മറുതീരം തേടി: ഭാഗം 75

marutheeram thedi shiva

രചന: ശിവ എസ് നായർ

ഒരു നിമിഷം ആ കാഴ്ച്ച കണ്ട് ആൽഫി തരിച്ചു നിന്നുപോയി. അതുവരെ വിങ്ങലടക്കി നിന്നിരുന്ന സൂസൻ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു. "മമ്മീ... പപ്പ... പപ്പയ്ക്കിക്കെന്ത് പറ്റി? മമ്മയെന്നോട് പറഞ്ഞതൊക്കെ നുണയായിരുന്നല്ലേ. എന്റെ പപ്പയ്ക്കിത് എന്താ സംഭവിച്ചതെന്ന് പറയ്യ് മമ്മി." സൂസന്റെ ഇരുചുമലിലും പിടിച്ച് ശക്തിയായി കുലുക്കികൊണ്ട് ആൽഫി ചോദിച്ചു. "പപ്പ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. പോലീസ് അന്വേഷണത്തിലാ അതൊരു ആത്മഹത്യാ ശ്രമമായിരുന്നുവെന്ന് മനസ്സിലായത്." "ആത്മഹത്യാ ശ്രമമോ? പപ്പയെന്തിനാ മമ്മി... എപ്പഴായിരുന്നു പപ്പയ്ക്ക്... വാക്കുകൾ മുഴുമിക്കാൻ അവനായില്ല. "ഒരു മാസമായി പപ്പ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്. താടിയെല്ലിന് പൊട്ടലുണ്ടായിരുന്നത് കൊണ്ട് ഇത്രേം നാളായി സംസാരിക്കാനൊന്നും കഴിയുന്നുണ്ടായിരുന്നില്ല.

നിന്നെ ഇതൊന്നും മനഃപൂർവം അറിയിക്കാത്തതാ ഞാൻ. പക്ഷേ ഒരാഴ്ചയായി സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ നിന്നെ കാണണമെന്ന് പറഞ്ഞു കരയുകയായിരുന്നു പപ്പ. അത് കണ്ട് നിൽക്കാൻ വയ്യാഞ്ഞിട്ടാ നിന്നെ വിളിച്ച് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞത്. അങ്ങനെ വിളിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോ അവിടെ വന്ന് നിന്നെ കയ്യോടെ കൂട്ടികൊണ്ട് വരാമെന്ന് കരുതി ഞാൻ." സൂസന്റെ വാക്കുകൾ കേട്ട് ഒരേങ്ങലോടെ ആൽഫി പപ്പയുടെ അരികിലേക്ക് ചെന്നു. ബെഡിൽ, കണ്ണുകൾ അടച്ച് കിടക്കുകയാണ് സേവ്യർ. തലയിൽ വലിയൊരു ചുറ്റികെട്ടുണ്ട്. മുഖത്തും ശരീരത്തിലുമെല്ലാം ചതഞ്ഞരഞ്ഞ മുറിപ്പാടുകൾ കാണാമായിരുന്നു. നേർത്ത ശ്വാസോച്ഛാസമാണ് ആ ശരീരത്തിൽ ജീവനുണ്ടെന്ന തോന്നലുളവാക്കുന്നത്. സേവ്യറിനരികിലുള്ള ബൈസ്റ്റാൻഡറുടെ ബെഡിൽ വാടിക്കരിഞ്ഞ പുഷ്പങ്ങൾ പോലെ തളർന്നിരിക്കുകയാണ് ഡെയ്‌സിയും സെറീനയും. തങ്ങളുടെ ഇച്ചായനെ കണ്ട് വിതുമ്പലടക്കി നിൽക്കുകയാണ് രണ്ട് പെങ്ങന്മാരും. "പപ്പാ..." അവൻ മെല്ലെ വിളിച്ചു.

