മറുതീരം തേടി: ഭാഗം 76

marutheeram thedi shiva

രചന: ശിവ എസ് നായർ

"പപ്പാ... എന്നെ വിശ്വസിച്ച് കാത്തിരിക്കുന്നൊരു പെണ്ണുണ്ട്... അവളും എന്റെ കൂടെ വേണം." ആൽഫിയുടെ സ്വരത്തിൽ വേദന കിനിഞ്ഞു. "ആൽഫീ... ഇപ്പോ ഞങ്ങൾക്ക് നീ മാത്രേ ഉള്ളു. ഈയൊരു സാഹചര്യത്തിൽ ഞങ്ങൾക്ക് ആ കുട്ടിയെ കൂടി ഉൾകൊള്ളാനാവില്ല. നമ്മുടെ ഈ അവസ്ഥയൊക്കെ ഒന്ന് മാറട്ടെ. നീയൊരു അന്യമതക്കാരിയെ വിവാഹം കഴിച്ചെന്ന് ഇതുവരെ ഇവിടെയാരും അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ ഒരുപക്ഷേ നല്ല കുടുംബത്തിൽ നിന്ന് ഇവർക്കൊരു ആലോചന വന്നെന്ന് വരില്ല. സെറീനയുടെയും ഡെയ്‌സിയുടെയും വിവാഹം കഴിഞ്ഞതിന് ശേഷം ആ കുട്ടിയെ ഇങ്ങോട്ട് കൊണ്ട് വരുന്ന കാര്യം നമുക്ക് ആലോചിക്കാം ആൽഫി. ഇപ്പോ നീ വെറുതെ വാശി പിടിക്കരുത്. ഇതെന്റെ അപേക്ഷയാണ്." സേവ്യറിന്റെ മുഖത്ത് ദയനീയത പടർന്നു. "ഇവരുടെ കല്യാണം കഴിഞ്ഞാലും ആ നശിച്ചതിനെ ഇങ്ങോട്ട് കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല. അവളിവിടെ കാല് കുത്തിയപ്പോ തന്നെ കുടുംബം മുടിയാൻ തുടങ്ങി." സൂസന്റെ പറച്ചിൽ കേട്ടപ്പോൾ ആൽഫിക്ക് സങ്കടം സഹിക്കാനായില്ല.

ഇപ്പോ തന്റെ മമ്മി ആതിരയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണല്ലോ അവളുടെ വീട്ടുകാരും അവളെപ്പറ്റി പറയുന്നതെന്ന് അവനോർത്തു. പപ്പയുടെ പിടിപ്പുകേട് കൊണ്ട് പറ്റിപ്പോയ തെറ്റുകൾക്ക് പാവം ആതിരയെ പഴി പറഞ്ഞിട്ട് എന്താ പ്രയോജനം. "മമ്മീ... അവളെന്റെ ഭാര്യയാണ്. അവളെക്കുറിച്ച് ഇങ്ങനെയൊന്നും എന്റെ മുന്നിൽ വച്ച് സംസാരിക്കുന്നത് എനിക്ക് സഹിക്കില്ല." അവൻ വ്യസനത്തോടെ പറഞ്ഞു. "മമ്മി പറഞ്ഞത് നീ കാര്യമാക്കണ്ട. പിള്ളേരെ രണ്ടിന്റേം കെട്ട് കഴിഞ്ഞിട്ട് നിന്റെ കാര്യത്തിൽ നമുക്കൊരു തീരുമാനത്തിലെത്താം. നഷ്ടപ്പെട്ടതൊക്കെ നമുക്ക് തിരിച്ചുപിടിക്കണം മോനെ. അതിന് നീയെന്റെ കൂടെ വേണം." "അങ്ങനെയെങ്കിൽ ഞാൻ ആതിരയെ പോയി കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞുവരാം. എന്നെക്കുറിച്ച് വിവരമൊന്നുമില്ലാതായാൽ അവൾ പേടിക്കും പപ്പാ. പോരാത്തതിന് അവളിപ്പോ ഗർഭിണി കൂടിയാണ്. ആതിരയ്ക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും. ഒന്നും അറിയിക്കാതിരുന്നാൽ എനിക്കൊരു സമാധാനം കിട്ടില്ല."

