാര്യ നിന്നെ അങ്ങോട്ടേക്ക് വിടാതിരുന്നാൽ പപ്പയ്ക്കത് താങ്ങാനാവില്ലായിരുന്നു. അതുകൊണ്ടാ ഫോണിലൂടെ പറയാതെ ഞാൻ തന്നെ നേരിട്ട് വന്നത്. നീയെന്റെ കൂടെ ഇപ്പൊത്തന്നെ വീട്ടിലേക്ക് വരണം മോനെ. കയ്യോടെ നിന്നെ കൂട്ടികൊണ്ട് ചെല്ലാനാ പപ്പ പറഞ്ഞത്. പപ്പയ്ക്ക് നിന്നോടൊരു ദേഷ്യവുമില്ല.

ഇനി എത്ര നാളാ പപ്പയ്ക്ക് ആയുസ്സെന്ന് പോലുമറിയില്ല. ഈ സമയം നീ അദ്ദേഹത്തെ വേദനിപ്പിക്കരുത്. ഇതെന്റെ അപേക്ഷയാണ്." തൊഴുകൈകളോടെ സൂസൻ അവന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു. "എന്താ മമ്മി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഞാൻ ഇപ്പൊത്തന്നെ മമ്മിയുടെ കൂടെ വരാൻ തയ്യാറാണ്. പക്ഷേ അധിക ദിവസം എനിക്ക് ഇവിടെ നിന്ന് മാറിനില്ക്കാൻ പറ്റില്ല. ആതിര വരുമ്പോഴേക്കും എനിക്ക് തിരിച്ചെത്തണം. ശേഷം ഞങ്ങൾ രണ്ടുപേരും കൂടെ വീട്ടിലേക്ക് വരാം. ആതിരയോടുള്ള ദേഷ്യമൊക്കെ മറക്കാൻ മമ്മി തന്നെ പപ്പയോട് പറയുകയും വേണം." "പപ്പയ്ക്കും എനിക്കും ഒരിക്കലും ആതിരയെ അംഗീകരിക്കാനാവില്ല മോനെ. അദ്ദേഹത്തിന്റെ ഈ അവസ്ഥയിൽ വേദനിപ്പിക്കുന്ന സംഭവങ്ങളൊന്നും ഉണ്ടാവാൻ പാടില്ലെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്. നീ വന്നില്ലെങ്കിലും സാരമില്ല അവളെ അംഗീകരിക്കാൻ മാത്രം ഞങ്ങളോട് പറയരുത്. ഇപ്പൊത്തന്നെ ഞാനിങ്ങോട്ട് വന്നത് നിന്റെ പപ്പയുടെ സങ്കടം കണ്ട് നിൽക്കാൻ വയ്യാതെയാണ്."

"ആതിര കൂടെയില്ലാതെ എനിക്ക് പറ്റില്ല മമ്മി. അവളിപ്പോ മൂന്നുമാസം ഗർഭിണി കൂടിയാണ്. ആതിരയുടെ അമ്മാമ്മയ്ക്ക് ആക്‌സിഡന്റ് പറ്റിയിട്ട് അവൾ നാട്ടിലേക്ക് പോയതാണ്." മരുമകൾ ഗർഭിണിയാണെന്ന വാർത്ത സൂസനെ ഞെട്ടിക്കാതിരുന്നില്ല. "അവളുടെ കാര്യത്തിൽ ഞാനോ പപ്പയോ ഇടപെടാൻ വരില്ല മോനെ. നീയൊന്ന് പപ്പയെ വന്ന് കണ്ടിട്ട് പൊക്കോ. അത്രയെങ്കിലും ആ മനുഷ്യന് വേണ്ടി നീ ചെയ്യണം. ഇപ്പോൾ പോയാൽ രാത്രിയോടെ നാട്ടിലെത്താം. നീയെന്ത് തീരുമാനിച്ചു." ചോദ്യ ഭാവത്തിൽ സൂസൻ മകനെ നോക്കി. "ഞാൻ വരാം മമ്മി... ഞാനെന്റെ ഡ്രെസ്സൊക്കെ എടുത്ത് വരട്ടെ." ആൽഫി ധൃതിയിൽ അകത്തേക്ക് നടന്ന് പോയപ്പോൾ സൂസന്റെ മിഴികൾ ഭിത്തിയിൽ പതിപ്പിച്ചിരുന്ന ആൽഫിയുടെയും ആതിരയുടെയും ഫോട്ടോയ്ക്ക് നേരെ നീണ്ടുചെന്നു. അവർ മെല്ലെ അതിനടുത്തേക്ക് നടന്നു. "നീയിനി അവനെയൊരിക്കലും കാണില്ലെടി. എന്റെ മകനെ ഞാൻ കൊണ്ട് പോവാ. എനിക്കറിയാം അവനെയെന്റെ വരുതിക്ക് കൊണ്ടുവരാൻ." ആതിരയോടുള്ള വെറുപ്പ് അവരുടെ വാക്കുകളിൽ പ്രകടമായിരുന്നു.