"പപ്പയെ ഉണർത്തണ്ട ഇച്ചായാ. സെഡേഷൻ കൊടുത്ത് ഉറക്കിയതാണ്. ഇന്നലേം ഇന്നുമൊക്കെ ഇച്ചായൻ വന്നോന്ന് ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു." ഡെയ്‌സി കണ്ണുകൾ തുടച്ചു. "എന്തിനാ മമ്മീ പപ്പ ഇങ്ങനെയൊരു അബദ്ധം കാണിച്ചത്. ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് പ്രശ്നമായിരുന്നു പപ്പയ്ക്ക്." സേവ്യറിനരികിൽ മുട്ടുകുത്തിയിരുന്ന് ആൽഫി അയാളുടെ കരങ്ങൾ കവർന്നു. "പറയാനാണെങ്കിൽ ഒത്തിരിയുണ്ട് ആൽഫി. എല്ലാം വിശദമായി രാവിലെ സംസാരിക്കാം നമുക്ക്." "പറ്റില്ല... എനിക്കിപ്പോ തന്നെ അറിയണം." അവന്റെ ശബ്ദത്തിന് കടുപ്പമേറി. "ഒച്ച വെച്ച് വെറുതെ പപ്പയെ ഉണർത്തണ്ട ആൽഫി. നാളെ പപ്പയെ ഇവിടുന്ന് ഡിസ്ചാർജ് ചെയ്യും വീട്ടിലേക്ക് പോയ ശേഷം കാര്യങ്ങൾ നീ അറിഞ്ഞാൽ മതി." അളന്നുമുറിച്ചുള്ള സൂസന്റെ സംസാരം ആൽഫിയിൽ സംശയങ്ങൾ ജനിപ്പിച്ചു. "മമ്മി എന്തൊക്കെയോ എന്നിൽ നിന്ന് മറയ്ക്കുന്നുണ്ട്." "നിന്നോട് മറച്ച് വയ്ക്കാൻ ഒന്നുമില്ല ആൽഫി. എല്ലാം നിന്നെ അറിയിക്കാൻ വേണ്ടി തന്നെയാ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്."

സൂസനങ്ങനെ പറഞ്ഞപ്പോൾ ഇനിയവരെ നിർബന്ധിച്ചിട്ട് കാര്യമില്ലെന്ന് ആൽഫിക്ക് തോന്നി. രാവിലെ സത്യങ്ങളൊക്കെ അറിയാമല്ലോയെന്ന് കരുതി അവൻ മനസ്സിനെ അടക്കി നിർത്താൻ ശ്രമിച്ചു. സേവ്യറിന്റെ ആ കിടപ്പ് നോക്കി നിൽക്കവേ ആൽഫിയുടെ നെഞ്ചകം നീറിപ്പുകഞ്ഞു. എത്രയൊക്കെ പിണക്കം ഭാവിച്ച് അകന്ന് നിന്നാലും മിണ്ടാതിരുന്നാലും രക്തം ബന്ധം ഒരിക്കലും വേർപ്പെട്ട് പോകില്ലല്ലോ. എത്രത്തോളം അകന്ന് പോയാലും കാന്തം പോലെ വീണ്ടുമവ ഒട്ടിച്ചേരും. അതാണ് ഇപ്പോൾ ആൽഫിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ബത്തേൽ ബംഗ്ലാവിനെയും അവിടെയുള്ളവരെയും ഒരു കവചം പോലെ പൊതിഞ്ഞു പിടിച്ചിരുന്ന, അവരുടെ ഫാമിലി ബിസിനസ് അടക്കി വാണിരുന്ന, ആരെയും ഒരു നോട്ടം കൊണ്ട് തന്നെ ഭയപ്പെടുത്തിയിരുന്ന, നാട്ടുകാരും വീട്ടുകാരും ഒരുപോലെ ബഹുമാനിച്ചിരുന്ന പപ്പയാണ് ഒരു ഭീരുവിനെ പോലെ ആത്മഹത്യാ ശ്രമം നടത്തി ഇന്നീ കിടപ്പ് കിടക്കുന്നത്.