"തല്ക്കാലം ആ കുട്ടിയെ ഫോണിൽ വിളിച്ച് വിവരം പറയ്യ്. പിന്നീട് നേരിട്ട് പോവാം മോനെ. ഞാനൊന്ന് ഈ കിടപ്പിൽ നിന്ന് എണീറ്റോട്ടെ. എന്നിട്ട് ഒരു ദിവസം നീയവളെ പോയി കണ്ട് വാ." "പക്ഷേ പപ്പ, എനിക്ക് അവളുടെ ഫോൺ നമ്പർ കാണാതറിയില്ല. എന്റെ ഫോണിലാ നമ്പരുള്ളത്. ഇന്നലെ തിരക്കിനിടയിൽ ഞാനെന്റെ ഫോണെടുക്കാൻ മറന്നും പോയി." "സ്വന്തം ഭാര്യേടെ നമ്പർ നിനക്ക് കാണതറിയില്ലേ." "ഇവിടുത്തെ നമ്പർ പോലും എനിക്കറിയില്ല പപ്പാ." വിഷമത്തോടെ അവൻ മുഖം കുനിച്ചു. "നീ വിഷമിക്കണ്ട. ഏതായാലും നിന്റെ ഫോണവിടെ ഉണ്ടല്ലോ. നിന്നെ കാണാതാകുമ്പോ ആ കുട്ടി ഇവിടുത്തെ നമ്പർ നിന്റെ ഫോണിൽ നിന്നെടുത്ത് വിളിക്കുമ്പോൾ കാര്യം പറയാം. ഇപ്പോൾ നീയെന്റെ കൂടെ നിൽക്കില്ലേ ആൽഫി. അതെങ്കിലും ഈ പപ്പയ്ക്ക് വേണ്ടി നിനക്ക് ചെയ്തൂടെ." "ഇപ്പൊ പപ്പയ്ക്കൊപ്പം ഞാൻ നിൽക്കാം. രണ്ടാഴ്ച കഴിഞ്ഞാൽ പപ്പയുടെ കാല് ശരിയാകുമല്ലോ.

അപ്പോ ഞാൻ ആതിരയുടെ അടുത്തേക്ക് പോയിട്ട് തിരിച്ചു വരാം." "സമ്മതിച്ചു..." സേവ്യറിന്റെയും ആൽഫിയുടെയും സംസാരമൊക്കെ കേട്ടിരുന്ന സൂസന് അതൊന്നും അത്ര ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ആതിരയുടെ അടുത്തേക്ക് ആൽഫിയെ അയക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് അവർ വിചാരിച്ചു. ആതിരയെ ഒരു രീതിയിലും അംഗീകരിക്കാൻ സൂസന് മനസ്സ് വന്നില്ല. അതേസമയം സേവ്യറിന്റെ മനംമാറ്റവും അവരെ അരിശം പിടിപ്പിച്ചു. "ഇച്ചായനെങ്ങനെ ഒരു അന്യമതക്കാരിയായവളെ ഇങ്ങോട്ട് സ്വീകരിക്കാൻ മനസ്സ് വരുന്നു? എനിക്ക് ജീവനുണ്ടെങ്കിൽ ഞാനവളെ ഇവിടെ കേറ്റില്ല." "അവളെ അംഗീകരിക്കാൻ എനിക്കും മനസ്സ് വരുന്നില്ല സൂസൻ. പക്ഷേ നമ്മുടെ മോന്റെ ഇഷ്ടം കൂടി നമ്മൾ നോക്കണ്ടേ. ഇപ്പൊ നമുക്ക് ഒരാശ്രയമായി ഇവനേ ഉള്ളു." പപ്പയുടെ വാക്കുകൾ കേട്ട് ആൽഫിയുടെ മനസ്സ് നിറഞ്ഞു. തനിക്ക് വേണ്ടിയെങ്കിലും ആതിരയെ സ്വീകരിക്കാൻ പപ്പ സമ്മതിച്ചുവല്ലോ എന്നോർത്തു അവന് സന്തോഷം തോന്നി.