മുറിയിലേക്ക് പോയ ആൽഫിക്ക് എന്തൊക്കെയാ കൊണ്ട് പോകേണ്ടതെന്നോർത്ത് കൺഫ്യൂഷനായിരുന്നു. കുറച്ചു ദിവസത്തെ വസ്ത്രങ്ങൾ അലക്കാനായി മുറിയുടെ ഒരു മൂലയ്ക്ക് മാറ്റിയിട്ടിട്ടുണ്ട്. രണ്ട് ദിവസമായി റെസ്റ്റില്ലാത്ത ഡ്യൂട്ടിയായിരുന്നത് കൊണ്ട് തുണി കഴുകാനും വീട് അടിച്ചുവാരി തുടയ്ക്കാനുമൊന്നും സമയം കിട്ടിയിട്ടില്ല. പപ്പ ഹോസ്പിറ്റലിൽ ആയോണ്ട് ഒരു സഹായത്തിനുവേണ്ടി അവിടെ കുറച്ചു ദിവസം എന്തായാലും നിക്കേണ്ടി വരും. അതുകൊണ്ട് ആവശ്യമുള്ള ഡ്രെസ്സുകളൊക്കെ കൊണ്ട് പോകാമെന്നവൻ വിചാരിച്ചു. ഏഴരയ്ക്ക് നാട്ടിലേക്കൊരു ട്രെയിനുണ്ട്. അരമണിക്കൂറിനുള്ളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ അവർക്ക് ട്രെയിൻ മിസ്സാകും. അതുകൊണ്ട് വെപ്രാളപ്പെട്ട് അലമാരയിൽ നിന്ന് ഡ്രെസ്സൊക്കെ വാരിവലിച്ചെടുക്കുമ്പോൾ അടുക്കി വച്ച തുണികളൊക്കെ നിലത്തേക്ക് ചിതറി വീണിരുന്നു കാര്യങ്ങളോരോന്നായി ചെയ്യുമ്പോഴും അവന്റെ മനസ്സ് നിറയെ പപ്പ മാത്രമായിരുന്നു.