സേവ്യർ ഇങ്ങനെയൊരു അബദ്ധം കാണിക്കണമെങ്കിൽ അയാളെ അത്രത്തോളം തകർക്കാൻ ഇടയാക്കിയ ഗുരുതരമായ എന്തോ പ്രശ്നം നടന്നിരിക്കാമെന്ന് അവനൂഹിച്ചു. പോരാത്തതിന് ആന്റിമാരെയും അങ്കിളുമാരെയുമൊന്നും ഹോസ്പിറ്റലിന്റെ പരിസരത്ത് പോലും കാണാൻ കിട്ടാത്തത് അവന്റെ സംശയം ഇരട്ടിപ്പിച്ചു. മയക്കത്തിലാണ്ട് കിടക്കുന്ന പപ്പയെ നോക്കി ദുഃഖഭാരത്തോടെ ആൽഫി ഇരുന്നു. മറ്റൊന്നും ആ നിമിഷം അവന്റെ മനസ്സിലുണ്ടായിരുന്നില്ല. സെറീനയും ഡെയ്‌സിയും തങ്ങളുടെ ഇച്ചായന്റെ ഇരുവശത്തുമായി വന്നിരുന്നു. അവന്റെ കൈയിലൂടെ ചുറ്റിപ്പിടിച്ച് തോളിൽ മുഖമമർത്തി. ഇരുവരും തങ്ങളുടെ നെഞ്ചിലെ ഭാരം കണ്ണുനീരായി ഒഴുക്കി വിട്ടു. ആൽഫി അവരെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞുപിടിച്ചു. അന്ന് രാത്രി ആരും ഉറങ്ങിയതേയില്ല. 🍁🍁🍁🍁🍁

പിറ്റേന്ന് രാവിലെ മയക്കം വിട്ടുണർന്ന സേവ്യർ കാണുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അയാളെ തന്നെ നോക്കി ഇരിക്കുന്ന ആൽഫിയെയാണ്. "പപ്പാ..." അത്രമേൽ ആർദ്രമായി അവൻ വിളിച്ചു. "മോനേ.... ആൽഫീ..." ഇടർച്ചയോടെ സേവ്യർ വിളിച്ചു. "എന്ത് പറ്റി എന്റെ പപ്പയ്ക്ക്... ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ എന്റെ പപ്പ. മരിക്കാൻ തോന്നാൻ മാത്രം എന്ത് പ്രശ്നാ പപ്പയ്ക്ക്?" ആൽഫിയുടെ ചോദ്യം കേട്ട് അയാൾ അർത്ഥഗർഭമായി ഭാര്യയെ നോക്കി. അവനോട് ഒന്നും പറഞ്ഞിട്ടില്ലായിരുന്നോ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥമെന്ന് സൂസന് മനസ്സിലായി. "മോനോട് ഞാനൊന്നും പറഞ്ഞിട്ടില്ല ഇച്ചായാ. വീട്ടിലെത്തിയിട്ട് എല്ലാം സാവകാശം പറയാമെന്ന് വിചാരിച്ചു." "മ്മ്മ്മ്... നിന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് മോനെ. ഇനി പപ്പയ്ക്കൊരു താങ്ങായി നീ മാത്രേ ഉള്ളു. നീ എന്റെ കൂടെ ഉണ്ടാവില്ലേ മോനെ, എനിക്ക് വാക്ക് താ. " ആൽഫിയുടെ കൈകളിൽ മുറുക്കിപ്പിടിച്ചുകൊണ്ട് സേവ്യർ ശ്വാസമൊന്ന് ആഞ്ഞുവലിച്ചു. "പപ്പേടെ കൂടെ ഞാനുണ്ട്..."