"പപ്പാ... നമ്മളിനി എന്താ ചെയ്യാ. സെറീനയുടെയും ഡെയ്‌സിയുടെയും വിവാഹം നടത്താൻ കാശ് വേണ്ടേ. ബിസിനസ്‌ തിരിച്ച് പിടിക്കാനായാലും ഇൻവെസ്റ്റ്‌ ചെയ്യാൻ നല്ലൊരു തുക അതിനും വേണമല്ലോ. പിന്നെ പപ്പയുടെ ട്രീറ്റ്മെന്റ്..." ആൽഫി ചോദിച്ചു. "നമുക്കിപ്പോ ആകെയുള്ളത് ഈ ബംഗ്ലാവ് മാത്രമാണ്. ഇത് കൂടി വിറ്റ് തുലച്ചാൽ നമ്മൾ തെരുവിലിറങ്ങേണ്ടി വരും. അതുകൊണ്ട് തല്ക്കാലം നമുക്കിത് ലീസിന് കൊടുത്തിട്ട് മറ്റെവിടേക്കെങ്കിലും മാറി നിൽക്കാം." സേവ്യർ തന്റെ മനസ്സിലെ ആശയം അവനുമായി പങ്ക് വച്ചു. "ലീസിന് കൊടുത്താൽ എത്ര എമൗണ്ട് കിട്ടും പപ്പാ." "ഇവരുടെ വിവാഹം നടത്താനുള്ളതും ബിസിനസ്‌ തുടങ്ങാനുമൊക്കെയുള്ളത് കിട്ടും മോനെ. എന്റെ ട്രീറ്റ്മെന്റിനും കൂടി കിട്ടുന്ന കാശ് തികയില്ല. അല്ലെങ്കിലും എനിക്കിനി ജീവിക്കണമെന്നില്ല മോനെ. ഇവരെ കെട്ടിച്ചു വിട്ട ശേഷം നീ ബിസിനസ്‌ ഏറ്റെടുത്ത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നത് കണ്ടിട്ട് സംതൃപ്തിയോടെ മരിച്ചാൽ മതിയെനിക്ക്." "അങ്ങനെയൊന്നും പറയരുത് പപ്പാ. ഞങ്ങൾക്ക് ധൈര്യം തരേണ്ട പപ്പ തന്നെ ഇങ്ങനെയൊക്കെ പറഞ്ഞാൽ പിന്നെ..."

"കാശ് മുടക്കി എന്നെ ചികിൽസിച്ചിട്ട് ഫലം ഉണ്ടായില്ലെങ്കിൽ ആ പൈസ വെറുതെ കളഞ്ഞ പോലെയാവില്ലേ." "പപ്പയ്ക്ക് ഒന്നും വരില്ല... ബിസിനസിൽ കാശ് മുടക്കുന്നതിന് പകരം ആ പൈസ നമുക്ക് പപ്പേടെ ട്രീറ്റ്മെന്റിന് വേണ്ടി ചിലവാക്കാം." "ആൽഫീ... നീ എടുത്തുചാടി ഒന്നും ചെയ്യരുത്. നമ്മൾ ഈ ബംഗ്ലാവ് ലീസിന് കൊടുത്തിട്ട് ആ കാശ് മേടിച്ചാണ് ഇവരുടെ കല്യാണം നടത്തുന്നത്. ബാക്കി തുക ബിസിനസ്സിൽ ഇൻവെസ്റ്റ്‌ ചെയ്ത് ഇരട്ടിയായി തിരിച്ചു പിടിച്ചില്ലെങ്കിൽ ലീസ് കാലാവധി കഴിയുമ്പോൾ വാങ്ങിയ പൈസ തിരിച്ച് കൊടുക്കാൻ കഴിയാതെ ബംഗ്ലാവ് നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെടും." സേവ്യർ അത് പറഞ്ഞപ്പോഴാണ് ആൽഫി അക്കാര്യത്തെ കുറിച്ച് ചിന്തിച്ചത് തന്നെ. "അപ്പോ പപ്പേടെ ട്രീറ്റ്മെന്റിന് നമ്മളെന്ത് ചെയ്യും. ട്രീറ്റ്മെന്റ് വൈകുന്നതും അപകടമല്ലേ. ഈ അവസ്ഥയിൽ പപ്പയെ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല."

"എന്തെങ്കിലും പോംവഴി കർത്താവ് കാണിച്ചു തരാതിരിക്കില്ല മോനെ. നീയിങ്ങനെ ടെൻഷനാവല്ലേ." സേവ്യർ അവനെ സമാധാനിപ്പിച്ചു. "പപ്പാ... ബംഗ്ലാവ് ലീസിന് കൊടുത്ത് ഞങ്ങടെ കല്യാണം നടത്തണ്ട. ഞങ്ങൾ പപ്പയോട് ഇപ്പൊത്തന്നെ കല്യാണം വേണമെന്ന് ആവശ്യപ്പെട്ടോ?" അവരുടെ സംഭാഷണങ്ങൾ കേട്ടുകൊണ്ടിരുന്ന സെറീന ചോദിച്ചു. "അന്ന് നിന്നെ ഇഷ്ടപ്പെട്ട് ഇങ്ങോട്ട് വന്ന ആ ആലോചന നിനക്കും ഇഷ്ടമായതല്ലേ മോളെ. പിന്നീട് പപ്പ അത് വേണ്ടെന്ന് വച്ചതിൽ നിനക്ക് നല്ല സങ്കടമുണ്ടെന്ന് എനിക്കറിയാം. ആ പയ്യനിപ്പോഴും നിന്നെ മാത്രം സ്വപ്നം കണ്ട് കല്യാണം കഴിക്കാതിരിക്കുവല്ലേ. ഞാൻ വിഷമിക്കുമെന്ന് കരുതി നീ ഉള്ളിൽ കൊണ്ടുനടക്കുന്ന വിഷമം പപ്പ കാണുന്നുണ്ട്. എനിക്ക് പെട്ടെന്നെന്തെങ്കിലും സംഭവിച്ചാൽ നിങ്ങടെ രണ്ടാളേം കെട്ട് കാണാൻ പറ്റിയില്ലല്ലോന്നുള്ള സങ്കടം ബാക്കിയാവും. അതുകൊണ്ട് ഇതിങ്ങനെയങ്ങ് നടക്കട്ടെ."