പപ്പ തന്നെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത്രത്തോളം സീരിയസായിരിക്കും കാര്യങ്ങളെന്ന് അവനൂഹിച്ചു. വീട്ടിൽ നിന്നും പഠിക്കാൻ വന്നപ്പോൾ കൊണ്ട് വന്നൊരു ട്രോളി ബാഗിലാണ് ആൽഫി സാധനങ്ങളൊക്കെ എടുത്തുവച്ചത്. അക്കൂട്ടത്തിൽ സർട്ടിഫിക്കറ്റ് അടങ്ങിയ ഫയലും ഉണ്ടായിരുന്നു. അതവൻ തിരിച്ചെടുത്ത് അലമാരയിൽ വയ്ക്കാൻ തുടങ്ങുമ്പോഴാണ് സൂസൻ അങ്ങോട്ട്‌ വന്നത്. "കഴിഞ്ഞില്ലേ ആൽഫി..." പെട്ടെന്ന് മുറിയിലേക്ക് കടന്നുവന്ന സൂസൻ ചോദ്യം കേട്ടവൻ പിന്തിരിഞ്ഞു. "കഴിഞ്ഞു മമ്മി. ഞാനിതൊക്കെ അലമാരയിൽ ഒന്നെടുത്തു വച്ചോട്ടെ." ബാഗിൽ നിന്ന് ആൽഫി ഫയലെടുത്തു അലമാരയിൽ വയ്ക്കാൻ തുടങ്ങുന്നത് കണ്ട സൂസൻ അവന്റെയടുത്തേക്ക് ചെന്ന് അത് വാങ്ങി. "നിനക്ക് വേറെന്തേലും എടുക്കാനുണ്ടെങ്കിൽ പെട്ടെന്നെടുത്തു വയ്ക്ക്. ഇവിടെയുള്ളതൊക്കെ ഞാൻ അടുക്കി വച്ചോളാം." "എങ്കിൽ മമ്മി ഇതൊക്കെ എടുത്ത് വയ്ക്ക്. ഞാൻ അടുക്കളയിൽ പോയി ഗ്യാസ് ഓഫാക്കി പുറകിലെ വാതില് പൂട്ടി വരാം." അത് പറഞ്ഞിട്ട് ആൽഫി മുറിയിൽ നിന്ന് പുറത്തേക്ക് പോയതും സൂസൻ അവന്റെ സർട്ടിഫിക്കറ്റ്സൊക്കെ അടങ്ങിയ ഫയൽ ബാഗിനുള്ളിൽ തന്നെ തിരുകി വച്ചിട്ട് മുറിയുടെ വാതിൽ ചാരി ഹാളിലേക്ക് നടന്നു.

അലമാരയിൽ നിന്നും പുറത്തേക്ക് വീണ് കിടന്ന തുണികളൊന്നും എടുത്ത് വയ്ക്കാൻ അവർ മിനക്കെട്ടില്ല. അടുക്കള വാതിൽ പൂട്ടി ഗ്യാസ് ഓഫ് ചെയ്ത് തിരികെ വന്ന ആൽഫി മമ്മിയെല്ലാം അടുക്കി വച്ചിട്ടുണ്ടാവുമെന്ന ധാരണയിൽ മുൻവാതിലും അടച്ച് മമ്മിക്കൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. "മമ്മീ... ഞാനെന്റെ ഫോൺ തിരക്കിനിടയിൽ എടുക്കാൻ മറന്നുപോയി." സ്റ്റേഷനിലെത്തി ട്രെയിൻ കയറാൻ നിൽക്കുമ്പോൾ ആതിരയെ വിളിച്ച് വിവരം പറയാമെന്ന് കരുതി പോക്കറ്റിൽ ഫോൺ തപ്പിയപ്പോഴാണ് ആൽഫി, താൻ ഫോണെടുക്കാൻ മറന്നുവെന്ന് തിരിച്ചറിഞ്ഞത്. "ഇനിയിപ്പോ തിരിച്ച് പോയി ഫോണെടുക്കാനുള്ള സമയമൊന്നുമില്ലല്ലോ ആൽഫി." അവൻ വീട്ടിൽ, ഫോൺ മറന്ന് വച്ചുവെന്നറിഞ്ഞപ്പോൾ ഉള്ളിൽ തോന്നിയ സന്തോഷം മറച്ചുവെച്ച് സൂസൻ പറഞ്ഞു. ആൽഫി ഫോണെടുക്കാൻ മറന്നത് കൊണ്ട് അവരെ തമ്മിലകറ്റാനുള്ള തന്റെ പണി കുറച്ചു കൂടി എളുപ്പത്തിലാകുമെന്ന് സൂസനോർത്തു. "എന്നെ വിളിച്ചിട്ട് കിട്ടാതായാൽ ആതിര ടെൻഷനാവും മമ്മി.