വാക്ക് കൊടുക്കും പോലെ അവൻ പറഞ്ഞു. കരുത്തനായൊരു മനുഷ്യൻ ഇത്രമേൽ ദുർബലനായി പോയതെങ്ങനെയാണെന്ന് എത്രയാലോചിച്ചിട്ടും ആൽഫിക്ക് മനസ്സിലായില്ല. ഓർമ്മ വച്ച നാൾ മുതൽ ഇന്നേവരെ പപ്പ വിഷമിച്ചിരിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന് അവനോർത്തു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായപ്പോൾ ഒരു ടാക്സി വിളിച്ചാണ് അവർ ബംഗ്ലാവിലേക്ക് പോയത്. ടാക്സി കാർ ബത്തേൽ ബംഗ്ലാവിന്റെ ഗേറ്റിന് മുന്നിലെത്തിയപ്പോൾ സെറീന കാറിൽ നിന്നിറങ്ങി ഗേറ്റ് തുറന്ന് കൊടുത്തു. ബംഗ്ലാവിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ ആൽഫിയും സൂസനും ചേർന്ന് സേവ്യറെ കാറിൽ നിന്നും പുറത്തേക്കിറക്കി വീൽ ചെയറിലേക്ക് ഇരുത്തി. കാലിന് പൊട്ടലുള്ളത് കൊണ്ട് അയാൾക്ക് നടക്കാനാവില്ല. ആളും അനക്കവുമൊന്നുമില്ലാതെ മുറ്റം നിറയെ കരിയിലകൾ കൊണ്ട് നിറഞ്ഞ് പൊടിയും മാറാലയുമായി കിടക്കുന്ന ബംഗ്ലാവ് അവനിൽ സംശയത്തിന്റെ വിത്തുകൾ പാകി. മുൻവാതിൽ തുറന്ന് പപ്പയെയും കൊണ്ട് അകത്തേക്ക് കയറുമ്പോൾ അവൻ ചുറ്റിനും വെറുതെ കണ്ണോടിച്ചു.

സ്വീകരണ മുറിയും താഴത്തെ നിലയിലെ രണ്ട് മുറികളും മാത്രമാണ് വൃത്തിയാക്കി ഇട്ടിട്ടുള്ളത്. മുകളിലേക്കുള്ള ഗോവണിയും മറ്റും പൊടിയും മാറാലയുമാണ്. "ഇതെന്താ മമ്മി ഇവിടെ അടിച്ചു വാരലൊന്നുമില്ലേ. ഇവിടുള്ളവരൊക്കെ എങ്ങോട്ട് പോയി." "ഇവിടിപ്പോ ആരുമില്ല ആൽഫി. കഴിഞ്ഞ ഒരു മാസമായി ഇവിടെയാരും താമസവുമില്ലല്ലോ. ഞങ്ങളെല്ലാരും ഇച്ചായന്റെ കൂടെ ഹോസ്പിറ്റലിൽ തന്നെയായിരുന്നു. പപ്പയെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർ പറഞ്ഞിരുന്നത് കൊണ്ട് രണ്ടുദിവസം മുൻപ് സെറീന വന്ന് താഴെ മാത്രം ഒന്ന് വൃത്തിയാക്കി ഇട്ടു." സൂസന്റെ മറുപടിയിൽ അവന് അപാകത തോന്നി. "ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. പപ്പയുമായി ആന്റിമാരും അങ്കിളുമാരും വഴക്കിട്ടോ?" ആൽഫിയുടെ മനസ്സിലേക്ക് പെട്ടെന്ന് വന്നത് അതാണ്. "നീ പപ്പയെ ഒന്ന് മുറിയിലേക്ക് കിടത്താൻ സഹായിക്ക്, പപ്പ തന്നെ നിന്നോടെല്ലാം പറയും." സൂസൻ ചൂണ്ടികാണിച്ച മുറിയിലേക്ക് അവൻ വീൽ ചെയർ ഉരുട്ടികൊണ്ട് ചെന്നു.