സേവ്യർ അങ്ങനെ പറഞ്ഞപ്പോൾ സെറീന പിന്നൊന്നും പറയാൻ മുതിർന്നില്ല. പപ്പേടെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കട്ടെ എന്ന് വിചാരിച്ചു. "പപ്പാ... എനിക്ക് നിങ്ങളോടൊക്കെ ഒരു കാര്യം പറയാനുണ്ട്. ഞാൻ നിങ്ങളോടെല്ലാരോടും വലിയൊരു തെറ്റ് ചെയ്തു." അതുവരെ നിശബ്ദയായിരുന്ന ഡെയ്‌സി സേവ്യറിനോടായി പറഞ്ഞു. "എന്താ മോളെ?" ഇനിയുമൊരു ദുരന്തം കൂടി താങ്ങാനുള്ള കെൽപ്പില്ലാതെ അയാളവളെ ഉറ്റുനോക്കി. "നീ എന്ത് തെറ്റ് ചെയ്തൂന്നാ..?" സൂസന്റെ പുരികകൊടികൾ വില്ലുപോലെ വളഞ്ഞു. പപ്പടേം മമ്മിയുടേം ഭാവമാറ്റം കണ്ട് ഡെയ്‌സി പേടിച്ച് സെറീനയെ നോക്കി. "ഇനിയും നീ പറഞ്ഞില്ലെങ്കിൽ എനിക്കെല്ലാം പറയേണ്ടി വരും." സെറീന ഡെയ്‌സിയോട് ചൂടായി. ഡെയ്‌സിക്ക് സീരിയസായ എന്തോ പറയാനുണ്ടെന്ന് സെറീനയൊഴികെ എല്ലാവർക്കും മനസ്സിലായി. "എന്താ സെറീനേ... ഇവൾക്കെന്താ പറയാനുള്ളത്." സൂസൻ പകപ്പോടെ ഇരുവരെയും മാറി മാറി നോക്കി. "അവള് നമ്മളെയൊക്കെ ചതിച്ചു മമ്മി." സെറീനയുടെ മുഖം ദേഷ്യത്താൽ ചുവന്നു.

"എങ്ങനെ ചതിച്ചുവെന്നാ നീ പറയുന്നത്. ഡെയ്‌സി... എന്താ കാര്യമെന്ന് വച്ചാൽ വളച്ചു കെട്ടാതെ വേഗം പറയുന്നുണ്ടോ." ആൽഫി അവളോട് പറഞ്ഞു. "എല്ലാം കേട്ടുകഴിഞ്ഞിട്ട് എന്നെയാരും വഴക്ക് പറയേം കുറ്റപ്പെടുത്തുകേം ചെയ്യരുത്. എനിക്കൊരു തെറ്റ് പറ്റിപ്പോയി. പപ്പേം മമ്മിയും ഇച്ചായനുമൊക്കെ എന്നോട് ക്ഷമിക്കണം. അല്ലെങ്കിൽ ഞാൻ ചത്തുകളയും." ഡെയ്‌സി വിങ്ങിപ്പൊട്ടി. "മോളേ... നീയിങ്ങനെ ആധി പിടിപ്പിക്കാതെ എന്താ കാര്യമെന്ന് പറയ്യ്." സേവ്യറിന്റെ നെഞ്ചിടിപ്പേറി. ഡെയ്‌സി എന്തോ പറയാനായി തുടങ്ങുമ്പോഴേക്കും ഓക്കാനം വന്നിട്ട് വായ പൊത്തിപ്പിടിച്ച് അവൾ വാഷ് ബേസിനരികിലേക്ക് ഓടി. ഒരുനിമിഷം ആ രംഗം കണ്ട് മൂവരും സ്തംഭിച്ചിരുന്നുപോയി. "സെറീനേ... അവൾക്ക്.... അവൾക്കെന്താടി." ഞെട്ടലോടെ സൂസനവളോട് ചോദിച്ചു. "ഡെയ്‌സി ഗർഭിണിയാണ് മമ്മി..." അവളുടെ ഒച്ച ചിലമ്പിച്ചിരുന്നു. "എന്റീശോയേ... ഞാനെന്തായീ കേക്കണത്." സൂസൻ നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങി. ആൽഫിയും സേവ്യറും സെറീനയുടെ വാക്കുകളേൽപ്പിച്ച പ്രഹരത്തിൽ നിന്നും മോചിതരായിട്ടില്ലായിരുന്നു.