പക്ഷേ ഇനി തിരിച്ചു പോവാനുള്ള സമയവുമില്ലല്ലോ." ദൂരെ നിന്നും ചൂളം കുത്തി വരുന്ന തീവണ്ടിയെ നോക്കി നിരാശയോടെ അവൻ മിഴികളടച്ചു. "വീട്ടിലെത്തിയിട്ട് ലാൻഡ് ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി നീ വീട്ടിൽ വന്ന കാര്യം." "പക്ഷേ എനിക്ക് അവളുടെ നമ്പർ കാണാതറിയില്ല മമ്മി." അത് പറയുമ്പോൾ ആൽഫിയുടെ സ്വരമൊന്നിടറി. "അതെന്തെങ്കിലും വഴിയുണ്ടാക്കാം ആൽഫി. നീ വേഗം ട്രെയിനിൽ കയറാൻ നോക്ക്." സൂസൻ ധൃതി കൂട്ടിയതും അവൻ പിന്നെ മറ്റൊന്നുമാലോചിക്കാതെ മമ്മിക്ക് പിന്നാലെ ട്രെയിനിലേക്ക് കയറി. നിമിഷങ്ങൾക്കകം പ്ലാറ്റഫോം വിട്ട് ട്രെയിൻ ചീറിപ്പായുമ്പോൾ ഈറനായ മിഴികൾ ചിമ്മിയടച്ചവൻ പുറത്തേക്ക് നോക്കിയിരുന്നു. ************ രാത്രിയോടെ നാട്ടിലെത്തിയ ആൽഫിയും സൂസനും ആദ്യം പോയത് സേവ്യറെ അഡ്മിറ്റ് ചെയ്തിരുന്ന ഹോസ്പിറ്റലിലേക്കാണ്.

"ഇപ്പോ പപ്പയ്ക്കൊപ്പം ആരാ മമ്മി ഹോസ്പിറ്റലിൽ നിക്കുന്നത്." "എല്ലാരുമുണ്ട് ആൽഫി. നിന്നെ കാണാനാ പപ്പ കാത്തിരിക്കുന്നത്. അതുകൊണ്ടാ വീട്ടിലോട്ട് പോവാതെ നേരെ ഇങ്ങോട്ട് തന്നെ വന്നത്." "പപ്പ റൂമിലാണോ അതോ ഐസിയുവിലോ?" "റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടറുമാരുടെ നിരീക്ഷണത്തിലാണ്. സർജറി ഉടനെ ചെയ്തില്ലെങ്കിൽ ആളെ കിട്ടില്ലെന്നാ പറഞ്ഞത്. നിന്നെ കണ്ടാലേ സർജറിക്ക് സമ്മതിക്കുള്ളു എന്ന വാശിയിലാണ് പപ്പ. സർജറി വിജയിച്ചില്ലെങ്കി നിന്നെ കാണാൻ പറ്റാതെ മരിച്ചുപോകുമോന്നാ പപ്പേടെ പേടി." സാരിതുമ്പ് കൊണ്ട് അവർ കണ്ണുകൾ ഒപ്പി. അപ്പോഴേക്കും അവർ നടന്ന് നടന്ന് സേവ്യറെ കിടത്തിയിരുന്ന റൂമിന് മുന്നിൽ എത്തിയിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറുന്ന മമ്മിക്ക് പിന്നാലെ വർധിച്ച നെഞ്ചിടിപ്പോടെയാണ് അവൻ കടന്ന് ചെന്നത്. ഒരു നിമിഷം ആ കാഴ്ച്ച കണ്ട് ആൽഫി തരിച്ച് നിന്നുപോയി. അതുവരെ വിങ്ങലടക്കി നിന്നിരുന്ന സൂസൻ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story