കിടക്കയൊന്ന് കുടഞ്ഞ് വിരിച്ച ശേഷം സൂസനും ആൽഫിയും കൂടി സേവ്യറെ പൊക്കിയെടുത്ത് ബെഡിൽ കിടത്തി. ശേഷം അവനും പപ്പയ്ക്കരികിലായി ഇരുന്ന് അയാളുടെ കൈകളിൽ മെല്ലെ തലോടി. സൂസനും ഡെയ്‌സിയും സെറീനയും സേവ്യറിനടുത്തായി ബെഡിൽ വന്നിരുന്നു. "എനിക്ക് കാൻസറാണ് ആൽഫി. നീ ഇവിടുന്ന് പോയി കുറച്ചു കഴിഞ്ഞപ്പോഴാ ഞാനീ വിവരം അറിഞ്ഞത്. സെക്കന്റ്‌ സ്റ്റേജിലാണ് ഇപ്പോ." സേവ്യറിന്റെ വാക്കുകൾ കേട്ട് ആൽഫി നടുങ്ങി. "പപ്പാ... ഞാനെന്താ ഈ കേട്ടത്. പപ്പയ്ക്ക് കാൻസറോ?" അവിശ്വസനീയതയോടെ അവൻ അയാളെ നോക്കി. "ഞാൻ പറഞ്ഞത് സത്യം തന്നെയാ മോനെ. എല്ലാത്തിന്റേം തുടക്കം ഇവിടെ നിന്നാണ്. എന്റെ അസുഖവിവരം അറിഞ്ഞ നിമിഷം തന്നെ ഞാനാദ്യം പറഞ്ഞത് ജെയംസിനോടും തോമസിനോടുമാണ്. അവരെ ഞാനെന്റെ കൂടെപ്പിറപ്പുകളെ പോലെയാണ് കണ്ടിരുന്നത്. സദാസമയവും എന്റെ നിഴലുപോലെ ഉണ്ടായിരുന്നവർ.

എനിക്ക് ധൈര്യം നൽകി കൂടെ നിൽക്കുമെന്ന് കരുതിയാണ് ഇവിടെ ഒരാളോടും ഈ വിവരം അറിയിക്കാതെ അവരോടു മാത്രമായി ഒരു രഹസ്യം പോലെ ഞാനത് പറഞ്ഞത്. അവിടെയെന്റെ കണക്ക് കൂട്ടലുകൾ മുഴുവനും പിഴച്ചുതുടങ്ങി. ബിസിനസ്‌ കാര്യങ്ങൾ പൂർണ്ണമായി അവരെ വിശ്വസിച്ച് ഏൽപ്പിച്ച ശേഷം ഞാൻ വിട്ട് നിന്നു. മെല്ലെ മെല്ലെ ഇവിടെ ആരെയും അറിയിക്കാതെ ട്രീറ്റ്മെന്റ് തുടങ്ങി വച്ചു. അതോടൊപ്പം എനിക്ക് പെട്ടന്നെന്തെങ്കിലും സംഭവിച്ചാലോന്ന് കരുതി ഉടനെതന്നെ വില്പത്രം എഴുതി വയ്ക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ സ്വത്തുക്കളുടെ ഒരു ഭാഗവും ബിസിനസും ഞാൻ നിന്റെ പേരിൽ എഴുതി വയ്ക്കാൻ ഞാൻ ശ്രമിച്ചത് ഇവിടെ വലിയ വഴക്ക് തന്നെ ഉണ്ടാവാൻ കാരണമായി. തന്നിഷ്ടം കാണിച്ച് ഇറങ്ങിപ്പോയ നിനക്ക് ഒന്നും തരരുതെന്ന് എന്റെ പെങ്ങന്മാരും അളിയന്മാരും പറഞ്ഞു. പക്ഷേ നീയെന്റെ ഒരേയൊരു മോനല്ലേ. നിനക്കൊന്നും തരാതിരിക്കാൻ എനിക്കാവില്ലല്ലോ. ഈ വഴക്കൊക്കെ നടക്കുന്നതിനിടയ്ക്ക് ഷേർളിയ്ക്കും ജിനിക്കുമുള്ള ഓഹരി ഞാൻ എഴുതി വച്ചിരുന്നു.