ഡെയ്‌സി ശർദ്ധിക്കുന്ന ശബ്ദം കേട്ടതും കാറ്റുപോലെ സൂസൻ അവളുടെയടുത്തേക്ക് പാഞ്ഞു. "കുടുംബത്തിന്റെ മാനം കളഞ്ഞ് കുളിച്ചല്ലോടി നീ. ഇതിനേക്കാൾ ഭേദം കുറച്ച് വിഷം തന്ന് ഞങ്ങളെയൊക്കെ അങ്ങ് കൊല്ലുന്നതായിരുന്നു." ഡെയ്‌സിയുടെ മുടിക്കുത്തിൽ പിടിച്ച് സൂസനവളെ മുറിയിലേക്ക് കൊണ്ടുവന്നു. "എന്നെയൊന്നും ചെയ്യല്ലേ മമ്മി, പറ്റിപ്പോയി." ഡെയ്‌സി അവരുടെ കാലിലേക്ക് വീണു. "അത്രയ്ക്ക് നല്ല കാര്യമാണല്ലോ നീ ചെയ്ത് വച്ചിരിക്കുന്നത്." സൂസൻ അവളെ വലിച്ചെണീപ്പിച്ച് ഇരുകരണത്തും മാറി മാറി അടിച്ചു. "അടിക്കല്ലേ മമ്മി..." ഡെയ്‌സിയുടെ ചുണ്ട് പൊട്ടി വായിൽ നിന്നും ചോര കിനിഞ്ഞു. "മമ്മി എന്ത് ഭ്രാന്താ ഈ കാണിക്കുന്നത്. അവളെ വിട്." ആൽഫി അവരെ പിടിച്ചു മാറ്റി. "തല്ലുകയല്ല ഇവളെ കൊല്ലുകയാ ചെയ്യേണ്ടത്. അങ്ങനെയുള്ള കാര്യമാണല്ലോ ചെയ്ത് വച്ചിരിക്കുന്നത്."

കൈകളിൽ മുഖം താങ്ങി നിലത്തേക്കിരുന്ന് സൂസൻ പൊട്ടിക്കരഞ്ഞു. കുറച്ചുനിമിഷത്തേക്ക് ആരുമാരും ഒന്നും മിണ്ടിയില്ല. ഡെയ്‌സിയുടെയും സൂസന്റേം ഏങ്ങലടികൾ മാത്രം അവിടെ ഉയർന്നുകേട്ടു. "മമ്മീ... എല്ലാവരുമിങ്ങനെ തളർന്നിരുന്നാൽ എങ്ങനെ ശരിയാകും. ഈ പ്രശ്നം എത്രയും പെട്ടെന്ന് ശരിയാക്കണ്ടേ. അവൾക്കിപ്പോ തന്നെ ഏകദേശം മൂന്നുമാസം ആയിട്ടുണ്ട്." സെറീന പറഞ്ഞത് കേട്ട് സൂസനവളെ ദേഷ്യത്തോടെ നോക്കി. "നിനക്കിത് നേരത്തെ തന്നെ അറിയാമായിരുന്നോ?" "പപ്പയ്ക്ക് ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആയപ്പോഴാണ് ഡെയ്‌സി എന്നോടീ വിവരം പറയുന്നത്. അന്നത്തെ സാഹചര്യത്തിൽ ഇതൊന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നല്ലോ." "ഡെയ്സീ... എന്താ ഉണ്ടായതെന്ന് വ്യക്തമായി പറയ്യ്. നമുക്ക് എത്രയും വേഗം ഇതിനൊരു പരിഹാരമുണ്ടാക്കണം. ആരാ നിന്നെ ചതിച്ചത്." ആൽഫിയുടെ സ്വരത്തിന് ഗൗരവമേറിയിരുന്നു. "ഇച്ചായാ... ഞാൻ... എനിക്ക്..." വാക്കുകൾ കിട്ടാതെ ഡെയ്‌സി പതറി.... സ്നേഹത്തോടെ ശിവ ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story