ബാക്കി സ്വത്തുക്കൾ നിങ്ങൾ മൂന്ന് മക്കളുടെയും സൂസന്റേം എഴുതാനിരിക്കുമ്പോഴാണ് അളിയന്മാർ എന്നെ ചതിച്ചത്. കാൻസർ രോഗിയായ ഞാൻ ഏത് നിമിഷവും മരണപ്പെടുമെന്ന് അവർ വിചാരിച്ചു. എന്റെ ബിസിനസ്സിൽ നിന്നും അതുവരെ കിട്ടിയ ലാഭം അവർ രണ്ടായി വീതിച്ചെടുത്തു. അതറിഞ്ഞു ഞാൻ തകർന്ന് പോയി. അവരിത്രയും നാൾ കഷ്ടപ്പെട്ടതിനുള്ള പ്രതിഫലമായി അതൊക്കെ എടുക്കാൻ അവർക്ക് അവകാശമുണ്ടെന്നായിരുന്നു അവരുടെ വാദം. ഷേർളിയും ജിനിയും അതിന് കൂട്ട് നിന്നെന്ന് കൂടി അറിഞ്ഞപ്പോൾ ഞാൻ വീണുപോയി. എന്റെ രോഗ വിവരം ജെയിംസും തോമസും ഷേർളിയോടും ജിനിയോടും പറഞ്ഞിരുന്നു. എല്ലാം അറിഞ്ഞുവച്ചിട്ട് നാലുപേരും ചതിച്ചത് എന്നെ തളർത്തി തുടങ്ങിയിരുന്നു. അവർക്കുള്ളതൊക്കെ വാങ്ങിച്ചെടുത്ത് ജിനിയും ഷേർളിയും ഭർത്താക്കന്മാർമാരെയും പിള്ളേരേം കൊണ്ട് ഇവിടുന്ന് പോയി. അപ്പോഴേക്കും ബിസിനസിൽ നിന്നും വലിയൊരു തുകയുടെ ബാധ്യത എന്റെ ചുമലിലായി കഴിഞ്ഞിരുന്നു.

ലാഭം മുഴുവനും അവര് കൊണ്ട് പോയതുകൊണ്ട് പിടിച്ചു നിൽക്കാൻ എനിക്ക് കുറേ ഭൂമി വിൽക്കേണ്ടി വന്നു. എന്നിട്ടും ബിസിനസ്‌ നഷ്ടത്തിലായി എല്ലാം കൈവിട്ട് പോയി. പിടിച്ചുനിൽക്കാൻ വയ്യാതായപ്പോ സൂസനോടും പിള്ളേരോടും അസുഖവിവരം തുറന്നുപറഞ്ഞു. ചികിത്സ നടത്താൻ പൈസയില്ലാതെ സെറീനയുടെ വിവാഹത്തിനു മാറ്റി വച്ചിരുന്ന സ്വർണ്ണവും പൈസയുമൊക്കെ എടുത്ത് ചിലവാക്കേണ്ടി വന്നു. അതോടെ പറഞ്ഞ സ്ത്രീധന തുക കൊടുക്കാൻ നിവൃത്തിയില്ലാതെ സെറീനയ്ക്ക് ഉറപ്പിച്ചു വച്ചിരുന്ന കല്യാണത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. ഞാൻ ജീവിച്ചിരുന്നാൽ എന്നെ ചികിത്സിച്ച് ഉള്ളതൊക്കെ ഇനിയും വിറ്റ് തുലയ്ക്കാൻ മനസ്സ് വന്നില്ല. ഇതൊന്നും അവസാനം ഫലം കണ്ടില്ലെങ്കിലോ എന്ന പേടിയും എന്നെ പിടികൂടി. ആകെയുള്ളത് ഈ ബംഗ്ലാവും ഇതിനെ ചുറ്റിയുള്ള പുരയിടവും മാത്രമാണ്. അതുകൂടി എനിക്ക് വേണ്ടി കളയണ്ടല്ലോ എന്ന് വിചാരിച്ചാണ് മരിക്കാനായി ഇറങ്ങി പുറപ്പെട്ടത്. ഞാൻ കാരണം സൂസനും പിള്ളേരും പെരുവഴി ആയിപ്പോവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു."

"കാര്യങ്ങൾ ഇത്രേം വഷളാകുന്നതിന് മുൻപ് പപ്പയ്ക്ക് എന്നെയൊന്ന് വിവരം അറിയിക്കാമായിരുന്നില്ലേ. എല്ലാം ഒറ്റയ്ക്കിങ്ങനെ സഹിക്കണമായിരുന്നോ? പപ്പയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഓടിയെത്തില്ലായിരുന്നോ?" "ആദ്യമൊന്നും നിന്നെ അറിയിക്കേണ്ടന്ന് തന്നെ വിചാരിച്ചതാ. പിന്നെ, ഒന്നും എന്റെ കയ്യിൽ നിൽക്കില്ലെന്ന് തോന്നിയപ്പോൾ സൂസനോട് ഞാൻ ചോദിച്ചതാ നിന്നെ തിരിച്ചു വിളിക്കാമെന്ന്. പക്ഷെ സൂസൻ പറഞ്ഞത് നീയായിട്ട് മനസ്സ് തോന്നി ഇങ്ങോട്ട് വരട്ടെയെന്നാ. ഞങ്ങളായിട്ട് നിന്നെ വിളിച്ചു ഇങ്ങോട്ട് വരാൻ പറഞ്ഞാൽ ആ പെണ്ണിനെ കൂടി നീ കൂടെ കൂട്ടുമെന്ന് സൂസന് ഉറപ്പായിരുന്നു. കാര്യങ്ങൾ ഇത്രത്തോളമായെങ്കിൽ കൂടി അവളെ നിന്റെ ഭാര്യയായി കാണാൻ ഞങ്ങൾക്ക് അപ്പോഴും കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് എപ്പോഴെങ്കിലും നീ വിളിക്കുമെന്നും ഇങ്ങോട്ട് വരുമെന്നുമൊക്കെ കരുതി ഞങ്ങൾ കാത്തിരുന്നു. മരിക്കാൻ തീരുമാനിച്ച് ഇവിടുന്ന് കാറുമായി പോകുമ്പോഴും നിന്നെ അവസാനമായി കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഞാൻ ഒരുപാട് വേദനിച്ചിരുന്നു. പക്ഷേ ആ ആക്‌സിഡന്റ് എന്റെ ജീവനെടുത്തില്ല. ഹോസ്പിറ്റലിൽ വച്ച് ബോധം തെളിഞ്ഞപ്പോൾ ഞാനാദ്യം ആവശ്യപ്പെട്ടത് നിന്നെ കാണണമെന്നാണ്.

കാരണം എനിക്കിനി മുന്നോട്ട് ജീവിക്കണമെങ്കിൽ എനിക്ക് ധൈര്യം പകരാൻ നീ കൂടെ വേണമെന്ന് തോന്നി മോനേ. പപ്പയ്ക്ക് ഒറ്റയ്ക്ക് മടുത്തെടാ. ഈ കിടപ്പിൽ ഇവർക്ക് ഞാനൊരു ഭാരമാകും, ചിലവുകളും കൂടും. ഞാൻ സർവ്വവും തകർന്ന് നിൽക്കുകയാണെന്ന് നാട്ടിൽ എല്ലാവരും അറിയും. നമ്മുടെ കുടുംബത്തിന്റെ മാനം അതോടെ പോവും. ഈ അവസ്ഥയിൽ നിന്ന് ഞങ്ങളെ കൈപിടിച്ച് കയറ്റാൻ നീ കൂടെ വേണം മോനെ. സെറീന മോൾടെ മുടങ്ങിപ്പോയ വിവാഹം എങ്ങനെയെങ്കിലും നടത്തണം. ഡെയ്‌സിയെയും ആരെയെങ്കിലും ഏൽപ്പിക്കണം. അവർ സുരക്ഷിതരായാൽ എനിക്ക് സമാധാനത്തോടെ മരിക്കാം. സൂസന്റെയൊപ്പം നീ മരണം വരെ വേണം. നീ കൂടെയുണ്ടാവില്ലേ മോനെ." സേവ്യർ അവന്റെ കൈകൾ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തു. "പപ്പാ... എന്നെ വിശ്വസിച്ചു കാത്തിരിക്കുന്നൊരു പെണ്ണുണ്ട്... അവളും എന്റെ കൂടെ വേണം." ആൽഫിയുടെ സ്വരത്തിൽ വേദന കിനിഞ്ഞു..... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story